Expatriate | ജീവിച്ചാലും മരിച്ചാലും! ഇതാണ് പ്രവാസി, ചൂഷണം ചെയ്യാൻ എല്ലാവരുമുണ്ട്

 
Live or die! This is expatriate
Live or die! This is expatriate


നാട്ടിൽ എത്തുമ്പോൾ നാം ഇതൊക്കെ മറന്ന് അവരെ ചൂഷണം ചെയ്യുകയല്ലെ പതിവ്?

 കെ ആർ ജോസഫ് 

(KVARTHA) കുവൈറ്റ് ദുരന്തം നാമൊക്കെ വളരെ ഞെട്ടലോടെയും വേദനയോടെയുമാണ് കണ്ടത്. ഇന്നും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൻ്റെ കണ്ണീർ തോർന്നിട്ടില്ല. ഇവിടുത്തെ പല കുടുംബങ്ങൾക്കും അത്താണിയായിരുന്ന പലരുമാണ് ദുരന്തത്തിൽ നമ്മിൽ നിന്നും വിട്ടുപോയത്. നമ്മുടെ നാടിന് ഒരു പ്രശ്നം വരുമ്പോൾ ഇവിടെനിന്നും പ്രവാസലോകത്തേയ്ക്ക് ജോലിക്കായി ചെക്കേറിയ പലരും ചേർന്ന് ഒന്നിച്ച് നിന്ന് വൻ സഹായങ്ങൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അവർ എത്ര കഷ്ടപ്പെട്ട് ജോലി ചെയ്യുന്നെന്നോ എന്ത് ജോലി ചെയ്യുന്നെന്നോ ആരും അപ്പോൾ ആലോചിക്കാതെയാണ് അവർ തരുന്ന സഹായം കൈപ്പറ്റുന്നത്. അവർക്ക് മണലാരണ്യത്തിൽ വളരെ കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടുന്ന സമ്പാദ്യത്തിൻ്റെ ഒരു ഭാഗം മാറ്റിവെച്ചാണ് നാട്ടിൽ അവശതയനുഭവിക്കുന്നവരെയും മറ്റും സഹായിക്കുന്നത്. 

എന്നാൽ പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ നാം ഇതൊക്കെ മറന്ന് അവരെ ചൂഷണം ചെയ്യുകയല്ലെ പതിവ്. അവരോട് ഒന്ന് സ്നേഹത്തോടെയെങ്കിലും പെരുമാറാൻ കഴിഞ്ഞിട്ടുണ്ടോ. ഓരോ പ്രവാസിയ്ക്കും ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോഴാണ് പലപ്പോഴും നാം അവരെ ഓർക്കുന്നത്. അവരുടെ കഷ്ടപ്പാട് അവരുടെ ബുദ്ധിമുട്ട് അറിയാൻ ആരും ശ്രമിച്ചിട്ടില്ല. കുവൈറ്റ് ദുരന്തം ഉണ്ടായതിന് ശേഷം പ്രവാസികൾക്ക് വേണ്ടി എബ്രഹാം കോശി എഴുതിയ ജീവിച്ചാലും മരിച്ചാലും എന്ന ലേഖനം ശ്രദ്ധിക്കപ്പേടേണ്ടത് ആണ്. അതിൽ അദേഹം പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:

'കുവൈറ്റ് ദുരന്തത്തിൽ ദു:ഖം അറിയിച്ച് ഒരുപാട് പോസ്റ്റുകൾ വന്നു, വായിച്ചു, പക്ഷെ മനസ്സിലെ ദു:ഖം അവസാനിക്കില്ല. പോസ്റ്റുകളുടെ ബാഹുല്യം ഒന്ന് കുറയട്ടെ എന്ന് കരുതിയാണ് ഇന്നലെ എഴുതാഞ്ഞത്. കേരളത്തിലും ഇന്ത്യയിലും, ലോകത്തിൽ പല രാജ്യങ്ങളിലും കുറെ നാളുകൾ ഒക്കെ ഞാനും ജീവിച്ചിട്ടുണ്ട്, അതിൽ ഗൾഫും ഉൾപ്പെടുന്നു. അവിടുത്തെ സ്ഥിതികൾ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. എത്രയും വേഗം കുറച്ച് പണമുണ്ടാക്കി ജീവിതം കരുപ്പിടിപ്പിക്കാൻ ആണ് അറിയാത്ത നാട്ടിലോട്ടു നാം വണ്ടി കയറുന്നത്. ഒരു വിധത്തിൽ നിയമവാഴ്ചയും സൗകര്യങ്ങളും ഒക്കെ അവിടെ മെച്ചമാണ് എങ്കിലും അപകടങ്ങൾ എവിടെയും എന്നപോലെ അവിടെയും ചിലപ്പോൾ നടക്കുന്നു. 

നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചെങ്കിൽ അതിൻ്റെ കാരണക്കാർ ശിക്ഷിക്കപ്പെടണം, തർക്കമില്ല. രണ്ട് ഉന്നതർ റിമാൻഡിലാണ് എന്നാണ് കേട്ടത്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. അറുപതുകൾ മുതൽ കുടിയേറിയ പ്രവാസികളാണ് കേരളത്തെയും ഒരു പരിധി വരെ ഇന്ത്യയെയും താങ്ങി നിർത്തിയത്. കേരളത്തിലുള്ളവർ, അവിടെ ഭരിക്കുന്നവർ ഒന്നുമല്ല കേരളത്തെ ഇന്നത്തെ സ്ഥിതിയിൽ ഉയർത്തിയത്. മറിച്ച് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും കുടിയേറിയ മലയാളികളാണ്. പക്ഷെ ഇവർക്കൊന്നും ചൂഷണമല്ലാതെ മറ്റൊന്നും കേരളത്തിൽ ലഭിച്ചിട്ടില്ല. ചീത്ത വിളിച്ചാലും വേണ്ടില്ല ഇനിയുള്ളത് വായിക്കുക. 

ഇന്ന് കേരളത്തിൽ തൊഴിലാളികൾ രാജാക്കൻമാരാണ്, യൂണിയനുകൾ തീരുമാനിക്കുന്നതാണ് നിയമം, അവർക്ക് പൂർണ സ്വാതന്ത്ര്യമാണ്, നിരക്ക് കേരളത്തിന് വെളിയിൽ നിന്ന് വരുന്നവർക്ക് ചിലപ്പോൾ ഇരട്ടിയാകും നൽകേണ്ടി വരിക. ഗൾഫുകാരന് ഒരു റേറ്റ്, അമേരിക്കക്കാരന് വേറൊന്നു അങ്ങനെ പോകും. അവർ ആജീവനാന്തം ചൂഷണം ചെയ്യപ്പെടുന്നു. സംഘടന ഉള്ളവരോട് മറുത്തൊരക്ഷരം പറയാൻ പറ്റില്ലല്ലോ. ഗൾഫുകാരൻ ചുട്ടുപഴുത്ത മണലാരണ്യത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിൻ്റെ ഒരംശം  അവർക്കുള്ളതാണ് എന്ന രീതിയിലാണ് ചൂഷണം. 

പ്രവാസികൾ അവിടെക്കിടന്നു മരിച്ചാൽ, ജീവൻ നഷ്ടപ്പെട്ടതിൻ്റെ നിയമപരമായ ആനുകൂല്യങ്ങൾ അവർക്ക് കിട്ടും, ഇൻഷുറൻസ്, അല്ലാതെ അവരുടെ കമ്പനികൾ കൊടുക്കുന്ന മോശമല്ലാത്ത തുക, സംസ്ഥാന/കേന്ദ്ര സർക്കാരുകൾ കൊടുക്കുന്നത്, സമ്പന്ന വ്യക്തികൾ കൊടുക്കുന്നത് ഒക്കെ എത്തുന്നത് കേരളത്തിൻ്റെ അർധവ്യവസ്ഥയിലേക്കാണ്.  അതുകൊണ്ടാണ് 'ജീവിച്ചാലും മരിച്ചാലും' എന്ന തലക്കെട്ട് ഞാൻ കൊടുത്തത്. ഇനിയെങ്കിലും ഈ നാടിൻ്റെ രക്ഷകരെ നമുക്ക് വണങ്ങി അവരെ ആത്മാർഥമായി സഹായിക്കാം'. 

ഇതാണ് കുറിപ്പ്. ശരിക്കും ഇത് നമ്മെ ചിന്തിപ്പിക്കുന്ന ഒന്ന് തന്നെയാണ്. നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി മണലാരണ്യത്തിൽ ആഹോരാത്രം പണിയെടുത്ത് ജീവിക്കുന്ന പ്രവാസികളെ മറന്നുകൊണ്ടല്ലെ നാം ഒരോ നിമിഷവും മുന്നോട്ട് പോകുന്നത്. നമുക്ക് ആശ്രയമാകുന്ന അവർക്ക് ഇവിടെ അത്താണിയാകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ഇനിയെങ്കിലും നാട്ടിൽ എത്തുന്ന പ്രവാസിയെ സഹായിക്കാൻ പറ്റിയില്ലെങ്കിലും അവരെ ആരും ചൂഷണം ചെയ്യാൻ സമ്മതിക്കരുതെന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia