വീൽചെയറിൽ പറന്ന റാബിയ നൽകിയ 'ചലനം' പുരസ്‌കാരം; ഓർമ്മകളുമായി ഒരു സാക്ഷരതാ പ്രവർത്തകൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മലപ്പുറം വെള്ളിലക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് റാബിയയുടെ പ്രവർത്തന കേന്ദ്രം.
● വീൽചെയറിലിരുന്ന് അക്ഷരം പഠിപ്പിച്ച റാബിയയെ നാട്ടുകാർ സ്നേഹത്തോടെ പിന്തുണച്ചു.
● ജോസ് മഞ്ഞിലത്ത്, രാവണപ്രഭു എന്നിവരും 'ചലനം' വേദിയുടെ സാരഥികളായിരുന്നു.
● അവാർഡ് സമ്മാനിച്ചത് കവിയും എഴുത്തുകാരനുമായ രാവണപ്രഭുവാണ്.
● റാബിയ ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അവർ നൽകിയ ആദരവ് ഇന്നും മായാതെ നിൽക്കുന്നു.
അവാർഡുകളുടെ പിന്നാമ്പുറകഥകൾ - 1/ കൂക്കാനം റഹ്‌മാൻ
(KVARTHA) അലസമായ ഒരു പകലിന്റെ വൈകുന്നേര കാഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴാണ് ക്ഷണിക്കപ്പെടാതെ ജീവിതത്തിന്റെ ലാഭനഷ്ട കണക്കുകൾ മനസ്സിലേക്ക് കയറിവന്നത്. സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും അന്നത്തെ കണക്കെടുപ്പുകളിൽ അല്പം മുന്നിൽ നിന്നത് സന്തോഷ നിമിഷങ്ങൾ തന്നെയായിരുന്നു.
അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്ന ഒരുപാട് മനുഷ്യർ, ഒരുപാട് സംഭവങ്ങൾ. അവയിൽ പകുതിയിലേറെയും നൽകിയത് അഭിമാനവും ആത്മസംതൃപ്തിയും തന്നെയായിരുന്നു. ജനങ്ങൾക്കുവേണ്ടി ചെയ്ത പ്രവർത്തനങ്ങളും അവയ്ക്ക് അവർ നൽകിയ ആദരവുകളുമാണ് അവയിൽ പ്രധാനികൾ. അതുകൊണ്ടുതന്നെ അവയെല്ലാം വീടിന്റെ കണ്ണായ ഭാഗത്ത് എന്നോ സ്ഥാനം പിടിച്ചിട്ടുണ്ട്.
മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായതിന്റെ ഭാഗമായോ പ്രോത്സാഹനമായോ ഒക്കെ ചില സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടാവാം. മൊമന്റോകളായോ ഭംഗിയുള്ള മറ്റ് പല രൂപത്തിലോ ആവാം അവ നമുക്ക് ലഭിച്ചിട്ടുണ്ടാവുക. അതെല്ലാം നമ്മുടെ വീടിന്റെ സ്വീകരണ മുറികളിൽ നമ്മൾ പ്രദർശിപ്പിക്കാറുമുണ്ട്. സ്വയം കാണുമ്പോഴും നമ്മുടെ കഴിവുകൾ മറ്റുള്ളവർ കാണുമ്പോഴും കിട്ടുന്ന ഒരു നിർവൃതിക്കുവേണ്ടിയാവാം ആ പ്രദർശനം.

എന്നാൽ എന്റെ കാര്യത്തിൽ അവയോടൊപ്പം മറ്റ് ചില പുരസ്കാരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. അത് മത്സര വിജയങ്ങളിൽ നിന്ന് കിട്ടിയ സമ്മാനങ്ങളെക്കാളും മഹത്തരമായവയാണ്. കാരണം, സാധാരണ സമ്മാനങ്ങളേക്കാൾ, ഒരു സമൂഹവും ഒരു ജനതയും നമ്മളോട് കാണിക്കുന്ന സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളങ്ങളാണത്.
അതവർ അവരുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചാണ് സമ്മാനിക്കുന്നത്. അതിൽ പല ഹൃദയങ്ങളുടെയും കൈയൊപ്പുകൾ കൂടെ ചാർത്തപ്പെട്ടിട്ടുണ്ടാകും. വർഷങ്ങൾ കഴിഞ്ഞാലും അത്തരം പുരസ്കാരങ്ങൾ നമ്മുടെ പിന്നിട്ടുപോയ ജീവിതത്തിന്റെയും നല്ല കാലത്തിന്റെയും സർഗ്ഗാത്മകതയുടെയും കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും.

ചിന്തകൾ കാടുകയറിയെങ്കിലും കണ്ണുകൾ പതിയെ ഉമ്മറത്തെ ചില്ലു കൂട്ടിലേക്കാണ് കയറിച്ചെന്നത്. അവയ്ക്കുള്ളിൽ അടുക്കിവെച്ച സമ്മാനങ്ങളുടെയും പുരസ്കാരങ്ങളുടെയും നീണ്ട നിരകൾ. അവയ്ക്കിടയിൽ ഏറ്റവും പഴകി എന്ന് തോന്നിപ്പിക്കുന്ന, ഒരു പഴയ മൊമന്റോയിലാണ് കണ്ണും മനസ്സും ഉടക്കി നിന്നത്.
'ചലനം അവാർഡ് 1995' എന്ന് അല്പം വലിയ അക്ഷരത്തിൽ അതിന് മുകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് വായിക്കപ്പെട്ട നിമിഷം ആദ്യം ഓർമ്മ വന്നത് ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു. റാബിയ അതാണ് അവളുടെ പേര്. 'ചിറകില്ലാതെ പറന്നവൾ'. സത്യത്തിൽ യഥാർത്ഥ പേരിനേക്കാൾ അവൾക്ക് ചേരുന്നത് ഈ പേര് തന്നെയാവും. പരിമിതികൾ ഒരുപാടുണ്ടായിട്ടും വീൽചെയറിൽ ഒതുങ്ങി പോകേണ്ടവളെന്ന് വിധിയെഴുതി വിട്ടിട്ടും അവയോട് പൊരുതി ജയിച്ചുകയറിയവളാണ് റാബിയ.
മലപ്പുറം ജില്ലയിലെ വെള്ളിലക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് റാബിയയുടെയും ഈ ഓർമ്മയുടെയും ഉറവിട സ്ഥാനം. 'ചലനം' എന്ന സാംസ്കാരിക വേദിയുടെ പിന്നണി പ്രവർത്തകയാണ് റാബിയ. കൂടാതെ ജോസ് മഞ്ഞിലത്ത് (ഒരു വേൾഡ് വിഷൻ പ്രവർത്തകൻ), കവിയും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ രാവണപ്രഭു, ഇവർ മൂന്നുപേരുമാണ് ആ വേദിയുടെ സാരഥികൾ.
അവരാണ് എന്നെക്കുറിച്ചുള്ള വാർത്തകളും അറിവുകളും മനസ്സിലാക്കി അവാർഡ് നൽകാൻ തീരുമാനിച്ചത്. എന്റെ സാക്ഷരതാ പ്രവർത്തനത്തിനായിരുന്നു അവാർഡ്. അങ്ങനെ അവരുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഞാൻ മലപ്പുറം ജില്ലയിലേക്ക് വണ്ടികയറുന്നത്.
വെള്ളിലക്കാട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു വീട്ടു മുറ്റത്തുവെച്ചായിരുന്നു ആ പരിപാടി നടന്നത്. റാബിയ എന്ന സ്ത്രീയുടെ വീടായിരുന്നു അത്. വീൽചെയറിൽ ഇരുന്നുകൊണ്ട് ഊർജ്ജസ്വലതയോടെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുന്ന അവരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നത്. ഞാൻ തനിച്ചായിരുന്നു അവിടേക്ക് ചെന്നിരുന്നത്. നോക്കുമ്പോൾ അഞ്ചോ പത്തോ ആളുകൾ മാത്രം. അത് കണ്ടപ്പോൾ അല്പം നിരാശ തോന്നിയെങ്കിലും എന്റെ കാഴ്ചപ്പാടിനെ ആകെ മാറ്റിമറിച്ചുകൊണ്ട് പത്ത് മിനിറ്റിനുള്ളിൽ അവർക്ക് ചുറ്റും നിരവധി ആളുകൾ നിരന്നു.
സഹായിക്കാനും കൂടെ നിൽക്കാനും പ്രോത്സാഹിപ്പിക്കാനുമൊക്കെയായി നാട്ടുകാരിൽ മുക്കാൽ ഭാഗവും അവിടെ കൂടിയിട്ടുണ്ടായിരുന്നു. അത്രമേൽ പ്രിയപ്പെട്ടവരാണ് നാട്ടുകാർക്ക് അവരെന്ന് കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ ബോധ്യമായി. ചക്രക്കസേരയിലിരുന്ന് റാബിയ അക്ഷരം പഠിപ്പിച്ചവർ ആ സ്നേഹം തിരിച്ചു നൽകുന്ന മനോഹരമായ കാഴ്ച. അതായിരുന്നു അന്നത്തെ ഏറ്റവും മനോഹരമായ കാഴ്ചയും.
ആ അവാർഡ് എനിക്ക് സമ്മാനിച്ചത് കവി രാവണപ്രഭുവാണ്. സ്വാഗതവും അധ്യക്ഷനും എല്ലാം അവിടെ കൂടി നിൽക്കുന്നവർ തന്നെയായിരുന്നു. ചലിക്കാൻ കഴിയാത്തവരുടെ 'ചലനം അവാർഡ്' എന്റെ കയ്യിലിരുന്ന് തിളങ്ങി. കടപ്പെട്ട സമ്മാനം പോലെയായിരുന്നു എനിക്കത്.
കാരണം, ആ നാടും നാട്ടുകാരും ഇതിന്റെ പ്രവർത്തകരോട് കാണിക്കുന്ന സ്നേഹവും മമതയും ആദരവുമൊക്കെ അത്രമേൽ വിലപ്പെട്ടതായിരുന്നു. പ്രത്യേകിച്ച് റാബിയയോട് കാണിക്കുന്ന സ്നേഹം. അതുകൊണ്ട് തന്നെ അത്രമേൽ പ്രിയപ്പെട്ട ഒരവാർഡായിരുന്നത്.
കാലത്തിന്റെ കണക്കെടുപ്പിൽ റാബിയ ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അവരുടെ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ട്. അവർ നൽകിയ സ്നേഹവും ആദരവും എന്റെ വീടിന്റെ അലമാരകൂട്ടിൽ ഇപ്പോഴും ഭദ്രമാണ്.
അതിലെ ഓരോ പുരസ്കാരങ്ങളും നമ്മളിലേക്ക് എത്തിപ്പെട്ടതിന്റെ ചരിത്രവും നിമിഷങ്ങളും ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. അത് പിന്നിട്ട കാലത്തിന്റെ പുസ്തകങ്ങളിൽ എഴുതാത്ത ചരിത്രങ്ങളാണ്. ആ ചരിത്രങ്ങൾ ഇത്തരം പുരസ്കാരങ്ങളിലൂടെ ജീവിതത്തിന്റെ സായന്തനങ്ങളിൽ വെറുതെ വായിക്കപ്പെടേണ്ടിവരുമ്പോൾ ഒരു ആത്മസംതൃപ്തി നൽകുന്നുണ്ട്. കൂടെ എന്തെന്നില്ലാത്ത ഒരത്മഭിമാനവും.
റാബിയയുടെ ഈ ജീവിതം നമുക്ക് നൽകുന്ന സന്ദേശം എന്താണ്? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: A literacy worker shares memories of receiving the 'Chalanan Award' from the inspiring Rabia, who worked from a wheelchair.
#Rabia #ChalananAward #LiteracyWorker #KeralaInspiration #Malappuram #SuccessStory
