ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നീലേശ്വരം എസ്.എൻ.ടി.ടി.ഐയിൽ നിന്നും ടി.ടി.സി പാസായി അധ്യാപക വൃത്തിയിലേക്ക്.
● വയനാട്ടിലെ തണുപ്പും സമയക്രമവും കാരണം ആദ്യത്തെ സർക്കാർ ജോലി ആദ്യ ദിവസം തന്നെ ഉപേക്ഷിച്ചു.
● മദ്യപാനിയായ സഹപ്രവർത്തകനെ വീട്ടിൽ താമസിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.
● വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിന്റെ വികസനത്തിലും സ്നേഹസ്പർശം ജീവകാരുണ്യ പദ്ധതിയിലും സജീവം.
● നാവിൽ വന്ന കാൻസറിനെ അതിജീവിച്ച് എൺപതിന്റെ നിറവിലും സാമൂഹ്യ സേവനരംഗത്ത് കർമ്മനിരതൻ.
കനിവുള്ള മനുഷ്യർ ഭാഗം 17/ കൂക്കാനം റഹ്‌മാൻ
(KVARTHA) ലോകത്തുള്ള അനേകായിരം മനുഷ്യരുടെ മുന്നോട്ടുള്ള പ്രയാണത്തെ ജീവിതമെന്ന ഒറ്റ പേരിൽ അടയാളപ്പെടുത്തുമെങ്കിലും പലരേയും പല വഴികളിലൂടെയാണ് അത് നടത്തിക്കുക. ചിലർക്ക് ദുർഘടമാണെങ്കിൽ മറ്റുചിലർക്ക് അനായാസമായ പാതയാവും. ഭാഗ്യവും നിർഭാഗ്യവുമാണെന്നൊക്കെ മനുഷ്യർ തരംതിരിക്കുമെങ്കിലും വിധിയോട് പൊരുതി ചിലർ സ്വന്തം പാത വെട്ടിപ്പിടിക്കാറുണ്ട്. കഠിനമാണെങ്കിലും അവയെ അനായാസമെന്നപോലെ ആക്കിത്തീർക്കാറുമുണ്ട്. ഏത് പ്രശ്നങ്ങളെയും ഒരു ചിരികൊണ്ട് നേരിടുന്ന മനുഷ്യരുമുണ്ട്.
അതിൽപ്പെട്ട ഒരാളാണ് കരിവെള്ളൂരിലെ കെ.പി. രാഘവൻ മാഷ്. നർമ്മത്തിൽ ചാലിച്ച വർത്തമാനമേ അദ്ദേഹം എന്നും പറയാറുള്ളൂ. ജീവിതത്തിലുണ്ടാകുന്ന വിഷമഘട്ടങ്ങളെ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാണാറുള്ളത്. എങ്കിലും ഒപ്പമുള്ളവരുടെ വേദനയെ കണ്ടറിഞ്ഞ് പരിഹാരം കാണുന്നതിൽ ബദ്ധശ്രദ്ധനാണ് അദ്ദേഹം. സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും വിഷമാവസ്ഥ കണ്ടറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതിൽ സന്തോഷിക്കുന്നവനാണ് രാഘവൻ മാഷ്. അദ്ദേഹത്തിന്റെ ബാല്യകാലം മുതലുള്ള ജീവിതയാത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അവിടെ പതറാതെ പിടിച്ചുനിന്ന് തന്റെ സ്വയംസിദ്ധമായ തമാശയും ലാഘവസമീപനവുംകൊണ്ടാണ് ആ കാലഘട്ടത്തെ അദ്ദേഹം അതിജീവിച്ചത്. ഇപ്പോൾ എൺപതിനോടടുത്തു നിൽക്കുന്ന പ്രായമുണ്ടെങ്കിലും ജീവിതപ്രയാസങ്ങളെ ചിരിച്ചുകൊണ്ട് നേരിടുന്ന മനോഭാവത്തിൽത്തന്നെയാണ് ഇപ്പോഴുമദ്ദേഹം.
ഹോട്ടൽ പണിയിടങ്ങളിലെ ബാല്യം
മാഷിന്റെ ബാല്യകാലം മുതലേ കരിവെള്ളൂർ ബസാറിലെ പേരുകേട്ട ചായക്കച്ചവടക്കാരനായിരുന്നു അച്ഛൻ ചന്തൻ കുഞ്ഞി. ആ കടയിലായിരുന്നു രാഘവന്റെ ഇടത്താവളം. രാവിലെ പേരിന് സ്കൂളിൽ ചെല്ലും, ഉച്ചയ്ക്ക് വിട്ടാൽ നേരേ ഹോട്ടലിൽ ഹാജരാവും. ആ വരവ് ബീഡിക്കമ്പികളിലേക്ക് ചൂട് ചായ കൊണ്ടു കൊടുക്കാനാണ്. ആ പണിക്കിടയിൽ അല്ലറ ചില്ലറ വർത്തമാനത്തിന്റെയും കളിയുടെയും കെട്ടഴിക്കുകയും ചെയ്യും. അത് കഴിയുമ്പോഴേക്കും സ്കൂളിൽ ബെല്ലടിച്ചിട്ടുണ്ടാകും. തിരിച്ചുചെല്ലുമ്പോൾ മാഷന്മാർ ചെറിയ ശിക്ഷ നൽകി ക്ലാസിൽ കയറ്റും. ബീഡി തൊഴിലാളികളുമായുള്ള ആ സൗഹൃദം രാഘവന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു.

സ്കൂൾ വിട്ടാലും അത് തന്നെയായിരുന്നു അവസ്ഥ. എല്ലാവരും വീട് ലക്ഷ്യംവെച്ച് ഓടുമ്പോൾ ഒരാൾ മാത്രം അച്ഛന്റെ ഹോട്ടൽ ലക്ഷ്യംവെക്കും. എന്നിട്ട് അച്ഛന്റെ സഹായിയായി അവിടെ നിൽക്കും. അങ്ങനെ വന്നും പോയും മാന്യ ഗുരു സ്കൂളിൽ എട്ടാം ക്ലാസ് വരെ പഠിച്ചു. ആ വർഷമാണ് യു.പി. സ്കൂളിൽ നിന്ന് 8-ാം ക്ലാസ് മാറ്റി ഹൈസ്കൂളിൽ എട്ടാം ക്ലാസ് തുടങ്ങുന്നത്. അതുകൊണ്ട് രാഘവൻ ഹൈസ്കൂളിൽ ചെന്ന് വീണ്ടും എട്ടാം ക്ലാസിൽ ചേരേണ്ടിവന്നു. അങ്ങനെ രണ്ട് വർഷം എട്ടാം ക്ലാസിൽ പഠിക്കേണ്ട ഭാഗ്യം രാഘവനുണ്ടായി. ഹൈസ്കൂൾ പഠനവും ഹോട്ടൽ ജോലിയും ചെയ്തുകൊണ്ട് തന്നെ 1964-ൽ എസ്.എസ്.എൽ.സി. പാസായി.
ഹോട്ടൽ വ്യാപാരത്തിൽ അല്പം ഉയർച്ച ഉണ്ടായ കാലമായിരുന്നു അന്ന്. അതുകൊണ്ട് തന്നെ കാസർകോട് ഗവ: കോളേജിൽ പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് എടുത്ത് പഠനം തുടങ്ങി. തുടർന്ന് ഡിഗ്രിക്ക് ചേർന്നുവെങ്കിലും പൂർത്തിയാക്കാൻ പറ്റിയില്ല. കാരണം വീട്ടിലപ്പോഴേക്കും അംഗസംഖ്യ വർദ്ധിച്ചിരുന്നു. കച്ചവടത്തിലും അല്പം മാന്ദ്യമുണ്ടായി. അതോടെ പഠനം മുടങ്ങുകയും 1966-67-ന്റെ ഇടയിലുള്ള ആ ഒരു വർഷം ഒരു സാദാ ഹോട്ടൽ തൊഴിലാളിയായി അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. ഇനി എന്തെങ്കിലും നല്ല തൊഴിലിൽ പ്രവേശിച്ചേ പറ്റൂ എന്ന അവസ്ഥയുണ്ടായി. അതുകൊണ്ട് തന്നെ പെട്ടന്ന് ജോലി കിട്ടുന്ന രീതിയിലേക്കുള്ള പഠനത്തിലേക്കായി ശ്രദ്ധ.
അധ്യാപക വേഷത്തിലേക്ക്
അങ്ങനെയാണ് നീലേശ്വരം എസ്.എൻ.ടി.ടി.ഐ. സ്കൂളിൽ അഡ്മിഷന് ശ്രമിക്കുകയും പി.എസ്.സി. വഴി അത് കിട്ടുകയും ചെയ്തത്. ഭാഗ്യം കൂടെയുള്ളതുകൊണ്ടും അദ്ദേഹത്തിന്റെ കഠിന പ്രയത്നംകൊണ്ടും ടി.ടി.സി. പാസാവുകയും ചെയ്തു. ഉടനെ ജോലി അന്വേഷണമായി. അടുത്തുള്ള എയ്ഡഡ് സ്കൂളുകളിൽ ലീവ് വേക്കൻസിയിൽ കയറിപ്പറ്റാനുള്ള ശ്രമമായിരുന്നു ആദ്യം. അച്ഛൻ ചന്തൻ കുഞ്ഞിക്ക് നാട്ടിലെ സ്കൂൾ മാനേജർമാരുമായിട്ടും അവിടുത്തെ അധ്യാപകരുമായിട്ടും നല്ല ബന്ധമായിരുന്നു.
ആ സമയത്താണ് അടുത്തുള്ള സെൻട്രൽ സ്കൂളിലെ അധ്യാപകൻ അബ്ദു റഹിമാൻ മാസ്റ്റർ മൂന്ന് മാസത്തെ അവധി എടുക്കുന്നത്. അങ്ങനെ ആ ലീവ് വേക്കൻസിയിൽ രാഘവൻ മാഷിന് ജോലി കിട്ടി. അന്ന് മാസ ശമ്പളം നൂറ്റി അറുപത്തി മൂന്ന് രൂപയായിരുന്നു. തത്കാലത്തേക്കുള്ള പ്രശ്നപരിഹാരമായെങ്കിലും മൂന്ന് മാസം മൂന്ന് ദിവസങ്ങൾ പോലെ കടന്നുപോയി. റഹിമാൻ മാഷ് തിരിച്ചുവന്നു. ഇനിയെന്ത് എന്ന് ചിന്തിക്കുമ്പോഴേക്കാണ് ഓലാട്ട് സ്കൂളിലെ കുഞ്ഞിരാമൻ മാഷിന്റെയും കുമാരൻ മാഷിന്റെയും ലീവ് വേക്കൻസി വന്നത്. അങ്ങനെ കുറച്ചുകാലം അവിടെയും ജോലി ചെയ്തു. അവിടെ തുടരുമ്പോൾ തന്നെയാണ് എംപ്ലോയ്മെന്റ് വഴി മാണിക്കോത്ത് സ്കൂളിൽ അപ്പോയ്മെന്റ് ലഭിച്ചത്. അപ്പോഴേക്കും മാസ ശമ്പളം നൂറ്റിയെൺപതിൽ എത്തിയിരുന്നു.

മാനന്തവാടിയിലെ 'അവിശ്വസനീയ' അനുഭവം
ഇനിയാണ് അധ്യാപക ജീവിതത്തിലെ വിവരണാതീതമായ സംഭവങ്ങൾ നടക്കുന്നത്. ചിലത് അവിശ്വസനീയമായി തോന്നാം, ചിലത് അസംഭവ്യവും. നമുക്ക് അതിലേക്കൊന്ന് കണ്ണോടിക്കാം. തുടർന്ന് എംപ്ലോയ്മെന്റ് നിയമനം മാനന്തവാടി വാരാംപറ്റ ഗവ: എൽ.പി. സ്കൂളിലായിരുന്നു. അങ്ങനെ ബസ്സ് വഴി മാനന്തവാടിയെത്തി. ഹോട്ടലിൽ മുറിയെടുത്തു. ആദ്യത്തെ ദിവസമല്ലേ സമയം വൈകേണ്ട എന്ന് കരുതി രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തി. നല്ല തണുപ്പുമുണ്ട്. ഒൻപത് കഴിഞ്ഞു പത്തുമണിയായിട്ടും ആരെയും കാണുന്നില്ല. മാഷന്മാരുമില്ല കുട്ടികളുമില്ല. സമയം 10.30 ആയി. എന്നിട്ടും ആരും എത്തിയില്ല. ആകെ വേവലാതി. തനിക്ക് തെറ്റുപറ്റിയോ? ഇന്ന് ലീവാണോ? ഇത് തന്നെയല്ലേ സ്കൂൾ? ചിന്തകൾ ചുറ്റിവരിഞ്ഞു തുടങ്ങിയപ്പോൾ പതിയെ സ്കൂളിൽ നിന്നും പുറത്തിറങ്ങി. അപ്പോഴേക്കും സമയം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. അടുത്തു കണ്ട ഒരു ചെറിയ കടയിൽ കയറി കാര്യമന്വേഷിച്ചു.
കച്ചവടക്കാരൻ പറഞ്ഞത് കേട്ട് അന്തംവിട്ടുപോയി. 'ഇവിടെ പന്ത്രണ്ട് മണിയൊക്കെ ആവുമ്പോഴേ മാഷന്മാരും കുട്ടികളും വരൂ. അത്രയും തണുപ്പല്ലേ.' പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. നേരേ ടൗണിലെത്തി തിരിച്ച് നാട്ടിലേക്കുള്ള ബസ്സ് കയറി. അങ്ങനെ ആദ്യത്തെ ആ നിയമനം അവിടെ അവസാനിപ്പിച്ചു.
മന്ത്രിമന്ദിരത്തിലെ താമസവും ട്രെയിൻ യാത്രയും
അത് കഴിഞ്ഞ് മാണിക്കോത്ത് സ്കൂളിൽ തന്നെ നിയമനം ലഭിച്ചു. രാഘവൻ മാഷിലെ ചെറുപ്പക്കാരൻ ഒന്നുകൂടി ഊർജസ്വലനായി. അങ്ങനെ സ്കൂളിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു പഠനയാത്ര പ്ലാൻ ചെയ്തു. പഠനയാത്രയുടെ റെയിൽ മാർഗമാവുമ്പോൾ വളരെ ചുരുങ്ങിയ യാത്രാചെലവ് മതിയാവും എന്നതിനാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താണ് യാത്ര ചെയ്തത്. മാഷിന്റെ പ്രവർത്തന വഴിയിൽ അവിചാരിതമായി ചില നല്ല കാര്യങ്ങൾ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ട്രെയിൻ യാത്രക്കിടെ ഒരു പരിചിത മുഖം കണ്ണിൽപ്പെട്ടു. അദ്ദേഹം കൊഴുമ്മലിലെ സഖാവ് ടി.കെ. രാജുവായിരുന്നു. തിരുവനന്തപുരത്ത് പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജരാണ്. മാഷിന്റെ അച്ഛന്റെ അടുത്ത സുഹൃത്തുമാണ്. തമ്മിൽ സുഖാന്വേഷണം നടത്തി. യാത്രയുടെ ലക്ഷ്യം അദ്ദേഹവുമായി പങ്കിട്ടു. ഉടനെ രാജു പറഞ്ഞു: 'താമസിക്കാൻ മുറിയെടുക്കേണ്ട. എൻ.ഇ. ബാലറാമിനെ കാണുക. താമസത്തിനുള്ള സൗകര്യം അദ്ദേഹം ഒരുക്കിത്തരും.'
അങ്ങനെ പ്രഭാത് ബുക്സിൽ താമസം ഒരുക്കിത്തരാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ ഇറങ്ങി. അവിടെനിന്ന് നടന്നാണ് പ്രഭാത് ബുക്സിൽ എത്തിയത്. അവിടെ സോവിയറ്റ് പ്രസിദ്ധീകരണങ്ങളുടെ ഇടയിലാണ് കുട്ടികൾക്കും അധ്യാപകർക്കും സൗകര്യങ്ങൾ ഒരുക്കിത്തന്നത്. അതുമാത്രമല്ല, അടുത്തദിവസം മന്ത്രിയായിരുന്ന സഖാവ് എൻ.ഇ. ബാലറാമിന്റെ ഔദ്യോഗിക വസതി സന്ദർശിക്കാനും സൽക്കാരം സ്വീകരിക്കാനും സഖാവ് രാജു മുഖേന സാധിച്ചിരുന്നു. പ്രഭാത് ബുക്സിലെ ഒരു ചെറുപ്പക്കാരനെ പഠനയാത്ര സംഘത്തിന്റെ ഒപ്പം അയച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കിത്തരാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അങ്ങനെ താമസം ചെലവില്ലാതെ നടന്നു. രാഘവൻ മാഷിന്റെ കൂടെ വന്ന മറ്റ് അധ്യാപകന്മാർക്ക് ഇതൊക്കെ ഒരത്ഭുതമായി തോന്നി. ഇത്രയൊക്കെ സ്വാധീനമുള്ള വ്യക്തിയാണിദ്ദേഹമെന്ന് അവർക്ക് ബോധ്യമായി.

സുഖകരമായ പഠനയാത്ര കഴിഞ്ഞ് തിരിച്ചുള്ള യാത്രയും ട്രെയിനിൽ തന്നെ. കുട്ടികളുടെ ടിക്കറ്റ് നിരക്ക് കുറക്കുന്നതിന് വയസ്സ് അല്പം കുറച്ചാണ് രേഖയിൽ കാണിച്ചിട്ടുള്ളത്. ഇത് ടിക്കറ്റ് പരിശോധകർ കണ്ടുപിടിച്ചെങ്കിൽ ഫൈൻ അടപ്പിക്കും. ആ ഭയം രാഘവൻ മാഷിന്റെ ഉള്ളിലുണ്ടായിരുന്നു. അക്കാലത്ത് കുറുപ്പ് എന്ന പേരിൽ അറിയപ്പെടുന്ന സമർത്ഥനായ ടിക്കറ്റ് പരിശോധകൻ ഉണ്ടായിരുന്നു. അദ്ദേഹം കുട്ടികളെയൊക്കെ ഒന്നു നോക്കി രാഘവൻ മാഷിന്റെ അടുത്തെത്തി: 'നിങ്ങളുടെ കുട്ടികളെ ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. അടുത്ത സ്റ്റേഷനിൽ വെച്ചു നോക്കാം.' മാഷിന്റെ ഉള്ളൊന്ന് പിടഞ്ഞു. പക്ഷേ, അതിസമർഥനായ മാഷ് കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഇറങ്ങേണ്ടതിന് പകരം എല്ലാവരേയും ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കി. അവിടെനിന്ന് ബസ്സിൽ എല്ലാവരെയും സ്കൂളിലെത്തിച്ചു. അങ്ങനെ അതിവിദഗ്ദ്ധമായി മാഷ് കുറുപ്പിനെ പറ്റിച്ചു.
സഹപ്രവർത്തകന് താങ്ങായി
പി.എസ്.സി. അപ്പോയ്ൻമെന്റ് കിട്ടുന്നതിന് മുമ്പ് ഒരു എയ്ഡഡ് സ്കൂളിൽ സംഭാവന കൊടുത്ത് ജോയിൻ ചെയ്ത അനുഭവം രാഘവൻ മാഷ് പറയുകയുണ്ടായി. അവിടെ നടന്ന സംഭവങ്ങളിൽ തമാശയുണ്ട്, ഗൗരവമുണ്ട്, പഠിക്കാനുമുണ്ട്. സ്കൂളിന്റെ പേരോ, അവിടുത്തെ അന്നുണ്ടായിരുന്ന അധ്യാപകരുടെ പേരോ ഇവിടെ പരാമർശിക്കുന്നില്ല. സംഭവങ്ങൾ മാത്രം പറയാം എന്ന ആമുഖത്തോടെയാണ് മാഷ് പറയാൻ തുടങ്ങിയത്. '2250 രൂപ കൊടുത്താണ് 1971-ൽ പ്രസ്തുത സ്കൂളിൽ മാഷ് ജോയിൻ ചെയ്തത്. നാലാം തരം വരെയുള്ള എൽ.പി. സ്കൂൾ. എങ്കിലും നാലു ക്ലാസുകളിലും ഡിവിഷനുകളുണ്ടായതിനാൽ എട്ട് പോസ്റ്റുകളുണ്ട്. അധ്യാപകന്മാർക്ക് ഇരിക്കാൻ ബെഞ്ച് മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
വേണ്ടത്ര കുട്ടികൾ ഇല്ലാത്തതുകൊണ്ട് നാലുമാഷന്മാർക്ക് മിക്ക ദിവസവും പഠിപ്പിക്കാൻ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ആ ബെഞ്ചിൽ എല്ലാവരും ഇരുന്ന് സൊറ പറയുകയായിരുന്നു പതിവ്. യഥാർത്ഥത്തിൽ നാല് ക്ലാസിലെ കുട്ടികൾ മാത്രമേ അവിടെയുള്ളൂ. ഓഫീസർ ഇൻസ്പെക്ഷന് വരുന്ന സമയത്ത് അടുത്തുള്ള മദ്രസയിൽ ചെന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുവരും. ആഫീസർക്ക് ബിരിയാണി നൽകി എല്ലാം ക്ലിയർ ആക്കിവെക്കും. അന്നവിടെ ഉണ്ടായിരുന്ന നാല് മാഷന്മാരും ഉഷാറന്മാരാണ്. സ്കൂൾ വിട്ടാൽ നേരെ പട്ടഷാപ്പിലേക്കാണ്. അതിൽ ഒരു മാഷിന്റെ കാര്യം നന്നേ പോക്കാണ്. മിക്ക സമയത്തും അനധികൃതമായി ആബ്സന്റ് ആണ്. അതിനാൽ മാസ ശമ്പളം വളരെ കുറവായിരുന്നു.
അദ്ദേഹത്തിന്റെ വിഷമസ്ഥിതി മനസ്സിലാക്കിയ രാഘവൻ മാഷ് സഹായിക്കാൻ തയ്യാറായി. അതിന് ആവശ്യമുള്ള രേഖകളെല്ലാം ശരിയാക്കി, ബിൽ എഴുതി ഏകദേശം 80,000 രൂപയോളം കിട്ടാനുള്ളതിൽ പകുതിയോളം കിട്ടി. ബാക്കി തുക കിട്ടുന്നതിന് മുമ്പ് അദ്ദേഹം മരിച്ചുപോയി. പ്രസ്തുത മാഷിന്റെ മദ്യപാനാസക്തി കുറച്ചുകൊണ്ടുവരാൻ രാഘവൻ മാഷിന്റെ വീട്ടിൽ നാലഞ്ചുമാസം താമസിപ്പിക്കാനുള്ള സന്മനസ്സും മാഷ് കാണിച്ചിരുന്നു. 1976 ജനുവരി ഒന്നിനാണ് പി.എസ്.സി. മുഖേന പെരിയ ഗവ: സ്കൂളിൽ ജോയിൻ ചെയ്തത്.
സേവനവഴികളിൽ സജീവം
സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മാഷ് ഇന്നും സജീവമാണ്. സുഹൃത്തുക്കളുടെ പെൻഡിങ്ങിലുള്ള ശമ്പള ബില്ലുകൾ ശരിയാക്കിക്കൊടുക്കുന്നതിലും വിരമിച്ചവരുടെ പെൻഷൻ പേപ്പറുകൾ ശരിയാക്കിക്കൊടുക്കുന്നതിലും മാഷ് സഹായഹസ്തവുമായി വരും. കരിവെള്ളൂരിലെ പ്രശസ്തമായ വാണിയില്ലം സോമേശ്വരി ക്ഷേത്രക്കമ്മറ്റിയുടെ ദീർഘകാലത്തെ പ്രസിഡണ്ടായും ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും പ്രസ്തുത ക്ഷേത്രത്തിന്റെ ആനുകാലിക പ്രവർത്തനങ്ങളിൽ മാഷിന്റെ കയ്യൊപ്പ് പതിയുന്നുണ്ട്. ക്ഷേത്രം വകയിൽ ശ്മശാന നിർമ്മിതിക്ക് 2 ഏക്കർ 37 സെന്റ് സ്ഥലം വാങ്ങിച്ചെടുക്കാൻ മുൻകയ്യെടുത്തത് രാഘവൻ മാഷാണ്.
പ്രസ്തുത സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് വളരെ കാലം പഴക്കമുള്ള അടിയാധാരം രജിസ്ട്രാഫീസിൽ നിന്ന് പരതി എടുക്കണം. പൊടിയും മാറാലയും പിടിച്ചു കിടക്കുന്ന ഫയൽ എടുക്കാൻ ഓഫീസ് ജീവനക്കാർ വരെ മടി കാണിച്ചപ്പോൾ രാഘവൻ മാഷ് അത് കണ്ടെത്താൻ സ്വയംസന്നദ്ധനായി. ആഫീസിലെ പഴയ റാക്കിൽ നോക്കി ഫയലുകൾക്കിടയിൽ നിന്ന് രാഘവൻ മാഷ് ആദ്യം വലിച്ചെടുത്ത ഫയലിൽ തന്നെ അടിയാധാരം കിട്ടി. പല സന്ദർഭങ്ങളിലും രാഘവൻ മാഷിന് ഇങ്ങനെയുള്ള അവിചാരിത നേട്ടം കൈവരാറുണ്ട്. അത് മാത്രമല്ല, പ്രസ്തുത പറമ്പിലുള്ള ബി.എസ്.എൻ.എൽ. (BSNL) ടവറിന്റെ സെക്യൂരിറ്റിയായി കഴിഞ്ഞ 15 വർഷമായി പ്രതിഫലം ഒന്നും കൈപ്പറ്റാതെ സേവനമനുഷ്ഠിക്കുന്നുണ്ട്.
ക്ലബ്ബുകൾക്കും ഇതര പൊതു സ്ഥാപനങ്ങൾക്കും കുറി നടത്തിക്കൊടുക്കാനും മാഷ് തയ്യാറാണ്. കണക്ക് സത്യസന്ധമായും അതികണിശമായും നടത്തിക്കൊടുക്കും എന്നുള്ളതാണ് മാഷിന്റെ നന്മ. വളരെ ചെറുപ്പം മുതലേ ഇത്തരം കുറി നടത്തുന്നതിൽ സമർത്ഥനാണ് മാഷ്. സ്നേഹസ്പർശം എന്നൊരു പ്രസ്ഥാനത്തിന്റെ ചെയർമാനാണ് കെ.പി. രാഘവൻ മാഷ്. സന്നദ്ധമായി മാസം പ്രതി 250 രൂപ സംഭാവന നൽകുന്ന 170 മെമ്പർമാരുണ്ട് ഇതിൽ. ആരും ശ്രദ്ധിക്കാനില്ലാത്ത, രോഗം മൂലവും മറ്റും വിഷമിക്കുന്ന നാല്പത് വ്യക്തികൾക്ക് മാസം ആയിരം രൂപ വെച്ച് സഹായം വീട്ടിൽ എത്തിച്ചു കൊടുക്കും. ഇതിൽ അംഗങ്ങളായുള്ളവർ ആരും പ്രശസ്തിക്കുവേണ്ടിയോ പ്രചാരത്തിന് വേണ്ടിയോ ആഗ്രഹിക്കുന്നവരല്ല. എല്ലാവരും സദ്മനോഭാവമുള്ളവരും സന്നദ്ധതയുള്ളവരുമാണ്.
കാൻഫെഡുമായി ദീർഘകാലത്തെ ബന്ധമുണ്ട് മാഷിന്. ഇപ്പോൾ കരിവെള്ളൂരിൽ പ്രവർത്തിച്ചു വരുന്ന കാൻഫെഡിന്റെ പ്രധാന സാരഥികളിൽ ഒരാളാണ് രാഘവൻ മാഷ്. യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മാഷ്. സംഘടനകൾ നടത്തുന്ന പഠനയാത്രകളിൽ നേതൃത്വം നൽകാൻ മാഷുണ്ടാവും. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ മാഷ് സന്ദർശിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രശസ്ത സ്ഥലങ്ങളും മാഷിന് സന്ദർശനം നടത്താൻ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ കക്ഷിരാഷ്ട്രീയത്തിൽ അത്ര തൽപ്പരനല്ല മാഷ്. എങ്കിലും പഴയ കാലം മുതലേ സി.പി.ഐ.യുമായി അടുപ്പത്തിലാണ്.
അതിജീവനത്തിന്റെ കരുത്ത്
അടുത്തകാലത്ത് നാവിന് കാൻസർ ബാധയുണ്ടായി. ഈ രോഗത്തെയും അദ്ദേഹം ഗൗരവത്തിൽ എടുത്തില്ല. ഓപ്പറേഷൻ കഴിഞ്ഞു. നാവിന്റെ കാൻസർ ബാധിച്ച ചെറിയൊരു ഭാഗം ബംഗ്ളൂരിലെ ഹോസ്പിറ്റലിൽ നിന്ന് മുറിച്ചുനീക്കി പകരം ഗ്രാഫ്റ്റിംഗ് നടത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. ഇപ്പോൾ വളരെ സന്തോഷത്തോടെ സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു.
മൂന്നു മക്കളാണ് മാഷിനുള്ളത്. മൂത്തമകൾ ജയശ്രീ ഹോസ്ദുർഗ് ഗവ: ഹൈസ്കൂളിൽ പ്രൈമറി അധ്യാപികയാണ്. എം.ടെക്. ബിരുദധാരിയായ രണ്ടാമത്തെ മകൾ രാജശ്രീ നെതർലാന്റിലെ ആംസ്റ്റർഡാമിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ശ്രീജിത്ത് എം.ബി.എ. (MBA) പഠനം കഴിഞ്ഞ് ഫ്രാൻസിൽ റഫാൽ യുദ്ധവിമാനക്കമ്പനിയുടെ സബ്‌സിഡിയറിയായി പ്രവർത്തിക്കുന്ന ബംഗ്ളൂരിലെ താലസ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജരാണ്. ഭാര്യ ജാനകി ടീച്ചർ പെരുമ്പട്ട ഗവ: യു.പി. സ്കൂളിലെ പ്രഥമാധ്യാപികയായി വിരമിച്ച ശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.
ഈ ലേഖനം ഷെയർ ചെയ്യൂ.
Article Summary: The inspiring life story of K.P. Raghavan Mash from Karivellur, detailing his journey from a hotel worker to a teacher and social worker, overcoming cancer and life struggles.
#Karivellur #KPRaghavanMash #SuccessStory #TeacherLife #SocialService #CancerSurvivor
