ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം പാൻടെക്കിനും മികച്ച സംഘാടകനുള്ള പുരസ്കാരം കൂക്കാനം റഹ്മാനും ലഭിച്ചു.
● തിരുവനന്തപുരത്തെ കലാഭവനിൽ നടന്ന ചടങ്ങിൽ അന്നത്തെ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ടീച്ചറിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
● എയ്ഡ്സ് പ്രതിരോധം, ഹോം നഴ്സിംഗ് സർവീസ്, ഊർജ്ജ സംരക്ഷണ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ പാൻടെക്ക് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു.
● വിമർശനങ്ങളെ സധൈര്യം നേരിട്ട് ലൈംഗിക തൊഴിലാളികൾക്കിടയിലും ഗർഭിണികൾക്കിടയിലും നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അവാർഡുകളുടെ പിന്നാമ്പുറകഥകൾ - 6/ കൂക്കാനം റഹ്‌മാൻ
(KVARTHA) 2006 എന്ന വർഷത്തിന് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തിയുണ്ട്. സന്തോഷവും സങ്കടവും കൂടിച്ചേർന്ന ഒരു വർഷമെന്ന് വേണമെങ്കിൽ പറയാം. കാരണം 36 വർഷത്തെ സർക്കാർ സർവ്വീസിൽനിന്ന് വിരമിച്ചത് അതേ വർഷത്തിലാണ്. ചെയ്യുന്ന ജോലിയിൽ നിന്നായാൽപ്പോലും വിരമിക്കൽ എന്നതിന് ദുഃഖത്തിന്റെ ഒരടയാളം കൂടിയുണ്ടാകും. സഹപ്രവർത്തകരിൽനിന്ന്, ജോലിചെയ്ത സ്ഥാപനങ്ങളിൽനിന്ന്, ആ അന്തരീക്ഷത്തിൽനിന്നൊക്കെയുള്ള എന്നെന്നേക്കുമായുള്ള ഇറങ്ങിപ്പോക്ക് ഒരു വേദന തന്നെയായിരിക്കുമല്ലോ.
'പാൻടെക്കി'ന്റെ പിറവി
ഇനിയെന്ത് എന്ന ചിന്ത മനസ്സിനെ ഒന്ന് ഉലച്ചുവെങ്കിലും, അങ്ങനെയൊന്ന് എനിക്ക് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ല. 1996 മുതൽ ഞാൻ മുൻകയ്യെടുത്ത് രൂപീകരിച്ച 'പാൻടെക്ക്' എന്ന സന്നദ്ധ സംഘടനയിലൂടെ വിവിധ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരികയായിരുന്നു. ഈ സംഘടനയെക്കുറിച്ചുള്ള ഒരാശയം എന്റെ മനസ്സിലേക്ക് കൊളുത്തിവെച്ചത് ആരാധ്യനായ പി.ടി.ബി. സാറാണ് (പി.ടി. ഭാസ്കരപ്പണിക്കർ). അനുയോജ്യരായ വ്യക്തികളെ സ്വയം കണ്ടെത്തുകയും അവരിലേക്ക് തന്റെ മനസ്സിൽ രൂപമെടുത്ത ആശയം പകരുകയും ചെയ്യുന്നതിൽ അസാമാന്യ കഴിവുള്ള വ്യക്തിയാണ് പി.ടി.ബി.
കേരളത്തിൽ രൂപീകൃതമായിട്ടുള്ള പേരും പ്രശസ്തിയും ആർജ്ജിച്ച വിവിധ സാംസ്കാരിക സംഘടനകൾക്ക് രൂപം നൽകി പ്രവർത്തനപഥത്തിൽ കൊണ്ടുവന്ന വ്യക്തികൂടിയാണദ്ദേഹം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാലാസംഘം, കാൻഫെഡ് എന്നിവ അവയിൽ ചിലതുമാത്രമാണ്. വിദ്യാഭ്യാസ വിചക്ഷണൻ, ധിഷണാശാലി, രാജ്യതന്ത്രജ്ഞൻ, ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉടമ എന്നീ നിലകളിലും പി.ടി.ബി. പ്രശസ്തനാണ്. അദ്ദേഹമാണ് അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസം നൽകാൻ പര്യാപ്തമായ ഒരു സംഘടനയ്ക്ക് രൂപം നൽകണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്. ആ വലിയ മനുഷ്യന്റെ നിർദ്ദേശം ശിരസാവഹിച്ചുകൊണ്ട്, ഒന്നുമില്ലായ്മയിൽനിന്ന് ചില സുഹൃത്തുക്കളുടെ സഹായത്താൽ ഞാൻ കെട്ടിപ്പടുത്തതാണ് പാൻടെക്ക് എന്ന സംഘടന.

കേരളമെമ്പാടും പടർന്ന പ്രവർത്തനങ്ങൾ
കേവലം പത്തുവർഷം കൊണ്ട് കേരളമെമ്പാടും അറിയപ്പെടുന്ന പ്രസ്ഥാനമായി പാൻടെക്ക് മാറി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എനർജി മാനേജ്മെന്റ് സെന്റർ, കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ എന്നിവയുമായി സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ പാൻടെക്ക് ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങൾ അറിഞ്ഞതിലൂടെയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തിക്കുറിശ്ശി ഫൗണ്ടേഷൻ, പാൻടെക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നത്.

പ്രസ്തുത സംഘടനയുടെ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ജയകുമാർ പാൻടെക്കിന്റെ സംഘാടനത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി എഴുതിയറിയിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. തിക്കുറിശ്ശി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് പരിഗണിക്കാനാണെന്നും കത്തിലുണ്ടായിരുന്നു. അതോടെ പാൻടെക്ക് പ്രവർത്തകർ യോഗം ചേർന്ന് പ്രസ്തുത കത്ത് ചർച്ച ചെയ്തു. വിശദമായ റിപ്പോർട്ട് എഴുതി സമർപ്പിക്കാൻ തീരുമാനിച്ചു.
തേടിയെത്തിയ അംഗീകാരം
കുറച്ചുദിവസങ്ങൾക്കകംതന്നെ മറുപടി കിട്ടി. 2006-ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച സംഘടനയ്ക്കുള്ള അവാർഡ് പാൻടെക്കിനും മികച്ച സംഘാടകനുള്ള അവാർഡ് എനിക്കും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ പേരും പ്രശസ്തിയും ആർജ്ജിച്ച മഹാനടൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ പേരിലുള്ള അവാർഡ് എന്നെ തേടിയെത്തിയതും അതേ 2006-ലാണ്.
തിരുവനന്തപുരത്ത് വെച്ചാണ് അവാർഡ് ദാനം നടക്കുന്നത്. 2006 ജൂലായ് 23-നാണ് അവാർഡ് വിതരണം. തിരുവനന്തപുരത്തെ കലാഭവനിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ടീച്ചറിൽനിന്നും അവാർഡ് സ്വീകരിക്കാൻ താങ്കൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന കത്തും അതിനുപിറകെ എന്നെ തേടിയെത്തി. അങ്ങനെ അവാർഡ് സ്വീകരിക്കാനായി ജൂലായ് 23-ന് രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. അനിയന്റെ മകൾ സൗദ തിരുവനന്തപുരം ജേർണലിസ്റ്റ് കോളനിയിലാണ് താമസിക്കുന്നത്. നേരത്തെ വിളിച്ചറിയിച്ചതിനാൽ അവൾ കൃത്യസമയത്തുതന്നെ കാറുമായി സ്റ്റേഷനിലെത്തി. അവളുടെ താമസസ്ഥലത്തെത്തി കുളിച്ച് ഫ്രഷായി കൃത്യം 10 മണിക്കുതന്നെ കലാഭവനിൽ എത്തി. ഹാൾ നിറച്ചും ആളുകളുണ്ട്. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പത്തോളം സന്നദ്ധ സംഘടനാ പ്രവർത്തകരും അവരുടെ സഹപ്രവർത്തകരും അവിടെ സന്നിഹിതരായിട്ടുണ്ടെന്ന്.
ശ്രീമതി ടീച്ചറുടെ ആ വാക്കുകൾ
പരിപാടി ആരംഭിച്ചു. മുഖ്യാതിഥികൾ എത്തിച്ചേർന്നു. അവാർഡ് വിതരണം ചെയ്യുന്ന മന്ത്രി ശ്രീമതി ടീച്ചറും എത്തിക്കഴിഞ്ഞു. അവതാരകൻ ഓരോരുത്തരെയും പരിചയപ്പെടുത്തി സ്റ്റേജിലേക്ക് ക്ഷണിച്ചു. അവാർഡ് ജേതാക്കളെ പൊന്നാടയണിയിച്ച് മൊമെന്റോ നൽകിക്കൊണ്ടിരിക്കുന്ന ശ്രീമതി ടീച്ചർ എന്റെ പേര് കേട്ടപ്പോൾ മൈക്കിനടുത്ത് നിന്നുതന്നെ പറഞ്ഞു: 'ഓ കൂക്കാനം റഹ്മാൻ മാഷിനും അവാർഡുണ്ടോ? സന്തോഷം.' മന്ത്രിയുടെ ഈ പ്രഖ്യാപനം കേട്ടപ്പോൾ സദസ്സിലുള്ളവരുടെ ശ്രദ്ധ എന്നിലേക്കായി. നല്ലൊരു കയ്യടിയും എനിക്കു ലഭിച്ചു. മറക്കാനാവാത്ത സന്ദർഭമായിരുന്നു അത്.
സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടങ്ങൾ
അന്നത്തെ സന്നദ്ധ സംഘടനകൾ ഏറ്റെടുത്തുനടത്താൻ വൈമുഖ്യം കാണിച്ച ചില പ്രൊജക്റ്റുകൾ ഞങ്ങൾ നടത്താൻ തയ്യാറായി. അതിലൊന്നാണ് എയ്ഡ്സ് പ്രതിരോധ പ്രവർത്തനം. സമൂഹം പുച്ഛിച്ചുതള്ളുന്ന ലൈംഗിക തൊഴിലാളികളുടെ ഇടയിൽ എയ്ഡ്സ് രോഗം പകരാതിരിക്കാൻ വേണ്ട ബോധവൽക്കരണം നടത്തുകയും, സുരക്ഷിതമായ ലൈംഗികബന്ധത്തിന് കോണ്ടം വിതരണം നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ ആദ്യകാലത്ത് സമൂഹം വെറുപ്പോടെയാണ് നോക്കിക്കണ്ടത്. അതിന്റെ പേരിൽ പത്രമാധ്യമങ്ങളിലൂടെയും, ചുവരെഴുത്തുകളിലൂടെയും ഊമക്കത്തുകളിലൂടെയും കേട്ടാലറയ്ക്കുന്ന വിമർശനങ്ങളെ ഞങ്ങൾ സധൈര്യം നേരിട്ടു.
അതേപോലെ ഹോം നഴ്സിംഗ് സർവ്വീസ് നടത്തുമ്പോഴും വിമർശനങ്ങളുണ്ടായി. നൂറുകണക്കിന് സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാനും നിരവധി രോഗാതുരരായി വിഷമിച്ചുകഴിയുന്നവർക്ക് അത്താണിയായി പ്രവർത്തിക്കാനും പാൻടെക്ക് വഴി സാധ്യമായി. ഇരുപതോളം ട്രേഡുകളിൽ നൂറുകണക്കിന് യുവതീയുവാക്കൾക്ക് ഹ്രസ്വകാല പരിശീലന പരിപാടി നടത്തി സ്വയംതൊഴിൽ കണ്ടെത്താൻ പാൻടെക്ക് സഹായിച്ചിട്ടുണ്ട്. ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി മൂന്ന് വർഷക്കാലം 'റിപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത്' എന്ന പ്രോജക്റ്റ് കുമ്പള പഞ്ചായത്തിൽ വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതും എടുത്തുപറയേണ്ടതുതന്നെയാണ്.
വൈവിധ്യമാർന്ന സംരംഭങ്ങൾ
സാക്ഷരതാ മിഷൻ നടത്തുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിലും പാൻടെക്ക് സജീവമായി പങ്കെടുത്തു. നീലേശ്വരത്തും മാനടുക്കത്തും തുടർവിദ്യാഭ്യാസ കേന്ദ്രങ്ങൾ വിജയകരമായി നടത്തുകയുണ്ടായി. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്റർ മുഖേന കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടികൾ പാൻടെക്ക് നടത്തുകയുണ്ടായി. മാതൃകാപരമായി പ്രസ്തുത പ്രവർത്തനം നടത്തിയതിന് സംസ്ഥാന തലത്തിൽ എനർജി മാനേജ്മെന്റ് സെന്റർ എക്സലൻസ് അവാർഡ് നൽകി അനുമോദിക്കുകയുണ്ടായി. വേൾഡ് വിഷൻ മുഖേന സ്കൂൾ വിദ്യാർത്ഥികൾക്കായി 'സമ്മർ സ്കൂൾ' പദ്ധതിയും പാൻടെക്ക് സ്തുത്യർഹമായ വിധത്തിൽ സംഘടിപ്പിച്ചു.
ഇത്തരം വൈവിധ്യമാർന്ന സംരംഭങ്ങൾക്ക് നേതൃത്വം കൊടുത്ത സംഘാടകൻ എന്ന നിലയിലാണ് കൂക്കാനം റഹ്മാനെന്ന എനിക്കും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘടന എന്ന നിലയിൽ പാൻടെക്കിനും തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിൽ ഒന്നായിരുന്നു ആ അവാർഡ് ദാനം.
കൂക്കാനം റഹ്മാൻ മാഷിന്റെയും പാൻടെക്കിന്റെയും ഈ നിസ്തുലമായ സാമൂഹിക സേവനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. പുതിയ തലമുറയിലെ സന്നദ്ധ പ്രവർത്തകർക്ക് പ്രചോദനമാകാൻ ഈ അനുഭവക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ.
Article Summary: Social activist Kookkanam Rahman reminisces about receiving the Thikkurissy Foundation Award in 2026 for his exemplary leadership of 'PANTECH', an NGO that pioneered AIDS prevention and vocational training in Kerala.
#KookkanamRahman #Pantech #ThikkurissyAward #SocialWork #KeralaHistory #PTBhaskaraPanicker #NGO #Inspiration #HealthAwareness #Kvartha
