തഴുകി ഒഴുകിയ പ്രണയച്ചാലുകൾ! ആറാം വയസ്സിലെ നിഷ്കളങ്ക പ്രണയം മുതൽ വിപ്ലവം പൂത്ത കലാലയക്കാലം വരെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അഞ്ചാം ക്ലാസ്സിൽ തനിക്ക് ഇഷ്ടം തോന്നിയ കുട്ടിയെ വാർദ്ധക്യത്തിൽ ആശുപത്രിയിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയ അനുഭവം.
● കലാലയക്കാലത്തെ മുല്ലപ്പൂ മണമുള്ള ഓർമ്മകളും പ്രമുഖ നേതാവിന്റെയും പണിക്കാരന്റെയും മക്കളോട് തോന്നിയ ഒരേസമയത്തെ ഇഷ്ടങ്ങളും.
● ടിടിസി കാലത്തെ വിപ്ലവ വീര്യമുള്ള പ്രണയവും പിന്നീട് ആ ബന്ധം തകർന്ന് വർഷങ്ങൾക്ക് ശേഷം അവളെ രോഗശയ്യയിൽ കണ്ടുമുട്ടിയതും.
● ബിഎഡ് കാലത്തെ തെക്കൻ പെൺകുട്ടിയുമായുള്ള പിണക്കവും റെയിൽവേ സ്റ്റേഷനിലെ ആ കണ്ണീർ കലർന്ന വിടവാങ്ങലും.
● ഓരോ പ്രണയവും ഒന്നിച്ച് ജീവിക്കാനുള്ളതല്ല, മറിച്ച് ഹൃദയത്തിൽ സൂക്ഷിക്കാനുള്ള മനോഹരമായ ഓർമ്മകളാണെന്ന തിരിച്ചറിവ്.
ഓർമ്മച്ചീളുകൾ ഭാഗം 08/ കൂക്കാനം റഹ്‌മാൻ
(KVARTHA) ഓർമ്മകളുടെ മഷിത്തണ്ട് കൊണ്ട് നമ്മൾ എത്ര മായ്ച്ചാലും മായാത്ത ചില ചിത്രങ്ങളുണ്ടാകും ഉള്ളിൽ. മനസ്സിന്റെ മായാവർണ്ണങ്ങളിൽ പൊതിഞ്ഞുവെച്ച നിമിഷങ്ങൾ. സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും ഇല്ലാതിരുന്ന പഴയ കാലഘട്ടത്തിലെ വീട്ടുമുറ്റങ്ങൾ അത്തരത്തിലൊന്നാണ്. കളികളും കഥകളും കാർമേഘങ്ങളും ചാറ്റൽമഴകളും ഓലപ്പുരകളും കൂട്ടുകാരായിരുന്ന ഒരു വസന്തകാലം. അന്നത്തെ ഓരോ നിമിഷത്തിനും കോടാനുകോടി കഥകളുണ്ടാകുമായിരുന്നു. അന്നത്തെ ഞങ്ങളുടെ കുസൃതികളും കളികളും അല്പം രസം പകരുന്നവയാണ്.
നാലാം വയസ്സിലെ ‘കുടുംബം’
വയസ്സ് നാലാണെങ്കിലും മുറ്റത്തെ കൂറ്റൻ മാവിൻ ചുവട്ടിലെ മണലിൽ വരയിട്ട് നിർമ്മിച്ച കളിവീട്ടിൽ ഒരച്ഛനും അമ്മയുമായിട്ടായിരിക്കും കളിയുടെ തുടക്കം. ആ അച്ഛനും അമ്മയുമാകുന്ന ഞങ്ങൾക്ക് നീണ്ട പ്ലാവിലയിൽ വിരിഞ്ഞ കുറേ മക്കളുമുണ്ടാകും. വയലിലെ പണി കഴിഞ്ഞു വിയർത്തൊലിച്ച് വരുന്ന അച്ഛനും കളികൾക്കിടയിൽ ഓടിവരുന്ന പ്ലാവിലക്കുഞ്ഞുങ്ങൾക്കും ചിരട്ടയിൽ വേവിച്ചെടുത്ത മണ്ണ് കൊണ്ടുള്ള ചോറും ഇല കൊണ്ടുള്ള ഉപ്പേരിയും പൂവ് കൊണ്ടുള്ള കറികളും വിളമ്പുമ്പോൾ ആ അമ്മയുടെ മുഖത്ത് അതുവരെ അനുഭവിച്ചിട്ടില്ലെങ്കിലും ഉത്തരവാദിത്തത്തിന്റെ നീണ്ട വരകൾ തെളിഞ്ഞു കാണുന്നുണ്ടാകും.
കനമില്ലാത്ത കാലമാണെങ്കിലും നാലാം വയസ്സിൽ ഞാനും ഒരച്ഛനായിട്ടുണ്ട്. എനിക്ക് നാലോ അഞ്ചോ മക്കളും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ഭംഗിയായി അത് നിറവേറ്റുന്ന ഒരു നല്ല ഭാര്യയുമുണ്ടായിരുന്നു. നാട്ടിൽ കിട്ടുന്ന സകലമാന ഇലകളും നിരത്തിവെച്ച് കട നടത്തുന്ന കുമാരനും പൊട്ടിയ കറിച്ചട്ടി തലയിലേറ്റി അതിൽ നിറയെ കല്ല് കൊണ്ടുണ്ടാക്കിയ മീൻ നിറച്ച് വിൽക്കാൻ വരുന്ന രുക്മിണിയും ഞങ്ങളുടെ കുഞ്ഞുജീവിതത്തിന്റെ ഭാഗമായിരുന്നു. കൺമുന്നിൽ കഴിഞ്ഞുപോകുന്ന ജീവിതങ്ങളെ കളിയിലൂടെ ഒരു പുനരാവിഷ്കരണം. അതിനപ്പുറം അവയിൽ ഒന്നുമുണ്ടായിരുന്നില്ല. നാലാം വയസ്സിലെ ഭാര്യക്കും ഭർത്താവിനും അവർക്ക് ജനിക്കുന്ന പ്ലാവിലക്കുഞ്ഞുങ്ങൾക്കും അത്രയും നിഷ്കളങ്കതയുണ്ടായിരുന്നു. അതിനെ പ്രണയമെന്നോ കാമമെന്നോ വിശേഷിപ്പിക്കാനാവില്ല.
ഒന്നാം ക്ലാസ്സിലെ ചോക്കുപൊടി പ്രണയം
പക്ഷേ അവയിൽ ഒരു കുഞ്ഞു പ്രണയം ഒളിച്ചിരിക്കുന്നുണ്ട് താനും. എതിർലിംഗത്തോട് തോന്നുന്ന ഒരുതരം ഇഷ്ടം. അത് കവിതകളിലോ കത്തുകളിലോ ആയിരുന്നില്ല; മറിച്ച് സ്ലേറ്റിലെ ചോക്കുപൊടിയിലും മഴവെള്ളത്തിൽ ഒഴുക്കിവിട്ട കടലാസ് തോണികളിലും മയിൽപ്പീലി പെറ്റുകൂട്ടുമെന്ന് വിശ്വസിച്ച നിഷ്കളങ്കതയിലുമായിരുന്നുന്നു. ഇഷ്ടപ്പെട്ട പെൺകുട്ടിയെ കാണുമ്പോൾ അടുത്തിരിക്കുന്ന കൂട്ടുകാരനെ തോണ്ടിവിളിച്ച് ‘അവളെന്റെ പെണ്ണാണെന്ന്’ സ്വകാര്യം പറയുമ്പോൾ കിട്ടുന്ന ആനന്ദത്തിന് മുകളിൽ വെക്കാൻ അന്ന് മറ്റൊന്നും ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ യഥാർത്ഥത്തിൽ അത് പ്രണയവുമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും നിഷ്കളങ്കമായ ഒരിഷ്ടമാണ്. ആറാം വയസ്സിലെ ആ കുഞ്ഞുമനസ്സുകളിൽ വിരിയുന്ന വെറും കൗതുകം.
ആ പ്രണയമെന്നത് തന്റെ തൊട്ടടുത്തിരിക്കുന്ന കുട്ടിയോട് തോന്നുന്ന ഒരു പ്രത്യേക തരം കൂട്ട് മാത്രമാണെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്. ഒന്നാം ക്ലാസ്സിൽ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. അവിടെ പക്ഷേ വാക്കുകളുണ്ടായിരുന്നില്ല. പകരം പങ്കുവെക്കലുകൾ മാത്രമായിരുന്നു. എന്റെ കയ്യിലുള്ള മുനയുള്ള പെൻസിൽ അവൾക്ക് കൊടുക്കുന്നതാണ് അക്കാലത്തെ ഏറ്റവും വലിയ ത്യാഗം. റബ്ബർ നഷ്ടപ്പെടുമ്പോൾ പകുതി മുറിച്ചു നൽകിയതിലാണ് ആ സ്നേഹമിരുന്നിരുന്നത്. സ്ലേറ്റിൽ ചോക്ക് കൊണ്ട് ചിത്രം വരച്ചു കൊടുത്തതും ബലപത്തിന്മേൽ മഷിത്തണ്ട് ഉരച്ചു മിനുസപ്പെടുത്തി കൊടുത്തതും ആ പ്രായത്തിലെ വലിയ കാര്യങ്ങളാണ്. ഒരിക്കൽ ടീച്ചർ ഞങ്ങളെ സീറ്റ് മാറ്റിയിരുത്തി. അന്നുണ്ടായ സങ്കടം ഒന്നാം ക്ലാസ്സിലെ ആ ‘പ്രണയിതാവിന്’ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എങ്ങനെയെങ്കിലും ആ പഴയ ബെഞ്ചിലേക്ക് തന്നെ തിരിച്ചെത്താനായിരുന്നു പ്രാർത്ഥന മുഴുവൻ. അവൾ ക്ലാസ്സിൽ വരാത്ത ദിവസങ്ങളിൽ ‘അവൾ ഇന്ന് വന്നില്ലേ?’ എന്ന് ബാഗ് തുറക്കുമ്പോൾ തോന്നുന്ന ആ ചെറിയ വിഷമം. അതൊക്കെയായിരുന്നു ആ പ്രണയത്തിന്റെ വേദന.
അന്ന് ‘ഐ ലവ് യു’ എന്നൊന്നും ആരും പറയില്ല. പകരം തന്റെ പെൻസിൽ ബോക്സിലെ ഏറ്റവും നല്ല നിറമുള്ള മിഠായിപ്പൊതി അവൾക്ക് നേരെ നീട്ടും. അവളത് വാങ്ങിയാൽ ലോകം കീഴടക്കിയ സന്തോഷമായിരിക്കും. മുറ്റത്തെ മണലിൽ ഈർക്കിലി കൊണ്ട് രണ്ട് പേരുടെയും പേര് കൂട്ടി എഴുതുന്നതും തുമ്പപ്പൂവ് പറിച്ചു കൊടുക്കുന്നതും ഈ നിഷ്കളങ്ക പ്രണയത്തിന്റെ ഭാഗമായിരുന്നു. ഒന്നാം ക്ലാസ്സിലെ ആ വലിയ മരബെഞ്ചിൽ തോളോട് തോൾ ചേർന്നിരുന്ന് തുടങ്ങിയ ഒരായിരം കുസൃതികളും പിണക്കങ്ങളും ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് അത്ഭുതമായിരിക്കാം. അക്ഷരമാലയുടെ ആദ്യ പാഠങ്ങൾക്കൊപ്പം മനസ്സിന്റെ പുസ്തകത്തിൽ ആരുമറിയാതെ കുറിച്ചിട്ട ഒരിഷ്ടത്തിന്റെ കഥ. ഹാ എത്ര മനോഹരമാണല്ലേ..
അഞ്ചാം ക്ലാസ്സിലെ ചിരിയും കാത്തിരിപ്പും
കാലം കാലവർഷവും പിന്നെയും കടന്നുപോയി. കളിചിരികൾക്കിടയിലെപ്പോഴോ ആ പ്രണയം പാതിവഴിയിൽ പൊഴിഞ്ഞുപോയി. പിന്നീട് പ്രണയം തോന്നിയത് അഞ്ചാം ക്ലാസ്സിലെ വെളുത്ത് മെലിഞ്ഞ ആ സുന്ദരിക്കുട്ടിയോടായിരുന്നു. അന്ന് ഞാൻ ഏഴാം ക്ലാസ്സിലായിരുന്നു. അതേ നിഷ്കളങ്കത ഈ പ്രണയത്തിനുമുണ്ടായിരുന്നു. സ്കൂളിലെ ഇടവേളകളിലെപ്പോഴെങ്കിലും ഒരു കുഞ്ഞുനിമിഷം, ഒരു നോട്ടം, ഒരു ചിരി. അതായിരുന്നു ആ പ്രണയത്തിന്റെ രീതി. അവളുടെ വീട് സ്കൂളിന്റെ തൊട്ടടുത്തായിരുന്നു. എന്നും ഉച്ചഭക്ഷണം കഴിക്കാൻ അവൾ വീട്ടിലേക്കോടും. ഞങ്ങൾക്കന്ന് ഉച്ചഭക്ഷണമൊന്നുമില്ല. ഒരാണി ശർക്കരയോ ഒരു ഗ്ലാസ് പച്ചവെള്ളമോ ആകും വിശപ്പടക്കാനുള്ള ഏകമാർഗ്ഗം.
എങ്കിലും അവൾ ഭക്ഷണം കഴിച്ച് വരുന്നതുവരെ ഞാനും എന്റെ കൂട്ടുകാരനും സ്കൂൾ ഗേറ്റിന്റെ മുന്നിൽ നിൽക്കും, അവളുടെ വരവും കാത്ത്. തിരിച്ചുവരുമ്പോൾ അവൾ തരുന്ന ഒരു നോട്ടത്തിനും ഒരു ചിരിക്കും വേണ്ടിയാവും മണിക്കൂറുകളോളമുള്ള ആ കാത്തിരിപ്പ്. അതിൽപരം ആനന്ദം മറ്റൊന്നിനും തരാൻ കഴിയില്ലെന്ന തിരിച്ചറിവ് തന്നെയാണ് ആ കാത്തിരിപ്പിന്റെ അർത്ഥവും. ഒരിക്കൽ ഭക്ഷണം കഴിച്ച് വരുന്ന അവളുടെ മുന്നിലേക്ക് വീഴുന്നത് പോലെ കാട്ടി ഞാൻ എന്റെ പേന പോക്കറ്റിൽ നിന്നും താഴെയിട്ടു. എന്നിട്ട് ഒന്നുമറിയാത്ത പോലെ നടന്നുപോയി. അത് കണ്ട അവൾ ആ പേനയുമായി എന്റെ പേര് വിളിച്ചുകൊണ്ട് പിന്നാലെ ഓടിവന്നു. അന്ന് അവൾ എന്റെ പേര് വിളിച്ച നിമിഷം ഞാൻ അനുഭവിച്ച ഒരുതരം ആനന്ദമുണ്ട്, അതായിരുന്നു അന്നത്തെ പ്രണയം. സ്കൂൾ വിട്ട് പാടവരമ്പിലൂടെ അവൾ നടന്നുപോകുമ്പോൾ പിന്നാലെ ഞാനും നടക്കും. ഒരേ വഴിയിലൂടെയാണെങ്കിലും ഒന്നും മിണ്ടാൻ കഴിയാതെ ഇടക്കണ്ണിലൂടെ മാത്രം നോക്കി നടക്കുന്ന ആ നടത്തത്തിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
അവിചാരിതമായ ആ കണ്ടുമുട്ടൽ
കാലം കടന്നുപോയി അവളും ഞാനും രണ്ട് വഴികളിലായി പിരിഞ്ഞു. രണ്ട് പേരുടെയും വിവാഹം കഴിഞ്ഞു. രണ്ട് ജീവിതങ്ങളിലായി. പക്ഷേ ഒരിക്കൽ കാലം ചെറിയൊരു വികൃതി കാട്ടി. വാർദ്ധക്യസഹജമായ അസുഖം കാരണം എന്നെ ഒരു ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു, കൂട്ടിരുന്നത് എന്റെ ഭാര്യയും. അവിടെ തൊട്ടടുത്ത മുറിയിൽ അവളും ഭർത്താവും. അവിചാരിതമായിട്ടായിരുന്നു ആ കണ്ടുമുട്ടൽ. ഞാനാണ് അടുത്ത മുറിയിൽ എന്നറിഞ്ഞപ്പോൾ സുഖവിവരമറിയാൻ അവൾ എന്റെ മുറിയിലേക്ക് കടന്നുവന്നു. അവളെ കണ്ട ഉടനെ ഞാൻ ഭാര്യക്ക് പരിചയപ്പെടുത്തി കൊടുത്തത് ഇങ്ങനെയായിരുന്നു: ‘ഇതാണ് ഞാൻ പറഞ്ഞ ആ പഴയ പെൺകുട്ടി, ഏഴാം ക്ലാസ്സിൽ വെച്ച് എനിക്ക് പ്രണയം തോന്നിയ അതേ പെൺകുട്ടി.’
വെട്ടിത്തുറന്നുള്ള എന്റെ ആ പറച്ചിലിൽ അവളൊന്നു പതറിയെങ്കിലും പതിയെ ഒരു ചിരി നൽകിക്കൊണ്ട് പറഞ്ഞു: ‘അതൊക്കെ കഴിഞ്ഞു പോയതല്ലേ മാഷേ..’ വിശേഷം പറച്ചിലിന് നടുവിൽ അവൾ മുറിവിട്ടു പോവുകയും ചെയ്തു. പക്ഷേ ഇന്നും ആ പറച്ചിലിൽ എനിക്ക് പശ്ചാത്താപമൊന്നും തോന്നിയിട്ടില്ല. അല്ലെങ്കിൽത്തന്നെ എന്തിനു മറച്ചു വയ്ക്കണം; അത് നിഷ്കളങ്കമായ ഒരു ഇഷ്ടം എന്നതിനപ്പുറം ഒന്നുമല്ലായിരുന്നു. പ്രണയമെന്ന് പേരിട്ടു വിളിക്കാൻ പോലുമാവാത്തത്. അതുകൊണ്ടുതന്നെ അവയൊന്നും മറച്ചുവെക്കപ്പെടേണ്ടതല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാലം ഒരുപാട് മാറിയെങ്കിലും ഇന്നും ആ പഴയ പള്ളിക്കൂടത്തിന്റെ മണവും മഷിപ്പേനയുടെ നിറവും ഞാൻ മനസ്സിൽ സൂക്ഷിക്കാറുണ്ട്. അവയ്ക്ക് ആയുസ്സിന്റെ ഏറ്റവും നിറവുള്ള നിമിഷങ്ങളെന്ന് ഞാൻ പേരും നൽകിയിട്ടുണ്ട്.
കലാലയക്കാലത്തെ മുല്ലപ്പൂമണം
പിന്നെയുണ്ടായ പ്രണയം കോളജ് കാലഘട്ടത്തിലായിരുന്നു. അന്നത്തെ ക്യാമ്പസിലെ മരത്തണലുകൾക്ക് ഇന്നത്തേക്കാൾ കുളിർമയുണ്ടായിരുന്നു. ആൺകുട്ടികളുടെ ബെൽബോട്ടം പാന്റുകളും പെൺകുട്ടികളുടെ നീളൻ മുടിക്കെട്ടുകളിൽ വിരിഞ്ഞ മുല്ലപ്പൂക്കളും നീളത്തിൽ വാലിട്ടെഴുതിയ കണ്ണുകളും ചുവന്ന വട്ടപ്പൊട്ടുകളും ആ കാലത്തെ സുന്ദരമാക്കിയിരുന്നു. ലൈബ്രറിയിലെ തടിച്ച പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പ്രേമലേഖനങ്ങളിൽ മഷിയുണങ്ങാത്ത പലരുടെയും സ്വപ്നങ്ങളുണ്ടാകും. മൊബൈൽ ഫോണുകളില്ലാത്ത, വാട്സാപ്പ് സന്ദേശങ്ങളില്ലാത്ത ആ കാലത്ത് ഒരു നോട്ടത്തിനായി മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട് ഞാനൊക്കെ.
അതിൽ ഇപ്പോൾ ഓർക്കുമ്പോൾ അല്പം നാണവും പരിഭവവും ഒക്കെ സ്വയം തോന്നുന്ന പരമമായ ഒരു രഹസ്യമുണ്ട്. ഒരേ സമയം എനിക്ക് രണ്ട് പെൺകുട്ടികളെ ഇഷ്ടമായിരുന്നു. അതിൽ ഒരു കുട്ടി വലിയ പണിക്കാരന്റെ മകളും മറ്റേ കുട്ടി വലിയൊരു നേതാവിന്റെയും മകൾ. അന്ന് സെക്കൻഡ് ഗ്രൂപ്പായിരുന്നു ഞങ്ങൾ എടുത്തിരുന്നത്. അതിന്റെ ലക്ഷ്യം അതിനുശേഷം മെഡിസിന് പോകാം എന്നതായിരുന്നു. ഒഴിവ് വേളകളിലെല്ലാം ഞാൻ ഇവരുടെ പിന്നാലെയായിരുന്നു. ആരും കാണാതെ തരുന്ന നോട്ടങ്ങളും ഒരു ചിരിയും വരാന്തകളിലൂടെ കടന്നുപോകുമ്പോൾ തൊട്ടു തൊട്ടില്ല എന്ന മട്ടിലുള്ള നടത്തങ്ങളും വല്ലാത്ത നിമിഷങ്ങളായിരുന്നു. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ അതിൽ കുറച്ചുപേർക്ക് മാത്രമാണ് മെഡിസിന് സീറ്റ് കിട്ടിയത്. കിട്ടിയവരിൽ ഞാൻ സ്നേഹിച്ച ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. അതോടെ അവൾ യാത്ര പറഞ്ഞുപോയി.
പിന്നെ അവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. പക്ഷേ ഈയടുത്ത് എന്റെ ഒരു കൂട്ടുകാരന് ഏതോ ഒരു പരിപാടിക്കിടയിൽ വെച്ച് അവളെ കാണുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. കിട്ടിയ ഉടനെ അവൻ അത് എന്നെ അറിയിക്കുകയും എനിക്ക് കൈമാറുകയും ചെയ്തു. കൂടുതലൊന്നും ആലോചിച്ചില്ല. അവൾ വലിയ ഡോക്ടറാണെന്നോ വലിയ സ്ഥാനത്തിലിരിക്കുകയാണെന്ന തോന്നലോ ഒന്നും എന്നെ ബാധിച്ചതേയില്ല. വിളിച്ച് ആളെ പറഞ്ഞപ്പോൾത്തന്നെ അവൾക്ക് മനസ്സിലായി. വിശേഷങ്ങളൊക്കെ തിരക്കി പഴയ കാര്യങ്ങളൊക്കെ വെറുതെ പരസ്പരം പറഞ്ഞു. ‘കഴിഞ്ഞു പോയതല്ലേ’ എന്ന നീണ്ട നിശ്വാസത്തിൽ അവ ഓർമ്മകളായിത്തന്നെ കുഴിച്ചുമൂടി ഞങ്ങളാ വർത്തമാനം അവസാനിപ്പിച്ചു. പക്ഷേ ആ ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചില്ല. കൂടെപ്പഠിച്ച സുഹൃത്തായി ഇന്നും ഞങ്ങൾ വിശേഷങ്ങൾ തിരക്കുകയും സംസാരങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. മറ്റേ പെൺകുട്ടി ഒരു സഖാവിന്റെ മകളായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരേ ട്രെയിനിലാണ് എല്ലാ വെള്ളിയാഴ്ചയും നാട്ടിലേക്ക് വന്നിരുന്നത്. വർത്തമാനങ്ങളിൽ മുഴുകി ഇരിക്കുമ്പോൾ യാത്രയുടെ നീളം അറിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ അവളുടെ സ്റ്റോപ്പിൽ അവളിറങ്ങി നടക്കുമ്പോൾ കണ്മറയുവോളം ഞാൻ വെറുതെ നോക്കി നിൽക്കുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ പ്രണയവും പാതിവഴിയിൽ വെച്ച് പൊലിഞ്ഞുപോയി.
ടിടിസി കാലത്തെ വിപ്ലവപ്രണയം
പിന്നെയുള്ളത് ടിടിസി പഠനകാലമാണ്. ചുവരുകളിൽ വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ പടർന്നുകയറിയ എഴുപതുകൾ. കലാലയ മുറ്റങ്ങളിൽ മുദ്രാവാക്യങ്ങൾക്കൊപ്പം പ്രണയവും പൂത്തുലഞ്ഞിരുന്നു. ചർച്ചാ ക്ലാസ്സുകളിലെ ഗൗരവമേറിയ സംവാദങ്ങൾക്കിടയിൽ കൈമാറപ്പെട്ട കൊച്ചു തുണ്ടുപേപ്പറുകളിൽ വിപ്ലവമായിരുന്നില്ല; മറിച്ച് അനുരാഗത്തിന്റെ മനോഹരമായ വരികളായിരുന്നു. കറുപ്പും വെളുപ്പും സിനിമകളിലെ നായകന്മാരെപ്പോലെ മുടി ചീകിയൊതുക്കിയ യുവാക്കളുടെയും ലളിതമായ സാരിയുടുത്ത സുന്ദരിമാരുടെയും പ്രണയത്തിന് ആ വിപ്ലവകാലത്തിന്റെ തീക്ഷ്ണതയുണ്ടായിരുന്നു. അതേ തീക്ഷ്ണതയോടെയാണ് അവിടെ വെച്ച് ഞാനൊരു പെൺകുട്ടിയെ കണ്ടുമുട്ടിയത്.
യഥാർത്ഥ പ്രണയം എന്താണെന്ന് തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു അത്. ഒരുമിച്ച് സ്വപ്നം കാണുകയും ഒരേ ജീവിതത്തിന്റെ തോണിയിൽ ഒരുമിച്ച് യാത്ര ചെയ്യാമെന്ന് വാക്കു നൽകുകയുമൊക്കെ ചെയ്ത ഒരു മനോഹരമായ പ്രണയം. സ്ഥിരമായ കണ്ടുമുട്ടലുകളും വർത്തമാനങ്ങളും ഒക്കെ ഉണ്ടായിരുന്നു. മൂന്ന് വർഷക്കാലം ആ പ്രണയം മനോഹരമായി കഴിഞ്ഞുപോയി. ഒരുമിക്കാം എന്ന പൂർണ്ണ ഉറപ്പും നൽകി ആ ടിടിസി കാലം അവസാനിച്ചു. പക്ഷേ കത്തുകളിലൂടെ ഞങ്ങൾ നിരന്തരം സ്നേഹം പങ്കുവെക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാം തകർത്തത് അവളുടെ അവസാനത്തെ കത്തായിരുന്നു. അതിലെ ഒടുവിലത്തെ വാചകമാണ് എന്നെ തീർത്തും തകർത്തുകളഞ്ഞത്. ‘നിന്റെ വരവും കാത്ത് ഞാനും എന്റെ ഭർത്താവും കാത്തിരിക്കും’ എന്നായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടുണ്ടായതാണോ അതോ അറിഞ്ഞുകൊണ്ടുള്ള ചതിയാണോ എന്നറിയില്ല. എന്തുകൊണ്ട് ആ കത്തിന് എനിക്ക് മറുപടി എഴുതാൻ തോന്നിയില്ല.
പക്ഷേ വർഷങ്ങൾക്ക് ശേഷം അവളുടെ മകനാണെന്ന് പറഞ്ഞ് ഒരാൾ എന്നെ വിളിക്കുകയുണ്ടായി. ‘മാഷ് ഒന്നിവിടം വരെ വന്നിരുന്നെങ്കിൽ’ എന്നായിരുന്നു ആ കുട്ടിയുടെ അപേക്ഷ. ചതിവ് പറ്റിയ പൂർണ്ണ ബോധ്യത്തിലും എന്തുകൊണ്ട് അവളെ മറക്കാൻ എനിക്ക് അന്നും ഇന്നും സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മകളെയും മരുമകനെയും കൂട്ടി ഞാൻ അവളെ കാണാൻ പോയി. പഴയ സൗന്ദര്യമെല്ലാം പോയി മെലിഞ്ഞുണങ്ങിയ ഒരു രൂപം മാത്രമായി കട്ടിലിനോട് പറ്റിക്കിടക്കുന്ന അവളെ കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സങ്കടം തോന്നി. ഓർമ്മ പോയിട്ട് വർഷങ്ങളായത്രേ. എന്നെ കണ്ടാലെങ്കിലും ആ ഓർമ്മ തിരിച്ചുവരുമെന്ന് മകൻ പ്രതീക്ഷിച്ചുകാണും. കാരണം ഞാനും അവളും തമ്മിലുള്ള കഥകളെല്ലാം അവൾ മകനോട് പറഞ്ഞിട്ടുണ്ടായിരുന്നത്രെ. പക്ഷേ പല കഥകളും പല രംഗങ്ങളും മാറിമാറി പറഞ്ഞിട്ടും വെറുതെ എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ആ മുഖത്ത് ഭാവഭേദങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മകന്റെ പ്രതീക്ഷയ്ക്ക് നിരാശയുടെ നിറം നൽകി തിരികെ നടക്കുമ്പോൾ എന്റെ ഉള്ളും എന്തുകൊണ്ടോ ഒന്ന് വേദനിച്ചു. ഒരിക്കൽ പ്രണയത്തിന്റെ വസന്തം കാട്ടിത്തന്നവളല്ലേ, എങ്ങനെയാണ് വേദനിക്കാതിരിക്കുക.
ബിഎഡ് കാലത്തെ ആ കണ്ണുനീർ
പിന്നെ ഉണ്ടായിരുന്ന പ്രണയം ബിഎഡ് കാലത്തായിരുന്നു. അന്ന് എന്നെ രഹസ്യമായി പ്രണയിക്കുന്ന പല പെൺകുട്ടികളും ഉണ്ടായിരുന്നു എന്ന് എനിക്കുമറിയുന്ന കാര്യമായിരുന്നു. കാരണം ദൂത് പറയാനും ദൂതയക്കാനും കൂട്ടുകാരുണ്ടാകുമ്പോൾ എത്ര വലിയ രഹസ്യവും പരസ്യമാക്കാൻ അധികം നേരം വേണ്ടല്ലോ. പക്ഷേ അതിലൊരു പെൺകുട്ടി നേരെ വന്ന് എന്നോട് ഇഷ്ടം പറഞ്ഞു. കാണാൻ വലിയ സുന്ദരിയൊന്നുമല്ലായിരുന്നു; അല്പം തടിച്ച് കറുത്ത മുഖത്ത് നിറയെ കുരുക്കളുള്ള ഒരു പാവം പെൺകുട്ടി. വലിയ ഇഷ്ടമൊന്നുമില്ലെങ്കിലും അവളുടെ ഇഷ്ടത്തിന് എന്തുകൊണ്ടോ എനിക്ക് നിന്നുകൊടുക്കേണ്ടി വന്നു.
ഒരുമിച്ച് ചായ കുടിക്കാൻ പോകാനും വരാന്തകളിലൂടെ നടക്കാനും ലോക കാര്യങ്ങളുമൊക്കെ പറയാനും അവൾക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വലിയ വാചാലയായിരുന്നു അവൾ. അങ്ങനെയിരിക്കെ ഒരു ദിവസം സ്ഥിരമായ ചായകുടി കേന്ദ്രത്തിലെത്തി ഒരു ചായയ്ക്ക് പറഞ്ഞ് സ്ഥിരം പറച്ചിലിന് തുടക്കമിട്ടതായിരുന്നു ഞങ്ങൾ. അതിനിടയിൽ അറിയാതെ എന്റെ വായിൽ നിന്നും ഒരു വാക്ക് പുറത്തേക്ക് വീണു: ‘ഈ തെക്കൻ പെൺകുട്ടികളെ വിശ്വസിക്കാൻ പാടില്ലെന്നാണ് ചൊല്ല്.’
അതവളെ വല്ലാതെ വേദനിപ്പിച്ചു എന്ന് തോന്നുന്നു. കാരണം അവളും ഒരു തെക്കൻ പെൺകുട്ടിയായിരുന്നു. മുന്നിൽ വന്ന ചായ പോലും കുടിക്കാൻ നിൽക്കാതെ അവൾ അവിടെനിന്നും എഴുന്നേറ്റ് നടന്നു. പിന്നീട് ഒരിക്കലും അവൾ എന്നോട് സംസാരിച്ചിട്ടില്ല. പലതവണ ഞാൻ അതിന് ശ്രമിച്ചുവെങ്കിലും അവൾ വഴുതി മാറി പോവുകയായിരുന്നു. ഒടുവിൽ കോളജ് ജീവിതം അവസാനിക്കുന്ന ആ ദിവസം വന്നെത്തി. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു പിരിയുകയാണ്. അതിനെങ്കിലും അവൾ എന്റെ അരികിൽ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ആ പ്രതീക്ഷയെ അസ്ഥാനത്താക്കിക്കൊണ്ട് അവൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. എന്തുകൊണ്ടോ ഞാൻ അവളുടെ പിന്നാലെ പോയി.
അപ്പോഴേക്കും പലരും ട്രെയിനിൽ കയറി തുടങ്ങിയിരുന്നു. വാതിൽ പടിയിൽ പിടിച്ച് ആരെയോ പ്രതീക്ഷിക്കുന്നത് പോലെ നിൽക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ എന്റെ കൈകൾ വീശി അവൾക്ക് യാത്രയയപ്പ് നൽകി. അവൾ ഒന്നും പറഞ്ഞില്ല. തിരികെ കൈവീശി കാണിച്ചതുമില്ല. പക്ഷേ അവളുടെ കണ്ണുകൾ എല്ലാം പറയുന്നുണ്ടായിരുന്നു. അവ നിറഞ്ഞൊഴുകി നിൽക്കാത്ത പുഴ പോലെ ഒഴുകിയകലുന്നുണ്ടായിരുന്നു. അത്രയും നാൾ മറച്ചുവെച്ച അവളുടെ സ്നേഹം മുഴുവൻ ആ കണ്ണുനീരിൽ എനിക്ക് കാണാമായിരുന്നു. പറഞ്ഞ നിമിഷത്തെയും വന്നുപോയ വാക്കുകളെയും അറിയാതെ ഞാൻ ശപിച്ചുപോയി. ഹൃദയം നുറുങ്ങുന്ന വേദനയോടെ തിരികെ നടക്കുമ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകൾ എന്നെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. പ്രണയങ്ങളെല്ലാം ഒന്നിച്ച് ജീവിക്കാനുള്ളതല്ല, മറിച്ച് മനോഹരമായ ഒരു ഓർമ്മയായി ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ എന്നും സൂക്ഷിക്കാനുള്ളതാണ്. ഇനിയും എന്നിൽ വന്നുപോയ പ്രണയങ്ങൾ ഒരുപാടുണ്ടെങ്കിലും വാക്കുകൾക്ക് അതീതമായ, കാലം മായ്ക്കാത്ത ആ പ്രണയകാലങ്ങൾക്ക് തൽക്കാലം ഞാൻ ഇവിടെ ശുഭപര്യവസായം നടത്തുകയാണ്.
ബാല്യകാലത്തെയും കൗമാരകാലത്തെയും ഈ മനോഹരമായ പ്രണയസ്മരണകൾ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും പഴയ സഹപാഠികളിലേക്കും ഷെയർ ചെയ്യൂ. ഇത്തരം ഓർമ്മക്കുറിപ്പുകൾ വായിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. നിങ്ങളുടെ പഴയ സ്കൂൾ പ്രണയങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Veteran teacher Kookkanam Rahman reminisces about his innocent childhood crushes and emotional college-time romances.
#Nostalgia #Memories #SchoolLove #KookkanamRahman #TTC #BEdLife #KeralaStory #InnocentLove
