മരണത്തിന്റെ നിഴലുകൾ: മായാത്ത മുറിപ്പാടുകളായി ഒരുകൂട്ടം ഓർമ്മകൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നേരിട്ട് കണ്ട കാരണവർ വലീച്ചയുടെ മരണം.
● മണ്ണെണ്ണ വാങ്ങാൻ രാത്രിയിൽ കടയിൽ പോയപ്പോഴുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം.
● ആൽമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ ദൃശ്യം.
● കിണറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉണ്ടാക്കിയ നടുക്കം.
● ഗർഭിണിയായിരിക്കെ ഭർത്താവിന്റെ മർദ്ദനമേറ്റ് മരിച്ച കസിൻ സഹോദരിയുടെ ദാരുണാന്ത്യം.
ഓർമ്മച്ചീളുകൾ ഭാഗം 10/ കൂക്കാനം റഹ്‌മാൻ
(KVARTHA) മരണമെന്നത് മനുഷ്യന്റെ ഭൗതികമായ അന്ത്യമാണെങ്കിലും, അത് ചിലപ്പോഴൊക്കെ ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളും അനന്തമായ ചോദ്യങ്ങളും ബാക്കിവെക്കാറുണ്ട്. ചില മരണങ്ങൾ നാം കാണാതെ അറിയാതെ കടന്നുപോകുന്നു, പക്ഷേ ചിലത് ജീവിതത്തിന്റെ ഏടുകളിൽ കറുത്ത മഷികളാൽ എഴുതിച്ചേർക്കപ്പെടുന്നു. മരണം എന്നത് ഭയപ്പെടുത്തുന്ന ഒന്നാണെങ്കിലും മരിച്ചവരെയും എനിക്ക് പണ്ട് മുതലേ ഭയമായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്.
ചെറുപ്പം മുതലേ കൂട്ടുകാരും ബന്ധുജനങ്ങളും മരണത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ള കഥകൾ അല്പം പേടിപ്പെടുത്തുന്നതായിരുന്നു. മരിച്ചുകഴിഞ്ഞാൽ പിശാചായിട്ടും കൂളിയായിട്ടും അല്ലെങ്കിൽ അവരുടെ പ്രേതമായിട്ടുമൊക്കെ ഭൂമിയിലേക്ക് തിരിച്ചു വരുമെന്നാണ് അന്നത്തെ കഥകൾ. അത് കുട്ടികളും മുതിർന്നവരും ഒരുപോലെ വിശ്വസിക്കുകയും എല്ലാവരെയും ഭയപ്പെടുത്തുന്നതുമായിരുന്നു.
അതിനെ ഊട്ടിയുറപ്പിക്കുന്നത് പോലെ അനുഭവസ്ഥർ കഥകളായി നാട്ടിൽ പറഞ്ഞു നടക്കുകയും ചെയ്യും. വിശാലമായ മൈതാനങ്ങളിലൂടെ നടന്നുപോകുമ്പോൾ, ദൂരെ ഒരു മങ്ങിയ വെളിച്ചം കണ്ടെന്നും അത് പിശാചിന്റേതാണെന്നുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ആരോ ചൂട്ടു കത്തിച്ചു പോകുന്നുണ്ടായിരുന്നു അടുത്തെത്തിയപ്പോൾ കാണാനില്ല.
അത് കണ്ട് പേടിച്ചോടിയാണ് ഞാൻ ഇന്ന് വീട്ടിലെത്തിയത് എന്നുമൊക്കെയാണ് രാത്രികാലങ്ങളിലെ മുതിർന്നവരുടെ വെറുതെയുള്ള സംസാരങ്ങളിൽ കടന്നുവന്നിരുന്നത്. സ്മശാനങ്ങളോ മറ്റോ അടുത്തുണ്ടെങ്കിൽ പിന്നെ പറയണ്ട. മരിച്ചവൻ വന്നതാണ്, അയാളുടെ പ്രേതമാവും ഇയാളുടെ പ്രേതമാവും എന്നൊക്കെയുള്ള തോന്നലുകളുമുണ്ടാകും അതിന്റെ കൂടെ. അതൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ കഥകൾ ഉള്ളിലുള്ളതുകൊണ്ടുതന്നെ രാത്രിയിൽ ഇത്തരം സ്ഥലങ്ങളിലൂടെ നടക്കുമ്പോൾ കണ്ണുകൾ ഇറുകെയടച്ച്, നെഞ്ചിടിപ്പോടെ ഓടി രക്ഷപ്പെടാനാണ് ഞാൻ ശ്രമിച്ചിരുന്നത്.
വലീച്ചയുടെ വേർപാട്
എന്റെ പത്താം ക്ലാസ് പഠനകാലത്താണ് ഒരു മരണം ഞാൻ നേരിട്ട് കാണുന്നത്. എന്റെ ഏറ്റവും പ്രായം ചെന്ന ഒരു കാരണവരുണ്ട്. ഉമ്മാന്റെ ആങ്ങളയാണ്. വലീച്ച എന്നാണ് ഞങ്ങൾ വിളിക്കുക. അവർ പോത്താംകണ്ടം എന്ന സ്ഥലത്തുനിന്നും കൂക്കാനത്തേക്ക് നടന്നുവരും. ഏകദേശം രണ്ടുമൂന്ന് മണിക്കൂർ നടക്കേണ്ടിവരും.
വളരെ ക്ഷീണിച്ച അവസ്ഥയിൽ വരുന്ന വലീച്ച, വന്നുകഴിഞ്ഞാൽ ഒരു പായ വിരിച്ച് തിണ്ണമേൽ ഇരിക്കും. ഭയങ്കര വിശ്വാസിയായതുകൊണ്ട് നിസ്കാരവും ഓത്തും കാര്യങ്ങളുമൊക്കെയാണ് ആദ്യം നടത്തുക. അതു കഴിഞ്ഞാൽ ഒരു മാലപ്പാട്ടുണ്ട്. അതൊരു നേർച്ചയാണ്.

പക്ഷേ വലീച്ച അത് ചൊല്ലുന്നത് കേൾക്കാൻ നല്ല രസമുണ്ടാകും. അന്നദ്ദേഹം വന്നാൽ അതിലും വലിയ ഒരു പ്രത്യേകത വീട്ടിൽ നടക്കും. അന്ന് വീട്ടിൽ കോഴിയെ അറുക്കും. നെയ്ച്ചോറും വെക്കും. ഞങ്ങൾ കുട്ടികൾക്ക് അതിൽപരം ഒന്നും വേണ്ടായിരുന്നു. ഇതൊക്കെ 70 കൊല്ലം മുമ്പുള്ള കഥയാണ് കേട്ടോ.
ഒരിക്കൽ വലീച്ച വന്നത്, അസുഖബാധിതനായാണ്. എന്താണ് അസുഖമെന്ന് ആർക്കും അറിയില്ല. എത്ര വയസ്സായി എന്ന് ചോദിച്ചാൽ അത് അദ്ദേഹത്തിനുമറിയില്ല. കാരണം, ആ കാലത്തൊക്കെ ജനിച്ച തീയതി ഒന്നും കുറിച്ചുവെക്കാറില്ല. പ്രായമായി മരിച്ചു എന്നേ പറയാറുള്ളൂ. പഴയ തറവാടിന്റെ കൊട്ടിലപ്പുറത്താണ് വന്നാൽ അദ്ദേഹം വിശ്രമിക്കാറുള്ളത്.
അന്നും അവിടെ ഒരു പായയിലാണ് അദ്ദേഹത്തെ കിടത്തിയിരുന്നത്. ഞാൻ അടുത്ത് പോയി നിൽക്കുമ്പോൾ അദ്ദേഹം ഇങ്ങനെ മുഖം പടിഞ്ഞാറ് ഭാഗത്തേക്ക് തിരിച്ചുവെക്കുന്നതും പിന്നെ അദ്ദേഹത്തിന് ശ്വാസം കിട്ടാത്ത അവസ്ഥയിൽ പിടയുന്നതുമാണ് കണ്ടത്. അല്പം കഴിഞ്ഞപ്പോൾ ആ പിടച്ചിൽ അവസാനിക്കുകയും ചെയ്തു. അതുകഴിഞ്ഞാണ് ഉമ്മുമ്മയും ചെറിയ കാരണവൻമാരൊക്കെ വന്ന് വലീച്ച മരിച്ചു എന്ന് പറഞ്ഞ് കരഞ്ഞത്. അപ്പോൾ സമയം രാത്രി പന്ത്രണ്ട് മണിയായിരുന്നു.
അന്ന് വൈദ്യുത ലൈറ്റ് സംവിധാനമൊന്നുമില്ലായിരുന്നു. മണ്ണെണ്ണ വിളക്കാണ് ഉപയോഗിക്കുക. അതാണെങ്കിൽ തീരാറുമായി. മരണവീടല്ലേ ആളുകൾ വരാൻ ചാൻസുണ്ട്. അതുകൊണ്ട് ആ രാത്രിയിൽ ചെറിയ അമ്മാമന്റെ കടയിൽ പോയി മണ്ണെണ്ണ എടുത്തുകൊണ്ടുവരാൻ എന്നെ ഏൽപ്പിച്ചു. അപ്പോഴേക്കും രാത്രി ഒരു മണി ആയിട്ടുണ്ടാകും. അല്പം പേടിയുള്ളതുകൊണ്ട് എന്റെ കൂടെ ആമീത്തയും വന്നു. അവർ എന്റെ മൂത്തമ്മയുടെ മകളാണ്. ധൈര്യപൂർവ്വം കടയുടെ വാതിൽ തുറന്നു.
നിരപ്പലകയാണ് ഓരോന്നായി മാറ്റിവെക്കണം. ഒടുവിൽ അത് തുറന്നു. എന്നിട്ട് മണ്ണെണ്ണ ഒരു കുപ്പിയിലെടുത്തു കയ്യിലും പിടിച്ചു. ഇനി തിരിച്ചു വരണം. പക്ഷേ പേടി വന്ന് നെഞ്ചിൽ തിരയിളക്കം സൃഷ്ടിക്കുകയാണ്. വലീച്ച മരിച്ചതല്ലേ. അപ്പോൾ അദ്ദേഹത്തിന്റെ പ്രേതം വരുമോ? അതല്ലെങ്കിൽ പലരും കാണാറുള്ള ചൂട്ട് കത്തിച്ചുപോകുന്ന പിശാച് വരുമോ? അങ്ങനെ പേടിയുടെ ആക്കം കൂട്ടുന്ന കാരണങ്ങൾ രണ്ടായിരുന്നു. രണ്ടായാലും ഉപദ്രവിക്കല്ലേ എന്നായിരുന്നു പ്രാർത്ഥന. അതുപോലെ തന്നെ ആ പേടി ആമീത്തയ്ക്കും ഉണ്ടായിരുന്നു. എങ്കിലും ആ അവസ്ഥയിൽ ഞങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് അത് തരണം ചെയ്യുകയും എങ്ങനെയോ വീട്ടിലെത്തുകയും ചെയ്തിരുന്നു.
ആൽമരത്തിലെ ആ കാഴ്ച
അതും കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞപ്പോഴാണ് ഒരു ആത്മഹത്യയെന്ന് സംശയിക്കുന്ന മരണം കാണാൻ പോയത്. ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. 16-ഓ 17-ഓ പ്രായം. എന്റെ നാട്ടിലെ ചീറ്റ എന്ന് പറയുന്ന സ്ഥലത്ത് കുറെ ആൽമരങ്ങളുണ്ട്. ആ ആൽമരത്തിലാണ് ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എന്റെ സുഹൃത്തുക്കൾ വന്ന് വിവരം പറഞ്ഞു. പേടിയാണെങ്കിലും അത് കാണാൻ ഒരു മോഹം. കേട്ടപ്പാടെ കൂട്ടുകാരൊന്നിച്ച് അങ്ങോട്ടേക്കോടി. നോക്കുമ്പോൾ അവിടെയൊരു കയറിൽ ആ മനുഷ്യൻ തൂങ്ങിക്കിടക്കുകയായിരുന്നു. അരയിൽ ലുങ്കി മാത്രമേയുള്ളൂ. കറുത്ത് മെലിഞ്ഞ മനുഷ്യൻ. മരണത്തെ പേടിയാണെങ്കിലും അതങ്ങനെ കണ്ടപ്പോൾ എനിക്ക് നല്ല പ്രയാസം തോന്നിയിരുന്നു.
കിണറ്റിലെ മൃതദേഹം
വേറൊരു മരണം കണ്ടത്, ഒരു പറമ്പിലെ കിണറിൽ ആരോ വീണുകിടക്കുന്നതാണ്. അദ്ദേഹം അബദ്ധത്തിൽ വീണതാണോ എന്ന് സംശയമുണ്ടായിരുന്നു. അതും രണ്ടുമൂന്നു ദിവസം കഴിഞ്ഞ് അതിന്റെ ദുർഗന്ധം കൊണ്ടാണ് മരിച്ച വിവരം നാട്ടുകാർ അറിഞ്ഞത്. പോലീസുകാരെ വിവരമറിയിച്ച പ്രകാരം അവർ വന്നു. മൃതദേഹം എടുത്ത് പുറത്തേക്കിട്ടു. ആ കാഴ്ച എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ശരീരം പുഴുവരിക്കുകയായിരുന്നു.
ഓരോന്ന് ഓരോന്ന് ഇങ്ങനെ ആ ശരീരത്തിൽ ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോൾ എന്റെ മനസ്സ് വല്ലാതെ വെപ്രാളപ്പെട്ടു. ഞാനാദ്യമായിട്ടാണ് അങ്ങനെ ഒരു കാഴ്ച കാണുന്നത്. ആ മൃതദേഹം എടുത്ത് ജീപ്പിൽ കൊണ്ടുപോകുമ്പോഴും വഴിനീളെ പുഴുക്കളിങ്ങനെ വീണുകൊണ്ടിരിക്കുകയായിരുന്നു. അത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നൊന്നുമറിയില്ല, അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം. പക്ഷേ ആ രൂപം മനസ്സിൽ നിന്ന് ഇന്നും മാഞ്ഞിട്ടില്ല.
നീതി ലഭിക്കാത്ത വിയോഗം
ഇനി എന്റെ ബാപ്പയുടെ മരുമകളുടെ മരണമാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. എന്റെ ബാപ്പ, ഞാൻ ഉപ്പ എന്നാണ് വിളിക്കുക. തൃക്കരിപ്പൂർകാരനാണ്. വലിയ തറവാട്ടുകാരനാണ് അദ്ദേഹം. വലിയ പടിഞ്ഞാറെ പുരയിൽ എന്നാണ് പറയുക. വി പി പി എന്ന് ചുരുക്കത്തിൽ പറയും. ഞങ്ങൾ മൂന്ന് മക്കളാണ് ഉപ്പയ്ക്കുള്ളത്. മൂന്ന് ആൺമക്കൾ. ഞങ്ങളെ നോക്കാനോ ശ്രദ്ധിക്കാനോ ഉപ്പ അത്ര താല്പര്യം കാണിക്കാറില്ലായിരുന്നു.
പഴയകാലത്തെ വലിയ ജന്മിയാണ് പോലും ഉപ്പയും ഉപ്പയുടെ ഉപ്പയുമൊക്കെ. അന്ന് വാരവും പാട്ടവും കിട്ടി സുഖിച്ച് ജീവിച്ചവരാണ്. ഉപ്പയുടെ ഉപ്പയുടെ പേര് പറയുക - ജിന്ന് അന്ത്രുമ്മാൻ എന്നാണ്. ഞാൻ കണ്ടിട്ടുണ്ട്. ആകെ മൊട്ടയടിച്ച, ഉയരം കുറഞ്ഞ ഒരു നല്ല മനുഷ്യൻ. ഉപ്പ എന്നു വിളിച്ചാൽ വലിയ സ്നേഹമാണ്. മോനേ എന്നേ വിളിക്കൂ. അവർക്കുണ്ടായ മൂന്ന് മക്കളിൽ മൂത്ത മകനാണ് എന്റെ ഉപ്പ. ബാക്കി ഒരു സഹോദരനും ഒരു സഹോദരിയുമാണ്. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന അവസ്ഥയിലായിരിക്കാം എന്റെ ഉമ്മയെ ഉപ്പ നിക്കാഹ് കഴിച്ചത്.
പക്ഷേ, കാലക്രമേണ വളരെ പെട്ടെന്നുതന്നെ ഈ വാരവും പാട്ടവും നിലച്ചു. ഭൂസ്വത്ത് ഒരുപാടുണ്ടായിരുന്നു. അതൊക്കെ കഷ്ണങ്ങളാക്കി ജീവിക്കാൻ വേണ്ടി വിറ്റുതുലച്ചു. ഉപ്പയുടെ ഉപ്പയാണ് ചെയ്തത്. ജീവിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്തത്. ജോലി തേടി ഉപ്പയും ഉപ്പയുടെ അനുജനും ബാംഗ്ലൂരിലും ബോംബെയിലുമൊക്കെ പോയിരുന്നു. അവിടെ ഹോട്ടൽ പണിയും കച്ചവടവും എടുത്ത് ജീവിക്കും.
പക്ഷേ തിരിച്ചുവരുമ്പോൾ ഒന്നും കയ്യിലുണ്ടാവില്ല. ആ കാലത്ത് മരുമക്കത്തായമാണ് കൂടുതൽ. എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ തന്നെ അത് പെങ്ങൾക്ക് കൊടുക്കും. മക്കളെ ശ്രദ്ധിച്ചില്ല. മക്കളെ ശ്രദ്ധിക്കാത്ത ഉപ്പയാണ് ഞങ്ങളുടേത്. എങ്കിലും ഞങ്ങൾ തൃക്കരിപ്പൂർ വീട്ടിൽ പോകും. ഉപ്പയ്ക്ക് വേറൊരു അമ്മാമൻ ഉണ്ട്. അദ്ദേഹം സിംഗപ്പൂരിലാണ്. അദ്ദേഹം വന്നാൽ കുറെ സമ്മാനങ്ങൾ കിട്ടും. അതിനുമാത്രം ഇടക്കൊന്ന് പോയിവരും.
ഉപ്പയ്ക്ക് ഒരു പെങ്ങളേയുള്ളൂ. ആ പെങ്ങൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. എനിക്കവർ മച്ചൂനിച്ചിമാരാണ്. കസിൻ സിസ്റ്റർ എന്നും പറയാം. അവിടെയും കഥ അങ്ങനെ തന്നെ. മക്കളെയുണ്ടാക്കിയെന്നല്ലാതെ അവരുടെ ഉപ്പ അവരെ ശ്രദ്ധിച്ചിരുന്നില്ല. എല്ലാ ഉത്തരവാദിത്തവും കാരണവരായ എന്റെ ഉപ്പയ്ക്കായിരുന്നു. ഈ സ്വത്ത് മുഴുവനും എളേമക്കാണ് കിട്ടുക. രണ്ട് പെൺമക്കളിൽ ഒരാളെ വിവാഹം കഴിച്ചയച്ചു.
ചെറിയൊരു വീടാണുണ്ടായത്, തൃക്കരിപ്പൂർ ബീരിച്ചേരി എന്ന സ്ഥലത്ത്. രണ്ടാമത്തെ കുട്ടിയുടെയും വിവാഹം കഴിഞ്ഞു. അങ്ങനെ മോശമല്ലാത്ത രീതിയിൽ ജീവിച്ചുപോകുകയായിരുന്നു. അതിനിടയിലാണ് ഒരു വിവരം അറിഞ്ഞത്, എളേമയുടെ രണ്ടാമത്തെ മകൾ മരണപ്പെട്ടു. ദുരൂഹസാഹചര്യത്തിലായിരുന്നു മരണം.
മൂന്നാമത്തെ കുട്ടി വയറ്റിലുള്ള സമയമായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായെന്നും ദേഷ്യം വന്ന ഭർത്താവ് അവളെ കാലുകൊണ്ട് ചവിട്ടിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ചവിട്ട് സാരമുള്ളതാവുകയും ഗർഭാവസ്ഥയിലുള്ള ആ സ്ത്രീ മരിച്ചുപോവുകയും ചെയ്തുവെന്നാണ് ആരോപണം.
അന്ന് ഇന്നത്തെപ്പോലെ ഫോൺ സൗകര്യം ഒന്നുമില്ലല്ലോ. അതുകൊണ്ട് ആരാലോ പറഞ്ഞു പറഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് ഞങ്ങൾക്ക് വിവരം കിട്ടുന്നത്. ഞാനന്ന് ടിടിസി കഴിഞ്ഞ് അധ്യാപകനായി മാറിയ കാലമാണ്. ഏതായാലും എന്താണെന്നറിയാമെന്ന ആഗ്രഹത്തിൽ ഞാനവിടേക്ക് ചെന്നു. എല്ലാവരും കരച്ചിലും പിഴിച്ചിലുമാണ്. മയ്യത്ത് ഖബറടക്കിയിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു. ആരും കേസിനോ പ്രശ്നത്തിനോ ഒന്നും പോയില്ല. ആർക്കും അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ പോയി ആശ്വസിപ്പിച്ചു.
അതിനിടയിൽ ഞാൻ അവരോട് വെറുതെ ഒന്ന് സൂചിപ്പിച്ചു. ‘നമുക്കെന്തായാലും കേസ് കൊടുക്കാം. അങ്ങനെ അദ്ദേഹത്തെ വിടാൻ പാടില്ലല്ലോ.’ അപ്പോൾ ഉപ്പയും അതുപോലെ പറഞ്ഞു. പക്ഷേ ആ കുട്ടിയുടെ ഉമ്മ പറഞ്ഞു, ‘വേണ്ട മോനേ എന്തിനാ അതൊക്കെ. ഇങ്ങനെ സംഭവിച്ചില്ലേ. ഇനി നമ്മളതിന് ബുദ്ധിമുട്ടേണ്ട കാര്യമില്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
അങ്ങനെ നിർബന്ധം പറഞ്ഞപ്പോൾ ഞാനും കയ്യൊഴിഞ്ഞു. പക്ഷേ, എനിക്കയാളോടുള്ള വിരോധം മാറിയില്ലായിരുന്നു. ആ മനുഷ്യന്റെ ചവിട്ടേറ്റ് വയറ്റിൽ കിടന്ന് പിടഞ്ഞാവില്ലേ ആ പിഞ്ചുകുഞ്ഞും മരിച്ചിട്ടുണ്ടാവുകയെന്ന് ഞാൻ സംശയിക്കുന്നു. ഗർഭാവസ്ഥയിലുള്ള ആ സ്ത്രീയുടെ ഗർഭാശയത്തിൽ ആ കുട്ടിയുടെ മയ്യത്ത് ഉണ്ടാവില്ലേ, അതിനെക്കൂടിയാവില്ലേ ഖബറടക്കിയിട്ടുണ്ടാവുക. ആ ഒരു ദുഃഖം എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. വല്ലാതെ പ്രയാസപ്പെട്ട ഒരു അവസ്ഥയായിരുന്നു അത്.
ഓർമ്മകളിലെ മായാത്ത മുറിവുകൾ
അങ്ങനെ കുറെക്കാലം കഴിഞ്ഞു. മറവി അനുഗ്രഹമായി. വേദനയ്ക്ക് ഇളവും വന്നു. അതിൽ ആദ്യമുണ്ടായ രണ്ട് കുട്ടികൾ ഇപ്പോൾ നന്നായി ജീവിച്ചുവരുന്നുണ്ട്. അവർക്കീ കഥയറിയുമോ എന്നെനിക്കറിയില്ല. പക്ഷേ, എനിക്കറിയാം. മായാത്ത ഓർമ്മയായി ഇന്നും അതെന്റെയുള്ളിലുണ്ട്. ബാക്കി എല്ലാവരും മരിച്ചിരിക്കുന്നു.
ഉപ്പുപ്പയും ഉമ്മുമ്മയും പെങ്ങളും മരിച്ചു. ഒരേയൊരനിയൻ ഉണ്ടായത് അദ്ദേഹം കണ്ണൂരിലാണ് വിവാഹം കഴിച്ചത്. കണ്ണൂരിൽ നിന്ന് ബാംഗ്ലൂരിൽ പോയപ്പോൾ അവിടുന്ന് അദ്ദേഹവും മരിച്ചു. ഈ പറയുന്ന രണ്ട് പെൺകുട്ടികളിൽ ഒരു കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. മറ്റേ കുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് ഏകദേശം ഒരു വർഷം മുമ്പ് അവളും മരിച്ചു. അതിൽ കുട്ടികളുണ്ട്. മിടുക്കന്മാരാണ്.
ആ പെൺകുട്ടിയെ എനിക്കറിയാം. ആ വീട്ടിൽ പോയാൽ വളരെ സ്നേഹത്തോടെ പെരുമാറും. ആ എളേമ ഇല്ലായ്മയിലും എന്നെ സ്നേഹിച്ച ഒരെളേമയായിരുന്നു. ഇന്നും എനിക്കാ മനുഷ്യനോട് തോന്നിയ ദേഷ്യവും, വയറ്റിൽ കിടന്ന ആ പിഞ്ചുകുഞ്ഞിനോട് തോന്നിയ അനുകമ്പയും വേദനിപ്പിക്കുന്നുണ്ട്. ആ മരണം നടന്നിട്ട് വർഷങ്ങളായെങ്കിലും ആരും അറിയാതെ, ആരോടും പറയാതെ പോയതിനെപ്പറ്റി ഓർക്കുമ്പോൾ മനസ്സ് പുകയാറുണ്ട്. ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന വേദന വന്ന് കൊളുത്തിവലിക്കും. പക്ഷേ നിസ്സഹായതയോടെ ഓർക്കാമെന്നല്ലാതെ മറ്റൊന്നും കഴിയില്ലല്ലോ.
ജീവിതം അതിന്റെ തിരക്കുകളുമായി മുന്നോട്ടുപോയിക്കൊണ്ടേയിരിക്കുന്നു. മരണത്തിന്റെ നിഴലുകൾ പലവട്ടം എന്നെയും വേട്ടയാടിയിട്ടുണ്ട്. മരിച്ചവരെക്കുറിച്ചുള്ള കുട്ടിക്കാലത്തെ ഭയവും, കണ്ടുമറന്ന മൃതദേഹങ്ങളുടെ ഭയാനകമായ ദൃശ്യങ്ങളും, നീതി ലഭിക്കാതെ പോയ പ്രിയപ്പെട്ടവരുടെ വിയോഗവുമെല്ലാം ചേർന്ന് മരണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ പാടെ മാറ്റിമറിച്ചിട്ടുണ്ട്.
അതേ, മരണം എന്നത് വെറുമൊരു അവസാനമല്ല, മറിച്ച് അത് ബാക്കിവെച്ചുപോകുന്നത് ഓരോ മുറിവുകളാണ്. ആ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും, ചിലപ്പോൾ ഒരിക്കലുമുണങ്ങില്ല. എങ്കിലും, ആ ഓർമ്മകളെ എല്ലാം മനസ്സിന്റെ ഒരുകോണിൽ അടക്കം ചെയ്ത്, വേദനിക്കുന്ന സത്യങ്ങളെയും പേറി ഞാൻ ഇന്നും യാത്ര തുടരുന്നു. അറിഞ്ഞും അറിയാതെയും നമ്മൾ പങ്കുവെക്കുന്ന ഓർമ്മകൾ തന്നെയായിരിക്കുമല്ലേ മരിച്ചവരുടെ യഥാർത്ഥ സ്മരണകൾ.
മരണത്തെക്കുറിച്ചും വേർപാടുകളെക്കുറിച്ചുമുള്ള ഈ അനുഭവക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ പഴയകാല ഓർമ്മകളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kookkanam Rahman shares chilling childhood memories of death, superstitions, and the tragic, unresolved loss of his pregnant cousin.
#Nostalgia #DeathMemories #KookkanamRahman #TragicStory #KeralaVillageLife #ChildhoodFears
