അക്ഷരങ്ങളുടെ ആശാൻ്റെ നിഴലായി കാസർകോട്ട് നിന്നൊരു ശിഷ്യൻ: പി എൻ പണിക്കരുമൊത്തുള്ള ജീവിതാനുഭവങ്ങൾ
ADVERTISEMENT
● കേരള ഗ്രന്ഥശാലാ സംഘം, കാൻഫെഡ് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ അദ്ദേഹം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചം.
● ഏസി റൂമിൽ കിടക്കാൻ വിസമ്മതിച്ച അദ്ദേഹത്തിന്റെ കടുത്ത ലാളിത്യം.
● പി.എൻ. പണിക്കരുടെ കത്തുകൾ ക്രോഡീകരിച്ച് 'പി.എൻ. പണിക്കരുടെ കത്തുകൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
● അക്ഷരസ്നേഹികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ.
ഓർമ്മച്ചീളുകൾ ഭാഗം 13/ കൂക്കാനം റഹ്‌മാൻ
(KVARTHA) ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ചില അദൃശ്യമായ അടയാളങ്ങൾ ബാക്കിവെച്ചു പോകുന്ന ചിലരുണ്ടാകാറുണ്ട്. അവർ നമ്മുടെ അധ്യാപകനോ ഒപ്പം പഠിപ്പിച്ചവരോ ജീവിതത്തിലുട നീളം ഒപ്പമുള്ളവരോ ആവണമെന്നില്ല. മറിച്ച് എവിടെയോ നിന്നു ജീവിതത്തിന്റെ വലിയ പാഠങ്ങൾ നിശബ്ദമായി പകർന്നുനൽകിയവരായിരിക്കും അവർ. പി എൻ പണിക്കർ എന്ന മഹത് വ്യക്തി എനിക്ക് അത്തരമൊരു ഗുരുവാണ്. വിദ്യാലയത്തിന്റെ നാലുചുമരുകൾക്കുള്ളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ അറിവാണ് അദ്ദേഹത്തോടൊപ്പം നടന്ന ആ ചെറിയ കാലയളവിനുള്ളിൽ ഞാൻ നുകർന്നത്. അദ്ദേഹം കേവലം അക്ഷരങ്ങളുടെ മാത്രം ആശാനായിരുന്നില്ല, മറിച്ച് ജീവിതത്തിന്റെ സർവമേഖലകളിലും മാതൃകയാക്കാവുന്ന ഒരു ദർശനമായിരുന്നു. 1977 മുതൽ 1995 വരെയുള്ള ആ കാലയളവിൽ അദ്ദേഹത്തിന്റെ നിഴലായി സഞ്ചരിച്ചപ്പോൾ, വേഷത്തിലും ഭാഷയിലും പ്രസംഗശൈലിയിലും മാത്രമല്ല, ജീവിതം നോക്കിക്കാണുന്ന കാഴ്ചപ്പാടിൽ പോലും ഞാൻ അദ്ദേഹത്തെ പകർത്താൻ ശ്രമിച്ചിട്ടുണ്ട്.
കാസർകോട്ടെ പി എൻ പണിക്കർ
അദ്ദേഹത്തിന്റെ ആ എളിമയിലും സുതാര്യതയിലുമാണ് ഞാനെന്റെ ജീവിതത്തിന്റെ ലക്ഷ്യങ്ങൾ കണ്ടെത്തിയത്. ആ വ്യക്തിത്വത്തെ അത്രമേൽ ഞാൻ ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ, എന്നെ 'കാസർകോട്ടെ പി എൻ പണിക്കർ' എന്ന് പലരും വിശേഷിപ്പിച്ചു തുടങ്ങി. കൂക്കാനം റഹ്മാൻ എന്നതിനേക്കാൾ വലിയൊരു അംഗീകാരമായി ഞാനതിനെ കാണുകയും ചെയ്തിരുന്നു. അങ്ങനെ ഉള്ള ആ മഹത്‌വ്യക്തിത്വത്തിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞതും, അദ്ദേഹം എനിക്ക് പകർന്നുനൽകിയതുമായ അനുഭവങ്ങളുടെ തിളക്കത്തെ ഓർമകളുടെ ഏടുകളായി ഈ താളുകളിൽ കുറിച്ചിടുകയാണ്. കേരളത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിൽ അക്ഷരങ്ങളുടെ വെളിച്ചം പകർന്ന മഹാനായിരുന്നു അദ്ദേഹം.
അവസാന യാത്രയും ഓർമകളും
1995 ജൂൺ 19-നാണ് അദ്ദേഹം മരിച്ചത്. നിർഭാഗ്യവശാൽ മരണ വിവരം ഞാൻ അറിയാൻ വൈകി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എനിക്ക് സാധിച്ചിരുന്നില്ല. ആ ദുഃഖം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അവിടുന്ന് ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ ചിതാഭസ്മം തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ഒരു ട്രെയിനിലെ കമ്പാർട്ട്മെന്റ് റിസർവ് ചെയ്തുകൊണ്ട്, കൊണ്ടു വരുന്നുണ്ട് എന്ന വിവരം ലഭിച്ചത്. ചിതാഭസ്മം ഓരോ ജില്ലാ ആസ്ഥാനത്ത് എത്തുമ്പോഴും, ആദരവ് നൽകിക്കൊണ്ട് പ്രവർത്തകർ അവിടെയെല്ലാം നിൽപ്പുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന് അദ്ദേഹത്തിന്റെ മക്കളും അതുപോലെ അടുത്ത ബന്ധുക്കളും കാൻഫെഡിന്റെ പ്രവർത്തകരുമായിരുന്നു കൂടെയുണ്ടായിരുന്നത്. അതറിഞ്ഞപ്പോൾ തന്നെ ഞങ്ങളും അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി.
അങ്ങനെ ആ ദിവസം വന്നെത്തി. അന്ന് ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് രാവിലെ ഒരു പന്ത്രണ്ട് മണിക്ക് ആണെന്ന് തോന്നുന്നു. കാസർകോടിന്റെ ആദരവ് സമർപ്പിക്കാൻ തയ്യാറായിട്ടാണ് ഞങ്ങൾ അവിടെ നിന്നിരുന്നത്. അവിടുന്ന് കൂടെ വന്ന പത്തോ അൻപതോ ആളുകളോളം ഉണ്ടായിരുന്നു. അവർ കാഞ്ഞങ്ങാട് ട്രെയിൻ ഇറങ്ങുമ്പോഴേക്കും ഞങ്ങൾ അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ അവിടെ നിന്ന് വന്നവരും ഞങ്ങളുടെ പ്രവർത്തകരായ നൂറുകണക്കിന് ആളുകളും കൂടെ അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി നേരെ കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. അവിടെ പ്രത്യേകമായി, അദ്ദേഹത്തിന്റെ ഫോട്ടോയൊക്കെ വെച്ച് ഞങ്ങൾ സജ്ജമാക്കിയ സ്ഥലത്താണ് ചിതാഭസ്മം വെച്ചത്. ഞാൻ ആദ്യമായിട്ടാണ് ചിതാഭസ്മം കാണുന്നത്. എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരു ചെറിയ കുടത്തിൽ ചിതാഭസ്മം നിറച്ച്, അതിന്റെ മുകൾ ഭാഗം ഒരു ചുവന്ന തുണികൊണ്ട് പൊതിഞ്ഞ് ഭദ്രമായി കെട്ടി വെച്ച രീതിയിൽ ആയിരുന്നു. ഞാനത് കുറേ നേരം നോക്കി നിന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ. എല്ലാവരും വന്ന് ആ ചിത്താഭസ്മ പേടകത്തെ വന്ദിക്കുകയും സ്നേഹിക്കുകയും തൊഴുകയ്യോടെ നിൽക്കുന്നുമുണ്ടായിരുന്നു. എനിക്ക് പക്ഷെ അതിന്റെ രീതികൾ അറിയാത്തതു കൊണ്ട് ഞാൻ ദൂരെ മാറി നിന്ന് അതൊക്കെ നോക്കിക്കാണുകയായിരുന്നു. അത് അല്പ നേരം തുടർന്നു.

ചിതാഭസ്മവും അവസാന നിമിഷങ്ങളും
അന്ന് തന്നെയാണ് തൃക്കണ്ണാട് കടപ്പുറത്ത് അദ്ദേഹത്തിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യേണ്ടത്. അദ്ദേഹത്തിന് ബാലഗോപാലൻ എന്ന ഒരേയൊരു മകനാണ് ഉള്ളത്. അദ്ദേഹമാണ് ആ നിമഞ്ജന കർമം നടത്തേണ്ടത്. അവരുടെ കൂടെ ഞങ്ങളും അങ്ങോട്ട് യാത്ര തിരിച്ചു. പല പ്രമുഖരും അന്ന് ആ വണ്ടിയിൽ ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളാണ് അന്തരിച്ച കെ പി കുഞ്ഞിക്കണ്ണൻ (മുൻ എംഎൽഎ). വണ്ടിയിൽ കയറിയ അപ്പോൾ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു: 'ഈ ചിതാഭസ്മം റഹ്മാൻ കയ്യിൽ വെക്കണം, തൃക്കണ്ണാട് ക്ഷേത്രം വരെ.' അതെന്നെ ഒന്ന് അതിശയിപ്പിച്ചെങ്കിലും, വളരെ ആദരപൂർവ്വം അത് ഏറ്റുവാങ്ങി എന്റെ മടിയിൽ വെച്ചു. ഞങ്ങളുടെ ഒപ്പം തന്നെ വേറെയും കുറെ ആളുകൾ വണ്ടിയിലും ബസ്സിലുമൊക്കെയായി വരുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ചിതാഭസ്മം ഞാൻ അദ്ദേഹത്തിന്റെ മകനായ ബാലഗോപാലന്റെ കയ്യിൽ ഏൽപ്പിച്ചു. അതുവരെ ഞാൻ തന്നെയാണ് കയ്യിൽ വെച്ചിരുന്നത്. മകന് കൈമാറിയതോടെ കർമങ്ങൾ ആരംഭിച്ചു. അതിന് ശേഷം കടൽത്തീരത്തേക്ക് എല്ലാവരും കൂട്ടത്തോടെ നീങ്ങി. അവിടെ എത്തിയതിന് ശേഷം, ബാലഗോപാലൻ അതുമായി കടലിലേക്ക് ഇറങ്ങി. ചിതാഭസ്മം കടലിലേക്ക് താഴ്ത്തി വെച്ചു. അതോടുകൂടെ അദ്ദേഹം കരയിലേക്ക് നടന്നു കയറി. ദീർഘമായൊരു നിശ്വാസത്തോടെ അദ്ദേഹത്തിന് നിത്യ ശാന്തി നേർന്നു കൊണ്ട് ഞങ്ങൾ തിരികെ നടന്നു. അക്ഷരസ്നേഹികളുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത ഒരാളാണ് അന്ന് വിടപറഞ്ഞത്. എന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരോർമയാണ് ആ സംഭവം. പി എൻ പണിക്കർ സാറിന്റെ ചിതാഭസ്മം അത്രയെങ്കിലും സമയം എന്റെ കയ്യിൽ വെക്കാനും, അത്രയും സ്നേഹം തന്ന ആ മനുഷ്യന്റെ ഓർമ അവസാന നിമിഷങ്ങളിലൊക്കെ ഹൃദയത്തിലേക്ക് പകർത്തി വെക്കാനും കഴിഞ്ഞു. എനിക്ക് ജീവനുള്ള കാലത്തോളം അവയൊന്നും എനിക്ക് മറക്കാൻ സാധിക്കില്ല. കാരണം മകനും കുടുബംക്കാരും ബന്ധുക്കളും പ്രശസ്തരുമൊക്കെ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ചിതാഭസ്മമം കയ്യിലേന്താനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. വലിയൊരു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തിയുടെ ഒടുവിലത്തെ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് ഞാൻ എന്റെ വലിയ ഭാഗ്യമായി കരുതുന്നു.
അവസാനമായി നൽകിയ സമ്മാനം
ജീവിച്ചിരുന്ന കാലത്തെ ഓർമകൾ ഒരുപാടുണ്ടെങ്കിലും അദ്ദേഹം അവസാനമായി തന്ന ഒരു സമ്മാനം എന്നും മനസ്സിൽ ഓർമിക്കുക മാത്രമല്ല ഞാൻ ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരോർമയാണത്. കേൾക്കുന്നവർക്ക് നിസ്സാരമെന്ന് തോന്നുമെങ്കിലും എനിക്കത് ഏറ്റവും വിലപ്പെട്ടതാണ്. അദ്ദേഹം സമ്മാനിച്ച ആ കവർ. ആ കവറിനകത്ത് 500 രൂപയുടെ ഒരു നോട്ടുമുണ്ടായിരുന്നു. അത് വെറുമൊരു നോട്ടും കവറുമല്ല അതിന് പിന്നിൽ വലിയൊരു കഥയുണ്ട്. 1995 ജൂൺ 19-നാണ് അദ്ദേഹം മരിക്കുന്നത്. അതിന് ഒരാഴ്ച മുമ്പേ, കൃത്യമായി പറഞ്ഞാൽ 1995 ജൂൺ 12-ന് അദ്ദേഹത്തിന് കാസർകോട് ജില്ലയിലായിരുന്നു പരിപാടി. ഉദുമയിൽ വെച്ച് ജില്ലാ സമ്മേളനം നടക്കുകയാണ്. അതിനാണ് അദ്ദേഹം വന്നത്. അതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോകാനുണ്ടായിരുന്നു. അന്ന് വൈകീട്ട് തന്നെ അദ്ദേഹത്തിന് തിരുവനന്തപുരത്തേക്ക് തിരിച്ചു പോകണം. കാരണം ജൂൺ മാസം കാൻഫെഡിന്റെ ജന്മവാർഷികമാണ്. അതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. അത് കൊണ്ട് തന്നെ അന്ന് വൈകുന്നേരം അദ്ദേഹത്തിന് തിരിച്ചു പോകേണ്ടി വന്നു. പോകുമ്പോൾ യാത്ര അയക്കാൻ റെയിൽവേ സ്റ്റേഷൻ വരെ ഞാനും കൂടെ പോയി. ട്രെയിൻ കയറുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: 'റഹ്മാൻ ഇതിൽ കയറൂ'. ഞാൻ അല്പം ഒന്ന് പരുങ്ങി. കാരണം ആ പറച്ചിൽ പ്രതീക്ഷിക്കാത്തതായിരുന്നു. അദ്ദേഹത്തിന്റെ കൂടെ സ്ഥിരമായിട്ട് ഉള്ളോരു കക്ഷിയുണ്ട്. ഒരു രാമചന്ദ്രൻ നായർ. കൂടുതൽ ആലോചിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് ഞാനും ട്രെയിനിലേക്ക് കയറി. അദ്ദേഹം റിസർവ് ചെയ്ത കമ്പാർട്ട്മെന്റിലാണ് ഉള്ളത്, അതിൽ തന്നെയാണ് ഞാനും കയറിയത്. കയറിയ ഉടനെ ഞാൻ ചെറുവത്തൂർ വരെയെ ഉണ്ടാവു എന്ന് അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തെ കൂടെ ഉള്ള അനുഭവം തന്നെ സാമ്പത്തികമായി വളരെ ലുബ്ധ് കാണിക്കുന്ന മനുഷ്യനാണ് എന്നാണ്. പൊതുപണം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന മനുഷ്യനാണ് അദ്ദേഹം. അപ്പോൾ പിന്നെ അത് സ്വഭാവികമാണല്ലോ. സത്യസന്ധത, അത് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വ്യക്തിയും കൂടെയാണ്. അതുകൊണ്ട് അദ്ദേഹം പണമൊക്കെ വളരെ കൃത്യതയോടെയേ ചിലവാക്കൂ. അത് നോക്കി നടത്താനാണ് കൂടെത്തന്നെ ഉള്ള രാമചന്ദ്രൻ നായർ. അദ്ദേഹമാണ് ആ വക കാര്യങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്നത്.
അത് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ വന്നത്. നമ്മുടെ തിക്കുറിശ്ശി സുകുമാരൻ നായർ, പി എൻ പണിക്കർ സാറിന്റെ കൂടെ ഒരു പുസ്തക കളക്ഷന് തിക്കുറിശ്ശി സാർ പോയ കഥ. തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. അദ്ദേഹം ലൈബ്രറിക്ക് വേണ്ടി പുസ്തകം ശേഖരിക്കാൻ വീട് വീടാന്തരം കയറി ഇറങ്ങുകയാണ്. കൂടെ കുറച്ച് ആളുകളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആൾ തിക്കുറിശ്ശി സുകുമാരൻ നായരാണ്. അന്നത്തെ പ്രമുഖനായ സിനിമാ നടനാണ് അദ്ദേഹം. ഇങ്ങനെ പുസ്തകം ശേഖരിച്ച് നടക്കുകയാണ്. നല്ല നട്ടുച്ച നേരമാണ്. പലരും ദാഹിച്ചു വലയുന്നുണ്ട്. പക്ഷെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം പോലും പി എൻ പണിക്കർ വാങ്ങിത്തന്നിട്ടില്ല. അങ്ങനത്തെ ഒരു മനുഷ്യൻ ആണ് പി എൻ പണിക്കർ എന്ന് ഈ വരികൾ പിന്നീട് സുകുമാരൻ നായർ അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. അത് വാങ്ങി കൊടുക്കാത്തതിന്റെ കാരണം നേരത്തെ ഞാൻ പറഞ്ഞത് തന്നെയാണ്. സാമ്പത്തികമായി പൊതുപണം ചിലവാക്കുമ്പോൾ അദ്ദേഹം നന്നേ ശ്രദ്ധിക്കാറുണ്ടായിരുന്നു. അതുപോലെതന്നെ ഞാനും പല നേരത്തും അദ്ദേഹത്തിന്റെ കൂടെ നടന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ പലപ്പോഴായിട്ട് കേരളം മൊത്തം അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ അതേവരെ, സാമ്പത്തികമായി ഒരു കാര്യവും തന്നിട്ടില്ല, ഒരു കാര്യവും ചോദിച്ചിട്ടുമില്ല. അങ്ങനെ ഉള്ള ഒരു മനുഷ്യനാണ്, അന്ന് ട്രെയിനിൽ വെച്ച് എനിക്ക് ഒരു സമ്മാനം നൽകിയത്.
ചെറുവത്തൂർ സ്റ്റേഷനെത്താറായപ്പോൾ ഞാൻ യാത്ര പറഞ്ഞു ഇറങ്ങാനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം കൂടെയുള്ള രാമചന്ദ്രനെ വിളിക്കുന്നത്. 'രാമചന്ദ്രാ, ഇങ്ങോട്ട് വരൂ. ഒരു 500 രൂപ ഇങ്ങെടുത്തേ' എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഭാഷയാണത്. രാമചന്ദ്രൻ നായർ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ഒരു അഞ്ഞൂറ് രൂപയെടുത്ത് പി എൻ പണിക്കർ സാറിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു. പണിക്കർ സാർ, എന്നെ അടുത്തേക്ക് വിളിച്ചു. അതെന്റെ കയ്യിലേക്ക് വെച്ചു തന്നു. എന്നിട്ട് പറഞ്ഞു: 'ഇതെന്റെ സമ്മാനമായിരിക്കട്ടെ റഹ്മാനെ'. ആ ഒരു വാക്ക്, അതെന്നെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. വളരെ ബഹുമാനത്തോടെ, സ്നേഹത്തോടെ, ആദരവോടെ ഞാനാ തുക വാങ്ങി. ഞാൻ ഇറങ്ങാൻ തുനിഞ്ഞതും അദ്ദേഹം എന്നെ നോക്കി തൊഴുതു. ഇതുവരെയില്ലാത്ത സംഭവമാണത്. ഞാനും തിരിച്ചു തൊഴുതു. വണ്ടിയിൽ നിന്ന് ഇറങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് പോവുകയും ചെയ്തു. അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞാൻ അറിഞ്ഞത്. പി എൻ പണിക്കർ അന്തരിച്ചു. എന്റെ മനസ്സിനെ അത്രയേറെ കീറിമുറിച്ച, വേദനയുണ്ടായ ഒരനുഭവം എന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല. പ്രായം ചെന്ന മനുഷ്യനാണെങ്കിലും സ്നേഹനിധിയായിരുന്നു. എന്നെ മകനെപ്പോലെയാണ് കണ്ടിരുന്നത്. വഴക്ക് പറയും, ശകാരിക്കും, സ്നേഹിക്കും, 'മോനേ' എന്ന് വിളിക്കും. എല്ലാം ചെയ്യുന്ന ഒരു നല്ല മനുഷ്യൻ. അദ്ദേഹം മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാത്തൊരു ഷോക്കായിരുന്നു. വാസ്തവത്തിൽ ജീവിതത്തിന്റെ പുതിയ വഴിയിലേക്ക് എന്നെ തെളിച്ചൊരു മനുഷ്യനാണ് അദ്ദേഹം. അങ്ങനെയുള്ളൊരു മനുഷ്യന്റെ വിടവാങ്ങൽ അത്രയേറെ എന്നെ വേദനിപ്പിച്ചിരുന്നു. ആ സമ്മാനമാണ് ഞാൻ ഇന്നും നിധി പോലെ സൂക്ഷിക്കുന്ന കവറും അഞ്ഞൂറ് രൂപയും. അതുവരെ ലുബ്ധ് കാണിച്ച മനുഷ്യന്റെ കയ്യിൽ നിന്ന് കിട്ടിയ ആ രൂപ, മറക്കാൻ കഴിയാത്തൊരു സ്നേഹസമ്മാനമാണ്. അത് കൊണ്ട് തന്നെയാണ് ഇന്നും ഞാനത് സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ജീവിതത്തിൽ ചില നിമിഷങ്ങൾ നമ്മെ അത്രമാത്രം സ്വാധീനിക്കുമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
കത്തുകളുടെ ശേഖരം
അത് പോലെ തന്നെ ഞാൻ സൂക്ഷിച്ചു വെച്ച മറ്റൊന്നാണ് അദ്ദേഹത്തിന്റെ കത്തുകൾ. കാസർകോട്, കണ്ണൂർ ജില്ലകളിലൊക്കെ പര്യടനം കഴിഞ്ഞ് തിരിച്ച് തിരുവനന്തപുരത്ത്, കാൻഫെഡ് ഓഫീസിൽ ചെന്നാൽ അവിടുന്ന് പ്രവർത്തന്മാർക്കൊക്കെ കത്തയക്കും. കാർഡിലായിരിക്കും മിക്കവാറും എഴുതുക, അല്ലെങ്കിൽ ഇൻലൻഡ്, അതിനപ്പുറം പോവില്ല. അതിൽ ഓരോന്നും സൂചിപ്പിക്കും. ചെയ്ത കാര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ, ചെയ്തു വന്നതിലുള്ള പാകപ്പിഴകൾ അങ്ങനെ പലതുമുണ്ടാകും. അതിൽ എനിക്കുമുണ്ടാകും അദ്ദേഹത്തിന്റെ കത്ത്. നൂറോളം കത്തുകൾ ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട്. നൂറിലധികം ഉണ്ടാവുമെന്നാണ് എന്റെ തോന്നൽ. അതെനിക്ക് അത്രയും വിലപ്പെട്ടത് ആയത് കൊണ്ടും നഷ്ടപ്പെടരുത് എന്ന് ആഗ്രഹം ഉള്ളത് കൊണ്ടും ആ കത്തുകളൊക്കെ ഞാൻ ഒരു പുസ്തക രൂപത്തിലാക്കി. 'പി എൻ പണിക്കരുടെ കത്തുകൾ' എന്ന് തന്നെയാണ് ആ പുസ്തകത്തിന് പേര് നൽകിയത്. 1999 ലാണ് ആ പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. കാഞ്ഞങ്ങാട് വെച്ച് നടന്ന ഒരു പൊതുയോഗത്തിൽ അന്നത്തെ കാഞ്ഞങ്ങാട് എംഎൽഎ, ചന്ദ്രശേഖരൻ ആണ് അതിന്റെ പ്രകാശന കർമം നിർവഹിച്ചത്. ആ കത്തുകൾ വെറും കടലാസുകൾ ആയിരുന്നില്ല, മറിച്ച് സാമൂഹിക സേവനത്തിന്റെ വിലപ്പെട്ട പാഠങ്ങളായിരുന്നു.
‘പ്രിയപ്പെട്ട റഹ്മാൻ,’ എന്ന് തുടങ്ങിയാവും എല്ലാ എഴുത്തുകളും വരിക. ‘പ്രിയപ്പെട്ട റഹ്മാൻ, നീ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. എല്ലാത്തിനും കണക്ക് വെക്കണം. എല്ലാം രേഖപ്പെടുത്തണം. ഏറ്റവും നല്ല പ്രവർത്തകന്മാരെ കണ്ടെത്തണം. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. എനിക്ക് വന്ന പാകപ്പിഴ റഹ്മാന് വരരുത്. എല്ലാം ചിട്ടയോടെ ചെയ്യണം.’ ഇങ്ങനെയായിരുന്നു പല കത്തുകളുടെയും തുടക്കവും ഒടുക്കവും. അദ്ദേഹത്തിന് വന്ന പാകപ്പിഴ, എന്ന് പറഞ്ഞാൽ അത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ഏകദേശം അയ്യായിരത്തിലധികം ഗ്രന്ഥശാലകളും വായനശാലകളും സ്ഥാപിച്ച മനുഷ്യനാണ്. പക്ഷെ അദ്ദേഹത്തെ ആ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്ന് ഒരിക്കൽ പോലും മാറ്റിയിട്ടില്ല. ഉയർച്ചകൾ ഏറെ കരസ്തമാക്കേണ്ട മനുഷ്യനാണ്. പക്ഷെ എന്താണ് എന്ന് അറിയില്ല. അദ്ദേഹം മാറി നിന്നതാണ് എന്നാണ് അറിവ്. ഇതിന് ശേഷമാണ് അദ്ദേഹം കാൻഫെഡ് തുടങ്ങിയത്. ഇത്രയും കാലത്തെ ദീർഘമായ സേവനത്തിന്റെ പ്രതീകമായി അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും, തിരുവനന്തപുരത്തെ ലൈബ്രറി ഹാളിലോ ഓഫീസിലോ വെച്ചിട്ടില്ല. അതാവും അദ്ദേഹം പറഞ്ഞത് എന്നെപ്പോലെ ആവരുത് റഹ്മാൻ എന്ന്. അദ്ദേഹത്തിന്റെ കത്തുകൾക്ക് ഞാൻ കൃത്യമായി മറുപടി അയക്കാറുണ്ടായിരുന്നു. അന്ന് മൊബൈൽ ഫോണുകൾ തീരെ ഇല്ലാത്ത കാലം ആയിരുന്നല്ലോ. ലാൻഡ് ഫോൺ അത് വളരെ അപൂർവ്വവും. അപ്പൊ കത്തുകളിലൂടെ കാര്യങ്ങൾ പരസ്പരം പറയുന്ന, ഉപദേശിക്കുന്ന, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ഒരു രീതിയായിരുന്നു. ആ കത്തുകളാണ് ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. അതെന്റെ ജീവിതാവസാനം വരെ ഉണ്ടാവുകയും ചെയ്യും. പിന്നീട് എന്താവുമെന്ന് എനിക്കറിയില്ല. അത് പോലെ അദ്ദേഹത്തിന്റെ പ്രസംഗവേദികളിലൊക്കെ ഞാൻ പോകാറുണ്ട്. അവിടെ ചെന്നാൽ അതിൽ നിന്ന് കിട്ടുന്ന സത്ത കുറിച്ച് വെക്കും. അതും ചേർത്ത് വെച്ച് ചെറിയൊരു പുസ്തകം രൂപപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ഓർമകളേയും വെറുതെ മാഞ്ഞു പോകാൻ അനുവദിക്കരുത് എന്നൊരു തോന്നൽ എപ്പോഴും ഉണ്ടായിരുന്നു. അത് കൊണ്ടാണ് പി എൻ പണിക്കറിന്റെ വചനങ്ങൾ എന്ന പേരിൽ ഒരു ചെറിയ പുസ്തകം കൂടെ തയ്യാറാക്കിയത്. തലമുറകൾക്ക് പകർന്നു നൽകേണ്ട അറിവുകളാണ് അദ്ദേഹം പകർന്നു നൽകിയത്.
കാൻഫെഡ് മെമ്പർഷിപ്പ്
1977-ൽ ആണ് അദ്ദേഹം കാൻഫെഡ് തുടങ്ങുന്നത്. അന്ന് കാൻഫെഡിന് 100 മെമ്പർമാരായിരുന്നു ഉണ്ടായിരുന്നത്. അത് സ്ഥിരമായ ലൈഫ് മെമ്പർമാരായിരുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം, തൃശൂർ വരെയുള്ള ആളുകളെ അതിൽ മെമ്പർമാരായി അന്ന് ഉണ്ടായിരുന്നുള്ളൂ. വർദ്ധിപ്പിക്കാൻ ശ്രമിക്കുകയോ വർദ്ധിക്കുകയോ ചെയ്തില്ല. അതായത് മെമ്പർഷിപ്പിന് ആർക്കും താല്പര്യമൊന്നുമില്ല. സംഘടനയ്ക്ക് ആണെങ്കിൽ മെമ്പർഷിപ്പ് ഉണ്ടാവണമെന്ന ആഗ്രഹവുമില്ല. അതങ്ങനെ പോകുന്നതിനിടയിലാണ്, ഒരു സാക്ഷരതാ ദിനത്തിൽ തിരുവനന്തപുരത്ത് വെച്ച് കാൻഫെഡ് പ്രബന്ധരചനാ മത്സരം സംഘടിപ്പിച്ചത്. 'അക്ഷരത്തിന്റെ ശക്തി' എന്നായിരുന്നു ലേഖന മത്സരത്തിന്റെ വിഷയം. മത്സരത്തിൽ ഞാനും പങ്കെടുത്തു. ഒരു സെപ്റ്റംബർ 8-നാണ് ആ പരിപാടി ഉണ്ടായത്. അന്നാണല്ലോ ലോക സാക്ഷരതാ ദിനം. മത്സരം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് പി എൻ പണിക്കരുടെ കത്ത് കിട്ടി. തനിക്കാണ് ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കാൻഫെഡ് നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് വന്നത്. എനിക്ക് വലിയ സന്തോഷമായി. കാരണം സംസ്ഥാനതലത്തിൽ പ്രബന്ധരചനാ മത്സരത്തിൽ സമ്മാനം കിട്ടുക എന്നുള്ളത് വലിയ കാര്യമാണല്ലോ. അപ്പൊ അതിന് ചെറിയൊരു സമ്മാനവും ഉണ്ടെന്ന് അവരെന്നെ അറിയിച്ചു.
80-കളിലാണ് സംഭവം. 100 രൂപയായിരുന്നു ആ സമ്മാനം. കാസർകോട് വെച്ച് നടന്ന ഒരു വലിയ സമ്മേളനത്തിൽ വെച്ച് പി എൻ പണിക്കർ സാർ തന്നെയാണ് തന്നത്. സമ്മേളന സ്റ്റേജിൽ വെച്ചാണ് ആ സമ്മാനം ഞാൻ കൈപ്പറ്റിയത്. തന്ന ഉടനെ അദ്ദേഹത്തിന്റെ ശൈലിയിൽ, ആ തുക അതേ പോലെ 'ഇത് കാൻഫെഡിനാണ് സാർ' എന്ന് പറഞ്ഞു കൊണ്ട് തിരിച്ച് പണിക്കർ സാറിന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു. കാൻഫെഡ് മെമ്പർഷിപ്പിന് അന്ന് 100 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. അദ്ദേഹം പറഞ്ഞു: ‘ഈ നൂറ് രൂപക്ക് റഹ്മാന് മെമ്പർഷിപ്പ് തരുന്നു.’ അങ്ങനെയാണ് ഞാനും കാൻഫെഡിന്റെ മെമ്പറായത്. അതായത് നൂറ്റി ഒന്നാമത്തെ മെമ്പർ. അതിനും പ്രത്യേകതയുണ്ട്. കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നുള്ള ആദ്യത്തെ മെമ്പർ ഞാനാണ്. പ്രവർത്തകന്മാരുണ്ട് പക്ഷെ മെമ്പർഷിപ്പില്ലായിരുന്നു. ആ മെമ്പർഷിപ്പ് കിട്ടിയതും ഒരത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.
കാരണം മെമ്പർഷിപ്പ് കിട്ടിയതുകൊണ്ടാണ് തുടർന്നുള്ള യോഗങ്ങൾക്കൊക്കെ പോകാനും കാൻഫെഡിന്റെ ഭരണസമിതിയിൽ അംഗമാകാനുമൊക്കെ എനിക്ക് സാധിച്ചത്. അതൊക്കെ അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ട് കിട്ടിയ ഒരു ദാനമാണ് എന്ന് ഞാൻ പറയും. കാരണം അദ്ദേഹം പറയുന്ന ഒരു പ്രധാന കാര്യമുണ്ട്, 'ഒരു ലക്ഷം രൂപ വേണോ ഒരു സന്നദ്ധ സാമൂഹ്യ പ്രവർത്തകനെ വേണോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും എനിക്ക് ഒരു സന്നദ്ധ പ്രവർത്തകനെയാണ് വേണ്ടതെന്ന്.' ഇതാണ് പി എൻ പണിക്കരുടെ ചിന്തയും പ്രവർത്തനവും സംസാരവുമൊക്കെ.. അതുകൊണ്ടായിരിക്കാം രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ട് സാക്ഷരതയ്ക്ക് വേണ്ടിയും വിദ്യാഭ്യാസത്തിന് വേണ്ടിയുമൊക്കെ അത്രയും ആത്മാർത്ഥമായി അദ്ദേഹം പ്രവർത്തിക്കുന്നത്. അനൗദ്യോഗികമായ രീതിയിൽ പാവങ്ങളെ സഹായിക്കുന്നതിന് വേണ്ടിയും ആദിവാസി മേഖലയിൽ പോയി അവർക്ക് വേണ്ടി പ്രവർത്തിച്ചതിന്റെയും ദളിത് വിഭാഗത്തിന്റെ കൂടെ പ്രവർത്തിച്ചതിന്റെയുമൊക്കെ ഫലമായും ഒരുപാട് സന്നദ്ധ പ്രവർത്തകരെ ഒരുക്കിയെടുക്കാൻ കഴിഞ്ഞു എന്നതിന്റെയൊക്കെ ഫലമായവും എനിക്ക് ആ കിട്ടിയ ആ മെമ്പർഷിപ്പും പ്രവർത്തനങ്ങളുമൊക്കെ എന്നാണ് എനിക്ക് തോന്നുന്നത്. അതും ജീവിതത്തിന്റെ വഴിത്താരയിൽ എനിക്ക് കിട്ടിയ വലിയൊരു സംഭവമായിരുന്നു. അതിൽ ഞാൻ ഏറെ അഭിമാനിച്ചിരുന്നു. പക്ഷെ അഹങ്കാരമല്ലായിരുന്നു. ഒരു തരം സന്തോഷം. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ലാളിത്യം നിറഞ്ഞ ജീവിതം
തന്റെ ജീവിതത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹം ആ മിതത്വം പാലിച്ചിരുന്നു. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ സാധാരണ ബെർത്ത് റിസർവ് ചെയ്താണ് അദ്ദേഹം വരിക. ഏസി ക്ലാസ്സിൽ ഒന്നും കയറില്ല. അതിന് വകുപ്പുണ്ടെങ്കിലും പോവില്ല. അതാണ് പ്രകൃതം. കാസർകോട് സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ അദ്ദേഹത്തെ സ്വീകരിക്കാൻ ചെന്ന പ്രവർത്തകരായ ഞങ്ങളെ അടുത്ത് വിളിക്കും. എന്നിട്ട് ഒരു ചോദ്യമുണ്ട്. 'ഞാൻ എന്തിനാ മക്കളെ വന്നത്'? ഇതാണ് ചോദിക്കുക. ഉടനെ എന്റെ മറുപടി ഉണ്ടാകും: 'മീറ്റിങ്ങിൽ പങ്കെടുക്കാനാണ് സാർ.' അപ്പോൾ ഒന്ന് ചിരിക്കും, പിന്നെ എന്റെ പുറത്തു മെല്ലെ തട്ടി കൊണ്ട് പറയും: 'അല്ല ഞാൻ വന്നത് നിങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്.' അന്നത്തെ ഞങ്ങൾക്ക് അതൊരു നല്ല വാക്കായിരുന്നു. ശരിക്കും ഒരു പ്രോത്സാഹനം പോലെ. റെസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിന് താമസ സൗകര്യം ഏർപ്പെടുത്തുക. സർക്കാർ വാടക ആയത് കൊണ്ട് തന്നെ വാടക നന്നേ കുറവാണ്. ഞങ്ങൾ അവിടെ കൊണ്ടുപോയി ആക്കണം. കുളിയും പ്രാർത്ഥനയുമൊക്കെ കഴിഞ്ഞേ മീറ്റിംഗിന് ഇറങ്ങുകയുള്ളു. ആ കുളി കഴിഞ്ഞ പിന്നെ കുറെ നേരം വാതിലടച്ച് അദ്ദേഹത്തിന് ഒറ്റക്കിരിക്കണം. ഞങ്ങൾ പ്രവർത്തന്മാർ പുറത്തുണ്ടാകും. കുറേ നേരം കഴിഞ്ഞാണ് വാതിൽ തുറക്കുക. ആദ്യമൊന്നും ആ ഒറ്റക്കിരിക്കലിന്റെ കാരണം ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീട് മനസ്സിലായി, പ്രാർത്ഥനയായിരുന്നു ആ ഒറ്റക്കിരിപ്പ് എന്ന്. കുളി കഴിഞ്ഞതിനുശേഷം സ്വകാര്യമായി പ്രാർത്ഥിക്കുകയാണ് അദ്ദേഹം. ഒരു പത്ത് പതിനഞ്ച് മിനിറ്റ് നേരം ഉണ്ടാകും, ആ പ്രാർത്ഥന. വാതിൽ തുറന്ന് പുറത്തേക്ക് വന്നാൽ വീണ്ടും ഒരു ചോദ്യമുണ്ട്. 'ഞാൻ പ്രാർത്ഥിച്ചത് ആർക്കുവേണ്ടിയാണെന്ന് അറിയുമോ?' അതിന് ഞങ്ങൾ ഉത്തരം പറയില്ല, അദ്ദേഹം തന്നെ പറയും: 'നിങ്ങളുടെ മനസ്സ് നന്നാവാനാണ് ഞാൻ പ്രാർത്ഥിച്ചത്. നിങ്ങളുടെ മനസ്സ് നന്നായാലേ എന്റെ പ്രവർത്തനത്തിന് നിങ്ങൾക്ക് സഹായിക്കാൻ കഴിയൂ.' എത്ര സത്യസന്ധമായാണ് അദ്ദേഹം ഓരോന്നും പറയുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെടും. അതൊക്കെ എന്റെ ഉള്ളിൽ ആഴത്തിൽ തന്നെ ഞാൻ പകർത്തി വെക്കുമായിരുന്നു.
അതു കഴിഞ്ഞാൽ പിന്നെ വസ്ത്രം ധരിക്കുന്നതാണ്. അവയ്ക്കൊക്കെ ഒരു പ്രതേക താളമുണ്ടായിരുന്നു. ഒരു വെളുത്ത ഖദർ മുണ്ടും, ഒരു ഫുൾ കൈ ഖദർ ഷർട്ടും. അകത്ത് കയ്യിലുള്ള ഒരു ബനിയനുമുണ്ടാകും. അത് നേർത്ത തുണി കൊണ്ട് ഉണ്ടാക്കിയ ബനിയനാണ്. ഇന്നത്തെ പോലത്തെ കമ്പനി ബനിയനല്ല. അത് തയ്പ്പിക്കുന്നതാണെന്ന് തോന്നുന്നു. അതുപോലുള്ള ഒരു അടിയുടുപ്പുമുണ്ടാകും. കഴുത്തിൽ ഒരു ഷാളും, കറുത്ത ഫ്രെയിമുള്ള ഒരു വലിയ കണ്ണടയും വെച്ച് ഒരു ലെതറിന്റെ ചെരിപ്പുമിട്ട് പുറത്തേക്ക് ഇറങ്ങും. ഇതാണ് അദ്ദേഹത്തിന്റെ രൂപം. പിന്നെ നേരേ മീറ്റിംഗിൽ പങ്കെടുക്കാൻ ചെല്ലും. എളിയ ഭാഷയിൽ ജനങ്ങളോട് ഉള്ളിൽ തട്ടുന്ന രീതിയിൽ സംസാരിക്കുന്ന മനുഷ്യനാണ്. എല്ലാം സ്നേഹത്തോടെയേ പറയൂ. ആ പറയുന്ന വാക്കുകൾ ഏതൊരു മനുഷ്യന്റെയും ഉള്ളിൽ തട്ടും. ആ പ്രസംഗം അരമണിക്കൂർ ഒന്നുമാവില്ല. ഒന്നൊന്നര മണിക്കൂർ ചിലപ്പോൾ രണ്ട് മണിക്കൂർ വരെയൊക്കെ സംസാരിക്കും. അതിനിടയിലും അദ്ദേഹം പലരേയും വീക്ഷിക്കും. മീറ്റിംഗിൽ മദ്യപാനികളും പുകവലിക്കാരുമൊക്കെ ഉണ്ടാകും. അവരെ അദ്ദേഹത്തിന് പെട്ടന്ന് തിരിച്ചറിയാൻ കഴിയുകയും ചെയ്യും. മീറ്റിംങ് കഴിഞ്ഞാൽ അവരെയൊക്കെ സ്വകാര്യമായി വിളിക്കും. വിളിച്ചിട്ട് ആ യോഗത്തിൽ വെച്ച് തന്നെ അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കും. ഞാൻ ഇന്ന് മുതൽ മദ്യപിക്കില്ല, ഞാൻ ഇന്ന് മുതൽ പുകവലിക്കില്ല എന്നൊക്കെ പറഞ്ഞ് പ്രതിജ്ഞ ചെയ്യിക്കും. എന്നിട്ട് രണ്ടു മൂന്ന് പ്രവർത്തകന്മാരെ ഏൽപ്പിക്കും. അദ്ദേഹത്തെ, നോക്കണം കേട്ടോ എന്നൊക്കെ പറയും. വാസ്തവത്തിൽ അങ്ങനെ പുകവലി നിർത്തിയവരും ലഹരി ഉപയോഗം നിർത്തിയവരുമായ ആളുകൾ അന്ന് കുറെയുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ. ഒരുപാട് പേരുടെ ജീവിതത്തെ നന്മയിലേക്ക് നയിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് സാധിച്ചു.
പകുത്ത് നൽകിയ ബിരിയാണിയും സ്നേഹവും
മീറ്റിങ് കഴിയുമ്പോഴേക്കും ഉച്ചയ്ക്ക് രണ്ടു മണി ഒക്കെ ആവും. അദ്ദേഹം സ്വമേധയാ ഭക്ഷണം വേണം എന്ന് പറയാറില്ല. കഴിക്കാൻ ഞങ്ങൾ നിർബന്ധിക്കണം, അദ്ദേഹത്തിന് വേണ്ട ഭക്ഷണം കഴിക്കാൻ. മറ്റൊരു തമാശയും കൂടിയുണ്ട്. കാസർകോട് എത്തിയാൽ മാത്രം അദ്ദേഹം പറയും: 'എനിക്ക് ബിരിയാണി വേണം'. കാസർകോട് ബിരിയാണി ഭയങ്കര ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. അത് കേൾക്കുമ്പോൾ മോശമല്ലാത്ത, ഏറ്റവും വൃത്തിയുള്ള ഒരു ഹോട്ടലിൽ കൊണ്ടുപോയി ആക്കും. പക്ഷെ ഞാൻ കൂടെത്തന്നെ പോവണം. ഭക്ഷണം ഓർഡർ ചെയ്യും. അതും ഹാഫ് ബിരിയാണി. ഫുൾ വേണ്ടെന്ന് പറയും. അത് അദ്ദേഹത്തിന്റെ മുൻപിൽ കൊണ്ടുവെച്ച അദ്ദേഹം, ആ സപ്ലയറോട് ഒരു പ്ലേറ്റും കൂടെ വേണമെന്ന് അറിയിക്കും. അത് പ്രകാരം അദ്ദേഹം പ്ലേറ്റ് കൊണ്ടുവരും. കൊണ്ടുവന്നാൽ ആ ഹാഫ് ബിരിയാണിയുടെ പകുതിയോളം കൊണ്ട് വന്ന പ്ലേറ്റിൽ തട്ടും. എന്നിട്ട് കോഴിയുടെ കഷ്ണമുണ്ടെങ്കിൽ അതിൽ ഒരു കഷ്ണം അടർത്തിയെടുത്ത് അതും അതിലിടും. ശേഷം എന്റെ മുന്നിലേക്ക് ആ പാത്രം നീക്കി വെക്കും എന്നിട്ട് എന്നോട് പറയും: 'കഴിക്കൂ... ഇത് മതി, ഇത് കഴിച്ചാൽ മതി.' അത് കേൾക്കുമ്പോൾ ഞാൻ ആദരവോടെ, സ്നേഹത്തോടെ, സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ആ ഭക്ഷണം കഴിക്കും. ഇന്നും ഓരോ ഊൺ മേശകളും അതന്നെ ഓർമ്മിപ്പിക്കാറുണ്ട്. ആ സ്നേഹവും നന്മയുടെ സമീപനമൊന്നും മറക്കാൻ കഴിയാത്തതാണ്. ആഹാരം പങ്കുവെയ്ക്കുന്നതിലൂടെ അദ്ദേഹം പകർന്നു നൽകിയത് വലിയ സ്നേഹത്തിന്റെ പാഠങ്ങളായിരുന്നു.
ഒരു ദിവസം രാത്രി കാസർകോട് എന്തോ ഒരു പ്രോഗ്രാം നടക്കുകയാണ്. നോക്കുമ്പോൾ അദ്ദേഹത്തിന് കിടക്കാൻ ഗസ്റ്റ് ഹൗസിൽ മുറിയില്ല. മന്ത്രിമാരും മറ്റു ഗസ്റ്റ്കളുമൊക്കയായി ഹൗസിൽ മുറി ഫുള്ളാണ്. എവിടെയെങ്കിലും അദ്ദേഹത്തെ കിടത്തേണ്ടേ, അതായി ഞങ്ങൾ പ്രവർത്തകരുടെ ടെൻഷൻ. രാത്രി പത്തര മണി പന്ത്രണ്ട് മണി ഒക്കെയാകും പരിപാടിയൊക്കെ കഴിഞ്ഞ് വരാൻ. കുറേ അന്വേഷിച്ചു. പക്ഷെ എവിടെയും റൂമില്ല. അങ്ങനെ നടന്നു നടന്ന് അവസാനം ഒരു ഹോട്ടലിൽ ചെന്നപ്പോൾ ഒരു റൂമുണ്ട്. പക്ഷെ അത് ഏസി ആണെന്ന് പറഞ്ഞു. അന്ന് ഏസി റൂം എന്നൊക്കെ പറയുന്നത് ഞങ്ങൾക്ക് അത്ഭുതമാണ്. കേട്ട ഉടനെ ഞാൻ പറഞ്ഞു: 'ഏസിയാണെന്നുണ്ടെങ്കിൽ എങ്ങനെയായാലും സാറിനെ അതിൽ കിടത്തണം.' അദ്ദേഹത്തോട് പക്ഷെ റൂമിന്റെ ഈ കാര്യങ്ങൾ ഒന്നും ഞങ്ങൾ പറഞ്ഞില്ല. റൂം കിട്ടിയിട്ടുണ്ട് സാർ എന്ന് പറഞ്ഞ് വണ്ടിയിൽ നിന്ന് ഇറക്കി, ലോഡ്ജിലേക്ക് കയറ്റി. റൂമിലെത്തി, അദ്ദേഹം റൂം ഒന്നാകെ ഒന്ന് നോക്കി. അപ്പോൾ റൂമിൽ നല്ല തണുപ്പുണ്ട്. 'ഹോ! ഇത് ഏസി റൂമല്ലേ, ഇത് എനിക്ക് പറ്റില്ല, പാവപ്പെട്ടവരും ഒരു നേരത്തെ ആഹാരം കിട്ടാനില്ലാത്തവരും കിടപ്പാടമില്ലാത്തവരും, കിടന്നുറങ്ങാൻ കുടിലില്ലാത്തവരുമൊക്കെ ഇങ്ങനെ വിഷമിപ്പിക്കുമ്പോൾ ഞാൻ ഏസിയിൽ കിടക്കാനോ, ഇല്ല എന്നെ അതിന് കിട്ടില്ല,'അതും പറഞ്ഞ്കൊണ്ട് അദ്ദേഹം റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നു.
എങ്ങനെ നിർബന്ധിച്ചിട്ടും രക്ഷയില്ല. അദ്ദേഹം മുറിയിലേക്ക് കടക്കുന്നില്ല. വേറെ വഴിയില്ലാതെ ഞങ്ങളും അദ്ദേഹത്തിന്റെ കൂടെ പുറത്ത് അതേപോലെ ഇരുന്നു. സത്യം പറഞ്ഞാൽ പുറത്ത് ഒരു കസേരയിലിരുന്നാണ് അന്ന് അദ്ദേഹം നേരം വെളുപ്പിച്ചത്. ഇത് കേൾക്കുമ്പോൾ ചിലപ്പോ കേൾക്കുന്നവർക്ക് തോന്നും ഇങ്ങനെയൊക്കെ എളിമ കാണിക്കേണ്ടതുണ്ടോയെന്ന്. ഇന്നത്തെ കാലം അല്ലല്ലോ. പത്തമ്പത് വർഷം മുമ്പുള്ള സംഭവമല്ലെ. അന്ന് അതൊക്കെ അദ്ദേഹത്തിന് സഹിക്കാൻ കഴിയാത്തതായിരുന്നു. അങ്ങനെയാണ് അദ്ദേഹം മരണം വരെ ജീവിച്ചതും. അതൊക്കെ എന്റെ ജീവിതത്തിലും പകർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിൽ എളിമ എന്താണെന്ന് അദ്ദേഹം ഞങ്ങൾക്ക് കാട്ടിത്തരികയായിരുന്നു.
ഓർമകളും ആദരവും
ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ മാനിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. പക്ഷെ മരണ ശേഷം കുറെ അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റ് പി എൻ പണിക്കർ സ്മാരകത്തിന്റെ ഭാഗമായി ഒരു തപാൽ സ്റ്റാമ്പ് ഇറക്കി. അതുകൂടാതെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാന സർക്കാർ ജൂൺ 19 മുതൽ 26 വരെയുള്ള ഒരാഴ്ചക്കാലം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വായനാവാരം ആചരിക്കുന്നുണ്ട്. അതുകൂടാതെ കാസർകോട് ജില്ലയിൽ അദ്ദേഹത്തിന്റെ ഓർമ്മിക്കായി ഒരു സ്ഥാപനം നിലനിൽക്കുന്നുണ്ട്. പി എൻ പണിക്കർ സ്മാരക ആയുർവേദ മെഡിക്കൽ കോളേജ്. അത് കാഞ്ഞങ്ങാടാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ നിരവധി കാര്യങ്ങൾ അദ്ദേഹത്തിന്റെ ഓർമകൾക്ക് ശക്തിയേകാൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ജനങ്ങളുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിട്ടുണ്ട്. മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രവർത്തികളുടെ മൂല്യം ജനങ്ങൾ യഥാർത്ഥ രീതിയിൽ അറിയാൻ തുടങ്ങിയത്. കാരണം ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ എതിർക്കുകയും വേണ്ടതുപോലെ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യാത്ത എത്രയോ അവസ്ഥകൾ ഉണ്ടായിട്ടുണ്ട്.
അദ്ദേഹം സ്ഥാപിച്ച രണ്ട് പ്രസ്ഥാനങ്ങളാണ് കേരള ഗ്രന്ഥശാലാ സംഘവും അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി എന്ന കാൻഫെഡ് പ്രസ്ഥാനവും. ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും ഉപജ്ഞാതാവും അതിന്റെ എല്ലാത്തരത്തിലുള്ള സംഘാടകനുമായിരുന്നു പി എൻ പണിക്കർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി വായിച്ചു വളരുക, എഴുത്തു പഠിച്ച് കരുത്തു നേടുക എന്നുള്ള മുദ്രാവാക്യം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് രണ്ടാമത്തെ ഒരു പ്രവർത്തനം കൂടെ ആരംഭിച്ചത്. അതായത് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ അക്ഷരം നൽകുക. 'സമ്പൂർണ്ണ സാക്ഷരത'അതായിരുന്നു ലക്ഷ്യം. പി എൻ പണിക്കരുടെ നേതൃത്വം ആ കാര്യത്തിൽ വളരെ കൂടുതൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹം പടുത്തുയർത്തിയ പ്രസ്ഥാനമാണ് അതിന്റെ പിന്നിൽ ഏറ്റവും കൂടുതൽ പ്രവർത്തിച്ചത്. അതുകൂടാതെ മറ്റ് പല ഏജൻസികളെയും സർക്കാരിനെയുമൊക്കെ ഏകോപിപ്പിച്ചു കൊണ്ടാണ് കേരളം സമ്പൂർണ്ണ സാക്ഷരതാ യജ്ഞം വിജയിപ്പിച്ചത്. ആ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് 1990-ൽ കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്താനുള്ള അവസ്ഥയുണ്ടായത്. അങ്ങനെ വലുതും ചെറുതുമായ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർത്തിട്ടാണ് അദ്ദേഹം യാത്രയായത്.
പി എൻ പണിക്കർ എന്ന ആ വലിയ മനുഷ്യൻ എനിക്ക് പകർന്നു തന്ന പാഠങ്ങൾ വെറും പാഠങ്ങൾ മാത്രമല്ലായിരുന്നു. അവ എന്റെ ജീവിതയാത്രയിലെ വഴിവിളക്കുകൾ കൂടെയായിരുന്നു. വേഷത്തിലും ഭാവത്തിലും മാത്രമല്ല, അദ്ദേഹം മുറുകെപ്പിടിച്ച ആദർശങ്ങളുടെ പിൻബലത്തിൽ കൂടെയാണ് ഇന്നും ഞാൻ നടക്കുന്നത്. കാലം എത്ര മാറിയാലും, മാറ്റമില്ലാതെ എന്റെ ഉള്ളിൽ ജ്വലിക്കുന്ന ആ ഗുരുസ്മരണയാണ് എനിക്കേറ്റവും വലിയ സമ്പാദ്യം. അന്ന് അദ്ദേഹത്തിൽ നിന്ന് തൊട്ടറിഞ്ഞ ആ സത്യസന്ധതയും ലാളിത്യവും, വരും തലമുറയിലേക്ക് പകർന്നു നൽകുകയെന്ന വലിയ ഉത്തരവാദിത്തം കൂടി ഈ ഓർമകൾ എന്നെ പിന്തുടരുന്നു. ഇനിയും പറയുവാൻ ബാക്കിവെച്ച ആ അധ്യായങ്ങൾ, ഏറെ ഉണ്ട്.
ഈ ഓർമക്കുറിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. കൂടുതൽ ആളുകളിലേക്ക് ഈ അനുഭവങ്ങൾ എത്തുന്നതിനായി ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകൾക്കായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക.
Article Summary: A nostalgic memoir by Kookanam Rahman, known as the 'P N Panicker of Kasaragod', recalling his profound association with P N Panicker, detailing the late literacy champion's simplicity, life lessons, and their enduring bond.
#PNPanicker #ReadingDay #Kasaragod #KookanamRahman #KeralaLiteracy #MalayalamMemoir #AmmuNews
