തോറ്റിട്ടുമില്ല ജയിച്ചിട്ടുമില്ല; പരീക്ഷാഫലം തടഞ്ഞുവെച്ചപ്പോഴത്തെ ആ ഉത്കണ്ഠ; കൂക്കാനം റഹ്‌മാന്റെ ഓർമ്മക്കുറിപ്പ്

 
Portrait of writer Kookanam Rahman.

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൂട്ടുകാരെല്ലാം ഏഴാം ക്ലാസിലേക്ക് മാറിയപ്പോൾ രണ്ടാഴ്ചക്കാലം ആറാം ക്ലാസിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോഴുള്ള വേദന.
● എ.ഇ.ഒ.യുടെ ഉത്തരവ് വരികയും ഏഴാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്തപ്പോഴുള്ള വലിയ സന്തോഷം.
● 1985-ൽ തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലെ ബി.എഡ് ഫലം തടഞ്ഞുവെച്ചപ്പോഴുള്ള രണ്ടാമത്തെ അനുഭവം.
● സർട്ടിഫിക്കറ്റിലെ പേരിലെ അക്ഷരപ്പിശകാണ് ഫലം തടയാൻ കാരണമായതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പോയി കണ്ടെത്തി.
● പരാജയം ഒന്നിന്റെയും അവസാനമല്ല എന്ന വലിയ ജീവിതപാഠമാണ് ഈ അനുഭവങ്ങൾ നൽകുന്നതെന്ന് അദ്ദേഹം കുറിക്കുന്നു.

ഓർമ്മച്ചീളുകൾ ഭാഗം 02/ കൂക്കാനം റഹ്‌മാൻ

(KVARTHA) ജീവിതത്തിൽ ഏറ്റവും കൂടുതൽ ജയപരാജയങ്ങൾ നേരിടേണ്ടിവരുന്ന സമയമാണ് നമ്മുടെ സ്കൂൾ കാലഘട്ടം. പരീക്ഷകളും പരീക്ഷണങ്ങളും ജീവിതത്തെ നൂൽപ്പാലങ്ങളിലൂടെയാണ് നടത്തിക്കുന്നതെന്ന് തോന്നും. ഏറ്റവും കൂടുതൽ അതിന്റെ ചൂട് അനുഭവിക്കുന്നത് മാർച്ച് മാസങ്ങളിലായിരിക്കും. പുറമെ പൊള്ളിക്കാൻ വേനൽച്ചൂടും അകം പൊള്ളിക്കാൻ തക്കവണ്ണം പരീക്ഷകളും. അവയിൽ ജയമോ പരാജയമോ ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിൽ രണ്ടിലും പെടാത്ത ഒരവസ്ഥയുണ്ട്. അത്‌ പരീക്ഷാർഥിയിൽ വല്ലാത്ത സംഘർഷമുണ്ടാക്കുന്നതുമാണ്. അതാണ് 'റിസൽട്ട് വിത്ത്‌ഹെൽഡ്'. അതായത് ജയമോ പരാജയമോ എന്ന് പുറത്തുവിടാതെ ഫലത്തെ തടഞ്ഞുവെക്കുക.

Aster mims 04/11/2022

ചെറിയ ക്ലാസുകളിലാവുമ്പോൾ അതിന്റെ കാരണം സ്കൂൾ അധികൃതർ പറഞ്ഞുതരും. എന്നാൽ യൂണിവേഴ്സിറ്റി തലത്തിലാവുമ്പോൾ 'റിസൽട്ട് വിത്ത്‌ഹെൽഡ്' എന്ന് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. എന്തുകൊണ്ടാണ് തടഞ്ഞുവെച്ചത് എന്നറിയാൻ യൂണിവേഴ്സിറ്റിയിൽ തന്നെ നേരിട്ടു ചെല്ലേണ്ടി വരും. അതിന്റെ കാരണം കണ്ടെത്തി നമ്മൾ തന്നെ പരിഹരിച്ചുകഴിഞ്ഞാലേ ഫലം പ്രഖ്യാപിക്കൂ. കാരണം എന്താണെന്നറിയാനുള്ള ത്വര വിദ്യാർഥിയിൽ തീർച്ചയായും ഉണ്ടാവുകയും ചെയ്യും. ഫലം പരാജയമാണെന്നറിഞ്ഞാൽ പിന്നത്തെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല.

kookanam rahman memoir withheld exam results anxiety

ആറാം ക്ലാസിലെ കണ്ടോണേഷൻ കുരുക്ക്

പ്രൈമറി ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള എന്റെ പഠനകാലത്ത് രണ്ടു തവണ ഫലം തടഞ്ഞുവെച്ച ദുരനുഭവം എനിക്കുണ്ടായിട്ടുണ്ട്. 1961-ൽ ഓലാട്ട് എ.യു.പി. സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യാനുഭവം. ആ കാലത്ത് പരീക്ഷയിൽ ഓരോ വിഷയത്തിനും നിശ്ചിത ശതമാനം മാർക്ക് ലഭിച്ചാലേ അടുത്ത ക്ലാസിലേക്ക് പ്രമോഷൻ കിട്ടൂ. ഓരോ വിഷയത്തിനും കുറഞ്ഞത് 35 ശതമാനം മാർക്ക് ലഭിക്കണം. ആറാം ക്ലാസിലെ പഠനം എനിക്ക് ഭയാനകമായിരുന്നു. ഞങ്ങൾ 25 കുട്ടികളാണ് ആറാം ക്ലാസിൽ ഉണ്ടായിരുന്നത്. ക്ലാസ് മാഷ് ഇന്നും ജീവിച്ചിരിക്കുന്ന 90 പിന്നിട്ട കെ. കുമാരൻ മാഷായിരുന്നു.

അഞ്ചാം ക്ലാസിലായിരുന്നപ്പോൾ ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു ഞാൻ. അതിന് സ്കൂൾ വാർഷികദിനത്തിൽ സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട്. ആറാം ക്ലാസിലെത്തിയപ്പോൾ സ്ഥിതിഗതികൾ ആകെ മാറി. ക്ലാസിലെ ശരാശരിക്കാരനായി ഞാൻ മാറി. കാരണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ലീവായിരിക്കും. കച്ചവടക്കാരനായ അമ്മാവനെ സഹായിക്കാൻ പലപ്പോഴും പീടികയിൽ നിൽക്കേണ്ടി വരും. അങ്ങനെ ആറാം ക്ലാസിലെ വാർഷിക പരീക്ഷ കഴിഞ്ഞു. ഫലം മെയ് രണ്ടിനാണ് പ്രസിദ്ധീകരിക്കുക. ഏപ്രിൽ മാസം കളിച്ചും ചിരിച്ചും കശുവണ്ടി പെറുക്കി വിറ്റ് കാശുണ്ടാക്കിയും കഴിഞ്ഞുപോയതറിഞ്ഞില്ല. പുതിയ ക്ലാസിലേക്കുള്ള പുസ്തകങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയാണ് കശുവണ്ടിക്കാലത്ത് പൈസ സ്വരൂപിച്ചുവെക്കുന്നത്.

സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിന് തന്നെ പുതിയ ക്ലാസിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെയും ഉപകരണങ്ങളുടെയും ലിസ്റ്റ് ക്ലാസ് മാഷ് തരും. അതുപ്രകാരം സ്റ്റേഷനറി കടയിൽ ചെന്ന് പുസ്തകങ്ങൾ വാങ്ങണം. ഏഴാം ക്ലാസിൽ എത്തുമ്പോഴേക്കും ഇൻസ്ട്രുമെന്റ് ബോക്സ്, 300 പേജുള്ള കണക്ക് ബൗണ്ട് പുസ്തകം എന്നിവയും വാങ്ങണം. ഇതൊക്കെ മനസ്സിൽ സ്വപ്നം കണ്ടുകൊണ്ടാണ് വെക്കേഷൻ കാലം കടന്നുപോയത്.

ഫലപ്രഖ്യാപനവും ആശങ്കയും

ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് രാവിലെ വിദ്യാർഥികളായ ഞങ്ങൾ സ്കൂളിലെത്തും. ഫലം അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും വരുന്നത്. തലേദിവസം തന്നെ അധ്യാപകർ ഫലം എഴുതി തയ്യാറാക്കിയ ചാർട്ട് ബ്ലാക്ക് ബോർഡിൽ ഒട്ടിച്ചുവെച്ചിട്ടുണ്ടാവും. ആ ബോർഡ് പുറത്തുവെക്കില്ല; കുരുത്തംകെട്ട ആരെങ്കിലും കീറിക്കളയേണ്ട എന്ന് കരുതിയാണ് ക്ലാസ് മുറിക്കകത്ത് വെക്കുന്നത്. ജനൽപാളി തുറന്നുവെച്ചിട്ടുണ്ടാവും, അതിലൂടെ ഏന്തിവലിഞ്ഞു നോക്കിയാൽ ജയിച്ചവരുടെയും തോറ്റവരുടെയും വിവരം അറിയാം. തോറ്റ കുട്ടികളുടെ പേര് ചുവന്ന മഷിയിൽ എഴുതിയിട്ടുണ്ടാവും.

ഞാൻ ചെന്ന ഉടനെ ചുവന്ന മഷിയിൽ പേരുണ്ടോ എന്ന് നോക്കി. ഇല്ല. തോറ്റിട്ടില്ലെന്ന് ഉറപ്പിച്ചു. പക്ഷേ എം.ടി.പി. അബ്ദുറഹ്മാൻ എന്ന എന്റെ പേരിന് നേരെ 'റിസൽട്ട് വിത്ത്‌ഹെൽഡ് ഫോർ വാണ്ട് ഓഫ് കണ്ടോണേഷൻ' എന്നെഴുതി വെച്ചിട്ടുണ്ട്. അതെന്താണെന്ന് ആദ്യം മനസ്സിലായില്ല. കുറച്ചുനേരം ശങ്കിച്ചുനിന്നു. പിന്നെ കാര്യമറിയാൻ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് ചെന്നു. ഡോ. ആലക്കാടൻ നാരായണൻ മാഷായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. കണ്ട ഉടനെ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു. 'ക്ലാസിൽ ഹാജർ കുറവായതിനാൽ എ.ഇ.ഒ.യുടെ കണ്ടോണേഷൻ ഓർഡർ കിട്ടിയാലേ ഏഴിലേക്ക് പ്രമോഷൻ കിട്ടൂ. അത് കിട്ടുന്നത് വരെ നീ ആറാം ക്ലാസിൽ തന്നെ ഇരിക്കണം.'

ഇത് കേട്ടപ്പോൾ ഞാൻ ആകെ ക്ഷീണിതനായി. തോറ്റിട്ടുമില്ല, ജയിച്ചിട്ടുമില്ല. എന്നാൽ ഒട്ട് ഏഴിലേക്ക് എത്തിയതുമില്ല. തോറ്റവർ ദുഃഖിച്ചിരിക്കുന്നതും ജയിച്ചവർ ആഹ്ലാദിച്ചു ചിരിക്കുന്നതും എനിക്ക് കാണാമായിരുന്നു. ഞാൻ എന്ത് ചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ചു പോയി. അങ്ങനെ കൂടെ പഠിച്ച നാരായണനും ജനാർദ്ദനനും ഗോപാലനും ജാനകിയും കാർത്ത്യായനിയുമെല്ലാം ഏഴാം ക്ലാസിലേക്ക് പോയപ്പോൾ ഞാൻ തോറ്റവരുടെയും പുതുതായി അഞ്ചിൽ നിന്ന് ആറിലേക്ക് എത്തിയവരുടെയും കൂടെ ആറിൽ തന്നെ ഇരിക്കേണ്ടി വന്നു. ഞാൻ തോറ്റിട്ടില്ല എന്ന സമാധാനം മനസ്സിലുണ്ട്. അതാണ് ഏക ആശ്വാസവും. ഓരോ ദിവസവും എ.ഇ.ഒ.യുടെ ഉത്തരവ് വന്നോ എന്നന്വേഷിക്കും. പക്ഷേ നിരാശയായിരുന്നു ഫലം. അങ്ങനെ രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം കുമാരൻ മാഷ് ക്ലാസിൽ വന്നു പറഞ്ഞു: 'ഇന്നുമുതൽ നിനക്ക് ഏഴാം ക്ലാസിൽ പോയി ഇരിക്കാം. കടലാസൊക്കെ ശരിയായി.' അത്‌ കേട്ടപ്പോൾ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു.

ബി.എഡ്. കാലത്തെ അനുഭവങ്ങൾ

1985 ലാണ് രണ്ടാമത്തെ ഫലം തടഞ്ഞുവെച്ച അനുഭവം ഉണ്ടായത്. അന്ന് ഞാൻ തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലെ ബി.എഡ്. വിദ്യാർഥിയായിരുന്നു. കോളേജിലെ എല്ലാ പ്രവർത്തനങ്ങളിലും ഞാൻ സജീവമായിരുന്നു. പ്രൊഫസർമാരുടെയും പ്രിൻസിപ്പാളിന്റെയും പ്രോത്സാഹനം പലതരത്തിലും എനിക്ക് ലഭ്യമായിട്ടുണ്ട്. കോളേജ് പ്ലാനിംഗ് ഫോറം കൺവീനറായിരുന്നു ഞാൻ. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടിയിരുന്നു. തിയറി പരീക്ഷയും നല്ല രീതിയിൽ എഴുതിയതായിരുന്നു. വിജയം 100 ശതമാനം ഉറപ്പാക്കിയതാണ്. പക്ഷേ ഫലം വന്നപ്പോൾ തടഞ്ഞുവെച്ചിരിക്കുന്നു.

കോളേജിലെത്തി അധ്യാപകരെ കണ്ടു. പ്രൊഫ. നാരായണൻ സാർ പറഞ്ഞു: 'നിങ്ങൾക്ക് ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതാണ്. പിന്നെന്തു പറ്റിയെന്നറിയില്ല. ഏതായാലും നാളെ തന്നെ യൂണിവേഴ്സിറ്റിയിൽ ചെന്ന് വിവരം അന്വേഷിക്കൂ.' അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ അല്പം മനസ്സമാധാനം കൈവന്നു. എങ്കിലും അടുത്ത ദിവസം തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചെന്നു. പരീക്ഷാ വിഭാഗത്തിൽ എത്തി. അവിടെ അന്ന് തൃക്കരിപ്പൂരുകാരനായിരുന്ന കുഞ്ഞികൃഷ്ണൻ സാറായിരുന്നു പരീക്ഷാ വിഭാഗം മേധാവി. പ്രശ്നങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹം റെക്കോർഡ് പരിശോധിച്ചുകൊണ്ട് പറഞ്ഞു: 'ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിലെ പേരിലും പരീക്ഷാ അപേക്ഷയിലെ പേരിലും അക്ഷരപിശകുണ്ട്. അത് ശരിയാക്കിക്കൊണ്ടുവന്നാൽ ഫലം പ്രഖ്യാപിക്കും.'

അവിടെയും തോൽവിയാണോ ജയമാണോ എന്നറിയാനുള്ള വെപ്രാളമായിരുന്നു എനിക്ക്. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. എന്നിട്ട് പറഞ്ഞു: 'ഞാൻ അകത്തു ചെന്ന് ഫലം നോക്കിയിട്ട് പറയാം'. അകത്തേക്ക് പോയ കുഞ്ഞികൃഷ്ണൻ സാർ അരമണിക്കൂറിന് ശേഷമാണ് തിരിച്ചു വന്നത്. നോക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നും കാണുന്നില്ല. ആകപ്പാടെ വല്ലാത്തൊരു അവസ്ഥ. ഫലം ഗുണകരമാവാത്തതുകൊണ്ടാവാം അദ്ദേഹത്തിന്റെ മുഖത്ത് തെളിച്ചം കാണാത്തതെന്ന് ഞാൻ ഉറപ്പിച്ചു. എന്നിട്ടും ആകാംക്ഷയോടെയാണ് ഞാൻ അടുത്തു ചെന്നത്. അദ്ദേഹം പറഞ്ഞു: 'നിങ്ങൾക്ക് ഫസ്റ്റ് ക്ലാസുണ്ട്.'

ഹോ: ജീവൻ തിരിച്ചുകിട്ടിയ പോലെയായി. അടുത്ത ദിവസം കോളേജിലെത്തി റെക്കോർഡുകൾ ശരിയാക്കി യൂണിവേഴ്സിറ്റിയിൽ കൊണ്ട് കൊടുത്തു. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും കൈപ്പറ്റി. അങ്ങനെ രണ്ടാം തവണയും പ്രതിസന്ധി മറികടന്നു. അങ്ങനെ ഞാൻ ബി.എഡ്. ബിരുദധാരിയുമായി. അന്ന് അനുഭവിച്ച വേദനയും നിരാശയും ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ചെറിയൊരു വിഷമം തോന്നാറുണ്ട്. പരാജയത്തിന്റെ രുചി അറിഞ്ഞെങ്കിലും വിജയത്തിന്റെ ചവിട്ടുപടിയിൽ ഞാൻ എത്തുകതന്നെ ചെയ്തു. അതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ പാഠം. അതെ, പരാജയം ഒന്നിന്റെയും അവസാനമല്ല.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ ലേഖനം സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: Kookanam Rahman recalls the anxiety of withheld exam results in his memoir.

#KookanamRahman #ExamAnxiety #Memories #KeralaEducation #ResultWithheld #LifeLessons

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia