Controversy | കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: മകളുടെ മൃതദേഹം ദഹിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി; പൊലീസ് പണം വാഗ് ദാനം ചെയ്തുവെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍
ദക്ഷ മനു
കൊല്‍ക്കത്ത: (KVARTHA) പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ മാതാപിതാക്കള്‍ രംഗത്ത്. മൃതദേഹം പെട്ടെന്ന് സംസ്‌കരിച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചു, അതിനായി പണം വാദ്ഗാനം ചെയ്തു, തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ പൊലീസിനെതിരെ ഉന്നയിച്ചത്. മകളുടെ മൃതദേഹം സംരക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ശവസംസ്‌കാര ചടങ്ങുകള്‍ തിടുക്കത്തില്‍ നടത്താന്‍ തങ്ങളെ നിര്‍ബന്ധിച്ചതായും മാതാപിതാക്കള്‍ ആരോപിച്ചു. ഓഗസ്റ്റ് ഒന്‍പതിനാണ് രാജ്യത്തെ നടുക്കിയ അതിദാരുണമായ കൊലപാതകം നടന്നത്.
മരിച്ച മകളെ കാണാന്‍ അനുവദിക്കാത്തതിനാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് വരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മൃതദേഹം കൈമാറിയപ്പോള്‍, ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാഗ് ദാനം ചെയ്തു, അത് ഞങ്ങള്‍ നിരസിച്ചു എന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു. മകളുടെ മൃതദേഹം സംരക്ഷിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷേ പൊലീസ് വളരെയധികം സമ്മര്‍ദം ചെലുത്തി. ഏകദേശം 300-400 പൊലീസുകാര്‍ ഞങ്ങളെ വളഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ തിരികെ പോന്നു. എന്തിനാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ബന്ധിതരായതെന്നും അവര്‍ പറഞ്ഞു.
ശവസംസ്‌കാരം ധൃതിയില്‍ നടത്തിയെന്നും അതിന്റെ ചെലവ് വഹിക്കാന്‍ പോലും കുടുംബത്തെ അനുവദിച്ചില്ലെന്നും ഡോക്ടറുടെ പിതാവ് പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശൂന്യമായ ഒരു വെള്ള കടലാസില്‍ ഒപ്പിടീക്കാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഞാന്‍ അത് വലിച്ചുകീറിയെറിഞ്ഞു. കൊല്ലപ്പെട്ട മകള്‍ക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് കുടുംബം പൂര്‍ണ്ണ പിന്തുണ അറിയിച്ചു. 'എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല, കുറ്റവാളികളുടെയും ഉറക്കം നഷ്ടപ്പെടണമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ സമരത്തിന് പിന്തുണ അറിയിച്ച് സംസാരിച്ചു. ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരണം എന്നും അവര്‍ പറഞ്ഞു.
മകള്‍ ആത്മഹത്യ ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചത്. മാത്രമല്ല, മകളുടെ മൃതദേഹം കാണാന്‍ മുന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. എന്തിനാണ് പോസ്റ്റ് മോര്‍ട്ടം വൈകിയത്? എന്തിനാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. രാത്രി ഏഴു മണിയോടെയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്, പിന്നെ എന്തിനാണ് 11.45 ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഡോക്ടറുടെ പിതാവ് ചോദിക്കുന്നത്.
മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിലേക്ക് കൊണ്ടുപോകുന്നതിന് ഇരയുടെ മാതാപിതാക്കള്‍ വെറും 10 മിനിറ്റാണ് കാത്തിരിക്കേണ്ടി വന്നതെന്നാണ് കൊല്‍ക്കത്ത പൊലീസ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ മകളെ കാണാന്‍ അനുവദിക്കണമെന്ന് പൊലീസുകാരോട് കേണപേക്ഷിച്ചെന്നും മൂന്ന് മണിക്കൂറിലധികം കാത്തിരുന്നുവെന്നും പറഞ്ഞ രക്ഷിതാക്കള്‍ ഇത് നിഷേധിക്കുന്നു.
മൃതദേഹം കണ്ടെത്തി 14 മണിക്കൂറിന് ശേഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ കാരണം സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചിരുന്നു. പൊലീസുകാര്‍ ഈ നടപടിക്രമം വിശ്വസ്തതയോടെയാണ് പാലിച്ചതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ല.
ഡോക്ടറുടെ മാതാപിതാക്കള്‍ നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സിബിഐക്ക് വിടാന്‍ ഉത്തരവിട്ടിരുന്നു. ആഗസ്ത് 10 മുതല്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയര്‍ന്നു, നീതി ലഭിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള ആളുകള്‍ ആവശ്യപ്പെട്ടു. ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി കൊല്‍ക്കത്ത നഗരവാസികള്‍ ഒരു മണിക്കൂര്‍ ലൈറ്റ് ഓഫ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി വിക്ടോറിയ മെമ്മോറിയല്‍, രാജ് ഭവന്‍ തുടങ്ങിയ പ്രധാന സ്മാരകങ്ങളിലെ ലൈറ്റുകള്‍ അണച്ചു.
ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജ് ഭവനില്‍ മെഴുകുതിരികള്‍ കത്തിച്ച് എക്‌സില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചു. വെളിച്ചം ഭയമാകുമ്പോള്‍ ഇരുട്ട് പ്രിയപ്പെട്ടതാണ്- എന്ന അടിക്കുറിപ്പും നല്‍കി. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിനെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച, പശ്ചിമ ബംഗാള്‍ നിയമസഭ ഏകകണ്ഠമായി സംസ്ഥാന ബലാത്സംഗ വിരുദ്ധ ബില്‍ പാസാക്കി. ബലാത്സംഗ കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ ഇരയുടെ മരണത്തില്‍ കലാശിക്കുകയോ അല്ലെങ്കില്‍ അവളെ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയോ ചെയ്താല്‍ വധശിക്ഷ, മറ്റ് കുറ്റവാളികള്‍ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് എന്നിവ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഇക്കാര്യങ്ങളൊക്കെ ചെയ്യുമ്പോഴും ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ സുരക്ഷ കര്‍ശനമാക്കുന്നതിനും റസിഡന്റ് ഡോക്ടര്‍മാരുടെ ജോലി സമയം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനും മമത സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാദ്ഗാനം ചെയ്തെന്ന ആരോപണം അതീവ ഗുരുതരമാണ്. അതേക്കുറിച്ച് അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മാത്രമല്ല, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും വേണം.
#KolkataCrime, #JusticeForVictim, #PoliceMisconduct, #CBIInvestigation, #WestBengal, #Protests