പത്മശ്രീ നേടിയ റാബിയയെ അറിയാം; ചീറിപ്പായുന്ന മനസിന്റെ ശക്തികൊണ്ട് കുതിച്ച ധീര വനിത

 


കൂക്കാനം റഹ്‌മാൻ

(www.kvartha.com 29.01.2022) 
വെളളിനക്കാട്ടിലെ വെളളരിപ്രാവാണു നീ റാബിയ. ചിറകുകള്‍ക്ക് കരുത്തില്ലാഞ്ഞിട്ടും ചീറിപ്പായുന്ന മനസ്സിന്റെ ശക്തികൊണ്ട് നീ കുതിക്കുകയായിരുന്നു. ആശയറ്റ മനുഷ്യര്‍ക്ക് ആശ്രയമാകാന്‍ നീ വെമ്പുകയായിരുന്നു. ആയിരങ്ങള്‍ക്ക് ആവേശമാകന്‍ നിന്റെ ഇടപെടലുകള്‍ മുലം സാധ്യമായിട്ടുണ്ട്. പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചമേകാന്‍ കാരണക്കാരിയാണു നീ. ലക്ഷ്യത്തിലേക്കുളള പ്രയാണത്തില്‍ തടസ്സങ്ങളെ തട്ടിമാറ്റിയും സ്‌നേഹത്തണലേകാന്‍ വന്നവരെ സാഭിമാനം സ്വീകരിച്ചും നീ മുന്നേറിക്കൊണ്ടിരിക്കുകയാണിന്ന്. തികഞ്ഞ ദൈവവിശ്വാസത്തില്‍ അടിയുറച്ച് നിന്ന് നീ അടരാടുകയായിരുന്നില്ലേ?. നടന്നു പോകാന്‍ കഴിയാത്ത നിന്നെ ചുമലിലേറ്റി നടന്നു അറിവിന്റെ ലോകത്തേക്ക് രക്ഷിതാക്കള്‍ കൊണ്ടുപോയി. കിട്ടിയ അറിവ് പകര്‍ന്നുകൊടുക്കാന്‍ നീ വെമ്പല്‍ കൊളളുകയായിരുന്നില്ലേ?

പത്മശ്രീ നേടിയ റാബിയയെ അറിയാം; ചീറിപ്പായുന്ന മനസിന്റെ ശക്തികൊണ്ട് കുതിച്ച ധീര വനിത

കടലുണ്ടി പുഴയോരത്തുളള നിന്റെ കൊച്ചുവീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ അല്‍ഭുതപ്പെടുത്തി. നിന്റെ വീല്‍ചെയറിനു ചുറ്റും വട്ടംകൂടി നില്‍ക്കുന്ന സഹോദരിമാരുടെ മുഖത്ത് നിന്നോടുളള ആദരവ് ഞാന്‍ ദര്‍ശിച്ചു. അക്ഷരവെളിച്ചവുമായി നിന്നോടൊപ്പം നീങ്ങുന്ന അക്ഷരപടയാളികളാണ് അവരെന്ന് നിന്റെ വാക്കുകളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. കടലുണ്ടി പുഴയോരത്തുളള കുടിലുകള്‍ക്കു മുമ്പില്‍ നിന്റെ ശിഷ്യഗണങ്ങള്‍ കൂടി നില്‍ക്കുന്നത് കണ്ടു. നീയൊന്ന് വിരല്‍ ഞൊടിച്ചാല്‍ മതി അവരൊക്കെ ഈ മൈതാനിയിലേക്ക് കുതിച്ചെത്തുമെന്നെനിക്കറിയാം. ചിന്തിച്ച പോലെ അത് സംഭവിച്ചു. വളണ്ടിയര്‍മാര്‍ പല ഭാഗത്തേക്കും ചെന്നു. നൂറ് കണക്കിനാളുകള്‍ റാബിയയുടെ വീട്ടിന്‍ മുറ്റത്തുളള മൈതാനത്ത് ഒത്തു കൂടി.

റാബിയ എന്നെ ക്ഷണിച്ചതാണ് അവളുടെ വെളളിനക്കാട്ടേക്ക്. റാബിയയുടെ പ്രവര്‍ത്തനം നേരിട്ടു കാണാനുളള ആഗ്രഹം അറിയിച്ചപ്പോള്‍ സ്‌നേഹപൂര്‍വ്വം അവളെന്നെ ക്ഷണിക്കുകയായിരുന്നു. ഞാന്‍ എത്തുന്ന വിവരം അവളുടെ പഠിതാക്കളെ അറിയിച്ചിരുന്നു. കരിവെളളൂരിലെയും കരിന്തളത്തിലെയും, ബദിയടുക്കയിലെയും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന എന്നെ അവളുടെ സഹപ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കാനുളള അവസരവും റാബിയ ഒരുക്കി തന്നു. അതൊരു സ്വീകരണ യോഗമാക്കിമാറ്റി റാബിയ.

എന്നെ അല്‍ഭുതപ്പെടുത്തിയ വേറൊരു കാര്യം സ്വീകരണച്ചടങ്ങ് ഏര്‍പ്പെടുത്തിയ സംഘടനയുടെ പേര് അറിഞ്ഞപ്പോഴാണ് ‘ചലനം സാംസ്‌ക്കാരിക വേദി’ എന്നായിരുന്നു സംഘടനയുടെ പേര് ചലനശേഷി ഇല്ലാതിരുന്നിട്ടും മനസ്സാനിധ്യം കൊണ്ട് നാടൊട്ടാകെ ചലിക്കാനുളള ത്രാണി കൈവരിച്ച റാബിയയും സഹപ്രവര്‍ത്തകരുമാണ് ഈ പേര് കണ്ടെത്തിയത്. എന്നെ പരിചയപ്പെടുത്തിക്കൊണ്ട് മലപ്പുറം ജില്ലയിലെ പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ രാവണ പ്രഭു സംസാരിച്ചു. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് മനോഹരമായൊരു ഫലകം റാബിയയുടെ കയ്യില്‍ നിന്ന് ഞാന്‍ ഏറ്റുവാങ്ങി. നിരവധി ഫലകങ്ങളും, മെമൊന്റോകളും എന്റെ ഷോകെയ്‌സില്‍ സ്ഥലം പിടിച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം മഹത്തരമായി ഞാന്‍ കാണുന്നത് ഈ ഫലകം തന്നെ.

സ്വാമി നിത്യചൈതന്യയതിയുമായി അടുത്ത സ്‌നേഹബന്ധം ഉണ്ട് റാബിയയ്ക്ക്. അദ്ദേഹം മരിക്കുന്നതുവരെ പരസ്പരം എഴുത്തുകുത്തുകള്‍ അവര്‍ കൈമാറിയിട്ടുണ്ട്. റാബിയയുടെ സാമൂഹ്യ സന്നദ്ധപ്രവര്‍ത്തനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് നിത്യചൈതന്യയതി. അദ്ദേഹം അവസാനമായി റാബിയയ്ക്ക് എഴുതിയത് ഇങ്ങിനെയാണ് 'ഒരു റോസാപൂവ് പോലെ എന്റെ മകളെ ദൈവത്തിന്റെ കാല്‍ക്കല്‍ വച്ച് ഞാന്‍ നമിക്കുന്നു'.

ഈ അപൂര്‍വ്വ പ്രതിഭയെ ഞാന്‍ കരിവെളളുരിലേക്ക് ക്ഷണിച്ചു. അവള്‍ അധികം പുറത്തേക്കിറങ്ങാറില്ല. എന്റെ ക്ഷണം റാബിയയ്ക്ക് നിഷേധിക്കാന്‍ പറ്റിയില്ല. കാലുകള്‍ തളര്‍ന്നിട്ടും മനസ്സുതളരാത്ത ത്യാഗസന്നദ്ധയായ ഈ പെണ്‍കുട്ടിയെ നാട്ടുകാര്‍ക്ക് പരിചെയപ്പെടുത്തികൊടുക്കണമെന്ന എന്റെ മോഹമാണ് അവരെ ക്ഷണിക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാറ്റിനും ആളുകളുടെ സഹായം വേണം. എന്നിട്ടും റാബിയ വരാന്‍ തയ്യാറായി. 1996 ഡിസംബര്‍ മാസത്തിലാണ് റാബിയ വന്നത്. തിരൂരില്‍ നിന്ന് ജീപ്പിലാണ് വരുന്നത്. വീല്‍ചെയര്‍ കരുതിയിട്ടുണ്ട്. ഏതാണ്ട് ഉച്ച സമയത്താണ് മൂന്നാല് സുഹൃത്തുക്കളുമായി അവര്‍ വീട്ടിലെത്തിയത്.

ജീപ്പില്‍ നിന്ന് വലിയൊരു അലുമിനിയ പാത്രം ഇറക്കുന്നതു കണ്ടു. റാബിയ വരുന്ന വിവരം അറിഞ്ഞതുകൊണ്ട് അയല്‍ക്കാരും കാണാനെത്തിയിരുന്നു. വീടിനകത്തേക്കും വീല്‍ചെയറിലാണ് പ്രവേശിച്ചത്. നാലഞ്ചു മണിക്കൂര്‍ യാത്ര ചെയ്തതിന്റെ ക്ഷീണമുണ്ടെങ്കിലും മുഖത്തെ പുഞ്ചിരിയില്‍ അതൊന്നും കാണുന്നില്ല. മൂത്രമൊഴിക്കാന്‍ ബാത്ത്‌റൂമിലേക്ക് പോകാന്‍ പോലും അവള്‍ക്കാവില്ല. അതിനാണ് വലിയ അലുമിനീയ പാത്രം കൂടെ കരുതിയത്.

ഭക്ഷണശേഷം വീട്ടുകാരേയും അയല്‍ക്കാരേയും പരിചയപ്പെട്ടു. കരിവെളളൂരിലെ ബീഡിത്തൊഴിലാളികളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ ദീനേശ് ബീഡി ബ്രാഞ്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി. കമ്പനിയില്‍ നിരനിരയായിരുന്നു ചിട്ടയോടെയും അച്ചടക്കത്തോടെയും ബീഡിതെറുക്കുന്ന സഹോരങ്ങളെ കണ്ടപ്പോള്‍ റാബിയയ്ക്ക് ആവേശമായി. പഠനത്തിന്റെ പ്രാധാന്യവും അറിവുനേടേണ്ടതിന്റെ ആവശ്യകതയും റാബിയ ബീഡിത്തൊഴിലാളികളുമായി പങ്കുവെച്ചു.

അതു കഴിഞ്ഞ് നവ സാക്ഷരരായവര്‍ക്ക് തൊഴില്‍ പരിശീലനം കൊടുക്കുന്ന സ്ഥാപനം കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. നീലേശ്വരം പാന്‍ടെക്ക് ആഫീസില്‍ കൊണ്ടുപോയി. അവിടെ അപ്പോള്‍ ഇലക്‌ട്രോണിക് ചോക്ക് അസംബ്ലിംഗ് പരിശീലനം നടക്കുകയായിരുന്നു .മുപ്പതുപേര്‍ പരിശീലകരായിട്ടുണ്ടായിരുന്നു. റാബിയ അവരുമായും ദീര്‍ഘനേരം സംസാരിച്ചു. ഇത്രയുമായപ്പോഴേക്കും അഞ്ച് മണി കഴിഞ്ഞു. റാബിയയും സുഹൃത്തുക്കളും മലപ്പുറത്തേക്ക് തിരിച്ചുപോയി.

തുടര്‍ന്ന് ഞങ്ങള്‍ കത്തുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ഇടയ്ക്ക് അസുഖ ബാധിതയാണെന്ന വിവരം അറിഞ്ഞു. ആവുന്ന സഹായം ചെയ്തു കൊടുക്കാനും സന്തോഷമേ ഉണ്ടായിരുന്നുളളൂ. പരേതനായ മൂസക്കുട്ടി-ബീയ്യാച്ചുട്ടി ദമ്പതിമാരുടെ മകളാണ് റാബിയ. റാബിയയും സുഹൃത്തുക്കളും രൂപം കൊടുത്ത ചലനം സാംസ്‌ക്കാരിക വേദി ഇന്നും വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തില്‍ ഗ്രാന്ഥാലയം, പുനരധിവാസ കേന്ദ്രം പാലിയേറ്റീവ് പ്രവര്‍ത്തനം തുടര്‍ വിദ്യാഭ്യസ പ്രവര്‍ത്തനം എന്നിവ മാതൃകാപരമായി നടന്നുവരുന്നുണ്ട്.

വയ്യായ്കയിലും വിജയക്കൊടി പറപ്പിച്ചുകൊണ്ട് അമ്പത്തിയാറിലെത്തിയ റാബിയയ്ക്ക് 2022ലെ പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹയായതില്‍ നമുക്കൊരു ബിഗ്‌സല്യൂട്ട് നല്‍കാം. അവരുടെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടനവധി അവാര്‍ഡുകള്‍ നല്‍കി പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. നാഷണല്‍ യൂത്ത് അവാര്‍ഡും ,സാക്ഷരതാ പ്രവര്‍ത്തനത്തിന് ഒട്ടേറേ പുരസ്‌ക്കാരങ്ങളും റാബിയയെ തേടിയെത്തിടിട്ടുണ്ട്. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാന്തര ബിരുദവും നേടിയ റാബിയ അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയാണ്. ത്യാഗിയായ ഈ സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് അഭിവാദ്യങ്ങളോടെ ആശംസകളോടെ പൂച്ചെണ്ടുളർപ്പിക്കാം.

Keywords:  Kerala, Article, Women, Padma awards, Padmasree, Rabiya, Kookkanam Rahman, Education, Government, Know Rabiya who won the Padma Shri.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia