Literacy Campaign | കേരളത്തിന്റെ സമ്പൂർണ സാക്ഷരതയിലേക്കുള്ള യാത്ര


● കേരളത്തിൽ എഴുത്തും വായനയും അറിയാത്തവർ ആരുമുണ്ടാവരുതെന്ന ലക്ഷ്യത്തോടെ കേരള സമൂഹം ഒന്നാകെ സട കുടഞ്ഞെണീറ്റ സംഭവമായിരുന്നു സമ്പൂർണ സാക്ഷരതാ യജ്ഞം.
● പ്രാദേശിക തലത്തിൽ നിരവധി സാക്ഷരതാ കേന്ദ്രങ്ങളുണ്ടായി.
● വായനശാലകളും വിദ്യാലയങ്ങളും ഗ്രന്ഥാലയങ്ങളും, മദ്രസകളും അമ്പലം പള്ളി പരിസരങ്ങളും സാക്ഷരതാ കേന്ദ്രങ്ങളായി മാറി.
● പഠിതാക്കളുടെ സമയവും സൗകര്യവും നോക്കി ക്ലാസുകൾ പ്രവർത്തിച്ചു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 41
(KVARTHA) 1990 കളിൽ കേരള ജനത ഒന്നിച്ചു നിന്ന് നയിച്ച ഒരു സംഭവമാണ് നിരക്ഷരതക്കെതിരായ പടയണി. മതം, രാഷ്ട്രീയം തുടങ്ങിയ വിഭിന്നതകളിൽ അഭിരമിക്കാതെ ഒരേ ലക്ഷ്യത്തിനായി എല്ലാവരും ഒപ്പം നിന്നു. അത്തരമൊരു പ്രവർത്തന ശൈലി നാടിൻ്റെ വികസനത്തിനായി എല്ലാ കാലത്തും നടത്തിയിരുന്നെങ്കിൽ കേരളം ദൈവത്തിൻ്റെ സ്വന്തം നാടായി മാറുമായിരുന്നു. കേരളത്തിൽ എഴുത്തും വായനയും അറിയാത്തവർ ആരുമുണ്ടാവരുതെന്ന ലക്ഷ്യത്തോടെ കേരള സമൂഹം ഒന്നാകെ സട കുടഞ്ഞെണീറ്റ സംഭവമായിരുന്നു സമ്പൂർണ സാക്ഷരതാ യജ്ഞം.
സർക്കാർ സംവിധാനങ്ങളാക്കെ പ്രസ്തുത ലക്ഷ്യ സാധ്യത്തിനായി സജ്ജരായി മുന്നോട്ടു വന്നു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമുള്ള ഔദ്യോഗിക സംവിധാനങ്ങൾ പ്രവർത്തനങ്ങൾ സഹായകമായ നിലപാടുകൾ സ്വീകരിച്ചു. രാവും പകലുമില്ലാതെ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വിഘ്നമാവാതെ സന്നദ്ധ പ്രവർത്തകരെ സഹായിക്കാൻ സജീവമായി മുമ്പോട്ടു വന്നു. സംഘാടക പ്രവർത്തനങ്ങൾ സംസ്ഥാന തലം മുതൽ ഗ്രാമ പഞ്ചായത്തു തലം വരെ സജീവമായി. ഇതിൻ്റെ പ്രവർത്തനത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് സന്നദ്ധരായ സാക്ഷരതാപ്രവർത്തകരെയാണ്.
ആനുകൂല്യങ്ങളൊന്നും പറ്റാതെ സാക്ഷരതാ ക്ലാസുകൾ നടത്താൻ പതിനായിരക്കണക്കിന് സേവനോത്സുകരായ യുവതീയുവാക്കൾ കർമ്മരംഗത്തിറങ്ങിയതാണ് ലക്ഷ്യപ്രാപ്തിയിലെത്താൻ പദ്ധതിക്ക് സാധ്യമായത്. പ്രാദേശിക തലത്തിൽ നിരവധി സാക്ഷരതാ കേന്ദ്രങ്ങളുണ്ടായി. വായനശാലകളും വിദ്യാലയങ്ങളും ഗ്രന്ഥാലയങ്ങളും, മദ്രസകളും അമ്പലം പള്ളി പരിസരങ്ങളും സാക്ഷരതാ കേന്ദ്രങ്ങളായി മാറി. ഇതൊന്നുമില്ലാത്ത സ്ഥലത്ത് സൗകര്യപ്രദമായ വീടുകളും പഠന കേന്ദ്രങ്ങളായി മാറി. പഠിതാക്കളുടെ സമയവും സൗകര്യവും നോക്കി ക്ലാസുകൾ പ്രവർത്തിച്ചു.
സാക്ഷരതാ ഇൻസ്ട്രക്ടർമാരായി പ്രവർത്തിച്ചു വന്ന പ്രവർത്തകരെ സമൂഹം നല്ല പോലെ അംഗീകരിച്ചിരുന്നു. സർക്കാർ വകുപ്പുകളും ഇൻസ്ട്രർമാർക്ക് പ്രോത്സാഹനം നൽകി. ഒരു വർഷം കൊണ്ട് ആശിച്ച ലക്ഷ്യത്തിലെത്താൻ കഴിഞ്ഞത് ഒത്തൊരുമയോടെയുള്ള പ്രവർത്തന ശൈലിയായിരുന്നു. സമ്പൂർണ സാക്ഷരതായജ്ഞത്തിന് ജില്ലാ തലത്തിൽ എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനപൂർവ്വം സ്മരിക്കുകയാണ്. കാസർകോട് ജില്ലാതലത്തിൽ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ അഞ്ച് പേരെ ജില്ലാ കോ ഓർഡിനേറ്റർമാരായി ജില്ലാ കലക്ടർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുകയുണ്ടായി.
അന്ന് എ.ഡി.സിയും പിന്നീട് ജില്ലാകലക്ടറുമായി പ്രവർത്തിച്ച വി എൻ ജിതേന്ദ്രൻ, മുൻ വിദ്യാഭ്യാസ മന്ത്രിയുടെ പി.എ. ആയിരുന്ന സി രാമകൃഷ്ണൻ, പരിഷത്ത് പ്രവർത്തകനായ പപ്പൻകുട്ടമത്ത്, ഹെഡ്മാസ്റ്ററായിരുന്ന കെ.വി. കുമാരൻ, കാൻഫെഡ് ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഞാൻ (കൂക്കാനം റഹ് മാൻ) എന്നിവരെയാണ് ജില്ലാ കോർഡിനേറ്റർമാരായി നിയമിച്ചത്. എനിക്ക് എൻവയോൺമെൻ്റ് ആൻഡ് പബ്ലിസിറ്റിയുടെ ചുമതലയായിരുന്നു. ജില്ലാ കോ- ഓർഡിനേറ്റർമാരെ സഹായിക്കാൻ അസി: ജില്ലാ കോ - ഓർധിനേറ്റർമാരായി കാവുങ്കാൽ നാരായണൻ, ജാനകി രാഘവൻ, ഷെട്ടി ഗാർ തുടങ്ങിയവരേയും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു.
ഇതിനും പുറമേ കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രൊഫ കെ.പി. ജയരാജനെയും കാസർകോട് ആസ്ഥാനമായി പ്രൊഫ. എ ശ്രീനാഥിനേയും പ്രൊജക്ട് ഓഫീസർമാരായും നിശ്ചയിച്ചിരുന്നു. പഠിതാക്കളെ പഠന കേന്ദ്രത്തിലേക്കാകർഷിക്കുക, മിടുക്കരായ പ്രവർത്തകരെ കണ്ടെത്തുക സാക്ഷരതാ ക്ലാസുകളുടെ സംഘാടനം തുടങ്ങിയ ചുമതലായിരുന്നു എനിക്ക്. പ്രചരണം പ്രകമ്പനം കൊള്ളിച്ചാലെ പ്രായമായ പഠിതാക്കളെ പഠന കേന്ദ്രങ്ങളിലെത്തിക്കാൻ പറ്റൂ. പഞ്ചായത്തു തോറും കാൽ നട ജാഥകളും കലാജാഥകളും നടത്തി ജനങ്ങളെ ബോധവൽക്കരിക്കണം. അനുയോജ്യരായ ഇൻ്ട്രക്ടർമാരെ കണ്ടെത്തണം തുടങ്ങിയ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കു വഹിക്കാൻ എനിക്ക് കഴിഞ്ഞു.
മറ്റുള്ള ജില്ലകളിൽ നിന്നും വ്യത്യസ്തമായി കന്നടയിലും ഇവിടെ ക്ലാസുകൾ നടത്തേണ്ടിവന്നു. മലയോരത്തേയും, കടലോരത്തേയും ജനങ്ങൾക്കു വേണ്ടി പ്രത്യേക രീതിയിലുള്ള പ്രചാരണവും ക്ലാസുകളും സംഘടിപ്പിക്കേണ്ടിവന്നു. മുസ്ലിം ജന വിഭാഗത്തിൽ പെട്ട നിരക്ഷരരായ ആളുകളെ കണ്ടെത്താനും ക്ലാസുകളിലെത്തിക്കാനും 'ഗൃഹ സദസ്സു'കൾ സംഘടിപ്പിച്ചു. മുസ്ലീം കോളണികളിൽ ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് ഒത്തുകൂടുകയും അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന പരിപാടിയായിരുന്നു അത്. ഈ ആശയം മുന്നോട്ടു വെച്ചത് ഞാനായിരുന്നു. അന്നത്തെ കലക്ടർ ജെ സുധാകരൻ മിക്ക ഗൃഹ സദസ്സുകളിലും പങ്കെടുക്കുകയുണ്ടായി.
സാക്ഷരതാ ക്ലാസിൽ വരാൻ മടിച്ചു നിന്ന നിരവധി മുസ്ലീം സഹോദരിമാരെ ക്ലാസിലേക്ക് ആകർഷിക്കാൻ ഗൃഹസദസ്സുകൾ വഴി സാധ്യമായിട്ടുണ്ട്. ജില്ലയിലെ മുഴുവൻ മുസ്ലിം പള്ളികളിൽ ചെന്ന് സാക്ഷരതാ പരിപാടിയെക്കുറിച്ച് വിശദീകരിക്കാനും മഹല്ല് പരിധിയിലെ നിരക്ഷരരായ മുഴുവൻ ആളുകളെയും സാക്ഷരതാ ക്ലാസിലെത്താൻ പ്രേരിപ്പിക്കാനുമുള്ള ചുമതല ജില്ലാ കലക്ടർ എനിക്കു നൽകി. പ്രസ്തുത ആവശ്യത്തിന് സർക്കാർ വാഹനം വിട്ടു തരികയും ചെയ്തു. മറക്കാനാവാത്ത കുറേ അനുഭവങ്ങൾ അതു മൂലവും ഉണ്ടായി. പള്ളിക്കുളത്തിൽ വഴുതിവീണതും, അറബി എഴുതാനും വായിക്കാനും അറിയുന്ന ഞങ്ങൾ സാക്ഷരരല്ലേ എന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിന്നതും ഓർമ്മയിലുണ്ട്.
അക്ഷരം പഠിച്ചാൽ ഞങ്ങൾക്കെന്തു കിട്ടും എന്ന ചോദ്യവും പല കോണുകളിൽ നിന്നുമുണ്ടായി. 'വിശക്കുന്നവരേ പുസ്തകം കയ്യിലെടുക്കൂ അതൊരായുധമാണ്' 'പട്ടിണിയും കഷ്ടപ്പാടും മാറ്റാൻ അക്ഷരം പഠിക്കണം' 'വായിച്ചു വളരു എഴുത്തു പഠിച്ചു കരുത്തുനേടു', എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ ആവർത്തിച്ചു പറഞ്ഞു ബോധ്യപ്പെടുത്താൻ നന്നേ പാടുപെടേണ്ടിവന്നു. ദളിത് മേഖലകളിലും പഠിതാക്കളെ ക്ലാസുകളിലേക്കാകർഷിക്കാൻ വ്യത്യസ്ത പരിപാടികൾ നടത്തേണ്ടിവന്നു. ബദിയടുക്ക 'കൊറഗ' കോളണിയിൽ അക്ഷരം പറഞ്ഞു കൊടുക്കുന്നതിന് മുന്നേ വ്യക്തിശുചിത്വത്തെക്കുറിച്ചും വീടും പരിസരവും വൃത്തിയായി പരിപാലിക്കേണ്ടതിനെക്കുറിച്ചും രണ്ടാഴ്ച നീണ്ടുന്ന ജീവിത പരിശീലന കളരി നടത്തി.
എണ്ണ തേപ്പിച്ചും, കുളിപ്പിച്ചും, നല്ല വസ്ത്രം ധരിപ്പിച്ചും, പുകയില മുറുക്കും റാക്ക് കുടിയും ഒഴിവാക്കണമെന്ന് ബോധ്യപ്പെടുത്തിയും ക്ലാസെടുത്തു. അവർ താമസിച്ചിരുന്ന കുടിലിൻ്റെ മുറ്റം നിറയെ മുറുക്കിത്തുപ്പിയിടും. കന്നുകാലികളുടെ മാംസം ഭക്ഷിക്കുന്നതിലും സൂക്ഷമത കുറവുണ്ട്. സർക്കാർ നിർമ്മിച്ചു കൊടുത്ത ടോയ്ലറ്റ് അവർ ഉപയോഗിച്ചിരുന്നില്ല. അക്ഷരമറിയില്ലെങ്കിലും ഒരു ദളിത് സുഹൃത്ത് പറഞ്ഞ കണക്ക് കേട്ടു സാക്ഷരതാപ്രവർത്തകരായ ഞങ്ങൾ കണ്ണുമിഴിച്ചു നിന്നു പോയി. അദ്ദേഹം പറഞ്ഞു. 'സാറെ എൻ്റെ വീട്ടിൽ 8 പേരുണ്ട്. ഒരാൾക്ക് കക്കൂസിൽ പോകാൻ 2 ബക്കറ്റ് വെള്ളം വേണം. ചുരുങ്ങിയത് 16 ബക്കറ്റ് വെള്ളം വേണം ഞങ്ങളുടെ ഈ കുന്നിൻപ്രദേശത്ത് എവിടെ പോയും വെളിക്കിരിക്കാം. 8 ബക്കറ്റ് വെള്ളം കൊണ്ട് കാര്യം സാധിക്കാം. ബാക്കി വെള്ളം തെങ്ങിൻ തടത്തിലൊഴിച്ചാൽ അത്രയും ഗുണം കിട്ടില്ലേ?'
പക്ഷേ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. വീട്ടുമുറ്റത്തുള്ള വലിയൊരു തെങ്ങ് ചൂണ്ടി പറഞ്ഞു 'ഇത് ദേവൻ പ്രാർത്ഥിച്ച തെങ്ങാണ്. അതിൻ്റെ തേങ്ങ ദേവന് സമർപ്പിക്കും. ആ തെങ്ങിനാണ് ഞങ്ങൾ വെള്ളമൊഴിക്കുന്നത്'. രണ്ടു തരത്തിലും തെറ്റായ വീക്ഷണം വെച്ചുപുലർത്തുന്നവർ. എൻ്റെ വീട്ടിലും സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചിരുന്നു. വീട്ടിന് സമീപത്തുള്ള വീടുകളിലെ പന്ത്രണ്ട് യുവതികളായിരുന്നു പഠിതാക്കൾ. 25 വയസ്സുകാരിയായ ശാന്ത മുതൽ 60 കടന്ന സൈനബ വരെ പഠിതാക്കളായിരുന്നു. അല്പം ഭീഷണിയൊക്കെ പ്രയോഗിച്ചാണ് ക്ലാസിൽ വരുത്തിയത്.
'റേഷൻ കാർഡിൽ പേരു തടയും' തുടങ്ങിയ പേടിപ്പെടുത്തലുകളൊക്കെയുണ്ടായി. പക്ഷേ ക്ലാസിൽ വന്നു തുടങ്ങിയപ്പോൾ പാട്ടും ചിരിയും കളിയുമൊക്കെയായി. രാത്രി 8 മണി മുതൽ 10 മണി വരെയാണ് ക്ലാസ്. ഞാനും ഭാര്യ സുഹറയുമാണ് ഇൻസ്ടക്ടർമാർ. ഫീൽഡിൽ പോയാൽ വീട്ടിലെത്താൻ വളരെ വൈകും എന്നതിനാലാണ് ഭാര്യയെ കൂടി ഇൻസ്ട്രക്ടറായി വെച്ചത് ജില്ലയിൽ സാക്ഷരതാ യജ്ഞം വൻ വിജയമായിരുന്നു.
കാലപരിധിക്കുള്ളിൽ വെച്ചു തന്നെ യുഎൻ നിർദ്ദേശപ്രകാരമുള്ള 90 % മുകളിൽ സാക്ഷര കൈവരിക്കാൻ ജില്ലക്കു സാധിക്കുകയും സമ്പൂർണ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കാനും കഴിഞ്ഞു. 'കേരളം സമ്പൂർണ്ണ സാക്ഷരത നേടി' എന്ന ചേലക്കാടൻ ആയിഷയുടെ നാക്കിൻ തുമ്പിൽ നിന്നു വന്ന പ്രഖ്യാപനം നേരിട്ടു കേൾക്കാൻ എനിക്കു സാധിച്ചു. 1991 ഏപ്രിൽ 18 ന് മാനഞ്ചിറ മൈതാനിയിൽ നിറഞ്ഞു കവിഞ്ഞ ജനസഞ്ചയത്തെ അഭിമുഖീകരിച്ചു കൊണ്ട് നവസാക്ഷരയായ ചേലക്കാടൻ ആയിഷയുടെ പ്രഖ്യാപനം ഉൾപ്പുളകത്തോടെയാണ് ജനം ഏറ്റെടുത്തത്.
സാക്ഷരതാ യജ്ഞത്തിന് പ്രവർത്തിച്ച അനുഭവം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്. മത, രാഷ്ട്രീയ വിഭാദങ്ങളെ മറന്ന് ഒരു ലക്ഷ്യത്തിനായി ഒന്നിച്ചു നിന്ന ആ കാലം മറക്കാനാവാത്തതാണ്. അക്ഷരം പഠിക്കാൻ കൊതിച്ചവരുടെ ആവേശം, സന്നദ്ധ പ്രവർത്തകരുടെ സമർപ്പണം, അധികൃതരുടെ ദൃഢനിശ്ചയം, ഇതൊക്കെയും ചേർന്ന് ഒരു മനോഹരമായ അധ്യായം എഴുതി. ദളിത് കോളണികളിലെ ജീവിത പരിശീലന കളരികൾ മുതൽ മുസ്ലീം ഗൃഹസദസ്സുകൾ വരെ, ഓരോ അനുഭവവും ഒരു പുതിയ പാഠം പകർന്നു തന്നു. 'കേരളം സമ്പൂർണ സാക്ഷരത നേടി' എന്ന ആ പ്രഖ്യാപനം കേൾക്കുമ്പോൾ ഇന്നും മനസ് നിറയും.
ഈ ലേഖനം പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
The article discusses Kerala's remarkable literacy campaign in the 1990s that aimed for complete literacy, highlighting the dedication of volunteers and officials.
#KeralaLiteracyCampaign #SaksarathaYajna #EducationForAll #KeralaPride #Volunteers #CommunityDevelopment