അക്ഷരവെളിച്ചത്തിന്റെ പഴയകാലം; മനക്കണക്കും നോക്കിയെഴുത്തും നിറയുന്ന ഓർമ്മയിലെ ഓലപ്പുരകൾ

 
 Representational image of a nostalgic old primary school classroom in Kerala

Representational Image generated by GPT

ADVERTISEMENT

● പേനയോ പേപ്പറോ ഇല്ലാതെ മനസ്സിൽ കൂട്ടിക്കിഴിക്കേണ്ട മനക്കണക്കിൻ്റെ മണിക്കൂറുകൾ
● സ്കൂളിലെ കശുവണ്ടിക്കാലത്തെ 'പഞ്ചാരമിട്ടായി' കച്ചവടവും കൂട്ടുകൂടലും
● തോൽക്കുന്നവരെ പാട്ടുപാടി സ്കൂളിലേക്ക് തിരികെ കൊണ്ടുവരുന്ന രസകരമായ രീതി
● അഞ്ചാം ക്ലാസ് മുതലുള്ള ഇംഗ്ലീഷ് പഠനവും ഹോംവർക്കിനായുള്ള 'ബൗണ്ട് ബുക്കും'

ഓർമ്മച്ചീളുകൾ ഭാഗം 23/ കൂക്കാനം റഹ്‌മാൻ  

(KVARTHA) അരനൂറ്റാണ്ടിനും അപ്പുറത്തേക്ക് മനസ്സൊന്ന് പിന്നോട്ടു സഞ്ചരിക്കുകയാണ്; 1950-60 കളിലെ ആ പഴയ പ്രൈമറി സ്കൂൾ കാലഘട്ടത്തിലേക്ക്. അറിവുനേടണമെന്നോ മക്കളെ വലിയ ആളുകളാക്കണമെന്നോ ഉള്ള മോഹങ്ങളേക്കാൾ, ദാരിദ്ര്യവും വിശപ്പും നിഴൽവീഴ്ത്തിയ ആ കാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. 

Aster mims 04/11/2022

സ്വാതന്ത്ര്യാനന്തര കേരളത്തിൻ്റെ ഗ്രാമീണ മേഖലകളിൽ ഒട്ടുമിക്ക ആളുകളുടെയും ജീവിതം കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉച്ചപ്പട്ടിണി നിത്യസംഭവമായിരുന്ന അക്കാലത്ത്, പഠനമുറിയിലെ വിശപ്പിന് അല്പമെങ്കിലും ആശ്വാസമായത് പിൽക്കാലത്ത് വന്ന അമേരിക്കൻ പാൽപൊടിയുടെയും ഉപ്പുമാവിൻ്റെയും സുഗന്ധമായിരുന്നു.

ദാരിദ്ര്യം അധ്യാപകരെയും വെറുതെ വിട്ടിരുന്നില്ല. തുച്ഛമായ ശമ്പളത്തിൽ ജീവിതം തള്ളിനീക്കിയിരുന്ന ആ മാഷന്മാർക്ക് അന്ന് നാട്ടുകാരിൽ നിന്ന് വലിയ സാമ്പത്തിക ബഹുമാനമൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും, ക്ലാസ്മുറികളിൽ അവർ കാട്ടിയ ആത്മാർത്ഥത തികച്ചും മാതൃകാപരമായിരുന്നു. അക്ഷരങ്ങളിൽ നിന്ന് തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിൽ നിന്ന് കഥകളിലേക്കും കവിതകളിലേക്കും വഴികാട്ടിയ ആ പഴയ അധ്യാപനരീതിക്ക് ഒരു പ്രത്യേക ചാരുതയുണ്ടായിരുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും കുട്ടികളെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ അവർ കാണിച്ച താല്പര്യം വലുതായിരുന്നു.

കേട്ടെഴുത്തും മനക്കണക്കിൻ്റെ മണിക്കൂറുകളും

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചാൽ പിന്നെ സന്തോഷത്തിൻ്റെ മറ്റൊരു അധ്യായമാണ്: കേട്ടെഴുത്തും മനക്കണക്കും. സ്ലേറ്റ് പെൻസിലുകൾ കയ്യിലേന്തി, പരസ്പരം മുഖാമുഖം തിരിഞ്ഞുനിന്ന് ഞങ്ങൾ കുട്ടികൾ കേട്ടെഴുത്തിനായി കാതോർക്കും. മാഷ് പറയുന്ന വാക്കുകൾ അടുത്തുനിൽക്കുന്നവൻ കൊത്തിയെടുക്കാതിരിക്കാൻ സ്ലേറ്റ് നെഞ്ചോടുചേർത്ത് പിടിക്കും. 

എഴുതിക്കഴിഞ്ഞാൽ സ്ലേറ്റ് തറയിൽ കമഴ്ത്തിവെക്കണം. മാഷ് വന്ന് ഓരോ സ്ലേറ്റും പരിശോധിച്ച്, ശരിയും തെറ്റും അടയാളപ്പെടുത്തി തരുമ്പോൾ നെഞ്ചിൽ കൊള്ളിയാൻ മിന്നും. എല്ലാം ശരിയാക്കിയവർക്ക് ക്ലാസിലെ 'ഒന്നാം സ്ഥാനക്കാരൻ', 'രണ്ടാം സ്ഥാനക്കാരൻ' എന്ന പെരുമ സ്വന്തം!

kerala old school memories 1950 60 education nostalgia

അതിലും രസകരമായിരുന്നു മനക്കണക്കിൻ്റെ മണിക്കൂറുകൾ. പേനയോ പേപ്പറോ ഇല്ലാതെ മനസ്സിൽ കൂട്ടിക്കിഴിക്കേണ്ട കണക്കുകളാണ് അന്നത്തെ പ്രധാന രീതി. 'അഞ്ച് പശുക്കളും അവയുടെ അഞ്ച് കുട്ടികളും ചേർന്നാൽ ആകെ എത്ര കന്നുകാലികൾ?' അണയും പൈസയും മുക്കാലുമൊക്കെ ചേർത്തുവെച്ചുള്ള ആ കുരുക്കഴിക്കുമ്പോൾ തലച്ചോറിലെ ചിന്തകൾക്ക് തീപിടിക്കും. ഉത്തരം കിട്ടിയാലുടൻ സ്ലേറ്റിൽ കുറിച്ച് കമഴ്ത്തിവെക്കണം. ഉത്തരം ശരിയായാൽ സ്ലേറ്റിൻ്റെ മരപ്പടിയിൽ ചോക്കുകൊണ്ട് മാഷ് വരയ്ക്കുന്ന ഓരോ വരകളും ഞങ്ങൾക്ക് വലിയ പുരസ്കാരങ്ങളായിരുന്നു. 

അഞ്ച് വരകൾ തികച്ച് കിട്ടിയ സ്ലേറ്റുമായി വീടുകളിലേക്കും കൂട്ടുകാരുടെ ഇടയിലേക്കും അഭിമാനത്തോടെ ഓടിനടന്ന ആ നാളുകൾ... ലളിതവും എന്നാൽ ആഴമുള്ളതുമായ ആ പഴയ പഠനകാലം അറിവിൻ്റെ മാത്രം കാലമായിരുന്നില്ല, പട്ടിണിയിലും പരസ്പരം പങ്കുവെച്ച സ്നേഹത്തിൻ്റെയും വലിയ അനുഭവങ്ങളുടെയും കാലം കൂടിയായിരുന്നു.

കൂച്ചുകൂടൽ: പഴയകാല സൗഹൃദത്തിൻ്റെ മധുരം

ഞങ്ങളുടെ പ്രൈമറി സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും രസകരമായ ഓർമ്മകളിലൊന്ന് അന്നത്തെ ആ 'കൂച്ചുകൂടൽ' തന്നെയാണ്. ഒപ്പം കൂടുക, കൂച്ചുകൂടുക, ചങ്ങായിയാവുക എന്നൊക്കെ പറയുന്നത് ഞങ്ങളുടെ നാടൻ പ്രയോഗങ്ങളാണ്. ആത്മബന്ധമുള്ള നല്ല ചങ്ങാതിമാരായി മാറുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ കൂട്ടുകൂടിയാൽ ഏറ്റവും അടുത്ത ചങ്ങാതിയെ മറ്റുളളവർ സർവ്വകാര്യങ്ങളിലും സഹായിക്കും. പെൻസിൽ കടം കൊടുക്കുക, സ്ലേറ്റ് മായ്ച്ചു കൊടുക്കുക തുടങ്ങി ചെറുതും വലുതുമായ സഹായങ്ങൾ സുഹൃത്തുക്കൾ പരസ്പരം ചെയ്തു കൊടുക്കും.

ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടിയുടെ കയ്യിൽ എപ്പോഴും കുറേ സ്ലേറ്റ് പെൻസിൽ കഷണങ്ങൾ കാണും. കാരണം മറ്റൊന്നുമല്ല, അവനോട് ഇഷ്ടമുള്ള കുട്ടികളെല്ലാം സ്നേഹത്തോടെ അവന് പെൻസിൽ കഷണങ്ങൾ സമ്മാനിക്കും. അവനത് ആവേശത്തോടെ തീപ്പെട്ടി കൂടുകളിൽ ശേഖരിച്ചുവെക്കുകയും ചെയ്യും. 

ക്ലാസിൽ ഏറ്റവും കൂടുതൽ ചങ്ങാതിമാരുള്ളതും ഏറ്റവും കൂടുതൽ പെൻസിൽ ശേഖരമുള്ളതും ഈ മിടുക്കനായ കൂട്ടുകാരനായിരിക്കും. തൻ്റെ ശേഖരത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും അവൻ വീമ്പുപറയുമ്പോൾ ഞങ്ങൾ മറ്റു കുട്ടികൾക്ക് ചെറിയൊരു അസൂയ ഒക്കെ തോന്നും. എങ്കിലും അന്നത്തെ സൗഹൃദത്തിൻ്റെ ആഴം അളന്നു തിട്ടപ്പെടുത്താനാവാത്തതായിരുന്നു. 

പരസ്പരം ചങ്ങാതിമാരാവുക, സഹായിക്കുക, കൂട്ടുചേരുക എന്നതൊക്കെ അന്നത്തെ വലിയൊരു സംസ്കാരമായിരുന്നു; മനസ്സിന് സന്തോഷം തരുന്നൊരു ഏർപ്പാട്. ഇന്നിപ്പോൾ ആ രീതികളൊക്കെ നഷ്ടപ്പെട്ടുപോയെങ്കിലും അന്നത്തെ ആ ഓർമ്മകൾക്ക് ഇന്നും വലിയ മധുരമാണ്.

അന്ന് ആകെക്കൂടി ഒരു മുക്കാലി (ചെറിയ നാണയം) കൈയ്യിലുണ്ടെങ്കിൽ ഒരു 'ആണി ബെല്ലം' (വെല്ലം/ശർക്കര) വാങ്ങാൻ കിട്ടും. അത് കിട്ടിയാൽ തന്നെ തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരന് അതിലൊരു പങ്ക് കൊടുക്കാതിരിക്കാൻ കഴിയില്ല. കൊടുക്കുന്ന രീതിയാണ് ഏറെ രസകരം. ആ ശർക്കരക്കഷ്ണം ഷർട്ടിൻ്റെ തുമ്പിൽ പൊതിഞ്ഞുവെച്ച് അതിനു മീതെ കടിച്ചാണ് രണ്ടു കഷണമാക്കുന്നത്. 

ആ സ്നേഹത്തിൻ്റെ കഷണം കൂട്ടുകാരന് നൽകി ബാക്കി ഭാഗം ഇവനും കഴിക്കും. ഉച്ചസമയത്തെ ഏക ഭക്ഷണവും ചിലപ്പോൾ ഇതുതന്നെയാവും. അതിനുശേഷം കിണറ്റിൽ നിന്ന് കോരിവെച്ച പച്ചവെള്ളവും വയറുനിറയെ കുടിക്കും. അങ്ങനെ ഒരു കഷണം വെല്ലം കിട്ടിയാൽ പോലും അത് സ്നേഹത്തോടെ പങ്കുവെച്ചിരുന്ന ആ ഉദാരമനസ്സ് അന്നത്തെ കുട്ടിക്കാലത്തിൻ്റെ സവിശേഷതയായിരുന്നു.

കുട്ടികളല്ലേ, ഈ കൂച്ചുകൂടലിനിടയിൽ ചിലപ്പോൾ പിണക്കങ്ങളും തല്ലുമൊക്കെയുണ്ടാകും. ക്ലാസിൽ ആരെങ്കിലും എന്തെങ്കിലും കുരുത്തക്കേടോ ദ്രോഹമോ ചെയ്താൽ പരസ്പരം കെട്ടിപ്പിടിച്ച് വലിയൊരു മൽപിടുത്തം തന്നെ നടക്കും. അപ്പോഴേക്കും ഓരോരുത്തരുടെയും സുഹൃത്തുക്കൾ സഹായത്തിനെത്തുകയും അതൊരു വലിയ അടിപിടിയും ഗ്രൂപ്പ് വഴക്കായി മാറുകയും ചെയ്യും. 

എന്നാൽ ആ വഴക്കുകൾക്കൊന്നും വലിയ ആയുസ്സുണ്ടാകില്ല. ഏതാനും മിനിറ്റിനുള്ളിൽ ആ നാടകീയ രംഗങ്ങൾ അവസാനിക്കും. പക്ഷെ അടുത്ത പൂരം മാഷന്മാരുടെ വകയാവും. അത് കണ്ടാൽ ആ കുരുത്തക്കേടിന് നല്ല അടിയും കിട്ടും. ഒക്കെ കഴിഞ്ഞ് വീണ്ടും പഴയപോലെ സ്നേഹത്തോടെ ഒന്നാവുകയും ചെയ്യും.

കശുവണ്ടിക്കാലത്തെ പഞ്ചാരമിട്ടായി കച്ചവടം

മറ്റൊരു രസകരമായ ഓർമ്മ കശുവണ്ടിക്കാലമാണ്. കശുവണ്ടിയുടെ സീസണായാൽ സ്കൂളിലെ കുട്ടികളെല്ലാം ചെറിയ കച്ചവടക്കാരായി മാറും. വീട്ടിൽ നിന്ന് പഞ്ചസാര ലായനിയുണ്ടാക്കി അതിൽ കടലയിട്ട് വറുത്തെടുക്കും. എന്നിട്ട് സ്കൂൾ കൊണ്ടു വന്നു വിൽക്കും. ഇതിനെ ഞങ്ങൾ 'പഞ്ചാരമിട്ടായി' എന്നാണ് വിളിച്ചിരുന്നത്. 

മാഷന്മാർ കാണാതെ പാത്രത്തിലും കീശയിലുമൊക്കെ ഒളിപ്പിച്ചു വെച്ചാണ് ഈ കച്ചവടം നടത്തുക. ഇൻ്റർവൽ സമയത്തോ ഉച്ചയ്ക്കോ ഒരു കശുവണ്ടിക്ക് പകരം അഞ്ചോ പത്തോ കടലമണി എന്ന കണക്കിലാവും എണ്ണി നൽകുക. കൈയിലെ അഴുക്കോ വിയർപ്പോ ഒന്നും അന്നാരും വകവെച്ചിരുന്നില്ല.

വൈകുന്നേരമാകുമ്പോഴേക്ക് ഇങ്ങനെ മാറ്റക്കച്ചവടം നടത്തിയ കശുവണ്ടി ഡ്രൗസറിൻ്റെ കീശ നിറയെ ഉണ്ടാകും. എന്നിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴി കവലയിലെ കടയിൽ കയറി ഈ കശുവണ്ടി തൂക്കി വിറ്റ് പൈസ വാങ്ങും. ആ പൈസകൊണ്ട് അടുത്ത ദിവസത്തെ കച്ചവടത്തിനുള്ള കടലയും വാങ്ങിയിട്ടാണ് മടങ്ങുക. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഈ കശുവണ്ടിക്കച്ചവടം പൊടിപൊടിക്കും.

അങ്ങനെ ഏപ്രിൽ മാസമാകുമ്പോഴേക്ക് അത്യാവശ്യം നല്ലൊരു തുക ഓരോരുത്തരുടെയും കയ്യിൽ സമ്പാദ്യമായി കാണും. അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ പുസ്തകങ്ങളോ സ്ലേറ്റോ വസ്ത്രങ്ങളോ ഒക്കെ വാങ്ങാൻ ഈ തുക വീട്ടുകാരെ സഹായിക്കുകയും ചെയ്യും.

പിന്നെ അടുത്ത ക്ലാസിലേക്ക് ജയിക്കുമെന്ന് ഉറപ്പുള്ളവർ തങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് തൊട്ടുമുകളിലെ ക്ലാസിലെ കൂട്ടുകാരോട് പഴയ പുസ്തകങ്ങൾ മുൻകൂട്ടി പറഞ്ഞുറപ്പിച്ചു വെക്കും. പകുതി വിലയ്ക്കാണ് ഈ പുസ്തക കൈമാറ്റം. അങ്ങോട്ടുമിങ്ങോട്ടും ഉപകാരപ്പെടുന്ന ഇത്തരം ചെറിയ ബിസിനസ് ശൃംഖലകൾ അന്ന് ഞങ്ങൾ കുട്ടികൾക്കിടയിൽ സജീവമായിരുന്നു. ചുരുക്കത്തിൽ, അണ്ടിക്കാലത്തെ ആ ചെറിയ കച്ചവടങ്ങളും കൂട്ടുകൂടലുകളും ഞങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തെ വലിയൊരു ആഘോഷമാക്കി മാറ്റിയ സുവർണ്ണ ഓർമ്മകളാണ്.

പരീക്ഷകളും കൊഴിഞ്ഞുപോക്കും

സന്തോഷങ്ങൾ ഏറെ ഉണ്ടെങ്കിലും പരീക്ഷകളും തോൽവികളും വിടാതെ പിന്തുടർന്നിരുന്ന ഒരു കാലം കൂടിയായിരുന്നു അത്; ഇന്നു കാണുന്നതുപോലെ ഒന്നുമല്ലായിരുന്നു അന്ന്. ഒന്നാം ക്ലാസിൻ്റെ പടിവാതിൽക്കൽ നിന്നേ പരീക്ഷകൾ ഒപ്പമുണ്ടാകും. എഴുത്തും മനക്കണക്കുമൊക്കെ നിറഞ്ഞ പരീക്ഷണ നാളുകളായിരുന്നു അവ. 

കടമ്പകൾ കടന്ന് മികച്ച മാർക്ക് നേടുന്ന കുരുന്നുകൾ മാത്രം അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടും. ബാക്കിയുള്ളവർ അവിടെത്തന്നെ തങ്ങിനിൽക്കണം അതാണ് നിയമം. മുപ്പത് കുട്ടികളുള്ള ഒരു ക്ലാസിൽ അന്ന് നാലഞ്ചുപേരെങ്കിലും തോൽക്കുമെന്നത് ഉറപ്പായിരുന്നു.

ക്ലാസുകൾ ഉയരുംതോറും ഈ കൊഴിഞ്ഞുപോക്കിൻ്റെ ആഴമേറും. ഒന്നാം ക്ലാസിൽ മുപ്പതുപേരുമായി തുടങ്ങിയ യാത്ര, ഏഴാം ക്ലാസിലെത്തുമ്പോഴേക്കും ഇരുപതിലേക്ക് ചുരുങ്ങും. അതിലും വലിയ സങ്കടം ഇങ്ങനെ പരീക്ഷകളിൽ പരാജയപ്പെടുന്ന പലരും പിന്നീട് സ്കൂളിൻ്റെ പടി ചവിട്ടാറില്ല എന്നതാണ്. അങ്ങനെ മടിപിടിച്ച് പഠനം ഉപേക്ഷിക്കുന്നവരെ കണ്ടെത്താൻ അന്ന് അധ്യാപകർ ഒരു വഴി കണ്ടുവെച്ചിരുന്നു. കടുപ്പക്കാരായ ചില സഹപാഠികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞയക്കും. അങ്ങനെ മടിച്ചുനിൽക്കുന്നവരെ കൂട്ടാൻ ഞങ്ങളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. 

വീട്ടിലെത്തി രക്ഷിതാക്കളുടെ അനുമതിയോടെ അവരെയും കൂട്ടി സ്കൂളിലേക്ക് മടങ്ങുമ്പോൾ ഞങ്ങൾ ഒരു പാട്ട് ഉറക്കെ പാടുമായിരുന്നു: ‘മടിയൻ മടിയൻ, മലവെള്ളം കുടിയൻ…’ നാണംകെട്ട്, കണ്ണീരണിഞ്ഞു വരുന്ന ആ സഹപാഠികളെ ഞങ്ങൾ നേരെ ക്ലാസ് മുറികളിലേക്ക് ആനയിക്കും. വീണ്ടും ക്ലാസിലിരുത്താൻ വേണ്ടിയുള്ള കൗതുകമുള്ളൊരു ഏർപ്പാടായിരുന്നു അത്.

പരിപ്പുവടയുടെ രുചിയും ഇംഗ്ലീഷ് പഠനവും

കാലം കുറച്ചുകൂടി കടന്നുപോയി, അഞ്ചിലും ആറിലുമൊക്കെ എത്തിയപ്പോഴേക്കും പഴയ ദാരിദ്ര്യത്തിൻ്റെ കറുത്ത നിഴലുകൾ പതുക്കെ മാഞ്ഞുതുടങ്ങിയിരുന്നു. ഉച്ചനേരങ്ങളിൽ അധ്യാപകർ ചിലർ തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് ചായ കുടിക്കാനായി പോകും. അക്കാലത്ത് ഉച്ചയൂണിന് പകരം ചായയും പലഹാരവുമായിരുന്നു പ്രധാനം.

'നാരായണ മണിയാണി'യുടെ ചായപ്പീടികയായിരുന്നു ലക്ഷ്യം. ഗുരുക്കന്മാരുടെ കൂടെ അങ്ങോട്ട് പോകാൻ ഭാഗ്യം ലഭിച്ച അപൂർവം ചിലരിൽ ഒരാൾ ഞാനായിരുന്നു. എൻ്റെ അമ്മാവന്മാരുടെ കടയിൽ നിന്ന് ഒന്നോ രണ്ടോ അണ കയ്യിലെടുത്താണ് ഈ യാത്ര. നാരായണ മണിയാശൻ്റെ കടയിലെ ആ പരിപ്പുവടയുടെ രുചി ഇന്നും നാവിലുണ്ട്.

ഒരു അണ കൊടുത്താൽ വയറുനിറയെ കുടിക്കാൻ നല്ലൊരു ചായയും ഒപ്പം വലിയൊരു പരിപ്പുവടയും കിട്ടും. വിദ്യാലയത്തിൻ്റെ വരാന്തയിലേക്കുപോലും ആ വടയുടെ സുഗന്ധം ഒഴുകിയെത്തുമായിരുന്നു. കറുമുറെ ചവച്ചരയ്ക്കുന്ന ആ പരിപ്പുവടയുടെ എരിവും സ്വാദും ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറും. 

അധ്യാപകർ കടയ്ക്കുള്ളിലെ ബെഞ്ചിലിരിക്കുമ്പോൾ ഞങ്ങൾ പിള്ളേർ പുറത്തിരുന്ന് ചായ കുടിക്കും. മനോഹരമായ എത്രയോ ഉച്ചനേരങ്ങൾ അങ്ങനെ കടന്നുപോയി. പഴയകാലത്തിൻ്റെ മൺമറഞ്ഞുപോയ ആ ഓർമ്മകളിലേക്ക് മനസ്സ് വീണ്ടും ചെന്നെത്തുമ്പോൾ, അറിയാതെ തന്നെ ഒരു കുളിര് ഹൃദയത്തിൽ പടരുകയാണ്. അതുകൊണ്ടാണ് മറഞ്ഞുതുടങ്ങിയ ആ നാളുകളെ ഇന്നും ഇത്രയേറെ ആർദ്രമായി ഓർത്തെടുക്കുന്നത്.

ആ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ് മുതലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചിരുന്നത്. അക്ഷരമാലയിലെ 'A, B, C, D' തൊട്ട് ഇംഗ്ലീഷ് ഭാഷയുടെ ആദ്യപാഠങ്ങൾ വരെ ഞങ്ങൾ അറിഞ്ഞുതുടങ്ങിയത് അവിടെവെച്ചായിരുന്നു. ഇന്നത്തെ പഠനരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അന്ന്. എഴുതിയെഴുതി മനഃപാഠമാക്കുന്നതായിരുന്നു ആ ശൈലി. 

എന്നാൽ അഞ്ചാം ക്ലാസിലെത്തുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മറ്റു ക്ലാസുകളിൽ നിന്നും വ്യത്യസ്തമായി കണക്കു പഠനത്തിനായി 'ബൗണ്ട് ബുക്ക്' എന്ന് വിളിക്കുന്ന വലിയൊരു നോട്ടുപുസ്തകം തന്നെ വാങ്ങണമായിരുന്നു. വരകളില്ലാത്ത, മുന്നൂറ് പേജുകളുള്ള ആ പുസ്തകത്തിന് വലിയൊരു ഗമ തന്നെയായിരുന്നു! ബാക്കിയുള്ള പുസ്തകങ്ങളെക്കാൾ വലിപ്പമേറിയ ഒന്നായിരുന്നു അത്.

'വീട്ടുകണക്കുകൾ' അല്ലെങ്കിൽ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ 'ഹോംവർക്കുകൾ' ചെയ്യാനാണ് ആ പുസ്തകം ഉപയോഗിച്ചിരുന്നത്. സാധാരണ മട്ടിലല്ല അതൊരുക്കിയിരുന്നത്; താളുകൾ മടക്കി പ്രത്യേക രീതിയിലാണ് അതിൽ മാർജിൻ വരച്ചിരുന്നത്. ഓരോ ദിവസവും കണക്കിൻ്റെ പീരിയഡിൽ അധ്യാപകർ വീട്ടിൽ ചെയ്തുവരാൻ വലിയ വഴിക്കണക്കുകൾ തരുമായിരുന്നു. ഉദാഹരണത്തിന്, ‘ഒരു പശുവിന് 10 രൂപ വിലയായാൽ, 5 പശുക്കൾക്ക് ആകെ എത്ര തുകയാകും?’ എന്ന രീതിയിലുള്ള ചോദ്യങ്ങൾ വഴി കൃത്യമായി എഴുതി വേണം കണക്ക് പൂർത്തിയാക്കാൻ.

● ഒരു പശുവിൻ്റെ വില = 10 രൂപ

● അതുകൊണ്ട്, 5 പശുക്കളുടെ വില = 5 × 10 ഇതിനു താഴെ ക്രിയകൾ ചെയ്യാനായി വേറൊരു കോളവും, ഒടുവിൽ 'ഉത്തരം = 50 രൂപ' എന്നും എഴുതിവെക്കണം. ഇങ്ങനെ നൽകുന്ന വഴിക്കണക്കുകൾ വീട്ടിൽ പോയി ചെയ്തുതീർക്കണം.

പിറ്റേന്ന് രാവിലെ സ്കൂളിലെത്തിയാൽ ഈ ബൗണ്ട് ബുക്കുകൾ അധ്യാപകൻ്റെ മേശപ്പുറത്ത് കൊണ്ടുപോയി വെക്കണം. ഓരോ ക്ലാസിലും കാര്യങ്ങൾ നിയന്ത്രിക്കാൻ ലീഡർമാർ ഉണ്ടാകും. അവർ ഈ പുസ്തകങ്ങളെല്ലാം ശേഖരിച്ച് മേശപ്പുറത്ത് അടുക്കിവെക്കും. കണക്കുമാഷ് ക്ലാസിലെത്തി ചുവന്ന മഷിപ്പേന ഉപയോഗിച്ച് അത് തിരുത്തും. 

ശരിയാണെങ്കിൽ ശരി അടയാളവും, തെറ്റാണെങ്കിൽ തെറ്റുമിടും. കണക്ക് തെറ്റിയവരെ അടുത്തേക്ക് വിളിച്ച് കൈപ്പത്തിയിൽ അടിയോ അല്ലെങ്കിൽ കനത്ത നുള്ളോ ശിക്ഷയായി നൽകും. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയൊക്കെ ഈ 'കണക്ക് ബൗണ്ട് ബുക്ക്' നിർബന്ധമായിരുന്നു.

വിസ്തൃത മനപ്പാഠവും നോക്കിയെഴുത്തും

കണക്കിൽ കുട്ടികളെ വലക്കാൻ അന്ന് മറ്റൊന്ന് കൂടെയുണ്ടായിരുന്നു; 'വിസ്തൃത മനപ്പാഠം' അഥവാ 'ഗുണകോഷ്ഠം'. ഇന്നത്തെ ഗുണന പട്ടിക തന്നെ. മൂന്നാം ക്ലാസിൻ്റെ പടിവാതിൽക്കൽ നിന്നാണ് ആ പഠനത്തിന് തുടക്കമിടുന്നത്. അഞ്ചാം ക്ലാസ് വരെ അതൊരു നിത്യവ്രതമായിരുന്നു. ‘ഒരു മൂന്ന് മൂന്ന്, ഇരു മൂന്ന് ആറ്, മൂ മൂന്ന് ഒമ്പത്…’ എന്നു തുടങ്ങി, ‘ഒരു നാല് നാല്, ഇരു നാല് എട്ട്…’ എന്നിങ്ങനെ ഈണത്തിൽ ചൊല്ലിപ്പഠിച്ച ആ അക്കപ്പുസ്തകം അക്കാലത്ത് ഓരോ കുട്ടിയുടെയും ബാഗിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരുന്നു.

ഏഴാം ക്ലാസിലെത്തുമ്പോഴേക്കും 16 വരെയുള്ള ഗുണകോഷ്ഠങ്ങൾ മനസ്സിൽ കൃത്യമായി പതിഞ്ഞിരിക്കണം. അത് പഠിച്ചെടുക്കാൻ അന്നനുഭവിച്ച പ്രയാസങ്ങൾ ചെറുതൊന്നുമല്ല. തലേന്ന് രാത്രിയിലെ ഉറക്കമൊഴിഞ്ഞുള്ള വായനകളിലും, ആടുമാടുകളെ മേയ്ക്കാൻ പോകുന്ന ഇടവഴികളിലും, വീട്ടുപണികളിൽ ഏർപ്പെടുമ്പോഴുമെല്ലാം മനസ്സ് അക്കങ്ങളെ ചൊല്ലിപ്പഠിക്കുകയാവും. കാരണം, ക്ലാസിൽ ചെന്ന് തെറ്റിച്ചാൽ കിട്ടുന്ന അടിയുടെ ചൂട് ഓർക്കാൻ വയ്യാത്തതാണ്. 16 വരെയുള്ള ഗുണപട്ടികകൾ ഹൃദയസ്ഥമാക്കിയ ആ അധ്യായങ്ങൾ ജീവിതകാലം മുഴുവൻ കൂടെപ്പോരുമെന്ന് അന്ന് കരുതിയതല്ല.

ഇന്നത്തെ കാലത്ത് കണക്കുകൂട്ടാൻ ആളുകൾ കാൽക്കുലേറ്ററുകളെ ആശ്രയിക്കുമ്പോൾ, അന്ന് ഗുണകോഷ്ഠം പഠിച്ചെടുത്ത ഞങ്ങൾക്ക് അക്കങ്ങൾ കൂട്ടാനും ഗുണിക്കാനും മറ്റൊരു യന്ത്രത്തിൻ്റെയും സഹായം ആവശ്യമില്ല. കാൽക്കുലേറ്ററുകളെക്കാൾ വേഗത്തിൽ മനസ്സ് ഉത്തരം കണ്ടെത്തുന്നത് ആ പഴയ 'വിസ്തൃത മനപ്പാഠത്തിൻ്റെ' കരുത്തിലാണ്. പുതിയ തലമുറയ്ക്ക് അന്യമായിപ്പോയ, എന്നാൽ ഞങ്ങളുടെ ബാല്യത്തെയും ചിന്തകളെയും മൂർച്ചപ്പെടുത്തിയ ആ ഗുണകോഷ്ഠ പഠനാനുഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ട ഒന്നാണ്.

അതിനൊപ്പം തന്നെ ഞങ്ങളുടെ ഓർമ്മയിലുള്ള മറ്റൊന്നാണ് 'നോക്കിയെഴുത്ത് പുസ്തകം'. മലയാള പാഠപുസ്തകത്തിലെ ഏതെങ്കിലും ഒരു ഖണ്ഡിക അതുപോലെ പകർത്തിയെഴുതി കൊണ്ടുവരിക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് മലയാളം മാഷിൻ്റെ ക്ലാസിലാണ് സമർപ്പിക്കേണ്ടത്. അഞ്ചാം ക്ലാസിലെത്തുമ്പോഴേക്കും ബൗണ്ട് ബുക്ക്, നോക്കിയെഴുത്ത് പുസ്തകം, കോപ്പി ബുക്ക്, ഇംഗ്ലീഷ് അർത്ഥ പുസ്തകം, മലയാളം അർത്ഥ പുസ്തകം, സോഷ്യൽ സയൻസ്, സയൻസ് നോട്ടുകൾ എന്നിങ്ങനെ അഞ്ചെട്ടു പുസ്തകങ്ങളുടെ ചുമതലക്കാരനായി കുട്ടി മാറിപ്പോകും! ഇവയിലെല്ലാം കൃത്യമായി കാര്യങ്ങൾ കുറിച്ചെടുക്കുകയും, അധ്യാപകർ പറയുന്നത് പഠിക്കുകയും വേണം. കൂടാതെ ഇടയ്ക്കിടെയുള്ള പരീക്ഷകളും. അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ പിന്നിട്ട് ഏഴാം ക്ലാസിലെത്തുമ്പോൾ മാത്രമാണ് കുട്ടികൾക്ക് ഒന്നു ശ്വാസം വിടാൻ സാധിക്കുക. കാരണം അന്ന് ഏഴാം ക്ലാസുകാരനാണ് സ്കൂളിലെ 'മുതിർന്ന ആൾ'.

എന്തോ ഒരു ഭാഗ്യം കൊണ്ടും കഠിന പ്രയത്നം കൊണ്ടും ഒന്നു മുതൽ ഏഴാം ക്ലാസ് വരെ തോൽക്കാതെ മുന്നേറാൻ എനിക്ക് സാധിച്ചിരുന്നു. അതിൻ്റെ കാരണം പഠനത്തിൽ ഞാൻ പിന്നാക്കമായിരുന്നില്ല എന്നത് തന്നെയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അരക്കൊല്ല പരീക്ഷയ്ക്ക് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിയെന്ന നിലയിൽ വാർഷികാഘോഷ വേളയിൽ എനിക്ക് സമ്മാനം കിട്ടിയത് ഇപ്പോഴും മനസ്സിലുണ്ട്. 

ഓരോ ക്ലാസിലെയും മിടുക്കരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നൊരു രീതി അന്നുണ്ടായിരുന്നു. വലിയ സമ്മാനങ്ങൾ ഒന്നും ആവില്ല; ഒരു ഗ്ലാസ്സോ, ചെറിയൊരു കണ്ണാടിയോ ഒക്കെയായിരിക്കും സമ്മാനം. എങ്കിലും അന്നത്തെക്കാലത്ത് ഞങ്ങൾക്ക് അത് വലിയൊരു സ്വത്ത് നേടിയെടുത്ത സന്തോഷമായിരുന്നു നൽകിയിരുന്നത്.

പഠനത്തിലും കായികരംഗത്തുമൊക്കെ മികവ് പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും അന്നത്തെ അധ്യാപകർ മറന്നിരുന്നില്ല. ഒപ്പം തന്നെ കടുത്ത ശിക്ഷാനടപടികളും നിലവിലുണ്ടായിരുന്നു. ചെറിയ തെറ്റുകൾക്ക് ഉള്ളംകൈയിൽ അടിയും, വലിയ തെറ്റുകൾക്ക് കാലിൻ്റെ തുടയിൽ ചൂലുകൊണ്ടുള്ള അടിയുമൊക്കെ ശിക്ഷയായി ലഭിക്കുമായിരുന്നു. ഏതായാലും അന്നത്തെ അധ്യാപകരെ എല്ലാവർക്കും വലിയ ഭയമായിരുന്നു. അവരുടെ ഒരു നോട്ടം പോലും ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. 

വഴിയേ നടന്നുപോകുമ്പോൾ അധ്യാപകരെ കണ്ടാൽ ഭയത്തോടെ മാറിനടക്കുന്ന കാലമായിരുന്നു അത്. സ്നേഹത്തേക്കാളേറെ ഭയഭക്തിബഹുമാനത്തോടെയാണ് ഞങ്ങൾ അവരെ നോക്കിക്കണ്ടിരുന്നത്. കാരണം, കുട്ടികളെ ശിക്ഷിക്കാനും ശാസിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം അന്ന് അധ്യാപകർക്കുണ്ടായിരുന്നു. ഓർത്തെടുക്കുമ്പോൾ നൊസ്റ്റാൾജിയ ഉണർത്തുന്ന, അച്ചടക്കവും കഠിനാധ്വാനവും നിറഞ്ഞതായിരുന്നു അന്നത്തെ വിദ്യാഭ്യാസകാലം.

ഈ പഴയകാല ഓർമ്മകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യുക. ഇത്തരം ഗൃഹാതുരത്വമുണർത്തുന്ന വിശേഷങ്ങളും പുതിയ വാർത്തകളും വായിക്കാൻ ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുക. നിങ്ങളുടെ സ്കൂൾകാല അനുഭവങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: A nostalgic memoir detailing the primary school experiences in Kerala during the 1950-60s.

#OldSchoolMemories #KeralaHistory #Nostalgia #MalayalamMemoir #Kvartha #ChildhoodDays #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia