Kerala Directory | കേരളത്തിന്റെ 1400 വ്യക്തിത്വങ്ങൾ ഒരേ പുസ്തകത്തിൽ; ഞാനും കേരള ഡയറക്ടറിയും

 
Kerala Directory Editor V.K. Ashraf - A Legacy
Kerala Directory Editor V.K. Ashraf - A Legacy

Photo: Arranged

● വി കെ അഷറഫിന്റെ ദീർഘനാളത്തെ പ്രയത്നം 
● ഓരോ വ്യക്തിയുടെയും ലളിതമായ ജീവചരിത്രം
● 2010 ലാണ് കേരളാ ഡയറക്ടറി പ്രസിദ്ധീകരിച്ചത്.

കൂക്കാനം റഹ്‌മാൻ 
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം-47 


(KVARTHA) ആയിരത്തി നാനൂറ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ഗ്രന്ഥം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ധാർമ്മികത' എന്ന മാസികയുടെ പത്രാധിപർ വി.കെ. അഷ്റഫ് പുറത്തിറക്കുന്നു. ഇതെങ്ങിനെ സംഘടിപ്പിക്കും എന്ന് ഞാൻ ചിന്തിച്ചു. എന്നെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും അയച്ചു തരണമെന്ന് വി. കെ അഷ്റഫ് ആവശ്യപ്പെട്ടു. എന്തെഴുതണം എന്ന എൻ്റെ അന്വേഷണത്തിന് ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള അനുഭവങ്ങളാണ് വേണ്ടതെന് പറഞ്ഞു. 2006 മുതൽ ധാർമികത മാസികയിലെ സ്ഥിരം എഴുത്തുകാരനായിരുന്നു ഞാൻ. 2010 ൽ മികച്ച എഴുത്തുകാർക്കുള്ള ധാർമ്മികത സാഹിത്യ അവാർഡും എനിക്ക് ലഭിച്ചിരുന്നു. 2010 ലാണ് കേരളാ ഡയരക്ടറി പ്രസിദ്ധീകരിച്ചത്. 

പ്രസിദ്ധീകരിച്ച ഉടനെ തന്നെ കോപ്പി തപാലിൽ അയച്ചു കിട്ടി. ആകാംക്ഷയോടെ 326 പേജുള്ള ഡയറക്ടറി മറിച്ചു നോക്കി. 'താളുകളിൽ' എന്ന പേജിൽ കണ്ണുടക്കി. അതിൽ എഴുത്തുകാർ എന്ന ഹെഡിംഗിൽ 301-ാമത്തെ പേജിൽ ഞങ്ങൾ മൂന്നു പേരുടെ ഫോട്ടോയും കുറിപ്പും കണ്ടു. വിശദമായി ജനന തീയ്യതി മുതൽ വ്യക്തിഗത വിവരങ്ങളും പോസ്റ്റൽ അഡ്രസും ഫോൺ നമ്പർ കൂടി ഉണ്ട്. അന്തരിച്ച പോയ കേരള സാമൂഹ്യ, സാഹിത്യ, സിനിമാ, സ്പോർട്സ്, രാഷ്ട്രിയ-രംഗത്തെ പ്രമുഖരെക്കുറിച്ചാണ് ആദ്യ പേജുകളിൽ. 'ഇവർ ഓർക്കപ്പെടേണ്ടവർ' എന്ന തലക്കെട്ടിലാണ് അന്തരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. 

Kerala Directory Editor V.K. Ashraf - A Legacy

തുടർന്ന് കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എംഎൽഎമാർ, കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കൾ, മതസംഘടനാനേതാക്കൾ, ജഡ്ജിമാർ, ഡോക്ടർമാർ, അഭിനേതാക്കൾ, തിരക്കഥാകൃത്തുക്കൾ മാധ്യമപ്രവർത്തകർ, വിദ്യാഭ്യാസപ്രവർത്തകർ, എഴുത്തുകാർ, കായിക താരങ്ങൾ തുടങ്ങി പല വിഭാഗങ്ങളായി തിരിച്ചാണ് ഡയറക്ടറി ഒരുക്കിയിരിക്കുന്നത്. ഈ വിഭാഗത്തിൽപെട്ട കേരളത്തിലെ എല്ലാവരേയും ഇതിൽ ഉൾപ്പെടുത്തിയില്ലെങ്കിലും മിക്കവാറും വ്യക്തികളെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും ഡിജിറ്റിലായി രേഖപ്പെടുത്തി സൂക്ഷിക്കുന്ന വർത്തമാനകാലത്ത് പ്രിൻ്റ് ചെയ്ത് ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടും ശ്ലാഘനീയമാണ്. ദീർഘനാളത്തെ അധ്വാനം ഇതിന് പിന്നിലുണ്ട്. 

2008ൽ കേരള ഡയറക്ടറിയുടെ ഒന്നാം പതിപ്പ് ധാർമ്മികത മാസിക പുറത്തിറക്കിയിരുന്നു. അതിൽ വന്ന പാകപ്പിഴകൾ തിരുത്തിയാണ് 2010 ൽ രണ്ടാം പതിപ്പ് ഇറക്കിയത്. എല്ലാ വിഭാഗത്തിൽപെട്ടവരെയും കോർത്തിണക്കി കൊണ്ടുപോകാനുള്ള വിശാല മനസ്സിൻ്റെ ഉടമയാണ് ഇതിൻ്റെ എഡിറ്റർ വി.കെ അഷറഫ്. സമൂഹത്തിൻ്റെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നവരേയും, സാദാ പ്രവർത്തകരെയും സമൂഹത്തെ പരിചയപ്പെടുത്തി കൊടുക്കുക എന്ന ദൗത്യം കൂടി അഷറഫ് ഇതിലൂടെ സാധൂകരിച്ചിരിക്കുകയാണ്. അല്ലെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന പ്രശസ്തരായ 1400 വ്യക്തിത്വങ്ങളുടെ കൂടെ എനിക്ക് സ്ഥാനം കിട്ടുമായിരുന്നില്ല. ജീവിതത്തിൽ കിട്ടിയ അപൂർവ്വ നേട്ടമായി ഞാൻ ഇതിനെ നോക്കിക്കാണുകയാണ്.

അംഗീകാരം കിട്ടുക എന്നത് ഓരോ ആളും ആഗ്രഹിക്കുന്ന കാര്യമാണ്. അർഹിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ വി.കെ. അഷറഫ് കാണിക്കുന്ന ശ്രമവും അഭിനന്ദനീയമാണ്. ഡയറക്ടറിയിൽ പ്രതിപാദിക്കുന്ന മിക്കവരുമായും ബന്ധപ്പെടാനും സൗഹൃദം നിലനിർത്താനും സാധിക്കുന്നുണ്ട്. ഇതിൽ പ്രതിപാദിച്ചിട്ടുള്ള ഓരോ വ്യക്തിയുടെയും ജീവചരിത്രം ചുരുങ്ങിയ വാചകങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. വ്യക്തിയുടെ പ്രവർത്തന മേഖലയെക്കുറിച്ചും സാമൂഹ്യ രംഗത്തെ ഇടപെടലിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. കുടുംബം, സ്ഥാനമാനങ്ങൾ, നേട്ടങ്ങൾ എന്നിവയും കാണാം. ചുരുക്കത്തിൽ ഒരു വ്യക്തിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഈ ഡയറക്ടറി റഫർ ചെയ്താൽ കിട്ടും എന്നതാണ് ഇതിൻ്റെ വലിയ നേട്ടം. 

നൂറോളം മൺമറഞ്ഞുപോയ മഹത്തുക്കളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയതിനാൽ അവരെ ഓർക്കാനും സ്മരിക്കാനും ഈ ഡയറക്ടറിയിലൂടെ കണ്ണോടിച്ചു പോയാൽ നമുക്കു സാധിക്കും. വി.കെ അഷറഫിനെക്കുറിച്ചും ഡയറക്ടറിയുടെ അവസാന പേജിൽ ഒരു കുറിപ്പുണ്ട്. എഴുത്തുകാരനാണ്. സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക്ക് പാർട്ടിയുടെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്നു. 1957 ൽ ജനിച്ച അഷറഫ് ഇന്ന് നമ്മോടൊപ്പമില്ല. 2014 ൽ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. നിറഞ്ഞ ചിരിയും സൗഹൃദവും, ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള കഠിന ശ്രമവും കൈമുതലുള്ള സ്നേഹസമ്പന്നനായ അഷറഫിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി.

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

The Kerala Directory, a book uniting 1400 personalities from various fields, stands as a testament to the hard work and vision of V.K. Ashraf. This directory is an essential resource for understanding influential individuals in Kerala's social, cultural, and political spheres.

#KeralaDirectory, #VKashraf, #Legacy, #KeralaHistory, #InfluentialPeople, #CulturalHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia