Conflict | മുഖ്യമന്ത്രി കട്ടയ്ക്ക് തന്നെ; സിപിഐയും അന്‍വറും സംഘവും ഇനി എന്ത് ചെയ്യും?
● എഡിജിപി എംആര്‍ അജിത് കുമാറിനെ ഉടനെ മാറ്റില്ലെന്നും മുഖ്യമന്ത്രി
● പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ഫുള്‍ മാര്‍ക്ക് നല്‍കി
അര്‍ണവ് അനിത
(KVARTHA) കക്കാടം പൊയ്കയിലേത് അടക്കം എന്തെല്ലാം വിവാദങ്ങളുണ്ടാക്കിയിട്ടും പിവി അന്‍വര്‍ എംഎല്‍എയെ സംരക്ഷിച്ച് പോന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അന്‍വറിന്റേത് ഇടത് സംസ്‌കാരമല്ല, കോണ്‍ഗ്രസ് സംസ്‌കാരമാണെന്ന് തുറന്നടിക്കുകയും ചെയ്തു. സിപിഐ നേതൃത്വം ശക്തമായി ഇടപെട്ടിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെ ഉടനെ മാറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു കഴിഞ്ഞ ദിവസവും എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന നിര്‍ദ്ദേശം ആവര്‍ത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്. മാത്രമല്ല പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ഫുള്‍ മാര്‍ക്കാണെന്നും അദ്ദേഹത്തെ മാറ്റുന്ന പ്രശ്നമില്ലെന്നും പറഞ്ഞു.
ഇതോടെ ശശിക്കെതിരെ അന്‍വറിനെ കളത്തിലിറക്കിയ സിപിഎമ്മിലെ പവര്‍ഗ്രൂപ്പിനോട് സന്ധി ചെയ്യാന്‍ തയ്യാറല്ലെന്ന് പറയാതെ പറയുന്നു. പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഈമാസം 24ന് മുമ്പ് തരണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു. സിപിഐയെ ഒരു പരിധിവരെ അതിലൂടെ അനുനയിപ്പിക്കാനാകും. എന്നാല്‍ എഡിജിപിയുടെ കാര്യത്തില്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. കാരണം അത് രാഷ്ട്രീയ പ്രശ്നമാണ്. എല്‍ഡിഎഫിന്റെ ചെലവില്‍ ആരും ആര്‍ എസ് എസ് നേതാക്കളെ കാണേണ്ട എന്ന നിലപാട് തന്നെയാണ് സിപിഐയ്ക്ക്.
അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് നടപടിയെടുത്തേക്കും. മുന്നണിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായത് കൊണ്ടാണ് മുഖ്യമന്ത്രി തിടുക്കപ്പെട്ട് മാധ്യമങ്ങളെ കാണാന്‍ തയ്യാറായത്. അന്‍വര്‍ തുടര്‍ച്ചയായി മാധ്യമങ്ങളെ കണ്ടാല്‍ താനും വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനര്‍ത്ഥം അന്‍വറിന്റെ ആരോപണങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നാണ്.
എംആര്‍ അജിത് കുമാര്‍ വ്യക്തിപരമായി വഴിവിട്ട സഹായം ചെയ്തത് കൊണ്ടാണ് അയാളെ സംരക്ഷിക്കുന്നതെന്ന പ്രതിപക്ഷവാദവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. വഴിവിട്ട സഹായങ്ങള്‍ സ്വീകരിക്കുന്ന വ്യക്തിയല്ലെന്നും അങ്ങനെ ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം അതിനനുസരിച്ച് നടപടിയുണ്ടാകുമെന്നും പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതെന്ന് അറിയുന്നു.
എഡിജിപിയുടെ സന്ദര്‍ശനവും തൃശൂര്‍ പൂരം കലക്കിയതും സിപിഐ-സിപിഎം ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സിപിഐ തങ്ങള്‍ക്കുള്ള അതൃപ്തി പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനെ മുഖ്യമന്ത്രി എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പി ശശിയെ മാറ്റണമെന്ന കാര്യം സിപിഐ ഉന്നയിച്ചിട്ടില്ല. അത് സിപിഎമ്മിലെ ഒരു വിഭാഗം പിവി അന്‍വര്‍ വഴി ആവശ്യപ്പെടുന്നതാണ്. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ മുഖ്യമന്ത്രി തള്ളിക്കളയുകയാണ് ചെയ്തത്.
അതുകൊണ്ട് ശശിക്കെതിരായ അടുത്തനീക്കം എങ്ങനെയായിരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മാത്രമല്ല, പിവി അന്‍വറിനെ കുരുക്കാന്‍ പി ശശിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നീക്കം നടത്തുമോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്. അന്‍വറിന്റെ ആരോപണങ്ങള്‍ പൊലീസിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആളുകളെ കൊലപ്പെടുത്തി എന്നാണ് ആക്ഷേപം. അത് തെളിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജോലി പോകും. മറിച്ചാണെങ്കില്‍ അന്‍വറിനെതിരെ നടപടി വേണമെന്ന് എഡിജിപി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും പിണറായി വിജയന്റെ കാലാവധി തീരാന്‍ ഇനി രണ്ട് വര്‍ഷങ്ങള്‍ മാത്രമാണുള്ളത്. അതിനിടയ്ക്ക് പാര്‍ട്ടി സമ്മേളനവും തദ്ദേശ തെരഞ്ഞെടുപ്പും വരും. സമ്മേളനങ്ങളിലൂടെ തന്നെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പിണറായി വിജയനറിയാം. അതിനെ എതിര്‍ത്ത് വിജയിക്കാനുള്ള ശേഷി അദ്ദേഹത്തിന് നിലവിലില്ല.
രണ്ടാമൂഴം മുതല്‍ സിപിഎമ്മില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്തവിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ വേട്ടയാടി തന്നെ ദുര്‍ബലനാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ശനിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. വിശ്വസ്തനായിരുന്ന അന്‍വറിനെ തള്ളിപ്പറയുകയും ചെയ്തു. എന്നാല്‍ ശശിക്കെതിരെ അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ എന്ത് നടപടിയെടുക്കും എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
കാരണം മുഖ്യമന്ത്രി സംരക്ഷിച്ചയാളെ മാറ്റിയാല്‍ സര്‍ക്കാര്‍-പാര്‍ട്ടി പോര് മറനീക്കി പുറത്തുകൊണ്ടുവരും. സമ്മേളനകാലത്ത് അത്തരം നടപടികളിലേക്ക് പാര്‍ട്ടി പോകും എന്ന് തോന്നുന്നില്ല. അതുകൊണ്ട് തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന വന്ന എല്ലാ രാഷ്ട്രീയ ആയുധങ്ങളെയും മുഖ്യമന്ത്രി പ്രതിരോധിച്ചിരിക്കുകയാണ്. എന്നാല്‍ എഡിജിപിയുടെ ആര്‍ എസ് എസ് കൂടിക്കാഴ്ചയും പൂരം കലക്കലും മാത്രമാണ് കീറാമുട്ടിയായി തുടരുന്നത്.
ആര്‍ എസ് എസ് കൂടിക്കാഴ്ചയാണ് ഏറ്റവും ശക്തമായ കാര്യം. അതില്‍ നിന്ന് സിപിഐ പിന്‍വാങ്ങില്ല. മുന്നണി ബന്ധത്തെ തന്നെ അത് ബാധിക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്ന നിലപാടല്ല എഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ട് രാഷ്ട്രീയ നടപടി എന്താകും എന്നാണ് ഉറ്റുനോക്കുന്നത്.
#KeralaPolitics #CPIM #CPI #PinarayiVijayan #PVAnwar #IndiaPolitics