പഴയ പെട്ടിയിൽ നിന്നൊരു അത്ഭുതം: 60 വർഷം മുൻപത്തെ പ്രീഡിഗ്രി കാലത്തെ ഓർമകളും പ്രിയസുഹൃത്തുക്കളുടെ കയ്യൊപ്പും
ADVERTISEMENT
● അന്നത്തെ ഓട്ടോഗ്രാഫുകൾക്ക് ഇന്നത്തെ ഡിജിറ്റൽ മെസേജുകളേക്കാൾ തീവ്രതയുണ്ടായിരുന്നു
● താൻ രോഗബാധിതനായപ്പോൾ അധ്യാപകരും സുഹൃത്തുക്കളും നൽകിയ കരുതൽ.
● അകാലത്തിൽ പൊലിഞ്ഞുപോയ സുഹൃത്തുക്കളെക്കുറിച്ചുള്ള വൈകാരികമായ ഓർമകൾ.
● കാലം മാറിയാലും സൗഹൃദങ്ങളുടെ മൂല്യത്തിന് മാറ്റം സംഭവിക്കുന്നില്ലെന്ന സന്ദേശം.
ഓർമ്മച്ചീളുകൾ ഭാഗം 12/ കൂക്കാനം റഹ്‌മാൻ
(KVARTHA) പഴയ സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്നതിലൂടെ പലപ്പോഴും ഭൂതകാലത്തിന്റെ വിലപ്പെട്ട ഏടുകളാണ് നമുക്ക് തിരികെ ലഭിക്കുന്നത്. ജീവിതത്തിൻ്റെ ഭാഗമായി പോയ പുസ്തകങ്ങളെ ഇടയ്ക്കിടെ തൊട്ടും തലോടിയും നോക്കുക എന്നത് എൻ്റെ ജീവിത രീതികളിൽപെട്ട ഒന്നായി മാറിയിരിക്കുകയാണ്. വായനയുടെ ലോകത്ത് നിന്ന് പലപ്പോഴും എനിക്ക് ലഭിക്കുന്നത് വലിയ ആശ്വാസമാണ്.
ഈയിടെ അങ്ങനെയൊരു അടുക്കി പെറുക്കലിലായിരുന്നു ഞാൻ. അതിനിടയിലാണ് വലിയ പുസ്തക കൂട്ടങ്ങൾക്കുള്ളിൽ നിന്ന് ഒരു കുഞ്ഞൻ പുസ്തകം എൻ്റെ കൈവെള്ളയിലേക്ക് വഴുതിവീണത്. നോക്കുമ്പോൾ ഒരു ഓട്ടോഗ്രാഫാണ്. പഴയ കോളജ് കാലത്തിൻ്റെ നിറംമങ്ങാത്ത ഓർമകൾ പൂഴ്ത്തി വെച്ച ഒരു കുഞ്ഞൻ അത്ഭുതം. ഡിജിറ്റൽ യുഗത്തിന് മുമ്പുള്ള കലാലയ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഇത്തരം ഓട്ടോഗ്രാഫുകൾ.
ഗൃഹാതുരത്വമുണർത്തുന്ന ഓർമപ്പെട്ടി
പുതിയകാലത്തെ തലമുറയ്ക്ക് അത്ര പരിചയമില്ലെങ്കിലും ഞങ്ങൾ പഴഞ്ചൻ ആളുകൾക്ക് ഇത് ആത്മാവ് പോലെ വിലപ്പെട്ട ഒന്നാണ്. ചുരുക്കി പറഞ്ഞാൽ ഒരു ഓർമപ്പെട്ടി. കഴിഞ്ഞുപോയ കാലത്തിൻ്റെ ഗൃഹാതുരത്വമുണർത്തുന്ന വലിയൊരു അടയാളമാണ് ഈ ചെറിയ പുസ്തകം. സ്കൂൾ കാലഘട്ടം അവസാനിക്കുമ്പോഴോ, പരീക്ഷ കഴിഞ്ഞോ കോളജിൽ നിന്ന് വിട്ട് പോകുമ്പോഴോ കൂട്ടുകാർക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അന്നത്തെ ആ ചെറിയ പുസ്തകങ്ങൾക്ക് ഇന്നത്തെ വാട്സ്ആപ്പ് മെസേജുകളേക്കാൾ ആയുസ്സും ആഴവുമുണ്ടായിരുന്നു. അന്നത്തെ സൗഹൃദങ്ങൾക്ക് ഇന്നത്തെ കാലത്തേക്കാൾ തീവ്രത കൂടുതലായിരുന്നുവെന്ന് ഈ വരികൾ തെളിയിക്കുന്നു.
അക്കാലത്ത് ഓട്ടോഗ്രാഫ് വാങ്ങുക എന്നത് തന്നെ ഒരു വലിയ ചടങ്ങായിരുന്നു. നിറവും നീളവും വലിപ്പവും നോക്കി അവനവൻ്റെ ഇഷ്ടത്തിന് അനുസരിച്ചാവും പുസ്തകം തിരഞ്ഞെടുക്കുന്നത്. പല നിറത്തിലുള്ള പേജുകളുള്ള, മനോഹരമായ പുറംചട്ടകൾ ഉള്ള ചെറിയ ഡയറി പോലെയുള്ള പുസ്തകം.

ഇവ സ്വന്തമാക്കാൻ പലപ്പോഴും വിദ്യാർഥികൾക്കിടയിൽ വലിയ ആവേശമായിരുന്നു. അതും വാങ്ങി കൂട്ടുകാർക്കിടയിൽ കൂടെ ഇങ്ങനെ നടക്കും. പരസ്പരം അവ കൈമാറ്റം ചെയ്യപ്പെടും. ഇഷ്ടമുള്ള വരികൾ എഴുതാം. കവിതയായും നാലുവരികളായും ഒരു കാലത്തിൻ്റെ ഓർമ അതിൽ കുറിച്ചിടും. ചിലർ അതിന് മോഡി കൂട്ടാൻ ചിത്രങ്ങൾ വരക്കും. ചിലർ മഷിപ്പേന കൊണ്ട് ഭംഗിയായി എഴുതും.
കലാലയ മുറ്റത്തെ സൗഹൃദങ്ങൾ
കുഞ്ഞു കുഞ്ഞു കവിതകൾ, പ്രിയപ്പെട്ട വരികൾ, സൗഹൃദത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ എന്നിവയൊക്കെ അതിലുണ്ടാകും. 'മറക്കില്ലൊരിക്കലും ഈ സൗഹൃദം' എന്ന സ്ഥിരം വാചകത്തിനൊപ്പം, തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈപ്പടയിൽ വിരിഞ്ഞ അക്ഷരങ്ങൾ ഇന്നും പലരുടെയും അലമാരകളിലെ പഴയ പെട്ടിയിൽ മങ്ങാത്ത ഓർമകളായി ഇരിക്കുന്നുണ്ടാകും.
കാലങ്ങൾക്ക് ശേഷം അവ മറിച്ചു നോക്കുമ്പോൾ ചിലപ്പോൾ പൂക്കൾ ഉണക്കി വെച്ച പോലെ ചില അടയാളങ്ങളും കാണാം. അന്ന് പറഞ്ഞോ പറയാതെയോ പോയ പ്രണയത്തെയും ആത്മബന്ധത്തെയുമൊക്കെ വിളിച്ചോതുന്നതായിരിക്കുമത്. ഒരു മരത്തണലിൽ നിന്ന് ഇനിയൊരിക്കലും കാണാൻ പറ്റാത്ത ഒരു വലിയ ലോകത്തേക്ക് പിരിഞ്ഞുപോകുമ്പോൾ, ആ പുസ്തകം ഒരു കവചം പോലെയാണ് കയ്യിൽ വെച്ചിരുന്നത്. കയ്യിൽ കിട്ടിയ ആ ഓട്ടോഗ്രാഫ് ഞാൻ വെറുതെ ഒന്ന് മറിച്ച് നോക്കി. ഓരോ താളുകൾ മറിക്കുമ്പോഴും സുഹൃത്തുക്കളുടെയും പഴയ കലാലയത്തിന്റെയും ചിത്രം മനസിലേക്ക് ഓടിയെത്തി.

കാസർകോട് ഗവ. കോളജിലെ പ്രീഡിഗ്രി കാലം
1966 ലാണ് കാസർകോട് ഗവ. കോളജിൽ പഠനത്തിനായി ഞാനെത്തുന്നത്. ഡോക്ടറാക്കാനുള്ള വീട്ടുകാരുടെ മോഹം നിമിത്തം സെക്കൻഡ് ഗ്രൂപ്പാണ് പ്രീഡിഗ്രിക്ക് എടുത്തത്. അന്ന് കാസർകോട് ഗവ. കോളജ് ഈ പ്രദേശത്തെ വിദ്യാർഥികളുടെ വലിയൊരു ആശ്രയമായിരുന്നു. എസ്എസ്എൽസി വരെ മലയാളം മാത്രം കേട്ടുപഠിച്ച എന്നെപ്പോലുള്ളവർക്ക് ബയോളജിയും ഫിസിക്സും കെമിസ്ട്രിയും ഇംഗ്ലീഷിൽ പഠിക്കേണ്ടി വന്നപ്പോൾ കുറച്ചു മാസം അന്ധാളിച്ചു നിൽക്കേണ്ടി വന്നു.
സെക്കൻഡ് ഗ്രൂപ്പിൽ 80 കുട്ടികളാണുണ്ടായിരുന്നത്. പകുതിയിലേറെ പേർ കന്നട മീഡിയത്തിൽ നിന്നുവന്നവരായിരുന്നു. എൻ്റെ റോൾ നമ്പർ 605 ആണ്. പ്രൊഫസർമാരും ലക്ചറർമാരും ക്ലാസിൽ വന്ന് റോൾ നമ്പർ വിളിക്കുമ്പോൾ മിക്കപ്പോഴും കേൾക്കാറില്ല. അപ്പോൾ അറ്റൻഡൻസ് കിട്ടില്ല.
കോളജിൽ നിന്ന് അകലെയുള്ള ഒരു ലോഡ്ജിലാണ് ഞങ്ങൾ അഞ്ച് പേർ താമസിച്ചിരുന്നത്. അഗ്രി ഡയറക്ടർമാരായി പിരിഞ്ഞ കെ ഒ വി ഗോപാലൻ, സി എം കുമാരൻ, ഡോ. കെ രാമചന്ദ്രൻ, പത്മനാഭൻ തൃക്കരിപ്പൂർ ഞാനും അടക്കം അഞ്ച് പേർ. അങ്ങനെ ഞങ്ങളുടെ ഒന്നാം വർഷം കഴിയാറായി. ഞാൻ എൻസിസിയിലും അംഗമായി ചേർന്നിരുന്നു. ക്രിസ്മസ് വെക്കേഷനിൽ കണ്ണൂർ എൻ എസ് കോളജിൽ നടന്ന ദശദിന ക്യാമ്പിൽ പങ്കെടുത്തത് മറക്കാനാവാത്ത ഓർമയായിരുന്നു. ക്യാമ്പ് ജീവിതം ഞങ്ങൾക്ക് പുതിയ അനുഭവങ്ങളും ഒത്തിരി കൂട്ടുകാരെയും സമ്മാനിച്ചു.

മറക്കാനാവാത്ത അധ്യാപക സ്നേഹം
ഒന്നാം വർഷം നടന്ന വാർഷിക പരീക്ഷ, ഹാളിൽ ഇരുന്ന് എഴുതിക്കൊണ്ടിരിക്കേയാണ് പെട്ടെന്ന് എനിക്ക് ഛർദി വന്നത്. ഒപ്പം സഹിക്കാൻ പറ്റാത്ത വയറു വേദനയും ഉണ്ടായി. ഹാളിലുണ്ടായ ഇൻവിജിലേറ്റർ സാർ എന്നെ അപ്പോൾത്തന്നെ പ്രിൻസിപ്പലിൻ്റെ ഓഫീസിൽ എത്തിച്ചു. കാസർകോട് ഗവ. ആശുപത്രിയിൽ ചെന്ന് കാണിക്കാൻ അദ്ദേഹം നിർദേശിച്ചു.
അന്ന് കോളജിൽ കാറുള്ളത് പ്രൊഫ. ഗീവർഗീസ് സാറിനായിരുന്നു. അദ്ദേഹത്തിൻ്റെ കാറിൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം എന്നെ അവിടെ അഡ്‌മിറ്റ് ചെയ്തു. അധ്യാപകർ സ്വന്തം മക്കളെപ്പോലെയാണ് ഞങ്ങളെ അന്ന് കരുതിയിരുന്നത്.
സഹായികളായി റിട്ടയേർഡ് ഡിവൈഎസ്പിയായ പി പി രാഘവൻ, ജിയോളജിസ്റ്റ് പ്രഭാകരൻ എന്നിവർ ഹോസ്പിറ്റലിൽ നിന്നു. രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടുകാരെ അറിയിച്ചത്. അന്നവിടെ സ്വന്തം സഹോദരനെ പോലെ സഹായിക്കാൻ ഒരു ശാന്തകുമാരി നഴ്സുണ്ടായിരുന്നു. അവർ കോളജിൽ തേർഡ് ഗ്രൂപ്പിൽ പഠിക്കുന്ന സുധാകരൻ്റെ ജ്യേഷ്ഠത്തി ആയിരുന്നു. ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞാണ് വീട്ടിലെത്തിയത്. ആശുപത്രിയിലെ ആ ദിനങ്ങളിൽ ലഭിച്ച സ്നേഹവും പരിചരണവും എന്നും മനസിൽ തങ്ങിനിൽക്കുന്നതാണ്.

രണ്ടാം വർഷം പ്രീഡിഗ്രി കാലത്ത് പ്രവർത്തന മേഖല കുറേക്കൂടി വികസിച്ചു. കോളജിലെ സീനിയർ വിദ്യാർഥികളുമായി പരിചയത്തിലായി. കോളജ് ഡേയിൽ ഹിന്ദി നാടകത്തിൽ ബട്ലർ ആയി വേഷം കെട്ടി അഭിനയിച്ചു. കോളജ് മാഗസിനിൽ ലേഖനങ്ങൾ എഴുതി, ക്ലാസ് റെപ്രസെൻ്റേറ്റീവായി മത്സരിച്ചു ജയിച്ചു. കോളജ് ജീവിതത്തിലെ ഏറ്റവും സജീവമായ ദിനങ്ങളായിരുന്നു അത്.
ഓട്ടോഗ്രാഫിലെ കയ്യൊപ്പുകൾ
ഇത്രയും ആമുഖമായി സൂചിപ്പിച്ചത് 60 വർഷം മുമ്പുള്ള എൻ്റെ ഈ ഓട്ടോഗ്രാഫ് കയ്യിൽ കിട്ടിയപ്പോഴാണ്. അതിൽ ഒപ്പം പഠിച്ചവരും, പഠിപ്പിച്ചവരും കുറിച്ചു വെച്ച വാചകങ്ങൾ വായിച്ചപ്പോൾ മനസ്സിൽ വല്ലാത്തൊരു വികാരമുണ്ടായി. അതിലെ ആദ്യ പേജിൽ പ്രൊഫ. ശേഷാദ്രി സാറിൻ്റെ വാചകമാണ്. ഇന്നും അതിൻ്റെ അർഥം കൃത്യമായി തിരിച്ചറിയാൻ എനിക്കായില്ല. സാർ ഇന്ന് ജീവിച്ചിരിപ്പില്ല. പ്രഗത്ഭനായ ഒരു ഇംഗ്ലീഷ് അധ്യാപകനായിരുന്നു അദ്ദേഹം.
വർഷങ്ങൾക്കു മുമ്പ് ഒരു ട്രെയിൻ യാത്രയിൽ അദ്ദേഹത്തെ യാദൃശ്ചികമായി കണ്ടു മുട്ടി. അടുത്ത് ചെന്ന് ഓർമ പുതുക്കി. സാർ ഓട്ടോഗ്രാഫിലെഴുതിയ വാചകത്തിൻ്റെ അർഥം ചോദിച്ചു. 'അത് ഓരോ സമയത്ത് മനസ്സിലുദിക്കുന്ന അഭിപ്രായങ്ങൾ പറയുന്നതാണ്. അന്ന് റഹ്മാൻ്റെ പ്രവൃത്തി കണ്ടിട്ട് അങ്ങനെ എഴുതിയതായിരിക്കാം' എന്ന് അദ്ദേഹം പറഞ്ഞു. പഴയ കോളജ് പഠനകാലത്തെക്കുറിച്ച് ഒന്നുകൂടി ഓർമ പങ്കുവെച്ചു. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നേർചിത്രമായിരുന്നു ആ കണ്ടുമുട്ടൽ.
എം എ അമീറലിയും ഒപ്പം പഠിച്ചവരാണ്. ഇന്നും ഇടയ്ക്ക് വിളിക്കാറുണ്ട്. വർഷങ്ങൾക്കു മുമ്പ് അംഗഡി മുഗറിൽ നടന്ന ഒരു ബോധവൽകരണ സെമിനാറിൽ നേരിട്ടു കാണാനിടയായി. രോഗബാധിതനാണെന്ന് അറിഞ്ഞു. അല്പം വിഷമം തോന്നി. അന്ന് ക്ലാസിലെ സുന്ദര കുട്ടപ്പനായിരുന്നു അമീറലി. അവനും എൻ്റെ ഓട്ടോഗ്രാഫിൽ എഴുതിയിട്ടുണ്ട്.

60 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർക്കുകയും ഫോൺ വഴി ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് സറീന. ഇപ്പോൾ കോഴിക്കോട് ഒരു ഹോസ്പിറ്റലിൽ ഡോക്ടറായി പ്രവർത്തിക്കുന്നു. കോളജ് വിട്ടതിന് ശേഷം ഇതേവരെ നേരിട്ട് കാണാൻ പറ്റിയില്ല. പക്ഷേ എഫ്ബി വഴി കാര്യങ്ങൾ പരസ്പരം അറിയും.
'ദൈവത്തേയും സ്ത്രീകളേയും വിശ്വസിക്കണം' എന്ന വാചകമാണ് ഓട്ടോഗ്രാഫിൽ സറീന അവസാനമായി കുറിച്ചത്. ഇപ്പോൾ ഞങ്ങളെല്ലാം 75 വയസ്സ് പിന്നിട്ടവരാണ്. എങ്കിലും 16-ൻ്റെ മനസ്സാണ് ഞങ്ങൾക്ക് പരസ്പരം സംസാരിക്കുമ്പോൾ. പ്രായത്തെ തോൽപ്പിക്കുന്ന സൗഹൃദത്തിന്റെ കരുത്താണ് ഈ ബന്ധങ്ങളിലൂടെ വ്യക്തമാകുന്നത്.
മായാത്ത മുഖങ്ങൾ
പിന്നെയുള്ളത് വസന്തകുമാരിയുടെ കുറിപ്പാണ്. നീലേശ്വരത്തുകാരിയാണ്. അന്നത്തെ കോളജ് ബ്യൂട്ടിയായിരുന്നുവെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ആൾ ഒരു ചിരിക്കുടുക്ക ആണ്. എന്നും ചിരിച്ചു കൊണ്ടേ സംസാരിക്കൂ. അക്കാലത്ത് ദാവണിയാണ് പെൺകുട്ടികളുടെ ഇഷ്ടവസ്ത്രം. സറീനയും വസന്തകുമാരിയും അടുത്ത സുഹൃത്തുക്കളാണ്.
ഇത്രയും അടുത്ത് താമസക്കാരിയായിട്ടും ഇതേ വരെ തമ്മിൽ കാണാൻ സാധിച്ചിട്ടില്ല. പക്ഷേ അന്നത്തെ വസന്തകുമാരിയുടെ രൂപവും ചിരിയും എന്നും ഓർമയിൽ ഓടിയെത്താറുണ്ട്. എങ്കിലും അന്നത്തെ 16-കാരി ഇന്ന് 75-ൽ എത്തി നിൽക്കുമ്പോൾ ഉണ്ടാവുന്ന രൂപമാറ്റം ഞാൻ വെറുതെ ഭാവനയിൽ കണ്ടു നോക്കാറുണ്ട്. കാലം ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഓർമ്മകളിലെ രൂപങ്ങൾക്ക് ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.
'ഈ പേജുകൾ നശ്വരമായി വന്നാൽ ഹൃത്തടം ശാശ്വതമാണിതല്ലേ, എന്നെങ്കിലും റഹീ, ഒന്നുകണ്ടാൽ കണ്ടില്ലെന്നൊരു ഭാവം വേണ്ട, മന്ദസ്മിതം മാത്രമതെങ്കിലും തന്നീടുവാൻ പ്രേരിതനാകണം താൻ' എന്ന് കെ വി രാമകൃഷ്ണൻ ബേതലം എൻ്റെ ഓട്ടോഗ്രാഫിൽ കവിതയായി കുറിച്ചിട്ടു. ഞാനെന്നും ഓർക്കാറുണ്ട്. 1966-68 കാലത്തെ പ്രീഡിഗ്രി പഠനം കഴിഞ്ഞതിന് ശേഷം ഇതേവരെ തമ്മിൽ കാണാൻ സാധിച്ചിട്ടില്ല.

കെ വി രാമകൃഷ്ണൻ വലിയ കവിയായി മാറിയിട്ടുണ്ടാകുമെന്നാണ് എൻ്റെ വിശ്വാസം. കാരണം 16-കാരന് ഇങ്ങനെ എഴുതാൻ കഴിവുണ്ടെങ്കിൽ തീർച്ചയായും ഈ രംഗത്ത് ഉന്നതിയിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെ ആഗ്രഹിക്കാനല്ലേ എനിക്കാവൂ, പ്രാർഥിക്കാനും. സഹപാഠികളുടെ കഴിവുകളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ആ കലാലയ അന്തരീക്ഷം.
തിരുവല്ലക്കാരനായ പ്രൊഫ. എ എസ് നമ്പൂതിരി സാർ ഓട്ടോഗ്രാഫിൽ എഴുതിയ വരികൾ എന്നെ ഏറെ ആകർഷിച്ചിരുന്നു. 'കാലാൽ തട്ടിനിരത്തട്ടെ കാലം ജീർണിച്ചതൊക്കെയും, നിത്യമാനസ ബന്ധങ്ങൾ നിരാലംബങ്ങളൂഴിയിൽ' എന്ന് അദ്ദേഹം കുറിച്ചു. കോളജ് വിട്ട് വന്ന ആദ്യനാളുകളിൽ ഉറക്കത്തിൽ പോലും ഈ വരികൾ ഉറക്കെ പാടാറുണ്ടെന്ന് ഉമ്മ പറയാറുണ്ട്.
ഞാൻ നാട്ടിലെ കലാസമിതിയിലും ഹൈസ്കൂൾ യുവജനോത്സവത്തിലും നാടകം അഭിനയിക്കാറുണ്ടെന്ന് സാറിനോട് ആരോ പറഞ്ഞു കൊടുത്തു. ഹിന്ദിയായിരുന്നു സെക്കൻഡ് ലാംഗ്വേജ് ആയി എടുത്തിരുന്നത്. അതിനാൽ ഹിന്ദി നാടകത്തിൽ അഭിനയിക്കണമെന്ന് സാറാണ് നിർദേശിച്ചത്. അങ്ങനെ ആദ്യമായി ഹിന്ദി ഡ്രാമയിൽ അഭിനയിച്ചു. ഈ നമ്പൂതിരി സാറാണ് അതിന് പ്രോത്സാഹനം തന്നത്. ഇന്നും അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത കുളിർമ തോന്നുന്നു. അധ്യാപകർ നൽകിയ ആത്മവിശ്വാസമാണ് പലരുടെയും ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കിയത്.
ബാക്കിയായ വരികളും ഓർമകളും
അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയസുഹൃത്തിൻ്റെ കുറിപ്പാണിത്. 'പ്രിയപ്പെട്ട റഹിമാൻ, നമ്മൾ ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ചു. പിന്നീട് നമുക്ക് വീണ്ടും കണ്ടു മുട്ടുവാൻ ഭാഗ്യമുണ്ടായതിൽ വളരെയധികം സന്തോഷിക്കുന്നു. ഞാൻ നിന്നോട് വല്ല തെറ്റും ചെയ്തു പോയിട്ടുണ്ടെങ്കിൽ എൻ്റെ ആത്മസുഹൃത്ത്, എനിക്ക് മാപ്പ് തരണം. നമുക്ക് വീണ്ടും കരിവെള്ളൂരിൽ കണ്ടു മുട്ടാം.'
എന്ന് മംഗളാശംസകളോടെ ബാലകൃഷ്ണൻ എഴുതി. ഇത് വായിച്ചപ്പോൾ മനസ്സ് വല്ലാതെ നോവുന്നു. കോളജിൽ പഠിക്കുമ്പോൾ അടുത്തടുത്ത ലോഡ്ജുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. എൻജി. ആകാനുള്ള ആഗ്രഹത്താൽ ബാലകൃഷ്ണൻ ഫസ്റ്റ് ഗ്രൂപ്പാണ് എടുത്തത്. പിലിക്കോടാണ് അവൻ്റെ താമസം. അത് കൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടായിരുന്നു. പിലിക്കോട് മുൻ പഞ്ചായത്ത് പ്രസിഡൻ്റും എൻ്റെ സഹപ്രവർത്തകനുമായിരുന്ന ടി വി ശ്രീധരൻ മാസ്റ്റരുടെ സഹോദരനാണ് ഈ ബാലകൃഷ്ണൻ.
കരിവെള്ളൂർ ഗവ. ഹൈസ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ചവരായിരുന്നു ഞങ്ങൾ. പക്ഷേ വിധി അവന് അധികം ആയുസ് നൽകിയില്ല. വരികളും ഓർമകളും ബാക്കി നിർത്തി അവൻ യാത്ര പറഞ്ഞു പോയി. കാലം ഓരോരുത്തർക്കും ഓരോന്ന് കരുതി വെക്കുന്നു എന്നല്ലാതെ എന്തു പറയാൻ. ചില വേർപാടുകൾ കാലം എത്ര കഴിഞ്ഞാലും ഹൃദയത്തിൽ തീരാനൊമ്പരമായി അവശേഷിക്കും.
16-കാരനായ പ്രിയസുഹൃത്ത് ലത്തീഫ് ബങ്കര നല്ല പ്രാസംഗികനായിരുന്നു. കാസർകോടിൻ്റെ ഭാഷാശൈലിയും ശുദ്ധമലയാളത്തനിമയും സംയോജിപ്പിച്ചുകൊണ്ടുള്ള അവൻ്റെ പ്രസംഗം വിദ്യാർഥികൾക്ക് അന്ന് ആവേശം പകരുന്നതായിരുന്നു. എൻസിസി ക്യാമ്പിൽ ഞങ്ങൾ ഒപ്പം കിടന്നുറങ്ങിയിരുന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന വ്യക്തിയായിരുന്നു. കാസർകോട് ഏരിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാഗ്മിയും വക്കീലുമായിരുന്നു അദ്ദേഹമെന്ന് കേട്ടറിഞ്ഞിട്ടുണ്ട്.

പഠനകാലത്തിന് ശേഷം ഞങ്ങൾ തമ്മിൽ കണ്ടതേയില്ല. എങ്കിലും മാധ്യമങ്ങളിലൂടെ ലത്തീഫിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നു. ആ പ്രിയ സുഹൃത്തും വളരെ ചെറുപ്പത്തിലേ കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു എന്നാണ് അറിഞ്ഞത്. 'ജീവിതത്തിൻ്റെ യാത്രയിൽ വൈവിധ്യങ്ങളായ രംഗങ്ങൾ തരണം ചെയ്തു പോകുമ്പോൾ, താങ്കളുടെ ഓർമയുടെ കവാടങ്ങളും തുറക്കപ്പെടട്ടെ..' എന്ന് ലത്തീഫ് ഓട്ടോഗ്രാഫിൽ കുറിച്ചു.
വൈവിധ്യങ്ങളായ രംഗങ്ങൾ തരണം ചെയ്തു പോകുമ്പോഴാകാം രംഗങ്ങളില്ലാത്ത ലോകത്തേക്ക് പ്രിയസുഹൃത്ത് കടന്നു പോയത്. എൻ്റെ ഓർമയിൽ ആ സുഹൃത്തിൻ്റെ ഓർമകളും ഈ നിമിഷം തുറക്കപ്പെട്ടു എന്ന് അറിയുന്നുണ്ടാകും. ഓരോ സുഹൃത്തുക്കളുടെയും വിയോഗം മനസിൽ വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്.
ബി നാരായണ പെരലായ എന്ന സുഹൃത്തും എവിടെയാണെന്നോ എന്താണെന്നോ അറിയില്ല. ഓട്ടോഗ്രാഫിൽ എഴുതിയത് 'my heart is full and words fail' എന്നാണ്. 60 വർഷം മുമ്പ് എഴുതിയ ഈ വാചകം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കാം. നീണ്ടു മെലിഞ്ഞ വെളുത്ത സുഹൃത്തായിരുന്നു നാരായണ പെരലായ കന്നടയാണ് സംസാരിച്ചിരുന്നത്.
എങ്കിലും മലയാളവും അനായാസം സംസാരിക്കും. ഞാൻ ക്ലാസ് റെപ്രസെൻ്റേറ്റീവായി മത്സരിക്കുമ്പോൾ എൻ്റെ എതിർ സ്ഥാനാർഥി കന്നടക്കാരനായിരുന്നു. പക്ഷേ നാരായണ പെരലായ ക്ലാസിലുള്ള കന്നടവിഭാഗക്കാരായ വിദ്യാർഥികളോട് എനിക്കു വേണ്ടി വോട്ടു ചെയ്യാൻ അഭ്യർഥിച്ചു. എന്നോട് അത്രയ്ക്ക് ഇഷ്ടമായിരുന്നു പെരലായക്ക്. പേരിൻ്റെ പ്രത്യേകത കൊണ്ട് എന്നും മനസ്സിൽ നിന്ന് മായാതെ അവനെ ഇന്നും ഓർക്കുന്നു. ഇതിൽ വിലാസം നൽകിയത് എവിടെയെങ്കിലും കണ്ടുമുട്ടാൻ സാധിക്കട്ടെ എന്ന ആഗ്രഹത്താലാണ്. സൗഹൃദത്തിന് ഭാഷയോ അതിരുകളോ ഒരു തടസ്സമല്ലെന്ന് ഇത്തരം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഞങ്ങൾ ഒപ്പം പഠിച്ച കുഞ്ഞിക്കണ്ണനെ ഓർമയുണ്ടോ എന്ന് ഈയിടെ നീലേശ്വരത്ത് താമസിക്കുന്ന ഡോ. കെ രാമചന്ദ്രനെ വിളിച്ച് അന്വേഷിച്ചതേ ഉണ്ടായിരുന്നുള്ളു. കുഞ്ഞിക്കണ്ണൻ പയ്യന്നൂരിലോ മറ്റോ ഒരു ആശുപത്രിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നതെന്ന് പറഞ്ഞു. എംബിബിഎസും എംഡിയും മറ്റും കഴിഞ്ഞ് പേരുകേട്ട ഡോക്ടറാണ് കുഞ്ഞിക്കണ്ണൻ എന്ന് അന്വേഷിക്കുമ്പോൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്.
പഠിക്കുന്ന കാലത്ത് കാഞ്ഞങ്ങാടായിരുന്നു താമസം എന്നിട്ടു പോലും തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഈ കുറിപ്പ് കണ്ടെങ്കിൽ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് എനിക്കുറപ്പുണ്ട്. മറന്നുപോയ പല ബന്ധങ്ങളും വീണ്ടും കൂട്ടിയിണക്കാൻ ഇത്തരം ഓർമ്മക്കുറിപ്പുകൾക്ക് സാധിക്കാറുണ്ട്.

അന്ന് ഓരോരുത്തരുമെഴുതിയ വരികൾ വർഷങ്ങൾക്ക് ശേഷം വായിക്കുമ്പോൾ, ആ പഴയ കോളജ് മുറ്റത്തെ മണവും കൂട്ടുകാരുടെ ചിരിയും വീണ്ടും കാതുകളിൽ മുഴങ്ങുന്നത് പോലെ തോന്നുന്നു. ഇന്ന് എല്ലാം ഡിജിറ്റലായി മാറിയപ്പോൾ, ആരുടെയൊക്കെയോ കൈപ്പടയിൽ എഴുതപ്പെട്ട ആ വാചകങ്ങൾക്ക് ലഭിച്ചിരുന്ന ഒരു പ്രത്യേക 'സ്പർശം' നഷ്ടമായിട്ടുണ്ട്. സ്വന്തം കൈപ്പടയിൽ എഴുതി ലഭിക്കുന്ന ഒരു വരിയിൽ അടങ്ങിയിരിക്കുന്ന സ്നേഹം ഒരു ഫോൺ മെസേജിനും പകരം നൽകാനാവില്ല എന്ന് തോന്നുന്നു.
ഒരുപക്ഷേ, 1966-ൽ ആ ഓട്ടോഗ്രാഫിൽ ഒപ്പിടുമ്പോൾ ആരും കരുതിയിട്ടുണ്ടാകില്ല, കാലമെത്ര കഴിഞ്ഞാലും ഈ മഷിപ്പാടുകൾ ഇത്രയേറെ നൊസ്റ്റാൾജിയ സമ്മാനിക്കുമെന്ന്. അതുകൊണ്ട് തന്നെ, പെട്ടിയിൽ ഒളിപ്പിച്ചുവെച്ച ആ ഓട്ടോഗ്രാഫ് പുസ്തകം ഞങ്ങൾക്ക് വെറുമൊരു കടലാസുകെട്ടല്ല, മറിച്ച് മരിച്ചുപോകാത്ത ഒരു തലമുറയുടെ സൗഹൃദത്തിൻ്റെ പ്രതീകമാണ്. മരിക്കാത്ത ഓർമകളാണ്, ഒരു കാലഘട്ടത്തിൻ്റെ കയ്യൊപ്പാണത്. കാലം എത്ര കഴിഞ്ഞാലും സൗഹൃദങ്ങളുടെ മൂല്യം ഒരിക്കലും കുറയുന്നില്ല എന്നതാണ് സത്യം.
ഈ മനോഹരമായ ഓർമക്കുറിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. പഴയ സൗഹൃദങ്ങൾ ഓർത്തെടുക്കാൻ ഈ കുറിപ്പ് നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കിടയിലും ഷെയർ ചെയ്യുക. പുതിയ വിശേഷങ്ങൾക്കും വാർത്തകൾക്കും ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A nostalgic memoir of a former student from Kasaragod Govt College reflecting on a 60-year-old autograph book and tracing memories of friends from the 1966 Pre-degree batch.
#KasaragodGovtCollege #AutographMemories #Nostalgia #CollegeDays #OldFriends #MalayalamMemoir #AmmuNews
