ബീഡി കമ്പനിയിലെ പാട്ടുകാരൻ; കരിവെള്ളൂർ ബാലന്റെ സംഗീത യാത്ര

 
Renowned Kerala music director Karivellur Balan
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കഥാപ്രസംഗത്തിന് ഹാർമോണിയം വായിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.
● 16-ാം വയസ്സിൽ തുടങ്ങിയ സംഗീത യാത്ര അറുപത് വർഷം പിന്നിട്ടു.
● കേരളത്തിലുടനീളം പതിനായിരക്കണക്കിന് സ്റ്റേജുകളിൽ സംഗീത വിസ്മയം തീർത്തു.
● സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കലാകാരന്മാരെ സഹായിക്കാൻ അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ട്.
● നിലവിൽ കരിവെള്ളൂർ ബസാറിൽ സ്റ്റേഷനറി കച്ചവടവുമായി വിശ്രമ ജീവിതം നയിക്കുന്നു.

കനിവുള്ള മനുഷ്യർ ഭാഗം 15/ കൂക്കാനം റഹ്‌മാൻ

(KVARTHA) പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പെങ്കിലും, അതേ പുകയില കൊണ്ട് പട്ടിണി മാറ്റിയ ഒരു ചരിത്രം ഞങ്ങളുടെ നാടിനുണ്ട്. ഇപ്പോഴും പലയിടത്തും ഇത്‌ നിലനിൽക്കുന്നുണ്ടെങ്കിലും അന്നത് വ്യാപകമായ ഒരു തൊഴിലായിരുന്നു. 1980 വരെ കരിവെള്ളൂർ ടൗൺ ബീഡിത്തൊഴിലാളികളുടെ കേന്ദ്രമായിരുന്നു. സാധു ബീഡിക്കമ്പനികളായിരുന്നു കൂടുതലുണ്ടായിരുന്നത്. പിന്നീടാണ് ദിനേശ് ബീഡിയുടെ ബ്രാഞ്ചുകൾ നിലവിൽവന്നത്.

Aster mims 04/11/2022

തൊഴിലാളികൾക്കിടയിലെ കലാസ്പർശം

കൂട്ടമായി ഒരു മുറിയിലിരുന്ന് ബീഡി നിർമ്മാണത്തിലേർപ്പെടുക, അതാണ് ജോലി. അതിനുവേണ്ടി നൂറുകണക്കിന് തൊഴിലാളികൾ പലയിടത്തുനിന്നും വന്നും പോയുമിരുന്ന പ്രദേശമായിരുന്നു കരിവെള്ളൂർ. അതുകൊണ്ടുതന്നെ അവിടെ ഒരു തൊഴിലാളിക്കൂട്ടായ്മ സാധ്യമായിരുന്നു. ഏത് പൊതുപ്രശ്ന‌ങ്ങളിലും കൂട്ടമായി ഇടപെടുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അക്കാലത്തെ ബീഡിത്തൊഴിലാളികൾക്ക്. കാണുമ്പോഴും പറയുമ്പോഴും അതൊരു തൊഴിൽ കേന്ദ്രമായിട്ട് തോന്നുമെങ്കിലും വായനയും ചർച്ചയും പഠനവുമൊക്കെ ആ കമ്പനികളിൽ നടക്കുമായിരുന്നു.

രാഷ്ട്രീയം, കല, കായികം, സാഹിത്യം എന്നീ മേഖലകളിൽ വളർന്നുവന്ന നിരവധിപേർ ബീഡിക്കമ്പനികളിൽ ഉണ്ടായിരുന്നു. പ്രധാനമായും കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരും അനുഭാവികളുമായിരുന്നു ബീഡിത്തൊഴിലാളികളിൽ മിക്കവരും. രാഷ്ട്രീയ രംഗത്ത് ഉയർന്നു വന്ന ഇ.പി. കരുണാകരൻ, കെ. നാരായണൻ, ഗോപാലൻ, നാടകരംഗത്ത് പ്രസിദ്ധരായ എ.കെ. രാഘവൻ, ലക്ഷ്‌മണൻ, മാധവൻ, സാഹിത്യരംഗത്ത് കൊടക്കാട് രാഘവൻ, കായികരംഗത്ത് സുകുമാരൻ, മികച്ച പാട്ടുകാരനായ കരിവെള്ളൂർ ബാലൻ, നാരായണൻ കരിവെള്ളൂർ എന്നിവർ മേൽസൂചിപ്പിച്ചവരിൽ ചിലർ മാത്രമാണ്.

എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത എന്താണെന്നുവെച്ചാൽ ബീഡിത്തൊഴിലാളികളെല്ലാവരും നല്ല സേവന സന്നദ്ധരായിരുന്നു. അത്തരമൊരു പ്രവർത്തന ശൈലിയിലേക്ക് അവരെ നയിച്ചത് കൂട്ടായ്‌മയിലൂന്നിയ തൊഴിൽ രീതിയും ചർച്ചയും പഠനവുമൊക്കെയാണ്. ഇക്കൂട്ടത്തിൽപ്പെട്ട പ്രമുഖ സംഗീത സംവിധായകനും പാട്ടുകാരനുമായ കരിവെള്ളൂർ ബാലനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

karivellur balan music director life story beedi worker

നാടകമെന്ന ഹരം

യൗവനത്തിലെത്തിയ ചെറുപ്പക്കാർക്ക് അന്ന് നാടകാഭിനയം ഒരു ഹരമായിരുന്നു. അഭിനയിക്കാനുള്ള മോഹം ഉള്ളിലുദിച്ചാൽ അവർ ഒരുമിച്ചുകൂടും. എന്നിട്ട് സ്വന്തമായി ഒരു കലാസമിതിക്കോ ആർട്‌സ് ക്ലബിനോ രൂപം നൽകും. ലക്ഷ്യം നാടകമാണല്ലോ, അപ്പോൾ അത്‌ സാധ്യമാക്കാൻ വേണ്ടി ആ സംഘത്തിൻ്റെ വാർഷികം സംഘടിപ്പിക്കും. കാരണം വാർഷികാഘോഷങ്ങൾക്ക് നാടകം നിർബന്ധമാണല്ലോ. അടുത്ത ഘട്ടം നാടകം തിരഞ്ഞെടുക്കുക എന്നതാണ്. കെ. കരിവെള്ളൂർ, കെ.ജി. കൊടക്കാട് തുടങ്ങിയവർ അക്കൂട്ടത്തിലുണ്ട്. നാട്ടിൽത്തന്നെ നിരവധി നാടക സംവിധായകരുണ്ട്. അവരൊക്കെ പ്രമുഖരാണ്.
നാടകത്തിൽ അഭിനയിക്കാൻ താൽപ്പര്യമുള്ളവർ ഒത്തുകൂടും. അതിൽനിന്ന് കഥാപാത്രങ്ങളെ സംവിധായകർ കണ്ടെത്തും. മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിഹേഴ്സലാണ് നടക്കുക. മനഃപാഠം പഠിക്കാൻ വളരെ ബുദ്ധിമുട്ടും, എങ്കിലും പരമാവധി ശ്രമിക്കും. പിന്നെ സ്റ്റേജിൽനിന്ന് മറന്നുപോയാലോ എന്നതുകൊണ്ട് പറഞ്ഞുകൊടുക്കാൻ കർട്ടനുപിറകിൽ ഒരാളെ അറേഞ്ച് ചെയ്ത് നിർത്തും.

അടുത്ത പടി നാടകഗാന രചയിതാക്കളെ കാണലാണ്. കൊടക്കാട് രാഘവൻ അക്കാര്യത്തിൽ വലിയ താല്പ‌ര്യത്തോടെ ആ കൃത്യം നിർവ്വഹിക്കും. തുടർന്ന് വരികൾക്ക് സംഗീതം നൽകി ആലാപനം നടത്തുന്ന ആളെ കണ്ടെത്തലാണ്. കരിവെള്ളൂർ ബാലൻ എന്ന വ്യക്തിയെ തേടിയാണ് അടുത്ത യാത്ര. ഇവരെയൊക്കെ കാണാൻ കരിവെള്ളൂർ സാധുബീഡി ബ്രാഞ്ചിൽ എത്തിയാൽ മതി.
Renowned Kerala music director Karivellur Balan

വഴിത്തിരിവായ ശിക്ഷ

ബാലൻ കരിവെള്ളൂർ എന്ന ഗാനസംവിധായകൻ കേരളത്തിനകത്തും പുറത്തും പേരുകേട്ട വ്യക്തിയായി അന്ന് മാറിയിരുന്നു. ബാലൻ പാട്ടുകാരനും സംഗീതസംവിധായകനുമൊക്കെ ആയതിനുപിന്നിലും ഒരു കഥയുണ്ട്. കരിവെള്ളൂരിൽ ആ കാലഘട്ടത്തിൽ കളരി പരിശീലന പരിപാടി ഉണ്ടായിരുന്നു. കളരിയിൽ തീവ്രപരിശീലനമാണ്. ഭക്ഷണക്രമവും ജീവിതചിട്ടകളും കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. അതിരാവിലെ കുളിച്ച് റെഡിയായി കളരിയിൽ എത്തണം. മുടി നീട്ടി വളർത്തണം, എണ്ണ തേച്ച് കുളിയും പ്രത്യേക കഞ്ഞിയുമൊക്കെയുണ്ടാകും. ഇതെല്ലാം കഴിഞ്ഞിട്ടുവേണം സ്‌കൂളിലേക്ക് ചെല്ലാൻ. കളരിയിൽ പോകുന്ന കുട്ടികളുടെ കായികബലവും അവരുടെ രൂപവും മെയ്യഭ്യാസവുമെല്ലാം ഒപ്പമിരുന്ന് പഠിക്കുന്നവരുടെ അംഗീകാരത്തിനും സ്നേഹത്തിനും വഴിയൊരുക്കുമായിരുന്നു.

ഒരു ദിവസം കളരിയഭ്യാസം കഴിഞ്ഞ് സ്കൂളിലെത്തി. കരിവെള്ളൂർ മാന്യഗുരു സ്കൂളിലാണ് ബാലൻ പഠിക്കുന്നത്. അവിടെ ആറാം ക്ലാസുകാരനായിരുന്നു ബാലൻ. വൈകുന്നേരം കളിക്കാൻ വിട്ട സമയം കളിപ്പിക്കാൻ കൊണ്ടുപോയ മാഷ് ബാലനോട് കളരിയിൽ പഠിച്ച രണ്ട് മലക്കം കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അത്‌ കേട്ടതും ബാലൻ ഒന്ന് പകച്ചു. കാരണം കളരിയിലെ ഗുരുക്കൾ പറഞ്ഞിട്ടുണ്ട്, ഇവിടെനിന്ന് പഠിച്ച കായികവിദ്യകൾ മറ്റെവിടെയും ചെന്ന് കാണിച്ചു കൊടുക്കരുതെന്ന്.

സ്‌കൂളിൽ പഠിപ്പിക്കുന്ന മാഷ് പറയുന്നത് കളരിയിൽനിന്ന് പഠിച്ച മലക്കം മറിയാനും. ബാലൻ ധർമസങ്കടത്തിലായി. സ്‌കൂളിലെ മാഷ് പിന്നേയും പിന്നേയും ആവശ്യപ്പെടുകയും അതിനുവേണ്ടി പ്രോൽസാഹനം കൊടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ബാലൻ കുലുങ്ങിയില്ല. മാഷ് വീണ്ടും വീണ്ടും നിർബന്ധിച്ചു. അത്‌ കണ്ടു ഒപ്പം പഠിക്കുന്ന സഹപാഠികൾക്കും ദേഷ്യം വന്നുതുടങ്ങി. പക്ഷെ ബാലൻ വഴങ്ങിയില്ല.

അതിന് അന്ന് മാഷ് നൽകിയ ശിക്ഷ അറുപത് വർഷം കഴിഞ്ഞിട്ടും ബാലൻ മറന്നിട്ടില്ല. ആനകുറുന്തോട്ടി എന്ന് പേരായ ചെടി പൊരിച്ചെടുത്ത് ബാലൻ്റെ ഇരുകാലുകളിലും മാഷ് ശക്തിയായി അടിച്ചു. വേദനകൊണ്ട് ബാലൻ നിലവിളിച്ചു. പറഞ്ഞത് അനുസരിച്ചില്ല എന്നതായിരുന്നു അടിയുടെ പിന്നിലെ കാരണം. ബാലൻ സ്കൂൾ വിട്ട് വീട്ടിലെത്തി. അടുത്ത ദിവസം എഴുന്നേറ്റപ്പോൾ നടക്കാൻ പറ്റുന്നില്ല. വേദനയും അപമാനവും അവനെ തളർത്തി. അതോടെ സ്കൂ‌ൾ ജീവിതം അവസാനിപ്പിച്ചു. പക്ഷെ അത്‌ ബാലന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. അന്ന് അടിച്ച മാഷെ ഇന്നും ബാലൻ ഓർക്കുന്നുണ്ട്. അന്തരിച്ചുപോയ ആ മാഷിൻ്റെ പേരു പറയുന്നില്ല എന്നാണ് ബാലൻ പറയുന്നത്.

ബീഡി തെറുപ്പും സംഗീത പഠനവും

കരിവെള്ളൂരിലെ പഠനം നിർത്തിയ ചെറുപ്പക്കാരെല്ലാം ചെന്നെത്തുന്നത് ബീഡിക്കമ്പനിയിലേക്കാണ്. ബീഡിക്ക് നൂലുകെട്ടാനും തുടർന്ന് ബീഡിതെറുക്കാനും കുട്ടികളെ അന്ന് പറഞ്ഞയക്കുമായിരുന്നു. ഇന്നാണെങ്കിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുമായിരുന്നു. അങ്ങനെ പതിനഞ്ചു വർഷം ബീഡിതെറുപ്പുകാരനായി. ഇപ്പോഴും ബാലൻ സ്കൂൾ ജീവിതത്തെപ്പറ്റി ഓർക്കും. അന്ന് സ്‌കൂളിൽ എല്ലാ വിഷയത്തിനും തൊണ്ണൂറിന് മേലെ മാർക്ക് വാങ്ങുന്നവനായിരുന്നു ബാലൻ. ആ മാഷിൻ്റെ പീഡനം മൂലം മാത്രമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ഉയർച്ച നിലച്ചുപോയത്.

ചെറുപ്പം മുതലേ സംഗീതത്തിലും തൽപരനായിരുന്നു ബാലൻ. പാട്ട് കേൾക്കാനും അത് അനുകരിക്കാനും ഇഷ്ടമായിരുന്നു. ഇതറിയുന്ന കൂടെ പണിയെടുക്കുന്ന തൊഴിലാളികളും ബാലൻ്റെ കഴിവിനെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. ബീഡിപ്പണി ചെയ്തുകൊണ്ടുതന്നെ സംഗീത ക്ലാസിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. അന്ന് കരിവെള്ളൂർ കലാസമിതിയെന്ന പേരിൽ ഒരു കലാസമിതി രൂപീകരിച്ചിട്ടുണ്ടായിരുന്നു. അവിടെ വെച്ച് സംഗീത ക്ലാസും നടന്നിരുന്നു. കെ.വി. കൃഷ്ണൻ, കെ.വി. ഗോവിന്ദൻ, എം.വി. നാരായണൻ മാസ്റ്റർ എന്നിവരായിരുന്നു അതിന്റെ പ്രധാന സംഘാടകർ. തുടർച്ചയായി മൂന്നുകൊല്ലം ഹാർമോണിയം വായനയും മറ്റു സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നേടി.

Renowned Kerala music director Karivellur Balan

അരങ്ങേറ്റം കൊടക്കാട്ടെ വേദിയിൽ

ആദ്യ സ്റ്റേജ് പ്രോഗ്രാമും മറക്കാൻ കഴിയാത്തതാണെന്ന് ബാലൻ ഓർക്കുന്നു. കൊടക്കാട് നടന്ന കർഷക സമ്മേളനമായിരുന്നു വേദി. അന്ന് കരിവെള്ളൂരിലെ അറിയപ്പെടുന്ന കഥാപ്രസംഗക്കാരനായിരുന്നു കെ.കെ. ഈയ്യക്കാട്. അദ്ദേഹത്തിനൊപ്പം ഹാർമോണിയം വായിക്കാനാണ് ബാലൻ ചെന്നത്. പൊൻകുന്നം ദാമോദരൻ്റെ 'ഭ്രാന്തൻ' എന്ന കഥയായിരുന്നു അന്നവിടെ അവതരിപ്പിച്ചത്. കഥാപ്രസംഗത്തിന് അനുയോജ്യമായ രീതിയിൽ താളം കൊടുക്കാൻ ബാലന് സാധിച്ചു. ഒപ്പം പാട്ടു പാടുന്നതിലും മികവുകാട്ടി. കേൾവിക്കാരുടെ അംഗീകാരം കിട്ടിയ ആദ്യ പരിപാടിയായിരുന്നു അത്‌. അഞ്ചു രൂപയായിരുന്നു അന്നത്തെ പ്രതിഫലം. പക്ഷെ അതിന് അയ്യായിരത്തിൻ്റെ മൂല്യമുണ്ടായിരുന്നുവെന്ന് ബാലൻ ഇപ്പോഴും ഓർമപ്പെടുത്തും.

നാടക ഗാനങ്ങളിലെ ബാലൻ സ്പർശം

ആദ്യമായി നാടകത്തിന് സംഗീതസംവിധാനം ചെയ്തത് 'അന്ധകാരം' എന്ന നാടകത്തിനായിരുന്നു. അത് കരിവെള്ളൂർ ദേശാഭിമാനി അവതരിപ്പിച്ച നാടകമായിരുന്നു. തുടർന്ന് സംഗീത സംവിധാനരംഗത്ത് ഒരു കുതിച്ചു ചാട്ടമായിരുന്നു ബാലൻ നടത്തിയത്. പതിനാറ് വയസ്സിൽ തുടങ്ങിയ പ്രവർത്തനം അറുപത്തിരണ്ട് വയസ്സുവരെ തുടർന്നു. ബാലൻ്റെ സംഗീത സംവിധാന കഴിവ് കേരളം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ പതിനായിരക്കണക്കിന് സ്റ്റേജുകളിൽ ബാലൻ തന്റെ കലാവിരുത് അവതരിപ്പിച്ചിട്ടുണ്ട്. 'പിന്നണിയിൽ' എന്ന കുറിപ്പാണ് നോട്ടീസിലും അനൗൺസ്മെൻ്റിലും കാണുന്നതെങ്കിലും സംഗീത സംവിധാനമാണ് മുന്നണിയിൽ എപ്പോഴുമുണ്ടാവുന്നത്. തുടക്കവും ഒടുക്കവുമൊക്കെ സംഗീതസാന്ദ്രവും ആനന്ദകരവും ആസ്വാദ്യകരവുമാക്കുന്നത് പിന്നണി തന്നെയാണ്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ലബ്ബുകളെയും കലാകാരൻമാരേയും സഹായിക്കാനുള്ള മനസ്സും ബാലൻ കാണിക്കാറുണ്ട്. കണക്കു പറഞ്ഞ് പ്രതിഫലം പറ്റുന്ന രീതിയിലല്ല ബാലന്റെ സമീപനം. പ്രവർത്തകരുടെ പ്രയാസം കണ്ടറിഞ്ഞ് സഹകരിക്കുന്ന നിലപാടാണ് ബാലനുള്ളത്.

ഓർമ്മകളിലെ വസന്തം

ബാലൻ്റെ സംഗീത സംവിധാനത്തിൽ കൂക്കാനം യുവജന കലാസമിതിയിലും കരിവെള്ളൂർ നോർത്ത് സ്‌കൂൾ വാർഷികത്തിലും കരിവെള്ളൂർ ദേശാഭിമാനി കലാസമിതിയിലും പാണപ്പുഴ ഗവ. സ്‌കൂളിൽ അരങ്ങേറിയ നാടകങ്ങളിൽ ഞാനും അഭിനേതാവും സംഘാടകനുമായിരുന്നു. എഴുപത്തിയൊന്നിൽ എത്തിനിൽക്കുന്ന ബാലൻ പഴയകാല ഓർമ്മകൾ അയവിറക്കുകയായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ രാഷ്ട്രീയ ഗാനമേളകളിൽ, നാടകങ്ങളുടെ പിന്നണിയിൽ, ഭക്തിഗാനമേളകളിൽ, വിൽക്കലാമേളകളിൽ, കഥാപ്രസംഗ സ്റ്റേജുകളിൽ ഒക്കെ തിളങ്ങിനിന്ന കാലം ബാലൻ ഓർമയിൽനിന്ന് ചികയാറുണ്ട്. നാടക പ്രവർത്തകർ കടലാസിൽ കുറിച്ചെടുക്കുന്ന വരി മനോഹരമായി ആലപിക്കാനുള്ള ബാലൻ്റെ കഴിവ് അസാധാരണമാണ്. അദ്ദേഹത്തിൻ്റെ കഴിവിനനുസരിച്ച അംഗീകാരം കിട്ടിയോയെന്ന് സംശയമുണ്ട്. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് പരിഭവമില്ല. പരാതിയില്ല.

ഇപ്പോൾ കരിവെള്ളൂർ ബസാറിൽ സ്വന്തം പീടിക കെട്ടിടത്തിൽ സ്റ്റേഷനറി കച്ചവടവുമായി കഴിഞ്ഞുകൂടുന്നു. ബംഗ്ളൂരിൽ ഇൻസ്ട്രുമെൻ്റേഷൻ ടെക്ക്‌നോളജിയിൽ ജോലി ചെയ്യുന്ന പ്രസൂനൻ, കരിവെള്ളൂർ പഞ്ചായത്തിൽ ടെക്നിക്കൽ സ്റ്റാഫായ പ്രസീന, നീലേശ്വരം ബി.എഡ്. കോളേജ് അധ്യാപിക പ്രവീണ എന്നിവർ മക്കളാണ്. ഭാര്യ തങ്കമണി.

കരിവെള്ളൂർ ബാലന്റെ ഈ പ്രചോദനാത്മകമായ ജീവിതകഥ ഷെയർ ചെയ്യൂ. 

Article Summary: The life story of Karivellur Balan, a beedi worker who became a renowned music director in Kerala.

#Karivellur #MusicDirector #KeralaCulture #SuccessStory #BeediWorkers #DramaMusic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia