പോസ്റ്റ്മാൻ്റെ സൈക്കിൾ ബെല്ലിൻ്റെ താളത്തിൽ എത്തിയ ദേശീയ പുരസ്കാരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അഡൾട്ട് എഡ്യൂക്കേഷൻ പ്രവർത്തനങ്ങളിലെ പങ്കാളിത്തമാണ് അവാർഡിന് പരിഗണിക്കാൻ കാരണം.
● ഡൽഹിയിൽ നിന്നുള്ള രണ്ടംഗ ടീം നീലേശ്വരത്തെത്തി അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.
● മുസ്ലീം സ്ത്രീകളെ സാക്ഷരതാ ക്ലാസുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ, തൊഴിൽ പരിശീലനം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
● 25,000 രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
● അവാർഡ് വിതരണച്ചടങ്ങ് ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ വെച്ച് നടന്നു.
● അന്നത്തെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ കെ സി പന്ത് ആണ് അവാർഡ് വിതരണം ചെയ്തത്.
അവാർഡുകളുടെ പിന്നാമ്പുറകഥകൾ - 3/ കൂക്കാനം റഹ്‌മാൻ
(KVARTHA) കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് എങ്ങോ മറഞ്ഞുപോയ ഒരു സുന്ദര കാലഘട്ടം നമ്മൾ ഓരോരുത്തരുടെയും ഓർമ്മയിലുണ്ട്. പോസ്റ്റ്മാന്റെ സൈക്കിളിന്റെ നീണ്ട ബെല്ലുകൾക്ക് ഹൃദയമിടിപ്പിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും കഴിയുന്ന അപൂർവ നിമിഷങ്ങളുള്ള കാലം. കാത്തിരിപ്പുകളുടെ അർത്ഥം എന്താണെന്ന് തിരിച്ചറിഞ്ഞ കാലം.
ഇന്നത്തെ പോലെ വിരൽ തുമ്പിലൂടെ വിശേഷങ്ങളും വാർത്തമാനങ്ങളും അന്ന് അറിയാനാവുമായിരുന്നില്ല. ഒരു കത്തിനുവേണ്ടി ആഴ്ചകളും മാസങ്ങൾ വരെ കാത്തിരിക്കേണ്ടി വരും. മരണം പോലും അറിഞ്ഞിരുന്നത് കത്തുകൾ വഴിയായിരുന്നു. അതുകൊണ്ട് തന്നെ അകലങ്ങളിലെ ബന്ധങ്ങൾക്കും വാർത്തകൾക്കും അറിയിപ്പുകൾക്കും ആശ്രയം പോസ്റ്റ് ഓഫീസും പോസ്റ്റ്മാനും തന്നെയായിരുന്നു. അതിനുശേഷമാണ് അപൂർവം ചില വീടുകളിൽ ടെലിഫോണുകളും മൊബൈൽ ഫോണുകളുമൊക്കെ പ്രത്യക്ഷപ്പെട്ടത്.
ആ കാലത്തെ ഓർമിപ്പിക്കും വിധം 2001 ഫെബ്രുവരിയിൽ ഡൽഹിയിൽ നിന്ന് എനിക്കൊരു കത്ത് വന്നു. ആകാംക്ഷയോടും അമ്പരപ്പോടെയുമായിരുന്നു ഞാനത് തുറന്നു നോക്കിയത്.
'നാഷണൽ വളണ്ടിയർ അവാർഡിന് കേരളത്തിൽ നിന്ന് താങ്കളെ പരിഗണിക്കണമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. അതിന് താങ്കളെ നേരിട്ടു കാണുന്നതിനും താങ്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളേയും ബന്ധപ്പെട്ട മേധാവികളേയും നേരിട്ടു കണ്ട് വിവര ശേഖരണത്തിനായി ഡൽഹിയിൽ നിന്ന് ഒരു ടീം മാർച്ച് മാസം അവിടേക്ക് വരും. എത്തേണ്ട റൂട്ടും കാര്യങ്ങളും ഇതിൽ കൊടുത്ത ഫോൺ നമ്പറിൽ അറിയിക്കണം.'
അതായിരുന്നു ഉള്ളടക്കം. സത്യത്തിൽ ആ നിമിഷം ഞാൻ പകച്ചുപോയി. കാരണം അതിനെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. തിരിച്ചും മറിച്ചും പല കുറി വായിച്ചു നോക്കി. പക്ഷെ ഒരു പിടിയുമില്ല.

ആദ്യ ലക്ഷ്യം കത്തിൽ പറഞ്ഞ കാര്യം ശരിയാണോ, കബളിപ്പിക്കലാണോ എന്നറിയലായിരുന്നു. കത്തിൽ കാണിച്ച ഫോൺ നമ്പറുമായി ഫോണിനടുത്തേക്ക് ഓടി. ഭാഗ്യത്തിന് മറുതലയ്ക്കൽ മലയാളിയായിരുന്നു. വളരെ സൗമ്യമായിട്ടായിരുന്നു എൻ്റെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി തന്നത്.
'ഇത് ദേശീയ തലത്തിൽ സന്നദ്ധ പ്രവർത്തകർക്ക് നൽകുന്ന അവാർഡാണ്. താങ്കളുടെ പേര് അവാർഡിന് പരിഗണിക്കണമെന്ന് നിർദ്ദേശിച്ചത് ഡോ കെ ശിവദാസൻ പിള്ള സാറാണ്.'
അതായിരുന്നു ആദ്യത്തെ എന്റെ ചോദ്യത്തിനുള്ള അദ്ദേഹത്തിൻ്റെ മറുപടി. അത് കേട്ടപ്പോൾ മനസ്സിലായി സംഭവം ശരിയായിരിക്കും.
'താങ്കളെ കാണാൻ വരുന്ന ദിവസം അറിയിക്കാം. വരേണ്ട റൂട്ട് അറിയിക്കണം. ഞങ്ങൾ മംഗലാപുരം എയർപോർട്ടിലാണ് ഇറങ്ങുക. അവിടുന്നുള്ള വഴി അറിയിച്ചാൽ മതി,' അദ്ദേഹം തുടർന്നു.
അറിയിക്കാമെന്ന് പറഞ്ഞുകൊണ്ട് ഫോൺ വെക്കുകയും ചെയ്തു. എന്നിട്ടും ഉള്ളിൽ തൃപ്തി തോന്നിയില്ല. ചോദ്യങ്ങൾ പിന്നേയും ബാക്കിയായിരുന്നു. കൂടുതൽ അറിയാനായി ഉടനെ ഡോ ശിവദാസൻ പിള്ള സാറിനെ വിളിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിന്നെയുള്ള വിവരങ്ങൾ ലഭിച്ചത്.
ഡോ ശിവദാസൻ പിള്ള കേരള യൂണിവേഴ്സിറ്റിയുടെ അഡൾട്ട് എഡ്യൂക്കേഷൻ വിഭാഗത്തിൻ്റെ ഡയറക്ടറാണ്. ഇന്ത്യയിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനാണ്. അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഓൾ ഇന്ത്യാ അഡൾട്ട് എഡ്യൂക്കേഷൻ അസോസിയേഷൻ, ഓൾ ഇന്ത്യാ അസോസിയേഷൻ ഓഫ് എഡ്യൂക്കേറ്റേഴ്സ് ഫോർ വേൾഡ് പീസ്, കനീഡ് (KANEED) എന്നീ സംഘടനകളുമായും ഞങ്ങൾ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എൻ്റെ പ്രവർത്തനത്തെക്കുറിച്ച് സാറിന് എല്ലാം അറിയാം. അതിൻ്റെ പിൻബലത്തിലാണ് സർ എൻ്റെ പേര് പ്രസ്തുത അവാർഡിന് പരിഗണിക്കണമെന്ന നിർദ്ദേശം നൽകിയത്.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ പറഞ്ഞ പ്രകാരം ഡൽഹിയിൽ നിന്നുള്ള രണ്ടംഗ ടീം എന്നെ തേടി നീലേശ്വരത്തെത്തി. വ്യക്തിപരമായ വിവരങ്ങൾ, സന്നദ്ധ പ്രവർത്തന മേഖലകൾ ഇവയെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. ഉച്ച സമയമായതിനാൽ ഭക്ഷണം കഴിക്കാൻ അടുത്തുള്ള വനിതാ കാന്റീനിലേക്ക് അവരെ കൂട്ടിക്കൊണ്ടു ചെന്നു.
കാന്റീൻ എൻ്റെ നേതൃത്വത്തിൽ പാൻടെക് നടത്തുന്നതാണെന്ന് സൂചിപ്പിച്ചിരുന്നു. തൊഴിൽ രഹിതരായ സ്ത്രീകൾക്ക് ഒരു തൊഴിൽ കണ്ടെത്തിക്കൊടുക്കാനുള്ള സംരംഭമാണിതെന്നും സൂചിപ്പിച്ചിരുന്നു. പ്ലേറ്റിൽ കഞ്ഞിയും ചെറിയ പ്ലേറ്റുകളിൽ ചക്ക ഉപ്പേരി, കൂമ്പ് തോരൻ, ചമ്മന്തി, അച്ചാർ, പൊരിച്ച മത്തി ഇത്രയും മുമ്പിലെത്തിയപ്പോൾ അവർ ആകാംക്ഷയോടെ കഴിക്കാൻ തുടങ്ങി. തൃപ്തിയോടെയാണ് ഭക്ഷണം കഴിച്ചത്. നടത്തിപ്പുകാരായ സഹോദരിമാരെ അഭിനന്ദിച്ചാണ് അവർ അവിടെ നിന്ന് ഇറങ്ങിയത്.

തുടർന്ന് അവർ ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലും സന്നദ്ധ സംഘങ്ങളുടെ ഓഫീസുകളും സന്ദർശിച്ചു. മടങ്ങും മുമ്പ് കുറച്ച് ഫോട്ടോകളും എന്നെക്കുറിച്ചുള്ള വ്യക്തി വിവരങ്ങളും ശേഖരിച്ചു. ഡൽഹിയിൽ നിന്ന് വിവരം കിട്ടും, അതിനുശേഷമേ ഇക്കാര്യം പ്രചരിപ്പിക്കാവൂ എന്നും പറഞ്ഞിട്ടാണ് അവർ പോയത്.
ഒരാഴ്ചക്കകം ഡൽഹിയിൽ നിന്ന് വീണ്ടും ഒരു അറിയിപ്പു വന്നു. അതിൽ നിന്നാണ് അവാർഡിനെ സംബന്ധിച്ച വിവരണങ്ങൾ ലഭ്യമായത്.
'ആചാര്യ വിനോഭഭാവെ നാഷണൽ വളണ്ടിയർ അവാർഡിന് താങ്കളെ തിരഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു. അവാർഡ് വിതരണച്ചടങ്ങ് ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ നടക്കും. അതിൽ പങ്കെടുക്കാനും അവാർഡ് സ്വീകരിക്കാനും താങ്കൾ കുടുംബസമേതം പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നു,'
എന്നാണ് അറിയിപ്പിൽ പറയുന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയും യുണൈറ്റഡ് നേഷൻസ് വളണ്ടിയേഴ്സും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് പത്ത് പേർക്കാണ് ഈ അവാർഡ് നൽകുന്നത്. കേരളത്തിൽ നിന്ന് രണ്ട് പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇടുക്കിയിലെ ജോർജും ഞാനുമാണ് കേരളത്തിൽ നിന്നുള്ളത്. 25,000 രൂപയും മെമൻ്റോയും സർട്ടിഫിക്കറ്റുമാണ് ലഭിക്കുക. യാത്രാ ചെലവും താമസ ഭക്ഷണച്ചെലവും സംഘാടകർ വഹിക്കും.
അവാർഡ് ജേതാക്കളെക്കുറിച്ച് ഇംഗ്ലീഷിലുള്ള ചെറിയൊരു ബുക്ക്‌ലെറ്റും അയച്ചുകിട്ടിയിരുന്നു. അതിൽ അവാർഡ് ജേതാക്കളെ ഫോട്ടോ സഹിതം പരിചയപ്പെടുത്തിയിട്ടുണ്ട്. അവാർഡിന് പരിഗണിച്ചതിനുള്ള കാരണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിൽ മുസ്ലീം സ്ത്രീകളെ ആകർഷിക്കാൻ ഗൃഹസദസ്സുകൾ നടത്തിയതും, മുസ്ലീം പള്ളികളിൽ ചെന്ന് മഹല്ല് കമ്മറ്റിക്കാരെ കണ്ട് സാക്ഷരതാ ക്ലാസുകളിൽ എല്ലാവരെയും എത്തിക്കാൻ നടത്തിയ ശ്രമം, തൊഴിൽ പരിശീലനം നൽകി നിരവധി സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കിക്കൊടുത്ത പ്രവർത്തനം, തുടർവിദ്യാഭ്യാസത്തിലൂടെ നിരക്ഷരരെയും അർദ്ധ സാക്ഷരരെയും സർക്കാർ ജോലിക്ക് യോഗ്യരാക്കിയ അനുഭവം തുടങ്ങിയവയാണ് അവാർഡ് നിർണ്ണയ കമ്മറ്റി എന്നെ പരിഗണിക്കാൻ എടുത്ത മാനദണ്ഡം. പരിപാടിയുടെ ചെയർമാൻ എം എസ് സ്വാമിനാഥനും എക്സിക്യൂട്ടീവ് ഡയറക്ടർ അജയ് എസ് മേത്തയും ആയിരുന്നു.
അങ്ങനെ 2001 മാർച്ച് 21-ന് ഞാനും ഭാര്യയും ഡൽഹി റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. കമ്പാർട്ട്‌മെൻ്റിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഇന്ത്യ ഫൗണ്ടേഷൻ്റെ ബാനറും പിടിച്ച് രണ്ട് ചെറുപ്പക്കാർ അവിടെ നിൽപ്പുണ്ടായിരുന്നു. കേരളത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഉടനെ അവർ ഞങ്ങളെ സ്വീകരിച്ചു.
'ഹോട്ടൽ അശോകയിൽ 302-ാം മുറിയാണ് നിങ്ങൾക്ക് ബുക്ക് ചെയ്തിട്ടുള്ളത്. കാറ് കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് ഹോട്ടലിലേക്ക് പോകാം.'
ഞങ്ങളെ ഹോട്ടലിൽ കൊണ്ടുചെന്നാക്കി റിസപ്ഷനിസ്റ്റിനെ പരിചയപ്പെടുത്തിത്തന്നു. എന്ത് ആവശ്യമുണ്ടെങ്കിലും ഈ നമ്പറിൽ വിളിക്കണമെന്ന് പറഞ്ഞ് നമ്പറും തന്നിട്ടാണ് അവർ പോയത്. ഞങ്ങളെ മുറിയിലെത്തിച്ചു. ചായ, ഭക്ഷണം എല്ലാം താഴെ റെഡിയാണ്. ആവശ്യത്തിന് അവിടെ വന്ന് കഴിക്കണം എന്ന നിർദ്ദേശവും ഞങ്ങൾക്ക് കിട്ടി. ഒന്ന് ഫ്രഷായി കാപ്പിയും കുടിച്ച് പുറത്തേക്കിറങ്ങി. അശോക ഹോട്ടലിന് സമീപത്തുതന്നെയാണ് കേരള ഹൗസ്. അവിടേക്ക് ഒന്നു കയറി നോക്കി.
അടുത്ത ദിവസം വൈകീട്ട് 4 മണിക്കാണ് പരിപാടി. ഇന്ത്യ ഹാബിറ്റാറ്റ് സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്. ഞങ്ങളെ സ്വീകരിച്ച വളണ്ടിയർമാർ കൃത്യം 3 മണിക്ക് തന്നെ ഹോട്ടലിൽ കാറുമായെത്തി ഞങ്ങളെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തിച്ചു. അവാർഡ് ജേതാക്കളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും കൃത്യസമയത്തുതന്നെ ഹാളിലെത്തിയിരുന്നു.
അവാർഡ് വിതരണം നടത്തിയത് അന്നത്തെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ കെ സി പന്ത് ആയിരുന്നു. ആങ്കർ അവാർഡ് ജേതാക്കളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുമ്പോൾ അവർ സ്റ്റേജിൽ കയറി അവാർഡ് ഏറ്റുവാങ്ങി.
എൻ്റെ ഊഴം വന്നു. കേരള വേഷത്തിലാണ് ഞാൻ ചെന്നത്. അതുകൊണ്ടുതന്നെ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവാർഡ് നൽകിക്കൊണ്ട് കെ സി പന്ത് എന്നോട് കുശലം ചോദിച്ചു:
'ഗാവ് കഹാം ഹെ?' (നാടെവിടെയാണ്?)
'കരിവെള്ളൂർ മേം ഹെ.' (കരിവെള്ളൂരിലാണ്)
കേൾക്കുമ്പോൾ സ്വാമിനാഥൻ സർ ചിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അറിയാമായിരിക്കാം. അതെന്നിൽ വല്ലാത്തൊരു സന്തോഷം നൽകി.
അങ്ങനെ പരിപാടി കഴിഞ്ഞു ഒരു ദിവസം കൂടി അവിടെ തങ്ങി ഡൽഹിയിലെ സുപ്രധാന സ്ഥലങ്ങൾ സന്ദർശിക്കുകയും ആസ്വദിക്കുകയും ചെയ്ത ശേഷമാണ് ഞങ്ങൾ മടങ്ങിയത്. ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവമായിരുന്നു ഈ അവാർഡും അതിൻ്റെ ഭാഗമായി നടന്ന യാത്രയും ചടങ്ങുകളുമൊക്കെ. ഓർമ്മയിൽ മായാതെ നിൽക്കുന്ന സുന്ദര നിമിഷങ്ങൾ.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിക്ക് ലഭിച്ച അവാർഡിന്റെ കഥയാണിത്. ഷെയർ ചെയ്യൂ.
Article Summary: Story of Kannur volunteer Kochukanam Rahman receiving the 'Acharya Vinoba Bhave National Volunteer Award' in Delhi in 2001.
#VinobaBhaveAward #Kannur #SocialWorker #KookanamRahman #Delhi
