Corporate Crime | ജീവനെടുക്കുന്ന ജോലി: കോര്‍പ്പറേറ്റ് ക്രൂരത രാജ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത്?
● യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് ഉടമ നാരായണമൂര്‍ത്തി
● അന്ന സെബാസ്റ്റ്യന്റെ ജീവനെടുത്തത് പുത്തന്‍ സാമ്പത്തിക വ്യവസ്ഥയില്‍ തഴച്ചുവളരുന്ന തൊഴില്‍ സംസ്‌കാരം
ന്യൂഡെല്‍ഹി: (KVARTHA) എട്ട് മണിക്കൂര്‍ ജോലി, ബാക്കിയുള്ള സമയം വിശ്രമവും വിനോദവും എന്ന മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുള്ള കാലത്തിലൂടെയാണ് ലോകം കടന്ന് പോകുന്നത്. തൊഴില്‍ നിയമങ്ങളെയാകെ അട്ടിമറിക്കുന്ന നാല് തൊഴില്‍ കോഡുകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്രപ്പാട് പെടുമ്പോഴാണ്, ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലി ചെയ്ത അന്ന സെബാസ്റ്റ്യന്‍ എന്ന മലയാളി യുവതി അകാലത്തില്‍ മരിക്കുന്നത്.
രാജ്യം ഞെട്ടലോടെയാണ് ഇങ്ങനെയൊരു വാര്‍ത്ത കേട്ടത്. എന്നാല്‍ കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരം തൊഴില്‍ സാഹചര്യങ്ങള്‍ പുതിയ വാര്‍ത്തയല്ല. ജീവനക്കാരെ പരമാവധി ചൂഷണം ചെയ്ത് പരമാവധി ലാഭം ഉണ്ടാക്കുക മാത്രമാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. യുവാക്കള്‍ ആഴ്ചയില്‍ എഴുപത് മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് ഉടമ നാരായണമൂര്‍ത്തി പറഞ്ഞതും ഇത്തരത്തിലുള്ള ചൂഷണത്തിന് വഴിയൊരുക്കുന്നതിനാണ്. ഐടി മേഖലയില്‍ 14 മണിക്കൂര്‍ ജോലി എന്ന നീക്കത്തിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധം ഉണ്ടായപ്പോഴേ പിന്‍വലിച്ചു.
പുത്തന്‍ സാമ്പത്തിക വ്യവസ്ഥയില്‍ തഴച്ചുവളരുന്ന തൊഴില്‍ സംസ്‌കാരമാണ് അന്ന സെബാസ്റ്റ്യന്റെ ജീവനെടുത്തത്. മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാത്ത, വിഷലിപ്തമായ തൊഴില്‍ അന്തരീക്ഷത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെ മുന്‍നിര അക്കൗണ്ടിംഗ് കമ്പനികളില്‍ ഒന്നാണ് ഏണസ്റ്റ് ആന്‍ഡ് യങ്ങ് (ഇവൈ) ഗ്ലോബല്‍. ആ കമ്പനിയില്‍ എസ് ആര്‍ ബാറ്റ് ലിബോയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു അന്ന.
ജോലിയില്‍ ചേര്‍ന്ന് നാലുമാസം പൂര്‍ത്തിയാകുമ്പോഴേക്കും അമിത ജോലിഭാരം അവരുടെ ജീവന്‍ അപഹരിച്ചതായാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വീട്ടുകാരും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ജൂലൈ 20നാണ് അന്നയുടെ മരണം സംഭവിച്ചത്. കമ്പനി അധികൃതര്‍ സംസ്‌കാര ചടങ്ങില്‍ പോലും പങ്കെടുത്തില്ല. ജീവനക്കാരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ക്രൂരമായ തൊഴിലിടത്തെ കുറിച്ചുള്ള വാര്‍ത്ത രണ്ട് മാസംകഴിഞ്ഞാണ് പുറംലോകം അറിയുന്നത് എന്നത് ഞെട്ടിക്കുന്ന മറ്റൊരു കാര്യമാണ്. അന്ന എങ്ങനെയാണ് മരിച്ചതെന്ന് കമ്പനിക്കും ജീവനക്കാര്‍ക്കും അറിയാമായിരുന്നെങ്കിലും ഇക്കാര്യം വീട്ടുകാരെ അറിയിക്കാനോ, നിയമപടികള്‍ സ്വീകരിക്കാനോ അവരാരും തയ്യാറായില്ല. കമ്പനിയെയോ, ജോലി നഷ്ടപ്പെടുമെന്നോ ഭയന്നായിരിക്കാമിത്.
അന്നയുടെ അമ്മ ഇവൈ ചെയര്‍മാന്‍ രാജീവ് മെമാനിക്ക് അയച്ച കത്ത് അവിടെയുള്ള ആരോ ചോര്‍ത്തിയത് കൊണ്ടാണ് ഈ വിവരം പുറംലോകമറിഞ്ഞത്. ഒരുലക്ഷത്തില്‍പരം പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തിലെ നിന്ദ്യമായ തൊഴില്‍ സാഹചര്യം പുറത്ത് പറയാന്‍ ഒരു ജീവനക്കാര്‍ക്ക് പോലും ധൈര്യമില്ലാതിരുന്നത് രാജ്യത്തെ കോര്‍പ്പറേറ്റ് തൊഴിലിടങ്ങള്‍ എത്ര ഭീതിജനകമാണെന്ന് വ്യക്തമാക്കുന്നു.
കോവിഡിന് ശേഷം തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ എന്ത് വിലകൊടുത്തും ഉള്ള ജോലി നിലനിര്‍ത്താന്‍ പലരും തയ്യാറാകുന്നു. ഇവരെ വ്യാപകമായി ചൂഷണം ചെയ്യുകയാണ് കമ്പനികള്‍ ചെയ്യുന്നത്. എന്നാല്‍ അന്നയുടെ മരണവും ആ സ്ഥാപനത്തിലെ അന്തരീക്ഷവും പുറത്തറിയണമെന്ന് ആഗ്രഹമുള്ള ജീവനക്കാരില്‍ ആരോ ആണ് ചെയര്‍മാന് ലഭിച്ച കത്ത് ചോര്‍ത്തിക്കൊടുത്തത്.
അസഹ്യമായ തൊഴില്‍ സാഹചര്യത്തെപ്പറ്റി പരാതിപ്പെടാന്‍ ജീവനക്കാര്‍ ഭയക്കുന്നു. അന്നയുടെ മരണത്തെ കുറിച്ച് രാജീവ് പുറത്ത് വിടരുതെന്ന നിര്‍ദ്ദേശത്തോടെ, ജീവനക്കാര്‍ക്കായി എഴുതിയ സര്‍ക്കുലറും ആരോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. സര്‍ക്കുലറിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇവൈയിലെ കിരാതമായ തൊഴില്‍ സാഹചര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാലുമാസക്കാലം രാപ്പകല്‍ കഠിനാധ്വാനം ചെയ്യുക എന്നത് അടിമ വ്യവസ്ഥ, ജനാധിപത്യ ലോകത്ത് പുതിയ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുന്നു എന്നതിന് തെളിവാണ്.
ഇത്തരം തൊഴില്‍ സാഹചര്യം ഇവൈയില്‍ മാത്രമല്ല, ആഗോള ഭീമന്‍ കമ്പനികളിലാകെ നിലനില്‍ക്കുന്നു. നടപടിയെടുക്കേണ്ട ഭരണനേതൃത്വങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങി അനങ്ങാതിരിക്കുന്നു. സാമ്പത്തിക രംഗങ്ങളിലാകെ ആധിപത്യം പുലര്‍ത്തുന്ന നവ ഉദാരീകരണ നയങ്ങളുടെ അവിഭാജ്യഘടകമായി ഈ തൊഴില്‍ സംസ്‌കാരം മാറിയിരിക്കുന്നു.
അവിടെ മാനവികതക്ക് യാതൊരു സ്ഥാനവുമില്ല. ലാഭം, ലാഭം, പരമാവധി ലാഭം എന്നതിന് മാത്രമാണ് പരിഗണന. അതിനുള്ള ഉപകരങ്ങള്‍ മാത്രമാണ് ജീവനക്കാര്‍. തൊഴില്‍ ചെയ്യുന്നവരുടെ അധ്വാനത്തിന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. പതിറ്റാണ്ടുകള്‍ നടത്തിയ പോരാട്ടത്തിലൂടെ തൊഴിലാളികള്‍ സംഘടിത ശക്തിയിലൂടെയും കൂട്ടായ വിലപേശലിലൂടെയും നേടിയെടുത്ത തൊഴില്‍, വിശ്രമം, വിനോദം തുടങ്ങിയ എല്ലാ അവകാശങ്ങളും പുതിയ തൊഴില്‍ സംസ്‌കാരത്തില്‍ തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. ആഹാരം ആരോഗ്യ പരിപാലനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ പോലും അവഗണിക്കപ്പെടുന്നത് ഈ കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ഭാഗമായിരിക്കുന്നു. എട്ടുമണിക്കൂര്‍ തൊഴില്‍ എന്നത് അവരുടെ നിഘണ്ടുവില്‍ പ്രാകൃതമായി മാറിയിരിക്കുന്നു.
തൊഴില്‍ സമയം പന്ത്രണ്ടും പതിനാലും പതിനാറും മണിക്കൂറുകള്‍ കടന്ന് പതിനെട്ടിലും ഇരുപതിലും എത്തിനില്‍ക്കുന്നു എന്നത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുന്നു. തൊഴിലിടത്തില്‍ നിന്ന് വീട്ടിലെത്തിയാലും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളിലൂടെ അവരുടെ സ്വകാര്യ നിമിഷങ്ങളില്‍പോലും കടന്നുകയറുകയെന്നത് കോര്‍പറേറ്റ് മേധാവികളുടെയും മാനേജ്മെന്റുകളുടെയും അവകാശവും അധികാരവുമായി മാറ്റിയിരിക്കുന്നു.
വഴങ്ങാത്തവര്‍ക്ക് രാജിവെച്ച് പുറത്തുപോവുകയേ നിവൃത്തിയുള്ളു. ചെറുപ്പക്കാര്‍ ആഴ്ചയില്‍ കുറഞ്ഞത് എഴുപത് മണിക്കൂറെങ്കിലും ജോലി ചെയ്ത് ഉത്പാദനക്ഷമത തെളിയിക്കണമെന്ന് ഇന്‍ഫോസിസ് മേധാവി നാരായണമൂര്‍ത്തി അടുത്തകാലത്ത് അഭിപ്രായപെട്ടത് ഈ തൊഴില്‍ അവസ്ഥയോട് ചേര്‍ത്തുവായിക്കുമ്പോഴാണ് കോര്‍പറേറ്റ് തൊഴില്‍ ചൂഷണത്തിന്റെ ആഴം ബോധ്യപ്പെടുക.
തൊഴിലെടുക്കുന്നവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുന്ന കോര്‍പറേറ്റ് തൊഴില്‍ സംസ്‌കാരത്തെ സംരക്ഷിക്കുന്ന ചുമതലയാണ് കോര്‍പ്പറേറ്റുകളുടെ സംരക്ഷകരായ ഭരണകൂടങ്ങള്‍ നിര്‍വഹിക്കുന്നത്. അന്നയുടെ മരണം വിവാദമായതോടെ മോദി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് എത്രകണ്ട് മുന്നോട്ട് പോകുമെന്ന് കാത്തിരുന്ന് കാണാം. ആദ്യം ഇവൈയില്‍ തൊട്ടാല്‍ നാളെ അംബാനിയേയും അദാനിയേയും പിടികൂടേണ്ടിവരും. അതുകൊണ്ട് വിവാദങ്ങള്‍ തണുക്കുംവരെ മാത്രമേ ഇതൊക്കെ കാണൂ.
തൊഴില്‍ അന്തരീക്ഷം നന്നാക്കുമെന്ന പൊതു പ്രസ്താവനയ്ക്കപ്പുറം സംഭവത്തിന് ഉത്തരവാദികളായ മാനേജര്‍മാര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനെപ്പറ്റിയോ നടപടി സ്വീകരിക്കുന്നതിനെപ്പറ്റിയോ ഇവൈയുടെ ഇന്ത്യന്‍ മേധാവി യാതൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല മനുഷ്യജീവന് വിലകല്പിക്കാത്ത തന്റെ സ്ഥാപനത്തിന്റെ തൊഴില്‍ സംസ്‌കാരം മാറ്റിയെടുക്കാനും തയ്യാറായില്ല. അന്നയുടെ മരണം ഇവൈ എന്ന ബഹുരാഷ്ട്ര കോര്‍പറേഷന്റെ തൊഴില്‍ സംസ്‌കാരത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നുവേണം മെമാനിയുടെ വാക്കുകളില്‍നിന്നും മനസിലാക്കാന്‍.
അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണം തൊഴില്‍ സംസ്‌കാരത്തില്‍ എന്ത് മാറ്റമാണ് കൊണ്ടുവരിക എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ലേബര്‍ കോഡുകള്‍ നാലും കോര്‍പറേറ്റ്, മൂലധന താല്പര്യ സംരക്ഷണത്തിനുള്ളവയാണ്. അതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ബിഎംഎസ് അടക്കമുള്ള ദേശീയ തൊഴിലാളി സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പിന്തിരിയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന തൊഴില്‍ സംസ്‌കാരത്തെ നിയമംവഴി മാത്രമേ പ്രതിരോധിക്കാനാവു. കോര്‍പറേറ്റ് മേധാവികള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുള്ളതിനാല്‍ തൊഴില്‍ സംസ്‌കാരത്തില്‍ ഒരു മാറ്റവും സാധ്യമല്ല. എല്ലാ മേഖലകളിലും പണിയെടുക്കുന്ന തൊഴില്‍ ശക്തിയുടെ അവകാശ പോരാട്ടത്തിലൂടെ മാത്രമേ കോര്‍പറേറ്റ് തൊഴില്‍ സംസ്‌കാരത്തിന്റെ ക്രൂരതകള്‍ക്ക് അറുതി വരുത്താനാവൂ. അതിന് എല്ലാ മേഖലകളിലും പണിയെടുക്കുന്നവര്‍ മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
#CorporateCulture #AnnaSebastian #LaborLaws #Exploitation #Controversy # Probe