Border Tensions | ഇന്ത്യാ-ചൈന ബന്ധം സെറ്റായോ? കരസേന മേധാവി വ്യത്യസ്ത അഭിപ്രായം പറഞ്ഞത് എന്തുകൊണ്ട്?
● കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുന്നതിനും ധാരണയായി
● പട്രോളിംഗ് ക്രമീകരണത്തില്‍ എത്തിയതായി തിങ്കളാഴ്ച ചൈനയും പ്രഖ്യാപിച്ചു
● സര്‍ക്കാരും സൈന്യവും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിരോധ നിരീക്ഷകര്‍
ന്യൂഡെല്‍ഹി: (KVARTHA) അഞ്ച് വര്‍ഷമായി അതിര്‍ത്തിയില്‍ നിലനിന്ന സംഘര്‍ഷം അവസാനിച്ചതായും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താന്‍ കഴിഞ്ഞയാഴ്ച ധാരണയായതായും വാര്‍ത്ത വന്നിരുന്നു. അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയില്‍ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. 2020 ല്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളുടെയും സൈന്യം ഏറ്റുമുട്ടിയതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി കൂടിക്കാഴ്ച.
കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുന്നതിനും ധാരണയായി. പട്രോളിംഗ് ക്രമീകരണത്തില്‍ എത്തിയതായി തിങ്കളാഴ്ച ചൈനയും പ്രഖ്യാപിച്ചു. പക്ഷെ, ഒരു ദിവസത്തിനുശേഷം, ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വ്യത്യസ്തമായ ഒരു കുറിപ്പ് നല്‍കി. 2020 ലെ തല്‍സ്ഥിതി പുനഃസ്ഥാപിച്ചതിന് ശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യവുമായുള്ള 'ബന്ധം വേര്‍പെടുത്താന്‍ ഇന്ത്യന്‍ സൈന്യം നോക്കും' എന്നാണ് കരസേന മേധാവി പറഞ്ഞത്.
സര്‍ക്കാരും സൈന്യവും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിരോധ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള കരാര്‍ 2020-ന് മുമ്പ് മേഖലയില്‍ നിലനിന്നിരുന്ന നിലവിലെ സ്ഥിതിയിലേക്ക് മടങ്ങുന്നതിന് തുല്യമല്ലെന്ന് കരസേനാ മേധാവിയുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നതായും അവര്‍ പറയുന്നു.
തര്‍ക്ക അതിര്‍ത്തിയില്‍ പലയിടത്തും ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റം നടത്തിയെന്ന് ഇന്ത്യ ആരോപിച്ചതിനെ തുടര്‍ന്ന് 2020 പകുതി മുതല്‍, കിഴക്കന്‍ ലഡാക്കിലെ പല സ്ഥലങ്ങളിലും ഇന്ത്യയിലേയും ചൈനയിലേയും സൈനികര്‍ സംഘര്‍ഷത്തിലാണ്. 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ നടന്നതോടെ സംഘര്‍ഷം രൂക്ഷമായി.
ഇത് 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായി. മുമ്പ് ഇന്ത്യന്‍ സൈന്യം കൈവശം വച്ചിരുന്നതോ പട്രോളിങ് നടത്തിയിരുന്നതോ ആയ 60 ചതുരശ്ര കിലോമീറ്ററിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തതായി സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഭൂപ്രദേശം നഷ്ടപ്പെട്ടിട്ടില്ലെന്ന് മോദി സര്‍ക്കാര്‍ അറിയിച്ചു.
ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം, തര്‍ക്കം പരിഹരിക്കുന്നതിനായി ചൈനയും ഇന്ത്യയും നിരവധി തവണ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ചില സ്ഥലങ്ങളില്‍ സൈനിക ബന്ധം വിച്ഛേദിച്ചെങ്കിലും, തര്‍ക്കമുള്ള പ്രദേശങ്ങള്‍ അവശേഷിക്കുന്നു.
തിങ്കളാഴ്ച, ചൈനയുമായി ഇന്ത്യ പട്രോളിംഗ് കരാറില്‍ എത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങളൊന്നും നല്‍കിയില്ല. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍, കരാര്‍ 2020-ല്‍ ഉടലെടുത്ത പ്രശ്നത്തിലേക്കും അത് പരിഹരിക്കുന്നതിനും ആണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിച്ചെന്ന് പറയാന്‍ കഴിയുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.
അടുത്ത ദിവസം, യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യയില്‍ സംസാരിച്ച ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത് ഇങ്ങനെ:
ഞങ്ങളെ സംബന്ധിച്ചിടത്തോളം, 2020 ഏപ്രിലിലെ അവസ്ഥയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം ഞങ്ങള്‍ സൈന്യത്തെ പിന്‍വലിക്കാല്‍ നോക്കും. ശേഷം ഡീ-എസ്‌കലേഷനും നിയന്ത്രണരേഖയുടെ സാധാരണ മാനേജ് മെന്റും പരിശോധിക്കും, 2020 ഏപ്രില്‍ മുതല്‍ ഞങ്ങളുടെ നിലപാട് ഇതാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ 'സാധാരണ മാനേജ്മെന്റ്' ഘട്ടംഘട്ടമായി കൈവരിക്കുമെന്നും കരസേനാ മേധാവി പറഞ്ഞു. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ 'വിശ്വാസം പുനഃസ്ഥാപിക്കാനുള്ള' ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും കരസേനാ മേധാവിയുടെയും പ്രസ്താവനകള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് കരാര്‍ എന്താണെന്ന കാര്യത്തില്‍ സംശയം തോന്നാന്‍ കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും നിലവിലെ സ്ഥിതിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ഏല്‍ സര്‍വകലാശാലയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ലക്ചറര്‍ സുശാന്ത് സിംഗ് പറഞ്ഞു. കരസേനാ മേധാവി മാത്രമാണ് നിലവിലെ സ്ഥിതിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സൈന്യങ്ങളെ പിന്‍വലിക്കാമെന്നത് വെറും നാടകമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിംഗ് പറഞ്ഞു. സൈനികര്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഇല്ലെന്ന് ഉറപ്പാക്കാനാണ് പിരിച്ചുവിടുന്നത്. സൈനികര്‍ 50-100 കിലോമീറ്റര്‍ അകലെയുള്ള സ്ഥിരതാമസ ക്യാമ്പുകളിലേക്ക് മാറുമ്പോള്‍ സംഘര്‍ഷം കുറയും. അതിനുശേഷം, നിങ്ങള്‍ കൊണ്ടുവന്ന എല്ലാ അധിക സൈനികരെയും പിന്‍വലിക്കുമ്പോള്‍ സേനാ പിന്മാറ്റം ഔദ്യോഗികമായി നിലവില്‍ വരുന്നു.
2020, 2021, 2022 വര്‍ഷങ്ങളില്‍ ഗാല്‍വാന്‍, ഗോഗ്ര, പാങ്കോങ് ത്സോ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം നീക്കം നടന്നിട്ടുണ്ടാകുമെങ്കിലും, അത് ഔദ്യോഗിക പിന്മാറ്റം അല്ലെന്ന് രണ്ട് പതിറ്റാണ്ട് ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച സിംഗ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനും വിരമിച്ച കേണലുമായ അജയ് ശുക്ലയും സിംഗിന്റെ അഭിപ്രായത്തോട് യോജിച്ചു. പല ഉദ്യോഗസ്ഥരും പറയുന്ന കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ജയശങ്കര്‍ ഒരു കാര്യം പറയുന്നു, വിദേശകാര്യ സെക്രട്ടറി ഒരു കാര്യം പറയുന്നു, കരസേനാ മേധാവി മറ്റൊന്ന് പറയുന്നു, ചൈനീസ് വക്താവ് ഒരു കാര്യം പറയുന്നു.
'പ്രധാന കാര്യങ്ങളില്‍' ഇരുപക്ഷവും ഒരു പ്രമേയത്തില്‍ എത്തിയിട്ടുണ്ടെന്നും ഇത് നടപ്പാക്കാന്‍ ബീജിംഗ് ഇന്ത്യയുമായി സഹകരിക്കുമെന്ന് ചൊവ്വാഴ്ച, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയുമില്ല.
കരാറിനെക്കുറിച്ചുള്ള ഇന്ത്യയുടെ അവകാശവാദം ബീജിംഗ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ശുക്ല പറഞ്ഞു. കരാര്‍ നടപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ചൈന പറയുന്നു. ആ കരാര്‍ എന്താണെന്ന് ചൈനീസ് വക്താവ് പറഞ്ഞിട്ടില്ല. വിദേശകാര്യ മന്ത്രിയും കരസേനാ മേധാവിയും പറഞ്ഞതില്‍ വൈരുദ്ധ്യമില്ലെന്ന് സ്ട്രാറ്റജിക് അഫയേഴ്സ് മാസികയായ ഫോഴ്സ് കൈകാര്യം ചെയ്യുന്ന പ്രവീണ്‍ സാഹ് നി പറഞ്ഞു.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഞങ്ങളുടെ പ്രദേശം പിടിച്ചെടുക്കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പുണ്ടാകുമെന്നതിനാല്‍ കരാര്‍ ഒരു നല്ല സംഭവ വികാസമാണെന്ന് സാഹ്നി പറഞ്ഞു, എന്നാല്‍ ചൈന നമ്മുടെ പ്രദേശം വിട്ടുപോയിട്ടില്ല എന്നതാണ് പ്രധാന കാര്യം.
'ഇപ്പോഴത്തെ നിലപാടിന് അനുസരിച്ച് ഡെപ് സാങ്ങിലും ഡെംചോക്കിലും സേനകള്‍ മുഖാമുഖം ഏറ്റുമുട്ടില്ല എന്നാണ്,' അദ്ദേഹം പറഞ്ഞു. 'ചൈന 2020ല്‍ അവര്‍ കൈവശപ്പെടുത്താന്‍ വന്ന പ്രദേശം ഒഴിഞ്ഞുപോയി എന്നല്ല ഇതിനര്‍ത്ഥം. അവരെ അറിയിച്ച് ആ പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്താന്‍ അവര്‍ ഇന്ത്യയെ അനുവദിച്ചുവെന്ന് മാത്രമാണ് ഇതിനര്‍ത്ഥം. അതില്‍ കൂടുതല്‍ ഒന്നുമില്ല.
'വലിയ ചോദ്യം ഇതാണ്: ഡെംചോക്കിലും ഡെപ് സാങ്ങിലും ഇന്ത്യയ്ക്ക് വീണ്ടും പട്രോളിംഗ് നടത്താന്‍ കഴിയുന്നതിനെക്കുറിച്ചാണ് ഇന്ത്യ സംസാരിക്കുന്നത്, എന്നാല്‍ ഇന്ത്യ ചൈനയോട് എന്താണ് സമ്മതിച്ചത്?' വിശദാംശങ്ങളുടെ അഭാവം വ്യക്തമാക്കുന്നത് മോദി സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ മറച്ചുവെക്കാനുണ്ടെന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെംചോക്കിലും ഡെപ് സാങ്ങിലും ഇന്ത്യയ്ക്ക് പട്രോളിംഗ് അവകാശം തിരികെ ലഭിച്ചിട്ടില്ലെന്ന ഡെല്‍ഹിയുടെ അവകാശവാദം ബീജിംഗ് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ശുക്ല പറഞ്ഞു.
#IndiaChina, #BorderTensions, #Ladakh, #ArmyChief, #PeaceTalks, #Diplomacy