കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kvartha.com 30.07.2020) സംഗീതപ്രേമികളുടെ മനസ്സിനകത്ത് രാജാവായി കുടിയിരുന്നിട്ടുള്ള അനശ്വരഗായകന് മുഹമ്മദ് റാഫി സാഹിബ് നമ്മെ വിട്ടുപോയെന്ന വിവരം ആള് ഇന്ത്യാ റേഡിയോവിലൂടെ പുറത്ത് വന്നതോടെ ബോംബെയില്‍ എങ്ങും ശോകമൂകമായ അന്തരീക്ഷം. അദ്ദേഹത്തോടുള്ള ആദരസൂചകമായി കടകമ്പോളങ്ങള്‍ അടഞ്ഞു. ഒച്ചയും ബഹളവും കൊണ്ട് ശബ്ദകോലാഹലങ്ങളോടെ തിളച്ചുമറിഞ്ഞുകൊണ്ടിരുന്ന നഗരത്തില്‍ എങ്ങും മ്ലാനത പരന്നു.
1980 ജൂലൈ 31-ാം തീയ്യതിയാണ് സംഗീതാസ്വാദകരുടെ മനസ്സില്‍ കരിനിഴല്‍ പരത്തിക്കൊണ്ട് ഇന്ത്യന്‍ സിനിമാ ഗാനരംഗത്തെ മുടിചൂടാമന്നനായിരുന്ന മുഹമ്മദ്റാഫി കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞുപോയത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും ആ ശബ്ദവും അദ്ദേഹത്തിന്റെ രൂപഭാവങ്ങളും ഓരോരുത്തരുടെയും ഓര്‍മ്മകളില്‍ മായാതെ കിടക്കുന്നു എന്നത് തന്നെയാണ് ആ മഹാനായ ഗായകന്റെ അതുല്യ ശോഭയാര്‍ന്ന സവിശേഷത.
ഇപ്പോള്‍ പാക്കിസ്ഥാനില്‍പ്പെടുന്ന അമൃത്സറിനടുത്ത് കൊട്ലയിലെ സുല്‍ത്താന്‍ സിംഗ് എന്ന സ്ഥലത്തെ ജന്മിയായിരുന്ന ഹാജി അലി മുഹമ്മദിന്റെയും അല്ലാ രാഹയുടെയും മകനായാണ് റാഫി ജനിച്ചത്. തന്റെ കുഞ്ഞുനാളില്‍ തന്നെ വീടുകള്‍ തോറും അറബനമുട്ടി പാട്ടുപാടിവരാറുള്ള ഫക്കീറന്മാരില് നിന്നും ഹിന്ദുസ്ഥാനി മദ്ഹ് ഗാനങ്ങളും സംഗീതവും കേട്ടുവളര്‍ന്ന റാഫി ഫക്കീറന്മാരെ അനുകരിച്ച് പാടാറുണ്ടായിരുന്നുവത്രെ. പിന്നീട് റാഫിയുടെ കുടുംബം ലാഹോറിലേക്ക് താമസം മാറിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ഹമീദാണ് റാഫിയിലെ സംഗീതവാസന കണ്ടറിഞ്ഞ് പ്രോത്സാഹനം നല്‍കുന്നത്. ഉസ്താദ് ബഡേ ഗുലാം അലിഖാന്, ഉസ്താദ് അബ്ദുല്‍ ഖാദര്‍ഖാന്‍, പണ്ഡിറ്റ് ജീവന്‍ലാല്‍ മട്ടോ, ഫിറോസ് നിസാമി എന്നിവരില്‍ നിന്നാണ് റാഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്.
ഒരിക്കല്‍ കെ.എന്‍. സൈഗാളിന്റെ സംഗീതകച്ചേരി കേള്‍ക്കാന്‍ റാഫിയും സഹോദരീഭര്‍ത്താവ് ഹമീദും പോവുകയുണ്ടായി. വൈദ്യുതി തകരാറു കാരണം സംഗീതക്കച്ചേരി നടക്കില്ലെന്നറിഞ്ഞപ്പോള്‍, പ്രകോപിതരായ കാണികളെ ആശ്വസിപ്പിക്കാന്‍ സംഘാടകര്‍ പാടുപെട്ടു. അന്നേരം അവിടെയുണ്ടായിരുന്ന റാഫിക്ക് നല്കിയ അവസരമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടി. അന്ന് റാഫിക്ക് പതിമൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം.
റാഫിയിലെ സംഗീതാഭിരുചി മനസ്സിലാക്കിയ സംവിധായകന് ശ്യാം സുന്ദര്‍ തന്റെ പഞ്ചാബി ചിത്രത്തില്‍, റാഫിക്ക്് പ്രമുഖ ഗായിക സീനത്ത് ബീഗത്തിനൊപ്പം സോണി യേനി... ഹിരിയേനി (ഗുല്‍ബലോച്ച് 1942) എന്ന ഗാനം പാടാന്‍ അവസരം നല്കി. ഈ സമയത്ത് റാഫി ലാഹോര്‍ റേഡിയോ നിലയത്തില്‍ സ്ഥിരമായി ഗാനങ്ങള്‍ ആലപിക്കുമായിരുന്നു. 1944-ല്‍ ശ്യാംസുന്ദറിന്ന് വേണ്ടി ഗോന്കി ഗോരി എന്ന ചിത്രത്തിലും ജി.എം ദുരാണിയോടൊത്ത് അജില്ദില്ഹോ കാബൂമേന് എന്ന സിനിമയിലും പാടി. ഇതാണ് റാഫിയുടെ ആദ്യ ബോളിവുഡ് ഗാനം.
1944-ല്‍ തന്റെ തട്ടകം ബോംബെയിലേക്ക് മാറ്റാന്‍ തീരുമാനിച്ച റാഫി സാഹിബിനോടൊപ്പം ഇന്ത്യയിലേക്ക് വരാന്‍ അദ്ദേഹത്തിന്റെ മുറപ്പെണ്ണ് കൂടിയായ ഭാര്യ ബാഷിറ തയ്യാറാകാത്തതിനെത്തുടര്‍ന്ന് അവരെ ഉപേക്ഷിച്ചുവന്ന റാഫി പിന്നീട് ബല്‍ഖീസിനെ കല്ല്യാണം കഴിച്ചു. ആദ്യ ഭാര്യയിലുള്ള മകനാണ് ഷഹീദ്. ഖാലിദ്, ഹമീദ്, സഹദ്, പര്‍വീണ്‍, യാസ്മീന്, നസ്റിന് എന്നിവരാണ് അദ്ദേഹത്തിന്റെ മക്കള്‍.
ഹിന്ദി സിനിമകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സിരാകേന്ദ്രമായിരുന്ന ബോംബെ എന്ന മഹാനഗരം റാഫിക്കും ഏറെ വളക്കൂറുള്ള മണ്ണായി മാറി. ഒന്നിനു പിറകെ ഒന്നൊന്നായി വന്ന അവസരങ്ങള്‍ ഏറ്റെടുത്ത് തന്റെ സ്വരമാധുര്യം കൊണ്ട് ആലപിച്ചപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളിലുള്ള പ്രമുഖ ഗായകരില്‍ ഒരാളായി റാഫി സാഹിബ് മാറുകയായിരുന്നു.
അവിഭക്ത ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമാകുകയും നിര്‍ഭാഗ്യവശാല്‍ ഇന്ത്യ-പാക്കിസ്ഥാന് എന്നീ രണ്ടു രാജ്യങ്ങളായി മാറുകയും ചെയ്തപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും വന്ന ഔദ്യോഗികമായ ക്ഷണം നിരസിച്ച റാഫി സാഹിബ് ഇന്ത്യയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ മണ്ണിനേയും ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കളെയും അദ്ദേഹം അത്രമേല്‍ സ്നേഹിച്ചിരുന്നു. ഗാന്ധിജിയെക്കുറിച്ച് രാജേന്ദ്രകിഷന് രചിച്ച് ഹുസിന്ലാല് ഭഗത്റാമിന്റെ സംഗീതത്തില്‍ റാഫി ആലപിച്ച ''സുനോ... സുനോ യെ ദുനിയാവാലോം ബാപ്പൂജി കി അമര്‍ കഹാനി...'' (ദുഷ്മന്) എന്ന ഗാനം തന്റെ സര്‍വ്വഭാവങ്ങളും ഉള്‍ക്കൊണ്ട് ഏറെ സ്വരമാധുര്യത്തോടെ ആലപിച്ചപ്പോള്‍, ഇത് കേട്ട ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു റാഫി സാഹിബിന്ന് പാരിതോഷികം പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ സംഗീതാലാപനത്തിനുള്ള നികുതിയിളവ് നല്‍കിയായിരുന്നു.
ഒരു കാലഘട്ടത്തിന്റെ സംഗീത സാമ്രാട്ടായി മാറാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാളായിരുന്നു മുഹമ്മദ് റാഫി. ഇന്ത്യയുടെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അത്താഴപ്പട്ടിണിക്കാര് മുതല്‍ രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നവര്‍ വരെ റാഫി സാഹിബിന്റെ ചുണ്ടുകളില്‍ നിന്നും ഒഴുകിവരുന്ന നാദധാരയ്ക്കായി കാതുകൂര്‍പ്പിച്ചു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ബോംബെയിലെ ചില റസ്റ്റോറന്റുകളില്‍ റാഫിയുടെ ഗാനങ്ങള്‍ സദാസമയവും കേള്‍പ്പിച്ചുകൊണ്ടേയിരുന്നു. ഗാനങ്ങള്‍ ആസ്വദിച്ചു ചായ കുടിക്കുവാനായി മാത്രം അവിടെയെത്താറുള്ള റാഫി ആരാധകരുമുണ്ടായിരുന്നുവത്രെ.
ഒത്തിരിയൊത്തിരി അമൂല്യങ്ങളായ ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുള്ള മുഹമ്മദ് റാഫിയുടെ 1973ല്‍ പുറത്തിറങ്ങിയ ധര്‍മ്മേന്ദ്ര-മുംതാസ് ജോഡികള്‍ വേഷമിട്ടഭിനയിച്ച ''ലോഫ'' എന്ന ചിത്രത്തിലെ ''ആജ് മോസം ബഡാബേയ് മാന്‍ ഹേ'' എന്ന ഗാനം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നായിരുന്നു. ജുഗ്നു എന്ന സിനിമയ്ക്കു വേണ്ടി സജ്ജാദ് ഹുസൈന്റെ ശ്രുതിയില്‍ പാടിയ ''യഹാം ബദ്ലോ വഫാ കാ സേവഫായി കെ സിവാ ക്യാ ഹെ'' എന്ന ഗാനവും ഇന്ത്യന്‍ ഗാനാസ്വാദകരുടെ ഹൃദയങ്ങളില്‍ സംഗീതത്തിന്റെ തേന്മഴ വര്‍ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും പുറത്തിറങ്ങുമ്പോഴേക്കും ബോംബെ അടക്കമുള്ള നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും അടിസ്ഥാനവര്‍ഗ്ഗം ജനങ്ങളും ആസ്വദിച്ച് പാടി പഠിച്ച് ചുണ്ടുകളില്‍ നിന്നും കാതുകളിലേക്ക് പാടി പരത്തുകയായിരുന്നു. ഇത്രത്തോളം ജനങ്ങള്‍ കേട്ട് ആസ്വദിച്ച് നെഞ്ചകത്ത് കടിയിരുത്തിയ മറ്റൊരു ഗായകനും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
1942-ല്‍ പുതിയ മേച്ചില്‍പ്പുറം തേടി ബോംബെയിലെത്തിയ റാഫി സാഹിബിന്ന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല. ഏകദേശം നാല്പത് വര്‍ഷത്തോളം ഒരു റാഫി യുഗം തന്നെയായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും വാനമ്പാടിയായ ലതാമങ്കേഷ്ക്കറുമൊത്ത് ഏറ്റവും കൂടുതല്‍ യുഗ്മ ഗാനങ്ങള്‍ പാടിയിട്ടുള്ള റാഫി ''തളിരിട്ട കിനാക്കള്‍'' എന്ന മലയാള സിനിമയില്‍ ജിതിന് ശ്യാമിന്റെ സംഗീതത്തില്‍ ''ശബാബ് ലേകേ...'' എന്ന ഒരു ഹിന്ദി ഗാനവും ആലപിച്ചിട്ടുണ്ട്.
ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങി അനകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും, ഹിന്ദി, ഉര്‍ദ്ദു ഗാനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കി ജനഹൃദയങ്ങളില്‍ ഇപ്പോഴും കുടിയിരുത്തുന്നത്. ഒരുപാട് സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള റാഫീ സാഹിബിന് ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. 1967ല്‍ ഈ അനുഗൃഹീത ഗായകനെ രാജ്യം പത്മശ്രീ ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം തന്റെ ഗാനത്തോടൊപ്പം മൂളി നടത്താന്‍ വേണ്ട സംഗീത മാധുര്യത്തിന്റെ മാസ്മര ശക്തിയുള്ള റാഫീ സാഹിബിന്റെ ആ ശബ്ദം നിലച്ചിട്ട് അര നുറ്റാണ്ടുകള്‍ കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പാടിപ്പതിഞ്ഞ സ്വരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും സംഗീതാസ്വാദകരുടെ മനസ്സില്‍ ഒരു കുളിര് തെന്നലായി മാറുന്നു.
Keywords: Article, Immortal memories of the immortal singer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.