ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറു വര്‍ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രിയദര്‍ശി ദത്ത

(www.kvartha.com 07.04.2017) ഇന്ത്യയില്‍ മഹാത്മ ഗാന്ധി നടത്തിയ ഒന്നാമത്തെ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികമാണ് ഈ ഏപ്രിലില്‍. ഉത്തര ബിഹാറിലെ അന്നത്തെ അവിഭക്ത ചമ്പാരന്‍ ജില്ലയിലായിരുന്നു അത്. ജില്ലയിലെ കൃഷിക്കാര്‍ ബ്രീട്ടീഷുകാരായ തോട്ടം ഉടമകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീലം കൃഷി ചെയ്യേണ്ടി വന്നതുമായി ബന്ധപ്പെട്ട പീഢാനുഭവങ്ങളെക്കുറിച്ച് അറിഞ്ഞ അദ്ദേഹം 1917 ഏപ്രിലില്‍ അവിടെ എത്തി. തന്റെ ഭൂമിയുടെ ഓരോ ഇരുപതില്‍ മൂന്നു ഭാഗത്തും ഭൂവുടമയ്ക്കു വേണ്ടി നീലം കൃഷി ചെയ്യാന്‍ നിയമപ്രകാരം കൃഷിക്കാര്‍ ബാധ്യസ്ഥരാണെന്ന് ചമ്പാരനിലെ പാട്ടക്കാര്‍ ഗാന്ധിയെ അറിയിച്ചു. ഈ രീതി റ്റിങ്കാതിയ എന്നാണ് അറിയപ്പെട്ടത്.

കൃഷിഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആ ദിവസങ്ങളിലെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഭാഗമായി അപൂര്‍വമായി കടന്നു വന്നിരുന്നു. തുടക്കത്തില്‍ സ്വന്തം നിലയില്‍ അത് പ്രതിബദ്ധതയോടെ ഏറ്റെടുക്കാന്‍ ഗാന്ധിക്ക് പോലും വൈമനസ്യമുണ്ടായിരുന്നു. ചമ്പാരനിലെ ഒരു നീലം കൃഷിക്കാരനായിരുന്ന രാജ്കുമാര്‍ ശുക്ലയുടെ നിരന്തര നിര്‍ബന്ധനത്തിന് വഴങ്ങിയാണ് അദ്ദേഹം ആ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ കാര്യമായ ഒരു അന്വേഷണം നടത്തുകയും അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആവശ്യങ്ങള്‍ രൂപപ്പെടുത്തുകയുമായിരുന്നു ഗാന്ധിയുടെ ഉന്നം.

ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറു വര്‍ഷം



ദക്ഷിണാഫ്രിക്കയിലെ രണ്ടു പതിറ്റാണ്ടു നീണ്ട വാസത്തിനു ശേഷം അദ്ദേഹം മടങ്ങിയെത്തിയിട്ടു കൃത്യം രണ്ടു വര്‍ഷമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്താതെ സ്വന്തം നിലയിലാണ് അദ്ദേഹം ചമ്പാരനില്‍ എത്തിയത്. രാഷ്ട്രീയ ദൗത്യത്തേക്കാള്‍ മാനുഷിക പരിഗണനയാണ് തനിക്കു ചമ്പാരനില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്. നേപ്പാള്‍ അതിര്‍ത്തിയില്‍, ബിഹാറിന്റെ വടക്കേ അറ്റത്തുള്ള ആ പ്രദേശത്ത് ഒരാളും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അത് അപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ നിന്ന് പ്രദേശത്തെ സ്വസ്ഥമായി മറച്ചുപിടിച്ചു.

പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍, തിര്‍ഹത് ഡിവിഷന്‍ കമ്മീഷണര്‍, പൊലീസ് സൂപ്രണ്ട് തുടങ്ങിയ പ്രാദേശിക അധികാരികള്‍ അദ്ദേഹത്തിന്റെ വരവ് സ്വാഗതം ചെയ്തില്ല. അദ്ദേഹത്തെ അന്വേഷണത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ അവര്‍ ഒരു പാഴ് ശ്രമം നടത്തി. പക്ഷേ, ജില്ലാ ആസ്ഥാനമായ മോത്തിഹാരിയിലെ ബാബു ഘോരക് പ്രസാദിന്റെ വീട്ടില്‍ നിന്ന് ഗാന്ധി അദ്ദേഹത്തിന്റെ ജോലി മടിയില്ലാതെ ആരംഭിച്ചു. ബീഹാറില്‍ അക്കാലത്തെ സാധാരണ വാഹനമായിരുന്ന ആനപ്പുറത്തേറി ഒരു ഗ്രാമത്തില്‍ സ്ഥല സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് കോടതിയുടെ വിളിപ്പിക്കല്‍ നോട്ടീസ് ലഭിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ നൂറ്റി നാല്‍പ്പത്തിനാലാം വകുപ്പ് ലംഘിച്ചു എന്നായിരുന്നു ചുമത്തിയ കുറ്റം. സംശയരഹിതമായി ഗാന്ധി നോട്ടീസ് സ്വീകരിച്ചു. പക്ഷേ, ചമ്പാരന്‍ വിട്ടുപോകാന്‍ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ അന്വേഷണത്തെക്കുറിച്ചുള്ള പ്രഖ്യാപനം അപ്പോള്‍ത്തന്നെ കര്‍ഷകരെ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. വിചാരണ ചെയ്യാനുള്ള ശ്രമം വാര്‍ത്തയായതോടെ അദ്ദേഹത്തിന്റെ പ്രശസ്തി വാണം പോലെ ഉയര്‍ന്നു.

1917 ഏപ്രില്‍ 18ന് ഗാന്ധി മോത്തിഹാരി കോടതിയില്‍ എത്തിയപ്പോള്‍ 2000 പ്രദേശവാസികള്‍ അദ്ദേഹത്തെ അനുഗമിച്ചു. ആശയക്കുഴപ്പത്തിലായ മജിസ്‌ട്രേറ്റ് വിചാരണ മാറ്റിവച്ചു. പക്ഷേ, അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് ഗാന്ധി കുറ്റസമ്മതം നടത്താന്‍ തയ്യാറായി. ഗാന്ധി ഒരു പ്രസ്താവന വായിച്ചു. അതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്: ''നിയമം പാലിക്കുന്ന ഒരു പൗരനെന്ന നിലയ്ക്ക് എനിക്ക് നല്‍കിയ ഉത്തരവ് അതേപടി അനുസരിക്കുക എന്നതായിരിക്കണം എന്റെ സഹജവാസന. പക്ഷേ അങ്ങനെ ചെയ്താല്‍ ആര്‍ക്കുവേണ്ടിയാണോ ഞാനിവിടെ വന്നത് അവര്‍ക്ക് വേണ്ടിയുള്ള കടമകള്‍ അക്രമം കൂടാതെ നിറവേറ്റാനാവില്ല. ഇപ്പോള്‍ അവര്‍ക്കിടയില്‍ നില്‍ക്കുന്നു എന്നത്‌കൊണ്ട് മാത്രം എനിക്ക് അവരെ സ്വീകരിക്കാനുവുമെന്ന് തോന്നുന്നില്ല. അതിനാല്‍ സ്വമേധയാ വിരമിക്കാന്‍ എനിക്കാവില്ല. ചുമതലകളുടെ ഈ സംഘട്ടനത്തിനിടെ എന്നെ അവരില്‍ നിന്ന് നീക്കുക എന്ന ചുമതല ഭരണകൂടത്തിന് നല്‍കാന്‍ മാത്രമേ എനിക്കാവൂ. എനിക്ക് നല്‍കിയ ഉത്തരവ് അവഗണിച്ചത് നിയമപരമായ അധികാര സ്ഥാനങ്ങളോടുള്ള ബഹുമാനക്കുറവല്ല മറിച്ച്, നമ്മുടെ നിലനില്‍പ്പിന്റെ തന്നെ ഏറ്റവും ഉയര്‍ന്ന നിയമമായ മനസാക്ഷിയുടെ ശബ്ദത്തോട് അനുസരണയുള്ളത് കൊണ്ട് മാത്രമാണ്.''

മോത്തിഹാരി വിചാരണ പൊളിഞ്ഞു. ഗാന്ധിക്കെതിരായ കേസ് പിന്‍വലിക്കാന്‍ ബീഹാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിടുകയും അന്വേഷണം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് കളക്ടര്‍ ഗാന്ധിക്ക് എഴുതുകയും ചെയ്തു. പക്ഷേ, ഈ ചെറിയ ചുവടുവയ്പ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വന്‍ കുതിപ്പായി മാറി. അതിലൂടെ ജനകീയ നിസ്സഹകരണത്തിന്റെ വ്യക്തമായ ആദ്യ പാഠം തുടങ്ങിയതായി ഗാന്ധി രാജ്യത്തോട് പറഞ്ഞു. പത്രങ്ങള്‍ വ്യാപകമായി സംഭവം റിപ്പോര്‍ട്ടു ചെയ്യുകയും ഗാന്ധിയന്‍ യുഗത്തിന് അതോടെ തുടക്കമാവുകയും ചെയ്തു.

സന്നദ്ധ സേവകരിലൂടെ വിവരശേഖരണം നടത്തുന്ന അന്വേഷണ രീതിയാണ് ചമ്പാരനില്‍ ഗാന്ധി സ്വീകരിച്ചത്. സ്വയം സന്നദ്ധരായി പ്രസ്താവനകള്‍ നല്‍കിയവര്‍ കടലാസുകളില്‍ ഒപ്പിടുകയോ വിരലടയാളം പതിപ്പിക്കുകയോ ചെയ്യേണ്ടിയിരുന്നു. പങ്കെടുക്കാതിരുന്നവരില്‍ നിന്ന് അതിന്റെ കാരണങ്ങള്‍ ചോദിച്ചറിഞ്ഞ് സന്നദ്ധ സേവകര്‍ രേഖപ്പെടുത്തി. ബാബു രാജേന്ദ്രപ്രസാദ്, ധര്‍നിധര്‍ പ്രസാദ്, ഗോരഖ് പ്രസാദ്, രാംനവമി പ്രസാദ്, ശംഭുസരണ്‍, അനുഗ്രഹ നരേന്‍ സിന്‍ഹ തുടങ്ങിയ അഭിഭാഷകരായിരുന്നു ഈ സര്‍വേയിലെ പ്രധാന സന്നദ്ധ സേവകര്‍. മോത്തിഹാരി, ബേട്ടിയ എന്നിവിടങ്ങിളിലായിരുന്നു രണ്ട് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നത്.

വിജയകരമായി ചുമതല നിര്‍വഹിക്കാന്‍ പ്രാപ്തരായ സന്നദ്ധപ്രവര്‍ത്തകരുടെ തള്ളിക്കയറ്റം ഉജ്ജ്വലമായിരുന്നു. പ്രസ്താവന രേഖപ്പെടുത്തുമ്പോള്‍ ഒരു സിഐഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഇതുകൂടാതെ മറ്റു നിരവധി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും നൂറു കണക്കിന് പാട്ടക്കാരുടെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ നാലായിരത്തോളം പ്രസ്താവനകള്‍ എടുക്കുകയും ചെയ്തു. പാട്ടക്കാര്‍ പങ്കെടുത്ത യോഗങ്ങളില്‍ പങ്കെടുക്കാന്‍ തോട്ടമുടമകള്‍ വിസമ്മതിച്ചു. പക്ഷേ, അവരില്‍ ചിലര്‍ പ്രതിനിധി സംഘം രൂപീകരിച്ച് ഗാന്ധിയെ സന്ദര്‍ശിച്ചു. തങ്ങള്‍ പാട്ടക്കാരുടെ അഭ്യുദയകാംക്ഷികളാണെന്നും അവരെ കടക്കാരുടെ കുരുക്കില്‍ നിന്ന് സംരക്ഷിക്കുന്നവരാണെന്നും വരുത്താനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ പാട്ടക്കാരായ കൃഷിക്കാര്‍ക്ക് അതില്‍ നിന്നു വ്യത്യസ്ഥ അഭിപ്രായമാണ് ഉണ്ടായിരുന്നത്.

ചമ്പാരനില്‍ ഗാന്ധിയുടെ താമസം നീളുന്നത് ബീഹാര്‍ ഭരണാധികാരികളില്‍ ഉത്കണ്ഠ വളര്‍ത്തി. ഇതേത്തുടര്‍ന്ന് 1917 ജൂണ്‍ നാലിന് ബീഹാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ എഡ്വേഡ് ഗാട്ട് റാഞ്ചിയില്‍ ഗാന്ധിയെ സ്വീകരിക്കുന്നതിനിടെ ഒരു ഔപചാരിക അന്വേഷണ സമിതി രൂപീകരണം പ്രഖ്യാപിച്ചു. ഗാന്ധിയും സന്നദ്ധ പ്രവര്‍ത്തകരും ചമ്പാരനില്‍ തുടരാന്‍ അനുവദിക്കുകയും അതേസമയം പാട്ടക്കാരുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് അദ്ദേഹം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചമ്പാരന്‍ അന്വേഷണ സമിതി അതിന്റെ പ്രാഥമിക അന്വേഷണ യോഗം 1917 ജൂലൈ 11ന് തുടങ്ങി. നിരവധി യോഗങ്ങള്‍ക്കും സ്ഥല സന്ദര്‍ശനങ്ങള്‍ക്കും ശേഷം സമിതി അതിന്റെ അന്തിമ റിപ്പോര്‍ട്ട് ഒക്ടോബര്‍ നാലിന് സമര്‍പ്പിച്ചു. പാട്ടക്കാര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ സമിതി നല്‍കിയ ശുപാര്‍കളില്‍ ഏതാണ്ടെല്ലാം തന്നെ സര്‍ക്കാര്‍ സ്വീകരിച്ചു. റ്റിങ്കാതിയ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കുക എന്നതായിരുന്നു സ്വീകരിക്കപ്പെട്ടതില്‍ മുഖ്യ ശുപാര്‍ശ. ബ്രിട്ടീഷുകാരായ തോട്ടമുടമകള്‍ക്ക് അത് വലിയ പ്രഹരമാവുകയും അത് അവരെ ക്ഷുഭിതരാക്കുകയും ചെയ്തു. എന്നാല്‍ 1918 മാര്‍ച്ച് നാലിന് ബീഹാര്‍&ഒറീസ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ ചമ്പാരന്‍ കര്‍ഷക നിയമം പാസാക്കുന്നത് തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നീലം കൃഷിയുടെ ബലാല്‍ക്കാര വിപത്ത് ചരിത്രത്തിലേക്ക് പിന്മാറി.

ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറു വര്‍ഷംചമ്പാരനുമായുള്ള ഗാന്ധിയുടെ ചങ്ങാത്തം ഒരു വര്‍ഷം നീണ്ടു. അതിനൊടുവില്‍ മറ്റൊരു കര്‍ഷക സത്യാഗ്രഹത്തിന്റെ തിരക്കിലേക്ക് അദ്ദേഹം പോയി. അത് ഗുജറാത്തിലെ ഖൈറ ( അഥവാ ഖേദ)യില്‍ ആയിരുന്നു. ചമ്പാരനിലെ വാസകാലത്ത് തന്റെ ഇടപെടല്‍ നീലം കൃഷി പ്രശ്‌നത്തില്‍ മാത്രമായി ഗാന്ധി ഒതുക്കിയില്ല. സാക്ഷരതയില്‍ പിന്നാക്കമായിരുന്ന ഒരു ഗ്രാമത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിച്ചു. വിദൂരമായ മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമാണ് അവരെത്തിയത്. ചമ്പാരന്റെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിയുടെ യശസ്സുയര്‍ത്തി.
Priyadarshi Dutta

ലേഖകന്‍ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷകനും പംക്തികാരനുമാണ്. ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരം .

Keywords:  Article, Featured, Mahatma Gandhi, Protest, Protesters, India, Freedom, Hundred years of Champaran Satyagraha

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia