ജനിക്കുമ്പോഴും മരിക്കുമ്പോഴും നമ്മൾ മനുഷ്യർ മാത്രമാണ്; നമ്മളെ വേർതിരിക്കുന്നത് ആചാരങ്ങൾ മാത്രം; അക്കാലത്തെ പുടമുറിയും നിക്കാഹും ഇക്കാലത്തെ സ്റ്റേജ് ഷോകളും

 
 Representational image reflecting the philosophical journey of human life from birth to death

Representational Image generated by GPT

ADVERTISEMENT

● മരണാനന്തര ചടങ്ങുകളിലും ഭാഷയിലും സാമൂഹിക പദവിയുടെയും വർഗ്ഗത്തിന്റെയും അടയാളങ്ങൾ പ്രകടമാണെന്ന് ചൂണ്ടിക്കാണിക്കുന്നു
● പച്ചോലയിൽ പൊതിഞ്ഞുള്ള സംസ്കാരങ്ങളിൽ നിന്ന് ആധുനിക രീതികളിലേക്ക് ശവസംസ്കാര ചടങ്ങുകൾ മാറിയിട്ടുണ്ട്
● വ്യത്യസ്ത മതവിഭാഗങ്ങളുടെ ഖബറടക്കം, ദഹിപ്പിക്കൽ തുടങ്ങിയ ശവസംസ്കാര രീതികളിലെ വൈവിധ്യങ്ങൾ ലേഖനം ചർച്ച ചെയ്യുന്നു
● മരണം ഒരു മഹാസമവാക്യമാണെന്നും എല്ലാ മനുഷ്യരും ഒടുവിൽ മണ്ണിലേക്ക് തന്നെ ലയിച്ചുചേരുന്നുവെന്നും വ്യക്തമാക്കുന്നു

ഓർമ്മച്ചീളുകൾ ഭാഗം 24/ കൂക്കാനം റഹ്‌മാൻ   

(KVARTHA) മനുഷ്യജീവിതത്തിൻറെ മഹായാത്രയിലെ ഏറ്റവും വലിയ സത്യങ്ങളാണ് ജനനവും മരണവും. കാലത്തിനും ദേശത്തിനും ജാതിക്കും മതത്തിനും അതീതമായി, ഒരേയൊരു വഴിയിലൂടെയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്നത്. അമ്മയുടെ ഗർഭപാത്രത്തിലെ ഇരുളിൽ നിന്ന് ഭൂമിയുടെ പ്രകാശത്തിലേക്ക് വരുന്ന ആ നിമിഷം, ഏതൊരു കുഞ്ഞും വെറും 'മനുഷ്യക്കുഞ്ഞ്' മാത്രമാണ്. അവിടെ ജാതിയുടെയോ മതത്തിൻറെയോ നിറത്തിൻറെയോ വേർതിരിവുകളില്ല. അച്ഛൻ ആരാണെന്നോ അമ്മ ആരാണെന്നോ ഉള്ള അറിവുമില്ല. ആ തിരിച്ചറിവില്ലാത്ത കുഞ്ഞിലേക്ക്, വളർച്ചയുടെ ഓരോ ഘട്ടത്തിലും നമ്മളാണ് ഓരോന്നും ഒട്ടിച്ചു കൊടുക്കുന്നത്.

Aster mims 04/11/2022

‘ഞാൻ ഇന്നയാളുടെ മകനാണ് അല്ലെങ്കിൽ മകളാണ്, ഇതാണെൻറെ അച്ഛൻ, ഇതാണ് എൻറെ അമ്മ. ഇതാണ് എൻറെ കുടുംബം, ഇതാണ് എൻറെ കുടുംബത്തിൻറെ അന്തസ്സ്, ഇന്ന ജാതിയാണ്, ഇന്ന മതമാണ്, ഇന്ന വിഭാഗമാണ്’ എന്നൊക്കെ നമ്മൾ മുതിർന്നവരാണ് അവരിൽ അടിച്ചേൽപ്പിക്കുന്നത്. അല്ലാതെ പിറക്കുമ്പോൾ തന്നെ ആരും അതൊന്നും കരസ്ഥമാക്കുന്നില്ല. ഒരു കാലിച്ചാക്കിൽ നിറയ്ക്കുന്ന വസ്തുക്കൾക്കനുസരിച്ച് അതിൻറെ മൂല്യം കൂടുന്നത് പോലെയാണിത്. കാലിച്ചാക്ക് പഞ്ചസാരച്ചാക്കോ ഉപ്പുചാക്കോ ആയി മാറുന്നതുപോലെ, സമൂഹവും സംസ്കാരവും ചേർന്നാണ് ഒരു മനുഷ്യൻറെ അസ്തിത്വത്തെ നിർണയിക്കുന്നത്. വികാരങ്ങളും വിചാരങ്ങളും പാകപ്പെടുമ്പോൾ അവൻ സ്വന്തം ജാതിയെയും മതത്തെയും ചുറ്റിപ്പിടിച്ച് ജീവിക്കാൻ തുടങ്ങുന്നു.

human life birth death rituals society reflection

ജനനവും മരണവും അന്നും ഇന്നും

ഈ ജനനത്തിന് തന്നെ പേരുകൾ ഒരുപാടുണ്ട്. ചിലപ്പോൾ ജനിച്ചു എന്നുള്ളതിന് പഴയ ആളുകൾ പല രീതിയിലും പറയാറുണ്ട്. ഉയർന്നവരാകുമ്പോൾ 'ഭൂജാതനായി' എന്ന് പറയും. 'പിറവി കൊണ്ടു' എന്നും 'ജന്മം കൊണ്ടു' എന്നും പറയാറുണ്ട്. സ്ഥാനത്തിനും സന്ദർഭങ്ങൾക്കും അനുസരിച്ച് അവയ്ക്ക് മാറ്റം വരും എങ്കിലും ഇതിൻറെയെല്ലാം അർഥം ജനിച്ചു എന്ന് തന്നെയാണ്.

ഇങ്ങനെ വളരുന്ന കുട്ടി, തൻറെ വികാരങ്ങളെയും വിചാരങ്ങളെയും ചിന്തകളെയുമൊക്കെ കണ്ടും കേട്ടും കരുപ്പിടിപ്പിച്ച് ജീവിതയാത്ര ആരംഭിക്കുന്നു. അതിൽ പല വഴികളുമുണ്ടാകും; അധികവും ജീവിതമാർഗം തേടിയുള്ള യാത്രയാവും. അതിൽ പഠനവും അധ്വാനവും തൊഴിലുമൊക്കെയുണ്ടാവും. പിന്നെ അടുത്ത പടിയാണ് വിവാഹം. അതിലുമുണ്ടാവും ആചാരങ്ങളിലെ വൈവിധ്യം. ഓരോ ചടങ്ങിലും മനുഷ്യൻറെ സാമൂഹികാടയാളങ്ങൾ പ്രകടമാകാറുണ്ട്. ഇസ്ലാമിക വിധിപ്രകാരമുള്ള 'നിക്കാഹ്' ആയാലും, ഹിന്ദു ആചാരപ്രകാരമുള്ള 'പുടമുറി'യായാലും, ഓരോ മതത്തിനും സംസ്കാരത്തിനും അവരുടേതായ രീതികളുമുണ്ട്.

ലാളിത്യത്തിൽ നിന്നും ആർഭാടത്തിലേക്ക്

ഉദാഹരണത്തിന് പഴയ മുസ്ലിം വീടുകളിലെ കല്യാണമെടുക്കാം. അവിടെ പ്രധാനപ്പെട്ട ഒരാളുണ്ടാവും. മുഖ്യ കാർമികത്വം വഹിക്കുന്ന ഒരു ഖാസി അല്ലെങ്കിൽ ഖത്വീബ്. വരനും വധുവിൻറെ പിതാവും തമ്മിലുള്ള ഒരു കരാറാണ് വിവാഹം. ഖത്തീബ് മുഖാന്തരമാണ് ‘എൻറെ മകളെ വിവാഹം കഴിച്ചു തന്നിരിക്കുന്നു’ എന്ന് വധുവിൻറെ പിതാവും, ‘നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിച്ചിരിക്കുന്നു’ എന്ന് വരനും പറഞ്ഞുകൊണ്ട് വിവാഹമെന്ന ആ കരാർ ഉറപ്പിക്കുന്നത്. നാലോ അഞ്ചോ ആളുകൾ അതിന് സാക്ഷിയാവാനും വേണം. അത് രേഖപ്പെടുത്തി പള്ളിയിലെ രജിസ്റ്ററിൽ ഒപ്പുവെക്കുന്നു. മഹർ (പെൺപണം) നിശ്ചയിച്ചു പറയുന്നതും ആ ചടങ്ങിലാണ്. തുടർന്ന് അറകാണിക്കൽ ചടങ്ങ് നടക്കും. അവിടെ വെച്ചാവും വരനും വധുവും ആദ്യമായി പരസ്പരം കാണുന്നത് തന്നെ. പിന്നെ വധുവിനെ വരൻറെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അതോടെ ആ ചടങ്ങ് അവസാനിക്കുന്നു.

ഇപ്പോൾ അതിൻറെ രീതിയൊക്കെ ഒരുപാട് മാറി. ഇപ്പോൾ മുസ്ലിം കല്യാണം എന്ന് പറഞ്ഞാൽ ആർഭാടത്തിൻറെയും പ്രകടനത്തിൻറെയും വിളനിലമാണ്. ശരിക്കും പറഞ്ഞാൽ ധൂർത്ത് തന്നെയാണ്. ഇല്ലാത്ത ആചാരങ്ങളും ഫാഷനുകളുമായി വിവാഹങ്ങൾ മാറി. അവരവരുടെ ഇഷ്ടങ്ങളാണ് എങ്കിലും മാറ്റത്തെക്കുറിച്ച് പറയണമല്ലോ. അതുപോലെ പഴയകാലത്തെ ഹിന്ദു വിഭാഗത്തിലെ വീടുകളിലൊക്കെ വിവാഹത്തിന് പോയി കണ്ടിട്ടുണ്ട്. അത് 'പുടമുറി' എന്നാണ് പറഞ്ഞിരുന്നത്. അഞ്ചോ പത്തോ ആളുകൾ സ്ത്രീയുടെ വീട്ടിലേക്ക് വരികയും സ്ത്രീക്ക് പുടവ കൊടുക്കുകയും പുടവ കൈമാറുകയും ചെയ്യുന്നു. ബ്രാഹ്മണരാണെങ്കിൽ 'വേളി കഴിക്കുക' എന്നാണ് പറയുക. ഹിന്ദു മതത്തിൽ ഓരോ വിഭാഗത്തിനും ഇങ്ങനെ വ്യത്യസ്ത രീതിയിലാണ് വിവാഹം ഉണ്ടാവുക.

അതൊക്കെ ഒരുപാട് മാറ്റം വന്നു. ഇപ്പോൾ അവരുടെ വിവാഹവും വീടുകളിൽ നിന്ന് ഓഡിറ്റോറിയങ്ങളിലായി. വലിയ റിസപ്ഷനും കാര്യങ്ങളുമായി. പഴയകാലത്തെ ലാളിത്യമൊക്കെ മാറി, ഇന്നത് ആർഭാടത്തിൻറെയും സ്റ്റേജ് ഷോകളുടെയും ഫോട്ടോഗ്രാഫിയുടെയും പ്രകടനപരതയിലേക്ക് വഴിമാറിയിരിക്കുന്നു. എന്നിരുന്നാലും, അടിസ്ഥാനപരമായി ഇവിടെ നടക്കുന്നത് രണ്ടുപേർ തമ്മിലുള്ള ഒരു ഉടമ്പടിയാണ്, കൂടിച്ചേരലാണ്.

മരണത്തിലെ സ്ഥാനഭേദങ്ങൾ

പിന്നെയുള്ളത് മരണത്തിലെ സ്ഥാനഭേദങ്ങളാണ്. വിചിത്രമെന്നു പറയട്ടെ, മരണത്തിൽ പോലും മനുഷ്യൻറെ സാമൂഹിക പദവിയുടെ അടയാളങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ദരിദ്രനായ ഒരാൾ മരണപ്പെടുമ്പോൾ ചിലപ്പോൾ തീരെ പ്രാധാന്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ച് ലഘൂകരിക്കുന്നിടത്ത് നിന്ന്, ഉന്നതർ മരിക്കുമ്പോൾ 'നിര്യാതനായി' എന്നും, 'വിഷ്ണുപാദം പൂകി' എന്നും, 'വഫാത്തായി' എന്നും ‘അന്തരിച്ചു’ എന്നും മറ്റും വിശേഷിപ്പിക്കുന്നു. ഭാഷയിൽ പോലും ഈ അന്തരം പ്രതിഫലിക്കുന്നുണ്ട്.

മൃഗങ്ങൾക്ക് ഉപയോഗിക്കുന്നതുപോലെയുള്ള വാക്കുകൾ പഴയകാലത്ത് പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ മരിക്കുമ്പോഴും ഉപയോഗിച്ചിരുന്നതായി കാണാം. കുറച്ചുകൂടി ഉയർന്ന ആളാകുമ്പോൾ 'മരിച്ചു' എന്നും 'മരണം സംഭവിച്ചു' എന്നും പറയും. അതിലും ഉയർന്നതാകുമ്പോഴാണ് 'നിര്യാതനായി' എന്നുള്ള വാക്ക് വരുന്നത്. സമ്പത്തും പദവിയും മാറുന്നതനുസരിച്ച് ഈ പേരുകളും മാറും. പഴയകാലത്ത് രാജാക്കന്മാർ മരിച്ചുകഴിഞ്ഞാൽ 'തീപ്പെട്ടു' എന്നാണ് പറഞ്ഞിരുന്നത്. അതുപോലെ തന്നെ ഇസ്ലാം മതത്തിലെ പണ്ഡിതന്മാരോ വിശിഷ്ട വ്യക്തികളോ മരിച്ചുപോയതിനെ 'വഫാത്തായി' എന്നും പറയും.

ശവസംസ്കാരങ്ങളിലെ വൈവിധ്യം

ശവസംസ്കാര ചടങ്ങുകളിലും ഈ വൈവിധ്യം പ്രകടമാണ്. ചിലർക്ക് അത് മണ്ണിലേക്കുള്ള ലയനമാണ്, ചിലർക്ക് അഗ്നിയിലേക്കുള്ള സമർപ്പണമാവും. ക്രിസ്തീയ പാരമ്പര്യത്തിലും ഇസ്ലാമിലും ഖബറടക്കമാണ് ചെയ്യുന്നത്. പ്രത്യേകതരം പെട്ടിയിലാക്കി കുഴിയിലേക്ക് വെക്കുകയാണ് ക്രൈസ്തവർ ചെയ്യാറ്. അതേ മനോഹാരിതയും ആദരവും ചില ഗോത്രവർഗങ്ങളിലും കാണാറുണ്ട്. മൃതദേഹത്തോടുള്ള വ്യത്യസ്തമായ സമീപനങ്ങളുമെല്ലാം മനുഷ്യൻ മരണത്തെ എങ്ങനെ കാണുന്നു എന്നതിൻറെ തെളിവുകളാണ്.

പഴയകാലത്ത് സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർ മരിച്ചുകഴിഞ്ഞാൽ, പച്ചോല കൊത്തിക്കൊണ്ടുവന്ന് അതിൽ പൊതിയും. എന്നിട്ട് വീടിൻറെ അടുത്തുനിന്ന് കുറച്ചു ദൂരം മാറി ഒരു വലിയ കുഴി കുത്തിയെടുക്കും. ആ കുഴിയിൽ കൊണ്ടുപോയി വെക്കും, എന്നിട്ട് മണ്ണിട്ട് മൂടും. ഇതാണ് പണ്ട് കണ്ടിരുന്ന ഒരു ശവസംസ്കാര ചടങ്ങ്.

രണ്ടാമതൊരു കാഴ്ച, ദഹിപ്പിക്കുന്നതാണ്. മരിച്ച ആളെ കുളിപ്പിച്ച് പുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ച് വിറക് കൂട്ടി കർമങ്ങൾക്ക് ശേഷം തീകൊളുത്തി ദഹിപ്പിക്കുന്നതാണ് ആ രീതി. അന്ന് ഹിന്ദു മതത്തിലുള്ളവർ മരിച്ചാൽ ആദ്യം കേൾക്കുന്നത് മരം മുറിക്കുന്ന ശബ്ദമാവും. വലിയ മാവാണ് സാധാരണയായി മുറിക്കുക. അത് മരിക്കുന്നതിന് മുൻപേ നോക്കിവെച്ചിട്ടുണ്ടാവും. ഇന്ന മാവാണ് മുറിക്കേണ്ടത്, എൻറെ അമ്മ മരിച്ചാൽ ഇന്ന മാവാണ് മുറിക്കേണ്ടത്, അച്ഛൻ മരിച്ചാൽ ഇന്ന മാവ് എന്ന് കരുതിവെച്ചിട്ടുണ്ടാവും. ആ കണ്ടുവെച്ച മരമാണ് മുറിക്കുക. അത് കൊത്തിക്കീറാൻ കുറെയേറെ ചെറുപ്പക്കാരും സന്നദ്ധരായിട്ടുണ്ടാവും. പൊതുവേ ദഹിപ്പിക്കാനായി ഒരു പ്രത്യേക സ്ഥലം ഉണ്ടാകും; അതിനെ ചുടുകാട് എന്നാണ് പറയുക. ചിലർ സ്വന്തം വീട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കാറുണ്ട്. ആ ദഹിപ്പിക്കലിനും കുറെ ചടങ്ങുകളുണ്ട്. ആ തീ കൊടുക്കുക മൂത്ത മകനാണ്.

പിന്നെ ക്രിസ്ത്യാനികൾക്ക് ഓരോ കുടുംബത്തിനും ഒരു കുടുംബ കല്ലറയുണ്ടാകും. വളരെ ആഴത്തിലുള്ളതായിരിക്കും. അപ്പോൾ ഓരോ ആൾ മരിച്ചാലും കുടുംബത്തിലെ ആ കല്ലറയിലാണ് അടക്കുക. വേറൊരാൾ മരിച്ചാൽ വീണ്ടും ആ കുഴിമാടം തുറന്ന് അതിൽ തന്നെ വേറെ ശരീരം വെക്കുക. അങ്ങനെ അത് വേഗം അലിഞ്ഞുപോകാനുള്ള ഒരു രീതിയാണത്.

മനുഷ്യൻറെ അന്ത്യം ഒരേ മണ്ണിൽ

പണ്ടുകാലത്തെ പച്ചോലപ്പൊതി മുതൽ ഇന്നത്തെ അത്യാധുനിക രീതികൾ വരെ, ശരീരം അലിഞ്ഞുതീരാനുള്ള വ്യത്യസ്തമായ വഴികളാണ് നമ്മൾ സ്വീകരിക്കുന്നത്. എല്ലാ വൈവിധ്യങ്ങൾക്കും അപ്പുറം, മരണം ഒരു മഹാസമവാക്യമാണ്. ഏത് ആചാരത്തോടെ യാത്രയായാലും, ഒടുവിൽ മണ്ണിലേക്കോ വായുവിലേക്കോ ജലത്തിലേക്കോ ലയിച്ചുചേരുകയെന്നത് എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്. ജനിക്കുമ്പോൾ ഈ ഭൂമിയിലേക്ക് നമ്മൾ വരുന്നത് ഒരേ വാതിലിലൂടെയാണ്; മരിക്കുമ്പോൾ മടങ്ങുന്നത് ഒരേ മണ്ണിലേക്കും.

ജീവിതത്തിൻറെ ഓളങ്ങളിൽ നമ്മൾ പലതായി പിരിയുമ്പോഴും, ഈ ആദിയും അന്തവും ഓർമിപ്പിക്കുന്നത് ഒന്നുമാത്രമാണ്: മനുഷ്യൻ എന്ന അസ്തിത്വത്തിന് മുകളിൽ മറ്റൊന്നുമില്ല. നമ്മൾ കെട്ടിപ്പടുത്ത മതിലുകൾക്കും ആചാരങ്ങൾക്കും അപ്പുറം, മനുഷ്യൻറെ അന്ത്യം ഒരേ മണ്ണിലാണ്, ഒരേ നിശ്ശബ്ദതയിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മൾ മനുഷ്യർക്ക് അഹങ്കാരത്തിനോ ആഡംബരത്തിനോ വിദ്വേഷത്തിനോ ഒരു കുറവുമില്ല.

ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക

Article Summary: The article philosophically explores the human journey from birth to death, emphasising that all humans are born equal.

#HumanLife #LifeAndDeath #Equality #SocialConstructs #MarriageRituals #FuneralRites #PhilosophyOfLife #MalayalamArticle #Kvartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia