പരീക്ഷ വളരെ സിമ്പിളാണ്; അതിനെ എങ്ങനെ കീഴടക്കാം?

 


മുഹമ്മദ് ജാവിദ് അര്‍ളടുക്ക

(www.kvartha.com 11.02.2017) മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ നടക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ തയ്യാറെടുപ്പിലാണ്. പരീക്ഷയെ പലരും പല രീതിയിലാണ് സമീപിക്കാറുള്ളത്. ചിലര്‍ സ്റ്റഡി ലീവിനെ ഗൗരവമായി തന്നെ കണക്കിലെടുക്കും. എന്നാല്‍ കളിച്ചും ചിരിച്ചും 'നന്നായി' ഉപയോഗപ്പെടുത്തുന്ന മറ്റു ചിലരുണ്ട്. പരീക്ഷയെ ഓര്‍ത്ത് വ്യാകുലപ്പെടുന്നവരും കൂട്ടുകാര്‍ക്കിടയില്‍ വിരളമല്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍.

പരീക്ഷ വളരെ സിമ്പിളാണ്; അതിനെ എങ്ങനെ കീഴടക്കാം?


പരീക്ഷയെ എങ്ങനെ നേരിടാം?
പരീക്ഷയെ ഒരു പരീക്ഷണമായി വിലയിരുത്താതെ ആഘോഷമാക്കി മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കണം. സാധിക്കും. പക്ഷേ, അതിന് ചില തയ്യാറെടുപ്പുകളും മുന്‍കരുതലുകളും വേണം ആദ്യം.

തയ്യാറെടുപ്പ്
പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പാണ് പ്രധാനം. തിടുക്കം ഒരിക്കലും നന്നല്ല. അതുകൊണ്ടുതന്നെ പരീക്ഷാ തിയതിക്കനുസൃതമായി ഓരോ വിഷയത്തിനും മതിയായ സമയം ലഭിക്കുന്ന രീതിയില്‍ ടൈംടേബിള്‍ തയ്യാറാക്കും. പ്രധാനപ്പെട്ട തലവാചകങ്ങള്‍, സൂത്രവാക്യങ്ങള്‍ ഒരു ചാര്‍ട്ടില്‍ രേഖപ്പെടുത്തി മതിലില്‍ പതിപ്പിക്കുക, ഇടയ്ക്കിടെ ഈ ചാര്‍ട്ടില്‍ കണ്ണോടിക്കുന്നത് പാഠങ്ങളെക്കുറിച്ചുള്ള ചിത്രം മനസ്സില്‍ പതിയാന്‍ സഹായകമാകും. അതോടൊപ്പം മുന്‍കാലങ്ങളിലെ പരീക്ഷാ പേപ്പറുകള്‍ പരിശോധിക്കുക. പരീക്ഷയിലെ ചോദ്യരീതി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും.

റിലാക്‌സ്
മതിയായ തയ്യാറെടുപ്പോടെയായിരിക്കും പലരും പരീക്ഷാഹാളിലെത്തുക. എന്നാലും ചെറിയ ഒരു സൂത്രവാക്യമോ അല്ലെങ്കില്‍ ഒരു നിര്‍വചനമോ പരീക്ഷാദാതാവിന് പരിഭ്രമം കാരണം മറന്നേക്കാം. ഇത് ഉത്തരത്തിന്റെ ഗതിതന്നെ മാറ്റാനും ആത്മവിശ്വാസം ചോരാനും കാരണമായേക്കും. പരീക്ഷാ ഹാളില്‍ നിന്നും പുറത്ത് വരുമ്പോഴായിരിക്കും ഒരുപക്ഷേ ഉത്തരം ഓര്‍മ വരിക. കാരണം, പരീക്ഷാ ചൂട് കഴിഞ്ഞല്ലോ, അതുകൊണ്ടുതന്നെ മനം നിറയെ പഠിച്ചത് കൊണ്ടായില്ല. വിശ്രമം മനസ്സിനും ശരീരത്തിനും ആവശ്യമാണ്. അതിലേക്കാണ് അടുത്ത സൂചന.

ആരോഗ്യവാനാവുക
ആവശ്യത്തിന് ഉറങ്ങുക. അമിതയുറക്കം നന്നല്ല. എന്നാല്‍ തീരെ തന്നെ ഉറങ്ങാതിരിക്കുന്നതും ഹാനികരമാണ്. രാത്രി മുഴുവനും ഉറക്കമൊഴിഞ്ഞ് പഠിച്ചാല്‍ പകല്‍ ഉറക്കം വരാന്‍ സാധ്യതയുണ്ട്. ഇത് പരീക്ഷയെ ബാധിച്ചേക്കും. അതുകൊണ്ട് നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. പഠനത്തിന് പലര്‍ക്കും വ്യത്യസ്ത സമയങ്ങളാണ് ഇണങ്ങുന്നതെങ്കിലും പ്രകൃത്യാ പുലര്‍ച്ചെയാണ് പഠനത്തിന് ഉത്തമം.

മനോഭാവം
സമരം ചെയ്യണം. അതല്ലാതെ ദേഹേച്ഛയോട് സമരസരപ്പെടുകയല്ല വേണ്ടത്. അതിനു നമ്മുടെ മനോഭാവം മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്. പരീക്ഷയെ ഒരു മത്സരമായി കണക്കിലെടുക്കുക; സ്വന്തത്തോടുള്ള മത്സരം. കഴിഞ്ഞ പരീക്ഷയില്‍ നേടിയ മാര്‍ക്കിനേക്കാള്‍ ഉയരണം എന്ന നിശ്ചയദാര്‍ഢ്യം കൈമുതലാക്കണം. എന്നാല്‍ വാശിയോടെ, ആവേശത്തോടെ പഠിക്കാനാവും.

ടി വി, മൊബൈല്‍, വീഡിയോ ഗെയിം തുടങ്ങിയ വിനോദങ്ങള്‍ ഒഴിവാക്കുക. ഇല്ലെങ്കില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കാന്‍ പ്രയാസമുണ്ടാകും. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ബദ്ധശ്രദ്ധ ചെലുത്തണം. സംസാരം കുറയ്ക്കുക, പഠനത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഒരു നിശ്ചിത സമയത്തെ പഠനത്തിനുശേഷം അഞ്ചു മിനുട്ട് വിശ്രമിക്കുക. ഈ സമയത്ത് കൂട്ടുകാരുമായി (വീട്ടിലാണെങ്കില്‍ രക്ഷിതാക്കളോട്) വിശേഷം പങ്കിടാം. പുറത്തിറങ്ങി ഒന്ന് പച്ചപ്പൊക്കെ കണ്ട് കണ്ണുകളെ മയപ്പെടുത്തി വീണ്ടും ഊര്‍ജ്ജസ്വലതയോടെ പഠിക്കാനിരിക്കൂ.

അവസാനഘട്ടം
പരീക്ഷാഹാളില്‍ നേരത്തെയെത്തുക,. വീട്ടില്‍/ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ പരീക്ഷക്കുവേണ്ട സാധനസാമഗ്രികളൊക്കെയുണ്ടെന്ന് ഉറപ്പുവരുത്തുക. പരസ്പരാശ്രിതമാണ് സമൂഹം. പക്ഷേ ഇവിടെ അത് പഞ്ഞമല്ല. ചില സമയത്ത് സ്വാശ്രയമാണല്ലോ യോജിക്കുക. അതുകൊണ്ട് പെന്‍സില്‍, പെന്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക, ഇനി ചോദ്യപേപ്പറിനെ കാത്തിരിക്കാം; ശാന്തതയോടെ...

പരീക്ഷ
ഒന്നുമില്ല, പരീക്ഷ വളരെ സിംപിളാണ്. ചോദ്യപേപ്പര്‍ കിട്ടിയാലുടന്‍ ആദ്യത്തെ പതിനഞ്ച് മിനുട്ട് കൂള്‍-ഓഫ് ടൈമില്‍ നന്നായി ചോദ്യങ്ങള്‍ മനസ്സിലാക്കുക. ഉത്തരമറിയുന്ന ചോദ്യങ്ങള്‍ക്കെല്ലാം പെന്‍സില്‍ കൊണ്ട് ടിക്ക് ചെയ്യുക. കൂള്‍ ഓഫ് ടൈമില്‍ കഴിയുന്നത്ര എല്ലാ ചോദ്യങ്ങളും വായിച്ച് തീര്‍ക്കാന്‍ ശ്രമിക്കണം. എന്നിട്ട് അവയുടെ ഉത്തരങ്ങള്‍ മനസ്സില്‍ കാണണം. പിന്നീട് സുഗമമായി പരീക്ഷയെഴുതാം. എഴുതിയ ഉത്തരങ്ങളുടെ ചോദ്യങ്ങള്‍ക്ക് ടിക്ക് ചെയ്യുക. സമയം തീരും മുമ്പ് എഴുത്തവസാനിപ്പിക്കാന്‍ ശ്രമിക്കുക. എന്നിട്ട് എഴുതിയ ഉത്തരങ്ങള്‍ പരിശോധിച്ച് പ്രധാനപ്പെട്ടവയ്ക്ക് അടിവരയിടാന്‍ മറക്കരുത്. പരീക്ഷ കഴിഞ്ഞു.

Keywords:  Article, Examination, school, Students, College, Teachers, Preparation, Muhammed Javid Arladukka, How to Prepare Exam?

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia