സ്വപ്നം കാണാം ആകാശത്തോളം

 


എ.പി.

(www.kvartha.com 03.04.2014)  പ്രതീക്ഷാനിര്‍ഭരമാണ് നമ്മുടെയൊക്കെ ജീവിതം. എന്തൊക്കെ പ്രശ്‌നങ്ങള്‍ സംഭവിച്ചാലും നല്ലൊരു നാളെയെ പ്രതീക്ഷയോടെ നമ്മളെല്ലാം കാത്തിരിക്കുന്നു. പ്രതീക്ഷകള്‍ക്ക് ചിറക് നൽകുന്ന മനോഹരമായ സങ്ക പങ്ങളാണ് സ്വപ്നങ്ങള്‍. 'കുന്നോളം സ്വപ്നം കാണൂ, കുന്നിക്കുരുവോളം ലഭിക്കും' എന്ന പഴഞ്ചൊല്ല് പോലും സ്വപ്നത്തിന്റെ പ്രാധാന്യത്തെ എടുത്ത് കാട്ടുന്നു. എന്തിന്, നമ്മുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൽ  കലാം നമ്മെ പ്രോൽസാഹിപ്പിച്ചതും മറ്റൊന്നുമല്ല സ്വപ്നം കാണുവാനാണ്. 

സ്വപ്നങ്ങള്‍ക്ക് ജീവിത വിജയത്തിൽ അത്രത്തോളം വലിയ പങ്കുണ്ട്. വെറുതെ ദിവാസ്വപ്നം കാണുക എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മഹത്തായ ലക്ഷ്യത്തെ കുറിച്ചാണ് ഇവിടെ സ്വപ്നങ്ങള്‍ നെയ്യേണ്ടത്. ഒരിക്കൽ  ഉപബോധ മനസ്സിൽ  ഉറച്ച് പോയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പിന്നെ മനസ്സ് തന്നെ വഴികള്‍ കണ്ടെത്തും. ഏതൊരാള്‍ക്കും സ്വന്തം ജീവിതത്തിൽ അന്തിമമായ ഒരു ലക്ഷ്യമുണ്ടായിരിക്കും. അത് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. എത്ര പെട്ടെന്ന് ആ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ബോധം കൈവരിക്കുന്നോ, അത്രയും വേഗം ആ ലക്ഷ്യം നേടാനുള്ള ശക്തിയും സാഹചര്യങ്ങളും നമുക്ക് കൈവരിക്കാന്‍ സാധിക്കും. 

സ്വപ്നം കാണാം ആകാശത്തോളംഎന്തൊക്കെയാണ് ജീവിത വിജയത്തിന്റെ ഘടകങ്ങള്‍? എങ്ങനെയാണ് അവയൊക്കെ നേടിയെടുക്കുക? ആദ്യം വേണ്ടത്, എന്താണോ നമുക്ക് ആവശ്യം അതിന്റെ ഒരു ബ്ലൂ പ്രിന്റ് മനസ്സിൽ ഉണ്ടാക്കിയെടുക്കുകയെന്നതാണ്. മനസ്സ് ഒരു കാന്തം പോലെയാണ്. കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നത് പോലെയാണ് മനസ്സ് അതിന്റെ അടിത്തട്ടിൽ പ്രതിഫലിക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത്.

നല്ല ചിന്തകള്‍ മനസ്സിൽ  നിലനിര്‍ത്തിയാൽ മനസ്സ് അതിനനുസരിച്ച് നീങ്ങുന്നു. മനസ്സ് ദാരിദ്ര്യത്തെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ ജീവിതം കടുത്ത ദാരിദ്ര്യത്തിലേക്ക് തന്നെ നീങ്ങും. ലോകത്ത് എല്ലാ കാര്യങ്ങളും രണ്ടു തവണ സൃഷ്ടിക്കപ്പെടുന്നുണ്ട്  ആദ്യം ഒരു വ്യക്തിയുടെ മനസ്സിലും, രണ്ടാമത് യഥാര്‍ത്ഥത്തിലും. അപ്പോള്‍ യഥാര്‍ത്ഥത്തിൽ  ഒരു കാര്യം നടക്കണമെങ്കിൽ, ആദ്യം അത് മനസ്സിൽ രൂപപ്പെട്ടിരിക്കണം. മനസ്സിന്റെ ചാഞ്ചാട്ടം ഒരിക്കലും നമ്മെ നമ്മുടെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കില്ല. മറിച്ച് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ മുന്നേറുന്ന മനസ്സേ വിജയം കൈപ്പിടിയിലൊതുക്കൂ.

സ്വപ്നം കാണാം ആകാശത്തോളം
നമ്മള്‍ നമ്മുടെ തലച്ചോറിലേക്കയക്കുന്ന പല മെസ്സേജുകളും നെഗറ്റീവ് രീതിയിലുള്ളതാണ്. ഇത്തരത്തിലുള്ള ചിന്തകള്‍ തന്നെയാണ് പലപ്പോഴും നമ്മെ പിന്നോട്ട് നയിക്കുന്നത്. നമ്മള്‍ ദിവസവും വായിക്കുന്ന പത്രങ്ങളിൽ പോലും ഭൂരിഭാഗം നെഗറ്റീവ് ന്യൂസുകളാണുള്ളത്. ഇതെല്ലാം തലച്ചോറിലെത്തിക്കുന്നതും അത്തരത്തിലുള്ള വികാരങ്ങളായിരിക്കും. ദിവസവും അര മണിക്കൂര്‍ നേരം പോസിറ്റീവായിട്ടുള്ള എന്തെങ്കിലും വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുക. ഇത് നമ്മള്‍ നമ്മുടെ തലച്ചോറിന് നൽകുന്ന ഏറ്റവും നല്ല ഭക്ഷണമാണ്. എപ്പോഴും കൂട്ടുകൂടേണ്ടതും പോസിറ്റിവ് ചിന്താഗതിയുള്ളവരുമായിട്ടാവണം. വിജയവും പരാജയവും നിര്‍ണ്ണയിക്കാന്‍ നാം ആരുമായി കൂട്ട് കൂടുന്നോ എന്ന ഒരൊറ്റ കാര്യം നോക്കിയാ  മതി. മനോഭാവത്തിന് ജീവിത വിജയത്തിൽ  വലിയ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ മനോഭാവം മാറ്റിയെടുക്കുന്നതിലേക്കാളും എളുപ്പം നമുക്ക് നമ്മുടെ മനോഭാവം മറ്റുന്നതാണ്.

സ്വയം പ്രചോദിതരാകാന്‍ ശ്രമിക്കുക. ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാകും പ്രചോദനം നൽകുക. അത് കണ്ടെത്തി അതി  മുറുകെപ്പിടിക്കുക. നമ്മള്‍ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം സമയത്തെ കുറിച്ചാണ്. സമയത്തെ വരുതിയിലാക്കാന്‍ ശീലിക്കണം. ഒരു ദിവസം 24 മണിക്കൂറെന്നത് എല്ലാവര്‍ക്കും ബാധകമായ കാര്യമാണ്. അത് എത്രത്തോളം മികച്ച രീതിയിൽ വിനിയോഗിക്കുന്നുവോ അവര്‍ വിജയം കൈവരിക്കും. അന്നന്ന് ചെയ്യേണ്ട കാര്യങ്ങള്‍ അന്നന്ന് തന്നെ ചെയ്യുന്നത് സമയത്തെ വരുതിയിലാക്കാന്‍ സഹായിക്കും. നമ്മള്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ ശീലങ്ങളായി മാറുന്നു. ശീലങ്ങള്‍ സ്വാഭാവ രൂപീകരണത്തിണ് കാരണമാകുന്നു. അതിനാൽ നല്ല ശീലങ്ങള്‍ മാത്രം പിന്‍തുടരുക. അത് ജീവിത വിജയത്തിന് മികച്ച വഴികാട്ടിയാകും. സ്വന്തം കടമകള്‍ കൃത്യസമയത്ത് ചെയ്യുന്നത് നല്ല ശീലത്തിന്റെ ലക്ഷണമാണ്.

സ്വപ്നം കാണാം ആകാശത്തോളം
ചുറ്റുപാടുകള്‍ എന്തു തന്നെയായിക്കോട്ടെ. നിങ്ങള്‍ മാറണമെന്ന് സ്വയം തീരുമാനമെടുത്താൽ, അതിൽ തന്നെ ഉറച്ച് നീങ്ങിയാൽ, തീര്‍ച്ചയായും വിജയത്തിന്റെ പടവുകള്‍ നിങ്ങള്‍ കയറിയിരിക്കും. അതിനു വേണ്ടിയുള്ള സ്വപ്നങ്ങള്‍ക്ക് തിരി കൊളുത്താനധികം കാത്തു നിൽക്കരുത്. കാരണം നിങ്ങളെ മറ്റിയെടുക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ. നിങ്ങളാണ് നിങ്ങളുടെ വിധിയുടെ വിധാതാവ്. ആ സത്യം മനസ്സിലാക്കി പ്രവര്‍ത്തനം തുടങ്ങുക. വിജയങ്ങളുടെ വേലിയേറ്റം തന്നെ നിങ്ങളെ വന്ന് തഴുകട്ടെ….!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  How to Be Successful and Make Your Dreams Come True, You can be successful, your dreams come true, Have faith, Faith is key to durable success, Now think about HOW you are going to achieve this, Every great achievement, Dream Job Success Stories
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia