

● 1967-ൽ പരീക്ഷാ ഹാളിൽ വെച്ച് വയറുവേദനയും ഛർദ്ദിയുമുണ്ടായി.
● പ്രിൻസിപ്പാൾ സാർ വർഗ്ഗീസ് സാറിന്റെ കാറിൽ ആശുപത്രിയിലെത്തിച്ചു.
● ശാന്തകുമാരി സിസ്റ്റർ സ്വന്തം സഹോദരിയെപ്പോലെ പരിചരിച്ചു.
● സുഹൃത്തുക്കൾ പാൽ കാച്ചി കൊണ്ടുപോയി നൽകി സ്നേഹം പ്രകടിപ്പിച്ചു.
● ലഹളയെത്തുടർന്ന് ആശുപത്രിയിലെത്തിയവർ മനുഷ്യത്വം കാട്ടി.
ഓർമ്മത്തുരുത്ത് ഭാഗം - 9 / കൂക്കാനം റഹ്‌മാൻ
(KVARTHA) പ്രഭാതഭക്ഷണം കഴിഞ്ഞ് വീടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നു. മുന്നിലെ റോഡിലൂടെ കടന്നുപോകുന്ന പരിചയക്കാരെ കാണുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യാം എന്നതായിരുന്നു ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. മഴക്കാലമായതുകൊണ്ട് മഴ വന്നും പോയുമിരിക്കുന്നുണ്ട്. ഇതിനിടയിൽ പലരും അതുവഴി കടന്നുപോവുകയും ‘മാഷേ’ എന്ന നീട്ടിയ വിളിക്ക് ഞാൻ ഉത്തരം നൽകുകയും ചെയ്തിരുന്നു.
നാട്ടിൽ മഴക്കാല രോഗങ്ങൾ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. പനിയും ഛർദ്ദിയും അരങ്ങുവാഴുകയാണ്. ആശുപത്രിക്കാർക്ക് ചാകരയുടെ മാസമാണെന്ന് തമാശയായി പറയാം. ശ്രീമതിക്ക് അതിന്റെ പേടിയും വേവലാതിയും ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്. പ്രായത്തിന്റെ ആലസ്യത്തിലിരിക്കുന്ന മനുഷ്യർക്കൊക്കെ ഇത് വന്നാൽ എന്താകും സ്ഥിതി എന്നതാണ് അവളുടെ വേവലാതി.
അത് സത്യം തന്നെയാണെങ്കിലും എന്തുകൊണ്ടോ ആ വേവലാതി എനിക്ക് തോന്നിയില്ല. അതിങ്ങനെ മനസ്സിൽ കിടന്നു മറിഞ്ഞപ്പോഴാണ് വർഷങ്ങൾക്കുമുമ്പുള്ള ഒരു ഛർദ്ദിക്കാര്യം ഓർമ്മകളേയും കൊണ്ട് ഓടിവന്നത്.
1967-ലെ ആ ഓർമ്മ
വർഷം 1967. കാസർകോട് ഗവൺമെന്റ് കോളേജിൽ ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. അന്ന് ഒന്നാം വർഷ പരീക്ഷയുടെ ദിവസമായിരുന്നു. നല്ല സന്തോഷത്തോടെയാണ് പരീക്ഷയെഴുതാൻ ചെന്നത്. എഴുതിക്കൊണ്ടിരിക്കേയാണ് പെട്ടെന്ന് എനിക്കെന്തോ വല്ലായ്മ തോന്നിത്തുടങ്ങിയത്. തലയ്ക്കൊരു കനം പോലെയും വയറ്റിലൊരു അസ്വസ്ഥതയും.
ആദ്യം കരുതിയത് പരീക്ഷയുടെ ടെൻഷൻ കൊണ്ടാണെന്നാണ്. പക്ഷെ സമയം കഴിയുന്തോറും അത് കൂടിവരാൻ തുടങ്ങി. അഞ്ചു മിനിറ്റിനുള്ളിൽ അത് ഛർദ്ദിയുടെ രൂപത്തിൽ പുറത്തേക്ക് വന്നു. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത നേരമായതുകൊണ്ട് പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന പേപ്പറിലും അടുത്തിരിക്കുന്നവരുടെ ദേഹത്തേക്കുമൊക്കെ ഛർദ്ദിൽ വീണു.
അതുകണ്ടതും ഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർ അവിടേക്ക് ഓടിവന്നു. കാര്യം തിരക്കുകയും വയ്യായ്ക അല്പം ബുദ്ധിമുട്ടുള്ളതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. അതോടെ എന്നെ പ്രിൻസിപ്പാളിന്റെ മുറിയിൽ കൊണ്ടുചെന്നാക്കി. പ്രിൻസിപ്പാൾ സാറിനും സംഗതി അല്പം സീരിയസാണെന്ന് തോന്നിയപ്പോൾ പ്യൂണിനെ വിട്ട് വർഗ്ഗീസ് സാറിനെ വിളിപ്പിച്ചു.
എൻ.സി.സി. ഓഫീസറായിരുന്ന അദ്ദേഹത്തിന് മാത്രമേ അന്ന് കാറ് ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സമയം ഏകദേശം പതിനൊന്ന് മണിയായി കാണും. ഉടനെ കാസർകോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കാൻ പ്രിൻസിപ്പാൾ സാർ വർഗ്ഗീസ് സാറിനോട് പറഞ്ഞു. ഞാൻ വയറുവേദനകൊണ്ട് പിടയുകയാണ്. നോക്കുമ്പോൾ ആരും കൂടെ വരാനില്ല. സുഹൃത്തുക്കളൊക്കെ പരീക്ഷാ ഹാളിലാണ്. ആ സമയത്ത് അവരെ വിളിക്കാനും വഴിയില്ല. കൂടുതൽ നിൽക്കാൻ നേരമില്ലെന്ന് പറഞ്ഞ് വർഗ്ഗീസ് സാർ എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു.
അവിടെയെത്തി പരിശോധനകളൊക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശം നൽകി. മറുത്തൊന്നും പറയാതെ സാർ അതിന് അനുവാദം നൽകുകയും ചെയ്തു. അങ്ങനെ കൂടുതൽ സമയമൊന്നും പാഴാക്കാതെ എന്നെ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. സാറിന് എന്നെ ഒറ്റയ്ക്കാക്കി പോകാനും വയ്യ, എനിക്ക് കൂട്ടുനിൽക്കാനും വയ്യ എന്ന സ്ഥിതിയിലാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ കൂടെ നിൽക്കാനുമില്ല.
ശാന്തകുമാരി സിസ്റ്റർ: ഒരു സഹോദരിയെപ്പോലെ
അതിനിടയിൽ അവിടേക്ക് വന്ന ഒരു സിസ്റ്റർ, വിദ്യാർത്ഥിയാണെന്നറിഞ്ഞപ്പോൾ അടുത്തേക്ക് ഓടിവന്ന് സാറിനോട് കാര്യങ്ങൾ തിരക്കി. കൂടുതൽ സംസാരിച്ചപ്പോഴാണ് അവരുടെ അനുജൻ സുധാകരൻ ഞങ്ങളുടെ അതേ കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയാണെന്ന കാര്യം അവർ ഞങ്ങളോട് പറഞ്ഞത്.
വർഗ്ഗീസ് സാർ സിസ്റ്ററിനോട് എന്റെ കാര്യങ്ങൾ സംസാരിച്ചു. കൂടെ ആരുമില്ലെന്നും എനിക്ക് നിൽക്കാൻ നിവൃത്തിയില്ലെന്നും നിസ്സഹായതയോടെ പറഞ്ഞപ്പോൾ ഒട്ടും ആലോചിക്കാതെ തന്നെ അവർ മാഷിന് മറുപടി നൽകി: ‘സാർ പൊക്കോളൂ, ഞാൻ ഇവനെ ശ്രദ്ധിച്ചോളാം. ഒന്നും പേടിക്കണ്ട.’ അതുകേട്ടതോടെ സാർ സമാധാനത്തോടെ മടങ്ങുകയും ചെയ്തു.
സംസാരത്തിനിടയിൽത്തന്നെ അവർ ഒരു ഇൻജക്ഷൻ തന്നിരുന്നു. അതോടെ അല്പം സുഖം തോന്നിത്തുടങ്ങിയിരുന്നു. വീട്ടിൽ ആരൊക്കെയുണ്ടെന്ന സിസ്റ്ററിന്റെ ചോദ്യത്തിന് മറുപടിയായി അവിടത്തെ സ്ഥിതിഗതികൾ എനിക്കവരോട് പറയേണ്ടി വന്നു. ഉമ്മയും പ്രായമായ ഉമ്മൂമ്മയും മാത്രമേ ഉള്ളൂ എന്നും അവർക്ക് ഇവിടെ വന്നുനിൽക്കാൻ പരിമിതികളുണ്ടെന്നുമൊക്കെയുള്ള കാര്യങ്ങൾ സിസ്റ്ററോട് പറഞ്ഞു.
കരിവെള്ളൂരാണ് വീടെന്നും അവിടെനിന്ന് ഇനി ആരും വരാൻ സാധ്യതയില്ലെന്നും പറഞ്ഞു. അതുകേട്ടപ്പോൾ സ്നേഹത്തോടെ സിസ്റ്റർ പറഞ്ഞു: ‘സാരമില്ല, ഞാൻ ഇവിടെയുണ്ടല്ലോ. ഒന്നും പേടിക്കണ്ട, നിന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.’ അതുകേട്ടപ്പോൾ എനിക്കും ആശ്വാസമായി.
‘തേർഡ് ഗ്രൂപ്പിൽ പഠിക്കുന്ന സുധാകരനെ അറിയുമോ?’ അല്പം ആകാംക്ഷയോടെയാണ് സിസ്റ്റർ അതെന്നോട് ചോദിച്ചത്.
‘പിന്നെ, അറിയാം. ഞങ്ങൾ സുഹൃത്തുക്കളാണ്.’
‘അതേയോ?’
‘അതെ.’
അതുകേട്ടപ്പോൾ അവർക്കും സന്തോഷം തോന്നിക്കാണണം. ഒരു ചിരിയോടെയാണ് സിസ്റ്റർ അടുത്ത വാർഡിലേക്ക് പോയത്.
സൗഹൃദത്തിന്റെ സ്നേഹസ്പർശങ്ങൾ
വൈകുന്നേരമായപ്പോഴേക്കും ഒപ്പം താമസിക്കുന്ന പി.പി. രാഘവനും കീനേരി പ്രഭാകരനും എന്നെ കാണാൻ ആശുപത്രിയിലേക്ക് വന്നു. കാച്ചിയ പശുവിൻ പാലുമായിട്ടാണ് അവർ വന്നത്. പാൽ വാങ്ങിക്കൊണ്ടുപോയി ലോഡ്ജിൽ വെച്ച് അത് തിളപ്പിച്ചാണ് എനിക്ക് കുടിക്കാനായി കൊണ്ടുവന്നത്. അതൊക്കെ അന്നത്തെ സ്നേഹത്തിന്റെ അടയാളങ്ങൾ തന്നെയായിരുന്നു. അല്പനേരം അവിടെയിരുന്ന് എന്നെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചതിന് ശേഷമാണ് അവർ മടങ്ങിയത്.
രാത്രി ഏഴുമണിയായപ്പോഴേക്കും ആശുപത്രിയിൽ അതുവരെയല്ലാത്ത വല്ലാത്ത തിരക്ക്. ആകെപ്പാടെ വല്ലാത്ത ബഹളം. സിസ്റ്ററോട് കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത്. അന്ന് സന്ധ്യാസമയത്ത് ടൗണിൽ എന്തോ പ്രശ്നം മൂലം രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ലഹള നടന്നുവെന്നും, പരിക്കുപറ്റിയവരെയൊക്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും. അതാണ് തിരക്കിന് കാരണമെന്നും.
അല്പസമയത്തിനുള്ളിൽത്തന്നെ ഞാൻ കിടക്കുന്ന വാർഡ് മുഴുവൻ പരിക്കുപറ്റിയവരെക്കൊണ്ട് നിറഞ്ഞു. അവരെല്ലാം ആർ.എസ്.എസ്. കാരുമാണ്. വന്ന നേതാക്കൾ എന്നെ ശ്രദ്ധിക്കുന്നുണ്ട്. ബെഡിൽ തൂക്കിയിട്ട കാർഡിൽ എഴുതിവെച്ച പേരും ശ്രദ്ധിക്കുന്നുണ്ട്. പ്രശ്നമാവുമോയെന്ന ഭയം എന്നെ വേട്ടയാടാൻ തുടങ്ങി.
പക്ഷേ, പ്രതീക്ഷിച്ചതിൽനിന്ന് വ്യത്യസ്തമായ അനുഭവമാണ് എനിക്കുണ്ടായത്. പരിക്കുപറ്റിയവർക്ക് നൽകാൻ കൊണ്ടുവന്ന ഓറഞ്ച് തോർത്തിൽ പിടിഞ്ഞ് ജ്യൂസാക്കിയത് അതിലൊരാൾ എനിക്കും കൊണ്ടുവന്നുതന്നു. തെരുവിൽ പരസ്പരം കൊമ്പുകോർത്തവരുടെ മതം നോക്കാതെയുള്ള മനുഷ്യത്വം. മനുഷ്യത്വത്തിനെന്ത് മതമെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.
മായാത്ത ഓർമ്മകളും ആത്മാർത്ഥമായ പ്രാർത്ഥനകളും
ശാന്തകുമാരി സിസ്റ്റർ എന്നും രാവിലെ കൃത്യസമയത്ത് എന്റെ ബെഡിന് സമീപമെത്തും. ബെഡിൽ പിടിച്ചിരുത്തി ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കും. ഉച്ചയ്ക്ക് ഭക്ഷണം തരും. ആരുമില്ലെന്ന തോന്നൽ ഉണ്ടാവാൻ ഇടവരുത്തിയതേയില്ല. സ്വന്തം സഹോദരിയെപ്പോലെ അഞ്ചാറു ദിവസം എന്നെ കരുതലോടെ നോക്കി. ഒടുവിൽ രോഗം അപ്പെൻഡിസൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചു.
ഓപ്പറേഷൻ ഇല്ലാതെ തന്നെ രോഗം മാറുമെന്നും അതിന് കൃത്യമായി മരുന്ന് കഴിച്ചാൽ മതിയെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. അതിനിടയിൽ രോഗവിവരമറിഞ്ഞ് വീട്ടിൽനിന്ന് ഉമ്മയും അനുജനും അമ്മാവനും വന്നു. ഉമ്മ കണ്ടപ്പോൾത്തന്നെ കരച്ചിൽ തുടങ്ങിയിരുന്നു. വന്ന എല്ലാവർക്കും വിഷമം. അതിനിടയിൽ എന്നെ സന്തോഷിപ്പിക്കാൻ സുലൈമാൻ അമ്മാവൻ അദ്ദേഹം ധരിച്ചിരുന്ന ഫെവർ ലൂബ വാച്ച് ഊരി എനിക്ക് സമ്മാനമായി നൽകുകയും ചെയ്തു.
സിസ്റ്റർ തന്നെയാണ് അവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് അയച്ചതും. ഒടുവിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് പേപ്പറുമായി ശാന്തകുമാരി സിസ്റ്റർ വന്നു. കേവലം അഞ്ചുദിവസംകൊണ്ട് അടുത്ത സഹോദരിയെപ്പോലെ അത്രമാത്രം അടുപ്പം ഞങ്ങൾ തമ്മിലുണ്ടായി. അവിടെനിന്ന് ഡിസ്ചാർജ് ചെയ്ത് പോകുമ്പോൾ എനിക്ക് ഡ്രെസ് ഒന്നും ഉണ്ടാവില്ല എന്ന് സ്വയം മനസ്സിലാക്കി സ്വന്തം സഹോദരന്റെ ഷർട്ടും പാന്റ്സും ഇസ്തിരിയിട്ട് എനിക്ക് കൊണ്ടുവന്നുതന്നു.
ഒടുവിൽ ഡിസ്ചാർജ് പേപ്പർ എന്റെ കയ്യിൽ ഏൽപ്പിക്കുമ്പോഴേക്കും അവർ വിതുമ്പിപ്പോയിരുന്നു. കണ്ടുനിന്ന എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയി. ഒടുവിൽ യാത്ര പറഞ്ഞ് പോകുമ്പോൾ ഞാൻ മറയുന്നത് വരെ അവർ ആ ഹോസ്പിറ്റലിന്റെ മുന്നിൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഹോ! എന്തൊരു സ്നേഹമായിരുന്നെന്നോ അത്.
1967-ലെ ആ ബന്ധം എഴുത്തുകളിലൂടെ നാലഞ്ചു വർഷക്കാലം ഞാൻ നിലനിർത്തി. പിന്നീട് തിരക്കുകളിലേക്ക് രണ്ടുപേരും ഊളിയിട്ടു കാണണം. അവരും ഞാനും എഴുതാൻ മറന്നുതുടങ്ങി. എങ്കിലും അവർ ഇൻലാൻഡിലെഴുതിയയച്ച ആ സ്നേഹക്കത്തുകൾ ഇന്നും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇപ്പോൾ എവിടെയാണെന്നോ എന്താണെന്നോ അറിയില്ല. എങ്കിലും ഓർമ്മവരുമ്പോഴൊക്കെ അവർക്ക് നല്ലതേ വരുത്താവൂ എന്ന് മനസ്സുകൊണ്ട് ഇന്നും പ്രാർത്ഥിക്കാറുണ്ട്.
അന്നത്തെ പി.പി. രാഘവൻ ഇന്ന് റിട്ടയേർഡ് ഡി.വൈ.എസ്.പി. ആണ്. വർഷങ്ങളായി തമ്മിൽ കണ്ടിട്ട്. ഇപ്പോൾ കൊയിലാണ്ടിയിലാണ് താമസമെന്നറിയാം. കൂടെ വന്ന പ്രഭാകരൻ ജില്ലാ ജിയോളജി ഓഫീസറായി റിട്ടയർ ചെയ്തു. ആകസ്മികമായി പിടിപെട്ട രോഗം മൂലം മരണപ്പെട്ടുപോയി. എങ്കിലും കാച്ചിയ പാലും ആ മധുര നാരങ്ങാനീരും മതത്തിനപ്പുറം മനുഷ്യത്വം കൊണ്ടുനടന്ന സഹോദരങ്ങളെയും ഇന്നും ഞാൻ മറന്നിട്ടില്ല.
ഈ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: A heartwarming memoir of kindness during a hospital stay in 1967.
#HospitalMemories #Kindness #Humanity #Kasaragod #MalayalamArticle #PersonalStory