ഷേക്സ്പിയറുടെ 'എവോൺ' കരിവെള്ളൂരിലെത്തിയപ്പോൾ; ഒരു കൂട്ടം അധ്യാപകരുടെ സ്വപ്നസാക്ഷാത്കാരം

 
history of karivellur avon club ambukunhi master

Photo Credit: Bharathan Karivellur

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1973 ജൂലൈ ഒന്നിന് മൂന്ന് രൂപ വാടകയുള്ള മുറിയിൽ നിന്നാണ് 'എവോൺ ക്ലബ്ബ്' ആരംഭിച്ചത്.
● വില്യം ഷേക്സ്പിയറുടെ ജന്മനാടിന്റെ സ്മരണാർത്ഥമാണ് ക്ലബ്ബിന് 'എവോൺ' എന്ന് പേരിട്ടത്.
● അമ്പുക്കുഞ്ഞി മാസ്റ്റർ, ടി.വി. ബാലൻ മാസ്റ്റർ തുടങ്ങിയവരാണ് ഇതിന്റെ ശില്പികൾ.
● ഇന്ന് എട്ടര സെന്റ് സ്ഥലത്ത് സ്വന്തമായ ഇരുനില കെട്ടിടവും ഇരുപതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലബ്ബിനുണ്ട്.
● ഇൻഡോർ ഷട്ടിൽ കോർട്ട്, വയോജന വേദി, ബാലവേദി തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.

കനിവുള്ള മനുഷ്യർ ഭാഗം 20/ കൂക്കാനം റഹ്‌മാൻ

(KVARTHA) സ്വന്തം നാടും നാട്ടുകാരും ഏതൊരു മനുഷ്യന്റെയും വികാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. അന്യനാട്ടിൽ എവിടെയായിരുന്നാലും എത്ര സുഖലോലുപതയിലായാലും ആ വികാരത്തിന് വല്ലാത്ത മൂല്യമുണ്ടാകാറുണ്ട്. 

അവിടത്തെ കുഞ്ഞുനാളിലെ ഓർമ്മകളും മധുരനിമിഷങ്ങളും കയ്യിൽ പിടിച്ചാവും പലരും ജീവിക്കുന്നത് തന്നെ. അതുപോലെ ചരിത്രംകൊണ്ടും ഓർമ്മകൾകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഞങ്ങളുടെ കരിവെള്ളൂർ എന്ന ഒരു വലിയ കുഞ്ഞുഗ്രാമം.

Aster mims 04/11/2022

history of karivellur avon club ambukunhi master

കരിവെള്ളൂരിന്റെ മണ്ണിന് ഒരു വല്ലാത്ത പ്രത്യേകതയുണ്ട്. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളുടെ പ്രയാണത്തിന് ഉചിതമായ ഒന്നാണെന്ന് അനുഭവങ്ങളെയും ചരിത്രത്തെയും സാക്ഷിനിർത്തിക്കൊണ്ട് പറയാൻ കഴിയും. മനുഷ്യന് വളരാൻ പാകത്തിനുള്ള വളക്കൂറുള്ള മണ്ണെന്നും ഉറപ്പിച്ചു പറയാനാവും. 

കാരണം, ഈ മണ്ണിൽ പിറന്നുവീണ പല മുൻഗാമികളും ഭരണതന്ത്രജ്ഞരും ശാസ്ത്രജ്ഞരും കവികളും വിപ്ലവവീര്യമുൾക്കൊണ്ട് ജന്മിത്വത്തിനെതിരായി പോരാടി രക്തം ചിന്തിയ വിപ്ലവകാരികളുമൊക്കെയായിരുന്നു. ഭൂമിയിലുണ്ടായ ഏതൊരു പ്രസ്ഥാനത്തിന്റെയും തുടക്കത്തിന് ആശയപരമായ ബീജം ഉരുത്തിരിയുക ഒന്നോ രണ്ടോ വ്യക്തികളിലായിരിക്കുമെന്നാണ് പൊതുഅനുഭവം. പക്ഷേ, ഇവിടെ അങ്ങനെയായിരുന്നില്ല.

പഴയകാലം മുതൽ അധ്യാപകരുടെ നാടാണ് കരിവെള്ളൂർ. അതിന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ പല അധ്യാപക സംഘടനകളുടെ തലപ്പത്തും കരിവെള്ളൂർക്കാരായ അധ്യാപകരാണുണ്ടായിട്ടുള്ളത്. ഇവിടെ രാഷ്ട്രീയബോധത്തിലും കലയിലും സാഹിത്യത്തിലും സംഘാടനത്തിലും മികവ് കാട്ടിയവർ അധ്യാപകർ തന്നെയാണ്. 

ആർട്സ് ക്ലബ്ബുകൾ, സ്പോർട്സ് ക്ലബ്ബുകൾ, നാടക ട്രൂപ്പുകൾ, ഗാനമേള ട്രൂപ്പുകൾ, ഫിലിം സൊസൈറ്റി, ഫൈൻ ആർട്സ് സൊസൈറ്റി, വായനശാലകൾ, ഗ്രന്ഥാലയങ്ങൾ എന്നിവയിലൊക്കെ ഇവിടുത്തുകാരായ അധ്യാപകരുടെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടാവും.

എവോൺ ക്ലബ്ബും അമ്പുക്കുഞ്ഞി മാസ്റ്ററും

അതിൽ ഏറെ എടുത്തുപറയേണ്ട ഒന്നാണ് എവോൺ ക്ലബ്ബ് എന്ന പ്രസ്ഥാനവും അമ്പുക്കുഞ്ഞി മാസ്റ്ററെന്ന സംഘാടകനും. അരനൂറ്റാണ്ടിലേറെയായി കരിവെള്ളൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ തലയെടുപ്പോടെ ഉണർന്നുനിന്ന് മുന്നോട്ട് കുതിക്കുന്ന പ്രസ്ഥാനമാണ് എവോൺ ക്ലബ്ബ് & ന്യൂസ് സെന്റർ. 

പല സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പോലെ തന്നെ എവോൺ ക്ലബ്ബിന്റെ തുടക്കവും ശൂന്യതയിൽ നിന്നായിരുന്നു. എവോൺ ക്ലബ്ബ് & ന്യൂസ് സെന്റർ, എവോൺ ലൈബ്രറി എന്നിവയുടെ തുടക്കത്തിന് കാരണമായവർ അധ്യാപകർ തന്നെയായിരുന്നു. അമ്പുക്കുഞ്ഞി മാഷ്, പ്രൊഫ. ടി.വി. ബാലൻ മാഷ്, കെ.പി. ഭരതൻ മാഷ്, എ. കുഞ്ഞിക്കണ്ണൻ മാഷ് എന്നിവരാണ് ഇതിന്റെ തുടക്കക്കാർ.

വളർച്ച ശൂന്യതയിൽ നിന്നാണെങ്കിലും അവയ്ക്കൊക്കെ ഒരു നിമിത്തമുണ്ടാകുമല്ലോ. 1966-ൽ കൊടക്കാട് ഗവ. വെൽഫെയർ യു.പി സ്കൂളിൽ അമ്പുക്കുഞ്ഞി മാസ്റ്റർക്ക് താൽക്കാലിക അധ്യാപകനായി ജോലി കിട്ടിയ സമയം. കരിവെള്ളൂർ മണക്കാടുനിന്ന് വെള്ളച്ചാൽ - പൊള്ളപ്പൊയിൽ വഴി നടന്നാണ് സ്കൂളിലെത്തുക. പൊള്ളപ്പൊയിൽ വഴി പോയിവരുമ്പോൾ അമ്പുക്കുഞ്ഞി മാസ്റ്ററുടെ ശ്രദ്ധ പൊള്ളപ്പൊയിൽ കൈരളി വായനശാലയിലേക്കും അവിടെ സ്ഥിരം കാണുന്ന സി.വി. കൊടക്കാട്, കോട്ടയൻ കുഞ്ഞിരാമൻ മാഷ് എന്നിവരിലേക്കും പതിഞ്ഞു. 

history of karivellur avon club ambukunhi master

അവിടുത്തെ പ്രവർത്തനത്തോട് എന്തോ ഒരു മമത മനസ്സിലുടക്കി. കരിവെള്ളൂരിലും ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുണ്ടാക്കണമെന്ന മോഹമുണ്ടായി. ആ ആഗ്രഹം മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ തന്റെ സ്വപ്നം പ്രൊഫ. ടി.വി. ബാലൻ മാഷോടും ഭരതൻ മാഷോടും പങ്കിട്ടു. "നമുക്കു തുടങ്ങാം" - മൂന്നുപേരുടെയും ഒരേ ശബ്ദത്തിലുള്ള ആ മറുപടിയായിരുന്നു തുടക്കം.

പക്ഷേ, എങ്ങനെ തുടങ്ങണം? എവിടെ തുടങ്ങണം? എന്ന ധാരണയൊന്നും അവർക്കില്ലായിരുന്നു. എന്നും വൈകുന്നേരം കരിവെള്ളൂർ ബസാറിൽ ഇവർ സന്ധിക്കും. ചർച്ചകളിൽ ഏർപ്പെടും. ഏറെ വൈകിയിട്ടേ വീട്ടിലെത്തൂ. അന്ന് കരിവെള്ളൂർ ബസാറിൽ ചുരുക്കം ചില കെട്ടിടങ്ങളേയുള്ളൂ. ശിവാനന്ദ പൈയുടെ കെട്ടിടത്തിന്റെ മുകളിലുള്ള ഒരു മുറി വാടകയ്ക്ക് എടുക്കാൻ പറ്റുമോ എന്ന് ആലോചിച്ചു. ആ ആലോചന ഒടുവിൽ വിജയം കണ്ടു. അങ്ങനെ 1973 ജൂലൈ ഒന്നിന്, മൂന്ന് രൂപ മാസവാടക നിശ്ചയിച്ച് മുറിയെടുത്തു.

ഇനി വേണ്ടത് പ്രസ്ഥാനത്തിന് ഒരു പേരാണ്. ലോകപ്രശസ്ത നാടക രചയിതാവായ വില്യം ഷേക്സ്പിയറുടെ ജന്മനാടിന്റെ പേരായ 'എവോൺ' എന്ന് പേരിടാമെന്ന ധാരണയിലായി. അങ്ങനെ 'എവോൺ ക്ലബ്ബ് & ന്യൂസ് സെന്റർ' എന്ന പേര് പ്രൊഫ. ടി.വി. ബാലൻ മാഷ് നിർദ്ദേശിച്ചു. മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്തു. 

The building of Avon Club and News Centre in Karivellur.

ആ വർഷം തന്നെ ഈ സംഘടനയിലേക്ക് മെമ്പർമാരെ ചേർക്കാൻ പ്ലാൻ ചെയ്തു. രണ്ട് രൂപ വാർഷിക വരിസംഖ്യ വാങ്ങി 26 പേരെ അംഗങ്ങളായി ചേർത്തു. പ്രധാനപ്പെട്ട പത്രങ്ങൾ, വാരികകൾ, മാസികകൾ എന്നിവ സ്പോൺസർഷിപ്പിലൂടെ ക്ലബ്ബിൽ വരുത്തിത്തുടങ്ങി. ഇരിക്കാൻ കസേരയും മെമ്പർമാരെ ആകർഷിക്കാൻ കാരം ബോർഡ്, ചെസ്സ് ബോർഡ്, കാർഡ്സ് എന്നിവയും ഒരുക്കാൻ പ്രവർത്തകർ ഏറെ കഷ്ടപ്പെട്ടു. ഇതിനായി ഒരാളിൽനിന്ന് 100 രൂപ കടം വാങ്ങിയ ചരിത്രം വരെയുണ്ട്.

വളർച്ചയുടെ പടവുകൾ

2020 വരെ മെമ്പർമാരിൽനിന്ന് രണ്ട് രൂപ തോതിലാണ് വാർഷിക വരിസംഖ്യ വാങ്ങിയിരുന്നത്. 2020 മുതലാണ് അത് 100 രൂപയാക്കി മാറ്റിയത്. ഇപ്പോൾ എൺപത് മെമ്പർമാരാണ് ക്ലബ്ബിലുള്ളത്. അതിൽ 21-ാം നമ്പറുകാരനാണ് ഈ കുറിപ്പുകാരൻ. ആദ്യകാല ഭരണസമിതിയിൽ കെ.വി. രാമചന്ദ്രൻ (പ്രസിഡന്റ്), പി.വി. നാരായണൻ മാസ്റ്റർ (വൈസ് പ്രസിഡന്റ്), കെ.പി. ഭരതൻ (സെക്രട്ടറി), കെ.പി. അമ്പുക്കുഞ്ഞി മാസ്റ്റർ (ജോ. സെക്രട്ടറി), എ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (ട്രഷറർ) എന്നിവരായിരുന്നു. കെ. കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ, കണ്ണോത്ത് ഗോവിന്ദൻ മാസ്റ്റർ, ടി. കൃഷ്ണൻ നായർ, പി. വിജയൻ മാസ്റ്റർ, പി.കെ. ദിവാകരൻ മാസ്റ്റർ, എം.വി. ഗോപാലകൃഷ്ണൻ, കെ.പി. രാഘവൻ മാസ്റ്റർ തുടങ്ങിയ അന്നത്തെ യുവാക്കളും ഇതിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

1974-ൽ 'ഛായ' എന്ന നാടകം നടത്തി 15,000 രൂപ ലാഭമുണ്ടാക്കി കരിവെള്ളൂരിന്റെ ഹൃദയഭാഗത്ത് മൂന്നര സെന്റ് ഭൂമി വാങ്ങി. പിന്നീട് ബെനിഫിറ്റ് ഷോകൾ നടത്തി അഞ്ച് സെന്റ് കൂടി വാങ്ങി. ഇന്ന് എട്ടര സെന്റ് സ്ഥലത്ത് അതിമനോഹരമായ ഇരുനില കെട്ടിടം, ഇൻഡോർ ഷട്ടിൽ കോർട്ട്, ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള എവോൺ ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ വിനോദ പഠനയാത്രകൾ, വയോജന വേദി, ബാലവേദി, വനിതാവേദി എന്നിവയും പ്രവർത്തിച്ചുവരുന്നു. എം. മുകുന്ദൻ, സുകുമാർ അഴീക്കോട്, പാട്യം ഗോപാലൻ, പാമ്പൻ മാധവൻ, ശ്രീധരനുണ്ണി, അക്കിത്തം, പി.ടി. ഭാസ്കരപ്പണിക്കർ, പി.എൻ. പണിക്കർ, പി.കെ. രാജൻ തുടങ്ങിയ പ്രമുഖർ ക്ലബ്ബിന്റെ പരിപാടികളിൽ സന്നിഹിതരായിട്ടുണ്ട്.

ഇന്ന് ഈ നിലയിൽ സംഘടനയെ എത്തിക്കാൻ കഠിനശ്രമം ചെയ്ത പ്രധാന സംഘാടകനാണ് കെ.പി. അമ്പുക്കുഞ്ഞി മാസ്റ്റർ. 1973-ൽ തുടങ്ങിയ പ്രവർത്തനം 2026-ൽ എത്തിനിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധ ഇതിലുണ്ട്. 2002-ൽ വിരമിച്ച മാഷ് മറ്റ് നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. 

ദിവസവും രാവിലെ ക്ലബ്ബിലെത്തി റീഡിംഗ് റൂം ക്രമീകരിക്കുകയും രാത്രി പൂട്ടിപ്പോകുകയും ചെയ്യുന്നത് അദ്ദേഹമാണ്. "പുതിയ തലമുറയ്ക്ക് സാമൂഹ്യബന്ധം കുറഞ്ഞുവരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം അഭിരമിച്ച് കഴിയുന്ന ഈ രീതിയിൽ മാറ്റം വരുത്താൻ നമ്മെപ്പോലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും ശ്രമിച്ചേ പറ്റൂ" എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

1973 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ വിടപറഞ്ഞുപോയ കെ.എൻ. ശ്രീധരൻ മുതൽ കെ.പി.വി. ശ്രീധരൻ വരെയുള്ള 20 പ്രവർത്തകരുടെ ഫോട്ടോകൾ ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവരുടെ ഓർമ്മകൾക്ക് മുന്നിൽ ഹൃദയാഞ്ജലി അർപ്പിക്കുന്നു. മാഷിന്റെ ഭാര്യ: ശ്യാമള. ഏക മകൾ: ഷൈനി. മരുമകൻ: അഡ്വ. പ്രമോദ്.

ഈ ലേഖനം ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.  

Article Summary: A chronicle of the iconic Avon Club in Karivellur and the visionary leadership of teachers like Ambukunhi Master.

#Karivellur #AvonClub #AmbukunhiMaster #CulturalHistory #KeralaTeachers #LibraryMovement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia