Book Review | ഖബറിന്റെ ചരിത്രം, മനുഷ്യന്റേതും

 


പുസ്തക പരിചയം

-പ്രീദു രാജേഷ്

(www.kvartha.com) സമകാലിക വര്‍ത്തമാനകാല വിഷയങ്ങളും ചരിത്രവും മനുഷ്യജീവിതത്തിന്റെ വൈകാരിക തലങ്ങളും ആഖ്യാനം ചെയ്തുള്ളതാണ് കെ ആര്‍ മീരയുടെ നോവല്‍ 'ഖബര്‍'. കാലത്തില്‍ നിന്നുകൊണ്ട് ചരിത്രത്തിലേക്കും ചരിത്രത്തില്‍ നിന്നുകൊണ്ട് രാഷ്ട്രത്തിലേക്കും നീതിവിചാരത്തിലേക്കും മാനവികതയിലേക്കും അധികാരത്തിലേക്കും അനീതിയിലേക്കും ജീവിതത്തിലേക്കും ഒരേ സമയം ഖബര്‍ സഞ്ചരിക്കുന്നു.
     
Book Review | ഖബറിന്റെ ചരിത്രം, മനുഷ്യന്റേതും

ഒരു പെണ്‍ഹൃദയത്തിന്റെ പിടച്ചിലുകള്‍ വെന്തുരുകിയൊലിച്ച് രൂപമാര്‍ജിച്ച തീവ്രദുഃഖത്തിന്റെ പ്രതീകമാണ് ഖബര്‍. മറ്റൊരു തലത്തില്‍ വിശദീകരിച്ചാല്‍, മനുഷ്യസമൂഹത്തിന്റെ ദുഃഖചര്യകളുടെ ഏറ്റക്കുറച്ചിലിന്റെ പ്രതിഫലനവും ഒരു സമൂഹത്തിന്റെ കഥയും കത്തിജ്വലിയ്ക്കുന്ന മാനുഷിക വൈകാരികതയും മനുഷ്യനെന്ന ഒറ്റ മതബോധത്തില്‍ നിന്നുത്ഭവിയ്ക്കുന്ന നീതിചിന്തകളും. ദൈനംദിന ജീവിതത്തിലെ തിക്താനുഭവങ്ങള്‍ സാധാരണക്കാരിയായ ഒരുവളെ പുരോഗമന ചിന്തകളിലേക്കുയരാന്‍ പ്രേരിപ്പിക്കുന്നു.

ഖബറിലെ സ്ത്രീകഥാപാത്രം ഭാവന, പൊള്ളുന്ന അവഗണനകളിലൂടെ വിദൂരം സഞ്ചരിച്ച് വെളിച്ചത്തെ എത്തിപ്പിടിച്ചവളാണ്. ലോ കോളേജില്‍ നിന്നുമാരംഭിക്കുന്ന പ്രമോദ്-ഭാവനാ പ്രണയം, വിവാഹത്തിലേക്കും ദാമ്പത്യത്തിലേക്കുമെത്തിച്ചേരുന്നു. ഒരേ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവര്‍. സ്ത്രീക്കുമേല്‍ പുരുഷനുള്ള അധികാരം, വ്യക്തിജീവിതത്തിലൂടെ അതിക്രമിച്ച് ഔദ്യോഗിക ജീവിതത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കൊത്ത് ജീവിക്കാനാഗ്രഹിച്ച സ്ത്രീ, അവഗണനയുടെ ഇടിമിന്നലേറ്റ് തേരട്ടയെപ്പോല്‍ ചുരുണ്ടുകൂടുന്നു.

ദാമ്പത്യജീവിതത്തിന്റെ കല്ലുകടികളില്‍, ഭാവന, ജില്ലാ ജഡ്ജി ഭാവന എന്ന നിലയിലേക്കു വളര്‍ച്ച പ്രാപിയ്ക്കുമ്പോള്‍, ഭാവനയുടെ അമ്മയുടെ ഉപദേശം അവര്‍ ജീവിച്ചു തീര്‍ത്ത ഒരായുഷ്‌ക്കാലത്തിന്റേതുമാണ്. 'ടാഗോര്‍ എഴുതിയത് ഓര്‍ത്താല്‍ മതി. കൂട്ടിനുള്ളിലാണെങ്കില്‍ ചിറകു വിടര്‍ത്താന്‍ ഇടമില്ല. പക്ഷേ പിടിച്ചിരിക്കാന്‍ അഴിയുണ്ട്. ആകാശത്താണെങ്കില്‍ ചിറകു വിടര്‍ത്താന്‍ ഇടമുണ്ട്. പക്ഷേ പിടിച്ചിരിക്കാന്‍ വഴിയില്ല. ഏതു വേണം? നീയാണു തീരുമാനിക്കേണ്ടത്'.

ജീവിതത്തോട് കൂട്ടിയോജിപ്പിച്ച് വായിക്കുമ്പോള്‍, അടുത്തിടെ മരണപ്പെട്ട പെണ്‍ജന്മങ്ങളില്‍ ഭൂരിഭാഗത്തെയും ജീവിപ്പിക്കാന്‍ കരുത്തുറ്റ വാചകം. വിവാഹത്തോടെ സ്വന്തം ഇഷ്ടങ്ങളെ മറവിയുടെ ഇരുളിലേക്കു തള്ളിവിടുന്നെത്രയോ മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്. എല്ലാ മനുഷ്യര്‍ക്കും ത്യാഗികളുടേതായ വ്യത്യസ്തമായ മുഖങ്ങളുണ്ട്. കാക്കശ്ശേരി ഖയാലുദ്ദീന്‍ തങ്ങളുടെ വരവോടെ കഥാഗതിയാകെ മാറിമറിയുന്നു. മനുഷ്യത്വവും ചരിത്രവും രാഷ്ട്രവും നീതിവിചാരവും ഇവിടെ ചര്‍ച്ചാ വിഷയങ്ങളാകുന്നു. ഖബര്‍ സംരക്ഷണവുമായി ബന്ധപ്പെട്ടൊരു കേസാണ് ഇവിടം മുതല്‍ നോവലിന്റെ ഉപരിതലങ്ങളെ നിയന്ത്രിക്കുന്നത്.

ഖയാലുദ്ദീന്‍ തങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കെതിരായി പുറപ്പെടുവിക്കുന്ന കേസ്. വാദ പ്രതിവാദങ്ങള്‍ക്കപ്പുറം വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കേസിന്റെ വിധി തങ്ങള്‍ക്കെതിരാകുന്നു. വാദ പ്രതിവാദം കേള്‍ക്കുന്നതും വിധിപ്രഖ്യാപിക്കുന്നതും ജില്ലാ ജഡ്ജി ഭാവനാ സച്ചിദാനന്ദന്‍. തര്‍ക്കകേന്ദ്രമായ ഖബറിടം സംരക്ഷണക്കേസില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതോടെ, നോവല്‍ മറ്റൊരു ദിശയിലേക്കു സഞ്ചരിക്കുന്നു.

ഖബറിന് തങ്ങളിലൂടെ ഒരു വൈകാരിക രൂപം കൈവരുന്നു. ഖബര്‍ സന്ദര്‍ശന വേളയും അതിന് മുന്‍പും പിന്‍പുമുള്ള സമയങ്ങളും പ്രണയത്തിന്റെയും ആദരവിന്റെയും പരസ്പര ബഹുമാനത്തിന്റെയും പുതുലോകം ഭാവനയ്ക്കു മുന്നില്‍ തുറക്കപ്പെടുന്നു. ഒരു കലാപമേറ്റ് വാങ്ങിയ ഖയാലുദ്ദീന്‍ തങ്ങളും അവഗണനയുടെ മുറിപ്പാടുകള്‍ ഹൃദയത്തിലേറ്റ് വാങ്ങിയ ഭാവനയും ഒരേ ചിന്തയുടെ രണ്ടറ്റങ്ങളില്‍ മറ്റൊരു ലോകം സൃഷ്ടിക്കുകയാണ്.

കഥാ കഥനത്തില്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും കൂട്ടിയോജിപ്പിക്കുന്ന മുഖ്യകണ്ണികളായ സഹോദരിമാര്‍. ഉത്ഭവം ഒരു തന്തുവില്‍ നിന്നാകെ അന്ത്യനിമിഷം വിഭജിക്കപ്പെട്ട് രണ്ടിടങ്ങളിലകപ്പെടുന്നു. ഒരു മനുഷ്യന്റെ സ്വാര്‍ത്ഥതയിലുടലെടുക്കുന്ന ക്രൂരത, ഒരാള്‍ പാലമരത്തില്‍ തറയ്ക്കപ്പെടുകയും. ഒരാള്‍ ജോനകരുടെ ചെമ്പുകമിഴ്ത്തിയതിന് അടിയിലും. പ്രസക്ത ഭാഗം പ്രാചീന മിത്തുകളെയും ഐതിഹ്യങ്ങളെയും കൂട്ടിയിണക്കുന്നു.

ഖയാലുദ്ദീന്‍ തങ്ങള്‍ ചരിത്രത്തെയും മാനുഷിക വികാരത്തെയും കൂട്ടിയിണക്കി ചോദിക്കുന്ന ചോദ്യം, ഭാവനയുടെ ജന്മരഹസ്യത്തിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നു. ചേച്ചിയും അനിയത്തിയും ജാതിമതത്തിന്റെ മുനമ്പുകളായി ഇവിടെ പരിവര്‍ത്തിക്കുന്നു. മനുഷ്യനെന്ന ഒറ്റ സമൂഹത്തെ വിവിധ കണ്ണികളായി ഭാഗിക്കുന്ന ജാതിയും മതവും. മതം ഒരു ഉള്‍വെളിച്ചമാണ്, എല്ലാ മനുഷ്യരെയും ചേര്‍ത്തു നിര്‍ത്തേണ്ടുന്ന വലിയ വെളിച്ചം. ജാതിമതഭേദമന്യേ മനുഷ്യരെത്തമ്മില്‍ ചേര്‍ത്തു നിര്‍ത്തേണ്ടുന്ന വികാരം മനുഷ്യത്വവും.

'മാഡം, ഇതെന്റെ സ്വകാര്യമായ ഒരു സന്തോഷമാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ത, ചതിക്കപ്പെടുകയും മരിക്കുകയും ചെയ്ത ഒരാളാണു ഇതിനുള്ളില്‍. ആ വേരില്‍ നിന്നാണ് ഞാന്‍ പൊട്ടിക്കിളുര്‍ത്തത്. ഇനി വരുന്ന തലമുറകള്‍ക്കും അതുകൊണ്ടാണ് ഇതു പ്രധാനമാകുന്നത്. ഇതില്‍ മതമില്ല. കുടുംബമാണുള്ളത്', സ്വകാര്യമായ സന്തോഷമെന്ന് തങ്ങള്‍ പറയുമ്പോഴും പൂര്‍വികര്‍ ഒരാളുടേത് മാത്രമല്ല. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ത, ചതിക്കപ്പെടുകയും മരിക്കുകയും ചെയ്ത ഒരാള്‍, മതം മനുഷ്യനെ ഒരച്ചുതണ്ടില്‍ ചേര്‍ത്ത പൂര്‍വ്വികരുടേതാണ്. സ്വന്തം ഉറവിടത്തെ വിസ്മരിച്ചവന്‍ ആ പൂര്‍വ്വശില ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

കണ്‍കെട്ടില്‍ മായാജാലം വിരിയിക്കുന്ന തങ്ങള്‍ ഭാവനയുടെ ജീവിതത്തിലും മായാജാലം വിരിയിക്കുന്നു. അതുവരെ കണ്ടൊരു ലോകമായിരുന്നില്ല ആ സ്ത്രീ പിന്നീട് കണ്ടത്. പ്രണയസാക്ഷാത്കാരത്തിന്റെ ആര്‍ദ്രത പെണ്‍ഹൃദയത്തെയും ആണ്‍ഹൃദയത്തെയും ഒരു തൂവല്‍ സ്പര്‍ശം പോല്‍ തൊട്ടു തഴുകുന്നു. ഇരുമതസ്ഥരുടെ ഒരേ കാഴ്ചപാടുകളിലൂടെയുള്ള ലോകവീക്ഷണവും ആത്മസമര്‍പ്പണവും സന്തോഷവും അതുവരെ വിശകലനം ചെയ്ത മത തത്വശാസ്ത്രത്തിന്റെ നിയമങ്ങളെ നിഷേധിച്ച് സ്‌നേഹമെന്ന ശാസ്ത്രത്തില്‍ നിര്‍വൃതി കണ്ടെത്തുന്നു.

'ഒരാളുടെ സേവനങ്ങള്‍ക്കു മറ്റൊരാള്‍ നല്‍കുന്ന പ്രതിഫലമല്ല സ്‌നേഹം. അത് മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്', ഖയാലുദ്ദീന്‍ തങ്ങളുടെ പൂര്‍വികസ്‌നേഹമെന്ന വികാരത്തില്‍ ലയിച്ചു പോകുന്ന ഭാവന, അയാളുടെ അഭാവത്തിലും ചില ചരിത്രങ്ങള്‍ വിശകലനം ചെയ്യുന്നു. ആ ചരിത്രം മുളപൊട്ടുന്നത് സ്വന്തം കുടുംബത്തിന്റെ അടിവേരായ യോഗീശ്വരനില്‍ നിന്നും. പരിണാമം സംഭവിയ്ക്കുന്നതും അവസാനിക്കുന്നതും ഖയാലുദ്ദീന്‍ തങ്ങള്‍ ചൂണ്ടിക്കാണിച്ച ഖബറിലുറങ്ങുന്ന പൂര്‍വികനില്‍ തന്റെയും ചരിത്രമുറങ്ങുന്നു എന്ന കണ്ടെത്തലിലും. ആ ചരിത്രം ഒരാളുടേതല്ല നിരവധി പേരുടേതാണ്. ഒരു സമൂഹത്തിന്റേതാണ്. സമൂഹം അധിവസിക്കുന്ന പ്രദേശത്തിന്റേതാണ്.
    
Book Review | ഖബറിന്റെ ചരിത്രം, മനുഷ്യന്റേതും

ദേശത്തില്‍ നിന്നും ഒരു രാഷ്ട്രത്തിന്റേതും രാഷ്ട്ര ചരിത്രം ലോകത്തിന്റേതുമാണ്. ലോകചരിത്രം ഓരോ മനുഷ്യന്റെയും പൂര്‍വചരിത്രവും. ഖയാലുദ്ദീന്‍ തങ്ങള്‍ അപ്രതീക്ഷിതമായി വിടപറയുമ്പോള്‍ നീതിന്യായ കസേരയിലിരുന്ന് ആ സ്ത്രീരത്‌നം നെടുവീര്‍പ്പിടുകയാണ്. ഒരു ഖബറായി മാറുകയാണ്. 'ജീവിതത്തില്‍ ആദ്യമായി മറ്റൊരാളിന്റെ അസാന്നിധ്യത്തില്‍ ഞാന്‍ പരിപൂര്‍ണത അനുഭവിച്ചു'. പ്രണയമൊരു കണ്‍കെട്ട് വിദ്യയാണ്. സ്ത്രീയ്ക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നേണ്ടുന്ന പരിശുദ്ധ വികാരം. ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത് ഒരാള്‍ മറ്റൊരാളെ ഉപേക്ഷിച്ച് നടന്നകലുമ്പോള്‍ ഉരുകിയൊലിക്കുന്നത് ഒരു ജീവിതം തന്നെയാകാം.

'ഖബറിന്റെ കഥയും കഥാപാത്രങ്ങളും പൂര്‍ണമായും ഭാവനാ സൃഷ്ടിയാണെങ്കിലും ഇതു നടക്കുന്ന കാലം യഥാര്‍ത്ഥമാണ്. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ഇത്തരം കഥകള്‍ എഴുതുന്നതു ബുദ്ധിയല്ല എന്നറിയാം. ഇക്കാലത്തെല്ലാം കൂടെ നടന്നവരും സ്‌നേഹം പകര്‍ന്നവരുമായ വായനക്കാര്‍ തുടര്‍ന്നും കാത്തുകൊള്ളട്ടെ', കെ ആര്‍ മീരയുടെ ആമുഖവാചകങ്ങളെ ഓര്‍ത്തുകൊണ്ട് ഈ വായന പൂര്‍ത്തീകരിക്കുന്നു.

Keywords: KR Meera, Novel, Book Reading, Article, Book Review, History of grave and man.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia