Memories | ഹൃദയം നുറുക്കിയ സങ്കടങ്ങൾ; വെല്ലുവിളികളെ തോൽപ്പിച്ച കഥ


● 2005-ൽ സംസ്ഥാനത്തിലെ മികച്ച പദ്ധതിയായത് അഭിമാനമായി.
● വ്യാജാരോപണങ്ങൾ മൂലം മാനസിക പീഡനം അനുഭവിച്ചു
● എയ്ഡ്സ് ബോധവൽക്കരണ പ്രവർത്തനത്തിൽ വെല്ലുവിളികൾ നേരിട്ടു
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 28
(KVARTHA) ഒരു ജില്ലയെ മുഴുവൻ എയ്ഡ്സ് എന്ന മാരക രോഗത്തിൽ നിന്ന് മോചിപ്പിക്കാനും തടയാനും കാൽനൂറ്റാണ്ട് കാലം നേതൃത്വപരമായ പങ്കുവഹിച്ചതിൽ ഞാൻ സംതൃപ്തനാണ്. സംസ്ഥാന സർക്കാരിൻ്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും നിർദ്ദേശപ്രകാരം കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. അതിനാലാണ് 2005 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രൊജക്ടായി പാൻടെക്കിന് സർക്കാരിൻ്റെ അംഗീകാരം കിട്ടിയത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതും അഭിമാനമായി തോന്നി. പക്ഷേ ചില നിക്ഷിപ്ത താൽപര്യക്കാരും കുരുട്ടു വിദ്യക്കാരും പ്രസ്തുത പ്രവർത്തനത്തെ ചെളിവാരിയെറിയാനും പാരവെക്കാനും തുടങ്ങിയത് എന്നിൽ ഏറെ ദുഃഖുണ്ടാക്കി.
* സർക്കാർ ചെലവിൽ വേശ്യാലയം: ആദ്യ ദു:ഖത്തിന് ഇടയാക്കിയെ പ്രധാന പത്രത്തിലെ വാർത്ത. പദ്ധതി നടപ്പാക്കാൻ പ്രവർത്തന സൗകര്യത്തിന് ഓഫീസ് കണ്ടെത്തി. അവിടെ പ്രവർത്തകർ വരും രോഗവ്യാപനം നടത്താൻ സാധ്യതയുള്ള സ്ത്രീകളും പുരുഷന്മാരും വരും. അവർക്ക് ആവശ്യമായ ബോധവൽക്കരണം നൽകാൻ കൗൺസിലർമാരുണ്ടാവും. ഇതൊക്കെ കണ്ടപ്പോൾ ഒരു അറിയപ്പെടുന്ന വനിതാ നേതാവാണ് വാർത്ത നൽകി പ്രവർത്തകരെ ക്ഷീണിപ്പിച്ചത്.
* പണം തട്ടാൻ പ്രൊജക്ട് ഉണ്ടാക്കുന്നു: പാൻടെക്ക് പ്രൊജക്ട് അനുവദിച്ചു കിട്ടാൻ ഓഫീസിലിരുന്ന് പ്രൊപ്പോസൽ തയാറാക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നീലേശ്വരത്തെ ഒരു സായാഹ്ന പത്രത്തിലെ വാർത്തയാണിത്. സമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കാൻ പറ്റുന്ന വാർത്ത വന്നപ്പോഴും പ്രവർത്തകർക്ക് നിരാശയുണ്ടായി.
* പ്രൊജക്ട് നടത്തിപ്പിനു വേണ്ടി വാടകക്ക് എടുത്ത ആഫീസ് മുറിയിലെ കസേരയും ഉപകരണങ്ങളും അടിച്ചു പൊളിച്ചു. പദ്ധതിയിലെ ഉപഭോക്താക്കളായ ചില അന്യദേശക്കാരായ സ്ത്രീകൾ കാട്ടിക്കുട്ടിയ പ്രവൃത്തിയാണിത്. ആഫീസിലുണ്ടായിരുന്ന പ്രവർത്തകരും അന്ധാളിച്ചു നിന്നു. പദ്ധതി ആർക്കുവേണ്ടിയാണോ തുടങ്ങിയത് അവർ തന്നെ അതിൻ്റെ വിനാശത്തിന് തയ്യാറാവുന്നു. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ കാട്ടിക്കൂട്ടിയ ഹീന പ്രവർത്തിയായിരുന്നു ഇത്.
* 'ഒരു പെണ്ണിനെ തരുമോ? എത്രയാണ് ചാർജ്?': സർക്കാർ ചെലവിൽ വേശ്യാലയം എന്ന വാർത്ത കണ്ട സമൂഹത്തിലെ മദ്യ പാനികളായ രണ്ട് പേർ ഒപ്പിച്ച പണിയാണിത്. അന്ന് മൊബൈൽ ഫോൺ ഇല്ല. വീട്ടിലേക്ക് എൻ്റെ ലാൻ്റ് ഫോണിലേക്കാണ് വിളിച്ചത്. ഞാൻ ഓഫീസിൽ നിന്ന് വന്നിട്ടില്ലായിരുന്നു. ഫോൺ അറ്റൻഡ് ചെയ്തത് ഭാര്യയാണ്. ഈ ചോദ്യം കേട്ടപ്പോൾ ഭാര്യ അന്ധാളിച്ചു പോയി. വീട്ടിലെത്തുമ്പോൾ അവൾ പ്രയാസപ്പെട്ടു നിൽക്കുന്നത് കണ്ടു. കുടുംബം കലക്കാൻ പോലും മടി കാണിക്കാത്ത കശ്മലന്മാരുടെ ഇടയിലാണ് ഞാൻ പ്രവർത്തിച്ചു വന്നിരുന്നത്.
* ഓഫീസ് ബോർഡ് പിഴുതെടുത്ത് കിണറിലിട്ടു. കാഞ്ഞങ്ങാട് മുത്തപ്പനാർകാവിന് സമീപം പ്രൊജക്ട് നടത്തിപ്പിനായി എടുത്ത വാടകക്കെട്ടിടത്തിൻ്റെ മുമ്പിൽ തൂക്കിയ ബോർഡാണ് കിണറ്റിൽ എറിഞ്ഞത്. പ്രസ്തുത കെട്ടിട ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതിനാൽ അവിടുന്ന് ഓഫീസ് മാറ്റേണ്ടി വന്നു.
* ചുവരെഴുത്ത്: കാഞ്ഞങ്ങാട് നിന്ന് മാറി ആവിക്കരയിൽ വേറൊരു കെട്ടിടം കണ്ടെത്തി അവിടേക്ക് പ്രൊജക്ട് ആഫീസ് മാറ്റി. ഒന്നുരണ്ടു മാസം കഴിഞ്ഞില്ല. അവിടെയും സാമൂഹ്യദ്രോഹികൾ എത്തി. കെട്ടിടത്തിൻ്റെ മുൻചുമർ മുഴുവനും താറ് ഉപയോഗിച്ച്, 'ഇത് വേശ്യാലയം', 'എയ്ഡ്സ് റഹ് മാൻ', 'കൂക്കാനം എയ്ഡ്സ്' തുടങ്ങി ഏറ്റവും അറപ്പുളവാക്കുന്ന കാര്യങ്ങളാണ് എഴുതി ഇട്ടത്.
* പ്രൊജക്ട് മാനേജർമാർ: പത്തോളം പ്രൊജക്ട് മാനേജർമാർ വിവിധ കാലയളവിൽ പാൻടെക്കിൽ പ്രവർത്തിച്ചു വന്നിരുന്നു. അതിസമർത്ഥന്മാരായ മാനേജർമാരുണ്ടായി. പ്രൊജക്ട് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് സി മനോജ് കുമാർ മാനേജരായിരിക്കുന്ന സമയത്തായിരുന്നു. ഒരു പ്രൊജക്ട് മാനേജർ പ്രവർത്തനം മികച്ചതായി കാണിക്കാൻ വേണ്ടി അല്പം വേണ്ടാത്ത പണി ചെയ്തു. ജില്ലയിൽ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഡോക്ടർമാർക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാത്ത ഡോക്ടർമാരുടെ പേരു കാണിച്ചു എണ്ണം കൂട്ടി.
ഇതിൻ്റെ സാമ്പത്തിക ചെലവുകളും എഴുതി അയച്ചു. പ്രസ്തുത പരിശീലനം മോണിറ്റർ ചെയ്യാൻ പ്രത്യേകമായൊരു ഡോക്ടറെ തിരുവനന്തപുരം ഓഫീസിൽ നിന്ന് നിശ്ചയിച്ചിട്ടുണ്ടായിരുന്നു. പങ്കെടുത്ത ഡോക്ടർമാരുടെ എണ്ണത്തിൽ രണ്ടു പേരും കൊടുത്തതിൽ വ്യത്യാസം കണ്ടുപിടിച്ചു. തെറ്റായി റിപ്പോർട്ടു ചെയ്ത മാനേജരെ മാറ്റേണ്ടി വന്നു.
പ്രൊജക്ട് സ്റ്റാഫിൻ്റെ മീറ്റിംഗ് ആഴ്ചയിൽ ഒരു ദിവസം ചേരണം. കൂടാതെ മാസാന്ത മീറ്റിംഗും. മീറ്റിംഗ് മിനുട്സ് എഴുതിത്തയ്യാറാക്കി ഡയറക്ടരുടെ ഒപ്പു വാങ്ങിക്കേണ്ട ഉത്തരവാദിത്തം മാനേജരുടേതാണ്. മാനേജർ എല്ലാം സത്യസന്ധമായി ചെയ്യും എന്ന ധാരണയിൽ മിനുട്സിൽ വായിക്കാതെ ഞാൻ ഒപ്പിടും. ആ വർഷം ഇവാല്വേഷൻ ടീം വന്നപ്പോൾ അന്നത്തെ മാനേജർ ടീമിനു മുമ്പിൽ ഹാജരാക്കിയത് തെറ്റായ രേഖപ്പെടുത്തിയ മിനുട്സ് ആയിരുന്നു. കൃത്യവിലോപം കാണിച്ച ആ മാനേജരേയും മാറ്റേണ്ടി വന്നു.
അവസാനം അപ്പോയ്മെൻ്റ് നടത്തിയത് ഒരു വനിത പ്രൊജക്ട് മാനേജരെ ആയിരുന്നു. സാമ്പത്തികമായി ചില തിരിമറികൾ നടത്തുകയും എനിക്കെതിരെ കള്ള ലൈംഗികാരോപണം നടത്തുകയും ചെയ്ത അവർ സ്വയം രാജി വെച്ച് പോവുകയാണ് ചെയ്തത്.
* ഊമക്കത്ത്: നായനാർ മുഖ്യമന്ത്രിക്കാണ് കത്തുപോയത്. പോലീസ് അന്വേഷണത്തിന് വന്നു. 'കൂക്കാനം റഹ് മാൻ സ്ത്രീകളെ ചൂഷണം ചെയ്ത് ദ്രോഹിക്കുന്നു' എന്നാണ് ശാന്ത എന്ന് പേര് വെച്ച് മുഖ്യമന്ത്രിക്കയച്ച ഊമക്കത്തിൽ പരാമർശിച്ചത്. മാനസികമായി എന്നെ തകർന്ന സംഭവമായിരുന്നു അത്.
* പുസ്തക പ്രകാശനച്ചടങ്ങ് അലങ്കോലമാക്കാൻ ശ്രമം: ഞാൻ എഴുതിയ 'നടന്നുവന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടം' എന്ന പുസ്തക പ്രകാശനം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുകയാണ്. അന്നത്തെ എം.പി.യും എൻ്റെ കോളേജ് മേറ്റുമായ പി കരുണാകരനായിരുന്നു മുഖ്യാത്ഥിതി. 'സഭ' എന്ന സംഘടനയാണ് പ്രസ്തുത പരിപാടി ഏറ്റെടുത്തു നടത്തിയത്. സ്വാഭാവികമായി അവരാണ് ചടങ്ങിന് വ്യക്തികളെ ക്ഷണിക്കുന്നത്.
എൻ്റെ കൂടെ സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ വേദിയിലേക്ക് ക്ഷണിച്ചില്ല എന്നതിൻ്റെ പേരിൽ ഹാളിൽ നിന്ന് ചിലരെ വിളിച്ച് യോഗം ബഹിഷ്കരിച്ച് പുറത്തുപോകാൻ പ്രേരിപ്പിക്കുകയും അദ്ദേഹം ഇറങ്ങിപ്പോയി പ്രതിഷേധിക്കുകയും ചെയ്തു. നല്ലൊരു ചടങ്ങിൽ പൂർണ്ണമായി സഹകരിക്കേണ്ട വ്യക്തി അതിന് പാര വെക്കാൻ ശ്രമിച്ചതിലും എനിക്ക് ദു:ഖമുണ്ടായി.
എന്നെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായത് ഒരു വർഷം മുമ്പ് ഞാൻ മുൻകൈ എടുത്തു സ്ഥാപിച്ച പാൻടെക്കിൻ്റെ പ്രവർത്തക സമിതിയോഗത്തിലാണ്. കമ്മറ്റിയിൽ അഞ്ചോ ആറോ പേരെ പങ്കെടുത്തിരുന്നുള്ളു. ജന. സെക്രട്ടറിയെന്ന നിലയിൽ ഞാൻ സ്വാഗതം പറഞ്ഞു. ചെയർമാൻ അധ്യക്ഷനായി. യോഗ പരിപാടി നടന്നുകൊണ്ടിരിക്കേ കമ്മറ്റി മെമ്പർമാരിലൊരാൾ എഴുന്നേറ്റു നിന്നു (ഞാൻ നിർബ്ബന്ധിച്ച് കമ്മറ്റിയിൽ എടുത്താളാണ്) എനിക്കെതിരെ എന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി.
'ഞാൻ പോലീസ് സ്റ്റേഷനിൽ പോയിട്ടാണ് വരുന്നത്. പത്രക്കാരെയെല്ലാം വിവരം അറിയിച്ചിട്ടുണ്ട്. നിങ്ങൾ യാത്രാച്ചെലവായി എടുത്ത തുകയെല്ലാം ഇവിടെ വെക്കണം സ്ത്രീകളെ സ്ഥിരമായി ദ്രോഹിക്കുന്ന പതിവുള്ളത് അറിയാം. ഷെൽഫിൻ്റെയും മറ്റും താക്കോൽ ഇവിടെ വെച്ചുപോകണം അനങ്ങി പോയാൽ എടുക്കുന്ന പണി വേറെയായിരിക്കും', അയാൾ അലറുകയായിരുന്നു. ബാക്കിയുള്ളവർ ആരും മിണ്ടുന്നില്ല. അധ്യക്ഷൻ നിശ്ശബ്ദം. ഇവർ എല്ലാവരും പ്ലാൻ ചെയ്ത് വന്നതാകാമെന്ന് ഞാൻ വിശ്വസിക്കുന്നു. ചുമലിൽ കയറി ചെവി കടിക്കുന്നവരോട് എന്തു ചെയ്യാൻ?
ആ ദിവസം വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നി. ആശുപത്രിയിൽ ചെന്നു. രണ്ടുമൂന്നു ദിവസം വിശ്രമിച്ചു. 2003 ൽഹാർട്ട് അറ്റാക്കുണ്ടായി. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനസിക സമ്മർദ്ദമാണ് അറ്റാക്കുണ്ടാവാനുള്ള പ്രധാന കാരണം. ഇതറിഞ്ഞവരാണ് എന്നെ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് മാനസികമായി തളർത്തുന്നതും. ഇതിൽ നിന്നൊക്കെ രക്ഷപെട്ട് ഞാൻ മുന്നോട്ടേക്ക് തന്നെ കുതിക്കുകയാണ്. അനുഭവിച്ച പ്രയാസങ്ങൾ പാഠമാക്കി മുന്നേറാനാണ് എൻ്റെ ഗുരുതുല്യരായ പലരും ഉപദേശിച്ചിട്ടുള്ളത്. അതിനാൽ ഈ സങ്കടക്കടൽ ഞാൻ നീന്തിക്കയറും.
#AIDSProject #CommunityHealth #LeadershipChallenges #MentalHealth #SocialImpact #Kerala