ഹൃദ്രോഗം; ഇക്കാര്യങ്ങൾ അറിയുക; കരുതലോടെ കാക്കാം ഹൃദയത്തെ

 


മുഹമ്മദ് അഹ്റാസ്

(www.kvartha.com 29.09.2021)
ജീവിത ശൈലീ രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഹൃദ്രോഗം. തെറ്റായ ജീവിത ശൈലി ഹൃദ്രോഗത്തെ വിളിച്ചു വരുത്തുന്നു. ഇത് ആർക്ക് എപ്പോൾ വരുമെന്നത് പ്രവചനാതീതമാണ്. ഭക്ഷ്യശീലത്തിനും ഇതില്‍ മുഖ്യപങ്കുണ്ട്. ഒട്ടേറെ പോഷക ഗുണങ്ങളുള്ളതും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിച്ചിരുന്നതുമായ പഴയകാല ഭക്ഷ്യരീതിയില്‍ നിന്ന് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയതാണ് ഇതിന് പ്രധാന കാരണം. ആരോഗ്യമുള്ള ജീവിതത്തിനും ദീർഘായുസ്സിനും ഹൃദയത്തെ രോഗങ്ങളിൽ നിന്നും രോഗ ലക്ഷണങ്ങളിൽ നിന്നും രക്ഷിച്ചേ മതിയാവു.

   
ഹൃദ്രോഗം; ഇക്കാര്യങ്ങൾ അറിയുക; കരുതലോടെ കാക്കാം ഹൃദയത്തെ



ഹൃദ്രോഗം വരാതെ നോക്കുക എന്നതാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. ഒരിക്കൽ നെഞ്ചുവേദനയുമായി ഡോക്ടറെ കാണേണ്ടി വന്നാൽ അന്നു മുതൽ ജീവിതം മുഴുവനും മരുന്നു കഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഹൃദ്രോഗപീഡകളെ അകറ്റി നിർത്താൻ ക്രിയാത്മക നടപടികൾ വീട്ടിലും നാം ഇടപെടുന്ന എല്ലാ സ്ഥലങ്ങളിലും തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഇന്ന് കൂടിവരുന്നു.

ആയുസ്സിന്റെ ജീവബലം ഹൃദയത്തിലൂടെയാണ് പുഷ്ടിപ്പെടുന്നത്. അതിനേൽക്കുന്ന പാളിച്ചകൾ ജീവനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും. പിച്ചവെച്ചു നടക്കുന്ന കാലം മുതൽ മരിക്കുന്നതുവരെ ഹൃദ്രോഗ ഭീഷണി നിഴൽപോലെ നമ്മെ പിന്തുടരുകയാണ്. ഹരിതാഭമായ പരിസ്ഥിതി ഇന്ന് കുറഞ്ഞുവരുന്നു. ഫാസ്റ്റ് ഫുഡ്, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ ഉപഭോഗം വർധിച്ചുവരുന്നു. ഏകദേശം 17.3 ദശലക്ഷത്തോളം ആളുകളെ പ്രതിവർഷം ഹൃദ്രോഗം കൊന്നൊടുക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും ഭീഷണമായ രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇത്. ഈ സംഖ്യ 2030 ആകുമ്പോൾ 23.6 ദശലക്ഷമായി ഉയരുമെന്നാണ് പറയുന്നത്.

കഴിഞ്ഞ 15 വർഷങ്ങളിൽ നടന്ന പഠനങ്ങളുടെ വെളിച്ചത്തിൽ ഹാർട് അറ്റാക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിക്കുന്നത്. ഹൃദയാഘാതവും ഹൃദ്രോഗവും കാരണം ആഗോളതലത്തില്‍ ഏതാണ്ട് രണ്ടുകോടി മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും നമ്മുടെ ജീവന്‍ കവരുന്ന നിശ്ശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനും പൊലിയാനുള്ള കാരണം. എന്നാല്‍, ചെറുപ്രായത്തില്‍ തന്നെ വരുന്ന ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേര്‍ക്കും അത് വരാതെ നോക്കാന്‍ സാധിക്കുമായിരുന്നുവെന്നതാണ് വാസ്തവം.

'മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍' എന്നറിയപ്പെടുന്ന ഹൃദയാഘാതം എന്നത്, ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊഴുപ്പും കാത്സ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലച്ച് പേശികളുടെ പ്രവര്‍ത്തനം നിലച്ച് നശിച്ചുപോവുന്ന അവസ്ഥയാണ്. ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് നിലക്കാത്ത രക്തപ്രവാഹം ആവശ്യമാണ്. ഫാസ്റ്റ് ഫുഡുകളിലെ ഉയര്‍ന്ന തോതിലുള്ള കൊഴുപ്പ് ഹൃദയ ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്താനും രക്തം കട്ടപിടിക്കാനും ഇടയാക്കും.

രക്തയോട്ടം നില്‍ക്കുന്നതോടെ ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെയും പോഷക വസ്തുക്കളുടെയും വിതരണവും സ്തംഭിക്കുന്നതാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. മറ്റൊരു കാരണമായ പൊണ്ണത്തടിയും ഫാസ്റ്റ് ഫുഡ് ശൈലിയും തമ്മില്‍ ബന്ധമുണ്ട്. അനാവശ്യമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കലോറി ശരീരം തന്നെ സാധാരണ രീതിയില്‍ പുറന്തള്ളാറുണ്ട്. എന്നാല്‍ ഇന്നത്തെ ഭക്ഷണ രീതി ശരീരത്തിന് പുറന്തള്ളാന്‍ കഴിയാത്ത വിധത്തില്‍ കലോറി ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ഇതാണ് അമിത വണ്ണത്തിന് വഴിയൊരുക്കുന്നത്. ഇൻഡ്യയിൽ, പ്രത്യേകിച്ചും പ്രായം കുറഞ്ഞവരില്‍ അമിത വണ്ണം വര്‍ധിച്ചു വരികയാണ്. അടുത്ത കാലത്തായി നടന്ന പഠനങ്ങളില്‍ രാജ്യത്തെ കുട്ടികളില്‍ 20 ശതമാനത്തോളം പേരും അമിത വണ്ണമുള്ളവരാണെന്ന് കണ്ടെത്തുകയുണ്ടായി. അമിത വണ്ണത്തിന്റെ തുടര്‍ച്ചയാണ് രക്തസമ്മർദത്തിനും ഹൃദയാഘാതത്തിനും ഇടവരുത്തുന്നത്,

ഹൃദയപേശികള്‍ക്ക് ആവശ്യത്തിനു രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേദനയാണ് അന്‍ജൈന. ഹൃധയധമാനികളിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിനു രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയവേദനയുടെ രൂപത്തില്‍ നമുക്ക് സൂചന നല്‍കുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയവും നേരിടുന്നത്. പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ വലിയൊരു ഭാഗം കയറ്റി വച്ചത് പോലെ തോന്നുക, നെഞ്ചരിച്ചിലുണ്ടാവുക, നെഞ്ചു വലിഞ്ഞുമുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍ നിന്നുള്ള വേദന തോളുകള്‍, കഴുത്ത്, കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാകങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചിലും കയ്യിലുമായ് വേദന വരുന്ന 70 ശതമാനം പേരിലും അതിനു കാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചു വേദനക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ചര്‍ദി, ശ്വാസംമുട്ടല്‍, തല കറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്.

ഹൃദയാഘാതത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ശീലങ്ങളുണ്ട്. പുകവലി, മാനസിക സമ്മര്‍ദം, പ്രമേഹം, ബി പി, വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാന്‍ പറ്റുന്ന ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ തന്നെ ഒരുപരിധിവരെ നമുക്ക് ഹൃദയാഘാതത്തില്‍നിന്ന് രക്ഷനേടാവുന്നതാണ്. മനുഷ്യശരീരത്തില്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോള്‍ എന്നിങ്ങനെ രണ്ടുവിധത്തിലുള്ള കൊളസ്ട്രോളാണുള്ളത്. വ്യായാമം, കൊഴുപ്പുകുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നിവ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാതെ സഹായിക്കുന്നു. അതേസമയം, നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മിക്കവരും അടുത്ത ഫാസ്റ്റ് ഫുഡ് കടകളില്‍ നിന്ന് ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുകയാണ്. കൂടിയ അളവില്‍ എരിവ്, പുളി, മസാലകള്‍, ഉപ്പ്, രുചിവര്‍ധന വസ്തുക്കള്‍ എന്നിവ ചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്ത എണ്ണയില്‍ വീണ്ടും പൊരിക്കുന്നവ, കുപ്പിയിലും പാക്കറ്റുകളിലുമായി സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍, മായം ചേര്‍ന്ന പാനീയങ്ങള്‍ എന്നിവ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. എണ്ണയില്‍ പൊരിച്ചെടുത്ത് പാതിയെണ്ണയോടെ നമ്മുടെ മുന്നിലെത്തുന്ന മാംസങ്ങളിലും മറ്റും ഒരു വ്യക്തിക്കാവശ്യമുള്ളതിലധികം കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിനാവശ്യമായ മറ്റു ഘടകങ്ങള്‍ ലഭിക്കുന്നുമില്ല.

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഫാസ്റ്റ് ഫുഡ്, ജങ്ക്ഫുഡ് എന്നിവ ഒഴിവാക്കേണ്ടതാണ്. ഇവ ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ബേകറി എന്നിവ ഒഴിവാക്കേണ്ടതാണ്. എണ്ണയും കൊഴുപ്പും കുറച്ച് ഭക്ഷണം പാകംചെയ്യുക. കൊളസ്ട്രോള്‍ കൂടുതലുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂര്‍ണമായും ഒഴിവാക്കണം. അതേസമയം, അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ മൂന്ന് ഫാറ്റി ആസിഡുകള്‍ സമൃദ്ധമായടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. ഇവ രക്തക്കുഴലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു.

ഹൃദയാഘാതം മുന്‍കൂട്ടി പറയുക ബുദ്ധിമുട്ടായതിനാല്‍ പ്രത്യേക ടെസ്റ്റുകളായ ഇ സി ജി, ട്രെഡ്മില്‍ ടെസ്റ്റ്, കൊറോണറി ആന്‍ജിയോഗ്രാം, എകോ കാര്‍ഡിയോഗ്രാഫി എന്നിവ നടത്തുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത തിരിച്ചറിയാനും തക്കതായ ചികിത്സ കൃത്യസമയത്ത് തുടങ്ങാനും സാധിക്കും. ചികിത്സാരംഗം വളരെയേറെ വളരുകയും നിരവധി ആധുനിക ചികിത്സാ രീതികള്‍ ഉടലെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പലപ്പോഴും ഹൃദ്രോഗത്തെ തടുക്കാന്‍ അത് പര്യാപ്തമാകണമെന്നില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എണ്ണ, പഞ്ചസാര, ഉപ്പ്, മൈദ തുടങ്ങിയവയുടെ ഉപയോഗവും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കുകയെന്നതാണ്.

മദ്യപാനം, പുകവലി തുടങ്ങിയ ലഹരികളെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. മാനസിക സമ്മര്‍ദം ഒഴിവാക്കി മനസ്സിനെ ശാന്തമാക്കുക തുടങ്ങിയവയാണ് രോഗങ്ങളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം. കൂടാതെ, കൃത്യമായ വ്യായാമത്തിലൂടെയും ജീവിതശൈലീ നിയന്ത്രണത്തിലൂടെയും ഇതുവരാതെ നോക്കേണ്ടതാണ്. ആരോഗ്യമുള്ള ഹൃദയത്തിനു ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്. വ്യായാമം ചെയ്യാത്തവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഒരു പ്രാവശ്യം അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് വ്യായാമം കൊണ്ട് രണ്ടാമതൊന്നു വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കാനാകും.

ഹൃദയമിടിപ്പിന്റെ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രഷര്‍, പ്രമേഹം, ശ്വാസംമുട്ടല്‍, സന്ധിവേധന, തലകറക്കം തുടങ്ങിയ രോഗമുള്ളവര്‍ ഡോക്ടറുടെ വിദഗ്ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാവൂ. നാല്‍പതു വയസ്സുകഴിഞ്ഞാല്‍ വ്യായാമം ശീലമാക്കേണ്ടതാണ്. പ്രായത്തിനനുസരിച്ചുള്ള വ്യായാമമാണ് തിരഞ്ഞെടുക്കേണ്ടത്. പാരമ്പര്യമായി ഹൃദയരോഗങ്ങളുണ്ടെങ്കില്‍ പതിവായി പരിശോധനകള്‍ നടത്തേണ്ടതാണ്. ജീവിതശൈലീ നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഹൃദയധമനീരോഗങ്ങൾ മൂലം മരിക്കുന്നവരിൽ 80 ശതമാനവും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരാണ്. അതിൽ ഭൂരിഭാഗവും ജോലിചെയ്യുന്ന പ്രായത്തിലുള്ളവരും. അശാസ്ത്രീയമായ നഗരവൽക്കരണം ആരോഗ്യരംഗത്തെ ആപത്കരമായ അവസ്ഥയിൽ കൊണ്ടെത്തിക്കുന്നുവെന്നത് ഇന്നൊരു രഹസ്യമല്ല. ഹൃദ്രോഗഭീഷണികളെ അതിജീവിച്ച് സ്വന്തം ഹൃദയാരോഗ്യം മാത്രം പരിപാലിച്ചാൽ പോരാ, ചുറ്റുമുള്ള സമൂഹത്തിലും ആരോഗ്യപൂർണമായ അന്തരീക്ഷം സൃഷ്ടിക്കാൻ യത്‌നിക്കണം. പലപ്പോഴും നാം പലരെയും കുറ്റപ്പെടുത്തും. എന്നാൽ പുകവലിച്ചും, അപഥ്യമായ ഭക്ഷണംകഴിച്ചും, വ്യായാമരഹിതരായും നാം സ്വയം ഹൃദ്രോഗിയായി മാറുന്നു. ചുറ്റുപാടുകൾ രോഗാതുരമെങ്കിൽ ആരോഗ്യപൂർണമായി ജീവിതം നയിക്കാൻ സാധിക്കാതെവരും.

ഓരോ വ്യക്തിക്കും അവർ ജീവിക്കുകയും ജോലിചെയ്യുകയും വിനോദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകൾ ആരോഗ്യകരമെന്ന് ഉറപ്പുവരുത്താൻ അവകാശമുണ്ട്. ഓരോ ഭവനത്തിലെയും ജീവിതാന്തരീക്ഷം ഹൃദയാരോഗ്യരക്ഷയ്ക്ക് അനുയോജ്യമെന്ന് ഉറപ്പുവരുത്താൻ അവരവർ തന്നെ മുൻകൈയെടുക്കണം. അയൽവീടുകളിലും പരിസരപ്രദേശങ്ങളിലും ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സമൂഹ കൂട്ടായ്മകൾ പരിശ്രമിക്കണം. ഹൃദയാരോഗ്യം സുരക്ഷിതമാക്കി, ജീവസ്രോതസ്സുകളെ പ്രോജ്വലമാക്കാനുള്ള മുൻകരുതലുകൾ ഒറ്റയ്‌ക്കെടുക്കുന്നതിനെക്കാൾ ഒത്തൊരുമിച്ച് എടുക്കുമ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്.


ഹൃദയാരോഗ്യത്തിന് ഫലപ്രദമായ ഭക്ഷണങ്ങൾ

പച്ചക്കറികൾ

ചുവന്നുളളി:
രക്തക്കുഴലുകളിലെ ബ്ലോക് അകറ്റാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. ഉള്ളിയും തേനും കൂടി ചേര്‍ത്ത് സർബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണ സാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.


വെളുത്തുള്ളി
ഹൃദയാഘാദത്തിൽ നിന്നും രക്ത ധമനികളിൽ കൊഴുപ്പ് അടിയുന്നതിൽ നിന്നും വെളുത്തുള്ളി ശരീരത്തിന് സംരക്ഷണം നൽകുന്നു. പ്രായം കൂടുമ്പോൾ ഹൃദയത്തിലെ രക്ത ധമനികൾക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇങ്ങനെ ഫ്രീ ഓക്സിജൻ റാഡികലുകളുടെ അഭാവം മൂലമുള്ള പ്രശ്നങ്ങൾ മറികടക്കാനും വെളുത്തുള്ളി സഹായകരമാണ്. വെളുത്തുള്ളിയിലുള്ള സൾഫർ അടങ്ങിയ വസ്തുക്കളാകട്ടെ രക്തക്കുഴലുകളിൽ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കുകയും അതുവഴി രക്ത ധമനികളിൽ കൊഴുപ്പ് അടിയുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യും


ഇലക്കറികൾ
ചീര, മുരിങ്ങ, കോളാർഡ് പച്ചിലകൾ തുടങ്ങിയ ഇലക്കറികൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പത്തിന് പേരുകേട്ടതാണ്. പ്രത്യേകിച്ചും, അവ വിറ്റാമിൻ കെ യുടെ മികച്ച സ്രോതസ്സാണ്. ഇത് നിങ്ങളുടെ ധമനികളെ സംരക്ഷിക്കാനും ശരിയായ രക്തം കട്ടപിടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ധമനികളുടെ കാഠിന്യം കുറയ്ക്കാനും രക്തക്കുഴലുകളിലേക്ക് പ്രവേശിക്കുന്ന കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും നല്ലതാണ് .


തക്കാളി
ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റിന്റെ പ്രധാന ഉറവിടമാണ് തക്കാളി. തക്കാളിയിൽ വിറ്റാമിൻ സി, ഫൈബർ എന്നിവയും കൂടുതലാണ്.


കാരറ്റ്
കാരറ്റ് ഒരുപക്ഷേ കരോട്ടിനുകളുടെ മികച്ച ഉറവിടമായി അറിയപ്പെടുന്നു. അവയിൽ ധാരാളം പോഷക ബീറ്റാ കരോട്ടിൻ ഉണ്ട്. ഉയർന്ന അളവിലുള്ള ബീറ്റാ കരോട്ടിൻ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ അപകടസാധ്യതയെ തടയുമെന്ന് പഠനങ്ങൾ പറയുന്നു.




പഴങ്ങൾ


സരസഫലങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി എന്നിവ ഹൃദയാരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രധാനപ്പെട്ട പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ആന്തോസയാനിൻസ് പോലുള്ള ആന്റിഓക്‌സിഡന്റുകളും സരസഫലങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗത്തിന്റെ വികാസത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ധാരാളം സരസഫലങ്ങൾ കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള നിരവധി അപകട ഘടകങ്ങൾ കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.


അവോക്കാഡോ
ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഒരു മികച്ച സ്രോതസ്സാണ് അവോക്കാഡോ. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


പപ്പായ
പപ്പായയിൽ കരോട്ടിനോയിഡുകളായ ബീറ്റാ കരോട്ടിൻ, ബീറ്റാ-ക്രിപ്റ്റോക്സാന്തിൻ, ലുറ്റീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഫോളേറ്റ്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ എ, സി എന്നിവ ഭക്ഷണത്തിൽ ചേർക്കുന്നു.


ഓരോ ജീവിതവും പ്രധാനമാണ്. കരുതലോടെ കാക്കാം, പൊന്നുപോലെ നോക്കാം നമുക്ക് നമ്മുടെ ഹൃദയത്തെ.


Keywords:  Kerala, Article, Health, Health & Fitness, Top-Headlines, Diseased, Heart, Heart Disease, Heart disease; Know these things; Take care of the heart.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia