Teaching | പഴയകാല അധ്യാപക ജീവിതത്തിലേക്ക് ഒരെത്തിനോട്ടം 

 
glimpse into the life of a yesteryear teacher

ഞാൻ ചേർന്ന സ്കൂളിൽ ഞാനടക്കം നാല് മാഷന്മാരും രണ്ട് ടീച്ചർമാരുമാണ് ഉണ്ടായിരുന്നത്

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 6)

/ കൂക്കാനം റഹ്‌മാൻ 

(KVARTHA) ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുകയാണ്. 1970 ആഗസ്ത് മൂന്നാം തിയ്യതി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1970 ന് ചില പ്രത്യേകതയുണ്ട്. ആ വർഷം സമ്മർ വെക്കേഷൻ ജൂൺ - ജൂലൈ മാസങ്ങളിലായിരുന്നു. അത് കൊണ്ടാണ് സ്കൂൾ വർഷാരംഭം ആഗസ്ത് മൂന്നായത്. അന്ന് ഞാൻ 19 കാരനാണ്. അഞ്ചാം ക്ലാസുവരെയുള്ള കരിവെള്ളൂർ നോർത്ത് എ.എൽ.പി സ്കൂളിലാണ് നിയമനം ലഭിച്ചത്. ഒന്നാം ക്ലാസിലെ മാഷായി ചാർജ് തന്നു. ക്ലാസിൽ 25 കുട്ടികളുണ്ട്. 

ചിലരുടെ പേര് ഓർമ്മയുണ്ട്. ജയറാം ശങ്കർ, അനിത, ലത, പുഷ്പ, മോഹനൻ, ചന്ദ്രൻ, കേശവൻ തുടങ്ങിയവരായിരുന്നു ഒന്നാം ക്ലാസുകാർ. അതിൽ ജയറാം ശങ്കറിനെ ഓർക്കാൻ പ്രത്യേക കാരണമുണ്ട്. അംഗപരിമിതനാണ്. നടക്കാൻ പ്രയാസമുണ്ട്. എങ്കിലും നന്നായി പഠിക്കും. അവൻ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പളായി റിട്ടയർ ചെയ്തു. മറ്റുള്ളവരൊക്കെ അധ്യാപകന്മാരും കോളേജ് ലക്ചർമാരുമൊക്കെയായി റിട്ടയർ ചെയ്തു കാണും.

എന്നെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച കേപ്പു ഉണിത്തിരി മാഷ് ആദ്യം പഠിപ്പിച്ച അക്ഷരം 'റ' എന്നായിരുന്നു പിന്നീട് 'പ' യും തുടർന്ന് 'പറ' എന്ന പദവും. ഇതേ അക്ഷരങ്ങളും വാക്കുകളുമാണ് ഞാനും ഒന്നാം ക്ലാസിൽ പഠിപ്പിച്ചത്. പക്ഷേ 'റ' അക്ഷരം വരുന്ന കുട്ടിപ്പാട്ടുകൾ പാടിക്കൊടുത്തു. അടുത്ത വീട്ടിൽ ചെന്ന് പറയും വടിയും കൊണ്ടുവന്ന് ക്ലാസിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് താൽപര്യമുണ്ടായി. അടുത്ത ക്ലാസിലെ മാഷമ്മാരും കുട്ടികളും ആകാംക്ഷയോടെ നോക്കി നിന്നു. കുട്ടികളെക്കൊണ്ട് കളിപ്പിക്കുകയും പാട്ടുപാടിക്കുകയും മറ്റും ചെയ്തപ്പോൾ പുതിയ മാഷ് നല്ല മാഷായി. 'പൊന്ന് മാഷ്' എന്ന് പേരുകിട്ടി. 

അടുത്ത കൊല്ലം അഞ്ചാം ക്ലാസിൻ്റെ ചാർജ് എനിക്കു കിട്ടി. അവിടെ ഹിന്ദിയും ഇംഗ്ലീഷും എല്ലാം ക്ലാസ് ടീച്ചർ ചെയ്യണം. 1975 നവംബർ 30 ന് പ്രസ്തുത സ്കൂളിൽ നിന്ന് പി.എസ്.സി കിട്ടി പോകുന്നതുവരെ അഞ്ചാം ക്ലാസ് മാഷായി തുടർന്നു. 1970 ആദ്യ ഘട്ടത്തിലൊന്നും കരിവെള്ളൂരിൽ ടൂട്ടോറിയൽ പ്രസ്ഥാനം ആരംഭിച്ചിരുന്നില്ല. ദരിദ്ര വീടുകളിൽ നിന്ന് വരുന്ന 8ലും 9ലും പഠിക്കുന്ന ചില കുട്ടികൾ എന്നെ സമീപിച്ചു. ഇംഗ്ലീഷ് വിഷയം മാഷ് പഠിപ്പിച്ചു തരുമോ സ്കൂൾ വിട്ട് നാലര മണിയാവുമ്പോൾ ഞങ്ങൾ നോർത്ത് സ്കൂളിൽ എത്താം എന്ന് സൂചിപ്പിച്ചു. 

glimpse into the life of a yesteryear teacher

സേവനമല്ലേ? ഞാൻ ഏറ്റു.പത്ത് പതിനഞ്ച് കുട്ടികൾ വൈകീട്ട് 4.30 മണിയാകുമ്പോൾ സ്കൂളിലെത്തും. 5.30 വരെ അവർക്ക് ക്ലാസെടുക്കും. കുട്ടികൾ ഒരു ഉപകാരം ചെയ്തത് ഞാൻ നന്ദിയോടെ ഓർക്കുന്നു. കരിവെള്ളൂർ ഹോട്ടലിൽ നിന്ന് ഒരു ഗ്ലാസ്ചായയും ഒരു കഷണംറൊട്ടിയുമായിട്ടാണ് അവർ വന്നിരുന്നത്. ആ കാലയളവിലെ മാഷമ്മാരുടെ ശമ്പളത്തെ കുറിച്ച് ചെറിയൊരു സൂചന. തുടക്കക്കാരുടെ ശമ്പളം ആകെ 180 രൂപ, ദിവസ കൂലി കണക്കാക്കിയാൽ ആറ് രൂപ. ഓരോ വർഷവും ഇൻക്രിമെൻ്റ് 5 രൂപ തോതിൽ. അക്കാലത്തെ ഉച്ചവരെ പണിയെടുക്കുന്ന കാർഷിക തൊഴിലാളിക്ക് മൂന്നു രൂപയാണ് കൂലി. ഞങ്ങളുടെ പ്രൈമറിസ്കൂൾ പഠനകാലത്ത് പറഞ്ഞിരുന്നത് മാഷിന് ശമ്പളം 100 രൂപ ഡോക്ടർക്ക് ശമ്പളം 300 രൂപ എന്നായിരുന്നു.

ഞാൻ ചേർന്ന സ്കൂളിൽ ഞാനടക്കം നാല് മാഷന്മാരും രണ്ട് ടീച്ചർമാരുമാണ് ഉണ്ടായിരുന്നത്. നാണു മാഷെന്ന പി നാരായണൻ നായർ ഹെഡ്മാസ്റ്റരായിരുന്നു. പൂർണ്ണ കഷണ്ടി വായിൽ രണ്ടോമൂന്നോ പല്ല്, നീണ്ട് മെലിഞ്ഞ വെളുത്ത മനുഷ്യൻ. സ്നേഹസമ്പന്നനാണ്. അദ്ദേഹത്തിൻ്റെ വീട്ടിൽ എനിക്ക് പൂർണ സ്വാതന്ത്ര്യമായിരുന്നു. പല സന്ദർഭങ്ങളിലും ഭക്ഷണം അവരുടെ അടുക്കള ഭാഗത്തിരുന്നു കഴിച്ചിട്ടുണ്ട്. നല്ലൊരു കമ്യുണിസ്റ്റ് ആശയക്കാരനായിരുന്നു അദ്ദേഹം. കണിശതയും കൃത്യതയും അദ്ദേഹത്തിൻ്റെ ജീവിതത്തിലുടനീളം പ്രതിഫലിച്ചിരുന്നു.

സീനിയറായ വേറൊരു അധ്യാപകനായിരുന്നു നാരു ഉണിത്തിരി മാഷ്. അദ്ദേഹം 1972 ൽ പിരിഞ്ഞു. ശബ്ദത്തിൽ പാട്ടു പാടും. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ കഥ പറയും. ചെരിപ്പിടില്ല. മുകളിൽ രണ്ട് ബട്ടൻ മാത്രമുള്ള ഹാഫ് ഷർട്ടാണിടുക. എന്നും സന്തോഷവാനായിട്ടേ കാണൂ. പറ്റ്വാ വിജയൻ മാഷും മാധവനും അദ്ദേഹത്തിൻ്റെ മക്കളാണ്. കുഞ്ഞോമൻ ഉണിത്തിരി മാഷും ചെരിപ്പിടില്ല. ഷർട്ടും നാരു മാഷുടെത് പോലെ തന്നെ. പഴയപേരൊക്കെ ഇങ്ങിനെയാണ്. കുഞ്ഞിരാമൻ ലോപിച്ചാണോ കുഞ്ഞോമനായത് എന്നറിയില്ല. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ ആയുർവേദ വൈദ്യനായിരുന്നു. സ്കൂൾ വിട്ടുപോയാൽ മാഷും വൈദ്യഷാപ്പിൽ നിൽക്കും. വൈദ്യം കുറച്ചൊക്കെ ജ്യേഷ്ഠനിൽ നിന്ന് മാഷും പഠിച്ചിട്ടുണ്ട്. നാലാം ക്ലാസിലെ മാഷായിരുന്നു. ആത്മാർത്ഥമായി പണി ചെയ്യും. മാഷും പാദരക്ഷ ഉപയോഗിക്കാറില്ല.

കുഞ്ഞികൃഷ്ണൻ നായർ മാഷ് ഇവരിൽ നിന്ന് വ്യത്യസ്തനാണ്. എല്ലാവർഷവും ശബരിമലക്കു പോകും. ഉപ്പുമാവ് പ്രിപ്പറേഷൻ്റെ ചുമതലക്കാരനാണ്. ചെരിപ്പിടും. ബീഡി വലിയും അല്പം ലഹരി ഉപയോഗവുമുണ്ട്. പക്ഷേ അധ്യാപനത്തിൽ ശുഷ്ക്കാന്തിയുണ്ട്. സ്കൂളിൻ്റെ മറ്റ് പ്രവർത്തനങ്ങളിലൊക്കെ സജീവമാണ്. നാരായണി ടീച്ചറും സൂര്യാവതി ടീച്ചറും പഠന പ്രവർത്തനങ്ങളിൽ സജീവമാണ്. 70 കളിൽ ടീച്ചർമാരുടെ എണ്ണം പരിമിതമായിരുന്നു. നാരായണി ടീച്ചർ അല്പം ഗൗരവത്തിൽ ക്ലാസ് കൈകാര്യം ചെയ്യും. സൂര്യാവതി ടീച്ചർ സൗമ്യമായാണ് കുട്ടികളോട് ഇടപഴകിയിരുന്നത്.

ഇപ്പോൾ ആ ഗ്രൂപ്പിൽ പെട്ട ഞാനും നാരായണി ടീച്ചറും മാത്രമെ ജീവിച്ചിരിപ്പുള്ളു. നാരുമാഷുടെ റിട്ടയർമെൻ്റ് ഒഴിവിൽ ശാന്തകുമാരി ടീച്ചർ ജോയിൻ ചെയ്തു. ഇടയ്ക്ക് താൽക്കാലികക്കാരായി പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ടി.വി.ശ്രീധരൻ മാഷും, കോമൻ മാഷും ഇവിടെ വർക്ക് ചെയ്തിരുന്നു. ശമ്പളം കുറവായിരുന്നെങ്കിലും സമൂഹത്തിൽ മാന്യമായൊരു സ്ഥാനം അധ്യാപകർക്കുണ്ടായിരുന്നു. നാട്ടുകാർ ആദരവോടെയാണ് അധ്യാപകരോട് ഇടപെട്ടിരുന്നത്. സ്നേഹമായിരുന്നു അവരുടെ മുഖമുദ്ര. ലളിതമായിരുന്നു അവരുടെ ജീവിത ശൈലി. 

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വീടുകൾ സന്ദർശിക്കുകയും കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. പുതിയ തലമുറക്ക് തികച്ചും അന്യമായ ചില നന്മ പ്രവർത്തികളും അധ്യാപകർ ചെയ്തിരുന്നു. സ്കൂളിൽ വരാത്ത മടിയന്മാരായ കുട്ടികളെ വീട്ടിൽ ചെന്ന് പിടിച്ചു കൊണ്ടുവരിക, പല്ലു തേക്കാതെ വരുന്ന കുട്ടികളുടെ പല്ല് തേപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പഴയ കാല അധ്യാപകർ ചെയ്തിട്ടുണ്ട്. അധ്യാപക - വിദ്യാർത്ഥി ബന്ധം അത്ര മാത്രം ആത്മാർത്ഥത നിറഞ്ഞതായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia