Memory | സ്ത്രീ സൗഹൃദങ്ങൾ അന്നും ഇന്നും; ഒരു 74 കാരന്റെ അനുഭവങ്ങൾ


● കൗമാരത്തിലെ ആദ്യ പ്രണയം മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു.
● കോളേജ് ജീവിതത്തിലെ സൗഹൃദങ്ങൾ ഓർമ്മയിൽ സജീവമാണ്.
● ഓരോ സൗഹൃദവും ജീവിതത്തിൽ ഒരു പാഠമായിരുന്നു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 44
(KVARTHA) വയസ്സിപ്പോ എഴുപത്തി നാലിൽ എത്തിയെങ്കിലും ഞാൻ 14 കാരനായിരുന്നപ്പോൾ മുതലുണ്ടായ സ്ത്രീ സൗഹൃദങ്ങളെ കുറിച്ച് ഇപ്പോഴും എനിക്ക് നല്ല ഓർമയുണ്ട്. അത് വെറുമൊരു സൗഹൃദം മാത്രമായിരുന്നില്ല. കൗമാരക്കാരുടെ ഇടയിൽ സ്വഭാവികമായും ഉണ്ടാകുന്ന എതിർ ലിംഗക്കാരോടുള്ള ഒരു തര ആകർഷണം. വേണമെങ്കിൽ പ്രണയമെന്നും നമുക്കിതിനെ വിളിക്കാം. 1964, ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം. എനിക്കൊരു കുട്ടിയോട് വല്ലാത്തൊരിഷ്ടം തോന്നി. പിന്നെ ആ വ്യക്തിയുടെ പേരോ സ്ഥലമോ ഞാനിതിൽ പരാമർശിക്കുന്നില്ല കേട്ടോ. കാരണം ഞാനും അവരും ഇന്നും ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ്.
എൻ്റെ ക്ലാസിൽ തന്നെയാണ് അവളും പഠിക്കുന്നത്. അവളെ കാണാൻ, അവളുടെ ശ്രദ്ധ എന്നിലേക്കാകർഷിക്കാൻ, അവളെന്നെ നോക്കാൻ ഞാൻ കൊതിച്ചിരിക്കുമായിരുന്നു. ഒരു നോട്ടം അത് മാത്രം മതി. അതെങ്ങാനും കിട്ടിയാൽ അത് മതി, അന്നത്തെ എന്റെ ദിവസം മനോഹരമാകാൻ. പക്ഷെ അവളോട് സംസാരിക്കാനോ അടുത്ത് നിൽക്കാനോ എനിക്ക് ഭയമാണന്ന്. അടുത്ത് കൂടി പോകുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടും അതാണ് അവസ്ഥ. എങ്കിലും അവളെ കുറിച്ച് ഞാനെന്നും എന്റെ ഡയറിയിലെഴുതും. ആർക്കും പെട്ടന്ന് പൊടികിട്ടാതിരിക്കാൻ അവളുടെ പേരിൻ്റെ ആദ്യ അക്ഷരം ഉപയോഗിച്ചാണ് എഴുതുക. 'k' Looks me, ഇങ്ങനെ ഉള്ള ചുരുക്കെഴുത്തിലാണ് കാര്യങ്ങൾ വിശദമാക്കുക.
ഹൈസ്കൂൾ വിട്ട ശേഷം പരസ്പരം കാണാനും പറ്റിയില്ല. പിന്നീടെപ്പോഴോ ആ നോട്ടം നിലയ്ക്കുകയും ഇരു വഴികളിലായി ഞങ്ങൾ അകന്ന് പോവുകയും ചെയ്തു. ആ വർഷം കഴിയുന്നതുവരെ ഞാനവളെ കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു. പക്ഷെ 'k' യുടെ അന്നത്തെ രൂപവും നോട്ടവുമൊക്കെ അവളെ കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിലിങ്ങനെ തെളിഞ്ഞു വരാറുണ്ടായിരുന്നു. മൂന്നുവർഷത്തിന് മുമ്പ് ഒരു ഗെറ്റുഗദർ പരിപാടിയിൽ വെച്ച്,അവിചാരിതമായി ഞാനവളെ വീണ്ടും കണ്ടു. പക്ഷെ ഇപ്പോ ഞങ്ങളുടെ പ്രായം പതിനേഴല്ല, എഴുപത്തി ഒന്നാണെന്ന് മാത്രം. തലനരച്ച് കവിളൊട്ടി രണ്ട് പേരക്കുട്ടികളുടെ കൈകൾ പിടിച്ചു നിൽക്കുന്ന അവളെ ഞാനൊന്നെ നോക്കിയുള്ളു, പിന്നെ എന്തോ നോക്കാൻ തോന്നിയില്ല. പണ്ടാ നോട്ടത്തിന് വേണ്ടി എത്രയോ നിമിഷങ്ങൾ കാത്തിരുന്നിട്ടുണ്ട് എന്നിട്ടിപ്പോ അതേ ഞാൻ പ്രസ്തുത നോട്ടം കാണാതിരിക്കാൻ ആഗ്രഹിച്ചു പോകുന്നു.
പിന്നെ ഉണ്ടായത് കോളേജിലെത്തിയപ്പോഴാണ്. അന്ന് കോളേജ് യൂണിയൻ കൗൺസിലറായ എന്നെ ക്ലാസിലെ എല്ലാവർക്കുമറിയാം. 80 കുട്ടികളുള്ള ക്ലാസിൽ പകുതിയും പെൺകുട്ടികളായിരുന്നു. അതിൽ രണ്ടു പെൺകുട്ടികളിൽ എന്റെ കണ്ണുടക്കി. വെളുത്തു മെലിഞ്ഞ് ദാവണിക്കാരിയായ 'VK'യാണ് ഒരാൾ. ഉയരം കുറഞ്ഞ, തടിച്ചുരുണ്ട, കാണാൻ നല്ല മുഖ സൗന്ദര്യമുള്ള 'S' ആണ് രണ്ടാമത്തെ കക്ഷി. 1968 ൽ എത്തിയപ്പോൾ പെൺകുട്ടികളുമായി സംസാരിക്കാനൊക്കെ ധൈര്യം വന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളിലെ പ്രാക്ടിക്കൽ ക്ലാസുകളിൽ അടുത്തടുത്തു നിൽക്കുകയും സംശയങ്ങൾ പരസ്പരം ചോദിക്കുകയുമൊക്കെ ചെയ്യും. VK യുടെയും S ൻ്റെയും അടുത്ത് നിൽക്കാൻ ഞാൻ തന്നെ ചാൻസുണ്ടാക്കും. VK യെ കോളജിലെ എല്ലാവരും നോട്ടമിട്ടിരുന്നു. സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയുടെ മകളാണവൾ.
അവൾ ഹോസ്റ്റലിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും നാട്ടിലേക്കു ട്രെയിനിൽ ആണ് പോയിരുന്നത്. ഞാനും ആ ദിവസം നാട്ടിലേക്കു പോവാറുണ്ട്. തിരക്കുണ്ടെങ്കിലും അവൾ കയറുന്ന കമ്പാർട്ടുമെൻ്റിൽ തന്നെ ഞാനും കയറും. കാണുക, സംസാരിക്കുക എന്നതേ ലക്ഷ്യമുള്ളു. ഞാൻ ഇറങ്ങുന്ന സ്റ്റേഷനു മുന്നേയുള്ള സ്റ്റേഷനിൽ അവളിറങ്ങും. സ്റ്റേഷനടുത്തുള്ള വലിയ മൈതാനത്തിലൂടെ നടന്നു പോകുന്ന അവളെ വെറുതെ നോക്കിയിരിക്കും കാഴ്ചയിൽ നിന്ന് മറയുന്നത് വരെ. അതെന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല. മുകളിൽ പറഞ്ഞത് പോലെ അതും പ്രായത്തിന്റെ ചാപല്യങ്ങളാവാം. അല്ലെങ്കിൽ ഒരു കുഞ്ഞു പ്രണയം. രണ്ടായാലും അതും വൈകാതെ കലഹരണപ്പെട്ടുപോയി.
അങ്ങനെ വർഷങ്ങൾക്കു ശേഷം ഈയടുത്ത് അവളെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ വെച്ച് ഞാൻ വീണ്ടും കണ്ടുമുട്ടി. ആളാകെ മാറിപ്പോയിട്ടുണ്ട്. എഴുപതിൻ്റെ തളർച്ച അവളിലും കണ്ടു. എങ്കിലും മുഖത്ത് പഴയ സൗന്ദര്യത്തിൻ്റെ ചില അംശങ്ങൾ തങ്ങി നിൽപ്പുണ്ട്. ലാബിൽ അടുത്ത് നിൽക്കാൻ കൊതിച്ച, ട്രെയിനിറങ്ങി നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്ന കാര്യങ്ങളൊക്കെ ഇപ്പൊ ഓർക്കാൻ കൂടെ വയ്യ. കോളജ് വിട്ടതിന് ശേഷം S നെപറ്റി ഒരു വിവരവുമില്ലായിരുന്നു. പക്ഷെ ക്ലാസിലെ പഠിപ്പിസ്റ്റായിരുന്നു അവൾ. അവൾക്കെന്നോട് എന്തോ ഇഷ്ടമുണ്ടായിരുന്നു എന്ന് എനിക്കുറപ്പുണ്ടായിരുന്നു.
കോളേജലെ അവസാന ദിവസത്തെ യാത്രയയപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ അവൾ കയ്യിലുണ്ടായിരുന്ന ഓറഞ്ച് കവിളോടടുപ്പിച്ച് വെച്ച് 'ഇത് വേണോ നിനക്ക്' എന്ന് ചോദിച്ചത് എൻ്റെ മനസ്സിൽ തട്ടിയിരുന്നു. പക്ഷെ അന്ന് ഞാനൊന്നും പറഞ്ഞില്ല. ഒടുവിൽ അവളെൻ്റെ ഓട്ടോഗ്രാഫിൽ രണ്ട് വരി കൂടെ എഴുതി ചേർത്തു. 'Faith in God and women', എന്തിനാണങ്ങിനെ എഴുതിയതെന്ന് അന്നെനിക്ക് മനസ്സിലായിയില്ലായിരുന്നു. അതങ്ങനെ കഴിഞ്ഞു പോവുകയും ചെയ്തു. രണ്ടു വർഷത്തിന് മുമ്പ്, എപ്പഴൊ ഒരിക്കൽ അവൾ വീണ്ടും എന്റെ ഓർമ്മയിലേക്ക് കടന്നുവന്നു. അങ്ങനെ അവളുടെ ഫോൺ നമ്പർ പണിപ്പെട്ടു സംഘടിപ്പിച്ചു. ഫോണിൽ വിളിച്ചു. സംസാരിച്ചപ്പോ ഇന്ന് ടൗണിലെ പേരുകേട്ട ഹോസ്പിറ്റലിൽ ഡോക്ടറായി സേവനം ചെയ്യുകയാണവളെന്ന് മനസ്സിലായി.
അറുപത് വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങളൊക്കെ അവൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടിരുന്നു. ഫോട്ടോ വാട്സ്ആപ് അയച്ചുതന്നു. വാർദ്ധക്യം ബാധിച്ചിട്ടുണ്ട്. എങ്കിലും ഡോക്ടറുടെ ഗമയും പ്രൗഢിയുമൊക്കെയുണ്ട്. ഇപ്പോഴും ഫോണിലും ഫേസ്‌ബുക്കിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രായത്തിൻ്റെ പ്രയാസങ്ങൾ പരസ്പരം പങ്കുവെക്കാറുണ്ട്. ഓട്ടോഗ്രാഫിലെ വരി ഒന്നുകൂടി ഓർമ്മപ്പെടുത്തി അങ്ങിനെ എഴുതാനുള്ള കാരണം ഞാൻ വെറുതെ ഒന്ന് തിരക്കി. 'അത് അക്കാലത്തെ എൻ്റെ വികാരം പ്രകടിപ്പിച്ചതാണ്', അതായിരുന്നു മറുപടി.
ടീച്ചേർസ് ട്രൈനിംഗ് സമയത്ത് എനിക്ക് വയസ്സ് ഇരുപതായിരുന്നു. ആ സ്ഥാപനത്തിലെത്തിയപ്പോൾ പഴയ സുഹൃത്തുക്കളെ പലരേയും വീണ്ടും കണ്ടുമുട്ടി. 40 പേരെയാണ് ആ സെൻ്ററിൽ അഡ്മിറ്റ് ചെയ്തത്. ഇരുപത് ആൺകുട്ടികളും 20 പെൺകുട്ടികളും. സെപ്പറേറ്റ് ക്ലാസുമുറികളിലാണ് പഠനം. ചിലപ്പോൾ കമ്പയിൻ്റ് ക്ലാസു കിട്ടും. പരസ്പരം പരിചയപ്പെടാൻ നല്ല അവസരമായിരുന്നു അത്. ആയിടക്കാണ് ബാക്ക് ബെഞ്ചിലിരിക്കുന്ന ഒരു പെൺകുട്ടി പലപ്പോഴും എന്നെ ശ്രദ്ധിക്കുന്നത് കണ്ടത്. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. തുടർന്ന് നിത്യേന കാണണമെന്ന മോഹം ഉള്ളിലുദിച്ചു. പരസ്പരം കത്തുകൾ കൈമാറുന്നതിലേക്കും ഫോട്ടോ കൈമാറുന്നതിലേക്കും ഇടപെടൽ പുരോഗമിച്ചു. കടപ്പുറത്തും കോഫി ഹൗസിലും ഞങ്ങൾ സന്ധിച്ചു.
പരസ്പരം എല്ലാ കാര്യവും പറഞ്ഞു.
അവളെ 'C' എന്ന് പേരു വിളിക്കാം. വീണ്ടും കാണാമെന്നും ഒന്നിച്ചാവാമെന്നും പറഞ്ഞു. സ്ഥാപനമടച്ചപ്പോൾ ഞങ്ങൾ പിരിഞ്ഞു. ആയിടക്ക് അവളുടെ ദീർഘമേറിയ ഒരു കത്ത് സ്ഥാപന അഡ്രസിൽ വന്നു. കത്ത് സ്ഥാപന മേധാവി പിടിച്ചു. വാണിംഗ് തരികയും ചെയ്തു. എങ്കിലും കത്തെനിക്ക് കിട്ടി. വായിച്ചു നോക്കിയ ഞാൻ തരിച്ചു പോയി. കത്തിൽ പറഞ്ഞ അവസാന വാചകം ഇങ്ങനെയായിരുന്നു, 'നീ വീട്ടിലേക്കു വരണം ഞാനും ഹസ്ബന്റു കാത്തിരിക്കും'. അവൾ വിവാഹിതയാണെന്ന കാര്യം അതേവരേക്കും എന്നോട് പറഞ്ഞില്ലായിരുന്നു. അതൊരു വലിയ വഞ്ചനയായി എനിക്ക് തോന്നി. അതോടെ യാതൊരു ബന്ധവുമില്ലാതായി. വർഷങ്ങൾക്കു ശേഷം അവൾ അസുഖം വന്ന് കിടപ്പിലാണെന്ന വിവരം അറിഞ്ഞു. കാണാൻ ചെന്നു. അൾഷിമേർസാണ്. ഒന്നും പറയാൻ പറ്റിയില്ല. ഇങ്ങിനെയൊക്കെയാവും പ്രായമായാൽ എന്ന ദു:ഖ ചിന്തയോടെ അവിടുന്ന് തിരിച്ചു.
ബി.എഡ്. പഠനകാലത്ത് ഒരു തെക്കൻ ജില്ലക്കാരി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞങ്ങൾ കോളേജിൽ രണ്ട് ഡിപ്പാർട്ടുമെൻ്റുകളിലായാണ് പഠിക്കുന്നത്. പല കാര്യങ്ങളും ഞങ്ങൾ തുറന്നു സംസാരിച്ചു. അതും ഒരു പ്രണയത്തിലേക്ക് വഴി മാറി കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം ഹോട്ടലിൽ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ തമാശയായി പറഞ്ഞു. 'നിങ്ങൾ തെക്കൻമാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറയാറുണ്ട്. ശരിയല്ലേ.?' അതവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. പ്രസന്നമായിരുന്നു അവളുടെ മുഖം അതോടെ വാടി പോയി. കോളേജിൽ എത്തിയിട്ടും പഴയപടി ഇഷ്ടത്തോടെയുള്ള ഇടപെടലുണ്ടായില്ല. ആ പിണക്കം അങ്ങനെ നീണ്ടു പോയി.
എൻ്റെ പ്രസ്താവന അവളുടെ ആഗ്രഹങ്ങൾക്കെല്ലാം വിഘാതമായി തീർന്നു എന്നവൾ വിശ്വസിച്ചു കാണും. അങ്ങനെ കോളേജ് അടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ അവൾ ഒരിക്കൽ കൂടെ എന്നെ കാണാൻ വന്നു. നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി മുന്നിൽ നിൽക്കുന്നു. 'ഞാൻ പോകുന്നു. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല. ഞാൻ ആരെയും ചതിച്ചിട്ടില്ല. ചതിക്കുകയുമില്ല. എല്ലാത്തിനും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു'. മറുപടി പറയും മുമ്പേ അവൾ നടന്നകന്നിരുന്നു. അന്ന് പിരിഞ്ഞതാണ്. പിന്നെ കണ്ടതേയില്ല.. അവൾ എവിടെയാണെന്നോ, എങ്ങിനെയാണെന്നോ, ആരുടെ കൂടെയാണെന്നോ ഒന്നുമറിയില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും അറിയാൻ ശ്രമിച്ചിട്ടും പറ്റിയതുമില്ല. എൻ്റെ നാവിൽ നിന്ന് വന്ന വാക്കുമൂലം ഒരു പെൺകുട്ടിയുടെ മനസ്സിനേൽപിച്ച മുറിവോർത്ത് ഞാനിന്നും ദുഃഖിതനാണ്.
ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A reflection on the journey of love and friendship over the years, from youthful infatuations to adult realizations.
#Friendship #Love #Memories #Relationships #LifeJourney #Aging