നെയ്ച്ചോറും കാലിച്ചാക്കും മുതൽ സൗജന്യ ബസ് പാസ് വരെ: ഓർമകളുടെ ഏടുകളിൽ നിന്ന് ഒരു അധ്യാപകൻ്റെ അതിജീവന യാത്ര
ADVERTISEMENT
● കരിവെള്ളൂരിൽ നിന്ന് പാണപ്പുഴ വരെയുള്ള യാത്രയുടെ ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും
● യാത്രയ്ക്ക് സുഹൃത്തായ രാഘവൻ മാഷ് വഴി 'ശ്രീരാം' ബസ്സിൽ സൗജന്യ പാസ് ലഭിച്ചു
● പിന്നീട് കാൻഫെഡ് പ്രവർത്തനങ്ങൾക്കായി ആർടിഒ മുഖേനയും സൗജന്യ യാത്രാ പാസ് ലഭിച്ചു
● 'കാലിച്ചാക്ക്' എന്ന പരിഹാസങ്ങളെ ലക്ഷ്യബോധം കൊണ്ട് നേരിട്ട അതിജീവന യാത്ര
ഓർമ്മച്ചീളുകൾ ഭാഗം 17/ കൂക്കാനം റഹ്‌മാൻ
(KVARTHA) സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ സ്വപ്നവും പ്രാർഥനയുമെന്നത് ഒരു നല്ല ജോലി സമ്പാദിക്കുക എന്ന് തന്നെയാണ്. അത് ഏത് കാലത്തിലായാലും അങ്ങനെ തന്നെയാണ്. കാരണം ജീവിതത്തിൻ്റെ പല പ്രശ്നങ്ങൾക്കും ഒരു ശാശ്വത പരിഹാരമാകുന്നത് അതിലൂടെ തന്നെയാണ്. കുടുംബത്തിൻ്റെ കെട്ടുറുപ്പും ജീവിതവുമൊക്കെ ആ നെടുന്തൂണിനെ ആശ്രയിച്ചാവും മുന്നോട്ട് പോവുക. എല്ലാത്തിനെയും താങ്ങി നിർത്തുന്ന ആ സ്വപ്നത്തിലേക്ക്, കാത്തിരുന്നു കിട്ടിയ എൻ്റെ ജോലിയും ഇത് പോലെയൊക്കെ തന്നെയായിരുന്നു.
അധ്യാപക ജോലിയിലെ വരുമാനവും ദാരിദ്ര്യവും
അധ്യാപക ജോലിയിൽ പ്രവേശിച്ചിട്ടും ജീവിതത്തിൻ്റെ ഇരുതല കൂട്ടിമുട്ടിക്കാൻ ഞാൻ വല്ലാതെ പ്രയാസപ്പെട്ടിട്ടുണ്ട്. തുച്ഛമായ മാസ ശമ്പളമായിരുന്നു അന്നുണ്ടായിരുന്നത്. മൂത്ത മകനെന്ന നിലയിൽ ഉമ്മയെയും അനിയന്മാരെയും സംരക്ഷിക്കേണ്ട മുഴുവൻ ഉത്തരവാദിത്തവും എൻ്റെ ചുമലിലായിരുന്നു. 1970-ൽ 180 രൂപയാണ് എനിക്കാകെയുള്ള മാസ ശമ്പളം. അതായത് ദിവസക്കൂലി 6 രൂപ വരും. അന്ന് ഒരു കർഷകത്തൊഴിലാളിയുടെ ദിവസക്കൂലി വെറും 3 രൂപയാണ്. അതുകൊണ്ട് തന്നെ ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഒരു കാലഘട്ടമായിരുന്നു അത്.
അഭിമാനം കാക്കാൻ പടിയിറക്കം
എന്നിട്ടും സ്വന്തം അഭിമാനത്തിന് കോട്ടം വരാതിരിക്കാൻ ഞാൻ മാനേജ്മെൻ്റ് സ്‌കൂളിൽ നിന്ന് രാജിവെച്ച് അകലെയുള്ള സർക്കാർ സ്‌കൂളിൽ നിയമനം നേടി പോയി. വീടിനടുത്ത് നടന്നെത്താൻ മാത്രം ദൂരമുള്ള എയ്ഡഡ് സ്‌കൂളിൽ നിന്നാണ് 25 കിലോമീറ്റർ ദൂരത്തുള്ള ഗവൺമെൻ്റ് സ്‌കൂളിൽ ചേർന്നത്. ജീവിക്കാൻ തന്നെ പ്രയാസപ്പെടുന്ന കാലത്താണ് ബസ് കൂലി എന്ന അധിക ചെലവുകൂടി വന്നത്. അതോടെ ഭാരം ഒന്നൂടെ കൂടി. എങ്കിലും എങ്ങനെയെങ്കിലും രണ്ട് തലയും കൂട്ടി മുട്ടിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു.
1970-ൽ 2000 രൂപ ഡൊണേഷൻ കൊടുത്താണ് കരിവെള്ളൂർ നോർത്ത് യുപി സ്‌കൂളിൽ ഞാൻ ചേർന്നത്. ഞാൻ സർക്കാർ സർവീസിൽ പോകുന്നു എന്ന കാര്യം മാനേജ്മെൻ്റിന് സന്തോഷമുണ്ടാക്കി. കാരണം, സ്‌കൂളിൽ ഒരു പോസ്റ്റ് വേക്കൻ്റ് വരും. അതിലേക്ക് പുതിയ ഒരു ടീച്ചറെ ചേർക്കാം, കൂടുതൽ ഡൊണേഷൻ വാങ്ങാം. എൻ്റെ ഒഴിവിൽ ചേർന്ന പുതിയ ടീച്ചറിൽ നിന്ന് 5000 രൂപയാണ് മാനേജ്മെൻ്റ് ഡൊണേഷനായി വാങ്ങിയത്. ഞാൻ നൽകിയ 2000 രൂപ എനിക്ക് തിരിച്ചുതരുമെന്ന് വിചാരിച്ചെങ്കിലും, അവർ 1000 രൂപയേ തന്നുള്ളൂ.

പിഎസ്സി നിയമനവും ദുർഘട യാത്രയും
അന്നത്തെ മാനേജർ മാധവി അമ്മയുടെ മകൻ കീനേരി രാഘവൻ മാഷും അതെ സ്‌കൂളിൽ അധ്യാപകനായിരുന്നു. രാഘവൻ മാഷ് എന്നെ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയായതിനാൽ ഏത് വിഷമഘട്ടത്തിലും അദ്ദേഹം എൻ്റെ സഹായത്തിനെത്തുമായിരുന്നു. പിഎസ്സി വഴി നിയമനം കിട്ടിയ പാണപ്പുഴ ഗവൺമെൻ്റ് എൽപി സ്‌കൂളിൽ ജോയിൻ ചെയ്യാൻ എൻ്റെ കൂടെ വന്നതും രാഘവൻ മാഷായിരുന്നു. കൂടെ വന്ന അദ്ദേഹത്തിന് എൻ്റെ യാത്രയുടെ ദൂരവും സാമ്പത്തിക ബാധ്യതയുമെല്ലാം വേഗത്തിൽ മനസ്സിലായി.
കരിവെള്ളൂരിൽ നിന്ന് ബസ്സിന് പിലാത്തറ വരെ ആദ്യം പോകണം. അവിടെ നിന്ന് മാതമംഗലം റൂട്ടിലോടുന്ന ബസ്സിൽ കയറി വേണം പാണപ്പുഴ എത്താൻ. അവിടെ നിന്ന് പുഴ കടന്ന് വേണം സ്‌കൂളിലെത്താൻ. വീടിനടുത്ത് കിട്ടുന്ന ശമ്പളം വാങ്ങി സുഖമായി ജീവിച്ചാൽ പോരായിരുന്നോ എന്ന് പലരും അന്ന് എന്നോട് ചോദിച്ചു തുടങ്ങി. അല്പം ബുദ്ധിമുട്ടിയാലും മാനേജ്മെൻ്റ് സ്‌കൂളിൽ വർക്ക് ചെയ്യുന്നതിനേക്കാൾ അന്തസ്സ് സർക്കാർ സ്‌കൂളിൽ വർക്ക് ചെയ്യുന്നതാണെന്ന് എൻ്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അന്ന് ആ തീരുമാനം എടുത്തതുകൊണ്ടാണ് സർക്കാർ സർവീസിൽ വിവിധ മേഖലകളിൽ എനിക്ക് പ്രവർത്തിക്കാൻ പറ്റിയതെന്നതിൽ ഞാൻ ഇന്ന് ഏറെ സന്തോഷവാനാണ്.
നീല ടിഫിൻ ബോക്സിലെ നെയ്ച്ചോറും സ്നേഹവും
തികച്ചും ഉൾനാടൻ ഗ്രാമമാണ് പാണപ്പുഴ. ഭക്ഷണം കിട്ടാനുള്ള യാതൊരു സൗകര്യങ്ങളുമില്ല. അതിനാൽ വീട്ടിൽ നിന്ന് ഭക്ഷണവും ചായയും കൊണ്ടുപോകും. എയ്ഡഡ് സ്‌കൂളിൽ നിന്നുള്ള യാത്രയയപ്പ് സമയത്ത് കുട്ടികൾ സ്നേഹത്തോടെ സമ്മാനമായി തന്ന നീല ടിഫിൻ ബോക്സിൽ നിറയെ ഉമ്മ എനിക്ക് നെയ്ച്ചോറ് വിളമ്പി തരും. കൂടെ നല്ല മുട്ടക്കറിയും ഉണ്ടാവും. ഫ്ലാസ്കിൽ ചായയും കൊണ്ടുപോകും. ഉച്ച സമയത്ത് കുട്ടികളൊക്കെ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഏതെങ്കിലും ക്ലാസിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നതായിരുന്നു എൻ്റെ പതിവ്.
സ്‌കൂളിനടുത്തുള്ള ഹെൽത്ത് സെൻ്ററിൽ തെക്കുനിന്ന് വന്ന മൃണാളിനി എന്നൊരു നേഴ്‌സ് ഉണ്ടായിരുന്നു. നെയ്ച്ചോറിൻ്റെ മണം അറിഞ്ഞാൽ അവർ എൻ്റെ അടുത്തേക്ക് ഓടിവരും. എൻ്റെ ഭക്ഷണത്തിൽ പങ്കുചേരും. അതൊരു സന്തോഷമായിട്ടേ ഞാൻ അന്നും ഇന്നും കണ്ടിട്ടുള്ളൂ.
രാഘവൻ മാഷിൻ്റെ കാരുണ്യവും ബസ്സിലെ പാസും
യാത്ര ചെയ്ത് എൻ്റെ മോശം അവസ്ഥ കണ്ട രാഘവൻ മാഷ് എനിക്ക് ഒരു ബസ് പാസ് സംഘടിപ്പിച്ചു തരാനുള്ള ശ്രമങ്ങൾ നടത്തി. കൃത്യസമയത്ത് സ്‌കൂളിൽ പോകാനും വരാനും പറ്റുന്ന ഒരു ബസ് തന്നെ വേണം. കാസർകോട് നിന്ന് തലശ്ശേരി വരെ ഓടുന്ന 'ശ്രീരാം' ബസ് കരിവെള്ളൂരിൽ 8 മണിക്കെത്തും. അതിന് ഒരു പാസ് കിട്ടിയാൽ നന്നായിരുന്നു. പക്ഷേ അതിന് മുതലാളിയെ സ്വാധീനിക്കാൻ പറ്റുന്ന ഒരാളെ കണ്ടെത്തണം. ചന്തേരയിലെ മോട്ടോർ മെക്കാനിക്കായ ചന്ദ്രേട്ടന് പ്രസ്തുത ബസ് മുതലാളിയുമായി അടുത്ത ബന്ധമുണ്ടെന്ന് അറിയാൻ കഴിഞ്ഞു. രാഘവൻ മാഷിൻ്റെ അടുത്ത സുഹൃത്താണ് ചന്ദ്രേട്ടൻ. ഒടുവിൽ അദ്ദേഹത്തിൻ്റെ സഹായത്താൽ ശ്രീരാം ബസ്സിന് എനിക്ക് സൗജന്യ യാത്രാപാസ് കിട്ടി. അതിന് രാഘവൻ മാഷിനോട് എത്ര നന്ദി പറഞ്ഞലും എനിക്ക് മതിയാവില്ല.
'ശ്രീരാം മോട്ടോർസ്' എന്ന പേര് കേട്ടപ്പോൾ അത്തരം പേരുള്ള ആരെങ്കിലുമായിരിക്കും ബസ്സിൻ്റെ ഉടമ എന്നാണ് ഞാൻ കരുതിയത്. എന്നാൽ സൗജന്യപാസിൻ്റെ പേപ്പർ കിട്ടിയപ്പോഴാണ് ഞാൻ അറിഞ്ഞത് അതിൻ്റെ ഉടമ ഒരു മുസ്ലിമാണെന്ന്. എങ്ങനെയായാലും കരിവെള്ളൂർ മുതൽ പിലാത്തറ വരെയും തിരിച്ചുമുള്ള എൻ്റെ യാത്ര അതോടെ സൗജന്യമായി.
പിലാത്തറയിൽ നിന്ന് മാതമംഗലം-കുറ്റൂർ റൂട്ടിൽ 'ജയശ്രീ', 'പുഷ്പക' എന്നീ രണ്ടു ബസ്സുകൾ അന്ന് സർവീസ് നടത്തുന്നുണ്ട്. അതിൽ പൈസ കൊടുത്ത് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യും. കുറച്ചുകഴിഞ്ഞപ്പോൾ ശ്രീരാം മോട്ടോർസ് അനുവദിച്ചുതന്ന പാസ് കണ്ണൂർ വരെ നീട്ടിത്തന്നു. അന്ന് അതൊരു വലിയ അനുഗ്രഹമായിരുന്നു.
കാൻഫെഡ് യാത്രകളും ആർടിഒ അനുവദിച്ച പാസും
തുടർന്ന് കാൻഫെഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂർ-കാസർകോട് ജില്ലകളിൽ എനിക്ക് നിരന്തരം യാത്ര ചെയ്യേണ്ടി വന്നു. ആ സമയത്ത് ജില്ലാ കളക്ടറുടെ പ്രത്യേക ശുപാർശ പ്രകാരം ആർടിഒ മുഖേന ബസ് ഓണേഴ്സ് അസോസിയേഷൻ എല്ലാ പ്രൈവറ്റ് ബസ്സിലും എനിക്ക് സൗജന്യ യാത്ര ചെയ്യാനുള്ള പാസ് അനുവദിച്ചുതന്നു. കാസർകോട് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബാലകൃഷ്ണൻ നായർ ആ പാസ് ഒപ്പിട്ട് എനിക്ക് നേരിട്ട് എത്തിച്ചു തന്നതും അന്നായിരുന്നു.
'കാലിച്ചാക്ക്' എന്ന വിളിയും പോരാട്ടവീര്യവും
സൗജന്യ യാത്ര അനുവദിച്ചതായത് കൊണ്ട് പല ബസ് കണ്ടക്ടർമാർക്കും എന്നോട് എന്തോ അസഹിഷ്ണുത പോലെ ആയിരുന്നു. പാസുമായി കയറുമ്പോൾ ചില കണ്ടക്ടർമാർ 'ഒരു കാലിച്ചാക്കുണ്ട്' എന്ന് സ്വകാര്യമായി പരിഹസിച്ച് പറയുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പക്ഷെ ആ വാക്കുകളൊന്നും ഒരിക്കലും എന്നെ തളർത്തിയിരുന്നില്ല. എൻ്റെ കണ്ണുകൾ മുന്നിലുള്ള ലക്ഷ്യത്തിലേക്ക് മാത്രമായിരുന്നു നോക്കിയിരുന്നത്. ബാക്കിയുള്ളതെല്ലാം വെറും പഴകിയ കാഴ്ചകളായും, വെറുതെ കാതിൽ വന്ന് പോകുന്ന ശബ്ദങ്ങളുമൊക്കെയായി ഞാൻ തള്ളിക്കളഞ്ഞു. ആ നിശ്ചയദാർഢ്യം തന്നെയായിരുന്നു മുന്നോട്ടുള്ള എൻ്റെ വഴിയിലെ ഏറ്റവും വലിയ ശക്തിയും.
പഴയകാല ഓർമകൾ പങ്കുവെക്കുന്ന ഈ ജീവിതാനുഭവം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A nostalgic memoir of a teacher recounting his struggles with poverty and the kindness he received during his early career.
#TeacherLife #Nostalgia #LifeJourney #Survival #KeralaMemories #OldDays #AmmuNews
