SWISS-TOWER 24/07/2023

ഒരു പത്രക്കടലാസ് മാറ്റിയ ജീവിതം: മോഹനന്റെ അവിശ്വസനീയ യാത്ര

 
Kookanam Rahman with former student Yashoda and her husband Mohanan
Kookanam Rahman with former student Yashoda and her husband Mohanan

Photo: Special Arrangement

● മോഹനന്റെ ഭാര്യയാണ് യാശോദയെന്ന് മാഷിന് പിന്നീട് മനസ്സിലായി.
● മോഹനൻ ഒരു ബസ് മുതലാളിയുടെ ഓഫീസിൽ നിന്ന് എയർഫോഴ്സിലെത്തി.
● മോഹനന്റെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും ജീവിതത്തിൽ വഴിത്തിരിവായി.
● ഗുരുനാഥനെ കണ്ടതിൽ യാശോദ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
● ദാരിദ്ര്യത്തിൽ നിന്ന് വിജയത്തിലേക്കുള്ള അവരുടെ യാത്ര പ്രചോദനമായി.

ഓർമ്മത്തുരുത്ത് ഭാഗം - 13 / കൂക്കാനം റഹ്‌മാൻ

(KVARTHA) ചിലപ്പോഴൊക്കെ നേരങ്ങളെ മനോഹരമാക്കുന്നത് ചില മനുഷ്യരുടെ കടന്നുവരവുകളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ തോന്നലിന് ആക്കം കൂട്ടുന്ന ഒന്നായിരുന്നു ഇന്നത്തെ സംഭവം. എൻ്റെയൊരു പഴയ പൂർവ്വ വിദ്യാർത്ഥിനി, യാശോദ, ഭർത്താവ് മോഹനനോടൊപ്പം എന്നെ കാണാൻ (ജൂലൈ 31, 2025) വീട്ടിലെത്തിയിരുന്നു.

Aster mims 04/11/2022

1975-ന് ശേഷം ഇന്നാണ് യാശോദയെ നേരിൽ കാണുന്നത്. കണ്ട നിമിഷം മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് പണ്ടത്തെ ആ പത്തുവയസ്സുകാരിയുടെ രൂപമാണ്. കുഞ്ഞു ബ്ലൗസ്സും അരപ്പാവാടയുമിട്ട് ക്ലാസ്സിലേക്ക് കടന്നുവരുന്ന വെളുത്ത് സുന്ദരിയായ ആ പെൺകുട്ടി വീണ്ടും എൻ്റെ മുമ്പിൽ വന്നുനിൽക്കുന്നതായി തോന്നി. 

Kookanam Rahman with former student Yashoda and her husband Mohanan

അന്ന് ക്ലാസിൽ പഠിപ്പിക്കുന്ന പദ്യം വളരെ മനോഹരമായി അവൾ ചൊല്ലുകയും മറ്റ് കുട്ടികളെ ഒപ്പം ചൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. വിദ്യാർത്ഥികൾ കൂട്ടമായി ചെയ്യുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അവൾക്ക് നല്ല മിടുക്കായിരുന്നു. അതിനുവേണ്ടി അടുത്തുള്ള ഇല്ലത്ത് ചെന്ന് കുട്ടികൾക്ക് ദാഹമകറ്റാൻ സംഭാരം വാങ്ങി വിതരണം ചെയ്യാനും യാശോദ തയ്യാറാകുമായിരുന്നു.

ഇപ്പോഴത്തെ ഈ ബന്ധം പുതുക്കലിന് ഒരു പ്രത്യേകത കൂടിയുണ്ട്. യാശോദയുടെ ഭർത്താവ് മോഹനൻ എൻ്റെ ശ്രീമതി സുഹറയുടെ ക്ലാസ്‌മേറ്റു കൂടിയാണ്. അവർ വീട്ടിൽ വരുന്നത് വരെ അക്കാര്യം എനിക്കറിയില്ലായിരുന്നു. 

ഒരാഴ്ച മുമ്പ് വൈകുന്നേരത്തെ നടത്തത്തിനിടയിൽ കരിവെള്ളൂർ ബസാറിൽ വെച്ച് അവിചാരിതമായി സുരേഷൻ മാഷിനെയും മോഹനനെയും കാണാനിടയായി. സംസാരത്തിനിടെ എന്നോട് മോഹനൻ പറഞ്ഞു: ‘എൻ്റെ ഭാര്യ നിങ്ങളെ കാണണമെന്ന് എപ്പോഴും പറയാറുണ്ട്. പക്ഷേ ഇതേവരെ അതിനുള്ള സമയം കിട്ടിയില്ല. എങ്കിലും അടുത്ത് തന്നെ ഞങ്ങൾ വരും കേട്ടോ.’

former student reunites teacher kannur kerala

അത് കേട്ടപ്പോൾ സന്തോഷത്തോടെ ഞാൻ സമ്മതം അറിയിക്കുകയും ചെയ്തു. കാരണം പരസ്പരം കാണുന്നതും ഓർമ്മ പുതുക്കുന്നതുമൊക്കെ എനിക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. ആ സംസാരം നീളുകയും അതിനിടയിൽ മോഹനൻ പഴയകാല ദാരിദ്ര്യാവസ്ഥയെക്കുറിച്ച് വെറുതെ പറഞ്ഞു തുടങ്ങി. 

അന്നത്തെ കാലത്ത് മക്കളെ പഠിപ്പിക്കാനൊന്നും അച്ഛന്മാർക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല. അതിന് മോഹനൻ്റെ അച്ഛൻ പറയുന്ന തമാശ ഇങ്ങിനെയായിരുന്നത്രെ: ‘മഴ വന്നാൽ പോലും ഞാൻ സ്കൂളിലേക്ക് കയറിയിട്ടില്ല. എന്നിട്ടും മിക്ക ഭാഷകളും എനിക്കിന്ന് സംസാരിക്കാനറിയാം. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ ചെന്ന് ജോലി ചെയ്തുള്ള അനുഭവത്തിൽ പഠിച്ചതാണ് ഇതൊക്കെ.’ അതിനർത്ഥം വിദ്യ അഭ്യസിക്കാൻ സ്കൂളിൽ ചെല്ലേണ്ട ആവശ്യമില്ല എന്നാണ്. 

Kookanam Rahman with former student Yashoda and her husband Mohanan

എന്നിട്ടും മോഹനൻ കഷ്ടപ്പെട്ട് പഠിച്ചു, എസ്.എസ്.എൽ.സി പാസ്സായി. പക്ഷേ തുടർപഠനത്തിന് സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തുപോയി ഹോട്ടലുകളിലും തുണിക്കടകളിലും ജോലി ചെയ്തു. മടുത്തപ്പോൾ അവിടെ നിന്നും നാട്ടിൽ വന്ന് നെയ്ത്ത് പണി ചെയ്തു. ഒടുവിൽ തലശ്ശേരിയിൽ ഒരു ബസ് മുതലാളിയുടെ ഓഫീസിൽ ക്ലാർക്കായി ജോലി കിട്ടി. അവിടെ വെച്ചുണ്ടായ ഒരനുഭവം ജീവിതത്തിൽ വലിയൊരു മാറ്റത്തിന് ഇടവരുത്തി.

പത്രക്കടലാസിൽ പൊതിഞ്ഞുകെട്ടിക്കൊണ്ടാണ് ഒരു ബസ് കണ്ടക്ടർ കലക്ഷൻ തുക ഓഫീസിൽ ഏൽപ്പിച്ചത്. എണ്ണിത്തിട്ടപ്പെടുത്തി പണം മറ്റൊരിടത്ത് സൂക്ഷിച്ച ശേഷം കളയാൻ ഒരുങ്ങിയ പത്രക്കടലാസിലേക്ക് വെറുതെ കണ്ണോടിച്ചു. ‘എയർഫോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ അപേക്ഷിക്കുക.’ അതായിരുന്നു ആദ്യം കണ്ട വാർത്ത. 

കണ്ട ഉടനെ മനസ്സിൽ ഉടക്കുകയും ചെയ്തു. കൂടുതൽ ആലോചിക്കാതെ അതിൽ പറഞ്ഞപ്രകാരം അപേക്ഷ അയക്കുകയും ചെയ്തു. ഒട്ടും പ്രതീക്ഷയിലായിരുന്നില്ല. പക്ഷേ ഒരാഴ്ചക്കകം അപേക്ഷയ്ക്കുള്ള മറുപടി എന്നെ തേടിയെത്തി: ‘പരീക്ഷ എഴുതാൻ തയ്യാറായി എറണാകുളത്തെത്തുക.’ തിയതിയും സമയവും സ്ഥലവുമൊക്കെ അതിൽ കാണിച്ചിട്ടുണ്ടായിരുന്നു.

കിട്ടില്ലെന്ന പ്രതീക്ഷയുള്ളതുകൊണ്ട് തന്നെ കൂടുതൽ ആരോടും ഞാൻ ആ പരീക്ഷയെക്കുറിച്ച് പറഞ്ഞിരുന്നില്ല. പക്ഷേ മനസ്സിലെ സന്തോഷം അടക്കാൻ കഴിയാതെ വന്നപ്പോൾ ബസ് മുതലാളിയോട് ഞാൻ കാര്യം അവതരിപ്പിച്ചു. കേട്ടപ്പോൾ തന്നെ അദ്ദേഹം വല്ലാതെ നിരുത്സാഹപ്പെടുത്തി. 

താൻ പോകേണ്ടെന്നും മാസ ശമ്പളം 200 രൂപക്ക് പകരം 250 തരാമെന്നും വാക്ക് നൽകി. പക്ഷേ മോഹനന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹത്തിൻ്റെ ആ വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ട് മോഹനൻ എറണാകുളത്തേക്ക് ട്രെയിൻ കയറി. പരിചയമില്ലാത്ത സ്ഥലവും ആൾക്കാരും. ആകെ പരവേശമായിരുന്നു. 

എങ്കിലും തോൽക്കാൻ മനസ്സുവന്നില്ല. വരുന്നത് വരട്ടെയെന്ന് കരുതി പരീക്ഷാ കേന്ദ്രം ലക്ഷ്യമാക്കി നടന്നു. അവിടെ എത്തുമ്പോഴേക്കും പരീക്ഷാർത്ഥികളായി 350-ഓളം ആൾക്കാരുണ്ട്. കിട്ടില്ലെന്ന് തീർത്തും ഉറപ്പിച്ചു. എങ്കിലും പരീക്ഷ അറ്റൻഡ് ചെയ്തു. റിസൽട്ട് അന്ന് വൈകുന്നേരം തന്നെ അറിയുമെന്ന് പറഞ്ഞപ്പോൾ അവിടെത്തന്നെ കാത്തുനിന്നു. ‘പതിനെട്ടു പേരെ സെലക്ഷനാക്കിയതിൽ മോഹനനും പെട്ടിട്ടുണ്ട്.’ സുഹൃത്ത് വന്ന് അത് പറഞ്ഞപ്പോൾ സന്തോഷവും സങ്കടവും കൊണ്ട് മോഹനൻ കരഞ്ഞുപോയി. 

ആ നിമിഷം പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷമുണ്ടായിരുന്നു. ആ സന്തോഷത്തിൽ പങ്കാളിയായി ഇഷ്ടപ്പെട്ട പെൺകുട്ടിയും എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അവൾ മറ്റാരുമല്ല കേട്ടോ ഈ ഇരിക്കുന്ന യാശോദ തന്നെ. ഒരു വല്ലാത്ത ചിരിയോടെ മോഹനൻ അത് പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ യാശോദയും ആ ചിരിയിൽ പങ്കുചേർന്നു. 

എയർഫോഴ്സിൽ ജോലി കിട്ടി കുറച്ചുനാൾക്കകം ഞങ്ങളുടെ വിവാഹവും നടന്നു. അന്നുമുതൽ ഇവളെ ഒപ്പം കൂട്ടി നടക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ജീവിച്ചതിനാൽ സാമൂഹിക ബോധം കുറേക്കൂടി ഇവളിലിപ്പോൾ പ്രകടമാകുന്നുണ്ട് മാഷേ, ഒരു ചിരിയോടെ മോഹനൻ വീണ്ടും കൂട്ടിച്ചേർത്തു.

‘അത് വ്യക്തമാകുന്നുണ്ട് അവളുടെ ഇടപെടലുകളിലും സംസാരത്തിലും,’ അത് ശരിവെച്ചുകൊണ്ട് തന്നെ ഞാനും മറുപടി നൽകി.

‘എത്രയോ നാളായി ആഗ്രഹിക്കുന്നതാണ് മാഷെ കാണാനും സംസാരിക്കാനും. അത് ഇന്ന് സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്,’ യാശോദ എൻ്റെ കൈ മുറുകെ പിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. അന്ന് കരിവെള്ളൂർ നോർത്ത് സ്കൂളിൽ ഒപ്പം പഠിച്ചവരുടെ ഗ്രൂപ്പ് ഫോട്ടോയുമായാണ് അവൾ വന്നത്. 

അതിൽ ഓരോരുത്തരെയും തൊട്ടുകാണിച്ചു പേരും അവരിപ്പോൾ എന്തു ചെയ്യുന്നുവെന്നും കൃത്യമായി ഓർമ്മിച്ചു പറഞ്ഞു. മകനും മകളുടെ ഭർത്താവും വിദേശത്ത് ഉയർന്ന കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും പഴയകാല ജീവിതത്തിലുണ്ടായ ദുഃഖാനുഭവങ്ങൾ രണ്ടുപേരും പങ്കുവെച്ചു. 

ഒരു സൈക്കിൾ വാങ്ങി യാത്ര ചെയ്യാൻ ആഗ്രഹമുണ്ടായിട്ട് അത് സാധിക്കാതെ പോയ അനുഭവം മോഹനൻ പങ്കുവെച്ചു. കൂട്ടത്തിൽ ഇന്നത്തെ അവസ്ഥയെക്കുറിച്ചും അഭിമാനത്തോടെ പറയുകയും ചെയ്തു: ‘വീട്ടിൽ എനിക്കും മക്കൾക്കും കൂടി ഒരു കാറും രണ്ട് ബൈക്കുകളുമുണ്ട്.’ അതിനിടയിൽ പശുക്കളെ വളർത്തിയതും പാൽ സൊസൈറ്റിയിൽ കൊണ്ടുപോയി അളന്നതും യാശോദയും പറഞ്ഞുകൊണ്ടിരുന്നു.

അരനൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രാഥമിക വിദ്യാലയത്തിൽ വെച്ച് അക്ഷരം പകർന്നു നൽകിയ ഗുരുനാഥനെ കാണാനും ആദരം പങ്കിടാനും വന്ന പ്രിയപ്പെട്ട യാശോദയോട് എനിക്ക് ഒരുപാട് സ്നേഹം തോന്നി. കൂടെ വന്ന ഭർത്താവിൻ്റെ സ്നേഹവും കരുതലും അവളെ ഈ പ്രായത്തിലും ഉന്മേഷവതിയാക്കുന്നുണ്ട്. 

പഴയകാലത്ത് കണ്ട നിഷ്കളങ്കമായ ചിരിയുടെ സ്ഥാനത്ത് സംതൃപ്തിയുടെ പുഞ്ചിരി യാശോദയുടെ മുഖത്ത് തെളിഞ്ഞുകണ്ടു. അവർ എന്നെ ആദരിക്കാൻ കൊണ്ടുവന്ന ഷാൾ അവരെ അണിയിച്ചുകൊണ്ടാണ് ഞങ്ങൾ സന്തോഷം രേഖപ്പെടുത്തിയത്. മറന്നു കളയാമായിരുന്നിട്ടും മറക്കാതെ ചേർത്തുവെച്ച യാശോദയ്ക്കും മോഹനനും ഒരുപാട് നന്ദി.

ഈ ഹൃദയസ്പർശിയായ ഗുരുശിഷ്യബന്ധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

Article Summary: A heartwarming reunion between a former student and her teacher after 50 years.

#TeacherStudentReunion #KeralaNews #HeartwarmingStory #KookanamRahman #OldMemories #InspiringStory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia