1975-ൽ അഞ്ചാം തരം പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർഥികളുടെ 51 വർഷത്തിന് ശേഷമുള്ള കൂടിച്ചേരലും അധ്യാപക-ശിഷ്യ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മകളും

 
 51-Year Reunion of 1975 Fifth-Grade Classmates Brings Heartwarming Memories and Teacher-Student Bond

Photo: Special Arrangement

ADVERTISEMENT

● പൊലീസ് ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, റെയിൽവേ മാനേജർ, ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, കലാകാരന്മാർ തുടങ്ങി വിവിധ രംഗത്തുള്ളവർ അനുഭവങ്ങൾ പങ്കുവെച്ചു.
● ശ്രീധരൻ നമ്പൂതിരിയുടെ കവിതയും ശകുന്തളയുടെ നേതൃത്വത്തിൽ സരസമ്മ ടീച്ചർ പഠിപ്പിച്ച പ്രാർത്ഥനാ ഗാനവും ശ്രദ്ധേയമായി.
● മാധവൻ പട്രോട്ടിൽ, പ്രകാശൻ (പാച്ചു), പി മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒത്തൊരുമ സംഘടിപ്പിച്ചത്.
● അധ്യാപകർ പൂർവ്വവിദ്യാർഥികൾക്ക് മിഠായിയും സമ്മാനപ്പൊതികളും നൽകി; കുട്ടികൾ അധ്യാപകരെ ഷോൾ അണിയിച്ച് മെമെന്റോ നൽകി ആദരിച്ചു.

ഓർമ്മച്ചീളുകൾ ഭാഗം 34/ കൂക്കാനം റഹ്‌മാൻ  

(KVARTHA) 2026 നവംബർ 10-ന് എന്റെ ജീവിതത്തിലെ അത്ഭുതകരമായ ഒരു കൂടിച്ചേരലിൽ പങ്കാളിയാകാൻ എനിക്ക് മഹാഭാഗ്യം ലഭിച്ചു. 51 വർഷം മുൻപ്, 1975-ൽ അഞ്ചാം തരം പഠിച്ചിറങ്ങിയ കുട്ടികളുടെ കൂടിച്ചേരലായിരുന്നു അത്. അന്ന് അവർ പത്ത് വയസ്സുകാരായിരുന്നു. ഇന്ന് അവരെല്ലാം 61 കടന്നവർ. പലരും അച്ഛാച്ചനും അമ്മമ്മയുമായി മാറി. 

Aster_MIMS

എന്നിട്ടും, അവരെ പഠിപ്പിച്ച ഞങ്ങളുടെ മുന്നിൽ അവർ വിനയാന്വിതരായി, പഴയ അഞ്ചാം ക്ലാസുകാരായി തന്നെ ഇരുന്നു. പത്താം ക്ലാസുകാരും പ്രീഡിഗ്രിക്കാരും ഡിഗ്രിക്കാരുമൊക്കെ ഒത്തുകൂടുന്നത് സാധാരണമാണ്. എന്നാൽ അഞ്ചാം ക്ലാസുകാരുടെ ഈ കൂടിച്ചേരൽ അതിൽ നിന്നെല്ലാം ഏറെ വിഭിന്നവും ഹൃദ്യവുമായി എനിക്ക് തോന്നി.

ഞങ്ങളുടെ കുട്ടികളുടെ അനുഭവപ്പറച്ചിൽ കേട്ടപ്പോൾ പുത്തനുണർവ് ലഭിച്ചു. കൂടുതൽ ഊർജം കൈവന്നതുപോലെ തോന്നി. എഴുന്നേറ്റ് ഇരിക്കാനോ നടക്കാനോ കഴിയാത്ത സോയ അവിടെ എത്തിയപ്പോൾ കൂട്ടുകാരിൽ ആവേശം വർദ്ധിച്ചു. അന്ന് ക്ലാസിലുണ്ടായിരുന്ന നാല്പത്തിയെട്ട് കുട്ടികളിൽ നാല്പത് പേരും കൂടിച്ചേരലിൽ പങ്കെടുത്തു. കാലത്തിന്റെ കുത്തൊഴുക്കിൽ നാല് പേർ കാലയവനികക്കുള്ളിൽ മറഞ്ഞു. എത്താൻ കഴിയാത്തവർ സന്ദേശമയച്ച് സാന്നിദ്ധ്യം അറിയിച്ചു.

fifth grade reunion memories

വിവിധ മേഖലകളിലെ അനുഭവപ്പറച്ചിലുകൾ

വന്നവരിൽ പൊലീസ് ഓഫീസറുണ്ട്, ഹെൽത്ത് ഇൻസ്പെക്ടറുണ്ട്, റെയിൽവേ മാനേജരുണ്ട്, സ്കൂൾ ഹെഡ്മാസ്റ്റർമാരും ഹെഡ്മിസ്ട്രസ്സുമാരുണ്ട്. കാർഷിക രംഗത്തും ആരോഗ്യ സേവന രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചവരുണ്ട്. അവരുടെ ജീവിതാനുഭവങ്ങൾ ഞങ്ങൾ സാകൂതം ശ്രദ്ധിച്ചു. സിനിമയിൽ ഗാനമെഴുതി ശ്രദ്ധ നേടിയ വ്യക്തിയുണ്ട്. ആകാശവാണിയിൽ നിരവധി തവണ പ്രോഗ്രാം അവതരിപ്പിച്ച ശ്രീധരൻ നമ്പൂതിരി പെട്ടെന്ന് എഴുതി അവതരിപ്പിച്ച കവിത എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അതിലെ അവസാന വരികൾ ഇങ്ങനെ -

'അഞ്ചാം തരത്തിലെ അഞ്ചാം ബെഞ്ചിലെ അഞ്ചാമനായിരുന്നു ഞാൻ'

നാടകനടിയും പാട്ടുകാരിയും ഞാൻ ഏറെ ഇഷ്ടപ്പെട്ട കുട്ടിയുമായ ചാന്ദ്നി മനോഹരമായി ഗാനമാലപിച്ചതും കൂടിച്ചേരലിന് മാറ്റുകൂട്ടി. രാജൻ തോട്ടോൻ ജീവിതത്തിന്റെ വിവിധ മേഖലകളിലെ അനുഭവങ്ങൾ പങ്കുവെച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ആരോഗ്യവിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന കാലം അദ്ദേഹം ഓർത്തെടുത്തു. രത്നാകരനും ശശിധരനും പുഷ്പരാജനും അഞ്ചാം തരം ഓർമ്മിച്ചു പറഞ്ഞു.

സജിത്ത്, എൻ.പി. സ്കൂളിലെ ഉപ്പുമാവ് പാകം ചെയ്യലും വെള്ളം കൊണ്ടുവരലും പാത്രം കഴുകലും ഓർമ്മപ്പെടുത്തി. 'ഇത്തരം സേവകർക്ക് ഉപ്പുമാവ് അഡീഷണലായി കിട്ടും' എന്ന് പറഞ്ഞപ്പോൾ ഹാളിൽ ഉപ്പുമാവിന്റെ മണം പരന്നൊഴുകി. അന്നത്തെ വിശപ്പിന്റെ കാഠിന്യം ആ വാക്കുകളിൽ പ്രതിഫലിച്ചു. ശകുന്തള എന്ന മിടുക്കി പെൺകുട്ടി ഇന്ന് അമ്മയായി. നല്ലൊരു സംഘടനാശേഷിയുള്ള വ്യക്തിയാണവൾ. ഒപ്പം പഠിച്ച നാലഞ്ച് പേരെ സംഘടിപ്പിച്ച് ഒരു വർഷം മുമ്പ് അവൾ വീട്ടിൽ വന്നു. സമ്മാനങ്ങളുമായാണ് വന്നത്. 

 51-Year Reunion of 1975 Fifth-Grade Classmates Brings Heartwarming Memories and Teacher-Student Bond

സാമ്പത്തികമായി ബുദ്ധിമുട്ടാണെങ്കിലും പൊതുനന്മയ്ക്കും കഷ്ടപ്പെടുന്നവരെ സഹായിക്കാനും ശകുന്തള മുന്നിലുണ്ടാവും. നല്ല പാട്ടുകാരിയാണ്. സരസമ്മ ടീച്ചർ അരനൂറ്റാണ്ടിന് മുമ്പ് പഠിപ്പിച്ചു കൊടുത്ത പ്രാർത്ഥനാ ഗാനം ആലപിച്ചത് ശകുന്തളയുടെ നേതൃത്വത്തിലാണ്.

റിട്ട. ഹെഡ്ടീച്ചറായ സുലോചന, മൂന്നാം ക്ലാസിൽ മൂന്നുകൊല്ലം പഠിച്ചതും അച്ഛന്റെ കൂടെ കുടകിൽ പോയതും വേദനയോടെ പങ്കുവെച്ചു. സൂര്യ ടീച്ചറുടെ വീട്ടിൽ നിന്ന് ഉച്ചക്ക് കഞ്ഞി കിട്ടിയതും മറ്റും പറഞ്ഞത് ചിലരുടെ കണ്ണിനെ ഈറനണിയിച്ചു. അങ്കണവാടി ടീച്ചറായ പ്രേമലത അവിടെ നിന്നാണ് ഓടിച്ചാടി സംഗമത്തിനെത്തിയത്. പഴയ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.

സംഘാടകരും പ്രിയ വിദ്യാർഥികളും

പ്രധാന മൂന്ന് സംഘാടകരിൽ ഒരാളാണ് മാധവൻ പട്രോട്ടിൽ. പ്രോഗ്രാം വിവരം അറിയിക്കാനും എന്നെ ക്ഷണിക്കാനും വീട്ടിലേക്ക് വന്നത് മുരളിയും മാധവനുമായിരുന്നു. അഞ്ചാം ക്ലാസുകാരനായ മാധവനെ ഓർത്തു. അന്ന് ഒരു മിണ്ടാപ്രാണിയായിരുന്നു അവൻ. അവന്റെ സ്വാഗത ഭാഷണം കേട്ട് ഞങ്ങൾ ആവേശഭരിതരായി. 

അളന്നുമുറിച്ച വാക്കുകൾ, കൃത്യമായ സംസാരം, നല്ലൊരു പ്രഭാഷകന്റെ ശൈലി. ഏവൺ ക്ലബ്ബിന്റെ പരിപാടികളിൽ ഞങ്ങൾ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. പക്ഷേ ഈ ഒത്തൊരുമയിലാണ് ശരിക്കും മാധവനെ തിരിച്ചറിഞ്ഞത്. ഏറ്റെടുത്ത പ്രവൃത്തി കൃത്യമായും കണിശമായും ചെയ്യും. എല്ലാത്തിനും ആദ്യമായി ഇറങ്ങിപ്പുറപ്പെടും. ഹെഡ്മാസ്റ്ററായാണ് സർവീസിൽ നിന്ന് പിരിഞ്ഞത്.

പ്രകാശൻ, ഞങ്ങളൊക്കെ പാച്ചു എന്ന് വിളിക്കും. അഞ്ചാം ക്ലാസിലാണ് അവൻ ചേർന്നത്. എന്റെ ശിഷ്യത്വം അഞ്ചുമാസമേ അവന് സഹിക്കേണ്ടി വന്നുള്ളൂ. ആ കാലയളവിനുള്ളിൽ ഞാൻ അവനെ ശരിക്കും പഠിച്ചു. അവനിൽ കണ്ട മനുഷ്യസ്നേഹം കൂടുതൽ കരുത്താർജ്ജിക്കാൻ എന്റെ പ്രേരണ സഹായകമായി. ഏവൺ ക്ലബ്ബ് ലൈബ്രറിയിൽ അംഗത്വം നൽകിയതും, സാക്ഷരതാ പരിപാടിയുടെ ഭാഗമായി നിരക്ഷരതാ സർവ്വേയിൽ പങ്കെടുപ്പിച്ചതും അവൻ ഓർത്തു പറഞ്ഞു. റോവർ ക്രൂ എന്ന സംഘടന കരിവെള്ളൂരിൽ രൂപീകരിച്ചപ്പോൾ അതിൽ സേവനം നടത്തിയതും ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്.

ഇരുപത്തൊന്നാം വയസ്സിൽ ടെലിഫോൺസിൽ ജോലി കിട്ടി. അവിടെ നിന്ന് റിസൈൻ ചെയ്ത് റെയിൽവേ സർവീസിൽ കയറി. 39 വർഷത്തെ സേവനത്തിനു ശേഷം ഈ വർഷമാണ് പിരിഞ്ഞത്. എറണാകുളത്താണ് താമസം. അവിടെ ഇരുന്നുകൊണ്ട് ഒത്തൊരുമ പരിപാടി നിയന്ത്രിച്ചത് പാച്ചനാണ്. വായന അവനെ ഉയരത്തിലെത്തിച്ചു. ഈ പരിപാടിയുടെ തുടക്കം തന്നെ എല്ലാവരെയും പിടിച്ചിരുത്താൻ പറ്റുന്ന ഒരു കഥ പറച്ചിലിലൂടെയായിരുന്നു. ആമുഖമൊന്നുമില്ലാത്ത ആ തുടക്കം ഏറെ ആകർഷകമായി. പിന്നീടാണ് സ്വാഗതവും പ്രാർത്ഥനയുമൊക്കെ തുടങ്ങിയത്. ആത്മാർത്ഥതയുടെ നിറകുടമാണ് പാച്ചൻ. എളിമയാണ് അവന്റെ മുഖമുദ്ര.

ഇതിനൊക്കെ പുറമേ എന്നെ ആകർഷിച്ചത് സംഘടനാപാടവം പൂർണ്ണതോതിൽ സന്നിവേശിച്ച എന്റെ പ്രിയ വിദ്യാർഥി പി. മുരളീധരന്റെതാണ്. അവനാണ് ഒത്തൊരുമയുടെ കടിഞ്ഞാൺ പിടിച്ച് സഹപാഠികളെ നയിച്ചത്. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്ര ഗവേഷകൻ, മികച്ച അധ്യാപകൻ എന്നീ നിലകളിൽ തന്റേതായ കയ്യൊപ്പ് ചാർത്തി മുന്നേറുന്ന വ്യക്തിത്വമാണ് അവന്റേത്. 

സമൂഹത്തിലും ചുറ്റുപാടുകളിലും കാണപ്പെടുന്ന അനീതികളോട് കലഹിക്കുന്നവനാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന വ്യവസ്ഥകളോടും ആശയങ്ങളോടും ഒത്തുപോവുകയും, അല്ലാത്തവയെ മാറ്റിനിർത്തുകയും ചെയ്യുന്ന സ്വഭാവക്കാരനാണ്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അവൻ. പഴയ സ്കൂൾ ക്ലാസുമുറികളിലൂടെ കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന രീതിയിലാണ് സംസാരം നീണ്ടത്.

സന്നിഹിതരായവരിൽ രമേശൻ റിട്ട. എസ്.ഐ, അരവിന്ദാക്ഷൻ മംഗലാപുരം, ഭാസ്കരൻ പ്രവാസി, ശ്രീധരൻ നാടൻ പണി, ബാലചന്ദ്രൻ ലോട്ടറി, കരിഞ്ചിയിൽ കരുണാകരൻ, കുണിയനിൽ താമസിക്കുന്ന ശശി, ഗ്രൂപ്പിന്റെ ആരംഭക്കാരിയായ ഉഷ ടീച്ചർ, രമണി കൊടക്കാട്, ശ്യാമള തെക്കെ മണക്കാട്, ശോഭന, രാധാമണി, സോയ ആറ്റാശ്ശേരി, ശ്യാമള പലിയേരി, നാരായണി, ആയിഷ, ബാലാമണി എന്നിവരും തങ്ങളുടെ പഠനകാല അനുഭവങ്ങൾ പങ്കുവെച്ചു.

കുട്ടിത്തം മാറാത്ത സ്നേഹവും ആദരവും

അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഓർമ്മകൾ പൊടി തട്ടിയെടുക്കാനും പഴയ മുഖങ്ങൾ വീണ്ടും സ്മരണയിലേക്ക് കൊണ്ടുവരാനും അവർ തന്നെ മുൻകയ്യെടുത്ത് നടത്തിയ ഈ ഒത്തൊരുമ പരിപാടി മാതൃകാപരമാണ്. 1975-ലെ പത്ത് വയസ്സുകാരായ ആൺകുട്ടികളുടെ വള്ളി ട്രൗസറും കുഞ്ഞു കുപ്പായവും, പെൺകുട്ടികൾ അണിഞ്ഞ അരപ്പാവാടയും കുഞ്ഞു ബ്ലൗസും ഓർത്ത് അവർ ചിരിച്ചു. 

ബാല്യകാലം തുടർന്ന് കൗമാരവും യുവത്വവും കടന്ന് മധ്യവയസ്കരായവരുടെ ഇന്നത്തെ രൂപവും ഭാവവും മാറിയത് അധ്യാപകരായ ഞങ്ങൾ അവരുടെ ഓർമ്മയിലേക്ക് കൊണ്ടുവന്നു. അന്ന് അവർക്ക് ലഭിച്ച തല്ലും നുള്ളും വഴക്കുപറച്ചിലും ഓർമ്മയുടെ കുപ്പിഗ്ലാസുകളിൽ അവർ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

അധ്യാപകരായ ഞങ്ങൾ അവരെ കുട്ടികളായിത്തന്നെ കണ്ടു. നല്ല കാര്യം ചെയ്താൽ മിഠായി കൊടുത്ത് സന്തോഷിപ്പിക്കുന്നത് പോലെ, അവരെ മേശക്കരികിലേക്ക് വിളിച്ച് ഓരോ മിഠായി അവരുടെ കുഞ്ഞുകൈകളിലേക്ക് വെച്ചുകൊടുത്തു. പത്ത് വയസ്സുകാര കുഞ്ഞുങ്ങളെപ്പോലെ നാണം കുണുങ്ങികളായിട്ടാണ് അവർ മിഠായി സ്വീകരിച്ചത്. അത് വായിലിട്ട് ആസ്വദിച്ചതും കുട്ടിത്തം മാറാത്ത മുഖഭാവത്തോടെയായിരുന്നു. മൈക്കിന് മുന്നിൽ നിന്ന് സംസാരിച്ച ഓരോരുത്തർക്കും ചെറിയൊരു പൊതി സമ്മാനമായി ഞങ്ങൾ വെച്ചുകൊടുത്തു.

എന്റെ ജന്മദിനം നവംബർ എട്ടിനായിരുന്നു. അത് മണത്തറിഞ്ഞിട്ടോ എന്തോ, ജന്മദിനാശംസ നേർന്നുകൊണ്ട് കേക്ക് മുറിക്കൽ ചടങ്ങും അവർ നടത്തി. അധ്യാപകരായ ഞങ്ങളെ ഷോൾ അണിയിച്ച് ആദരിച്ചതിന് പുറമേ അതിമനോഹരമായ മെമെന്റോയും സമ്മാനിച്ചു. മറ്റെവിടെയും കാണാത്ത ഒരു സംഭവം കൂടി ഉണ്ടായി. ഏവൺ ക്ലബ്ബിന്റെ സമീപത്ത് തന്നെയാണ് പാച്ചന്റെ വീട്. അവിടെ ചെന്നാണ് ഞങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചത്. ഓർക്കുന്തോറും ഈ സദുദ്യമം മനോഹരവും അർത്ഥപൂർണ്ണവുമാക്കിയ കുട്ടികളെ വീണ്ടും കാണാനും അവരെ ഹൃദയത്തോട് ചേർത്ത് സ്നേഹിക്കാനും മനസ്സ് വെമ്പുന്നു.

ഈ ഹൃദ്യമായ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.  പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: A heartwarming memoir recounting a 51-year reunion of 1975 fifth-grade classmates in Karivellur, filled with childhood memories, life stories, and affectionate tributes to their former teachers.

#Kvartha #Karivellur #SchoolReunion #Memories #TeacherStudentBond #MalayalamFeature #Nostalgia #KasargodNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kookkanam Rahman
Kookkanam Rahman

33 Articles

Tags

Share this story

wellfitindia