AIDS Awareness | ലൈംഗിക സുഖാനുഭവങ്ങൾ ഇങ്ങനെയൊക്കെ! എയ്ഡ്‌സ് ബോധവൽക്കരണത്തിൻ്റെ അനുഭവ സാക്ഷ്യങ്ങൾ
● സുരക്ഷിത ലൈംഗിക ബന്ധത്തെ കുറിച്ചാണ് ഇക്കൂട്ടരെ ബോധവാൻമാരാക്കേണ്ടത്.
● എയ്ഡ്സ് രോഗബാധിതരായി മരിച്ച രക്ഷിതാക്കളുടെ മക്കളെ സ്കൂളിൽ പോലും പ്രവേശിക്കാനുവദിക്കാത്ത സന്ദർഭമുണ്ടായ സമയത്താണ് പദ്ധതിയുമായി ഞാൻ മുന്നോട്ടു പോയത്.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 36
(KVARTHA) നമുക്കെല്ലാവർക്കും ഒരുപാട് ജീവിതാനുഭവങ്ങളുണ്ടാവുമല്ലേ. അവയിൽ പലതും കുടുംബങ്ങളിൽ പങ്കുവെച്ചിട്ടുണ്ടാവാം. ചില കാര്യങ്ങൾ സമൂഹത്തിലും. അതിനിടയിൽ പറയാതെ ഉള്ളിൽ കെട്ടിവെച്ച അനുഭവങ്ങളുമുണ്ടാകും. ആ അനുഭവങ്ങൾ പലപ്പോഴും കാലത്തിനും ദേശത്തിനും പ്രവർത്തനത്തിനും അനുശ്രുതമായിരിക്കും. 1990 കാലഘട്ടത്തിൽ എയ്ഡ്സ് (AIDS) രോഗത്തിൻ്റെ ഭീഷണിയിലായിരുന്നു ലോകമെമ്പാടുമുളള ജനങ്ങൾ. അന്ന് ആ രോഗത്തിന് മരുന്നില്ലെന്നും പ്രതിരോധിക്കുക മാത്രമേ വഴിയുള്ളുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയിലെ വക്താക്കൾ.
1999ൽ കേരള സർക്കാരിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി തൃശൂർ ജില്ലയിൽ സന്നദ്ധ സംഘടനാ ഭാരവാഹികൾക്ക് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസ് നടത്തുന്നുണ്ടെന്നും താൽപര്യമുള്ള സന്നദ്ധ സംഘടനാ ഭാരവാഹികൾക്ക് പങ്കെടുക്കാമെന്നും ഒരു പ്രസ് റിലീസ് കണ്ടു. പ്രസ്തുത രോഗത്തെക്കുറിച്ച് പഠിക്കാനും സമൂഹത്തിന് എന്തെങ്കിലും ചെയ്തു കൊടുക്കാൻ പറ്റുമെങ്കിൽ അക്കാര്യം അറിയാനും ആഗ്രഹമുള്ളതിനാൽ ആ പരിപാടിയാൽ പങ്കെടുക്കാൻ ഞാൻ തയ്യാറായി. അങ്ങനെ അതിന്റെ ഭാഗമായി പാൻടെക്കിൻ്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ എയ്ഡ്സ് പ്രതിരോധ പ്രവർത്തനം നടത്താമെന്ന് കമ്മറ്റി തീരുമാനിച്ചു.
പ്രവർത്തനത്തിന് എന്നെ ഡയറക്ടറായും നിശ്ചയിച്ചു. പല സ്ത്രീകളുമായും പുരുഷന്മാരുമായും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴാണ് പ്രധാനമായും ഈ രോഗം വ്യാപിക്കുന്നത് എന്നായിരുന്നു ആദ്യം ധരിച്ചു വെച്ചിരുന്നത്. അത് മാത്രമല്ല ഈ രോഗ വ്യാപനത്തിന് കാരണമെന്ന് പിന്നീട് മനസ്സിലായി. ഈ സന്നദ്ധപ്രവർത്തനത്തിന് വേണ്ടി പലരുമായും എനിക്ക് ഇടപെടേണ്ടി വന്നു. സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ട സ്ത്രീ ലൈംഗികതൊഴിലാളികൾ, പുരുഷ ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് കുത്തിവെപ്പിന് അടിമയായവർ, ട്രക്ക് ഡ്രൈവേർസ്, ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിപ്പെട്ട തൊഴിലാളികൾ എന്നിവരുമായൊക്കെ ഇടപെട്ടാണ് ബോധവൽക്കരണം നടത്തേണ്ടിയിരുന്നത്.
സുരക്ഷിത ലൈംഗിക ബന്ധത്തെ കുറിച്ചാണ് ഇക്കൂട്ടരെ ബോധവാൻമാരാക്കേണ്ടത്. പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. കോണ്ടം പ്രചാരണം ഈ പ്രവർത്തനത്തിൻ്റെ പ്രധാന ഇനമാണ്. ആ കാരണത്താൽ മുസ്ലീം - ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ചില എൻ.ജി.ഒകൾ പദ്ധതി നടത്താൻ താൽപര്യം കാണിച്ചില്ല. എങ്കിലും ഇതൊരു സാമൂഹ്യബാധ്യതയായി ഏറ്റെടുത്തുകൊണ്ട് പ്രൊജക്ട് ഏറ്റെടുത്തു നടത്താൻ ഞാൻ തയ്യാറായി. എയ്ഡ്സ് രോഗബാധിതരായി മരിച്ച രക്ഷിതാക്കളുടെ മക്കളെ സ്കൂളിൽ പോലും പ്രവേശിക്കാനുവദിക്കാത്ത സന്ദർഭമുണ്ടായ സമയത്താണ് പദ്ധതിയുമായി ഞാൻ മുന്നോട്ടു പോയത്. അത് കൊണ്ട് തന്നെ എല്ലാ ഭാഗത്തുനിന്നും എതിർപ്പുകൾ ഒരുപാടുണ്ടായി. അതിനെയൊക്കെ സധൈര്യം നേരിട്ടു മുന്നേറി.
അതേവരെ കണ്ടു മുട്ടാത്ത പല വ്യക്തിത്വങ്ങളേയും കണ്ടുമുട്ടാൻ ഈ പദ്ധതി വഴി അവസരമുണ്ടായി. ഒരു ദിവസം എൻ്റെ ഓഫീസിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഒരു പെൺകുട്ടി കടന്നു വന്നു. മഞ്ചേശ്വരക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തി. പേരും വിവരങ്ങളും പറഞ്ഞു. മേശക്ക് സമീപത്ത് നിന്ന് സംസാരിക്കുമ്പോൾ തന്നെ സിഗരറ്റിൻ്റെ മണം എൻ്റെ മൂക്കിലേക്ക് അടിച്ചു കയറിയിരുന്നു. പക്ഷെ അതേപ്പറ്റി ഞാനൊന്നും സംസാരിച്ചില്ല. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ലല്ലോ? വേഷത്തിലും നല്ല വ്യത്യാസമുണ്ട്. പാൻ്റും ടോപ്പുമാണ് ഇട്ടിരുന്നത്. തലയിൽ പേരിനെന്ന പോലെ ഒരു സ്കാർഫ് ഇട്ടിട്ടുണ്ട്. 'സാർ ക്ഷമിക്കണം. ഞാൻ സ്മോക്ക് ചെയ്യാറുണ്ട്. അത് മാറ്റാൻ കഴിയുന്നില്ല', എനിക്ക് അസ്വസ്ഥത തോന്നിയെന്ന് അവൾക്ക് മനസ്സിലായത് പോലെ ഇങ്ങോട്ട് തന്നെ കാര്യങ്ങൾ ബോധിപ്പിച്ചു.
'ഓ അത് സാരമില്ല. മിക്ക സ്ത്രീകളും ഇന്ന് പുകവലിക്കാറുണ്ട്', ഞാനതിന് മറുപടി കൊടുക്കുകയും ചെയ്തു. 'എൻ്റെ കൂടെ ഒരു സുഹൃത്ത് വന്നിട്ടുണ്ട്', അതും പറഞ്ഞ് അവൾ, വാതിൽ പടിയിലേക്ക് നോക്കി. നോക്കുമ്പോൾ ഒരു പതിനെട്ട് വയസ് തോന്നിക്കുന്ന പെൺകുട്ടി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. ആ കുട്ടി അടുത്തെത്തിയതും അവളെ കൂട്ടിപ്പിടിച്ച് അടുത്തു നിർത്തി കൊണ്ട് നസീമ പറഞ്ഞു. 'സാർ ഇതെൻ്റെ പാർട്ണറാണ്. ഞങ്ങൾ ഒപ്പമാണ് താമസം', ഞാൻ അല്പമൊന്ന് അമ്പരന്നു. ഇത്തരം സ്വഭാവമുള്ള ഒരു സ്ത്രീയെ കുറിച്ച് ഒരു സാമൂഹ്യ പ്രവർത്തക പറഞ്ഞ കാര്യം ഓർമ്മയുണ്ട്. എങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു. കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കി.
നോക്കുമ്പോൾ കൂടെയുള്ള പെൺകുട്ടി നസീമയുടെ ഭാര്യയാണ്. നസീമ ഭർത്താവിൻ്റെ ചുമതല നിർവ്വഹിക്കുന്നു. പെണ്ണും പെണ്ണും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്വഭാവവിശേഷമുള്ള വ്യക്തികളാണ് അവർ. നസീമ സ്വന്തം കുടുംബത്തിൽ തന്നെയാണ് താമസം. കിട്ടാവുന്ന തൊഴിൽ എന്തെങ്കിലും ചെയ്യും. വീട്ടു സാധനങ്ങളുമായി താമസസ്ഥലത്തെത്തും. ഭക്ഷണമൊക്കെ ഡൈനിങ് ടേബിളിൽ എത്തിയിരിക്കണം. പുരുഷസമാനമായ പെരുമാറ്റമാണ് അവളുടേത്. ആരെയും കൂസാതെയുള്ള ജീവിതവും. ഈ കാര്യങ്ങളൊക്കെ മറ്റേ പെൺകുട്ടിയുടെ വർത്തമാനത്തിൽ നിന്നാണ് എനിക്ക് മനസ്സിലായത്. അവരുടെ പ്രശ്നങ്ങൾക്ക് അറിയാവുന്ന, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
സംസാരത്തിനു ശേഷം, സന്തോഷത്തോടെയാണ് അവർ രണ്ടുപേരും യാത്ര പറഞ്ഞു പോയത്. അത് പോലെ വ്യത്യസ്തമായ സ്വഭാവമുള്ള വേറൊരു വ്യക്തിയേയും കണ്ടുമുട്ടാനിടയായി. അത് പക്ഷെ അവൻ്റെ അമ്മയാണ് ആദ്യം ഓഫീസിലെത്തി എന്നെ കണ്ടത്. 'എൻ്റെ പതിനാറു വയസ്സുകാരനായ മകൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടികാണിക്കുന്നു. എത്ര നിർബ്ബന്ധിച്ചാലും സ്കൂളിലും പോകുന്നില്ല. അവൻ മുറിയിൽ അടച്ചിരിപ്പാണ്. പാവാടയും ബ്ലൗസും ധരിക്കാനാണിഷ്ടം. അവന് ഒരു അനിയനുണ്ട്. അവനെ പോലും തൊടാൻ അനുവദിക്കില്ല. ശബ്ദവും നടത്തവുമൊക്കെ സ്ത്രീ സമാനമാണ്. അവൻ്റെ ആഗ്രഹം ഓപ്പറേഷൻ നടത്തി സ്ത്രീയാവണമെന്നാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?' അത് പറഞ്ഞപ്പോൾ ആ സ്ത്രീ കരയുന്നുണ്ടായിരുന്നു.
എന്തൊക്കയോ പറഞ്ഞു കൊണ്ട് അവരെ ഒരു വിധം സമാധാനിപ്പിച്ചു. മകനെ നേരിട്ട് കണ്ടു സംസാരിക്കാം എന്ന വാക്കും നൽകി. അങ്ങനെ ഒരു ദിവസം, ആ സ്ത്രീയുടെ മകനെ നേരിട്ടു കാണാൻ ചെന്നു. അമ്മ പറഞ്ഞത് തന്നെയാണ് അവനും പറയാനുണ്ടായിരുന്നത്. അവൻ്റെ ലൈംഗികാവയവങ്ങളൊക്കെ പുരുഷൻ്റേത് തന്നെ. ലൈംഗികാവയവം മാറ്റി സ്ത്രൈണ ലൈംഗികാവയവം വെക്കണമെന്നാണ് അവന്റെ ആവശ്യം. ഇത്തരം ഓപ്പറേഷൻ നടത്തിയ വ്യക്തികളെ അവന് അറിയാമെന്നും പറഞ്ഞു. ചെന്നൈയിൽ ലൈംഗികാവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഹോസ്പിറ്റലുണ്ടെന്നും അതിനുള്ള സാമ്പത്തിക സഹായം കിട്ടാനുള്ള വഴികളെ കുറിച്ചറിയണമെന്നുമാണ് അവൻ്റെ ആവശ്യം. സ്ത്രീലൈംഗികാവയവം മാറ്റി വെച്ചാൽ ഗർഭിണി ആവാൻ സാധിക്കില്ല. കാരണം ഗർഭപാത്രം ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്തത് കൊണ്ടു തന്നെ.
അറിയാവുന്ന നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു തീരുമാനിക്കാമെന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു വിട്ടു. മെൻ സെക്സ് വിത്ത് മെൻ (എംഎസ്എം) എന്നൊരു വിഭാഗം വ്യക്തിത്വങ്ങളെയും പരിചയപ്പെട്ടു. ഇത്തരക്കാർക്ക് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ താൽപര്യമുണ്ടാവില്ല. പുരുഷന്മാരുമായി ബന്ധത്തലേർപ്പെടാനാണ് താൽപര്യം. 'എംഎസ്എം' വിഭാഗക്കാർ എണ്ണത്തിൽ കൂടുതലുണ്ട്. ഒരു എംഎസ്എം കാരനുമായി വിവാഹം നടന്ന പെൺകുട്ടി അവളുടെ വേദന പങ്കുവെച്ചതിങ്ങനെയായിരുന്നു. ഞങ്ങളുടെ വിവാഹം നടന്നിട്ട് മൂന്നു വർഷമായി. ഭർത്താവ് ഇതേ വരെ എന്നോട് സ്നേഹത്തോടെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഒന്നിച്ചാണ് കിടത്തവും ഉറക്കവുമൊക്കെ.
അദ്ദേഹം തിരിഞ്ഞു കിടന്നുറങ്ങും. പക്ഷേ ആൺ സുഹൃത്തുക്കൾ വീട്ടിലേക്ക് വരാറുണ്ട്. അവരുമായി വീട്ടിലെ ഒഴിഞ്ഞ മുറികളിൽ കൂട്ടുകൂടിയിരിക്കും. ഇതെല്ലാം കണ്ടും അനുഭവിച്ചും മടുത്തു. കഴിഞ്ഞ മാസം അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേർപെടുത്തി. ഇത്തരം സ്വഭാവ വൈചിത്ര്യമുള്ളവരെ തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് സാധിക്കാത്തതിനാലാണ് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു വിട്ടുന്നത്. ഇങ്ങിനെ വ്യത്യസ്ത രീതിയിൽ ലൈംഗിക സുഖം അനുഭവിക്കുന്നവർ സമൂഹത്തിലുണ്ട്. ഇവരിലൂടെയാണ് എച്ച്.ഐ.വി. അണുബാധ പകരാൻ സാധ്യത. അതിനാൽ ഇവരുടെ ലൈംഗിക സ്വഭാവം മനസ്സിലാക്കിക്കൊണ്ട് ആവശ്യമായ കൗൺസിലിംഗും ബോധവൽക്കരണവും പ്രൊജക്ട് മുഖേന ചെയ്യണമെന്നാണ് ഞങ്ങൾക്ക് അന്ന് കിട്ടിയ നിർദ്ദേശം. അത് നന്നായി പാലിച്ചു പോവുകയും ചെയ്തു.
#AIDSAwareness #HIVPrevention #SocialWork #SexualHealth #Kerala #MSM