Addiction | അമിത ലാളന അപകടം വരുത്തും 

 
 image of Home vegetable garden
 image of Home vegetable garden

Representational Image Generated by Meta AI

 ● ഒരു നാടൻ ചൊല്ലുണ്ട്  'വാതുക്കൽ വളർത്തിയ കോഴിയും അമ്മ വളർത്തിയ മക്കളും രണ്ടും അച്ചടക്കമില്ലാത്തവയാണെന്ന്'. 
 ● അമ്മയുടെ അമിത സ്നേഹവും ലഹരിയുമാണ് അവനെ തകർത്തത് 
 ● ദാരിദ്ര്യവും അനിയന്റെ തെറ്റായ തീരുമാനങ്ങളും അവനെ വക്രീകരിച്ചു.

(KVARTHA) ബാല്യത്തിനും യൗവനത്തിനുമിടയിലെ, ഒരു സങ്കീർണ കാലഘട്ടമാണ് കൗമാരം. അവിടെയെത്തുമ്പോൾ നമുക്ക് സ്വയം തോന്നും, ഞാൻ തന്നെയാണ് രാജാവ്, ഞാൻ തന്നെയാണ് മന്ത്രി ഞാൻ തന്നെയാണ് ഏറ്റവും വലിയ ശരിയെന്നും. അതിങ്ങനെ തലയിൽ മുഴങ്ങി നിൽക്കുമ്പോൾ, ഉപദേശങ്ങളോടും ഉപകാരങ്ങളോടുമൊക്കെ നമ്മുക്ക് വല്ലാത്ത പുച്ഛം തോന്നും. അത് തന്നെയായിരുന്നു എന്റെ കൗമാരവും. പതിനാറിലെത്തിയപ്പൊ തന്നെ അല്പം തല തെറിച്ച ദാർഷ്ട്യമൊക്കെ കാണിക്കുന്ന പരുവത്തിലേക്ക് ഞാൻ മാറി പോയിരുന്നു. എങ്കിലും എന്റെ നിലവിട്ട് ഞാൻ ഒരിക്കലും പെരുമാറിയിരുന്നില്ല. പക്ഷെ ആ അവസ്ഥയിൽ നിന്ന് പുറത്തു കടക്കാതെ, കടക്കാനാവാതെ തകർന്ന് പോയ രണ്ട് പേരുണ്ട്. അവരെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. 

എന്റെ ബാപ്പ സ്നേഹമുള്ളവനായിരുന്നു. എടുത്തു ചാട്ടമോ കോപമോ ഇല്ലാത്ത സാത്വികൻ. സുന്ദര വദനമൊക്കെയാണെങ്കിലും അല്പം കൂനുണ്ട്. തൃക്കരിപ്പുരാണ് സ്വദേശം. മൂപ്പർക്ക് പക്ഷെ മരുമക്കത്തായ ജീവിത രീതിയാണ്. അത് കൊണ്ട് തന്നെ മക്കളെ ശ്രദ്ധിക്കില്ല. മരുമക്കളോടാണ് കൂടുതലിഷ്ടവും സഹകരണവുമൊക്കെ. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഞങ്ങളെ കാണാൻ വീട്ടിലേക്ക് വരും. ഉമ്മയ്ക്ക് പക്ഷെ ഉപ്പയെ അത്ര ഇഷ്ടമായിരുന്നില്ല. ഭർത്താവിൻ്റെ വീട്ടിലേക്ക് പോവാറെയില്ല. അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് ഞങ്ങളും ഉമ്മയും ജീവിച്ചു വന്നത്. 

എങ്കിലും ഉപ്പയെനിക്ക് ആകെ തന്ന രണ്ട് സമ്മാനങ്ങളെക്കുറിച്ച് ഞാൻ എന്നുമോർക്കും. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് അഞ്ചു രൂപ മണി ഓർഡറായി അയച്ചു തന്നതും, എനിക്കും എൻ്റെ തൊട്ട് താഴെയുള്ള അനിയനും ചന്തയിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന വള്ളി ട്രൗസറും കുപ്പായവും. ഞാൻ ജനിച്ച് എട്ടുവർഷം കഴിഞ്ഞപ്പോഴാണ് രണ്ടാമത്തെ അനിയനുണ്ടായത്. അവന് എട്ടുവയസ്സും എനിക്ക് പതിനാറ് വയസ്സും ഉള്ളപ്പോഴാണ് മൂന്നാമത്തെ ആൾ പിറക്കുന്നത്. ഞങ്ങളെ നോക്കാത്ത ബാപ്പയോട് ഒരിക്കൽ എനിക്ക് തുറന്നു പറയേണ്ടി വന്നു. 'ഇനി ഒരു കുഞ്ഞ് ഉണ്ടാവേണ്ടായെന്ന്'. എന്നിട്ടും മൂന്നാമൻ ഉണ്ടായി. 

കുഞ്ഞായിരിക്കുമ്പോൾ തന്നെ നല്ല കുരുത്തക്കേട് കാണിക്കുന്നവനായിരുന്നു അവൻ. അനുസരണ തീരെയുണ്ടായിരുന്നില്ല. എല്ലാം അവൻ്റെ സ്വന്തം ഇഷ്ടപ്രകാരമേ നടക്കൂ. എന്നിട്ടും അഞ്ചാം ക്ലാസുവരെ ഞാൻ അവനെ ശ്രദ്ധിച്ചു വളർത്തി. അഞ്ചാം ക്ലാസിൽ അവൻ എൻ്റെ ശിഷ്യനായിരുന്നു. ഒന്നിച്ചു ഭക്ഷണം കഴിപ്പിച്ചും ഒന്നിച്ച് കിടത്തി ഉറക്കിയും അവനെ ഞാൻ സ്നേഹിച്ചു വളർത്തി. ആറാം ക്ലാസിൽ ഞാൻ പഠിച്ച ഓലാട്ട് സ്കൂളിൽ അവനെ ചേർക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു. പക്ഷെ അവൻ ബന്ധുവായ ആയിഷ എന്ന പെൺകുട്ടിയുടെ കൂടെ പെരളം എ.യു.പി. സ്കൂളിൽ ചേർന്നു പഠിക്കണമെന്ന വാശികാണിച്ചു. ഒടുവിൽ അവന്റെ ഇഷ്ടത്തിന് ഞാൻ വിട്ടുകൊടുത്തു. 

അതിന് ശേഷം അവൻ്റെ പഠന കാര്യത്തിൽ ഞാൻ പഴയ പോലെ ശ്രദ്ധ ചെലുത്തിയില്ല. ഉമ്മയുടെ അരുമയായിരുന്നു അവൻ. അവൻ്റെ എല്ലാ ആഗ്രഹങ്ങളും ഉമ്മ നിർവ്വഹിച്ചു കൊടുക്കും. ഒരു നാടൻ ചൊല്ലുണ്ട്  'വാതുക്കൽ വളർത്തിയ കോഴിയും അമ്മ വളർത്തിയ മക്കളും രണ്ടും അച്ചടക്കമില്ലാത്തവയാണെന്ന്'. അവന്റെ കാര്യത്തിൽ അത് അത് പോലെ വന്നു. എസ്എസ്എൽസി പരീക്ഷ അടുക്കാറായപ്പോൾ അവന് മാനസികവിഭ്രാന്തിയുണ്ടായി. കണ്ണൂര് കൊണ്ടുപോയി സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടിവന്നു. ഒടുവിൽ എങ്ങിനെയോ പരീക്ഷയെഴുതിച്ചു. കഷ്ടിച്ചു പാസായി. അവൻ്റെ അഞ്ചാം ക്ലാസുവരെയുള്ള പഠന നിലവാരം വെച്ച് ഫസ്റ്റ് ക്ലാസ് ലഭിക്കേണ്ടതായിരുന്നു. 

തുടർന്നു പഠിക്കാൻ അവന് താൽപര്യമുണ്ടായിരുന്നില്ല. അവൻ്റെ ജ്യേഷ്ഠൻ്റെ ഒപ്പം കുടി കച്ചവടത്തിലും ഓട്ടോറിക്ഷ ഓടിക്കുന്നതിലും മാത്രമായി ശ്രദ്ധ. ജ്യേഷ്ഠനും ഗുരുനാഥനും ബാപ്പയുടെ സ്ഥാനത്തു നിന്ന് സ്നേഹം നൽകിയവനുമായ എന്നെ അവൻ തൃണവൽക്കരിക്കാൻ തുടങ്ങി. ഉമ്മയുടെ പൊന്നു മോനായതിനാൽ എല്ലാ സൗകര്യങ്ങളും ഉമ്മയുടെ ഭാഗത്തു നിന്ന് അവന് കിട്ടുകയും ചെയ്തു. അവനും അവൻ്റെ ജ്യേഷ്ഠനും ആഡംബര ജീവിതം ആഗ്രഹിക്കുന്നവരായിരുന്നു. നാട്ടിൽ ആദ്യമായി ടെലിവിഷൻ വാങ്ങിയത് അവരായിരുന്നു. രണ്ടു പേരും മോട്ടോർ ബൈക്കിൻ്റെ ഉടമകളായി. ഭക്ഷണം ഹോട്ടലുകളിൽ നിന്നായി. 

അടിച്ചു പൊളിക്കാൻ പണം തികയാതെ വന്നു. വളരെ കഷ്ടപ്പെട്ട് എൻ്റെ തൊട്ട് താഴെയുള്ളവന് ഞാനാദ്യമായി കച്ചവടത്തിനായി കെട്ടിക്കൊടുത്ത പീടികയും, പീടിക നിന്ന സ്ഥലവും ഞാനറിയാതെ, എന്നോട് ഒരു വാക്ക് പോലും പറയാതെ അവർ വിറ്റു. ഉമ്മയും അതിന് കൂട്ടുനിന്നു എന്നതാണ് ഏറെ സങ്കടകരം. ആ കാലത്ത് (1978 ൽ) ഞാൻ കരിവെള്ളൂരിൽ ബീഡിത്തൊഴിലാളികൾക്കു വേണ്ടി സാക്ഷരതാ ക്ലാസ് നടത്തുകയായിരുന്നു. കരിവെള്ളൂർ ബസാറിലെ അബ്ബാസിൻ്റെ പീടികയുടെ മുകൾ നിലയിലായിരുന്നു ക്ലാസ് നടത്തിയത്. കൂക്കാനത്തെ പീടികയും പറമ്പും വിറ്റതറിഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി. ക്ലാസിൽ വെച്ച് ഇക്കാര്യം പഠിതാക്കളുമായി പങ്കു വെച്ചു. 

നാട്ടുകാരായ ഒന്നു രണ്ടു പേർ ആ ക്ലാസിലുണ്ടായിരുന്നു. 'നാളെ നമുക്കു പോയി അക്കാര്യം അനിയന്മാരോട് സംസാരിക്കാമെന്ന്' അവർ പറഞ്ഞു. ക്ലാസിൽ വച്ച് അങ്ങനെ ഒരു സംസാരം ഉണ്ടായത് ആരോ പറഞ്ഞു അവർ അറിയുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ അനിയന്മാർ പറഞ്ഞവരോട് പറഞ്ഞത് 'അവൻ ഇങ്ങോട്ടു വന്നാൽ കാൽ തല്ലിപ്പൊളിക്കും' എന്നാണ് പോലും. അതോടെ ഞാനതു വിട്ടു. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടുവെന്നും വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്നും അറിഞ്ഞു. എന്തൊക്കെ ചെയ്താലും അനിയനല്ലെ എന്ന ചിന്തയിൽ വിവാഹച്ചടങ്ങിനൊക്കെ ഞാൻ ഒപ്പം നിന്നു സഹകരിച്ചു. 

അവൻ ഉമ്മയെ പറഞ്ഞു ഭീഷണിപ്പെടുത്തി ഉമ്മയുടെ കൈവശമുള്ള സ്വത്തുക്കളെല്ലാം കയ്യിലാക്കി. അതോടെ കൂട്ടുകെട്ട് വീണ്ടും വിപുലമായി. ഉയർന്ന നിലവാരമുള്ളവരുമായുള്ള ബന്ധം ലഹരി വസ്തുക്കളോട് താൽപര്യമുള്ളവനാക്കി. അമിതമായ ലഹരിക്കടിമയായി മാറി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയോടും ക്രൂരത കാട്ടാൻ തുടങ്ങി. അവൾക്കും രക്ഷപ്പെട്ടാൽ മതിയെന്നായി. ഒരകന്ന ബന്ധുവിൻ്റെ സഹായത്താൽ അവൾ കടൽ കടന്നു. പെട്ടെന്ന് തന്നെ അവൾ വളർച്ചയുടെ പടവുകൾ താണ്ടി മുന്നോട്ടു പോയി. പീഡനമേറ്റ് കണ്ണീരു കുടിച്ചെങ്കിലും ഭാര്യ എന്ന നിലയിൽ ആവുന്നത്ര സാമ്പത്തിക സഹായം ചെയ്തു കൊടുത്തു. 

അവന് അമ്പത് വയസ്സിനോടടുക്കാറായാപ്പോൾ എംപ്ലോയ്മെൻ്റ് മുഖേന സർക്കാർ സർവീസിൽ ജോലി ലഭിച്ചു. ഈ അവസ്ഥയിൽ എത്തിയപ്പോഴേക്കും ലഹരി ഉപയോഗം അതിൻ്റെ പാരമ്യതയിലെത്തിയിരുന്നു. അസുഖങ്ങൾ വിടാതെ പിന്തുടർന്നു. ഒടുവിൽ കരൾ രോഗബാധിതനുമായി. അതോടെ ഗൾഫിൽ നിന്ന് ഭാര്യ നാട്ടിലേക്ക് വന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ജീവൻ രക്ഷിക്കാൻ നോക്കി. നാട്ടിലെ ചികിൽസ ഫലിക്കാതായപ്പോൾ മംഗലാപുരത്തെത്തിച്ചു. പക്ഷെ രക്ഷയില്ലായിരുന്നു. അങ്ങനെ അമ്പത്തിരണ്ടാം വയസ്സിൽ അവനും ലോകത്തോട് വിട പറഞ്ഞു. അങ്ങിനെ രണ്ടനിയന്മാരും എന്നെ തനിച്ചാക്കി ഇവിടുന്ന് യാത്രയായി.

 #LifeChoices #Addiction #FamilyDrama #TragicEnd #LifeStruggles

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia