Life Tips | ഓരോ നിമിഷവും വിലപ്പെട്ടതാണ്, അത് നഷ്ടപ്പെടുത്തരുത്; ഹൃദയസ്പർശിയായ കഥ, സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ ഇങ്ങനെ ജീവിക്കണം!

 
Every moment is precious
Every moment is precious

Representational Image Generated by Meta AI

നമ്മുടെ കൂടിച്ചേരലുകൾ, വിശേഷ ദിവസങ്ങളിൽ മാത്രമാകാതെ അവസരം കിട്ടുമ്പോഴെല്ലാം ആവാം. ഒരു പ്രത്യേക കാരണവും വേണമെന്നില്ല അതിന്

മിൻ്റാ സോണി

 

(KVARTHA) നമ്മുടെ ഒരോ നിമിഷങ്ങളും വിലപ്പെട്ടത് മാത്രമല്ല, അനുഗ്രഹങ്ങളുമാണ് (Blessing). അതായത് ദൈവം (God) തരുന്ന അനുഗ്രഹം. നമുടെ വേണ്ടപ്പെട്ടവർക്കൊപ്പം നമ്മൾ സമയം (Time) ചെലവഴിക്കുമ്പോൾ നാം അറിയുന്നില്ല, അതൊരു വിലപ്പെട്ട നിമിഷം ആയിരുന്നെന്ന്. ഭാര്യയും ഭർത്താവും മക്കളും ഒന്നിച്ചിരുന്ന് സന്തോഷിക്കുമ്പോൾ, മാതാപിതാക്കൾക്കൊപ്പം ചേർന്നിരിക്കാൻ പറ്റുമ്പോൾ, കൂട്ടുകാർക്ക് ഒപ്പം സന്തോഷം പങ്കിടുമ്പോൾ അതൊക്കെയാണ് നമുക്ക് ജീവിതത്തിൽ (Life) കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്. ഈ ഭൂമിയിലെ ജീവിതത്തിന് അൽപായുസ് മാത്രമേയുള്ളു.

Life Tips

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളിൽ നിന്ന് കടന്നുപോകുമ്പോൾ, അല്ലെങ്കിൽ നമ്മൾക്ക് ഇങ്ങനെയൊരു സന്തോഷങ്ങളിൽ (In joys) ഒക്കെ പങ്കെടുക്കാൻ പറ്റാതെ ആവുമ്പോൾ മാത്രമേ നമുക്ക് ജീവിതത്തിൽ കിട്ടുന്ന നല്ല നിമിഷങ്ങളുടെ വില അറിയുകയുള്ളു. അപ്പോൾ മാത്രമേ ദൈവാനുഗ്രഹങ്ങളെക്കുറിച്ചും എല്ലാവരും ചിന്തിക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട ഒരു കഥയാണ് പറയുന്നത്. ഇത് ഒരിക്കലും പിരിയാത്ത നാലു കൂട്ടുകാരുടെ കഥയാണ്. ഇവർ ഒരേ സ്കൂളിൽ, ഒരേ ക്ലാസിലാണ് ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ചത്. ആ സമയത്ത് സിറ്റിയിൽ ആകെയൊരു ആഢംബര ഹോട്ടലായിരുന്നു ഉണ്ടായിരുന്നത്.

വർഷാവസാന പരീക്ഷ കഴിഞ്ഞ് അവർ പിരിയുന്നതിനു മുമ്പ്, ഈ ഹോട്ടലിൽ ഒത്തുകൂടി പ്രഭാതഭക്ഷണം കഴിക്കണമെന്ന് അവർ തീരുമാനിച്ചു. നിശ്ചയിച്ചുറച്ചതുപോലെ ഒരു ഞായറാഴ്ച രാവിലെ കൃത്യം ഒമ്പത് മണിക്ക് അവർ എല്ലാവരും ഹോട്ടലിലെത്തി. ജോർജ്, മാത്യു, ജോൺ, തോമസ് എന്നീ സുഹൃത്തുക്കൾ ആവോളം സംസാരിച്ചു. പിരിയുന്നതിലുള്ള വിഷമം അവരുടെ മുഖത്തും സംസാരത്തിലും നിഴലിച്ചു നിന്നു. സംസാരത്തിനിടയിൽ എല്ലാവരുംകൂടി ഒരു നിർദേശം ഏകകണ്ഠ്യേന അംഗീകരിച്ചു. ഇന്നേക്ക് കൃത്യം 50 വർഷങ്ങൾക്കുശേഷം മെയ് ഒന്ന് എന്നൊരു തീയതിയുണ്ടെങ്കിൽ വീണ്ടും ഈ ഹോട്ടലിൽ അവർ ഒത്തുചേരും.

അത്രയും നാൾ അവരോരോരുത്തരും വളരെ നന്നായി അദ്ധ്വാനിക്കും. ഇക്കാലംകൊണ്ട് എത്രമാത്രം ഉന്നതിയിൽ ഓരോരുത്തരും എത്തിയെന്ന് അപ്പോൾ അവർക്ക് അറിയുകയും ചെയ്യാം. ആരാണോ അന്ന് ഹോട്ടലിൽ ഏറ്റവും അവസാനം വന്നെത്തുന്നത് അവരാകും അന്നത്തെ ബില്ല് കൊടുക്കേണ്ടതെന്നും തീരുമാനമായി. ഹോട്ടലിലെ വെയിറ്ററായിരുന്ന ജോസഫ് ഈ സംഭാഷണമെല്ലാം കേട്ടുകൊണ്ടാണിരുന്നത്. 'അന്ന് ഞാനിവിടെയുണ്ടെങ്കിൽ നിങ്ങൾക്കായി ഞാനും വെയ്റ്റു ചെയ്യും', വെയിറ്റർ നയം വ്യക്തമാക്കി. ശേഷം നാലുപേരും നാലു ദിക്കുകളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പിരിഞ്ഞു.

ജോർജ് ആ സിറ്റിയിൽ നിന്ന് തൻ്റെ കുടുംബത്തോടൊപ്പം അടുത്ത സിറ്റിയിലേക്ക് താമസം മാറ്റി. മാത്യുവിന് കോളേജ് അഡ്മിഷൻ കിട്ടിയത് തലസ്ഥാന നഗരിയിലാണ്. ജോണിനും തോമസിനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോളേജിലാണ് അഡ്മിഷൻ തരപ്പെട്ടത്. ആഴ്ചകൾ മാസങ്ങളിലേക്കും, മാസങ്ങൾ വർഷങ്ങളിലേക്കും, വർഷങ്ങൾ ഉരുണ്ടു നീങ്ങി 50 വർഷങ്ങളിലും, അവർ വീണ്ടും ഒന്നിക്കാമെന്ന് തീരുമാനിച്ച മെയ് ഒന്നിലും എത്തി. മുന്നോട്ടുരുണ്ട ഈ 50 വർഷങ്ങളിൽ അവിശ്വസനീയമായ മാറ്റമാണ് അവരുടെ അന്നത്തെ കൊച്ചുസിറ്റിക്ക് സംഭവിച്ചത്.

ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചു. അംബരചുംബികളായ കെട്ടിടങ്ങളും, വിശാലമായ ഹൈവേയും, മാളും ഒക്കെയായി അവിടം വളരെ പുരോഗമിച്ചു. അവർ ഒത്തുകൂടിയ പഴയ ആ ഹോട്ടൽ ഇന്നൊരു ഫൈവ് സ്റ്റാർ ഹോട്ടലാണ്. അന്നത്തെ വെയിറ്ററായിരുന്ന ജോസഫ് ഇന്ന് ആ ഹോട്ടലിൻ്റെ ഉടമസ്ഥനാണ്. ഏതാണ്ട് ഉച്ചസമയമായപ്പോൾ ഒരു ബെൻസ് കാർ ഹോട്ടലിനു മുന്നിൽ വന്നു നിന്നു. സുഹൃത്തുക്കളിലൊരാളായ ജോർജ് കാറിൽ നിന്നുമിറങ്ങി ഹോട്ടലിലേക്ക് നടന്നു. ഇന്നയാൾ മൂന്ന് ജ്വല്ലറികളുടെ ഉടമസ്ഥനാണ്.

ജോർജ് പതിയെ നടന്ന് ഹോട്ടലുടമയായ ജോസഫിൻ്റെ അടുത്തെത്തി. അവർ പരസ്പരം മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. 'മാത്യു ഒരു മാസം മുമ്പേതന്നെ നിങ്ങൾക്കായി ഒരു ടേബിൾ ബുക്ക് ചെയ്തു കഴിഞ്ഞു', ജോസഫ് ഉത്സാഹത്തോടെ പറഞ്ഞു. താൻ ആദ്യമവിടെ എത്തിയതിൽ ജോർജ് അതിയായി സന്തോഷിച്ചു. താനാണ് ആദ്യമെത്തിയതെന്നതിനാൽ ബില്ല് കൊടുക്കേണ്ടി വരില്ല എന്ന് മറ്റു സുഹൃത്തുക്കളോട് വീരവാദം പറഞ്ഞ് തമാശയുണ്ടാക്കാൻ ഒരവസരമായി, അയാൾ അതോർത്ത് മനസ്സിൽ ചിരിച്ചു.

മാത്യുവാണ് രണ്ടാമതെത്തിയത്. അയാളിന്ന് അറിയപ്പെട്ടൊരു കോൺട്രാക്റ്ററാണ്. അയാളുടെ തലയൊക്കെ നന്നായി നരച്ച്, കുടവയറും ഒക്കെയായി ഉള്ളതിൽ കൂടുതൽ പ്രായം തോന്നിപ്പിച്ചു. ജോർജും മാത്യുവും ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് മറ്റു രണ്ടു പേർക്കുമായി കാത്തിരുന്നു. അരമണിക്കൂറിനു ശേഷമാണ് ജോൺ എത്തിയത്. അയാളിന്നൊരു അറിയപ്പെടുന്ന ബിസിനസുകാരനാണ്. അവർ മൂന്നുപേരും നാലാമനായ തോമസിനുവേണ്ടി വാതിൽക്കലേക്ക് നോക്കി, എന്തുപറ്റിക്കാണും എന്നു ചിന്തിച്ച് അക്ഷമയോടെ കാത്തു നിന്നു.

ആ സമയം ഹോട്ടലുടമ ജോസഫ് തോമസിൻ്റെ ഒരു സന്ദേശവുമായി എത്തി. 'നിങ്ങൾ സ്നാക്കൊക്കെ കഴിച്ച് പതിയെ ഭക്ഷണം ആരംഭിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തിരി കഴിഞ്ഞ് അദ്ദേഹം എത്തുന്നതാണ്', ജോസഫ് അവരെ അറിയിച്ചു. എത്തിയ മൂന്നുപേരും തമാശകൾ പറഞ്ഞും, മദ്യം നുകർന്നും വളരെ സമയം ചിലവഴിച്ചു. അപ്പോഴും തോമസ് എത്തിയില്ല. ജോസഫ് വീണ്ടും തോമസിൻ്റെ മറ്റൊരു സന്ദേശം അവരെ അറിയിച്ചു. അവിചാരിതമായുണ്ടായ ചില അസൗകര്യങ്ങൾ നിമിത്തം അദ്ദേഹം വീണ്ടും താമസിക്കും. തന്നെ കാത്തിരിക്കാതെ പ്രധാന ഭക്ഷണം ആസ്വദിക്കാൻ തുടങ്ങിക്കോളൂ'. അവർ ഇഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ ഓർഡർ ചെയ്തു. അവ കഴിച്ചു കഴിഞ്ഞിട്ടും തോമസ് എത്തിയില്ല.

കാത്തിരുന്നു മുഷിഞ്ഞ കൂട്ടുകാർ ഭക്ഷണത്തിനു ശേഷം ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഓൺലൈനിൽ പേ ചെയ്യപ്പെട്ടു എന്ന മറുപടിയാണ് അവർക്കു കിട്ടിയത്. എട്ടുമണി സമയമായപ്പോൾ അവർ പിരിയാൻ ആരംഭിച്ച സമയത്ത് ഹോട്ടലിൻ്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്ന് ഭംഗിയായി വസ്ത്രം ധരിച്ച ഒരാൾ അവരുടെ അടുക്കലേക്ക് നടന്നെത്തി. അയാളുടെ മുഖത്തുനിന്ന് കണ്ണെടുക്കാൻ അവർക്ക് സാധിച്ചില്ല. അടുത്തെത്തിയ ആ മാന്യൻ അവരോട് പറഞ്ഞു. 'ഞാൻ പീറ്റർ. നിങ്ങളുടെ കൂട്ടുകാരൻ തോമസിൻ്റെ മകനാണ് ഞാൻ. എൻ്റെ പിതാവ് എന്നോട് നിങ്ങളുടെ ഇന്നത്തെ കൂടിക്കാഴ്ചയേക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ ദിവസത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലും ആയിരുന്നു. എന്നാൽ ഏറെക്കാലം രോഗ ശയ്യയിലായിരുന്ന പിതാവ് കഴിഞ്ഞ ആഴ്ച മരണപ്പെട്ടു'.

മുൻകൂട്ടിക്കണ്ടിട്ടെന്നതുപോലെ ഈ ദിവസത്തിനുമുമ്പ് താനെങ്ങാൻ മരണപ്പെട്ടാൽ എന്നോടിവിടെ എത്താൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതും താമസിച്ച്. അതിനുകാരണമായി അദ്ദേഹം പറഞ്ഞത്, 'താനീ ലോകത്തില്ലെന്നറിഞ്ഞാൽ നിങ്ങൾ ചിരിക്കുകയോ, തമാശപറഞ്ഞ് ആനന്ദിക്കയോ ഇല്ല. അങ്ങനെ ഈ കൂടിക്കാഴ്ചയുടെ ആനന്ദം നിങ്ങൾക്ക് നഷ്ടപ്പെടും. അതനുവദിച്ചുകൂടാ. അതിനാലാണ് പിതാവെന്നോട് ഇവിടെ വൈകിയെത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടത്. നിങ്ങളെ കാണുമ്പോൾ എല്ലാവരേയും ആശ്ലേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു'. ഇത് പറഞ്ഞ് നിറകണ്ണുകളോടെ കൈകൾ വിരിച്ച് അവരെ ആശ്ലേഷിക്കാനായി അദ്ദേഹം ആഞ്ഞു.

അദ്ദേഹത്തിൻ്റെ വിവരണം കേട്ടുകൊണ്ടിരുന്ന അവർക്ക് അദ്ദേഹത്തെ എവിടെയോ പരിചയമുള്ളതുപോലെ തോന്നി. പീറ്റർ വീണ്ടും തുടർന്നു. 'ഇവിടെനിന്നും പോയ പിതാവ് ഉന്നത വിദ്യാഭ്യാസത്തിനുശേഷം ഒരു കോളേജിൽ അധ്യാപകനായി. എനിക്ക് ഏറ്റവും നല്ല വിദ്യാഭ്യാസവും നൽകി. ഞാനിന്ന് ഈ സിറ്റിയുടെ ഗവർണറാണ്'. കഥകേട്ട് എല്ലാവരും ആശ്ചര്യപ്പെട്ടു. 'ഇനി ഒരു കൂടിക്കാഴ്ചക്ക് വീണ്ടും ഒരു അമ്പതുകൊല്ലം നിങ്ങൾ കാത്തിരിക്കേണ്ടതില്ല. എല്ലാക്കൊല്ലവും ഈ സമയത്ത് നമുക്കെല്ലാവർക്കും ഒത്തുചേരണം. അതിനു വേണ്ടുന്നതെല്ലാം ഞാൻ ചെയ്യുന്നതാണ്', അദ്ദേഹം പറഞ്ഞു നിർത്തി.

സുഹൃത്തുക്കളെ, നിങ്ങളുടെ പ്രിയപ്പെട്ടവരോടൊത്ത് ചിലവഴിക്കാനുള്ള നിമിഷങ്ങൾ നിങ്ങളൊരിക്കലും പാഴാക്കരുത്. അതിനായി ഒരു വിശേഷാവസരത്തിനായി കാത്തിരിക്കയുമരുത്. ഈ ലോകത്തുനിന്ന് ആര് എന്ന് വിടപറയുമെന്ന് നമുക്കറിയില്ലാത്തതിനാൽ വീണ്ടുമൊരു കൂടിക്കാഴ്ചക്ക് നമുക്ക് അവസരമുണ്ടായെന്നിരിക്കയില്ല. നമ്മുടെ ജീവിതം ഒരു ട്രെയിൻയാത്ര പോലെയാണ്. തങ്ങൾക്കിറങ്ങേണ്ടുന്ന സ്റ്റേഷനെത്തിയാൽ ഓരോരുത്തരും അവിടെയിറങ്ങിയേ തീരൂ. മറ്റുള്ളവരുടെ മനസ്സിൽ മങ്ങിയ ഓർമ്മപ്പാടുകൾ മാത്രം അവശേഷിപ്പിച്ച്, നമ്മുടെ കുടുംബത്തോടൊപ്പം ആകുന്നത്ര സമയം ചിലവഴിക്കുക. സുഹൃദ് ബന്ധങ്ങളുടെ ആഴം കൂടിച്ചേരലുകൾവഴി നിലനിർത്തുക. നമ്മൾ ജീവിച്ചിരിക്കുന്ന നിമിഷങ്ങൾ സന്തോഷകരമായി ആസ്വദിക്കുക.

നമ്മുടെ കൂടിച്ചേരലുകൾ വിശേഷ ദിവസങ്ങളിൽ മാത്രമാകാതെ അവസരം കിട്ടുമ്പോഴെല്ലാം ചെയ്യുക. ഒരു പ്രത്യേക കാരണവും വേണമെന്നില്ല അതിന്. അങ്ങനെ നമ്മുടെ സ്നേഹബന്ധങ്ങളുടെ വടവൃക്ഷം ഊഷ്മളതയോടെ പടർന്ന് പന്തലിക്കട്ടെ. സുഹൃത്തുക്കളെ, നമ്മൾ നമ്മുടെ ചുറ്റുമുള്ളവർക്കായി സമയം കണ്ടെത്തണം. അപ്പോഴാണ് ജീവിതത്തിൻ്റെ സൗന്ദര്യം പൂത്തുലയുന്നത്. ജീവിതത്തിൻ്റെ സൗന്ദര്യം ദർശിക്കാനാവുന്നതും ഇതുപോലെയുള്ള അവസരങ്ങളിൽ മാത്രമാണ്. മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. നമ്മുടെ മനസ്സിലെ വിഷമങ്ങളും സന്തോഷങ്ങളും നമ്മളിൽ തന്നെ ഒതുങ്ങാതെ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ സാധിക്കുമ്പോൾ നമ്മിലെ അസ്വസ്ഥതകൾ പലതും ഒന്നും ഇല്ലാതാകും. ഇത് നമുക്ക് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജിയും ഊർജ്ജവും പ്രദാനം ചെയ്യും.

നമ്മൾക്ക് പലപ്പോഴും ദൈവത്തെ കാണാൻ സാധിക്കുന്നതും ഇതുപോലെയുള്ള മനുഷ്യരിലൂടെയാണെന്നുള്ള യാഥാർത്ഥ്യവും മനസ്സിലാക്കുക. വീണു കിട്ടുന്ന നല്ല അവസരങ്ങൾ ശരിക്കും ആസ്വദിക്കുക. ആഘോഷികുക. ഒപ്പം ഇങ്ങനെയൊരു അവസരം ഒരുക്കിത്തരുന്ന തമ്പുരാന് നന്ദി പറഞ്ഞുകൊണ്ടുള്ള ജീവിതമാകണം നമ്മുടേത്. അതിന് എല്ലാവർക്കും സാധിക്കട്ടെ. ഓർക്കുക, ഈ കൊച്ചു ജീവിതത്തിൽ നമുക്ക് ലഭിച്ചിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. ആ നിമിഷങ്ങളെ നഷ്ടപ്പെടുത്താതെ വിലപ്പെട്ടത് ആക്കാൻ കഴിയണം. പരിഭവങ്ങളും ദുഖങ്ങളും മാറ്റിവെച്ച് അതിനുള്ള ശ്രമം ആകണം നമ്മൾ നടത്തേണ്ടത്. അപ്പോൾ എന്തെന്നില്ലാത്ത ഉയർച്ച നമ്മുടെ ജീവിതത്തിൽ സംഭവിക്കും തീർച്ച. ഒപ്പം പ്രതിന്ധികളോട് പടവെട്ടാനുള്ള മനോധൈര്യവും കൈവരും. അതാകും, ജീവിതത്തിലെ വിജയവും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia