സ്വന്തം മക്കൾ ശത്രുക്കളാകുമ്പോൾ: വയോജനങ്ങളുടെ ദുരവസ്ഥ


● മക്കൾ ഉപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം വർധിച്ചുവരുന്നു.
● ഗ്രാമതല വോളന്റിയർ സേവനം അനിവാര്യമാണ്.
● മുൻകരുതൽ നടപടികൾക്ക് കമ്മീഷൻ പ്രാധാന്യം നൽകണം.
● ലഹരിക്കടിമപ്പെട്ട മക്കളോടൊപ്പം കഴിയുന്ന വയോജനങ്ങൾ ഏറെ.
● വയോമിത്രം ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നിലവിലുണ്ട്.
ഓർമ്മത്തുരുത്ത് ഭാഗം - 11 / കൂക്കാനം റഹ്‌മാൻ
(KVARTHA) ഇന്ന് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പ്രധാന സാമൂഹ്യ പ്രശ്നമാണ് വയോജനങ്ങളുടെ സംരക്ഷണം. ജീവിതകാലം മുഴുവൻ അധ്വാനിച്ച് കുടുംബം പോറ്റി, മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുമ്പോൾ, വാർദ്ധക്യത്തിൽ അവർ തങ്ങൾക്ക് താങ്ങും തണലുമാകുമെന്ന് മാതാപിതാക്കൾ സ്വപ്നം കാണുന്നു.
എന്നാൽ പ്രായമാകുമ്പോൾ മക്കൾ അവരെ ഉപേക്ഷിക്കുകയോ ഒരു ശല്യമായി കണക്കാക്കുകയോ ചെയ്യുന്ന കാഴ്ചകളാണ് പലപ്പോഴും കാണാൻ കഴിയുന്നത്. ഇപ്പോൾ പൊതുവെ അണുകുടുംബങ്ങളാണല്ലോ. പഠിച്ച് ജോലിയും വരുമാനവുമായി വിവാഹം കഴിച്ചാൽ ഉടനെ സ്വന്തമായി വീട് വെച്ച് സ്വന്തം കാര്യം മാത്രം നോക്കി മുന്നോട്ട് പോകുന്ന പ്രവണത വർധിച്ചിരിക്കുകയാണ്.
നൂറിൽ പത്ത് ശതമാനം മാത്രമാണ് രക്ഷിതാക്കൾക്കൊപ്പം കുടുംബം നടത്തുന്നവർ. ബാക്കി തൊണ്ണൂറ് ശതമാനവും അച്ഛനേയും അമ്മയേയും അവരുടെ തറവാട്ട് വീട്ടിൽ തന്നെ താമസിക്കാൻ നിർബന്ധിക്കുന്ന മട്ടിലാണ് പെരുമാറുന്നത്. ഉള്ള പരിമിതികളിൽ നിന്നും പ്രായത്തിന്റെ അവശതകൾ സഹിച്ചുകൊണ്ട് അവർ കഷ്ടിച്ച് ജീവിച്ചുപോകുന്നു. അവർക്ക് അവർ പരസ്പരം തുണയായിത്തീരുന്നു.
ഇവരിൽ ഒരാൾ മരിച്ചുപോയാൽ മറ്റേയാൾ തീർത്തും ഒറ്റക്കായിത്തീരും. കൃത്യമായി ആഹാരം കിട്ടാതെയും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സിക്കാനോ ആളില്ലാതെയും അവർ ബുദ്ധിമുട്ടാൻ തുടങ്ങും. ഇതറിഞ്ഞാൽ പോലും അവരെ കൂടെ കൂട്ടാനോ ചികിത്സിക്കാനോ മക്കൾ സമയം കണ്ടെത്താറില്ല.
അവരെ തീർത്തും ഉപേക്ഷിച്ച മട്ടിലുള്ള പെരുമാറ്റമാണ് പലയിടത്തും കാണാൻ കഴിയുന്നത്. അച്ഛന്റെയും അമ്മയുടെയും സകല സ്വത്തുക്കളും എഴുതി വാങ്ങിയ ശേഷം അവരെ വീട്ടിൽ നിന്ന് പുറത്താക്കുന്ന മക്കൾ, സ്വത്ത് എഴുതിക്കൊടുക്കാത്തതിനാൽ ക്രൂരമായി മർദ്ദിക്കുന്ന മക്കൾ, അസുഖം വന്ന് അവശതയിലായ മാതാപിതാക്കളെ പൊതുവഴികളിലും അനാഥാലയങ്ങളിലും തള്ളുന്ന മക്കൾ - കേൾക്കുമ്പോൾ ഇതൊക്കെ കഥയാണെന്ന് തോന്നുമെങ്കിലും ഇതൊന്നും കഥയല്ല, മറിച്ച് നമ്മുടെ ജീവിത ചുറ്റുപാടുകളിൽ കണ്ടും കേട്ടും കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.
ഇതിനിടെ കണ്ട ഒരു വാർത്ത മകനും മകന്റെ ഭാര്യയും കൂടി അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതാണ്. ഇത്തരം വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ കൂടി കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്.
രക്ഷിതാക്കളെ മക്കളല്ലാതെ മറ്റാരാണ് സംരക്ഷിക്കേണ്ടത്? അത് അവരുടെ ഉത്തരവാദിത്വമാണ്. അങ്ങനെ സംരക്ഷിക്കാൻ തയ്യാറാവാത്ത മക്കളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാവണം. മാത്രമല്ല, ഇത്തരം മക്കൾക്ക് രക്ഷിതാക്കളുടെ സ്വത്തുക്കൾ കൊടുക്കാൻ പാടില്ല.
അവരെ സർക്കാർ സംരക്ഷിക്കുകയും അവരുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുകയും വേണം. രക്ഷിതാക്കളെ സംരക്ഷിക്കാൻ തയ്യാറാവാത്തവർക്ക് അവരുടെ സ്വത്തുകളിലും അവകാശമുണ്ടായിരിക്കരുത്.
പിന്നോക്കം നിൽക്കുന്ന വയോജനങ്ങളുടെ സംരക്ഷണം
ഇനി മറ്റൊരു വിഭാഗം വയോജനങ്ങളുള്ളത് എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്നവരാണ്. സ്വന്തമായി വീടോ സ്വത്തോ ഇല്ലാത്തവർ, അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾ, രക്ഷിതാക്കളെ സംരക്ഷിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് കഴിയാത്തവർ, അതുപോലെ ഒറ്റപ്പെട്ട് ജീവിക്കുന്നവർ - ഇവരെയെല്ലാം സംരക്ഷിക്കപ്പെടേണ്ടുന്നവർ തന്നെയാണ്.
അതിന് വയോജന കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ ആവശ്യമാണ്. അവ ഇപ്പോൾ നിലവിലുണ്ടെങ്കിലും അവരുടെ സേവനം അർഹതപ്പെട്ടവരുടെയെല്ലാം അടുക്കലേക്ക് എത്തുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെടണം.
അതിന് ഗ്രാമങ്ങൾ തോറും വയോജന വോളന്റിയർമാരുടെ സേവനം ആവശ്യമാണ്. അതോടൊപ്പം ഓരോ പ്രദേശത്തെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനം കൂടി ഇതിനോട് ചേർത്ത് വെക്കണം.
കേരള സംസ്ഥാന വയോജന കമ്മീഷൻ
ഏപ്രിൽ 25നാണ് കേരള സംസ്ഥാന വയോജന കമ്മീഷൻ നിലവിൽ വന്നത്. മുകളിൽ പറഞ്ഞ പല കാര്യങ്ങളും മാനിച്ചാണ് ഈ പദ്ധതി രൂപം കൊണ്ടത്. ദീർഘനാളത്തെ ശ്രമം ഇതിനായി നടത്തിയ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് അസോസിയേഷനെ (SCFWA) ഈ നിമിഷം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ നേതൃസ്ഥാനത്തു നിന്നുകൊണ്ട് വയോജനങ്ങൾക്കു വേണ്ടി തീവ്രമായ പോരാട്ടം നടത്തിയ അമരവിള രാമകൃഷ്ണൻ സാറിന്റെ സേവനവും എടുത്തു പറയേണ്ടതാണ്.
നിയമങ്ങളും വ്യവസ്ഥകളുമൊക്കെ ഉണ്ടായിക്കഴിഞ്ഞപ്പോൾ ബാക്കിയുള്ള പ്രശ്നം അതിനുവേണ്ടി പ്രവർത്തിക്കാൻ കുറച്ച് ആളുകളെ കണ്ടെത്തുക എന്നതായിരുന്നു. ചെയർമാനെയും നാല് അംഗ കമ്മറ്റിയെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. നാല് അംഗ കമ്മറ്റിയിൽ ഒരാൾ പട്ടികജാതിയിൽപ്പെട്ട ആളും ഒരാൾ വനിതയുമായിരിക്കണമെന്ന നിർദ്ദേശമുണ്ട്.
ഇങ്ങനെ എടുക്കുന്നവരെല്ലാം വയോജനങ്ങളായിരിക്കണമെന്നും രേഖയിൽ പറയുന്നു. ഇതിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് വയോജന ക്ഷേമത്തിനു വേണ്ടിയും അവരെ സംഘടിപ്പിക്കുന്നതിന് വേണ്ടിയും കേരളമാകെ ഓടി നടന്ന വ്യക്തിത്വങ്ങളുണ്ട്. അവരിൽ നിന്ന് ഒരാളെയാവണം ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിശ്ചയിക്കേണ്ടത്.
ആ വ്യക്തി ആരായിരിക്കണമെന്ന് പേരെടുത്തു പറയാതെ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കറിയാവുന്നതിനാൽ ഞാൻ വ്യക്തമാക്കുന്നില്ല. തുടർന്ന് വരുന്ന നാല് അംഗങ്ങളെ കേരളത്തിന്റെ ഭൂമിശാസ്ത്രമനുസരിച്ച് വടക്കൻ മേഖല, മധ്യമേഖല, തെക്കൻ മേഖല എന്നിങ്ങനെ പരിഗണിച്ച് വേണം തിരഞ്ഞെടുക്കാൻ.
വയോജന കമ്മീഷന്റെ ചുമതലകളും അധികാരങ്ങളും കൃത്യമായി രേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, വയോജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ, അവർക്ക് ലഭ്യമാക്കി കൊടുക്കേണ്ട ആവശ്യങ്ങൾ എല്ലാം കേന്ദ്രീകൃതമായി ഒരിടത്തിരുന്ന് പ്രവർത്തിക്കുന്ന വയോജന കമ്മീഷൻ അംഗങ്ങൾക്കോ സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥർക്കോ പൂർണമായി ചെയ്യാൻ പറ്റില്ലായെന്ന് അനുഭവമുള്ളവർക്കറിയാം.
അതിന് ഗ്രാമതലത്തിൽ വയോജന കമ്മീഷന്റെ നേതൃത്വത്തിൽ വയോജന വോളന്റിയർ കോർ ഉണ്ടാകണം. അത് സന്നദ്ധ പ്രവർത്തകരായ യുവതീയുവാക്കളായിരിക്കണം. നേതൃത്വം നൽകാൻ വയോജന പ്രതിനിധികളും ഇതിലുണ്ടാകണം. എങ്കിലേ വീടുകളിൽ തളച്ചിട്ടിരിക്കുന്ന വൃദ്ധജനങ്ങളുടെ കണ്ണീര് കാണാനും അവരനുഭവിക്കുന്ന ദയനീയത നേരിട്ട് മനസ്സിലാക്കാനും സാധിക്കുകയുള്ളൂ.
ഒറ്റയ്ക്കു താമസിക്കുന്ന വയോജനങ്ങൾ, ലഹരിക്കടിമപ്പെട്ട മക്കളുടെ കൂടെ താമസിക്കുന്ന വൃദ്ധർ, രോഗപരിചരണത്തിൽ ശ്രദ്ധ ലഭിക്കാത്തവർ, സമ്പത്തുണ്ടായിട്ടും കൃത്യമായി ഭക്ഷണവും ചികിത്സയും ലഭിക്കാത്തവർ എന്നിവരുടെ കൃത്യമായ വിവരങ്ങൾ ഗ്രാമതല സന്നദ്ധസേവകർ ശേഖരിക്കണം. അവരെ ഏതുവിധേനയാണ് സഹായിക്കേണ്ടതെന്ന ധാരണയും സേനക്കുണ്ടാകണം.
കള്ളൻ കയറി വൃദ്ധയേയോ, വൃദ്ധനേയോ ആക്രമിച്ച് സമ്പാദ്യം കവർന്ന് കൊണ്ടുപോയ ശേഷമാണ് പോലീസ് കേസെടുക്കുകയും അതിനുള്ള മറ്റു നടപടികളിലേക്ക് കടക്കുകയും ചെയ്യുക. വയോജന കമ്മീഷന് അതിനും ശേഷമേ മറ്റു നടപടികളിലേക്ക് കടക്കാൻ കഴിയൂ. ഇതേ പോലെ തന്നെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന മക്കളുടെയോ ബന്ധുജനങ്ങളുടെയോ കൂടെ ജീവിക്കുന്ന വയോജനങ്ങളുടെ കാര്യവും.
ഏതു സമയത്തും എന്തും സംഭവിക്കാവുന്ന അവസ്ഥയിൽ ഭയപ്പെട്ടു ജീവിക്കുന്നവരായിരിക്കും അവരോടൊപ്പം കഴിയുന്ന വയോജനങ്ങൾ. ഇവിടെ സൂചിപ്പിച്ച സന്നദ്ധ പ്രവർത്തകർക്ക് ആ കുടുംബത്തിന്റെ സ്ഥിതിഗതികൾ അറിയാനും ശ്രദ്ധിക്കാനും സാധിച്ചാൽ എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് മുൻകരുതൽ നടത്താനാവും.
ബാലാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ, മുന്നോക്ക കമ്മീഷൻ തുടങ്ങിയ കമ്മീഷനുകളിൽ നിന്ന് തികച്ചും വിഭിന്നമാണ് വയോജന കമ്മീഷൻ. വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് പരിഹാരം കാണേണ്ട സംവിധാനമാണ് വയോജന കമ്മീഷനുണ്ടാകേണ്ടത്.
സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷന്റെ ശ്രമഫലമായി കേരള സർക്കാർ വയോമിത്രം, മന്ദഹാസം, വയോരക്ഷ, വയോമധുരം, വയോ അമൃതം, വയോഗേഹം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. അതിനപ്പുറം നിയമ സംരക്ഷണവും, ജീവസംരക്ഷണവും ഉറപ്പുവരുത്തുന്ന പദ്ധതികൾക്കാണ് വയോജന കമ്മീഷൻ പ്രാധാന്യം നൽകുന്നത്.
കണ്ണൂർ ജില്ലയിൽ ഇന്നലെ മാത്രം രണ്ട് വയോജനങ്ങൾക്ക് നേരിടേണ്ടി വന്ന സംഭവങ്ങൾ നമ്മുടെ മനസ്സിൽ പതിയേണ്ടതാണ്. പ്രായമായ അമ്മയെ സ്വന്തം മകൻ പെട്രോളൊഴിച്ചു കത്തിച്ചു, അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സ്വത്തിന്റെയും പണത്തിന്റെയും പേരിലാണ് പ്രായമായ അമ്മയെ മദ്യപിച്ച് ലക്കുകെട്ട മകൻ ഈ ക്രൂരകൃത്യം ചെയ്തത്.
പലപ്പോഴും ഇതൊക്കെ നമ്മൾ അറിയുന്നത് പ്രശ്നങ്ങൾ സംഭവിച്ചതിന് ശേഷം മാത്രമാണ്. അതിന് ശേഷം കേസും നടപടികളുമായി മുന്നോട്ട് പോകും. അതിന് പകരം പ്രശ്നങ്ങളുണ്ടാകുന്നത് ഇല്ലാതാക്കാനുള്ള മുൻകരുതലാണ് അത്യാവശ്യം.
പ്രായമായവർക്ക് മാനസികോല്ലാസം വേണം, തങ്ങളെ ശ്രദ്ധിക്കാൻ നാട്ടിൽ ആളുകളുണ്ട് എന്ന ബോധ്യം ഉണ്ടാകണം. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വയോജന കമ്മീഷന് സാധ്യമാകണം. അതാണ് വേണ്ടത്. അതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഈ സാമൂഹിക പ്രശ്നത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Addressing challenges faced by elderly and role of Elder Protection Commission.
#ElderlyCare #SocialIssue #Kerala #ElderlyCommission #CommunitySupport #SeniorCitizens