Eid Celebrations | മൈലാഞ്ചി മൊഞ്ചിന്റെ ഏഴഴകിൽ ചെറിയ പെരുന്നാൾ

 


ബസരിയ ആദൂർ

(KVARTHA)
ഒരു മാസക്കാലം നോമ്പ് നോറ്റ വിശ്വാസിക്കുള്ള പുണ്യ ദിവസമാണ് പെരുന്നാൾ. പുത്തൻ വസ്ത്രങ്ങളും സമൃദ്ധമായ ആഹാരവും കുടുംബ ബന്ധം ചേർക്കലും കാലാകാലങ്ങളായി ഇസ്ലാം മത വിശ്വാസികൾ തുടർന്ന് കൊണ്ടിരിക്കുന്ന രീതിയാണ്. പെരുന്നാളിന്റെ മൊഞ്ചിൽ പള്ളികളിൽ തക്ബീർ ധ്വനികളാൽ ആരവമുയരും. വിശ്വാസികളുടെ ഉള്ളിൽ കുളിര് കോരും. മധുര ധ്വനികളുടെ ഈരടികൾ കേൾക്കാൻ സുന്ദരമാണ്. കാണാകാഴ്ചകൾക്കപ്പുറത്തു ഭക്തി സാന്ദ്രമായ ഒരന്തരീക്ഷം ചുറ്റിലും കാണാം. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ആഘോഷിക്കുന്ന സുദിനമാണിത്.
  
Eid Celebrations | മൈലാഞ്ചി മൊഞ്ചിന്റെ ഏഴഴകിൽ ചെറിയ പെരുന്നാൾ

ഭക്തിയോടൊപ്പം പെരുന്നാളിന്റെ പൊലിവുകള്‍ അതിലേറെ ആവേശത്തിലാകും. എങ്കിലും റമദാൻ വിട്ട് പോകുന്നതിൽ ഭക്തരിൽ വേദനയുണ്ടാക്കിക്കഴിഞ്ഞിരിക്കും. വികാര നിർഭരമായ പ്രാർത്ഥനകൾ കൊണ്ട് നോമ്പ് കാലത്തെ യാത്രയാക്കുന്നു. അടുത്ത കൊല്ലത്തെ നോമ്പ് ഇനി ആരുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകും എന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ വർഷം കൂടെ ഉണ്ടായവർ പലരും ഈ നോമ്പ് കാലത്തു മരണമെന്ന വിധിക്കിരയായിട്ടിട്ടുണ്ട്. ഒരു മാസത്തെ നീണ്ട നോമ്പ് പൂർത്തിയാക്കിയതിന്റെ വിജയമാണ് പെരുന്നാൾ. ഈ ദിവസം വിശ്വാസികൾ അല്ലാഹുവിനോടുള്ള കടപ്പാടും നന്ദിയും പ്രകടിപ്പിക്കുന്നു.

പെരുന്നാളിന്റെ മൊഞ്ചു പകരാൻ വിപണികൾ ചമഞ്ഞുനിന്നു. ആളുകൾ പുതിയ വസ്ത്രങ്ങൾക്കും മറ്റും മാർക്കറ്റുകളിൽ തിങ്ങി നിറഞ്ഞു. വീടുകളിൽ പെരുന്നാൾ അപ്പവും തയ്യാറായി. മൈലാഞ്ചി ചോപ്പിന്റെ നിറഭംഗിയിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ആഹ്ലാദിക്കും. കുടുംബ ബന്ധം ചേർക്കൽ കൊണ്ട് പരസ്പര സ്നേഹത്തിന്റെയും പരിപൂർണ ഐക്യത്തിന്റെയും മാറ്റ് കൂട്ടുന്നു. പെരുന്നാൾ വെറുമൊരു ആഘോഷമല്ല, മറിച്ച് സാമൂഹിക കൂട്ടായ്മയുടെ ആഘോഷം കൂടിയാണ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ചേർന്ന് ആഘോഷിക്കുന്നതിലൂടെ ബന്ധങ്ങൾ ദൃഢമാകുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ പരസ്പര സ്നേഹവും സഹവർത്തിത്വവും വളർത്തുന്നു.

ഈണം പകർന്ന് ഉല്ലസിക്കാൻ പെരുന്നാൾ പാട്ടും പതിവായി. പെരുന്നാൾ പണവും കുട്ടികൾക്ക് ഉല്ലാസമായി. അവരുടെ നിഷ്കളങ്ക ചിരിയിൽ തിളക്കം കൂട്ടി. രാവിലെ കുളിച്ചൊരുങ്ങി പുത്തനുടുപ്പിൽ ആണുങ്ങൾ പള്ളിയിൽ പോവുന്നതും പെരുന്നാളിന്റെ ഏഴഴകിൽ ഒന്നായി മാറി. ഒപ്പം തക്ബീറിന്റെ മന്ത്ര മൊഴികൾ മനസ്സിൽ ഉല്ലാസമുയർത്തുന്നു. ഹൃദയ താന്ത്രികളെ ഉൾപുളകമണിയിക്കും പെരുന്നാൾ വിശ്വാസികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. അനുഭൂതികളുടെ ഉല്ലാസമുയർത്തും പെരുന്നാൾ നൽകുന്ന ആനന്ദം തൂലിക തുമ്പിൽ അക്ഷര വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ഹൃദയ സ്പർശിയായ പെരുന്നാൾ ആശംസകൾ നേരുന്നു.

Keywords: Article, Editor’s-Pick,  Eid, Eid Ul Fitr, Celebrations, Eid al-Fitr: Significance and Celebrations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia