Eid Ul Adha | നാം ഇവിടെ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന ഉറ്റവരെ മറക്കാതിരിക്കുക

 
Don't forget expatriate while celebrating eid ul adha
Don't forget expatriate while celebrating eid ul adha


ഓരോ പെരുന്നാളും ആഘോഷങ്ങളുമൊക്കെ തൻ്റെ കുടുംബം മറ്റാരെക്കാളും ഭംഗിയായി ആഘോഷിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു

 മിൻ്റാ സോണി

(KVARTHA) ബലി പെരുന്നാൾ നിറവിലാണ് ലോകം. ഇവിടെ അതിനുള്ള തയാറെടുപ്പുകൾ നടന്നു വരികയാണ്. പ്രവാസ ലോകത്ത് മണലാരണ്യത്തിൽ ജോലിക്ക് പോയ ഒരോ പ്രവാസിയും ഇവിടെ തൻ്റെ കുടുംബം പെരുന്നാൾ ആഘോഷിക്കുന്നത് മനസ്സിൽ കണ്ട് കോൾമയിർ കൊള്ളുകയാണ്. പെരുന്നാൾ തൻ്റെ കുടുംബത്തിന് ആഘോഷിക്കാൻ വേണ്ട തുക മുൻപേ അവർ അയച്ചു കാണും. ഓരോ പെരുന്നാളും ആഘോഷങ്ങളുമൊക്കെ തൻ്റെ കുടുംബം മറ്റാരെക്കാളും ഭംഗിയായി ആഘോഷിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇവിടെയുള്ള മനസ്സ് അറിയാൻ അവർ ഒരോ വിഷയങ്ങളും തിരക്കി ഫോൺ വിളിക്കുന്നു. എത്ര വിളിച്ചാലും അവർ തൃപ്തരാകുന്നില്ല. 

തൻ്റെ കുടുംബത്തിലെ ദുഖമായാലും സന്തോഷമായാലും ഒരു പോലെയാണ് അവർക്ക്. എത്ര കേൾക്കാനും അവർ തയ്യാറാകുന്നു. പരിഹാരം ഉണ്ടാക്കാനും ശ്രദ്ധിക്കുന്നു. ശരീരം പ്രവാസലോകത്ത് ആണെങ്കിലും പെരുന്നാൾ ഒക്കെ വരുമ്പോൾ അവിടെയുള്ളവരുടെയെല്ലാം മനസ് ഇവിടെ തന്നെയാണ്. അവർക്ക് ഭാര്യയെ ഓർക്കാൻ ഉണ്ടാകും, മാതാപിതാക്കളെ ഓർക്കാൻ ഉണ്ടാകും, മക്കളെ ഓർക്കാൻ ഉണ്ടാകും. ജോലി ഭാരം സ്വയം ചുമക്കുന്നതുപോലെ ഇവരുടെയെല്ലാം പ്രയാസങ്ങളും സ്വയം വഹിക്കാൻ തയാറാകുന്നു ഒരോ പ്രവാസിയും. പക്ഷേ, അവരുടെ പ്രയാസം കേൾക്കാൻ, സന്തോഷത്തിൽ പങ്കാളിയാകാൻ, ആവർക്ക് വാക്കിലെങ്കിലും ആശ്വാസം കൊടുക്കാൻ എത്ര ആൾക്കാർക്ക് സാധിക്കുന്നു. 

ഒരു പ്രവാസിയെ സംബന്ധിച്ച് അവിടെ നിന്ന് ഇങ്ങോട്ട് വിളിക്കുമ്പോൾ ഒരുപാട് പേരുടെ പരിദേവനങ്ങൾ കേൾക്കണമെങ്കിൽ ഇവിടെയുള്ളവർക്ക് ഒരാളുടെ മാത്രം കേട്ടാൽ മതി. അത് മനസ്സിലാകാതെ പ്രവർത്തിക്കുന്നവരാണ് ഇവിടെയുള്ള കുടുംബങ്ങളിലെ പലരും. അവർക്ക് വേണ്ടി  മനസ്സിനെ സ്പർശിച്ച ഒരു പ്രവാസി മലയാളി എഴുതിയ  പോസ്റ്റ്  സമർപ്പിക്കുന്നു.  അമ്മയുടെ സ്നേഹം അനുഭവിക്കുവാൻ ഭാഗ്യം ഉണ്ടായില്ലെങ്കിലും ആ സ്നേഹത്തെ കുറിച്ച് വർണ്ണിക്കുവാൻ വാക്കുകൾ ഇല്ല, എന്ന ടൈറ്റിലോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. അത് ഇങ്ങനെയാണ്:

'പെരുന്നാൾ നിസ്കാരം കഴിഞ്ഞ് റൂമിലെത്തിയ അവൻ ഫോണെടുത്ത് നാട്ടിലേക്ക് വിളിച്ചു. മറുതലക്കൽ ആദ്യമെത്തിയത് ഭാര്യയാണ്. 'ഹലോ. ഈദ് മുബാറക്ക്' 'ഈദ് മുബാറക് ഇക്കാ' 'എന്താ അവിടത്തെ പെരുന്നാൾ വിശേഷങ്ങൾ' 'പെരുന്നാൾ സ്പെഷ്യൽ മട്ടൻ ബിരിയാണി, കടായി ചിക്കൻ, ബീഫ് വരട്ടിയത് പിന്നെ പത്ത് പന്ത്രണ്ട് തരം കറികളും ഒക്കെ ഉണ്ടാക്കുന്ന തിരക്കിലാ ഞാനിപ്പോ' 'എന്തിനാ ഇപ്പോ ഇത്രേം. ഇത് അനാവശ്യമല്ലെ' 'ആഹാ. ഇത് കുറഞ്ഞ് പോയോന്നാണ് എന്റെ പേടി. ഒരു ഗൾഫുകാരന്റെ വീട്ടിൽ ഇത്രേം ഇല്ലെങ്കിൽ നാണക്കേടല്ലെ! ആ പിന്നെ ഇക്കാ ഞാൻ ഒരു സാരി കൂടുതൽ എടുതിട്ടുണ്ടേ. അടുത്ത മാസം ഒരു കല്യാണമുണ്ട്. പിന്നെ 2 പർദ്ദയും വീട്ടിലിടാൻ കുറച്ച് ഡ്രസ്സുകൾ എക്സ്ട്രായും മൊത്തം ഒരു 10000 രൂപ ചെലവായി. പൈസ തികയാത്തോണ്ട് നിങ്ങടെ ഉമ്മാക്ക് ഒന്നും എടുതില്ലാട്ടാ', ഞാൻ ദേ മോൾക്ക് കൊടുക്കാം. 

'ഹലോ ഉപ്പാ ഈദ് മുബാറക്ക്' 'ഈദ് ......' 'ഞങ്ങളിവിടെ ഈദ് സെൽഫിയെടുക്കുന്ന തിരക്കിലാ വൈകീട്ട് ബീച്ച്, രാത്രി ഈദ് പ്രോഗ്രാംസ്, ഇവിടെ ഫുൾ അടിച്ച് പൊളി തന്നെ ഉപ്പാ. ഞാൻ ഈ പെരുന്നാളിന് അനാർക്കലിയും ലെഹൻകയുമാണ് എടുതത്' 'ചെറുപെരുന്നാളിന് അല്ലെ മോളെ നീ ചോളിയും സാരീലാച്ചയും ജീൻസ് കുർത്തയുമൊക്കെ എടുതത്. അത് മതിയാർനില്ലെ' 'അതോക്കെ എല്ലാവരും ഇട്ട് കണ്ടില്ലെ ഇനീം അതിടാൻ നാണക്കേടാ.... ഞാൻ ദേ ഫോൺ അവൻ കൊടുക്കാം 'ഉപ്പാ ഞാൻ നിസ്കാരത്തിൻ പളളിയിലേക്ക് ഇറങ്ങാണ്. പിന്നെ നാളെ ഞാൻ പെരുന്നാൾ ടൂർ പോകാണ്. അടുത്ത മാസം പൈസ അയക്കുമ്പോൾ 3000 രൂപ കൂടുതൽ അയക്കണം. ഇപ്രാവശ്യം ഞാൻ പള്ളിയിലേക്കിടാൻ വൈറ്റ് ഷർട്ടും വെറ്റ് മുണ്ടുമാണ് എടുത്തത്. പിന്നെ ഇടാൻ 3 ബ്ലാക്ക് ഷർട്ടും'.

'അതെന്താ മോനെ എല്ലാം ബ്ലാക്ക് ഷർട്ട്' 'ഇപ്പോ എല്ലാ ദിവസോം ബ്ലാക്ക് ഷർട്ടാണ് ഞാൻ ഇടാറ്. ഉള്ളതൊക്കെ ഇട്ട് നരച്ചു അതോണ്ടാ. പൈസ മറക്കല്ലെ. ഞാൻ ദേ വല്യുമ്മാക്ക് കൊടുക്കാ, 'ഹലോ ഈദ് മുബാറക്ക് ഉമ്മാ' 'ഈദ് ...... ന്റെ മോൻ സുഖാണോ'അൽഹംദുലില്ലാ സുഖം' 'ന്റെ കുട്ടി വല്ലതും കഴിച്ചോ പെരുന്നാളായിട്ട്' 'ആ ഉമ്മാ. ഞാൻ ഇവിടെ പള്ളി പോയി വന്ന് കുറച്ച് ചോറ് കഴിച്ചു' 'എന്താ നിന്റെ ശബ്ദം വല്ലാണ്ടിരിക്കുന്നത്' 'എയ് ഇല്ല. ഉമ്മാക്ക് തോന്നിയതാ....' 'അല്ല. ന്റെ കുട്ടീടെ ശബ്ദം ചെറുതായൊന്ന് മാറിയ എനിക്കറിയില്ലെ' 'അതല്ല ഉമ്മ അവിടെ എല്ലർക്കും എന്റെ പണം മാത്രം മതി, എന്നെ കുറിച്ചോ എന്റെ വിശേഷങ്ങളൊ ആർക്കും അറിയണ്ട, ആരും ഒന്നും ചോദിക്കാറില്ല. എല്ലാവരും അവരവരുടെ വിശേഷങ്ങൾ പറയുന്നു. പക്ഷേ എന്റെ ഉമ്മ മാത്രം ..........ഉമ്മാ നിങ്ങൾ മാത്രമാണ് ഇപ്പോ എന്റെ വിശേഷങ്ങൾ തിരക്കാറ് എന്നോട് കുറച്ച് സ്നേഹത്തോടെ സംസാരിക്കുന്നത് പോലും ഉമ്മ മാത്രമാണ്. എന്നിട്ടും ഞാൻ ഉമ്മാക്ക് ഒന്നും തിരിച്ച് തന്നില്ലല്ലോ .....?'.

'നിനക്ക് അവിടെ സുഖമാണോന്ന് അറിഞ്ഞാ മതി അതിൽ കൂടുതൽ ഒന്നും വേണ്ടാ ഉമ്മാക്ക്' 'പിന്നെ എന്തൊക്കെയാണ് അവിടത്തെ വിശേഷങ്ങളും ആഘോങ്ങളും' 'നീ ഇല്ലാതെ ഇവിടെ എനിക്ക് എന്ത് ആഘോഷം മോനെ. ലീവ് കിട്ടിയാ ന്റെ കുട്ടി പെട്ടെന്ന് ഇങ്ങോട്ട് വായോട്ടാ' 'പിന്നെ ഉമ്മാക്ക് പെരുന്നാൾ ഡ്രസ്സ് എടുക്കാൻ പൈസ അയച്ചിരുന്നു അവൾക്ക് , ഇപ്പോ അവൾ പറയാ പൈസ തികഞ്ഞില്ലാന്ന്. ഉമ്മാക്ക് ഞാൻ വരുമ്പോ കൊണ്ടരാട്ടാ' 'അത് സാരമില്ല മോനെ. നിന്റെ വാപ്പാന്റെ ബീവിയായി കടന്ന് വന്നപ്പോ എനിക്ക് അന്ന് വാപ്പ സമ്മാനമായി തന്ന ആ കസവു തട്ടമുണ്ട്. ഉമ്മാക്ക് അത് മതി. അത് തന്നെ ധാരാളം'. പിന്നെ എന്തൊക്കെയാ എന്റെ ഉമ്മാടെ വിശേഷങ്ങൾ' 'സുഖം തന്നെ' 'അസുഖങ്ങൾ ഒന്നും ഇല്ലല്ലോ?' 'ഇല്ല മോനെ പിന്നെ അടുത്തയാഴ്ച നമ്മടെ ജമാൽ അങ്ങട്ട് വരുന്നു ണ്ട് ഓന്റെൽ നിനക്ക് ഇഷ്ടുളള കറികളും പലഹാരങ്ങളും ഞാൻ കൊട്ത്തയക്കാം'. 'ആ ഞാൻ വരുമ്പോ ഉമ്മാക്ക് എന്താ കൊണ്ടരണ്ടെ' 'ഒന്നും വേണ്ട മോെന മോനെ. ന്റെ കുട്ടി പൂർണ്ണ ആരോഗ്യത്തോടെ ഇങ്ങട്ട് തിരിച്ചെത്തിയാ മതി' 

ഇതാണ് പോസ്റ്റിൻ്റെ പൂർണരൂപം. ഇത് ശരിക്കും ആരുടെയും മനസ്സിനെ വല്ലാതെ സ്പർശിക്കുന്നത് തന്നെയാണ്. ഈ ബലി പെരുന്നാൾ ദിനത്തിൽ നാട്ടിലെ എല്ലാ പ്രവാസി കുടുംബങ്ങൾക്കുമായി ഇത് സമർപ്പിക്കുന്നു. നമ്മുടെ വീട്ടിലെ ഉറ്റവരോ ഉടയവരോ ആയി ആരെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കിൽ അവരെയും ഒന്ന് അറിയാൻ, പരിഗണിക്കാൻ ശ്രമിക്കുക എന്നൊരു അപേക്ഷ.

സുപ് അവർക്കും വേണം പരിഗണന

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia