എഴുത്തിന്റേയും ഓർമ്മകളുടേയും ചവിട്ടുപടികൾ: ഒരു അനുഭവക്കുറിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 1965-ൽ 'ദേശമിത്രം' മാസികയും പത്രാധിപർ പി.വി.കെ. നെടുങ്ങാടിയുമായുള്ള ഹൃദ്യമായ എഴുത്തുബന്ധം.
● അച്ചടി മഷി പുരണ്ട ആദ്യ സൃഷ്ടികൾ നൽകിയ വലിയ സ്വപ്നങ്ങളും ആവേശവും.
● 1966-ൽ ഗവ. കോളേജ് കാസർകോട് പ്രീഡിഗ്രി പഠനകാലത്ത് മാഗസിനിൽ ലേഖനം പ്രസിദ്ധീകരിച്ച അനുഭവം.
● മലയാളം പ്രൊഫ. നൽകിയ പ്രോത്സാഹനവും സെക്കന്റ് ലാംഗ്വേജ് തിരഞ്ഞെടുപ്പിലെ കൗതുകകരമായ ചർച്ചകളും.
ഓർമ്മച്ചീളുകൾ ഭാഗം 04/ കൂക്കാനം റഹ്‌മാൻ
(KVARTHA) ചില മനുഷ്യർക്ക് എഴുത്ത്, ഒരലങ്കാരവും സ്വകാര്യ അഹങ്കാരവുമാണ്. എഴുതുകയെന്നാൽ അവനവനെ തന്നെ കുറിച്ചിടുക എന്നർത്ഥം കൂടെയുണ്ടാകും ചിലരുടെ എഴുത്തുകളിൽ. മനസ്സിൽ എന്തെങ്കിലും ചിന്ത വന്നാൽ അത് കുറിച്ചിടുക എന്നത് അവർക്ക് ആവേശവുമാണ്. അത്തരം ആശയങ്ങളെ മറ്റുള്ളവരുമായി പങ്കിടുവാനും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുക എന്നുള്ളതും സന്തോഷം നൽകുന്ന വസ്തുതകളാണ്.
1960 കളിലൊക്കെ ആശയപരമായ കാര്യങ്ങൾ പരസ്പരം പങ്കുവെക്കുന്നതിന് പീടികത്തിണ്ണകൾ പലരും പ്രയോജനപ്പെടുത്താറുണ്ട്. അവിടെ രാഷ്ട്രീയ പക്ഷപാതിത്വങ്ങളും, സിനിമ - നാടക കാര്യങ്ങളും മറ്റുമായിരിക്കും ചർച്ചകളിൽ ഉണ്ടാവുക. നാട്ടിൽ നടക്കുന്ന മരണം, വിവാഹം, തുടങ്ങിയ ചെറിയ സംഭവങ്ങൾ വരെ ചർച്ചക്ക് വിധേയമാവാറുണ്ട്. ഒപ്പം കവിത, കഥ എന്നിവ എഴുതുന്ന ഔപചാരികവിദ്യാഭ്യാസം തീരെ ഇല്ലാത്ത വ്യക്തികളെയും കാണാം. അക്കൂട്ടത്തിൽ ഒരു വെളുത്തമ്പുവേട്ടൻ എഴുതി വായിച്ച കവിതാ ശകലം എൻ്റെ മനസ്സിൽ ഇന്നും തങ്ങി നിൽപ്പുണ്ട്.
'എന്നുടെ ജോലി വിശേഷിച്ചു ചൊല്ലണോ ഏറ്റാണു പുല്ലരിഞ്ഞിടലുമുണ്ടു ഞാൻ'
ഇത്തരം നാടൻ കവിതകൾ വായിക്കുകയും ചർച്ച ചെയ്യുകയും പതിവാക്കിയ പീടിക കോലായികളും അന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ടും കേട്ടും വളർന്ന എൻ്റെ കുട്ടിക്കാലത്ത് കവിത എഴുതാനും എന്തിനെക്കുറിച്ചെങ്കിലും ലേഖനമെഴുതാനും മനസ്സ് വെമ്പുമായിരുന്നു. അക്കാലത്ത് പ്രൈമറി ക്ലാസുകളിൽ കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. എൻ്റെ വാസന തിരിച്ചറിയുകയും അതിൽ എനിക്കുള്ള മിടുക്ക് മനസ്സിലാക്കുകയും ചെയ്ത ഹെഡ്മാസ്റ്റർ ഏഴാം ക്ലാസിലെത്തിയപ്പോൾ കയ്യെഴുത്തു മാസികയുടെ പത്രാധിപരായി എന്നെ നിശ്ചയിച്ചു.
'കുസുമം' എന്ന കയ്യെഴുത്തു മാസിക
'കുസുമം' എന്നായിരുന്നു മാസികയുടെ പേര്. അതിലെഴുതിയ കവിതയിലെ ആദ്യവരി ഇങ്ങിനെയായിരുന്നു.
'അസ്തമയസൂര്യനെ നോക്കി റ്റാറ്റയോതുന്നു തെങ്ങോല'
അന്നത്തെ ഏഴാം ക്ലാസുകാരൻ്റെ വരികളാണേ ... കവിത എന്താണെന്നോ അതെങ്ങനെ എഴുതണമെന്നോ വലിയ ധാരണകൾ ഒന്നുമില്ലായിരുന്നു. വാക്കുകൾ കൂട്ടിപ്പെറുക്കി എഴുതും അതാണ് കവിത. പക്ഷെ അതിനൊരു താളവും ബോധവുമുണ്ടായിരുന്നു. അതാണ് പലരും അംഗീകരിക്കാനുള്ള കാരണം. അന്ന് മറ്റൊരു പ്രത്യേകത കൂടെ ഉണ്ടായിരുന്നു. സ്‌കൂൾ കൈ എഴുത്തു മാസികയുടെ പത്രാധിപരായാൽ ഒരു ക്രഡിറ്റു കൂടി ഉണ്ട്. യാത്രയയപ്പു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ മാസിക കയ്യിൽ പിടിക്കാം. അന്ന് അതൊരു വലിയ ഗമയായിരുന്നു. പിന്നെ നമ്മുടെ കഴിവിനെ നാലാളെ അറിയിക്കുക എന്നത് വലിയ ഹരവും കൂടെയായിരുന്നു.
വാരികകളിലോ മാസികകളിലോ രചനകളും സ്വന്തം പേരും അച്ചടിച്ചു വരുന്നത് കാണാൻ കൊതിപൂണ്ട് നിൽക്കുന്ന കാലമായിരുന്നു. അന്ന് കയ്യെഴുത്തു മാസികയേ രക്ഷയുള്ളു. മറ്റ് മാസികകളൊന്നും നിലവിൽ ഇല്ലായിരുന്നു. 1965 ലോ മറ്റോ ആണെന്ന് തോന്നുന്നു കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദേശമിത്രം' എന്ന മാസികയെ കുറിച്ച് ഞാൻ അറിയാനിടയായത്. അതിൻ്റെ പത്രാധിപർ പി.വി.കെ. നെടുങ്ങാടിയാണെന്നും അറിഞ്ഞു. എവിടുന്നോ എൻ്റെ കയ്യിൽ വന്നെത്തിയ ദേശമിത്രം മാസികയിൽ നിന്നും വിലാസം കണ്ടെത്തി.

സ്വപ്നങ്ങൾക്ക് ചിറക് മുളച്ച കാലം
പി.വി.കെ. നെടുങ്ങാടിക്ക് ഒരു കത്തെഴുതി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ മറുപടി ലഭിച്ചു. 'സൃഷ്ടികൾ ഏതായാലും അയച്ചു തരൂ. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' എന്ന് സൂചിപ്പിച്ചായിരുന്നു മറുപടി. തുടർന്നങ്ങോട്ട് ഞങ്ങൾ തമ്മിൽ എഴുത്തു കുത്തുകൾ തുടർന്നു കൊണ്ടിരുന്നു. എഴുതി അയക്കുന്ന ലേഖനങ്ങളായാലും അനുഭവ കുറിപ്പുകളായാലും കുട്ടിക്കവിതകളായാലും ദേശമിത്രത്തിൽ അച്ചടി മഷിപുരണ്ടു വന്നു തുടങ്ങി. എഴുതാനുള്ള പ്രചോദനമായി മാറി അദ്ദേഹത്തിൻ്റെ പ്രോത്സാഹനങ്ങൾ.
കുറച്ചുകാലം കഴിഞ്ഞപ്പോൾ 'ദേശമിത്രം സാഹിത്യ വേദി' യിൽ അംഗമാവണമെന്ന് കാണിച്ച് കത്ത് കിട്ടി. അതിലും അംഗമായി ചേർന്നു. സാഹിത്യ വേദിയുടെ പ്രധാന പ്രവർത്തകൻ കുഞ്ഞിമംഗലം ദാമു എന്ന ആളാണെന്ന് മനസ്സിലായതോടെ അദ്ദേഹവുമായി എഴുത്തിലൂടെ ആശയവിനിമയം നടത്തിത്തുടങ്ങി. അതായിരുന്നു എന്റെ ആദ്യത്തെ പ്രസിദ്ധീകരണങ്ങൾ. അവയായിരുന്നു എന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചതും, എഴുത്തിന് അകലെയല്ലാതെ ഒരു ആകാശമുണ്ടെന്ന് കാണിച്ചു തന്നതും.
കോളേജ് മാഗസിനിലെ ആ ലേഖനം
1966 ൽ കാസർകോട് ഗവ. കോളേജിൽ പ്രിഡിഗ്രിക്ക് ചേർന്ന് പഠിക്കുന്ന കാലം. അക്കാലത്ത് വർഷത്തിലൊരിക്കൽ കോളേജ് മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്. പ്രസ്തുത മാഗസിനിലേക്ക് വിദ്യാർത്ഥികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് കോളേജ് നോട്ടീസ് ബോർഡിൽ കണ്ടു. പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല. കയ്യിലുള്ള കഴിവിനെ ഒന്ന് പൊടി തട്ടിയെടുക്കാൻ തന്നെ തീരുമാനിച്ചു. നിശ്ചിത തിയ്യതിക്കകം മലയാളത്തിൽ ഒരു ലേഖനം തയ്യാറാക്കി മലയാളം ഡിപ്പാർട്ട്മെൻ്റിൽ ചെന്ന് മാഗസിൻ ചാർജുള്ള പ്രൊഫസർക്ക് നൽകി. 'വിദ്യാർത്ഥികളുടെ കടമ' എന്നായിരുന്നു ലേഖനത്തിൻ്റെ ഹെഡിംഗ്. ലേഖനം തിരഞ്ഞെടുത്തിരുന്നോ എന്നൊന്നും അറിയില്ലായിരുന്നു.
കോളേജ് ഡെയുടെ അന്നാണ് മാഗസിൻ്റെ പ്രകാശനച്ചടങ്ങ് ഉണ്ടായത്. ആകാംക്ഷയോടെ മാഗസിൻ്റെ പേജുകളിലൂടെ കണ്ണോടിച്ചു. അതിൽ ഇംഗ്ലീഷ്, കന്നഡ, മലയാളം എന്നീ ഭാഷാ വിഭാഗങ്ങൾക്ക് പ്രത്യേക പ്രത്യേകം പേജുകൾ നീക്കിവെച്ചിട്ടുണ്ടായിരുന്നു. മലയാളം സെക്ഷനിൽ എൻ്റെ ലേഖനമുണ്ട്. വല്ലാത്ത സന്തോഷം തോന്നിയ നിമിഷം. ആവേശപൂർവ്വം സുഹൃത്തുക്കളുമായി അത് പങ്ക് വെക്കുകയും ചെയ്തു.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മലയാളം ഡിപ്പാർട്ട്മെൻ്റിൽ നിന്ന് മാഗസിൻ ചുമതലയുള്ള പ്രൊഫസർ എന്നെ വിളിക്കുന്നുണ്ട് എന്ന വിവരം പ്യൂൺ വന്ന് അറിയിച്ചു. എന്തോ പ്രശ്‌നമുണ്ട് എന്ന വേവലാതിയോടെയാണ് മലയാളം ഡിപ്പാർട്ട്മെൻ്റിലേക്ക് കാലെടുത്തു വെച്ചത്. പ്രൊഫസർ ചിരിച്ചുകൊണ്ട് എന്നെ കൈ കൊണ്ട് ആംഗ്യം കാട്ടി 'വാവാ' എന്ന് വിളിച്ചു. നെഞ്ചിടിപ്പോടെയാണ് അടുത്തേക്ക് ചെന്നത്. പക്ഷെ പ്രതീക്ഷകൾപ്പുറമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
അടുത്ത് ചെന്നപ്പോൾ പറഞ്ഞു: 'തൻ്റെ ലേഖനം നന്നായിട്ടുണ്ട്. മലയാളത്തിൽ നല്ല കഴിവുണ്ടായിട്ടും താനെന്തിനാ ഹിന്ദിസെക്കൻ്റ് ലാംഗ്വേജായി എടുത്തത്?'
അത് കേട്ടപ്പോഴാണ് ശ്വാസം നേരേ വീണത്. ഞാൻ അതിന് മറുപടി പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു. 'ഇനിയും എഴുതണം' എന്ന് പറഞ്ഞ് എന്നെ ഒന്ന് സന്തോഷിപ്പിച്ചാണ് അദ്ദേഹം പറഞ്ഞയച്ചത്. എൻ്റെ കൂടെ ഉള്ളവരെല്ലാം ഹിന്ദിയാണ് സെക്കൻ്റ് ലാംഗ്വേജായി എടുത്തത്. പഠിക്കാൻ എളുപ്പവും നല്ല മാർക്കും കിട്ടും എന്ന് പലരും പറയുന്നത് കേട്ടാണ് ഹിന്ദി എടുത്തത്.
ആ കാത്തിരിപ്പിനും അന്വേഷണത്തിനുമുള്ള മറുപടി
ഞാൻ ആ വിഷയം അതോടെ വിട്ട് കളഞ്ഞെങ്കിലും കോളേജിൽ എൻ്റെ ലേഖനത്തെക്കുറിച്ച് ചർച്ച നടന്നു എന്ന് തോന്നുന്നു. ഒരു ദിവസം രാവിലെ കോളേജ് ഗേറ്റിനടുത്തു കറുത്ത പേൻ്റും വെള്ള ഷർട്ടുമിട്ട് പൊടിമീശ വെച്ച ഒരു ചെറുപ്പക്കാരൻ എന്നെ കാത്തു നിൽക്കുന്നു. ആ സുന്ദരനായ ചെറുപ്പക്കാരൻ കൈകൾ കൂപ്പി കൊണ്ട് ചോദിച്ചു:
'കൂക്കാനം റഹ് മാനല്ലേ?' 'അതേ,' ഞാൻ മറുപടി പറഞ്ഞു. 'ഞാൻ കുഞ്ഞിമംഗലം ദാമു.' 'ഓഹോ നിങ്ങൾ ഇവിടെ?' 'ഞാൻ ഡിഗ്രിക്കു പഠിക്കുകയാണ്. നിങ്ങൾ ഇവിടെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.' 'എനിക്കും നിങ്ങൾ ഇവിടെയാണെന്നറിയില്ലായിരുന്നു.'
ഞങ്ങൾ പരസ്പരം എഴുത്തുകുത്തുകൾ നടത്തിയിട്ടുണ്ടെങ്കിലും അന്നാണ് നേരിട്ടു കാണുന്നത്. തുടർന്ന് ദേശമിത്രം, പി.വി.കെ. നെടുങ്ങാടി, ദേശമിത്രം സാഹിത്യ വേദി എന്നിവയെക്കുറിച്ച് ദീർഘനേരം സംസാരിച്ചു. അതും അന്ന് വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു. എഴുത്തു വായിച്ച് ഒരാൾ നമ്മെ തിരിച്ചറിയുകയും തിരഞ്ഞു വരികയും ചെയ്യുന്നത് അന്ന് അത്ഭുതമായി തോന്നുകയും ചെയ്തിരുന്നു. എഴുത്തിൻ്റെ ഉയർച്ചയിലേക്കുള്ള ചവിട്ടു പടികളായിരുന്നു അവ ഓരോന്നും. പിന്നേയും എഴുതാനുള്ള പ്രചോദനങ്ങളും അത് പോലെയുള്ള തേടിവരലുകളും നല്ല വാക്കുകളും തന്നെയായിരുന്നു. പിന്നോട്ട് നോക്കുമ്പോൾ സ്വപ്നമെന്ന് തോന്നുമെങ്കിലും അവ ഏറ്റവും മനോഹരമായ നിമിഷങ്ങളാണെന്ന് ഇന്ന് തിരിച്ചറിയുന്നു.
പഴയകാലത്തെ കയ്യെഴുത്തു മാസികകളെക്കുറിച്ചും അക്ഷരങ്ങൾ സൗഹൃദമായി മാറിയ വഴികളെക്കുറിച്ചും നിങ്ങൾക്കും ഓർമ്മകളുണ്ടാകില്ലേ? ഇത്തരം അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്? നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. പുതിയ അനുഭവക്കുറിപ്പുകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Kookkanam Rahman shares his nostalgic journey through the world of writing, from childhood handwritten magazines like 'Kusumam' to the college magazine in Kasaragod and his association with 'Deshamithram' magazine.
#KookkanamRahman #MalayalamLiterature #Memories #WritingJourney #KeralaHistory #LiteraryLife #CollegeMagazines #Deshamithram #Kasaragod #Nostalgia
