Electric Bus | ഇത് ഗണേഷ് കുമാറിൻ്റെ തെറ്റല്ല; കെ എസ് ആർ ടി സി രക്ഷപ്പെടരുത്, കച്ചവടം നടക്കണം, കമ്മീഷൻ വാങ്ങണം; 'അതാണ് ഇ പോളിസി'
Jan 20, 2024, 15:49 IST
/ മിന്റാ മരിയ തോമസ്
തിരുവനന്തപുരത്ത് ഈ ബസുകൾ ഓടിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ഭരണ കക്ഷിയിലെ ചില എം.എൽ.എ മാരും ഗണേഷിനെതിരെ ഇതിൻ്റെ പേരിൽ രംഗത്ത് വന്നുകഴിഞ്ഞു. അതായത് ഭരണ മുന്നണിയ്ക്കുള്ളിൽ പുതിയ മന്ത്രിയെ എതിർക്കുന്നവർ ധാരാളമാണെന്ന് അർത്ഥം. ശരിക്കും പറഞ്ഞാൽ ഇവിടെ ഗണേഷ് കുമാറിനെ ഇവർ വിഡ്ഢിയാക്കുകയാണോ അല്ലെങ്കിൽ അഴിമതിയ്ക്ക് വേണ്ടി ആരൊക്കെയോ ഒന്നിക്കുന്ന കാഴ്ചയാണോ ഇത്? എങ്ങനെയും ഗണേഷ് കുമാറിനെ വലിച്ച് താഴെ ഇടണം. അങ്ങനെയുള്ളവരാണ് ഭരണമുന്നണിയിൽ ധാരാളം പേർ എന്നും ഇപ്പോൾ മനസിലാകുന്നു.
ശരിക്കും പറഞ്ഞാൽ ഏത് ബസ് ആണ് ലാഭം. ഇതാണ് ഇപ്പോൾ സമൂഹത്തെ കുഴപ്പിക്കുന്നത്. ആരുടെ തലയിൽ ആണ് കളിമണ്ണ്. മുൻ മന്ത്രിയുടെയോ ഇപ്പോഴത്തെ മന്ത്രിയുടെയോ. ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായാൽ പ്രസ്ഥാനം രക്ഷപെടുമെന്ന് വിശ്വസിക്കുന്നവരാണ് ജനങ്ങളിൽ ഭൂരിപക്ഷം പേരും. അതിനാൽ തന്നെ അദ്ദേഹം വകുപ്പ് മന്ത്രിയായി വരണമെന്നും ജനം ആഗ്രഹിച്ചതാണ്. കാരണം കഴിഞ്ഞ കാലങ്ങളിൽ മന്ത്രിയായിരുന്നപ്പോൾ ഗണേഷ് കുമാർ കെ.എസ്.ആർ.ടിയെ രക്ഷിക്കാൻ നടത്തിയ നീക്കം തന്നെ. എന്നാൽ പുതുതായി അദ്ദേഹം അധികാരം ഏറ്റപ്പോൾ മുതൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത രീതിയിൽ ആരോ ഒക്കെ കരുക്കൾ നീക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
അതായത് കെ.എസ്.ആർ.ടി.സി രക്ഷപ്പെടാൻ ആർക്കും താല്പര്യമില്ല എന്ന് അർത്ഥം. കെ.എസ്.ആർ.ടി.സി ഡിപ്പാർട്ട്മെൻ്റ് ആര് നന്നാക്കാൻ ശ്രമിച്ചാലും അവരെ നശിപ്പിച്ചു കളയാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ജനത്തിന് ഇപ്പോൾ മനസിലായി തുടങ്ങി എന്ന് വേണം പറയാൻ. ശരിക്കും ഇതിൽ രാഷ്ട്രീയവും അഴിമതിയും ഉണ്ട്. അതിനെ തുടക്കത്തിലെ പഠിക്കാൻ ശ്രമിച്ചതാണ് ഗണേഷ് കുമാർ ചെയ്ത കുറ്റം. പാവപ്പെട്ട ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കാൻ ആഗ്രഹിച്ച് അദ്ദേഹം നടത്തുന്ന നീക്കങ്ങൾ പാളുന്ന രീതിയിലേയ്ക്കാണ്. ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ഗണേഷ് കുമാറിനെ കുരുതി കൊടുത്ത് പ്രതിപക്ഷത്തിന് അടിക്കാൻ വടി കൊടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഭരണപക്ഷത്തെ ഓരോ നേതാക്കന്മാരും.
ടാറ്റ നെക്‌സോൺ ഇ വി ബസുകൾ 20 ലക്ഷം കൊടുത്ത് വാങ്ങിയാൽ നമ്മൾ പറയും ലാഭം ആണെന്ന്. അതേ വണ്ടി 75 ലക്ഷം കൊടുത്ത് വാങ്ങിയാൽ അതിനെ ലാഭം എന്ന് വിളിക്കാൻ പറ്റുമോ. അതായിരിക്കും ഇവിടെയും സംഭവിച്ചത്. രണ്ടിരട്ടി വിലയ്ക്ക് ആയിരിക്കും മുൻപ് ഈ ബസുകൾ വാങ്ങി കൂട്ടിയത്. അതായിരിക്കും പുതിയ മന്ത്രി ഗണേഷ് കുമാർ പറഞ്ഞത് ഈ വിലയ്ക്ക് 4 ഡീസൽ ബസുകൾ വാങ്ങിക്കാമെന്ന്. പലർക്കും ഇരട്ടി വിലയ്ക്ക് ബസ് വാങ്ങിച്ചപ്പോൾ നല്ലൊരു തുക കമ്മീഷനും കിട്ടി കാണും. രണ്ട് മൂന്ന് വർഷം മുൻപ് വാങ്ങിയ പല ഇ ബസുകളും ഇപ്പോൾ കട്ടപ്പുറത്ത് ഇരിക്കുകയാണെന്നാണ് വിവരം. പിന്നെ എങ്ങനെ കെ.എസ്.ആർ.ടി.സി രക്ഷപ്പെടും.
ക്വാളിറ്റി ഇല്ലാത്ത വണ്ടികൾ അല്ലെ കമ്മീഷൻ അടിക്കാൻ വാങ്ങിക്കൂട്ടുകയുള്ളൂ. ഇത് പിടിച്ചതാണ് പുതിയ മന്ത്രി ഗണേഷ് കുമാർ ചെയ്ത കുറ്റം. പണ്ട് വാങ്ങിച്ച ബസിൻ്റെ ലോൺ പോലും ഇതുവരെ അടച്ചു തീർന്നുകാണില്ല. ശരിക്കും പറഞ്ഞാൽ ഇപ്പോൾ ജീവനക്കാർ കൊണ്ടുവരുന്ന വരുമാനം മുഴുവൻ ഈ ലോൺ അടച്ചു തീർക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നു. മാത്രമല്ല ജീവനക്കാർക്ക് മാസ ശമ്പളം പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥ. ശരിക്കും പറഞ്ഞാൽ ഈ രീതിയിൽ അല്ല വാങ്ങൽ പ്രക്രിയകൾ നടക്കേണ്ടത്. ഇവിടെ ഇ ബസുകൾ വേണമെന്ന് നിർബന്ധം പിടിക്കുന്നവരോട് ഒരു ചോദ്യം. കേന്ദ്ര സർക്കാർ വാടക വ്യവസ്ഥയിൽ ബസ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അത് അങ്ങ് എടുത്താൽ പോരെ. വെറുതെ കെ.എസ്.ആർ.ടി.സി യെ നശിപ്പിക്കണോ?
അങ്ങനെ വരുമ്പോൾ ആർക്കും കൈയ്യിട്ട് വാരാൻ പറ്റില്ല. അതുതന്നെ കാര്യം. താറുമാറായി കിടക്കുകയാണ് ഇന്ന് കെ.എസ്.ആർ.ടി.സി. അത് നന്നായി കിട്ടിയാൽ അതിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുടുംബം പട്ടിണി ഇല്ലാതെ കഴിയും. അതിന് എല്ലാവരും പുതിയ മന്ത്രിയോട് സഹകരിക്കുകയാണ് വേണ്ടത്. അല്ലാതെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരാൻ നോക്കുക അല്ല വേണ്ടത്. മുൻപ് ഗണേഷ് കുമാർ മന്ത്രി ആയിരുന്നപ്പോൾ
ആവിഷ്ക്കരിച്ച മിനി ബസ് രീതി സ്വാഗതാർഹം ആയിരുന്നു. അത് എല്ലാ ഗ്രാമപ്രദേശത്തും പൊതുജനങ്ങൾക്കും ഉപയോഗപ്രതമായ രീതിയിൽ വീണ്ടും കൊണ്ടുവരികയാണ് വേണ്ടത്. കഴിയുമെങ്കിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി യാത്ര ചെയ്യാവുന്ന ബസുകൾ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെയും നടപ്പിലാക്കണം.
കേരളത്തിലെ രാഷ്ട്രീയം ഞാൻ വിശ്വസിക്കുന്നതും മനസിലാക്കിയതും മാത്രം ശരിയാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ പേരും. ഇവിടെ നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് മുൻപിൽ വിശ്വസിക്കാവുന്ന ഒരാൾ ഉണ്ട്. അതാണ് പുതിയ കെ.എസ്.ആർ.ടി.സി മന്ത്രി കെ.ബി.ഗണേഷ് കുമാർ. അദ്ദേഹം നഷ്ടത്തിലോടുന്ന നമ്മുടെ കെ.എസ്.ആർ.ടി.സി യെ രക്ഷപ്പെടുത്തുമെന്ന് കേരളത്തിലെ നിഷ്പക്ഷ ജനം വിശ്വസിക്കുന്നു. പ്രവർത്തിക്കാൻ അദ്ദേഹത്തിന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്താൽ മതിയാകും.
ഗണേഷ് കുമാർ മന്ത്രിയായി അധികാരം ഏറ്റപ്പോൾ മുതൽ കെ.എസ്.ആർ.ടി.സിയുടെ യൂണിയൻ്റെ തലപ്പത്ത് ഇരിക്കുന്നവരും വലിയ ആവേശത്തിലാണ്. അവരെയൊക്കെ ഒരുപോലെ കൈയ്യിൽ എടുത്ത് കൊണ്ടുപോകാൻ ഗണേഷ് കുമാറിന് അവുന്ന് ഉണ്ടെന്നതും നാം നോക്കി കാണേണ്ടത് ആണ്. എന്നാൽ ഒരു തരത്തിലും സമൂഹത്തിന് ഗുണം വരരുതെന്ന് ചിന്തിക്കുന്നവർക്ക് ഗണേഷ് കുമാർ എന്നും ഒരു ചതുർഥി തന്നെയാകും.
Keywords: Articles, Malayalam, Electric bus, Ganesh Kumar, Politics, KSRTC, Thiruvanandauram, Controversy over Ganesh Kumar's stance on electric buses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.