Nostalgia | ഹൃദയത്തിൽ സൂക്ഷിക്കുന്ന ബാല്യകാല സുഹൃത്തുക്കൾ
● ബാല്യകാലത്തെക്കുറിച്ചുള്ള മധുര ഓർമ്മകൾ
● ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിച്ച നാളുകൾ
● കാലം മാറിയെങ്കിലും ഓർമകൾ മങ്ങാതെയുണ്ട്
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 29
(KVARTHA) ഞങ്ങളുടെ കുട്ടിക്കാലം മനോഹരമായ ഒരു കാലഘട്ടത്തിലായിരുന്നു എന്നത് തന്നെയാണ് അതിനെ വീണ്ടും വീണ്ടും വിവർത്തനം ചെയ്യപ്പെടാനുള്ള ഏക കാരണം. ഉണ്ണാനുമുടുക്കാനും നേരാംവണ്ണം കിട്ടാത്ത കാലം. എങ്കിലും ജീവിതം ഏറ്റവും ആസ്വദിച്ചു എന്ന് പറയപ്പെടുന്നതും ആ കാലത്തിൽ തന്നെയായിരുന്നു. കൃതൃമത്വം അല്പം പോലും തൊട്ട് തീണ്ടാത്ത ബാല്യം. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ജീവിതം. പഠനത്തിന് പ്രാധാന്യം കൊടുക്കാതെ കാലികളെ മേച്ചും, ചാണകം വാരിയും, കുളത്തിലും തോട്ടിലും ചെന്ന് മീൻ പിടിച്ചും, മരം കയറി മറിഞ്ഞും കളിച്ചു മദിച്ചു നടന്ന കാലം.
ഉപദേശിക്കാനോ നിർദ്ദേശിക്കാനോ അന്നത്തെ രക്ഷിതാക്കൾക്ക് കഴിവുമില്ലായിരുന്നു. അവരെ പറഞ്ഞിട്ടും കാര്യമില്ല. നേരം വെളുത്ത അന്തി വരെ അവരും ചേറിലും ചെളിയിലുമായിരിക്കും. അഞ്ചാറ് വയർ നിറക്കണ്ടേ. പക്ഷെ എന്തേലും ചെറിയ തെറ്റ് കണ്ടാൽ മതി വഴക്കുപറയാനും ശിക്ഷിക്കാനും അവർക്ക് പ്രതേക കഴിവാണ്. അന്നൊക്കെ നേരെ ചൊവ്വേ രക്ഷിതാക്കളോട് വർത്തമാനം പറയാൻ പോലും പേടിയുള്ളവരായിരുന്നു ഞങ്ങൾ. സൂര്യൻ അസ്തമച്ചു കഴിയുമ്പോ പാത്തും പതുങ്ങിയും വീട്ടിലെത്തുകയും കിട്ടുന്നത് ഭക്ഷിച്ച് കിടന്നുറങ്ങുകയുമായിരുന്നു അക്കാലത്തെ ആൺപിള്ളേരുടെ സ്വഭാവം.
ശുദ്ധവായുവും ശുദ്ധവെള്ളവും ഇഷ്ടം പോലെ പ്രകൃതിയിൽ നിന്ന് കിട്ടും. പിന്നെ കണ്ണിൽ കണ്ട മരത്തിലെ കായും കനിയും ഭക്ഷണമാക്കും. അന്നൊക്കെ അങ്ങനെ കഴിക്കുന്ന ഭക്ഷണവും വിഷരഹിതമായിരുന്നു. അതേപോലെ ശുദ്ധ മനസ്കരായിരുന്നു അന്നത്തെ ഗ്രാമീണരും. മണ്ണെണ്ണ വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിലായിരുന്നു രാത്രി കാല ജീവിതം. ചാണം മെഴുകിയ വീട്ടകവും വീടിനടുത്തുള്ള തൊഴുത്തും അതിനകത്തുളള രണ്ടോമൂന്നോ പശുക്കളും ഗ്രാമീണ സൗകുമാര്യത്തിൻ്റെ കാഴ്ചകളായിരുന്നു. മേൽക്കൂരയിൽ തൂങ്ങി നിൽക്കുന്ന ഉറിയിലെ മോരു കുടുക്കയും, വെള്ളരിക്കയും, മത്തനും കുമ്പളവും അന്നത്തെ വീടുകളുടെ ചൈതന്യമായിരുന്നു.
ഗോട്ടികളിയും, കോട്ടയും കുത്തും, കോടേം കോലും ഞങ്ങളുടെ പ്രധാനകളികളായായിരുന്നു. ചെളിയിലും മണ്ണിലും വീണുരുണ്ടു കളിച്ച് തിമിർത്ത് സന്ധ്യ മയങ്ങും മുമ്പേ കുളത്തിൽ ചെന്നുള്ള കുളിയും. ഒരു നെടുവീർപ്പോടെ ഓർക്കാൻ മാത്രമെ ഇന്നാവൂ. 1960 കളിലെ ഇത്തരത്തിൽ പെട്ട എൻ്റെ കൂട്ടുകാരും സമപ്രായക്കാരുമായിരുന്നു പാടാച്ചേരി അമ്പു, കൊല്ലൻ കുഞ്ഞിരാമൻ, ഹരിജൻ ശ്രീധരൻ എന്നിവർ. ഞാൻ ഹൈസ്കൂളിൽ എത്തിയ വർഷം ഈ മൂന്നു പേരും കൂടി ഒരു ദിവസം നാടു വിട്ടുപോകുന്നു. അവർ പോയത് നാട്ടുകാരോ വീട്ടുകാരോ അറിയില്ല. ചുരുക്കി പറഞ്ഞാൽ കൂട്ടമായുള്ള ഒരു ഒളിച്ചോട്ടം.
അത് കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടപ്പോൾ എനിക്കൊരു കത്തുകിട്ടി. അവർ മൂന്നു പേരും കൂടി എഴുതിയതാണ്. 'ഞങ്ങൾ തലശ്ശേരിയിലുണ്ട് ഒ.വി. റോഡിലുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു. സുഖം തന്നെ', ഇത്ര മാത്രമേ ആ കത്തിലുണ്ടായിരുന്നുള്ളൂ. പക്ഷെ കത്തിൽ അവരുടെ പുതിയ വിലാസം ഉണ്ടായിരുന്നു.
അത് കൊണ്ട് തന്നെ ഞാൻ മറുപടി അയക്കുകയും ചെയ്തു. അതോടെ ആ കത്തെഴുത്തുകൾ ഇങ്ങനെ തുടർന്നു. നാടുവിട്ട മൂന്നു പേരും ഞാനുമായുള്ള അടുപ്പം വ്യത്യസ്ത രീതിയിലായിരുന്നു. അതിൽ കുഞ്ഞിരാമൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഞങ്ങൾ 7ാം ക്ലാസുവരെ ഓലാട്ട് സ്കൂളിൽ ഒരുമിച്ചു പഠിച്ചവരാണ്.
എൻ്റെ അമ്മാവൻ്റെ പീടികയ്ക്ക് കാവൽക്കാരായി രാത്രി പീടിക വരാന്തയിൽ ഒപ്പം കിടന്നുറങ്ങിയവരാണ് ഞാനും കുഞ്ഞിരാമനും. അമ്മാവന് അനാദി പീടികയുടെ കൂടെ ചായക്കച്ചവടവും ഉണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് വളരെ അകലെയുള്ള കിണറിൽ നിന്ന് വെള്ളം എടുത്ത് കൊണ്ടുവരണം. വലിയ മൺപാനിയിൽ വെള്ളം കോരി നിറച്ച് തലയിൽ വെച്ച് പീടികയിൽ എത്തിക്കേണ്ട ചുമതല കുഞ്ഞിരാമൻ നിർവ്വഹിക്കും. പാത്രവും ഗ്ലാസും പാട്ടയും കഴുകി വൃത്തിയാക്കി അടുപ്പിൽ തീകത്തിച്ച്ചായ വെള്ളം തളപ്പിക്കേണ്ട ചുമതല എനിക്കാണ്. എല്ലാം റെഡിയാക്കിയ ശേഷം ആദ്യ ചായ ഞങ്ങൾ രണ്ടു പേരും കുടിക്കും.
ചായക്കുള്ള പലഹാരം വിചിത്രമാണ്. മധുരക്കിഴങ്ങ് പുഴുങ്ങിയതോ ഉണക്ക വെള്ളക്കപ്പ പൊടിച്ചുണ്ടാക്കിയ ഇലയടയോ ആവും. ചായ കുടിച്ച ഉടനെ കുഞ്ഞിരാമൻ വീട്ടിലേക്കോടും. പക്ഷെ അമ്മാവൻ വരുന്നത് വരെ ഞാൻ പീടികയിൽ നിൽക്കണമെന്നാണ് കരാറ്. അതാണ് കുഞ്ഞിരാമനും ഞാനുമുള്ള ബന്ധം. പാടാച്ചേരി അമ്പു പക്ഷെ എൻ്റെ അയൽക്കാരനാണ്. ഒപ്പം കളിക്കൂട്ടുകാരുമാണ്. അവൻ കൊഞ്ഞേൻ മമ്മിച്ചയുടെ പറമ്പിൽ നിന്ന് കശുവണ്ടി മോഷ്ടിച്ച് പീടികയിൽ കൊണ്ടു കൊടുക്കുന്നത് ഞാൻ കാണാറുണ്ട്. എന്നാലും ആരോടും ആ കാര്യം പറഞ്ഞു കൊടുക്കാറില്ല. അത്ര മാത്രമേ അവനുമായി എനിക്ക് ബന്ധമുള്ളു.
ഹരിജൻ ശ്രീധരനുമായുള്ളത് കുടുംബ ബന്ധത്തിന് തുല്യമാണ്. കാരണം അവൻ്റെ അച്ഛനും അമ്മയും എൻ്റെ വീട്ടിലെ നിത്യ സന്ദർശകരാണ്. അതുകൊണ്ട് തന്നെ ശ്രീധരനും ഞാനും അടുത്ത സുഹൃത്തുക്കളാണ്. അകലവും അടുപ്പവും ഏറിയും കുഞ്ഞുമാണെങ്കിലും അവരെനിക്ക് നല്ല കൂട്ടുകാരായിയുന്നു. അത് കഴിഞ്ഞു കുറച്ചുകാലം കഴിഞ്ഞപ്പോൾ വീണ്ടും എനിക്കൊരു കത്ത് വന്നു. അവർ മൂന്ന് പേരും ചെന്നെയിൽ എത്തിയിരിക്കുന്നു എന്നാണ് ഉള്ളടക്കം. അതോടെ കത്തെഴുതന്നതിലും മറ്റും നല്ല മാറ്റം വന്നു. അന്ന് ചെന്നെയിലെത്തുകയെന്നാൽ വലിയ ഗമയാണ്. പക്ഷെ ജോലി ഹോട്ടലിൽ തന്നെ. എന്നാലും പറച്ചിലിൽ ചെന്നൈ അല്ലേ. അതാണ് മാറ്റത്തിന്റെ കാരണം.
വർഷങ്ങൾ അനവധി കൊഴിഞ്ഞു പോയി. ഞാൻ അധ്യാപകനായി. സമ്പാദിക്കാൻ തുടങ്ങി. അതോടെ പഴയ വീട് പൊളിച്ച് പുതിയ വീടുവെച്ചു. വീടിൻ്റെ കുടി കൂടൽ നിശ്ചയിച്ചു. എന്റെ ആ മൂന്നു സുഹൃത്തുക്കൾക്കും ഞാൻ ക്ഷണക്കത്തും അയച്ചു. കുടി കൂടുന്ന അന്ന് പോസ്റ്റ്മാൻ എൻ്റെ പേരിൽ വന്ന മൂന്ന് കവറുകളുമായി വീട്ടിലെത്തി. അമ്പു, ശ്രീധരൻ, കുഞ്ഞിരാമൻ എന്നിവർ മദ്രാസിൽ നിന്നയച്ച കത്തായിരുന്നു. ആകാംക്ഷാപൂവ്വം പൊട്ടിച്ചു നോക്കി. മൂന്നിലും പത്തുരൂപ വീതം വെച്ച് ഓരോ ആശംസാകാർഡും. അവർക്ക് മണി ഓർഡർ ആയി അയക്കാനൊന്നും അറിയില്ല.
പോസ്റ്റ്കവറിൽ തുക വെച്ച് അയക്കുന്നത് കുറ്റകാരമാണെന്നും അവർക്കറിയില്ലായിരുന്നു. സുഹൃത്തായ എന്നെ സന്തോഷിപ്പിക്കുകയും വേണം. അതിനാണ് ഒരെളുപ്പമാർഗ്ഗം അവർ സ്വീകരിച്ചത്. അമ്പത്തേഴ് വർഷം പിന്നിട്ടിട്ടും ആ സമ്മാനം മനസ്സിൽ നിന്ന് മാഞ്ഞുപോകാത്തതിനാൽ കുറിച്ചു വെക്കുകയാണ്. കാലം പിന്നിട്ടപ്പോൾ അമ്പു ഗൾഫിലേക്ക് കടന്നു. ശ്രീധരനും കുഞ്ഞിരാമനും നാട്ടിലേക്ക് തിരിച്ചു വന്നു. മൂന്നു പേരും ജീവിച്ചു പോകാനുള്ള സാമ്പത്തിക ശേഷി ആർജിച്ചാണ് മുന്നോട്ടു പോയത്. നാട്ടിൽ വന്ന മാറ്റം പോലെ ഞങ്ങളുടെ വ്യക്തി ജീവിതത്തിലും മാറ്റം വന്നു. പഴയ ഗ്രാമ്യസ്വഭാവം മാറി. സ്നേഹത്തിനും ഇടപെടലിനും വ്യത്യാസം വന്നു. ഭാര്യയും മക്കളും വീടും സ്വത്തുക്കളുമായി ജീവിതം തന്നെ മാറി മറിഞ്ഞു പോയി.
എല്ലാവർക്കും സ്വന്തം ജീവിതം സ്വന്തം കാര്യം എന്ന മട്ടിലുമായി. കുറച്ചു കാലം കഴിഞ്ഞു അമ്പുവും ഗൾഫിൽ നിന്ന് തിരിച്ചെത്തി. പക്ഷെ അവന് ആയുസ് കുറവായിരുന്നു. ഹൃദയാഘാതം മൂലം പെട്ടന്നൊരു ദിവസം മരിച്ചു പോയി. വൈകാതെ ശ്രീധരനും ഇവിടം വിട്ടുപോയി. കുഞ്ഞിരാമനും ഞാനും ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇങ്ങിനെയൊക്കെ മാറ്റം വന്നെങ്കിലും ഇടയ്ക്ക് കാണുമ്പോഴെക്കെ ഞങ്ങൾ പരസ്പരം ഓർമ്മ പങ്കുവെക്കും. തിരിച്ചു കിട്ടാത്ത ആ കാലത്തെ കുറിച്ച് വാ തോരാതെ സംസാരിക്കും. കുറേ ചിരിക്കും, ഇടക്ക് വെച്ച് പിരിഞ്ഞവരെ ഓർത്ത് സങ്കടം പറയും. പിന്നെ നെടുവീർപ്പിന്റെ പിൻബലത്തിൽ വീണ്ടും കാണുമെന്ന് ഉറപ്പില്ലെങ്കിലും ആ ഉറപ്പും പറഞ്ഞു പിരിയും. കാരണം ജീവിതത്തിന്റെ നേരങ്ങളെ ആർക്കും നിർവചിക്കാൻ കഴിയില്ലല്ലോ.
#childhoodmemories #friendshipgoals #nostalgia #rurallife #personalessay #humanintereststory