കഷ്ടപ്പാടിന്റെ തീച്ചൂളയിൽ നിന്ന് വിജയത്തിലേക്ക്: ചെറുപുഴയിലെ ഹംസയുടെ ജീവിതകഥ

 
Hamsa from Cherupuzha, the borewell locating expert.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 12-ആം വയസ്സിൽ കവുങ്ങ് കയറ്റത്തിൽ വിദഗ്ധനായി മാറി.
● പിന്നീട് തെങ്ങുകയറ്റം, നിർമ്മാണം, ഹോട്ടൽ ജോലി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.
● തളിപ്പറമ്പിലെ ഡോ. പി സി ഉസ്മാൻ സാഹിബിന്റെ സഹായിയും നടത്തിപ്പുകാരനുമായി.
● തേങ്ങ ഉപയോഗിച്ചുള്ള കുഴൽക്കിണർ സ്ഥലനിർണ്ണയത്തിൽ വമ്പൻ വിജയം നേടി.
● കണ്ണൂർ എയർപോർട്ട്, കണ്ണൂർ വനിതാ കോളേജ് എന്നിവിടങ്ങളിൽ സ്ഥലനിർണ്ണയം നടത്തി.

കനിവുള്ള മനുഷ്യർ ഭാഗം 13/ കൂക്കാനം റഹ്‌മാൻ

(KVARTHA) ചെറുപുഴക്കടുത്ത് ഭൂദാനം പാണ്ടിക്കടവ് പ്രദേശത്ത് താമസിക്കുന്ന അറുപത്തിയഞ്ചുകാരനായ ഹംസയുടെ ജീവിതാനുഭവങ്ങൾ ക്ലേശപൂർണ്ണമായിരുന്നു. ജീവിതത്തിൽ ഉയരങ്ങൾ തേടാൻ സ്കൂൾ സർട്ടിഫിക്കറ്റോ, മികച്ച പഠനമോ ആവശ്യമില്ലെന്നാണ് ഹംസയുടെ വാദം. കാരണം അതൊന്നുമില്ലാതെയാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.

Aster mims 04/11/2022

അതിദാരിദ്ര്യം കാരണം നാലാം ക്ലാസ് വരെ മാത്രമേ സ്കൂളിൽ പോകാൻ ഹംസയ്ക്ക് സാധിച്ചുള്ളൂ. ഏഴു മക്കളിൽ അഞ്ചാമനായിരുന്നു അദ്ദേഹം. ബാപ്പ ചെറുപ്പത്തിൽ അന്തരിച്ചു. അമ്മയായിരുന്നു ഏഴു മക്കൾക്കും താങ്ങും തണലും. 

പത്ത്-പന്ത്രണ്ട് വയസ്സാകുമ്പോഴേക്കും സഹോദരങ്ങളെല്ലാം കൂലിപ്പണിക്ക് പോയിത്തുടങ്ങി. പട്ടിണി രൂക്ഷമായതോടെ കൂട്ടത്തിലെ അഞ്ചാമനായ ഹംസയ്ക്കും പന്ത്രണ്ടാം വയസ്സിൽ തനിക്കാവുന്ന ജോലികൾക്ക് പോകേണ്ടി വന്നു. വിശപ്പിനേക്കാൾ വലുതല്ലല്ലോ വിദ്യാഭ്യാസം എന്നതായിരുന്നു അന്നത്തെ ചിന്ത.

നേർത്ത് മെലിഞ്ഞ ചെറിയ ശരീര പ്രകൃതമായിരുന്നു ഹംസയുടേത്. ആദ്യം പഠിച്ചത് കവുങ്ങ് കയറ്റമാണ്. ഒറ്റ ട്രൗസറുടുത്ത് സ്വയം കവുങ്ങിൽ കയറാൻ പഠിച്ചു. വൈകാതെ ജ്യേഷ്ഠന്മാരെ തോൽപ്പിക്കും വിധം കവുങ്ങ് കയറ്റത്തിൽ വിദഗ്ധനായി ഹംസ മാറി. 1972-ൽ ഒരു കവുങ്ങിൽ കയറി അടയ്ക്കാക്കുല കൊത്തിയാൽ അഞ്ച് നയാ പൈസയായിരുന്നു അന്നത്തെ കൂലി. 

കവുങ്ങിൻതോട്ടത്തിൽ ചെന്നാൽ ഒരു കവുങ്ങിലേ കയറേണ്ടതുള്ളൂ, ബാക്കിയൊക്കെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കവുങ്ങിൻ തല പിടിച്ച് ആടി ആടി അടുത്തതിൽ കയറും. ഈ കൊച്ചു പയ്യൻ ഉച്ചയാകുമ്പോഴേക്കും ഏകദേശം നൂറ് കവുങ്ങിൽ കയറുമായിരുന്നു. നൂറ് കവുങ്ങിന്റെ അടയ്ക്ക പറിച്ചാൽ അഞ്ച് രൂപ കൂലി കിട്ടും. 

Hamsa from Cherupuzha, the borewell locating expert.

പരിശീലനത്തിലൂടെ ദിനംപ്രതി 300 കവുങ്ങിൽ നിന്ന് വരെ ഈ ചെറിയ കുട്ടി അടയ്ക്ക പറിക്കുകയും 30 രൂപ വരെ കൂലി വാങ്ങുകയും ചെയ്തിട്ടുണ്ട്. വീട്ടിൽ പട്ടിണിയില്ലാതെ എട്ടുപേർക്ക് കഞ്ഞി കുടിച്ച് ജീവിക്കാൻ ഈ വരുമാനം സഹായിച്ചു. (ഇന്നായിരുന്നെങ്കിൽ ബാലവേല നിരോധന നിയമം പ്രകാരം മുതലാളി അഴിക്കുള്ളിലാകുമായിരുന്നു).

അൽപ്പം കൂടി കഴിഞ്ഞപ്പോൾ ആ പണി മതിയാക്കി ഹംസ അടുത്ത തൊഴിലിടമായ തെങ്ങുകയറ്റത്തിലേക്ക് മാറി. അന്ന് ഒരു തെങ്ങ് കയറിയാൽ അൻപത് പൈസ കൂലി കിട്ടും. എൺപത് തെങ്ങ് വരെ ഹംസ കയറും. കൂലിയായി നാല്പത് രൂപയും കയ്യിൽ കിട്ടും. ഇതിനു പുറമേ, കൊട്ടടയ്ക്ക ഉരിക്കൽ, ഉരുളൻ കല്ല് കൊണ്ട് പാതാർ കെട്ടൽ, കിണറിൽ കരിങ്കല്ല് വെടിവെച്ച് പൊട്ടിച്ചെടുക്കൽ, വീടിന്റെ ചുമർ നിർമ്മാണം, ഹോട്ടലിൽ പൊറോട്ട അടിക്കൽ തുടങ്ങിയ വ്യത്യസ്തങ്ങളായ തൊഴിൽ മേഖലകളിലും ഹംസ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചു.

cherupuzha hamsa life story borewell locator success

കുറച്ചു കൂടി പ്രായം ചെന്നപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടാൻ ശ്രമം തുടങ്ങി. അതിന്റെ മുന്നോടിയായി തളിപ്പറമ്പിലെ ഡോ. പി സി ഉസ്മാൻ സാഹിബിന്റെ സഹായിയായി പ്രവർത്തിക്കാൻ തുടങ്ങി. ഹംസയുടെ സത്യസന്ധതയും ആത്മാർത്ഥതയും കാരണം വൈകാതെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെയും ഭൂസ്വത്തുക്കളുടെയും നടത്തിപ്പുകാരനായി ഹംസ മാറി. മാസത്തിൽ 300 രൂപയായിരുന്നു ശമ്പളം.

വർഷങ്ങൾ കഴിഞ്ഞു പോകുന്നതിനനുസരിച്ച് ഹംസയുടെ ജീവിതത്തിൽ ഓരോ വഴിത്തിരിവ് വന്നു. ഇരുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം വിവാഹിതനായി. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയായിരിക്കണമെന്നും സ്ത്രീധനം വാങ്ങാതെയായിരിക്കണം കല്യാണമെന്നും ഹംസയ്ക്ക് ആഗ്രഹമായിരുന്നു. 

അതുപ്രകാരം ചപ്പാരപ്പടവിലെ പതിനാറുകാരിയായ സൈനബയെ ജീവിത പങ്കാളിയാക്കി. ക്രിസ്ത്യൻ സമൂഹവുമായാണ് ഹംസയുടെ കുടുംബം ഏറെ ഇടപെഴകി ജീവിച്ചിരുന്നത്. ക്രിസ്ത്യൻ പള്ളികളിലെ ആഘോഷങ്ങളിൽ ഹംസയുടെ സജീവ സാന്നിദ്ധ്യമുണ്ടാവാറുണ്ട്. 

 Hamsa from Cherupuzha, the borewell locating expert.

തലശ്ശേരി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ മദ്യവർജ്ജന ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തതും, നാടകത്തിൽ അഭിനയിച്ചതും ഇന്നും ഹംസയുടെ മനസ്സിൽ മായാതെ നിൽപ്പുണ്ട്. 1987-ലും തുടർന്നും വിവിധ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.എൽ. ജോസിൻ്റെ 'സങ്കീർത്തനം' നാടകത്തിലെ അഭിനയ മികവിന് കാണികളുടെ കയ്യടി കിട്ടിയ കാര്യം അഭിമാനത്തോടെ ഹംസ ഇപ്പോഴും പങ്കുവെക്കാറുണ്ട്.

ഇതിനിടയിലും ജീവിതം മെച്ചപ്പെടുത്താനുള്ള വഴികൾ ഹംസ തേടുന്നുണ്ടായിരുന്നു. സ്വന്തമായി ഒരു ജീപ്പ് വാങ്ങി ഡ്രൈവറായി ജോലിക്ക് കയറി. മൂന്നുവർഷത്തോളം ആ പണി ചെയ്തു. പ്രദേശത്തെ കാർഷിക വിളകൾ ടൗണിലേക്ക് എത്തിക്കലും ആളുകൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തലുമായിരുന്നു പ്രധാന ജോലി. 

പത്തുപേർക്ക് കയറാവുന്ന ജീപ്പിൽ ഇരുപതോളം പേരെ കുത്തിനിറച്ച് താറിടാത്ത റോഡിലൂടെ കുന്നും മലയും താണ്ടി ഡ്രൈവ് ചെയ്യുന്നതിനൊന്നും ഹംസയ്ക്ക് മടിയില്ലായിരുന്നു. ഈ കാലയളവിൽ ഡ്രൈവിംഗിൽ ഒരു അപകടം പോലും ഉണ്ടായിട്ടില്ലയെന്നത് ശ്രദ്ധേയമാണ്.

എന്നാൽ, ഏത് തൊഴിലിലും ഉറച്ചുനിൽക്കുന്ന സ്വഭാവം ഹംസക്കില്ലായിരുന്നു. പുതിയ ചിന്തയിലേക്കും പ്രവൃത്തിയിലേക്കും അദ്ദേഹം കടന്നുകൊണ്ടേയിരുന്നു. ഇതുവരെ ചെയ്ത പ്രവൃത്തികളിൽ നിന്നെല്ലാം ജീവിച്ചു പോകാനുള്ള വരുമാനം മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നത് ഹംസയെ നിരാശനാക്കി. എന്തെങ്കിലും മിച്ചമുണ്ടാക്കാനുള്ള വഴി കണ്ടെത്തണം എന്നതായിരുന്നു മനസ്സിൽ.

അങ്ങനെ അലയുമ്പോഴാണ് അവിചാരിതമായി ബോർവെൽ നിർമ്മാണത്തിന് വെള്ളം ലഭിക്കുന്ന സ്ഥലനിർണ്ണയം നടത്തുന്ന ഒരു വ്യക്തിയെ ധർമ്മശാലയിൽ വെച്ച് കണ്ടുമുട്ടുന്നത്. അയാൾ ഉള്ളം കയ്യിൽ ഒരു തേങ്ങയും പിടിച്ച് പറമ്പു മുഴുവൻ നടക്കുന്നതും ചില സ്ഥലത്തെത്തുമ്പോൾ കയ്യിലുള്ള തേങ്ങ ചലിക്കുന്നതും ഹംസ കാണാൻ ഇടയായി. 

ആ സ്ഥലത്താണ് കിണറിന് അനുയോജ്യമായ സ്ഥലമെന്ന് പറഞ്ഞ് കുറ്റി അടിക്കുന്നത്. ഈ വിദ്യയൊന്ന് പരീക്ഷിച്ചു നോക്കാമെന്ന് ഹംസയ്ക്ക് തോന്നി. ആ പരീക്ഷണം വമ്പൻ വിജയം നേടി. എത്ര അടി വരെ കുഴിച്ചാൽ വെള്ളം കിട്ടുമെന്നും, എത്ര അടി കുഴിച്ചാൽ കരിങ്കല്ല് കാണുമെന്നും കൃത്യമായി പ്രവചിക്കാൻ ഹംസയ്ക്ക് കഴിയുമായിരുന്നു. ഭൂമിക്കടിയിൽ കരിങ്കൽ പാറയാണെങ്കിൽ അത് കണ്ടെത്താൻ വടി ഉപയോഗിക്കുന്ന വിദ്യ കൂടി ഹംസ സ്വയം സ്വായത്തമാക്കി.

രണ്ടായിരത്തിലാണ് ഈ പ്രവൃത്തി ആരംഭിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടെ ആയിരക്കണക്കിന് കുഴൽക്കിണർ കുഴിക്കാനുള്ള സ്ഥലനിർണ്ണയം കൃത്യമായി നടത്താൻ കഴിഞ്ഞു എന്നുള്ളതിൽ ഹംസയ്ക്ക് ചാരിതാർത്ഥ്യമുണ്ട്. കൃത്യമായി ആഴം നിർണ്ണയിച്ചശേഷം, പണി കഴിയുന്നതുവരെ അതിന്റെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഹംസയുണ്ടാകും.

ഹംസയുടെ കുഴൽക്കിണർ സ്ഥലനിർണയത്തിലെ പ്രാഗത്ഭ്യം മനസ്സിലാക്കിയിട്ടാവണം കണ്ണൂർ എയർപോർട്ട്, കണ്ണൂർ വനിതാ കോളേജ് എന്നിവിടങ്ങളിലെ കുഴൽക്കിണർ നിർമ്മാണ സ്ഥല നിർണ്ണയത്തിന് ഹംസയെയാണ് നിശ്ചയിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഏകദേശം ആയിരത്തിനുമേൽ കുഴൽക്കിണർ നിർമ്മാണത്തിൽ ഹംസ പങ്കാളിയായിട്ടുണ്ട്.

യാത്ര ചെയ്യാനുള്ള ദൂരമനുസരിച്ച് ഒരു നിർണ്ണയത്തിന് 1500 രൂപ പ്രതിഫലമായി വാങ്ങിക്കും. അതുകൊണ്ടുതന്നെ മോശമല്ലാത്തൊരു വരുമാനം ഇതുവഴി ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എങ്കിലും ഹംസയ്ക്ക് അത്യാഗ്രഹമില്ലായിരുന്നു. 

Hamsa from Cherupuzha, the borewell locating expert.

പാവപ്പെട്ടവരുടെ വീട്ടിൽ ഇത്തരം പ്രവൃത്തിക്കു ചെന്നാൽ ഒരു പൈസ പോലും പ്രതിഫലമായി വാങ്ങിക്കില്ല. ചിലപ്പോൾ കയ്യിൽ നിന്ന് എന്തെങ്കിലുമൊക്കെ നൽകി അവരെ സാന്ത്വനിപ്പിക്കുകയും ചെയ്യും. കാരണം ഹംസ വളർന്നുവന്ന ദാരിദ്ര്യാവസ്ഥയെക്കുറിച്ച് ഇപ്പോഴും ബോധവാനാണദ്ദേഹം.

തന്റെ ചില തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുക എന്നത് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അങ്ങനെയാണ് തനിക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചത്. കൂലി കൊടുത്ത് തൊഴിലാളികളെ വെക്കാതെ സ്വയം വീടുവെക്കുമെന്നായിരുന്നു ഹംസയുടെ തീരുമാനം. 

ആ നിശ്ചയദാർഢ്യത്തിൽ ഉറച്ചുനിൽക്കുകയും 1997-ൽ എടുത്ത ആ തീരുമാനം 2000-ൽ പൂർത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആ പ്രവൃത്തിയിൽ മക്കളും ഭാഗവാക്കായിരുന്നു. വർഷങ്ങൾ കടന്നുപോവുകയും ജീവിതത്തിന്റെ പച്ചപ്പിലേക്ക് കടന്നുവരികയും ആവശ്യങ്ങൾ കൂടുകയും ചെയ്തപ്പോൾ, അടുത്ത കാലത്ത് പണിക്കാരെ വെച്ച് മറ്റൊരു മനോഹര കെട്ടിടം അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.

ദാമ്പത്യ ജീവിതത്തിൽ അദ്ദേഹത്തിന് രണ്ട് പെൺകുട്ടികൾ പിറക്കുകയും അവർക്ക് നല്ല വിദ്യാഭ്യാസം നൽകുകയും വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. ഷബീന, റുബീന രണ്ടു പേരും ഇപ്പോൾ ഗൾഫിൽ അധ്യാപികമാരായി ജോലി ചെയ്യുന്നു. 

 Hamsa from Cherupuzha, the borewell locating expert.

മകൻ ഷബീർ ഐ.ടി.ഐ. കഴിഞ്ഞ് നാട്ടിൽ ഇന്റീരിയൽ വർക്ക് ചെയ്യുന്നു. ഏറ്റവും ഇളയ മകൻ അഷ്ലഹുസ്സമാൻ ആധുനിക ഇസ്ലാമിക കർമ്മ ശാസ്ത്രത്തിൽ പി. ജി കഴിഞ്ഞ് ഗൾഫിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നു. ഇദ്ദേഹം ഒരു എഴുത്തുകാരനുമാണ്.

ബാധ്യതകളും ഭാരങ്ങളും ഒന്നുമില്ലെങ്കിലും കഠിനാധ്വാനിയായ ഹംസ ഇപ്പോഴും തന്റെ പരിശ്രമം മതിയാക്കിയിട്ടില്ല. പന്ത്രണ്ട് സെൻ്റ് ഭൂമിയിൽ കനകം വിളയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. എല്ലാത്തരം മരങ്ങളും ചെടികളും വള്ളികളും ആ ഭൂമിയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഗ്രാഫ്റ്റിംഗിൽ വിദഗ്ദ്ധനായ ഇദ്ദേഹം ഗ്രാഫ്റ്റ് ചെയ്ത് വളർത്തുന്ന വിവിധ ഫലവൃക്ഷങ്ങൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. തന്റെ പത്താം വയസ്സിൽ തുടങ്ങിയ അധ്വാനമാണ് അദ്ദേഹത്തിന് മികച്ച വിജയം കൈവരിച്ച് നൽകിയത്. 

ഇപ്പോഴും കഷ്ടപ്പാടിന്റെ ആ ദരിദ്രകാലം ഹംസയുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പരിശ്രമിക്കുന്നവന് മാത്രമേ ജീവിതത്തിൽ വിജയമുണ്ടാകൂ എന്ന വലിയ സത്യത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹംസയുടെ ഈ ജീവിതം.

അതിജീവനത്തിൻ്റെ പര്യായമായ ഹംസയുടെ ജീവിതകഥ വിസ്മയകരമല്ലേ? ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Cherupuzha's Hamsa, who stopped school at 4th grade, became an expert borewell locator and achieved success through hard work.

#SuccessStory #Cherupuzha #Hamsa #HardWork #BorewellExpert #Inspirational

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script