Humble | താഴ്‌മയുള്ളവരായിരിക്കുക, അതിനായിരിക്കും എപ്പോഴും വില; അമിതാഭ് ബച്ചനെ ഞെട്ടിച്ച ഒരു മനുഷ്യൻ!


അദ്ദേഹത്തിന് കൈ കൊടുത്ത് ബച്ചൻ പറഞ്ഞു, 'നിങ്ങളോടൊപ്പം യാത്ര ചെയ്തത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു'
മിൻ്റാ സോണി
(KVARTHA) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ (Super Star) ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. അത്, സാക്ഷാൽ അമിതാഭ് ബച്ചൻ (Amitabh Bachchan) തന്നെ. അദ്ദേഹത്തെക്കാൾ വലിയൊരു നടൻ (Actor) ഇന്ത്യയിൽ ഇല്ല എന്ന് തന്നെ പറയാം. ഒരുകാലത്ത് ഇന്ത്യ മുഴുവൻ വലിയൊരു ആരാധക നിര തന്നെ ബച്ചന് ഉണ്ടായിരുന്നു. അത്രയും ഉയർന്ന തലത്തിൽ നിൽക്കുന്ന അമിതാഭ് ബച്ചന് താൻ ഒരിക്കൽ ചെറുതാകുന്നതുപോലെ തോന്നി. അതും ഒരു മനുഷ്യൻ്റെ മുന്നിൽ. അതോടെ തീർന്നില്ലേ എല്ലാം. ആ കഥ അമിതാഭ് ബച്ചൻ തന്നെ ഒരു അനുഭവക്കുറിപ്പിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. താൻ ഒരു നിമിഷം ഒരു മനുഷ്യന് മുൻപിൽ ചെറുതായ അനുഭവം ബച്ചൻ വിവരിക്കുന്നത് ഇങ്ങനെയാണ്.
'അമിതാഭ് ബച്ചൻ ഒരു വിമാന യാത്ര ചെയ്യുകയായിരുന്നു. പ്ലെയിൻ ഷർട്ടും പാൻ്റും ധരിച്ച ഒരു മാന്യൻ അദ്ദേഹത്തിന്റെ അരികിലായി വന്നിരുന്നു. കാഴ്ചയിൽ അയാളൊരു സാധാരണക്കാരനാണ് (Ordinary). മുന്നിലും പിന്നിലുമുള്ള മറ്റ് യാത്രക്കാർ അമിതാഭ് ബച്ചനെ തിരിച്ചറിയുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുമ്പോഴും ഈ മാന്യൻ മാത്രം അദ്ദേഹത്തോട് ഒന്നും മിണ്ടാതെ അയാളുടെ കാര്യങ്ങളിലേക്ക് മാത്രമൊതുങ്ങി ഇരിക്കുന്നു. ഇടയ്ക്കിടെ അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ചായ കൊടുത്തപ്പോൾ അയാൾ ഒന്നും മിണ്ടാതെ അത് നുണഞ്ഞു.
ബച്ചൻ അയാളെ നോക്കി പുഞ്ചിരിച്ചു, സംഭാഷണം ആരംഭിക്കാൻ ശ്രമിച്ചു. അദ്ദേഹം വിനയത്തോടെ പുഞ്ചിരിച്ചുകൊണ്ട്, 'ഹലോ' എന്നു പറഞ്ഞു. 'നിങ്ങൾ സിനിമ (Movie) കാണാറുണ്ടോ?' മാന്യൻ മറുപടി പറഞ്ഞു, 'ഓ, വളരെ അപൂർവമായി. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒന്ന് കണ്ടു'. ബച്ചൻ താൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കാര്യം സൂചിപ്പിച്ചു. അദ്ദേഹം പ്രതികരിച്ചു, 'ഓ, അത് കൊള്ളാലോ. താങ്കൾ എന്ത് ചെയ്യുന്നു', മാന്യൻ ബച്ചനോടും ചോദിച്ചു?' ബച്ചൻ 'ഞാനൊരു നടനാണ്. അയാൾ തലയാട്ടി, 'ഓ, നൈസ്!' വീണ്ടും വായനയിലേക്ക് പോയി. പിന്നീട് ബച്ചൻ ഒന്നും അദ്ദേഹത്തോട് മിണ്ടിയില്ല.
ഇറങ്ങിയപ്പോൾ, വെറുതെ അദ്ദേഹത്തിന് കൈ കൊടുത്ത് ബച്ചൻ പറഞ്ഞു 'നിങ്ങളോടൊപ്പം യാത്ര ചെയ്തത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. എൻ്റെ പേര് അമിതാഭ് ബച്ചൻ'. മാന്യൻ ഒരു പുഞ്ചിരിയോടെ കൈ കൊടുത്തു പറഞ്ഞു, 'നന്ദി, നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം, ഞാൻ ജെആർഡി ടാറ്റ (JRD Tata) യാണ് (ടാറ്റയുടെ ചെയർമാൻ)!', ഈ അനുഭവക്കുറിപ്പ് അമിതാഭ് ബച്ചൻ ഉപസംഹരിക്കുന്നതിങ്ങനെയാണ്: 'നിങ്ങൾ എത്ര വലിയ ആളാണെന്ന് നിങ്ങൾ കരുതിയാലും, അതിലും വലിയ ഒരാൾ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അന്ന് ഞാൻ മനസിലാക്കി'.
താഴ്മയുള്ളവരായിരിക്കുക
താഴ്മയുള്ളവരായിരിക്കുക അതിനായിരിക്കും എപ്പോഴും വില എന്ന സന്ദേശമാണ് ഇന്ത്യയുടെ സൂപ്പർ സ്റ്റാർ എല്ലാവർക്കും ഈ വെളിപ്പെടുത്തലിലൂടെ നൽകുന്നത്. പലപ്പോഴും നമ്മളും ഇതുപോലെ വലിയ പുള്ളികളാണെന്ന് ഭാവിച്ചിരിക്കുന്നവരായിരിക്കും. അങ്ങനെയുള്ളവർക്ക് ബച്ചൻ തരുന്ന സന്ദേശമാണ് ഇത്. നമ്മൾ നിസാരരാണെന്ന് കരുതുന്ന പലരും നമ്മളെക്കാളും വലിയ ശക്തരാണെന്ന സന്ദേശം.
അതിനാൽ നമ്മുടെ കഴിവിലും സമ്പത്തിലും അഹങ്കരിക്കാതെ എളിമയുള്ളവരായിരിക്കുക. അങ്ങനെയുള്ളവർക്ക് മാത്രമേ ഈ ജീവിതം മനോഹരമായി ആസ്വദിക്കാൻ കഴിയു. അല്ലെങ്കിൽ തന്നെ ചെറിയ ഒരു അപകടമുണ്ടായാൽ തീരാവുന്നതെയുള്ളു നമ്മുടെ കഴിവും സമ്പത്തും ആരോഗ്യവുമെല്ലാം. അത് മനസ്സിലാക്കി മറ്റുള്ളവരെ സ്നേഹിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും പഠിച്ചാൽ അതായിരിക്കും ജീവിത വിജയത്തിൻ്റെ അടിസ്ഥാനം.