വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം 'കനിവ്' എന്ന് പഠിപ്പിച്ച അയ്യപ്പപ്പണിക്കർ


● നന്മകൾ പറയാൻ നാവിനും തിന്മകൾ കൊത്തിക്കീറാൻ കൊക്കിനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
● പരീക്ഷ, മാർക്ക് എന്നിവയ്ക്കപ്പുറം മാനുഷിക മൂല്യങ്ങൾ പഠിപ്പിക്കണം.
● പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
● മരണാനന്തര ചടങ്ങുകൾ ലളിതമായിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
കനിവുള്ള മനുഷ്യർ ഭാഗം 01/ കൂക്കാനം റഹ്‌മാൻ
(KVARTHA) രണ്ടു പതിറ്റാണ്ടിനു മുമ്പുള്ള ഒരു ഓർമ്മയാണത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വിദ്യാഭ്യാസ പ്രവർത്തകർക്കായി ഒരു പരിശീലന പരിപാടി നടക്കുകയാണ്. ഹാളിലേക്ക് നീണ്ടു വളർന്ന നരച്ച താടിയും, മഫ്ലർ കൊണ്ട് തല മറച്ചും ഒരാൾ കടന്നുവന്നു.

വേദിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുത്തി. വിദ്യാഭ്യാസത്തിൽ മൂല്യബോധത്തിനുള്ള പ്രാധാന്യം എന്ന വിഷയത്തെ ആധാരമാക്കി ക്ലാസെടുക്കാനാണ് ഇദ്ദേഹം വന്നതെന്നു മനസ്സിലായി. പ്രോഗ്രാം നോട്ടീസ് നോക്കിയപ്പോൾ, പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്യുന്നത് ഡോ. കെ. അയ്യപ്പപ്പണിക്കരാണെന്ന് തിരിച്ചറിഞ്ഞു. ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നേരിൽ കാണുന്നത് ആദ്യമായിട്ടായിരുന്നു.
താൽപര്യമൊന്നുമില്ലാതെ നിസ്സംഗനായിരിക്കുന്ന ആ വ്യക്തിയെ ഞാൻ ശ്രദ്ധിച്ചുനോക്കി. ഡോ. കെ. അയ്യപ്പപ്പണിക്കർ വരുമ്പോൾ മറ്റൊരു വ്യക്തി ചർച്ച നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ചർച്ചയിൽ പങ്കെടുക്കുന്നതിനോടൊപ്പം വേദിയിലിരിക്കുന്ന അയ്യപ്പപ്പണിക്കരെയും ഞാൻ ശ്രദ്ധിച്ചു.
അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലൊക്കെ എന്റെ ഭാവനയിൽ കണ്ട അയ്യപ്പപ്പണിക്കരുടെ രൂപം ഇതായിരുന്നില്ല. ഞാൻ നേരിൽ കണ്ട പി.എൻ. പണിക്കർ, പി.ടി. ഭാസ്കരപ്പണിക്കർ, കെ.എൻ. പണിക്കർ എന്നിവരെപ്പോലെയായിരിക്കും ഡോ. അയ്യപ്പപ്പണിക്കരെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്നാൽ, ഞങ്ങളുടെ മുന്നിലിരുന്ന അയ്യപ്പപ്പണിക്കരും എന്റെ ഭാവനയിലെ അയ്യപ്പപ്പണിക്കരും തികച്ചും വ്യത്യസ്തനായിരുന്നു.
നടന്നുകൊണ്ടിരുന്ന ചർച്ച അവസാനിച്ചു. ഡോ. അയ്യപ്പപ്പണിക്കരെ ക്ലാസെടുക്കാൻ ബന്ധപ്പെട്ടവർ ക്ഷണിച്ചു. പ്രത്യേക ഭാവഭേദമൊന്നുമില്ലാതെ കസേരയിലിരുന്നുകൊണ്ടുതന്നെ അദ്ദേഹം സംസാരിച്ചു തുടങ്ങി. ഒരു ചോദ്യം ഞങ്ങളുടെ മുന്നിലേക്ക് തൊടുത്തുവിട്ടുകൊണ്ടാണ് അദ്ദേഹം തുടക്കമിട്ടത്:
‘വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ്?’
വളരെ ലളിതമായ, പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഈ ചോദ്യം കേട്ടപ്പോൾ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകരായ ഞങ്ങളെല്ലാം ‘ഇതാണോ ചോദ്യം?’ എന്ന മട്ടിൽ ഇരുന്നു. അൽപ്പസമയം നിശ്ശബ്ദത. എല്ലാവരുടെയും മുഖത്ത് ചോദ്യത്തിനുള്ള ഉത്തരം പറയാനുള്ള തയ്യാറെടുപ്പ് കണ്ടു. മുൻസീറ്റിലിരുന്ന ഞാൻ എഴുന്നേറ്റു. അയ്യപ്പപ്പണിക്കർ എന്നെ തുറിച്ചുനോക്കി.
‘ഒരു വ്യക്തിയുടെ സർവ്വതോമുഖമായ വികാസമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം,’ അതും പറഞ്ഞ് ഞാൻ ഇരുന്നു. ഗാന്ധിജി പറഞ്ഞ കാര്യമാണിത്. അതുകേട്ട് അയ്യപ്പപ്പണിക്കർ ഒന്ന് മൂളി. 'ഇനിയൊന്നും പറയേണ്ട' എന്ന് ഞങ്ങളും കരുതി. വീണ്ടും നിശ്ശബ്ദത.
അയ്യപ്പപ്പണിക്കർക്ക് തൃപ്തിയായില്ലെന്ന് തോന്നിയതുകൊണ്ടാവാം ഒരാൾ കൂടി എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു, ‘പട്ടിണിയും കഷ്ടപ്പാടും മാറ്റാനുള്ള അറിവുണ്ടാക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.’ പൗലോ ഫ്രെയർ പറഞ്ഞ തത്വം കടമെടുത്താണ് അദ്ദേഹം അത് പറഞ്ഞത്. പണിക്കർ ഒന്നുകൂടി മൂളി, തൃപ്തി വരാത്ത ഭാവത്തിൽ.
‘വേറെ ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ?’
ഇതിനപ്പുറം എന്തു പറയാൻ എന്ന ചിന്തയിൽ ഞങ്ങളാരും പ്രതികരിച്ചില്ല.
‘ഇതൊക്കെ ഓരോ മഹാൻമാർ പറഞ്ഞ കാര്യങ്ങളാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനുഭവജ്ഞാനമുള്ള നിങ്ങൾക്കെന്തു പറയാനുണ്ടെന്നാണ് എനിക്കറിയേണ്ടത്.’ അദ്ദേഹം തുടർന്നു, ‘ഇതൊന്നുമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.’
‘പിന്നെ എന്താണ്?’ ആകാംഷയോടെ ഞങ്ങൾ കാതോർത്തു.
ഒരൊറ്റ വാക്കേ അദ്ദേഹം പറഞ്ഞുള്ളൂ: ‘കനിവ്’.
മനുഷ്യരിലുണ്ടാക്കേണ്ടത് 'കനിവ്' ആവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആ വാക്ക് എന്നെ വല്ലാതെ ആകർഷിച്ചു. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് 'കനിവ്' ആണ്. ആ നന്മ മനുഷ്യരിലുണ്ടാക്കിയെടുക്കണം. വിദ്യാഭ്യാസത്തിലൂടെ അത് സാധ്യമാവണം. അതിനായിരിക്കണം നമ്മുടെ ശ്രമം, അദ്ദേഹം പറഞ്ഞുനിർത്തി.
മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എനിക്ക് പ്രശ്നമില്ല, എന്റെ കാര്യം നടക്കണം - ഇതാണ് വിദ്യാഭ്യാസം ലഭിച്ചവരുടെ മനോഭാവം. സ്വാർത്ഥത വർദ്ധിച്ചുവരുന്നതായാണ് ഇന്ന് കാണുന്നത്. വിദ്യാലയങ്ങളിലോ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മനുഷ്യനിൽ നന്മയുണ്ടാക്കിയെടുക്കാനുള്ള ശ്രമം നടക്കുന്നില്ല.
അവിടെ പരീക്ഷ, മാർക്ക്, ഗ്രേഡ്, റാങ്ക് തുടങ്ങിയവ നേടിയെടുക്കാനുള്ള മത്സരമാണ് നടക്കുന്നത്. മനുഷ്യത്വം അന്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ രീതി മാറ്റിയെടുക്കണം. വിദ്യാർത്ഥികളിൽ കനിവ് വളർത്തിയെടുക്കാനുള്ള കർമ്മപദ്ധതികൾ എല്ലായിടത്തും നടക്കണം. അതിനായിരിക്കണം വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നതായി തോന്നുന്നു.
അന്നുമുതൽ വിദ്യാഭ്യാസത്തെക്കുറിച്ച് പരാമർശിക്കാൻ കിട്ടുന്ന അവസരങ്ങളിലൊക്കെ അയ്യപ്പപ്പണിക്കരെ ഞാൻ ഓർമ്മിക്കുകയും 'കനിവുണ്ടാക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം' എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.
കുറച്ചുവർഷം മുൻപ് ആറാം ക്ലാസിലെ മലയാള പാഠാവലിയിൽ അയ്യപ്പപ്പണിക്കരുടെ ഒരു കവിതാഭാഗം പഠിപ്പിക്കാനുണ്ടായിരുന്നു. അതിലെ രണ്ടു വരികൾ എപ്പോഴും നാം ഓർത്തിരിക്കേണ്ടതാണ്:
‘നന്മകൾ കണ്ടത് കേട്ടത് പറയാൻ നാക്കിന് കഴിയട്ടെ, തിന്മകൾ കണ്ടാൽ കൊത്തിക്കീറാൻ കൊക്കിന് കഴിയട്ടെ.’
ഇങ്ങനെ സമൂഹത്തിൽ നന്മകൾ പൂത്തുനിൽക്കുന്നത് കാണാൻ കൊതിച്ച മനുഷ്യസ്നേഹിയാണ് അയ്യപ്പപ്പണിക്കർ.
ഉന്നത ബിരുദങ്ങൾ നേടിയിട്ടും തുടർച്ചയായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് പണിക്കരെ കാണാൻ കഴിയുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ സൃഷ്ടികൾ നടത്തുകയും അതോടൊപ്പം മലയാളത്തെ ഏറ്റവും സ്നേഹിക്കുകയും മലയാള കവിതയിലും കഥയിലും ആധുനികത വളർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ആളാണ് ഡോ. കെ. അയ്യപ്പപ്പണിക്കർ.
ഒരുപാട് അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്. മിക്കതും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്, എന്നാൽ സ്വീകരിക്കാത്തവയും കൂട്ടത്തിലുണ്ട്. ആദർശത്തിൽ ഉറച്ചുനിൽക്കുകയും അതിനുവേണ്ടിത്തന്നെ ജീവിക്കുകയും ചെയ്ത വ്യക്തിയായിട്ടാണ് കേരളീയർക്ക് അദ്ദേഹത്തെ അറിയാൻ കഴിയുന്നത്.
മരണാനന്തര ക്രിയകളെക്കുറിച്ച് പറഞ്ഞതിൽ ആ തെളിമയുണ്ട്. പൊതുദർശനത്തിന് വെക്കാതെ, ആചാരങ്ങളില്ലാതെ, ബഹുമതികൾക്കൊന്നും കാത്തുനിൽക്കാതെ സ്വന്തം നാട്ടിലെ ആറടി മണ്ണിൽത്തന്നെ ചിതയൊരുക്കണം. അതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.
അയ്യപ്പപ്പണിക്കരുടെ ചിന്തകളും ആദർശങ്ങളും നമുക്ക് വഴികാട്ടിയാവട്ടെ. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ആ കുറഞ്ഞ മണിക്കൂറുകൾ എന്നും മനസ്സിൽ തങ്ങിനിൽക്കും. ആ ഓർമ്മയ്ക്ക് മുന്നിൽ ഒരുപിടി പൂക്കളർപ്പിക്കുന്നു.
ഈ മഹാനായ എഴുത്തുകാരനെക്കുറിച്ചുള്ള ഈ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.
Article Summary: A reminiscence about poet Ayyappa Paniker's profound view on education.
#AyyappaPaniker #Education #MalayalamPoet #Kerala #Tribute #Inspiration