Remembrance | ഐസിമിത്ത; ചരിത്രത്തിൽ പതിയാത്ത ചില ജീവിതങ്ങൾ

 
Isimith, life, forgotten, Kerala, historical reflection
Isimith, life, forgotten, Kerala, historical reflection

Representational Image Generated by Meta AI

● സമൂഹത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വ്യക്തിത്വമായിരുന്നു.
● കരിവെള്ളൂർ മണക്കാട് ആണ് ജീവിച്ചിരുന്നത്. 
● വിവാഹം കഴിച്ചിട്ടില്ല, സ്വന്തമായി വീടോ സ്വത്തോ ഉണ്ടായിരുന്നില്ല.
● ആരെയും വേദനിപ്പിച്ചിട്ടില്ല, പരാതികളോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല.

കൂക്കാനം റഹ്‌മാൻ 

(KVARTHA) ചിലർ ജീവിച്ചു മരിച്ചു പോകുന്നു. ആരും അവരെക്കുറിച്ച് അറിയുകയോ ഓർക്കുകയോ ചെയ്യുന്നില്ല. സമ്പത്തില്ല, മക്കളില്ല, പ്രത്യേക കഴിവുകളൊന്നുമില്ല. എങ്കിലും മനുഷ്യരാണ്. സമൂഹത്തിൽ ജീവിച്ചു വന്നവരാണ്. അവരുടെ ജീവിതം ആരാലും ശ്രദ്ധിക്കപ്പെടില്ല, മരിച്ചു പോയാൽ സ്മരിക്കപ്പെടുകയുമില്ല. അതിൻ്റെ കാരണമന്വേഷിച്ചു പോകേണ്ട കാര്യമില്ല. എന്തേലും കയ്യിലുണ്ടെങ്കിലേ ആളുകളെ ശ്രദ്ധിക്കപ്പെടൂ. അല്ലാത്തവരൊക്കെ വിസ്മരിക്കപ്പെടും.

ഞാൻ അത്തരക്കാരെ ഓർക്കാറുണ്ട്. അവരുടെ ജീവിതത്തെക്കുറിച്ച് സ്മരിക്കാറുണ്ട്. അത്തരമൊരാളെ ഓർത്തത് കൊണ്ടോ, ഓർമ്മക്കുറിപ്പ് എഴുതിയതുകൊണ്ടോ ആർക്കെന്തു ഗുണം? അവരുടെ പിൻ തലമുറക്കൊരാരും ജീവിച്ചിരിപ്പില്ല, അവർ ചെയ്ത എന്തെങ്കിലും നന്മയെക്കുറിച്ച് എടുത്തു പറയാനില്ല. പിന്നെന്തിന് ആ മനുഷ്യനെ ഓർക്കുന്നു. അവർക്കു അവസരം നിഷേധിച്ചതുകൊണ്ടോ ലഭ്യമല്ലാത്തതുകൊണ്ടോ അല്ലേ അവരുടെ വ്യക്തിത്വ വികാസം നടക്കാതെ പോയത്. അത്തരക്കാർക്ക് ഒന്നും നേടാനുമില്ല, നഷ്ടപ്പെടാനുമില്ല. 

Isimith, life, forgotten, Kerala, historical reflection

ആരാലും അറിയപ്പെടണമെന്ന മോഹവുമില്ല. അവർ ജനിച്ചു, ജീവിച്ചു, മരിച്ചു അതോടെ എല്ലാം ഇല്ലാതായി. പക്ഷെ ചരിത്രം അറിയാൻ ജീവിച്ചിരുന്നവരുടെ സമ്പ്രദായങ്ങളറിയാൻ അത്തരക്കാരുടെ ജീവിതത്തെക്കുറിച്ചും അറിയേണ്ടെ? മരിക്കുന്നതിന് മുമ്പേ ചില മഹത്തുക്കൾ അവരുടെ ആഗ്രഹം പറയാറുണ്ട്. ഡെഡ് ബോഡി പ്രദർശനത്തിന് വെക്കേണ്ട, ആദരവ് അർപ്പിക്കുന്ന ചടങ്ങ് വേണ്ട, സർക്കാർ നടത്തുന്ന ഔദ്യോഗിക ചടങ്ങ് വേണ്ട, തൻ്റെ ഫോട്ടോയോ പ്രതിമകളോ വെക്കരുത് എന്നൊക്കെ. പക്ഷേ ഇത് ജനങ്ങൾ അറിയും, അക്കാര്യങ്ങൾ ചരിത്ര രേഖകളായി രൂപപ്പെടും. അങ്ങിനെ അവർ സമൂഹമധ്യത്തിൽ അറിയപ്പെടും.

മുസ്ലിം മതവിഭാഗവും തങ്ങളുടെ ചിത്രങ്ങളോ രൂപങ്ങളോ സൂക്ഷിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്ന് നിഷക്കർഷിക്കുന്നുണ്ട്. അതുകൊണ്ടാണ് നബിയുടെയും പ്രധാന അനുയായികളുടെയും ചിത്രങ്ങളോ രൂപങ്ങളോ എവിടെയും ലഭ്യമല്ലാത്തത്. കരിവെള്ളൂർ മണക്കാട് എന്ന ദേശത്ത് ജനിച്ചു ജീവിച്ചു മരിച്ചു പോയ 'ഐസിമിത്ത' എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന ഒരു ഇത്താത്തയെക്കുറിച്ച് ഓർത്തപ്പോഴാണ് ഇത്രയും കുറിച്ചത്. എൻ്റെ ചെറുപ്പകാലത്താണ് അവരെ കാണുന്നത്. സൗമ്യ സ്വഭാവക്കാരിയായ അമ്പതിനോടടുത്ത് പ്രായമുള്ളവരായിരുന്നു അവർ അന്ന്. യഥാർത്ഥ പേര് ആയിസു എന്നാണോ ഐസമ്മ എന്നാണോ അറിയില്ല. ഇളം കറുപ്പ് നിറം. വെള്ളമുണ്ട്, അരയിൽ മുണ്ടിന് മുകളിൽ ചുവന്ന അരഞ്ഞാണം, തലയിൽ വെളുത്ത കോട്ടൺ തുണികൊണ്ടുള്ള തട്ടം. ഇതാണവരുടെ വേഷം. 

എൻ്റെ ഉമ്മയും ഐസിമിത്തയും സമപ്രായക്കാരാണ്. മാസത്തിൽ ഒന്നോ രണ്ടോ തവണ അവർ ഉമ്മയെ കാണാൻ വരും. ഐസിമിത്ത വന്നാൽ ഉമ്മക്ക് നല്ല സന്തോഷമാണ്. നെല്ല് കുത്താൻ, പാത്രം തുടച്ചു കഴുകാൻ നിലം തൂത്ത് വൃത്തിയാക്കാൻ എല്ലാം ഐസിമിത്ത സഹായിക്കും. ഉമ്മ നാട്ടുവർത്താനം പറഞ്ഞും പഴയ നാട്ടു നടപ്പുകൾ പറഞ്ഞും ഐസിമിത്തയോട് ഒപ്പം പണിയെടുക്കും. സ്വന്തം വീടുപോലെ കരുതി പണിയെടുക്കും. രാവിലെ എത്തിയാൽ കുളുത്തതും മോരും കൂട്ടി വയറു നിറയെ അടിക്കും. വന്നാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ടേ തിരിച്ചു പോകൂ. അവർ ഞങ്ങളുടെ തറവാട്ടിൽ പെട്ടവരാണ്. വരുമ്പോഴും പോകുമ്പോഴും കയ്യിൽ പഴയൊരു ശീലക്കുട കരുതും. ഏത് കാലാവസ്ഥയിലും കുട തുറന്നു പിടിച്ചേ നടക്കൂ. അപരിചിതരായ പുരുഷന്മാരെ കണ്ടാൽ കുടമറച്ചുപിടിച്ചു നടക്കും.

അവർ വിവാഹം കഴിച്ചിട്ടില്ല. അതിൻ്റെ കാരണം ആർക്കുമറിയില്ല. അവരുടെ ബാപ്പയും ഉമ്മയും ആരാണെന്ന് എനിക്കറിയില്ല. രണ്ട് ആങ്ങളമാരുണ്ട്. അധ്യാപകനായ അബ്ദുള്ള മാഷും, കച്ചവടക്കാരനായ അമ്മദ് കുട്ടിക്കയും. ഇവരുടെ കൂടെയാണ് ഐസിമിത്ത താമസിച്ചു വരുന്നത്. അവർക്ക് സ്വന്തമായി വീടോ സ്വത്തോ ഇല്ല. എങ്കിലും എന്നും ചിരിക്കുന്ന മുഖവുമായിട്ടേ അവരെ കാണാറുള്ളു. പരാതിയോ പരിഭവമോ ഒന്നും ആരോടും പറയാറില്ല. അവർക്ക് ഏകദേശം എഴുപത് വയസ്സാകുന്നത് വരെ കണ്ടതായി ഞാൻ ഓർക്കുന്നു. ഒന്നും ചോദിക്കുകയോ വാങ്ങുകയോ ചെയ്യാറില്ല. വഴിയിൽ കണ്ടാൽ ചിരിച്ചു കൊണ്ടൊരു ചോദ്യമുണ്ട്, 'ഏട മോനെ പോയ്നി?' മറുപടി കേട്ടാൽ ചിരിച്ചു കൊണ്ട് അവർ നടക്കും. 

അവരുടെ ഐസിമിത്ത എന്ന പേരും രൂപവും സംസാരവും എനിക്കിഷ്ടമാണ്. പോത്താം കണ്ടം അവർക്കൊരു ബന്ധുവീടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കൊല്ലത്തിൽ ഒന്നോ രണ്ടോ ദിവസം ഐസിമിത്ത അവിടെയും പോകാറുണ്ട്. അവിടെ ചെന്നപ്പോഴാണ് മരിച്ചു പോയതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഐസിമിത്തക്ക് പ്രായം ചെന്ന അന്ത്രുമാൻ എന്ന് പേരായ അമ്മാവൻ (കാരണവർ ) ഉണ്ടായിരുന്നു. അവരെക്കുറിച്ചും കൂടുതലൊന്നും ആർക്കുമറിയില്ല. അദ്ദേഹം ബന്ധുവീടുകളിലൊക്കെ ചെല്ലും. അവിടങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് അടുക്കള പണിയിൽ പെണ്ണുങ്ങളെ സഹായിക്കാൻ അന്ത്രുമാൻച്ച റഡിയായിട്ടുണ്ടാവും. 

എൻ്റെ തറവാട് വീട്ടിൽ നടക്കുന്ന ആണ്ട് നേർച്ചകൾക്കൊക്കെ അന്ത്രുമാൻച്ച രാവിലെ എത്തും അടുക്കളയിൽ സജീവമായി പ്രവർത്തിക്കും. അത് കൊണ്ട് അദ്ദേഹത്തിന് 'പെണ്ണന്ത്രുമാൻ' എന്ന ഒരു കുറ്റപ്പേരുണ്ട്. അന്നത്തെ ദരിദ്രാവസ്ഥയിൽ നിന്നൊക്കെ ആ കുടുംബം കരകയറി ഐസിമിത്താൻ്റെ ആങ്ങളമാരുടെ മക്കളും മക്കളുടെ മക്കളും ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റുമായി മാറി. പാവം ഐസിമിത്തയെ ഓർക്കാനോ പറയാനോ ആരുമില്ലിന്ന്. ആരാലും അറിയാതെ, ഓർമ്മിക്കപ്പെടാതെ ഐസിമിത്തയെ പോലെ ഒരുപാട് മനുഷ്യ ജന്മങ്ങൾ ഇവിടെ ജീവിച്ചു മൺമറഞ്ഞുപോയിട്ടുണ്ടാവും.

ഈ ലേഖനം പങ്കിടുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

A reflection on the lives forgotten by history, focusing on the story of Isimith and the unnoticed, simple lives that pass without recognition.

#LivesUnremembered #History #Isimith #LifeStories #SocialHistory #UnnoticedLives

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia