അക്ഷരവഴികളിലെ പുരസ്കാര തിളക്കം: ഏ വി കുഞ്ഞമ്പു സ്മാരക അവാർഡിന്റെ ചരിത്രം

 
Historical literacy movement activities in Kerala organized by KANFED.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സന്നദ്ധ സാമൂഹ്യപ്രവർത്തകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്.
● കേരള ഗ്രന്ഥശാലാസംഘം സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ 1977-ലാണ് കാൻഫെഡ് രൂപീകൃതമായത്.
● 'എഴുത്തു പഠിച്ചു കരുത്തുനേടുക' എന്ന മുദ്രാവാക്യമുയർത്തിയാണ് കാൻഫെഡ് സാക്ഷരതാ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.
● 1978-ലെ സാക്ഷരതാ സന്ദേശ ജാഥയിൽ കരിവെള്ളൂരിലെ സമാപന ചടങ്ങിൽ ഏ.വി. കുഞ്ഞമ്പു പങ്കെടുത്തു.
● പി.എൻ. പണിക്കരോടുള്ള രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഏ.വി. കുഞ്ഞമ്പു പിന്തുണച്ചു.

അവാർഡുകളുടെ പിന്നാമ്പുറകഥകൾ - 5/ കൂക്കാനം റഹ്‌മാൻ 

(KVARTHA) അക്ഷരങ്ങൾ നുള്ളിപ്പെറുക്കി വാക്കുകളായി താളുകളിൽ കോർത്തുവെക്കാനും അറിവ് പകർന്നുനൽകാനും എനിക്ക് പണ്ടേ വല്ലാത്തൊരു ഹരമായിരുന്നു. അതിനുവേണ്ടി ഏതറ്റം വരെ പോകാനും എനിക്ക് മടിയില്ലായിരുന്നു. ജീവിതത്തിലെ ആദ്യത്തെ ലക്ഷ്യം തന്നെ ഒരു അധ്യാപകനാവുക എന്നതായിരുന്നു. അത് ഭംഗിയായി നിറവേറ്റാനും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും എനിക്ക് സാധിച്ചിട്ടുണ്ട്. അക്ഷരങ്ങളോടുള്ള അമിതമായ ആവേശവും അഭിനിവേശവും അതിന് കരുത്താവുകയും ചെയ്തിട്ടുണ്ട്. അക്ഷരങ്ങളെപ്പോലെ ഞാൻ വിലകൽപ്പിച്ച മറ്റൊരു കാര്യം എനിക്ക് ചുറ്റുമുള്ള മനുഷ്യരെയായിരുന്നു. അവർക്ക് അറിവ് പകർന്നു കൊടുക്കാനും സഹായങ്ങൾ ചെയ്തു കൊടുക്കാനും എനിക്ക് വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടം തന്നെയാണ് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് എന്നെ നയിച്ചത്. അതിനാൽ കേരളത്തിലെ പല ഗ്രാമപ്രദേശങ്ങളിലും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ കോളനി നിവാസികളെയും ഗോത്രവർഗക്കാരെയും നേരിൽ കാണുവാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും സാധിച്ചു എന്നത് വലിയ കാര്യം തന്നെയായിരുന്നു.

Aster mims 04/11/2022

അതിന്റെ അടിസ്ഥാനത്തിലാണ് 1994-ൽ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) എനിക്ക് സാമൂഹ്യപ്രവർത്തകർക്കുള്ള ഏ.വി. കുഞ്ഞമ്പു സ്മാരക അവാർഡ് ലഭിച്ചത്. സാമൂഹിക സേവന രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഇത് നൽകുന്നത്. തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽ വെച്ചാണ് പി.എൻ. പണിക്കർ എനിക്ക് ആ അവാർഡ് സമ്മാനിച്ചത്. അന്തരിച്ച പല മഹാന്മാരുടെ പേരിലും കാൻഫെഡ് സന്നദ്ധ സാമൂഹ്യപ്രവർത്തകർക്ക് വിവിധ അവാർഡുകൾ സമ്മാനിക്കാറുണ്ട്.

കാൻഫെഡിന്റെ ലക്ഷ്യം

കാൻഫെഡിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു സാമൂഹ്യപ്രവർത്തകരെ ആദരിക്കണമെന്നത്. അതുവരെയും മറ്റ് പല മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ സർക്കാരും മറ്റ് ഏജൻസികളും ആദരിക്കാറുണ്ടെങ്കിലും സന്നദ്ധ സാമൂഹ്യപ്രവർത്തകരെ അതിൽ ഉൾപ്പെടുത്താറില്ല. അതുകൊണ്ടുതന്നെയാണ് പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തകർക്ക് അവാർഡ് നൽകി പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ഡോ. എൻ.പി. പിള്ള, എൻ.വി. കൃഷ്ണവാരിയർ തുടങ്ങി പല പ്രമുഖരുടെ പേരിലും കാൻഫെഡ് അവാർഡ് നൽകി സാമൂഹ്യപ്രവർത്തകരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

പുരസ്കാരത്തിന് പിന്നിലെ ചരിത്രം

ഏ.വി. കുഞ്ഞമ്പു സ്മാരക അവാർഡ് പ്രഖ്യാപനത്തിന് പിന്നിൽ ഒരു കുഞ്ഞു ചരിത്രമുണ്ട്. കേരള ഗ്രന്ഥശാലാസംഘത്തിന്റെ തുടക്കം മുതലുള്ള സെക്രട്ടറിയായിരുന്നു പി.എൻ. പണിക്കർ. കേരളമൊട്ടാകെ ഗ്രന്ഥശാലകൾ സംഘടിപ്പിക്കുകയും അതിന്റെ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് ഗ്രന്ഥശാലാപ്രസ്ഥാനം ശക്തിപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. നല്ല രീതിയിലുള്ള തുടക്കവും നടത്തിപ്പുമൊക്കെയായിരുന്നെങ്കിലും ഇടക്കാലത്തുവെച്ച് ഗ്രന്ഥശാലാ പ്രവർത്തകർക്കിടയിൽ ചില അസ്വാരസ്യങ്ങൾ വന്നുതുടങ്ങി. അതോടെ അതിന്റെ സുഗമമായ നടത്തിപ്പിന് തടസ്സം നേരിട്ടു.

av kunhambu memorial award history kanfed kerala

1977-ലായിരുന്നു ആ സംഭവങ്ങൾ അരങ്ങേറിത്തുടങ്ങിയത്. പ്രശ്നങ്ങൾ രൂക്ഷമാവുകയും ഒടുവിൽ അത് കത്തിപ്പടരാനും തുടങ്ങി. അതോടെ പ്രശ്നപരിഹാരത്തിനുള്ള അഭിപ്രായങ്ങൾ ഉയർന്നുവന്നു. അതിൽ ഏറ്റവും മികച്ചത് ഗ്രന്ഥശാലാസംഘത്തിന്റെ പ്രവർത്തനം സർക്കാർ ഏറ്റെടുത്താൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്നതായിരുന്നു. പല കോണുകളിൽ നിന്നും ഇതേ അഭിപ്രായമുയർന്നു. നശിച്ചുപോകുന്നതിലും നല്ലത് മറ്റൊരുവന്റെ കൈയിൽ അത് ഭംഗിയോടെ നിലനിൽക്കുക എന്നതാണെന്ന തോന്നൽ വന്നതോടെ, സ്വന്തം കുഞ്ഞിനെപ്പോലെ പരിലാളിച്ചു വളർത്തിക്കൊണ്ടുവന്ന കേരള ഗ്രന്ഥശാലാസംഘം അദ്ദേഹം പിരിച്ചുവിടുകയും സർക്കാരിന് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തു. ഈ പ്രസ്ഥാനം ഏറ്റവും നന്നായി മുന്നോട്ടുപോകട്ടെ എന്ന ചിന്തയും അതിന് പിന്നിലുണ്ടായിരുന്നു.

കാൻഫെഡിന്റെ രൂപീകരണം

1977 എന്ന ആ കാലം അടിയന്തരാവസ്ഥ എന്ന കരാള കാലഘട്ടം കൂടിയായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്നത് കോൺഗ്രസ് സർക്കാരുമാണ്. ഈ കാഴ്ചപ്പാടിൽ ഇടതുപാർട്ടികൾ പി.എൻ. പണിക്കർക്കെതിരെ ശക്തമായി പ്രതികരിക്കാൻ തുടങ്ങി. ഗ്രന്ഥശാലാസംഘത്തെ സർക്കാരിന് വിട്ടുകൊടുത്തത് ശരിയായില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാനത്തെ ഇടതുപാർട്ടികൾ. പ്രത്യേകിച്ച് സി.പി.എം. പി.എൻ. പണിക്കരെന്ന സാമൂഹ്യപ്രവർത്തകന് അടങ്ങിയിരിക്കാൻ തീരെ കഴിഞ്ഞില്ല. കേരളമൊട്ടുക്ക് ഗ്രാമങ്ങളിലാകെ സഞ്ചരിച്ച പി.എൻ. പണിക്കർക്ക് ഗ്രാമജീവിതത്തിലെ പ്രയാസങ്ങൾ തൊട്ടറിയാൻ കഴിഞ്ഞിരുന്നു.

ഗ്രാമീണരിൽ ഭൂരിപക്ഷം ആളുകൾക്കും എഴുത്തും വായനയും വശമില്ല എന്ന സത്യം അദ്ദേഹം നേരിട്ട് കണ്ടെത്തിയതാണ്. അതിന് പരിഹാരമെന്നോണമാണ് ‘വായിച്ചു വളരുക’ എന്ന മുദ്രാവാക്യം ഒന്നുകൂടി പരിഷ്കരിച്ച് ‘എഴുത്തു പഠിച്ചു കരുത്തുനേടുക’ എന്നാക്കി മാറ്റി കാൻഫെഡ് എന്ന പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകിയത്. കൂടെ സഹയാത്രികരായി പി.ടി. ഭാസ്കരപ്പണിക്കർ, ഡോ. എൻ.പി. പിള്ള, എൻ.വി. കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട്, ഡോ. കെ.എസ്. പിള്ള എന്നിവർ ഉണ്ടായിരുന്നു. അങ്ങനെ 1977 ജൂൺ 30-ന് കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ ആൻഡ് ഡവലപ്മെന്റ് (KANFED) എന്ന സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു.

പക്ഷേ അതിലും ഇടങ്കോലിടാൻ ആളുകൾ ഏറെയുണ്ടായിരുന്നു. എന്തിനാണ് മലയാളം പഠിപ്പിക്കാൻ മുന്നിട്ടിറങ്ങുന്ന സംഘടനയ്ക്ക് ഇംഗ്ലീഷ് പേരു നൽകിയത് എന്ന വിമർശനമായിരുന്നു അതിന് നേരെ വന്നത്. ഇന്ത്യ മുഴുവനും ചിലപ്പോൾ രാജ്യത്തിന് പുറത്തും സംഘടനയുടെ ദൗത്യത്തെക്കുറിച്ച് അറിയിക്കണമെങ്കിൽ ഇംഗ്ലീഷ് പേരു നൽകിയേ പറ്റൂ എന്ന് സംഘാടകർ വിശദമാക്കിയിരുന്നു. അതിന്റെ മലയാളം ‘കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി’ എന്നാണെന്നും വിശദീകരിച്ചു. പക്ഷേ അത് ചെവിക്കൊള്ളാൻ ആരും തയ്യാറായില്ല. പി.എൻ. പണിക്കരോടുള്ള വിരോധം അദ്ദേഹം വിഭാവനം ചെയ്ത കാൻഫെഡ് പ്രസ്ഥാനത്തോടുമുണ്ടായി എന്നതാണ് സത്യം. വിമർശനം രൂക്ഷമായതോടെ വാർത്താമാധ്യമങ്ങളിലും ആക്ഷേപങ്ങൾ നിറഞ്ഞുനിന്നു.

സാക്ഷരതാ സന്ദേശ ജാഥ

ഗ്രന്ഥശാലാ സംഘത്തിന് വേണ്ടി അതിന്റെ പ്രവർത്തകർ നിരവധി ജാഥകൾ സംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ജനങ്ങളിൽ വായനാശീലം വളർത്താൻ വേണ്ടി നടത്തിയ അനുഭവത്തിന്റെ വെളിച്ചത്തിൽ അക്ഷരം പഠിക്കാനും ജനബോധത്തെ വളർത്താനും ജാഥകൾക്ക് സാധിക്കുമെന്ന് കാൻഫെഡ് സാരഥികൾക്കറിയാം. അതേ വഴിതന്നെ ഇവിടെയും ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 1978 ഒക്ടോബർ രണ്ടിന് മഞ്ചേശ്വരം വോർക്കാടിയിൽ നിന്ന് തുടങ്ങുന്ന ഒരു സാക്ഷരതാ സന്ദേശ ജാഥ നടത്താൻ കാൻഫെഡ് പ്ലാൻ ചെയ്തു.

വാഹനജാഥയായിരുന്നു അത്. ജാഥാംഗങ്ങളായി പി.എൻ. പണിക്കർ, പി.ടി. ഭാസ്കരപ്പണിക്കർ, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങി പ്രഗല്ഭ വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു. ജാഥയുടെ ഒന്നാം ദിവസത്തെ സമാപനം കരിവെള്ളൂരിലാണെന്ന് നിശ്ചയിച്ചിരുന്നു. ജാഥ ആറു മണിക്ക് എത്തുമെന്നായിരുന്നു പ്ലാൻ ചെയ്തത്. പക്ഷേ എത്താൻ എട്ടു മണി കഴിഞ്ഞു. അക്കാലത്ത് കരിവെള്ളൂരിലി കാൻഫെഡിന്റെ പഠിതാക്കൾ നിരവധിയുണ്ടായിരുന്നു.

സമാപന ജാഥ ഉദ്ഘാടനം ചെയ്യാൻ ഒരു പ്രമുഖ വ്യക്തിയെ സംഘടിപ്പിക്കണമെന്ന് പി.എൻ. പണിക്കർ പ്രത്യേകമായി എന്നെ ശട്ടംകെട്ടിയിരുന്നു. അതുകൊണ്ട് അതിന്റെ ഉത്തരവാദിത്തം മുഴുവൻ എനിക്കായിരുന്നു. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെയാവട്ടെ ഉദ്ഘാടകനെന്ന് ഞാൻ കരുതി. ഉടനെ അദ്ദേഹത്തെ ചെന്ന് കാണുകയും കാര്യങ്ങളൊക്കെ വിശദീകരിച്ചു പറഞ്ഞുകൊടുക്കുകയും ചെയ്തു. കേട്ട ഉടനെ ആ പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് പറ്റില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഞാൻ കാരണം തിരക്കിയില്ല. കാരണം പി.എൻ. പണിക്കരുടെ പരിപാടിയായതുകൊണ്ട് തന്നെയാണ് വരാൻ മടിക്കുന്നതെന്ന് എനിക്കറിയാം. നിരാശയോടെയായിരുന്നു മടക്കം.

ഏ.വി. കുഞ്ഞമ്പുവിന്റെ സാന്നിധ്യം

ഇനിയിപ്പോൾ മറ്റാരെയെങ്കിലും കണ്ടെത്തിയേ പറ്റൂ. വെറുതെ ഒരാൾ പോരാ താനും. പ്രധാനപ്പെട്ട ആരെങ്കിലും ഒരാളാവണം. അപ്പോഴാണ് ഏ.വി. കുഞ്ഞമ്പു സ്ഥലത്തുണ്ടെന്നറിഞ്ഞത്. ജാഥ എത്തുന്നതിന് മുമ്പ് ആളെ കണ്ടെത്തണം. പെട്ടെന്ന് ഏ.വി.യുടെ വീട്ടിലേക്ക് ചെന്നു. ജാഥയുടെ സമാപനത്തെക്കുറിച്ചും ജാഥാംഗങ്ങളെക്കുറിച്ചും ജാഥയുടെ ഉദ്ദേശത്തെക്കുറിച്ചും എല്ലാം അഞ്ച് മിനിറ്റ് കൊണ്ട് സംസാരിച്ചു തീർത്തു. ചടങ്ങിന്റെ ഉദ്ഘാടകനായി ഏ.വി. വരണമെന്ന് ഞാൻ അപേക്ഷിച്ചു. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. വരാൻ പറ്റില്ലെന്ന് പറയുമെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ ഒരു മനസ്സ്വാസ്ഥ്യത്തിൽ നിൽക്കുകയായിരുന്നു ഞാൻ.

പെട്ടെന്നാണ് അതിന് വിപരീതമായി അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായത്. ‘സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ട ജാഥയല്ലേ? ഞാൻ വരാം. പി.എൻ. പണിക്കരെക്കുറിച്ച് പരാതി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തിയെ അംഗീകരിച്ചേ പറ്റൂ.’ അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഉടനെ അദ്ദേഹത്തെയും കൊണ്ട് സമാപനച്ചടങ്ങ് നടക്കുന്ന വേദിയിലേക്കെത്തി. സഹപ്രവർത്തകരുമായി ചടങ്ങിനെക്കുറിച്ച് സംസാരിച്ച് അന്തിമരൂപം തയ്യാറാക്കി.

കരിവെള്ളൂരിലി വർഷങ്ങൾക്കുമുമ്പ് ഏ.വി.യുടെ നേതൃത്വത്തിൽ നടന്ന ‘അഭിനവ ഭാരത് യുവക്’ സംഘടന രാത്രികാല സാക്ഷരതാ ക്ലാസ് നടത്തിയ കാര്യം പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഒരുപക്ഷേ അക്കാര്യം മനസ്സിൽ സൂക്ഷിച്ചതുകൊണ്ടാവാം അദ്ദേഹം പരിപാടിക്ക് വരാമെന്നേറ്റത്. ജാഥ എത്തി. ഞങ്ങൾ ജാഥാംഗങ്ങളെ സ്വീകരിച്ചു. അതിഗംഭീരമായി സാക്ഷരതാപ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന് മുന്നിട്ടിറങ്ങിയ കാൻഫെഡ് പ്രസ്ഥാനത്തെക്കുറിച്ചും പി.എൻ. പണിക്കരുടെ സേവനങ്ങളെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടാണ് ഏ.വി. സംസാരിച്ചത്. കരിവെള്ളൂരിലെ കർഷക സമരത്തെക്കുറിച്ചും തൊഴിലാളികളുടെ വിപ്ലവബോധത്തെക്കുറിച്ചും ഏ.വി. ഊന്നിപ്പറഞ്ഞു. അന്നുമുതൽ പി.എൻ. പണിക്കർ പല സ്ഥലങ്ങളിലും ഏ.വി.യുടെ പ്രസംഗത്തെക്കുറിച്ച് സംസാരിക്കാറുണ്ട്.

അവാർഡ് ലബ്ധി

1994-ൽ നടന്ന ഒരു കാൻഫെഡ് സമ്മേളനത്തിൽ വെച്ച് ഏ.വി.യുടെ പേരിൽ കാൻഫെഡ് അവാർഡ് നൽകണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആർക്കാണ് പ്രസ്തുത അവാർഡ് നൽകേണ്ടതെന്ന് കമ്മിറ്റിയിൽ ചർച്ച നടത്തി. കണ്ണൂർ - കാസർകോട് ജില്ലകളിൽ കാൻഫെഡ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന വ്യക്തി എന്ന നിലയിൽ കൂക്കാനം റഹ്‌മാനാണ് പ്രസ്തുത അവാർഡിന് അർഹനെന്ന് കമ്മിറ്റി ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നുവെന്ന് സംഘാടകരിൽ നിന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. അന്നത്തെ ആ അവാർഡാണ് ഏ.വി. കുഞ്ഞമ്പു സ്മാരക അവാർഡ്. 1994 ജൂൺ 30-നാണ് എനിക്കത് ലഭിച്ചത്. ജീവിതത്തിൽ നിറയെ മികച്ച കാലങ്ങളും നേരങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ചിലതെല്ലാം ഇന്നും ഭംഗിയോടെ ഓർക്കപ്പെടാൻ സാധിക്കുന്നതാണ്. അതിലൊന്നാണ് ഈ അവാർഡ്.

ഈ ലേഖനം ഷെയർ ചെയ്ത നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Article Summary: The story behind the A.V. Kunhambu Memorial Award given by KANFED and the history of Kerala's literacy movements lead by P.N. Panicker.

#KeralaHistory #LiteracyMovement #PNPanicker #KANFED #AVKunhambu #SocialService

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia