Experience | ഒരു പുസ്തക പ്രകാശനം: കയ്പും മധുരവും

 
authors journey a book launch with a difference
authors journey a book launch with a difference

Representational image generated by Meta AI

● പുസ്തകം പ്രകാശന ചടങ്ങ് സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരുടെ ശബ്ദമായി മാറി.
● പത്താമത്തെ പുസ്തകമാണ് പ്രകാശനമായിരുന്നു ഇത് 
● ചടങ്ങ് വലിയ വിജയമായിരുന്നു.

കൂക്കാനം റഹ്‌മാൻ 

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 25 

(KVARTHA) അടുത്ത മനുഷ്യനുവേണ്ടി നാം എഴുതുകയെന്നത് ഒരു ചെറിയ കാര്യമേയല്ല എന്നാണ് ഈ കാലമത്രയും പേപ്പറും പേനയുമായി നടന്ന എനിക്ക് മനസ്സിലായിട്ടുള്ളത്. തൻ്റെ മനസ്സിലുടലെടുക്കുന്ന ആശയങ്ങളും ആവിഷ്‌കാരങ്ങളും എഴുത്തിലൂടെ പ്രകടിപ്പിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. കാരണം വായനക്കാർ പലതരത്തിലും എഴുത്തിനെ വിമർശിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തേക്കാം. നാം എഴുതിയതോ കരുതിയതോ ഒന്നുമാവില്ല പലപ്പോഴും അവർ മനസ്സിലാക്കിയിട്ടുണ്ടാവുക. അതിനെയെല്ലാം മറികടന്ന് അരിച്ച് ഒതുക്കിയെടുത്ത എഴുതി വെച്ച അത്തരമാശയങ്ങൾ വിപുലീകരിക്കുമ്പോൾ അത് പുസ്തക രൂപത്തിലാക്കിയാലോയെന്ന് എഴുത്തുകാരൻ തീർച്ചയായും ചിന്തിക്കും. 

കാരണം എത്രയോ രാവും പകലും അയാളുടെ ചിന്തയും  സമയവും അതിനടിമപ്പെട്ടിട്ടുണ്ടാകും. അങ്ങിനെ പതിനഞ്ചോളം പുസ്തകങ്ങൾ ഇതിനോടകം ഞാനും എഴുതിതയ്യാറാക്കിയിട്ടുണ്ട്. അതിൽ എൻ്റെ പത്താമത്തെ പുസ്തകമായിരുന്നു നടന്നുവന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടമെന്നത്. ജീവിതയാത്രയിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളായിരുന്നു പുസ്തകത്തിലെ പ്രതിപാദ്യം. നാളുകളെടുത്താണ് ആ പുസ്തകത്തിന് രൂപഭാവങ്ങൾ നൽകിയത്. പ്രസാധകരെ കണ്ടെത്തണം. വ്യവസ്ഥകൾ പരസ്പരം ചർച്ച ചെയ്യണം. പേജിൻ്റെ എണ്ണം, കവർ ഡിസൈൻ, പേപ്പറിൻ്റെ ഗുണം, പുസ്തകങ്ങളുടെ എണ്ണം, മൊത്തം ചിലവ് അങ്ങനെയങ്ങനെ എല്ലാം തീരുമാനിക്കണം. 

കാസർകോട്ടെ 'ചെമ്പരത്തി പബ്ലിക്കേഷൻ' എന്ന പ്രസാധകർ ഏറ്റവും മികച്ച നിലയിൽ കാര്യങ്ങൾ ചെയ്തു തരുമെന്ന് ബോധ്യപ്പെട്ടതിനാൽ എഴുത്ത്, പുസ്തകം രൂപത്തിലാക്കാൻ അവരെ ഏൽപ്പിച്ചു. ഇനി പുസ്തകത്തിന് നല്ലൊരു അവതാരിക വേണം. എന്നെ അറിയുന്ന എൻ്റെ നാടിനെയും പ്രവൃത്തിയേയും അറിയുന്ന നല്ലൊരു എഴുത്തുകാരനെ കണ്ടെത്തി. കാസർകോട് ഡയറ്റ് പ്രിൻസിപ്പാളും, എൻ്റെ സഹപ്രവർത്തകനും ഒപ്പമെൻ്റെ അനൗപചാരിക ശിഷ്യനും മികച്ച വാഗ്മിയും എഴുത്തുകാരനുമൊക്കെയായ ഡോ. എം ബാലനാണ് അവതാരിക എഴുതിയത്. 

നടന്നുവന്ന വഴികളിൽ എൻ്റെ ഗ്രാമവീഥികളും, ഗ്രാമാന്തരീക്ഷവും, അവിടുത്തെ ജനജീവിതവും പ്രതിഫലിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നാട്ടിലെ ഏതെങ്കിലും സാംസ്കാരിക സംഘടനയെക്കൊണ്ട് ചെയ്യിപ്പിക്കണമെന്ന് എനിക്കൊരാഗ്രഹം. ആദ്യമെഴുതിയ പുസ്തകങ്ങൾ കാസർകോട് വെച്ചും, ഉദുമയിൽ വെച്ചും നീലേശ്വരത്തു വെച്ചുമൊക്കെയാണ് നടത്തിയത്. എൻ്റെ ജന്മനാടായ കരിവെള്ളൂരിൽ നിരവധി സാംസ്കാരിക സ്ഥാപനങ്ങളുണ്ട്. അതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു സ്ഥാപനത്തിൽ വെച്ചാവാം  ഈ പുസ്തക പ്രകാശന കർമ്മമെന്ന് അങ്ങനെ ഞാൻ തീരുമാനിച്ചു. 

പ്രസ്തുത സംഘടനയുടെ ആദ്യകാല മെമ്പർമാരിലൊരാളാണ് ഞാൻ. ഒരു വർഷക്കാലം ആ സ്ഥാപനത്തിൻ്റെ പ്രവർത്തക സമിതി അംഗവുമായിരുന്നു. എൻ്റെ അടുത്ത സുഹൃത്തുക്കളാണ് അതിൻ്റെ നേതൃത്വ സ്ഥാനത്തിരിക്കുന്നതും. അങ്ങനെ ആ തീരുമാനത്തിന്റെ പുറത്ത് അതിൻ്റെ നിലവിലെ സാരഥികളെ ഞാൻ നേരിൽ ചെന്ന് കണ്ടു. എൻ്റെ ആഗ്രഹം അവരുടെ മുന്നിൽ വെച്ചു. കമ്മറ്റി കൂടി ആലോചിച്ച് വിവരം തരാമെന്ന് അവർ വാക്കും തന്നു. ഒന്നു രണ്ട് ആഴ്ച കഴിഞ്ഞു ഒരു വിവരമില്ല. ഒരു മാസം പിന്നിട്ടപ്പോൾ പ്രധാന പ്രവർത്തകനെ നേരിൽ കണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ചു. 'മാഷേ അനുമോദനം സംഘടിപ്പിക്കുന്നത് പോലെയല്ലയിത്. കുറച്ചുകൂടി ആലോചിക്കാനുണ്ട്. എന്നിട്ട് വിവരം തരാം'.  ഉത്തരം അല്പം അവഗണന കലർന്നതായിരുന്നു. 

അത് കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇനിയുള്ള അവരുടെ തീരുമാനവും അനുകൂലമായിരിക്കില്ല. അനുമോദനം തരുന്നത് പോലെയല്ലയിത് എന്ന് സൂചിപ്പിച്ചപ്പോൾ എനിക്ക് പ്രസ്തുത സ്ഥാപനം രണ്ട് തവണ അനുമോദനം തന്നത് ഓർമ്മ വന്നു. സംസ്ഥാന തല അധ്യാപക അവാർഡ് കിട്ടിയപ്പോഴും ആചാര്യ വിനോബഭാവെ നാഷണൽ അവാർഡ് ലഭിച്ചപ്പോഴും എനിക്ക് ഏറ്റവും മികച്ച രീതിയിലുള്ള അനുമോദനം ഈ സംഘടന നൽകിയിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ സംഘടനയുടെ പ്രധാന പ്രവർത്തകനായ ഒരാൾ എന്നോട് പറഞ്ഞത് ഞാനോർത്തു. 'മാഷെ നിങ്ങൾ ആ സ്ഥാപനത്തിലേക്ക് തീരെ കയറിവരാത്തതിൽ ചിലർക്ക് അമർഷമുണ്ട്  കേട്ടോ', അപ്പോൾ അതാണ് കാര്യം. 

ഞാനാ കാലയളവിൽ കാസർകോട് ജില്ലയിൽ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ രാത്രിയാവും തിരിച്ചെത്താൻ. അതുകൊണ്ട് നാട്ടിലെ പ്രവർത്തനങ്ങളുമായി തീരെ സഹകരിച്ചു പ്രവർത്തിക്കാൻ പറ്റിയിരുന്നില്ല. അതാണ് സത്യം. പക്ഷെ അതും ഈ പുസ്തക പ്രകാശനച്ചടങ്ങും തമ്മിൽ എന്ത് ബന്ധമുണ്ടാകാനാണ്. എത്ര ചിന്തിച്ചിട്ടും ആ കാര്യം മാത്രം എനിക്ക് മനസ്സിലായില്ല. അങ്ങനെ ആ ആഗ്രഹം ഞാൻ പാടെ ഉപേക്ഷിച്ചു. അതിന് ശേഷം എൻ്റെ പുസ്തക കാര്യവും പ്രകാശനവും, ഞാനടങ്ങുന്ന മറ്റൊരു സംഘടന മുമ്പാകെ ഞാനവതരിപ്പിച്ചു. സമൂഹം അവഗണിക്കുന്നവരുടെ സംഘടനയായിരുന്നു അത്. 

ശരിക്കു പറഞ്ഞാൽ സ്ത്രീലൈംഗികതൊഴിലാളികളുടെ സി.ബി.ഒ (കമ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ). പ്രത്യേകിച്ച് സാമ്പത്തിക സ്രോതസ്സൊന്നും ഇല്ലാത്ത സംഘടന. അവരുടെ അംഗങ്ങളുടെ ഇടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പരസ്പരം സഹായിക്കുന്ന മനസ്സുള്ളവരാണ് സംഘത്തിലെ അംഗങ്ങൾ. അത് കേട്ടപ്പോൾ അവർ ഒറ്റക്കെട്ടായി പറഞ്ഞു. 'സാർ ഞങ്ങളക്കാര്യം ഏറ്റെടുത്തിരിക്കുന്നു'. എഫ് എസ്.ഡബ്ല്യു സ്റ്റാഫ് അംഗങ്ങളും അവരൊപ്പം ചേർന്നുനിന്നു. പിന്നെയൊന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. അവർ അതിനായി സ്വാഗത സംഘം രൂപീകരിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയം ബുക്കു ചെയ്തു. 

ഉദ്ഘാടകനായും പുസ്തകം പ്രകാശനം ചെയ്യുന്നതിനായും പി കരുണാകരൻ എം.പിയെ,ക്ഷണിച്ചു. പുസ്തകപരിചയം നടത്താൻ ഡോ. എം ബാലൻ തയ്യാറായി. പുസ്തകം ഏറ്റുവാങ്ങിയത് എൻ്റെ വന്ദ്യ ഗുരുനാഥനും നാട്ടുകാരനുമായ കെ കുമാരൻ മാസ്റ്ററാണ്. വിപുലമായ പ്രചാരണം നടത്തിയതിൻ്റെ ഫലമായി നൂറിലധികം ആൾക്കാർ ചടങ്ങിൽ ഹാജരായി. കരിവെള്ളൂർ ഭാഗത്തുനിന്നും നിരവധി പേർ പങ്കെടുത്തതു കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. പങ്കെടുത്തവർക്കെല്ലാം ചായയും ഭക്ഷണവും ഒരുക്കിയിരുന്നു. 

ഞാൻ ആഗ്രഹിച്ചതിനേക്കാളും പ്രകാശനച്ചടങ്ങ് ഉഷാറായി നടന്നു. മനസ്സ് വെച്ചാൽ ഏറ്റവും പ്രയാസമനുഭവിക്കുന്നവർക്കും പൊതുപരിപാടികൾ ഭംഗിയാക്കാൻ കഴിയുമെന്ന് ആ സഹോദരിമാർ തെളിയിച്ചു. സമൂഹത്തിലെ വമ്പൻമാരെന്ന് കരുതി ജീവിക്കുന്നവരേക്കാൾ സന്നദ്ധതയോടെയും എളിമയോടെയും കാര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനും പ്രതികരിക്കാനും മനസ്സുള്ളവരാണ് ഈ സഹോദരിമാർ.

#MalayalamLiterature #BookLaunch #SocialImpact #Community #Kerala #India #Author

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia