തൊട്ട് കളിച്ചാല്‍ പൊളളും

 


ADVERTISEMENT


തൊട്ട് കളിച്ചാല്‍ പൊളളും
സ്ത്രീകളായ ഞങ്ങളെക്കുറിച്ച് നിങ്ങള്‍ (പുരുഷന്മാര്‍) എത്ര അവജ്ഞയോടെയാണ് പലപ്പോഴും സംസാരിക്കാറ്. ദുര്‍ബലര്‍, ദീര്‍ഘവീക്ഷണമില്ലാത്തവര്‍, വേണ്ടത്ര ആലോചിക്കാതെ എടുത്തു ചാടുന്നവര്‍, ബുദ്ധിഹീനര്‍ എന്നൊക്കെ നിങ്ങള്‍ മിടുക്കു കാട്ടാറില്ലേ? ഇതൊക്കെ പുറമെ പറയുന്ന വാചക കസര്‍ത്തുക്കളാണെന്നു നിങ്ങള്‍ക്കറിയാം. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുളള യാചകര്‍ മുതല്‍ ഉന്നതരായ മന്ത്രിശ്രേഷ്ഠന്മാര്‍വരെ ഞങ്ങളില്ലാതെ, ഞങ്ങളെ നോക്കാതെ, തൊടാതെ ജീവിക്കാനാവില്ല. ഈ സത്യം ഞങ്ങളെപ്പോലെ നിങ്ങള്‍ക്കുമറിയാം.

പക്ഷേ, എല്ലാത്തിനും ഒരു മാന്യത വേണ്ടേ? സഭ്യമായ രീതിയിലുളള പെരുമാറ്റം വേണ്ടേ? മാന്യസ്ഥാനത്തിരിക്കുന്ന മാതൃകയാവേണ്ട പുരുഷകേസരികളുടെ ദുര്‍ബല മനസ്സിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വ്യസനമല്ല നാണക്കേടാണുണ്ടാവുന്നത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാതായിപ്പോവുന്ന കാഴ്ച കാണുമ്പോള്‍ പരിതപിക്കാനേ ഞങ്ങള്‍ക്കാവുന്നുളളൂ. യാത്രാവേളകളിലും ജോലിസ്ഥലത്തും വിനോദ കേന്ദ്രങ്ങളിലും വിശ്രമകേന്ദ്രങ്ങളില്‍പോലും ഞങ്ങളെ ദ്രോഹിക്കുന്നത് നിങ്ങള്‍ പതിവാക്കിയിരിക്കുന്നു. ഷോപ്പിംഗ്മാളിലും ബാത്ത്‌റൂമിലും ഉറക്കറയില്‍പോലും സ്വസ്ഥമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കാത്ത പുരുഷവര്‍ഗത്തോട് സഹതപിക്കുകയെന്നല്ലാതെ എന്തു ചെയ്യാന്‍ പറ്റും?  പെണ്‍വര്‍ഗ്ഗത്തില്‍പ്പെട്ട മൃഗങ്ങളെപ്പോലും ലൈംഗികാസക്തി തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്നത് ഓര്‍ക്കുമ്പോള്‍ പുരുഷവര്‍ഗ്ഗത്തെ മൃഗതുല്യര്‍ എന്നു വിളിക്കാന്‍പോലും ഞങ്ങള്‍ക്ക് നാണക്കേടുണ്ട്. മുലപ്പാലിന്റെ മണം മാറാത്ത കൊച്ചു പെണ്‍കുഞ്ഞുങ്ങളെപ്പോലും കാമാര്‍ത്തി തീര്‍ക്കാന്‍ പ്രയോജനപ്പെടുത്തുന്ന നാണമില്ലാത്തവരായിപ്പോയില്ലേ നിങ്ങള്‍? സ്വന്തം മകളെന്നോ, സഹോദരിയെന്നോ ചിന്തയില്ലാതെ വധഭീഷണി മുഴക്കി കീഴ്‌പ്പെടുത്തി കാമകേളി നടത്തുന്ന കശ്മലന്മാരായി മാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?

ഞങ്ങളെ വെറുതെ വിടാന്‍ നിങ്ങള്‍ക്കൊരിക്കലുമാവില്ലേ? ഞങ്ങളെ കാമക്കണ്ണോടെ നോക്കിനിന്നോളൂ. അടുത്തു വരാതിരുന്നാല്‍ മതി. അതുപോരല്ലോ നിങ്ങള്‍ക്ക് . അടുത്തുവന്ന് മുട്ടിയുരുമ്മണം. സ്പര്‍ശിക്കണം. തീരുന്നില്ല എങ്ങനെയെങ്കിലും ഞങ്ങളുടെ നഗ്നത കാണണം. അതും പോരാ കെട്ടിപ്പിടിക്കണം. എന്നാലും തീരുന്നില്ല നിങ്ങളുടെ അക്രമസ്വഭാവം.  ഇതൊന്നും നേരിട്ട് പച്ചയായി ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഞങ്ങളുടെ ചിത്രം കാണണം. വെറും ചിത്രം പോരാ, നഗ്ന ചിത്രം തന്നെ വേണം. അതുകൊണ്ടും തൃപ്തിയാവുന്നില്ല. ഞങ്ങളുടെ ഭര്‍ത്താക്കന്മാരോ, കാമുകന്മാരോ ഞങ്ങളെ പ്രാപിക്കുന്നതിന്റെ ചിത്രീകരണം കാണണം. അതു കണ്ട ആസ്വദിക്കണം. നിങ്ങളുടെ കൈയിലുളള ചെറിയ യന്ത്രപ്പെട്ടിക്കകത്തിട്ട്(മൊബൈല്‍) എവിടെവച്ചും കാണാമല്ലോ അല്ലേ?

ഞങ്ങളും നിങ്ങളുമൊക്കെ വോട്ടുചെയ്ത് തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളും മന്ത്രിമാരും ഒന്നും ഇക്കാര്യത്തില്‍ പിന്നിലല്ല എന്നറിയാം. ഞങ്ങളെ തൊട്ടുകളിച്ചാല്‍ കാര്യം കുഴപ്പത്തിലാകുമെന്ന് എത്ര തവണ നമ്മുടെ മന്ത്രിമാരൊക്കെ അനുഭവിച്ചുകഴിഞ്ഞു? എന്നിട്ടുമെന്തേ ഇതിനൊരറുതിയില്ലാത്തത്? സാധാരണക്കാരായ കാമവെറിയന്മാര്‍ ബസിലും ഓട്ടോയിലും ഞങ്ങളെ തോണ്ടുകയും പിച്ചുകയും ഒക്കെചെയ്യും. പക്ഷേ, മന്ത്രിപുംഗവന്മാര്‍ ഭൂമി തൊടാതെ പറക്കുകയല്ലേ? വിമാനത്തിലാണ് അത്തരക്കാരുടെ പരാക്രമം. അതും പൊതുജനം അറിയുന്നു. അപമാനിതയായ സ്ത്രീ വിളിച്ചുപറയുന്നു. പ്രശ്‌നം സമൂഹം ഏറ്റെടുക്കുന്നു. മന്ത്രിയുടെ ഓഫീസിലേ ജീവനാക്കാരിയോടും അപമര്യാദയായി പെരുമാറിയതും ലോകമറിഞ്ഞ കാര്യമല്ലേ?  ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും കര്‍ണാടകത്തിലെ മൂന്നു മന്ത്രിമാര്‍ക്ക് ചൊറിച്ചില്‍ മാറാത്തതെന്തേ? അവിടെയല്ലേ മോറല്‍ പൊലീസുകാരുടെ ആവാസകേന്ദ്രം. ആണും പെണ്ണും സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതിയും കേസുമൊന്നും ഇല്ലാതെ ശിക്ഷ നടപ്പാക്കുന്ന മാതൃകാസംസ്ഥാനമല്ലേ കര്‍ണാടകം. 'ലൗജിഗാദെന്നു' ആദ്യപ്രചരണം തുടങ്ങിയ ദേശം കൂടിയാണിത്. മുസ്ലിം പുരുഷന്മാര്‍ ഹിന്ദുസ്ത്രീകളെ വശീകരിച്ച്, പ്രേമിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നായിരുന്നല്ലേ അവരുടെ വാദം?
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുനടക്കരുത്, ഒന്നിച്ച് ഹോട്ടലില്‍ കയറി കാപ്പികുടിക്കരുത്, ഇതൊക്കെ ആര്‍ഷഭാരത സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന രാഷ്ട്രീയ-മത ചിന്താശക്തിയുളളവരുടെ ശക്തി കേന്ദ്രമാണ് കര്‍ണാടക. അവിടെയാണ് മൂന്നു മന്ത്രിപുംഗവന്മാര്‍ ജനക്ഷേമപദ്ധതികളെക്കുറിച്ച് ചര്‍ച്ച നടക്കുന്ന സമയത്ത് മൊബൈലില്‍ ആഭാസകരമായ രതിചിത്രങ്ങള്‍ കണ്ട് ആസ്വദിച്ചിരിക്കുന്നത്! അവര്‍ ജനപ്രിനിധികള്‍ മാത്രമല്ല, ഭരണം കൈയാളുന്ന മന്ത്രിമാര്‍. അതിലൊരാള്‍ വനിതാക്ഷേമം കൈകാര്യചെയ്യുന്ന മന്ത്രിപ്രമുഖന്‍. അവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കേ ആവശ്യം പൊതുസമൂഹത്തിനില്ല. ജനപ്രതിനിധികള്‍ക്കും വികാരങ്ങള്‍ ഉണ്ട്. അത് പ്രകടിപ്പിക്കുന്നതിനും ശമിപ്പിക്കുന്നതിനും അവകാശവുമുണ്ട്.

പക്ഷേ, ജനപ്രതിനിധി സഭയില്‍വച്ച് ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന മന്ത്രിമാര്‍ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? എന്നാണ് പൊതുജനത്തിന്റെ സന്ദേഹം. ഇത്തരം കാര്യങ്ങളെല്ലാം സമൂഹം അറിയാതെ പോയേനേ. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ രംഗപ്രവേശനം ചെയ്തതോടെയാണ് കളളക്കളികളൊക്കെ പുറത്താവാന്‍ തുടങ്ങിയത്. ചാനലുകള്‍ ഇത്തരം ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നു. ലോകം മുമ്പാകെ പ്രദര്‍ശിപ്പിക്കുന്നു. കുറ്റക്കാര്‍ക്ക് നിഷേധിക്കാന്‍ പറ്റാത്തവിധം സത്യം വെളിവാക്കപ്പെടുന്നു. ഇനി ഇതേക്കുറിച്ചുളള ചര്‍ച്ച നടക്കും. അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹം നിലകൊളളും. കാലം ക്രമേണ ഇതൊക്കെ മായ്ച്ചുകളയും.മോറല്‍ പൊലീസ് ചമയുകയും സ്ത്രീവിഷയങ്ങള്‍ അപ്പാടെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തികളും അവരുടെ പ്രസ്ഥാനങ്ങളും സ്വകാര്യമായ ഇതൊക്കെ ചെയ്യുന്നതോര്‍ക്കുമ്പോഴാണ് സ്ത്രീകളായ ഞങ്ങള്‍ക്ക് പ്രയാസം തോന്നുന്നത്. പറച്ചിലും പ്രവൃത്തിയും ഒന്നായിരിക്കേണ്ടെ? നേതൃസ്ഥാനത്തെത്തി സമൂഹത്തിന് മാതൃകയാവേണ്ടവര്‍ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് നീതികരിക്കാനാവുമോ?

ലോകത്തില്‍ തന്നെ ഇതൊരു പ്രഥമ സംഭവമാണെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ സംസ്ഥാന അസംബ്ലിയില്‍ ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു കഴിഞ്ഞു. പത്ര-മാധ്യമങ്ങള്‍ ഇക്കാര്യം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ ശ്രദ്ധിക്കാതെ പോവുന്ന ചില കാര്യങ്ങളുണ്ട. സ്ത്രീ വിഷയത്തിലും സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും കാസ്വദിക്കുന്നതിലും സ്പര്‍ശനസുഖം ആസ്വദിക്കുന്നതിലും പണ്ഡിതനും പാമരനും യാചകനും സമ്പന്നനും വോട്ടറും മന്ത്രിയും ഒന്നും വ്യത്യസ്തനല്ല. 
ഇവിടെ സംയമനം കാണിക്കാനും സ്ഥലകാലബോധമുണ്ടാകാനും മാന്യപുരുഷന്മാര്‍ക്കാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇതൊക്കെ നടന്നുകൊണ്ടേയിരിക്കും.

മനോനില തെറ്റിയ ചില വ്യക്തികള്‍ നടത്തുന്ന ഒറ്റപ്പെട്ട നീച പ്രവര്‍ത്തികള്‍ കൊണ്ടാവാം കാര്യങ്ങള്‍ സമൂഹത്തിന്റെ മൊത്തം നിലപാടാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. കുഴിച്ചുമുടിയ സ്ത്രീയുടെ മൃതദേഹം പാതിരാത്രിചെന്ന് പുറത്തെടുത്ത് രതിക്രീഡ നടത്തിയ മനുഷ്യനെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട. ഗര്‍ഭിണിയായ പശുവിനെ കെട്ടിയിട്ട് ലൈംഗികസുഖം അനുഭവിച്ച മനുഷ്യനെക്കുറിച്ചും അറിഞ്ഞിട്ടുണ്ട്. ട്രെയിനില്‍നിന്ന് തളളിയിട്ട് മൃത പ്രായമാക്കിയശേഷം സംഭോഗം നടത്തിയ ഒറ്റക്കൈയ്യന്‍ ചാമിയെക്കുറിച്ചും വായിച്ചും നെടുവീര്‍പ്പിട്ടവരാണ് നമ്മള്‍. അതൊക്കെ ഒറ്റപ്പെട്ട സംഭവമായി തളളിക്കളയാം. പക്ഷേ, മാധ്യമങ്ങളിലൂടെ പൊടിപ്പും തൊങ്ങലും വെച്ച് ഇത്തരം സംഭവങ്ങള്‍റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍, അത്തരം കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ യുവാക്കള്‍ സന്നദ്ധരായിത്തിരുന്നുണ്ടോ എന്ന സംശയവും ചില സംഭവങ്ങളുടെ തുടര്‍ച്ച കാണുമ്പോള്‍ തോന്നിപ്പോകും.  കര്‍ണാടക മന്ത്രിമാരായ ലക്ഷ്മണ്‍ സവാദിയും കൃഷ്ണപലേമറും സി.സി.പട്ടീലും അസംബ്ലിയില്‍ കാണിച്ച അശ്ലിലം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ല. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന് സംഭവിച്ച ഒരപചയമായിത്തന്നെ ഇതിനെ കാണണം. സ്ത്രീസമൂഹത്തോടു കാണിക്കുന്ന ഇരുതല സമീപനമായും ഇതിനെ വിലയിരുത്തണം.
ഞങ്ങളെ ഇനിയെങ്കിലും കരുതിയിരിക്കുക. തൊട്ടുകളിച്ചാല്‍ പൊളളുമെന്ന കാര്യം മനസ്സിലാക്കിയാല്‍ നന്ന്.

തൊട്ട് കളിച്ചാല്‍ പൊളളും
-കൂക്കാനം റഹ്മാന്‍

Keywords: Article, Kookanam-Rahman
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia